Saturday, 12 October 2024

അദ്ധ്യായം 91-100

 ഭാഗം : - 91.


ഞായറാഴ്ച എല്ലാവരുംകൂടി ചിലവഴിച്ച് അന്നുരാത്രി നാട്ടിലേക്ക് തിരിച്ചുപോയാല്‍ മതി എന്ന് മക്കളും മരുമകനും  പറഞ്ഞതുകൊണ്ട് മൂന്ന് ദിവസംകൂടി ചെന്നെയില്‍ തങ്ങിയിട്ടേ ഹരിദാസനും സുമതിയും തിരിച്ചുപോന്നുള്ളു. അവര്‍ വീട്ടിലെത്തുമ്പോള്‍ രാവിലെ ആറര മണി കഴിഞ്ഞു. ഹരിദാസന്‍ കുളികഴിഞ്ഞ് വന്നതേയുള്ളു. സുമതി രാവിലെ കഴിക്കാനുള്ള ആഹാരം ഉണ്ടാക്കുകയാണ്. ഹരിദാസന്‍ ഭാര്യയുടെ അടുത്തേക്ക് ചെന്നു. 


''പേപ്പറ് നോക്കിക്കോളൂ. അപ്പഴയ്ക്കും ഞാന്‍ പുട്ടുണ്ടാക്കാം'' കുറച്ചു ദിവസം അവളിവിടെ ഇല്ലാത്തതിനാല്‍ ദോശയ്ക്കോ ഇഡ്ഡലിക്കോ മാവ് അരയ്ക്കാറില്ല. അയാള്‍ ഡ്രായിങ്ങ് റൂമില്‍ചെന്ന് പേപ്പറെടുത്തു, ആദ്യ പേജ് മുഴുവന്‍ രാഷ്ട്രീയമാണ്. അന്യോന്യം കുറ്റം പറച്ചിലല്ലാതെ വേറെ യാതൊന്നും ഉണ്ടാവില്ല. പത്രപാരായണത്തിനിടയിലാണ് ഫോണടിച്ചത്. പത്രം ടീപ്പോയിയില്‍വെച്ച് അയാള്‍ ഫോണെടുത്തു.


''ഹരിദാസന്‍ നായരല്ലേ'' കേട്ടുപരിചയമുള്ള ശബ്ദമാണ്. ആരാണെന്ന് മനസ്സിലായില്ല.


''അതെ. ആരാ സംസാരിക്കിണത്''.


''ഞാന്‍ രാജഗോപാലന്‍ നായര്‍. എന്നെ ഓര്‍മ്മീണ്ടോ'' ഇപ്പോള്‍ ആളെ മനസ്സിലായി. നന്ദുവിന്‍റെയും സിനിയുടേയും വിവാഹം നടത്തിതന്നത് ഇയാളാണ്. അളിയന്‍റെ ഭാര്യവീട്ടിലെ അംഗവുമാണ് ഇയാള്‍.


''സോറി. എനിക്കാദ്യം ആളെ മനസ്സിലായില്ല. എന്തൊക്കീണ്ട് വിശേഷം''.


''ചില കാര്യങ്ങള്‍ പറയാന്‍ വിളിച്ചതാണ്. നിങ്ങടെ അളിയനെ ഞാന്‍ വിളിച്ചിരുന്നു. അയാളെ കണ്ടിട്ടാണ് നിങ്ങടെ മകന്‍റെ ആലോചന എടുത്തത്. അല്ലാതെ സ്വത്തോ കാര്യോ ഒന്നും നോക്കീട്ടില്ല. ഇപ്പൊ ഒരുകാര്യം പറയാന്‍ വിളിച്ചപ്പൊ അയാള്‍ കൈ മലര്‍ത്തി. അതാ നിങ്ങളെ വിളിച്ചത്''.


''കുറച്ചായിട്ട് അളിയന്‍ ഞങ്ങളില്‍നിന്ന് അല്‍പ്പം അകന്നിട്ടാണ്''.


''അതെന്തോ ആയിക്കോട്ടെ. അത് നിങ്ങള് തമ്മിലുള്ള കാര്യം. എനിക്ക് വലുത് ഞാന്‍ ഇടപെട്ട സംഗത്യാണ്''..


''അതിനെന്താ. എന്താച്ചാല്‍ പറഞ്ഞോളൂ''.


''സിനിടെ അച്ഛന്‍ എന്നെ വിളിച്ചിരുന്നു. അവള്‍ ശനിയാഴ്ച വീട്ടില്‍ വന്ന് ഇന്ന് രാവിലെ പോയതേ ഉള്ളു''.


''ഒഴിവുദിവസങ്ങളില്‍ വീട്ടിലിക്ക് വന്നതാവും''.


''അതെ. വന്നപ്പൊ അവളുടെ അച്ഛനും അമ്മയും അവളോടൊരു കാര്യം പറഞ്ഞു''.


''എന്ത് കാര്യം''.


''ഒരു ഡോക്ടറടെ ആലോചന വന്നിട്ടുണ്ട്. അതും ഡൈവോഴ്സ് കേസാണ്. അയാളുടെ ഭാര്യയ്ക്ക് ആരോടോ സ്നേഹൂണ്ട്. അതാ ഡൈവോഴ്സായത്. അച്ഛനമ്മമാര് ചോദിച്ചപ്പൊ സിനി പറ്റില്ലാന്ന് പറഞ്ഞു. അതോണ്ടാ ഞാന്‍ നിങ്ങളെ വിളിച്ചത്'' ഹരിദാസന്ന് സമാധാനമായി. എന്നാലും എന്തിനാണ് ഇയാള്‍ തന്നെ വിളിച്ചത് എന്നറിയുന്നില്ല


''ഞാനെന്താ വേണ്ടത്'' അയാള്‍ ചോദിച്ചു.


''നിങ്ങള് ആ പെണ്‍കുട്ട്യേ വിളിക്കാറുണ്ടെന്നും അവളെ കാണാന്‍ പോയീന്നും കുട്ടി പറഞ്ഞു. എന്തു പണ്യാണ് നിങ്ങള് ചെയ്തത്''.


''ഈ പറഞ്ഞ രണ്ടുകാരൂം ശര്യേന്നെ. പക്ഷെ അതിന് കാരണൂണ്ട്''.


''എന്ത് കാരണം''.


''അവളെ വീട്ടുകാര്‍ കൂട്ടീട്ട് പോയശേഷം അങ്ങോട്ടും ഇങ്ങോട്ടും വിളിക്ക്യേ പറയ്യേ ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് വിളിക്കാന്‍ മുഖൂല്യ. അമ്മാതിരി പണ്യാണ് എന്‍റെ മകന്‍ ചെയ്തത്. കുറച്ച് ദിവസം മുമ്പ് അവനെ ആരോ കുത്തി. ആ വിവരംകൂടി ഞങ്ങളവളെ അറിയിച്ചില്ല. അറിയിക്കാന്‍ പറ്റ്യേ സംഗതി അല്ലല്ലോ അത്''.


''എന്നിട്ടാണോ പെണ്‍കുട്ടേ വിളിക്കാറുണ്ടെന്ന് അവള് പറഞ്ഞത്''.


''ക്ഷമിക്കിന്‍. ഞാന്‍ മുഴുവനും പറയട്ടെ. സംഭവം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പൊ ഒരുദിവസം അവളെന്നെ വിളിച്ചു. വിവരം അറിയിക്കാത്തതിന്ന് കുറെയേറെ പരിഭവം പറഞ്ഞു. ആര് എന്നെ വിളിച്ചില്ലെങ്കിലും അച്ഛന്‍ എന്നെ വിളിക്കണംന്ന് പറഞ്ഞു. എന്നെ അവള്‍ക്ക് അത്രയ്ക്ക് ഇഷ്ടാണ്, എനിക്കവളേം''.


''അതോണ്ട് കാര്യൂല്യല്ലോ. ഭാര്യീം ഭര്‍ത്താവും തമ്മിലല്ലേ വേണ്ടത്''.


''ശര്യാണ്. എന്‍റെ മകന്‍ ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു. ഇപ്പൊ അവന്‍ തെറ്റ് തിരുത്തി നന്നായി. അവര് രണ്ടാളും ദിവസൂം വിളിച്ച് സംസാരിക്കുണുണ്ട് എന്നാ എന്‍റെ അറിവ്''.


''സത്യാണോ നിങ്ങളീ പറഞ്ഞത്''.


''എന്‍റടുത്ത് അവളന്ന്യാണ് ഈ കാര്യം പറഞ്ഞത്''.


''അത് ഞാനറിഞ്ഞില്ല. അങ്ങന്യാച്ചാല്‍ ഇന്ന്യേന്താ വേണ്ടത്''.


''അവളടെ വീട്ടുകാരെ എങ്ങന്യാ കാണ്വാന്നറിയാണ്ടെ ഇരിക്ക്യാണ് ഞാന്‍. ഒന്നുംകൂടി നിങ്ങള് എടേല്‍നിന്ന് അവരെ യോജിപ്പിക്കണം''.


''കാര്യോക്കെ ശരി. നിങ്ങടെ മകന്‍ ഇനി തലതിരിയില്ലാന്ന് നിങ്ങള്‍ക്ക് ഉറപ്പ് തരാന്‍ പറ്റ്വോ''.


''പറ്റില്ല. സ്വന്തം കാര്യംതന്നെ ആരക്കാ ഉറപ്പ് പറയാന്‍ പറ്റ്വാ. മകനാണെങ്കിലും വേറെ ആളല്ലേ. അപ്പൊ അവന്‍ മാറില്ലാന്ന് ഉറപ്പ് പറയാനാവില്ല. പക്ഷെ വേറൊരുകാര്യം ഞാന്‍ പറയാം. ഇപ്പൊ അവന്‍ ആകെ മാറീട്ടുണ്ട്. ചെയ്തതൊക്കെ തെറ്റായീന്ന് അവന് ബോദ്ധ്യായി. ഇനി അത് ആവര്‍ത്തിക്കില്ലാന്ന് പറയും ചെയ്തു. ഞാന്‍ അറിഞ്ഞേടത്തോളം അവന്‍ ഭാര്യടടുത്ത് തെറ്റ് പറഞ്ഞ് കരഞ്ഞൂന്നും അവളവനെ ആശ്വസിപ്പിച്ചൂന്നും ആണ്''.


''ഇതൊന്നും ഞാനറിഞ്ഞിട്ടില്ല ഹരിദാസന്‍ നായരേ. ഞാന്‍ മാത്രോല്ല അവളടെ വീട്ടുകാരും അറിഞ്ഞിട്ടുണ്ടാവില്ല''.


''അത് ശര്യാവും. ഏതായാലും  ഞാന്‍ പറഞ്ഞപോലെ ഒരുതവണ എനിക്കുവേണ്ടി നിങ്ങളീ പ്രശ്നം തീര്‍ത്തുതരണം''.


''ഒരുബന്ധം ഇല്യാണ്ടാക്കാന്‍ എളുപ്പാണ്, ഉണ്ടാക്കാനാ പാട്. അതും ആലോചിക്കണോലോ'' അയാള്‍ തുടര്‍ന്നു ''അതോണ്ട് ഞാനീ കാര്യം സിനിടെ വീട്ടുകാരോട്  സംസാരിക്കാം. എന്നാലും ഒരുദിവസം നിങ്ങളും വരണ്ടിവരും. എന്നിട്ട് എല്ലാരുംകൂടിയൊന്ന് സംസാരിക്കണം'' 


''ഇപ്പൊത്തന്നെ വരാന്‍ ഞാന്‍ റെഡ്യാണ്''.


''വരട്ടെ'' അയാള്‍ ചിരിച്ചു ''അങ്ങനെ പെട്ടെന്ന് വരാന്‍ ഓടി പറ്റുണ അവസ്ഥ്യല്ല അവിടെ. അത് കാണുമ്പൊ നിങ്ങക്ക് ബോദ്ധ്യാവും. ഈ വരുണ ഞായറാഴ്ച സംസാരിക്കാന്‍ പറ്റ്വോന്ന് ചോദിച്ചുനോക്കട്ടെ. അന്നാവുമ്പൊ അവളും ഉണ്ടാവും''.


''ശരി. അത് മതി''.


''ഞാന്‍ അവളടച്ഛന്‍റടുത്ത് സംസാരിച്ചിട്ട് നിങ്ങളെ വിളിക്കാം. അത് പോരേ''.


''ധാരാളം മതി'' മറുവശത്ത് കാള്‍ കട്ട് ചെയ്തു.  എന്താണ് മരുമകളുടെ വീട്ടിലെ അവസ്ഥയെക്കുറിച്ച് പറഞ്ഞത് എന്ന് ചോദിക്കാമായിരുന്നു  എന്ന് കുറച്ചുകഴിഞ്ഞപ്പോഴാണ് അയാള്‍ ഓര്‍ത്തത്.


ഭാഗം : - 92.


കാള്‍ അവസാനിച്ചതോടെ ഹരിദാസന്‍ അടുക്കളയിലേക്ക് നടന്നു. സുമതി പുട്ടിനുള്ള തേങ്ങ ചിരകുകയാണ്.


''ആരടടുത്താ ഇത്രനേരം ഫോണില്‍ സംസാരിച്ചത്'' സുമതി ചോദിച്ചു.


''അത് പറയാന്‍ തന്ന്യാ വന്നത്. വിളിച്ചത് രാജഗോപാലന്‍ നായരാണ്''. 


''ആരാ അയാള്''.


''നിന്‍റെ നാത്ത്വോന്‍റെ വീട്ടുകാരന്‍. അയാളാ നന്ദൂന്‍റീം സിനിടേം കല്യാണം നടത്ത്യേത്''.


''ഇപ്പൊ ആളെ മനസ്സിലായി. എന്തിനാ അയാള്‍ വിളിച്ചത്''.


''സിനിക്കൊരു ആലോചന വന്നിട്ടുണ്ട്. ആള് ഡോക്ടറാണ്. അത് നടക്കണച്ചാല്‍ ഈ ബന്ധം ഒഴിയണം. അത് പറയാന്‍ വിളിച്ചതാണ്''.


''ഇപ്പൊ എന്തായി. നിങ്ങടെ കൂട്ടംകേട്ട് ഞാന്‍ നന്ദൂന്‍റെ മനസ്സില് മോഹം ഉണ്ടാക്കും ചെയ്തു. പെണ്ണ് വേറെ കല്യാണം കഴിച്ചാല്‍ ഇവന്‍ പഴേപടി ആവുംന്നുള്ള കാര്യം ഉറപ്പാ''.


''അതിന് സിനി ബന്ധം ഒഴിഞ്ഞാലല്ലേ''.


''എന്താ ഒഴിയാണ്ടെ. നല്ലൊരു ആലോചന വന്നാല്‍ ആരും ഒഴിയും''.


''ഒഴിയുണോരുണ്ടാവും. പക്ഷെ അവള് ഒഴിയില്ല''.


''നിങ്ങടടുത്തല്ലേ അതിന്‍റെ കണക്ക്. അവള് ഒഴിയും ചെയ്യും ഡോക്ടറെ കെട്ടും ചെയ്യും''.


''എന്നാലേ ബന്ധം ഒഴിയൂല്യാ, ഞാന്‍ വേറെ കെട്ടൂല്യാന്ന് അവള് വീട്ടില് പറഞ്ഞിരിക്കുണു''.


''അങ്ങന്യാണച്ചാല്‍ എത്രീം പെട്ടെന്ന് അവളെ നന്ദൂന്‍റടുത്തേക്ക് വിടണം. മനസ്സ് മാറാനുള്ള സമയോന്നും കൊടുക്കണ്ട''.


''തനിക്ക് ലെവലേശം വിവരൂല്യാ. അവള് കുട്ട്യോന്ന്വോല്ല. പോരാഞ്ഞിട്ട് പഠിപ്പും വിവരൂണ്ട്. എന്തും ആലോചിച്ചിട്ടേ അവള് ചെയ്യൂ''.


''അതും പറഞ്ഞുംകൊണ്ട് ഇരുന്നോളിന്‍. കാര്യം കൈവിട്ട് പോയാല്‍ നിങ്ങള്യാ ഞാന്‍ കുറ്റം പറയ്യാ''.


''അതില് അത്ഭുതൂല്യല്ലോ. എന്നെ കുറ്റം പറയാനല്ലേ തനിക്കറിയൂ''.


''തര്‍ക്കിക്കാന്‍ നില്‍ക്കാതെ എന്തെങ്കിലും വേഗം ചെയ്യിന്‍. അതേ ഞാന്‍ പറഞ്ഞുള്ളു''.


''രാജഗോപാലന്‍ നായര് ഇന്ന് സിനിടെ വീട്ടില്‍ പോയി സംസാരിക്കും. എന്തെങ്കിലും വഴീണ്ടാക്കാന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. അവരടടുത്ത് ആലോചിച്ച് ഒരുദിവസം രണ്ടുകൂട്ടരുംകൂടി സംസാരിക്കുണുണ്ട്. അതിന് ഞാനും ചെല്ലണം''.


''അവര് പറയുണത് കേട്ട് യെസ് മൂളി വരാന്‍ പാടില്ല. വേണച്ചാല്‍ ഞാനും കൂടെവരാം''.


''ഒന്നും വേണ്ട. ദയവായി ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നാല്‍ മതി'' ഹരിദാസന്‍ കൈകൂപ്പി.


^^^^^^^^^^^^^^^^^^^^^^^^^^^^^^^


രാവിലെ വീട് വൃത്തിയാക്കാന്‍ ഏടത്തി പോയ സമയത്ത് അമ്മിണി അമ്മയെ സമീപിച്ചു. ഏടത്തി തിരിച്ചെത്താന്‍ രണ്ട് രണ്ടരയാവും. ഭര്‍ത്താവും സ്ഥലത്തില്ല. നാളെ രാവിലെ പത്തുമണി കഴിയും ആള് തിരിച്ചെത്താന്‍. മൂപ്പര്‍ ചോദിക്കാന്‍ ഏല്‍പ്പിച്ച കാര്യം പറയാന്‍ പറ്റിയ സമയമാണ് ഇതെന്ന് അമ്മിണി കണക്കാക്കി.


''അമ്മേ കാണാന്‍ വരാറുള്ള ആളില്ലേ, ആ ഹരിദാസന്‍ നായര്. ഇന്നാള് മൂപ്പര് വേലപ്പേട്ടനെ കണ്വേണ്ടായി. മൂപ്പരൊരു കാര്യം പറഞ്ഞിരുന്നു. അത് അമ്മടടുത്ത് പറഞ്ഞാലോന്ന് ആലോചിക്ക്യാണ്''.


''എന്താ കാര്യം''.


''കേള്‍ക്കുമ്പൊ ഒന്നും തോന്നരുത്. അയാള് ഒരു കല്യാണകാര്യാണ് പറഞ്ഞത്''.


''കല്യാണോ. അതിന് നമ്മടെ കുടുംബത്തില്‍  കല്യാണത്തിന് പറ്റ്യേ ആരും ഇല്ലല്ലോ. ലക്ഷ്മിക്കുട്ടി പെറ്റിട്ടില്ല. നിന്‍റെ മക്കളടെ കല്യാണൂം കഴിഞ്ഞു. പിന്നെ ആരക്കാ''.


''ഹരിദാസന്‍ നായരടെ കൂട്ടുകാരനാണ്. പത്തറുപത്തഞ്ച് വയസ്സായി. രണ്ടുകൊല്ലം മുമ്പ് ഭാര്യ മരിച്ചു. മക്കളും കുട്ട്യേളും ഇല്ല. അയാള്‍ക്ക് ഏടത്ത്യേ കല്യാണം കഴിച്ച് അയക്ക്വോന്നാ ചോദിച്ചത്''.


''എന്ത് പ്രാന്താ നീ ഈ പറഞ്ഞത്. അവള്‍ക്ക് വയസ്സ് അറുപതാവുണു. ഭര്‍ത്താവ് മരിക്കുമ്പൊ നാല്‍പ്പത്തിനാലോ നാല്‍പ്പത്തഞ്ചോ വയസ്സ് ആയിട്ടേള്ളു. രണ്ടാം കല്യാണം വേണച്ചാല്‍ അന്ന് ചെയ്തൂടെ''.


''അതൊക്കെ ശര്യേന്നെ. അമ്മടെ കാലം കഴിഞ്ഞാലും ഞങ്ങള് ഏടത്ത്യേ പൊന്നുപോലെ നോക്കും. പക്ഷെ സ്വന്തായിട്ട് എന്തെങ്കിലും വേണച്ചാല്‍ തുറന്നുപറയാന്‍ മടീണ്ടാവുംന്നാ അയാള് പറയുണ്''.


''എന്തോ എനിക്കറിയില്ല. നീയവളോട് ചോദിച്ച്വോ''.


''ഇല്ല. ഞാന്‍ ചോദിക്കിണത് ശര്യല്ല. അമ്മ സൌകര്യംപോലെ പറഞ്ഞ് മനസ്സിലാക്കി ചോദിക്കൂ''.


''അച്ഛന്‍ മരിച്ചിട്ട് ഇത്രേല്ലേ ആയിട്ടുള്ളു. ആറ് മാസോങ്കിലും കഴിയണ്ടേ''.


''വേണം. അതിന്നുമുമ്പ് അറിഞ്ഞാല്‍ ഹരിദാസന്‍ നായര് ചോദിക്കുമ്പൊ പറയാലോ''.


''ഒരുകണക്കില് പറഞ്ഞാല്‍  പോണ സമയത്ത് എനിക്കൊരു സമാധാനം ആവും. പക്ഷെ ഒരു കടമ്പീം കൂടീണ്ട്''.


''എന്ത് കടമ്പ''.


''ജാതകം നോക്കി ചേര്‍ന്നാലല്ലേ നടത്താന്‍ പറ്റൂ''.


''ജാതകം. മണ്ണാങ്കട്ടി. അത് കൊണ്ടുപോയി വലിച്ചെറിയട്ടെ. ഏടത്തിടെ ജാതകപൊരുത്തം നോക്കീട്ട് അന്ന് ജോത്സ്യന്‍ എന്താ പറഞ്ഞ്. ഈ കുട്ടി എണ്‍പത് വയസ്സിലേ മരിക്കൂ. അതും സുമംഗലി ആയിട്ടാ മരിക്ക്യാ എന്നല്ലേ. എന്നിട്ട് എന്താ ഉണ്ടായ്യേ. നാല്‍പ്പത്തഞ്ച് ആയപ്പൊ താലി പോയില്ലേ''.


''ഏതായാലും ഞാന്‍ സംസാരിക്കാം. എതിര് പറഞ്ഞാല്‍ ഞാനറിയില്ല''.


''വേണ്ടാ. അമ്മ ചോദിച്ചാല്‍ മതി''.


''ശരി. നീയില്ലാത്ത നേരംനോക്കി ഞാന്‍ ചോദിക്കാം'' അമ്മ സമ്മതിച്ചു ഭര്‍ത്താവ് ഏല്‍പ്പിച്ച കാര്യം ചെയ്തതിന്‍റെ സന്തോഷത്തില്‍ അമ്മിണി അടുക്കളയിലേക്ക് നടന്നു.


ഭാഗം : - 93.


ചുരുങ്ങിയ ദിവസത്തിനുള്ളില്‍ രവീന്ദ്രന്‍റെ വര്‍ക്ക്ഷോപ്പ് പച്ചപിടിച്ചു. നിന്നുതിരിയാന്‍ ഇടകിട്ടാത്ത മട്ടില്‍ പണികള്‍ വന്നുതുടങ്ങി. മോട്ടോര്‍ സൈക്കിളും സ്കൂട്ടറും കൂടാതെ അത്യാവശ്യം ഓട്ടോറിക്ഷകളും ചില്ലറ പണിക്കായി അവിടെ വരാറുണ്ട്.


''ചേച്ചി മനസ്സറിഞ്ഞ് തന്നതാണ്. അതാ ഇത്ര പെട്ടെന്ന് നന്നായത്'' സരള മകനോട് എപ്പോഴും പറയും 


''ഒരു ബന്ധുക്കളും തരാത്ത സ്നേഹൂം സഹായൂം ആണ് ഇവര് തന്നത്'' രവിയും സമ്മതിക്കും.


''എല്ലാംകൂടി ഒറ്റയ്ക്ക് എത്തിവരിണില്ല. ഒരാളെ പണിക്ക് നിര്‍ത്ത്യാലോ എന്ന് ആലോചിക്ക്യാണ്'' ഒരുദിവസം രവീന്ദ്രന്‍ അമ്മയോട് പറഞ്ഞു.


''അതിന് പാകംപോലെ ഒരാളെ കിട്ടണ്ടെ''.


''അബ്ദൂന്ന് പേരുള്ള ഒരു പയ്യന്‍ പണീണ്ടോന്ന് ചോദിച്ചു. ആളെ കണ്ടാല്‍ പാവാണെന്ന് തോന്നുണുണ്ട്. അവനെ പണിക്കെടുത്താലോ''.


''എന്താ ഞാന്‍ പറയ്യാ. നീ ആലോചിച്ച് വേണ്ടത് ചെയ്തോ''. അങ്ങിനെ പണിക്ക് വന്നതാണ് ആ ചെറുപ്പക്കാരന്‍. രണ്ടുമൂന്ന് ദിവസംകൊണ്ട് അവന്‍ വര്‍ക്ക്ഷോപ്പില്‍ വരുന്നവര്‍ക്ക് പ്രിയങ്കരനായി.


''പത്ത് പതിനെട്ട് വയസ്സേ ഉള്ളൂച്ചാലും നല്ല പാകതീണ്ട് അവന്. മുഖം കറുപ്പിക്കാതെ പണീം ചെയ്യും'' രവീന്ദ്രന് അവനെ നല്ല മതിപ്പാണ്. ആ കുടുംബം കഷ്ടപ്പാടില്‍നിന്ന് മെല്ലെ മെല്ലെ കരകയറാന്‍ തുടങ്ങി.


^^^^^^^^^^^^^^^


വൈകുന്നേരം ആല്‍ത്തറയില്‍ കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോഴാണ് ഹരിദാസന്‍റെ മൊബൈല്‍ അടിച്ചത്. അയാള്‍ അല്‍പ്പം മാറിനിന്ന് കാള്‍ എടുത്തു.


''ഹരിദാസന്‍ നായരല്ലേ'' ക്ഷീണിച്ച സ്വരം ആരുടേതാണെന്ന് അയാള്‍ക്ക് മനസ്സിലായില്ല. 


''അതെ. ആരാണെന്ന് എനിക്ക് മനസ്സിലായില്ലല്ലോ''.


''ഞാന്‍ ഗോപീനാഥന്‍ നായര്'' ഹരിദാസന്‍ ഞെട്ടി. സിനിയുടെ അച്ഛനാണ് സംസാരിക്കുന്നത്. ശബ്ദത്തിന്ന് എന്തോ മാറ്റം വന്നപോലെ.


''ശബ്ദം കേട്ടപ്പൊ എനിക്ക് മനസ്സിലായില്ല. എന്താ പറ്റ്യേത്''.


''അങ്ങന്യോക്കെ സംഭവിച്ചു. സിനി ഒന്നും പറഞ്ഞില്ലേ''.


''ഒന്നും പറഞ്ഞില്ല''. 


''രാജഗോപാലന്‍ നായരോ''.


''അയാളും ഒന്നും പറഞ്ഞില്ല. എന്താ സംഗതി''.


''രണ്ടാളും  കല്‍പ്പിച്ചുകൂട്ടി പറയാത്തതാവും. ആരോടും പറയണ്ടാന്ന് ഞാന്‍ എല്ലാരോടും പറയാറുണ്ട്''.


''എന്താണ് സംഭവിച്ചതേന്ന് പറഞ്ഞില്ല''.


''ഒന്ന് വീണതാണ്. തലേല് രക്തം കേറ്യേതാണത്രേ. കുറച്ചുദിവസം ആസ്പത്രീല്‍ കിടന്നു. അതോടെ ഒരുഭാഗം തളര്‍ന്നു. ശബ്ദത്തിനും തകരാറ് വന്നു''.


''എന്താ ബി.പീണ്ടായിരുന്ന്വോ''.


''അറിയില്ല. മകളെ അവിടേന്ന് കൊണ്ടുവന്നതോടെ മനസ്സ് തകര്‍ന്നു. അവളടെ ഭാവി എന്താവുംന്ന ചിന്ത്യായിരുന്നു എപ്പഴും. അല്ലാണ്ടെ പ്രത്യേകിച്ച് കാരണോന്നൂല്യാ''. നന്ദു കാരണം മരുമകളുടെ അച്ഛന് സംഭവിച്ച ദുര്യോഗം ആലോചിച്ച് അയാളുടെ മനസ്സില്‍ കുറ്റബോധം പെരുകി. 


''ഞാന്‍ അറിഞ്ഞില്ലാട്ടോ. അല്ലെങ്കില്‍ എന്ത് പ്രശ്നൂണ്ടെങ്കിലും ഞാന്‍  വന്ന് കാണ്വായിരുന്നു'' അയാള്‍ തുടര്‍ന്നു ''നന്ദുകാരണം ഉണ്ടായ എല്ലാ ബുദ്ധിമുട്ടിനും ഞാന്‍ ക്ഷമ ചോദിക്ക്യാണ്''.


''അത് സാരൂല്യാ. അങ്ങന്യോക്കെ പറ്റി. ഇന്നലെ വേറൊരുകാര്യത്തില്‍ ഞാന്‍ സിനിടെ അഭിപ്രായം  ചോദിച്ചപ്പോഴാണ് അവള്‍ക്ക് നിങ്ങളോടും നിങ്ങള്‍ക്ക് അവളോടും ഉള്ള സ്നേഹം മനസ്സിലായത്''.  


''എന്‍റെ മകന്‍ സിനിയെ താലികെട്ടികൊണ്ടുവന്ന അന്നുമുതല്‍ അവളെ എന്‍റെ മകളായിട്ടാ ഞാന്‍ കണക്കാക്ക്യേത്. ഏതോ കഷ്ടകാലത്തിന്ന് ഇതൊക്കെ സംഭവിച്ചപ്പോള്‍ ഞാനനുഭവിച്ച സങ്കടം പറയാന്‍ പറ്റില്ല. അറിയുന്നതും അറിയാത്തതും ആയ ദൈവങ്ങളെ ഒക്കെ ഇത്രയുംകാലം ഞാന്‍ വിളിച്ചിട്ടുണ്ട്. എന്തോ ഇപ്പൊ എല്ലാം കലങ്ങി തെളിയുണുണ്ട്''.


''ഞാന്‍ രാജഗോപാലന്‍ നായരെ വരുത്തി ഒരുകാര്യം പറഞ്ഞിരുന്നു''.


''ഉവ്വ്. അദ്ദേഹം എന്‍റടുത്ത് രാവിലെ പറഞ്ഞിരുന്നു''.


''ആ കാര്യം പറയാനാ വിളിച്ചത്. എന്താ ഇനി വേണ്ടത്''.


''ഞാന്‍ ഒരപേക്ഷ നിങ്ങടെ മുമ്പില്‍ വെക്ക്യാണ്. അവളെ ഞങ്ങള്‍ക്ക് തിരിച്ചുതരണം''.


''നിങ്ങള്‍ പറഞ്ഞത് രാജഗോപാലന്‍ നായര്‍ എന്നോട് പറഞ്ഞു. എന്‍റെ മകള്‍ വേറൊരു ബന്ധത്തിന് തയ്യാറല്ല. ഒക്കെക്കൂടി നോക്കുമ്പൊ ഇനി എന്താ വേണ്ടേന്ന് എനിക്കും അറിയിണില്ല''.


''നന്ദൂന് ചെന്നെയില്‍ ജോലി ആയിട്ടുണ്ട്. പഴേ കൂട്ടുകെട്ടില്‍ പെടരുത് എന്നുവെച്ചിട്ടാ അവന്‍ നാട്ടിന്ന് പോയത്. ചെയ്ത തെറ്റില്‍ അവനിപ്പൊ ഖേദിക്കിണുണ്ട്. ഒരിക്കല്‍കൂടി അവനോടൊപ്പം കഴിയാംന്ന് സിനി പറഞ്ഞിരുന്നു. ഇനീം പഴേപടി ആയാല്‍ എന്നെക്കും ആയിട്ട് ബന്ധം വേണ്ടാന്ന് വെക്കുംന്നും പറഞ്ഞു''.


''കാര്യോക്കെ ശരി. കുറച്ചുകാലം ഒന്നിച്ചുകൂടീട്ട് ബാദ്ധ്യതീണ്ടായാലോ''.


''എന്ത് ബാദ്ധ്യത''.


''ഇപ്പൊ അവള് ഒറ്റ തട്യേള്ളൂ. കുട്ട്യേളായാല്‍ അതുപോല്യാണോ''.


''ഏത് അച്ഛനും അങ്ങിനെത്തന്നേ ചിന്തിക്കൂ. എന്താണിതിന് മറുപടി തരണ്ടതേന്ന് എനിക്കും അറിയില്ല. അങ്ങിനെ ആവരുതേ ഭഗവാനേന്ന് പ്രാര്‍ത്ഥിക്കാനല്ലേ എന്നെക്കൊണ്ടാവൂ''.


''എന്‍റെ ആരോഗ്യോക്കെ പോയി. എത്രകാലം ഉണ്ടാവുംന്ന് അറിയില്ല. ഏതായാലും വലുതായിട്ട് ഈ വണ്ടി ഓടില്ല. അതിനുമുമ്പ് എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കണം''.


''എന്‍റെ ഭാഗത്തുന്ന് എന്താ വേണ്ടതെന്ന് പറഞ്ഞോളൂ. അതുപോലെ ചെയ്യാം''.


''ഞായറാഴ്ച എല്ലാരുംകൂടി സംസാരിക്കാന്ന് പറഞ്ഞു. അന്ന് വര്വോ''.


''അത് ആയിക്കോട്ടെ. അതിന്നുമുമ്പ് നാളെത്തന്നെ നിങ്ങളെ കാണാന്‍ ഞാന്‍ വരുണുണ്ട്''.


''എന്നാല്‍ വരൂ. ബാക്കി നേരിലാവാം'' കാള്‍ അവസാനിച്ചതും അയാള്‍ ആല്‍ത്തറയിലേക്ക് നടന്നു.


ഭാഗം : - 94.


''ഞാന്‍ അമ്പലത്തിലിരിക്കുമ്പൊ ഒരാളെന്നെ വിളിച്ചു. ആരാന്ന് പറയാന്‍ പറ്റ്വോ തനിക്ക്'' അമ്പലത്തില്‍നിന്ന് വീട്ടിലെത്തിയതും ഹരിദാസന്‍ ഭാര്യയെ വിളിച്ച് ചോദിച്ചു.


''അതെങ്ങന്യാ എനിക്കറിയ്യാ. നിങ്ങടെ വല്ല ചങ്ങാതിയാവും''.


''അല്ല. ഗോപിനാഥന്‍ നായരാ എന്നെ വിളിച്ചത്''.


''ആര്. സിനിടെ അച്ഛനോ''.


''അതെ. അയാളന്നെ''.


''എന്താ വിശേഷിച്ച്. രാവിലെ രാജഗോപാലന്‍ നായര് പറഞ്ഞതിന്‍റെ ബാക്കി പറയാനാണോ''.


''അല്ലാടോ. അയാളടെ ഇപ്പഴത്തെ അവസ്ഥ കഷ്ടാണ്'' ഗോപിനാഥന്‍ നായരുടെ വിവരങ്ങള്‍ അയാള്‍ കൈമാറി.


''എന്ത് പാപാണ് നമ്മടെ നന്ദു ചെയ്തുകൂട്ട്യേത്. അവനെ ഞാന്‍ രണ്ട് പറയുണുണ്ട്''.


''നോക്ക്. വേണ്ടാത്തതിന്ന് നില്‍ക്കാതെ. ഒര്യാതി അവന്‍ നല്ല വഴിക്ക് വരുണതേ ഉള്ളൂ. അപ്പൊ നീ കേറി കുറ്റം പറഞ്ഞാല്‍ എന്താവ്വാന്ന് അറിയില്ല''.


''എന്നാലും അവന്‍റടുത്ത്  ഈ വിവരം പറയണ്ടേ''.


''വേണം. പക്ഷെ അവനെ കുറ്റപ്പെടുത്താത്ത മട്ടിലാവണം''. ഏതായാലും പതിവുപോലെ മകനോട് സംസാരിക്കുന്നതിനിടയില്‍ സുമതി കാര്യം അവതരിപ്പിച്ചു.


''എന്തൊക്കെയാ സിനിടച്ഛന്‍ അച്ഛനോട് പറഞ്ഞത്''  പരിഭ്രമത്തോടെ അവന്‍ ചോദിച്ചു.


''നീ തന്നെ അച്ഛന്‍റടുത്ത് ചോദിച്ചോ'' സുമതി ഫോണ്‍ ഭര്‍ത്താവിന്ന് കൈമാറി.


''എന്താ അച്ഛാ സിനിയുടെ അച്ഛന്'' അവന്‍ ചോദിച്ചു. ഹരിദാസന്‍ കേട്ടതെല്ലാം വിവരിച്ചു.


''കഷ്ടം. ഞാന്‍ കാരണം സിനിടച്ഛന്‍ ഇങ്ങിനെയായി. ഈ പാപമൊക്കെ എങ്ങിനേയാ തീരുക''.


''മകനെ. നീ വിഷമിക്കണ്ട. നീ തെറ്റ് തിരുത്തി നന്നായി ജീവിക്കുന്നു എന്ന് കേട്ടപ്പോള്‍ ആ മനുഷ്യന്‍ ആളാകെ മാറി. പിന്നെ സന്തോഷത്തോട്യാണ് സംസാരിച്ചത്''.


''അച്ഛന്‍ ഞായറാഴ്ച പോവുന്നുണ്ടോ''.


''ഉവ്വ്. എന്നാലും അതുവരെ കാത്ത് നില്‍ക്കിണില്ല. നാളെ ഞാന്‍ പോയി അയാളെ കാണും''.


''എനിക്ക് കാണണം എന്നുണ്ട്. എന്നിട്ട് ആ കാല്‍ക്കല്‍ നമസ്ക്കരിക്കണം''.


''അതൊക്കെ ചെയ്യാം. ആദ്യം ഞാന്‍ പോയിവരട്ടെ''.


''അച്ഛന്‍ പോവുമ്പോള്‍ അമ്മയേയും കൂട്ടിക്കൊണ്ട് പോവൂ. കുറെകാലം ആയില്ലേ രണ്ട് വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും ചെന്നിട്ട്''.


''സുമതിടടുത്ത് ഞാന്‍ പറഞ്ഞുനോക്കട്ടെ. എന്താ പറയ്യാന്ന് അറിയില്ല''.


''അച്ഛന്‍ അമ്മയുടെ അടുത്ത് ഫോണ്‍ കൊടുക്കൂ. ഞാന്‍ പറഞ്ഞോളാം''. ഭര്‍ത്താവും മകനും പറഞ്ഞതോടെ ഹരിദാസന്‍റെകൂടെ പോവാന്‍ സുമതി തീരുമാനിച്ചു.


''നോക്കൂ. അങ്കിട്ടും ഇങ്കിട്ടും ബസ്സില് യാത്ര ചെയ്യാന്‍ എനിക്ക് വയ്യ. ഒരു കാറ് ഏര്‍പ്പാടാക്ക്വോ'' അവര്‍ ചോദിച്ചു.


''അതിനെന്താ. ഇപ്പൊത്തന്നെ ടാക്സി സ്റ്റാന്‍ഡില്‍ ചെന്ന് ആരേങ്കിലും ഏല്‍പ്പിക്കാം. വന്നിട്ട് മതി ആഹാരം'' അമ്പലത്തില്‍ നിന്നുവന്ന് ഡ്രസ്സ് മാറ്റാത്തതുകൊണ്ട് അപ്പോള്‍ത്തന്നെ അയാള്‍ പുറപ്പെട്ടു.


രാത്രി കിടക്കുന്നതിന്നുമുമ്പ് ഹരിദാസന്‍ സിനിയെ വിളിച്ച് രാവിലെ രാജഗോപാലന്‍ നായരുമായും വൈകീട്ട് അവളുടെ അച്ഛനുമായും സംസാരിച്ച കാര്യവും രാവിലെ അവളുടെ വീട്ടിലേക്ക് പോവുന്നു എന്നതും അറിയിച്ചു.


''എന്നാലും മോള് അച്ഛന്‍റെ അവസ്ഥ എന്‍റടുത്ത് പറഞ്ഞില്ലല്ലോ'' അയാള്‍ പരിഭവിച്ചു.


''മനപ്പൂര്‍വ്വം പറയാതിരുന്നതാണ്. ആരെങ്കിലും സഹതാപത്തോടെ സംസാരിച്ചാല്‍ അച്ഛന്‍ കരയും. ഞാന്‍ വിവരം പറഞ്ഞാല്‍ അച്ഛന്‍ എന്‍റച്ഛനെ കാണാന്‍ പോവും, അല്ലെങ്കില്‍ വിളിക്കും. എന്തെങ്കിലും സമാധാനിപ്പിക്കാന്‍ പറഞ്ഞാല്‍ അച്ഛന്ന് സങ്കടം വരും. മാത്രമല്ല ആരോടും അച്ഛന്‍റെ അവസ്ഥയെക്കുറിച്ച് പറയരുത് എന്ന് അമ്മയും അച്ഛനും എന്നോട് പറഞ്ഞിട്ടുണ്ട്''.


''ശരി. ചിലപ്പൊ നന്ദു നിന്നെ വിളിച്ച് ഈ കാര്യം ചോദിക്കും. ഞങ്ങള് അവനോടിത് പറഞ്ഞിട്ടുണ്ട്''.


''നന്ദ്വോട്ടന്‍ കുറച്ചുമുമ്പ് എന്നെ വിളിച്ചു. കക്ഷി വലിയ സങ്കടത്തിലാണ്. കുറെനേരം തേങ്ങി കരഞ്ഞു. ഞാന്‍ ആശ്വസിപ്പിച്ചിട്ടാണ് നിന്നത്''.


''അവന്‍റെ മനസ്സിന്ന് തീരെ കട്ടീല്യാ. എന്തെങ്കിലും കേള്‍ക്കുമ്പഴയ്ക്കും സങ്കടം വരും''.


''അതെനിക്കറിയില്ലേ. സങ്കടം മാത്രമല്ല, ദേഷ്യവും അങ്ങിനെത്തന്നെ''.


''ഞങ്ങള് പോയി വന്നിട്ട് മോളെ വിളിക്കാം''.


''അച്ഛന്‍ ഫോണ്‍ അമ്മയ്ക്ക് കൊടുക്കൂ'' ഹരിദാസന്‍ നീട്ടിയ ഫോണും വാങ്ങി സുമതി അവിടെനിന്ന് നടന്നു. അമ്മായിയമ്മയും മരുമകളും രഹസ്യമായി എന്തെങ്കിലും പറയുകയാണെങ്കില്‍ ആയിക്കോട്ടെ എന്നു കരുതി ഹരിദാസന്‍ അവിടെത്തന്നെയിരുന്നു.


ഭാഗം : - 95.


സിനിയുടെ അച്ഛനെ സന്ദര്‍ശിച്ചുവന്ന ഹരിദാസനും സുമതിയും വലിയ വിഷമത്തിലാണ്. വിചാരിച്ചതിലും ദയനീയമായ അവസ്ഥയായിരുന്നു ഗോപിനാഥന്‍ നായരുടേത്. 


''എത്ര അന്തസ്സില് നടന്നിരുന്ന ആളാണ്. ഈ അവസ്ഥേല് കണ്ടപ്പൊ എന്‍റെ കണ്ണുനിറഞ്ഞു'' സിനിയുടെ വീട്ടില്‍നിന്ന് ഇറങ്ങിയതും സുമതി പറഞ്ഞു.


''മനസ്സിലുള്ള ഗോപിനാഥന്‍ നായരുടെ പഴേരൂപൂം ഇ:പ്പഴത്തേതുംകൂടി നോക്ക്യാല്‍ അന്തം വിടും. രണ്ടും തമ്മില്‍ ഒരു ബന്ധൂല്യാ'' ഹരിദാസന്‍ സമ്മതിച്ചു.


''എനിക്ക് കണ്ടതും മടങ്ങിവരണംന്ന് ഉണ്ടായിരുന്നു. അവര് പോരാന്‍ സമ്മതിക്കാത്തതോണ്ടാ നിന്നത്''. കാര്യം ശരിയാണ്. നേരത്തെ ചെന്ന് ഉണ്ണാന്‍ പാകത്തില്‍ തിരിച്ചുവരാമെന്ന് കരുതിയതാണ്. അതുപോലെ പുറപ്പെടുകയുംചെയ്തു. കാലത്തെ ഭക്ഷണം കഴിക്കുമ്പോള്‍ കാറെത്തി. പിന്നെ വൈകിച്ചില്ല. വേഗം പുറപ്പെട്ടിറങ്ങി. ഏതായാലും പത്തുമണി കഴിഞ്ഞതും സിനിയുടെ വീട്ടിലെത്തി. കാറിന്‍റെ ശബ്ദം കേട്ട് സിനിയുടെ അമ്മയാണ് വന്നത്.


''കേറി ചെല്ലുമ്പൊ മുഖത്തടിച്ച മാതിരി അവരെന്തെങ്കിലും ചെയ്യോ, കാട്ട്വോ'' എന്ന് സുമതിക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല.


''വരൂ'' അവര്‍ ലോഹ്യത്തിലാണ് ക്ഷണിച്ചത്. സിനിയുടെ അച്ഛന്‍ സ്വീകരണമുറിയിലെ സോഫയില്‍ കിടക്കുകയാണ്. ബന്ധുക്കളെ കണ്ടപ്പോള്‍ അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.


''വേണ്ടാ. കിടന്നോളൂ'' ഹരിദാസന്‍ അയാളുടെ അടുത്തുചെന്ന് കയ്യില്‍ പിടിച്ചു.


''തന്നത്താന്‍ എണീറ്റ് ഇരിക്കാന്‍ പറ്റില്ല. ആരെങ്കിലും താങ്ങിപ്പിടിച്ച് ഇരുത്തണം'' ഭാര്യ അറിയിച്ചു.


''ഒരാള്‍ക്ക് ഞാനൊരു ഉപദ്രവം ചെയ്തിട്ടില്ല. എന്നിട്ടും എനിക്ക്'' ഗോപിനാഥന്‍ നായരുടെ കണ്ണുകള്‍ നിറഞ്ഞു.


''അതാലോചിച്ച് സങ്കടപ്പെടണ്ട. സമയദോഷാണെന്ന് കരുത്യാല്‍ മതി. സൂക്കട് വന്നപോലെ ഒരുദിവസം പൊവുംചെയ്യും. നോക്കിക്കോളൂ'' ഹരിദാസന്‍ ആശ്വസിപ്പിച്ചു.


''എന്തോ. എനിക്ക് തോന്നുണില്ല''.


''മകളുടെ കാര്യം ആലോചിച്ചിട്ടാ കിടപ്പിലായത്'' സിനിയുടെ അമ്മ പറഞ്ഞു ''അവളെ അവിടേന്ന് കൂട്ടീട്ട് വന്നത് മുതല്‍ക്ക് ആള് എന്തോ മാതിരിയായിരുന്നു. കഷ്ടിച്ച് ഒന്നൊന്നര മാസം. അപ്പൊഴയ്ക്കും ആള് കിടപ്പിലായി''.


''ഒരുകണക്കില്‍ ഞങ്ങളാ ഇതിന്‍റെ ഉത്തരവാദി'' ഹരിദാസന്‍ പറഞ്ഞു.


''ആരെ കുറ്റം പറഞ്ഞാലും നിങ്ങളെ കുറ്റം പറയില്ല. എന്‍റെ ഭാഗ്യം കൊണ്ടാണ് ഇത്രനല്ല അച്ഛനെ കിട്ടിയത് എന്ന് മോള് എപ്പഴും പറയും''.


''ഞങ്ങടെ നന്ദിനി കല്യാണം കഴിഞ്ഞ് പോയതിന്ന് പകരം ദൈവം തന്നതാ ഇവളെ എന്ന് മൂപ്പര് എപ്പഴും പറയും. എന്നേം അവള്‍ക്ക് വല്യേ കാര്യാണ്. അമ്മേ എന്ന് വിളിക്കിണത് കേട്ടാല്‍ വേറൊരമ്മ നിക്കുണുണ്ടോന്ന് തോന്നും''.


''എല്ലാം നന്നായി. പറഞ്ഞിട്ടെന്താ. ആ ഭാഗ്യത്തിന് ആയസ്സ് കുറവായി പോയി''. 


''അങ്ങനെ കരുതണ്ട. എല്ലാം ഒന്ന് കലങ്ങി തെളിയിണൂന്ന് കണക്കാക്ക്വാ''.


''ഇനി അതല്ലേ വഴിയുള്ളൂ. ഞങ്ങള്‍ക്ക് മകളടെ ഭാവി നോക്കണ്ടേ. ഡൈവോഴ്സ് വാങ്ങ്, വേറെ നോക്കാന്ന് ഞങ്ങള്‍ പടിപ്പടി പറഞ്ഞു നോക്കി. കുറച്ചും കൂടി കഴിയട്ടെ എന്നുപറഞ്ഞാല്‍ എന്താ ചെയ്യാ. ഒടുക്കം മുട്ടിക്കൂടി ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് നിര്‍ബ്ബന്ധമാണെങ്കില്‍ ഡൈവോഴ്സ് ചെയ്യാം, പക്ഷെ എനിക്ക് വേറെ കല്യാണം വേണ്ടാന്ന് പറഞ്ഞു. ഇനി ഞങ്ങള്‍ എന്താ ചെയ്യാ''.


''രാജഗോപാലന്‍ നായര്‍ എല്ലാം പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് നിങ്ങളോട് പറയാന്‍ വാക്കില്ല. എല്ലാം ഞങ്ങടെ മകന്‍റെ തെറ്റാണ്''.


''അങ്ങനെ പറഞ്ഞാല്‍ പ്രശ്നം തീര്വോ''.


''നോക്കൂ, താന്‍ പോയി ഇവര്‍ക്ക് കുടിക്കാനെന്തെങ്കിലും കൊണ്ടുവരൂ'' ഭര്‍ത്താവ് അവരോട് പറഞ്ഞു.


''ഒരു മിനുട്ട്. ഇതാ വരുന്നു'' അവര്‍ അകത്തേക്ക് പോയി.


''അവളെന്തെങ്കിലും പറഞ്ഞാല്‍കൂടി കാര്യമാക്കരുത്. സങ്കടംകൊണ്ട് പറയുന്നതാ'' ഗോപിനാഥന്‍ നായര്‍ പറഞ്ഞു.


''എന്ത് പറഞ്ഞാലും ഞങ്ങള്‍ കേള്‍ക്കാന്‍ ബാദ്ധ്യസ്ഥരാണ്. കാരണം തെറ്റ് ഞങ്ങടെ ഭാഗത്താണ്'' .


''പോട്ടേ, സാരൂല്യാ'' രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും മറ്റും അയാള്‍ സംസാരിക്കാന്‍ തുടങ്ങി. അല്‍പ്പം കഴിഞ്ഞതും ചായയുമായി സിനിയുടെ അമ്മയെത്തി. 


''അധികം സംസാരിക്കണ്ടാന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്'' ബാക്കി വിവരങ്ങള്‍ അവരാണ് പറഞ്ഞത്.


''എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ'' ചായകുടി കഴിഞ്ഞതും ഹരിദാസന്‍ പറഞ്ഞു.


''ഊണുകഴിക്കാതെ പോവ്വേ. അച്ഛനും അമ്മയും വരുണുണ്ട്, അവര്‍ക്ക് ഊണുകൊടുത്തിട്ടേ അയയ്ക്കാവൂ എന്ന് സിനി വിളിച്ച് പറഞ്ഞിരുന്നു. അത് കഴിഞ്ഞിട്ട് പൊയാല്‍ മതി''.  ആദ്യമുണ്ടായിരുന്ന അകല്‍ച്ച ക്രമേണ മാറി.


''നന്ദൂന് നിങ്ങളെ കാണണംന്നുണ്ട്. വന്നാല്‍ എന്തെങ്കിലും തോന്ന്വോ''.


''എന്ത് തോന്നാന്‍. ഞങ്ങള്‍ക്ക് സന്തോഷം ​മാത്രമേ തോന്നൂ''.


''എന്നാല്‍ ഒരുദിവസം ഞങ്ങളവനെ കൂട്ടീട്ട് വരാം'' ഊണുകഴിഞ്ഞ് കുറച്ചുകൂടി ഇരുന്നിട്ടാണ് തിരിച്ചു പോന്നത്. 


''അങ്ങനെ നമ്മള് ആ ബാദ്ധ്യത തീര്‍ത്തൂ അല്ലേ'' ഭാര്യയുടെ വാക്കുകള്‍ ഹരിദാസനെ ചിന്തകളില്‍നിന്ന് ഉണര്‍ത്തി. ഗോപീനാഥന്‍ നായരേയും ഭാര്യയേയും സന്ദര്‍ശിച്ച കാര്യമാണ് ഇവള്‍ പറയുന്നത്. എന്തെല്ലാം ബാദ്ധ്യതകളാണ് ഇനി വരാനിരിക്കുന്നത്


''ബാദ്ധ്യത തീര്വേ. തുടങ്ങാന്‍ പോണല്ലേ ഉള്ളൂ'' അയാള്‍ നെടുവീര്‍പ്പിട്ടു.


ഭാഗം : - 96.


ഗെയിറ്റ് തുറന്നത് സുമതി അറിഞ്ഞില്ല. മുറ്റത്ത് കാറിന്‍റെ ശബ്ദം കേട്ട് അവര്‍ വാതില്‍ തുറന്നുനോക്കി. നീല മാരുതി 800. ഏട്ടന്‍റെ കാറാണിത്. കുറെകാലത്തെ പഴക്കമുണ്ടെങ്കിലും ഇന്നും പുത്തന്‍ മായാത്ത വാഹനം. 


''ഞാന്‍ ചാവുന്നതുവരെ ഇതിനെ കൊടുക്കില്ല. എനിക്ക് ഉരുട്ടിക്കൊണ്ട് നടക്കാന്‍ പറ്റ്യേ വണ്ട്യാണ്'' എന്നാണ് ഏട്ടന്‍ പറയാറ്.


''ഏട്ടന്‍ വന്നിരിക്കുണൂ'' സുമതി അകത്തുചെന്ന് ഹരിദാസനെ വിളിച്ചു. അയാള്‍ എഴുന്നേറ്റ് പുറത്തേക്ക് വരുമ്പോഴേക്കും ആഗതന്‍ അകത്ത് എത്തിക്കഴിഞ്ഞിരുന്നു.


''എന്താ, രണ്ടാളും ഉച്ച ഉറക്കത്തിലാണോ'' അയാള്‍ സോഫയിലിരുന്നു.


''ഹര്യേട്ടന്‍ മയങ്ങ്വായിരുന്നു. എനിക്ക് കുറച്ച് തുന്നാനുണ്ട്. അത് ചെയ്തോണ്ട് ഇരുന്നതാ''.


''നാല് ദിവസംമുമ്പ് രാജഗോപാലന്‍ നായര് എന്നെ വിളിച്ചിരുന്നു. പിറ്റേ ദിവസം സിനിടെ അച്ഛനും വിളിച്ചു. വിവരങ്ങളൊക്കെ ഞാനറിഞ്ഞു''.


''ഗോപിനാഥന്‍ നായര് വയ്യാണ്ടെ കിടക്ക്വാണ് എന്ന് പറഞ്ഞപ്പൊ പോയി കാണണംന്ന് തോന്നി. അതാ പോയത്''.


''അത് നന്നായി. അവര് മര്യാദക്കാരായതോണ്ട് ഒന്നും പറഞ്ഞില്ല'' അളിയന്‍ കുറ്റപ്പെടുത്താനുള്ള ശ്രമമാണെന്ന് ഹരിദാസന് തോന്നി.


''തെറ്റ് മുഴുവനും ഞങ്ങടെ ഭാഗത്താണ്. ഞങ്ങളത് തുറന്ന് സമ്മതിച്ചു. അവരൊന്നും പറഞ്ഞതൂല്യാ''.


''എന്തായാലും കാര്യങ്ങള്‍ ഇങ്ങനോക്ക്യായത് നന്നായി. ഇല്ലെങ്കില്‍ ഒരു പെണ്‍കുട്ടിടെ ജീവിതം നശിപ്പിച്ച പാപം എനിക്കുംകൂടി കിട്ട്യേനേ''.


''ഒരു തെറ്റ് പറ്റാത്ത ആരെങ്കിലും ഉണ്ടോ ഏട്ടാ ഈ ഭൂമീല്'' സുമതി ചോദിച്ചു.


''നീ അങ്ങനെ നിസ്സാരായി പറയണ്ട. മര്യാദയ്ക്കൊരു കുടുംബം ആയി കഴിയിണോര് ഇതൊക്കെ സഹിക്ക്വോ''.


''പറഞ്ഞത് ശര്യാണ്. എന്താ ചെയ്യാ. പറ്റി പോയില്ലേ''.


''ഇപ്പൊ എങ്ങനീണ്ട് നിന്‍റെ പുത്രന്‍''.


''അന്നത്തെ സംഭവത്തോടെ അവനാള് മാറി. ഇപ്പൊ കുടീം കൂട്ടുകെട്ടും ഒന്നൂല്യാ. അവനൂണ്ട് അവന്‍റെ പാടൂണ്ട്''.


''എന്തായാലും അവന്‍ നേടിയ ചീത്തപ്പേരുണ്ടല്ലോ. അത്ര എളുപ്പോന്നും അത് പോവില്ല''.


''പറയുണോര് പറയട്ടെ. കേള്‍ക്കാതെ പറ്റില്ലല്ലോ''.


''മകന്‍ ചെന്നേല് താമസാക്കി പെങ്ങളീം അളിയനീം കഷ്ടത്തിലാക്ക്വോ'' ഹരിദാസന് ദേഷ്യംവന്നു. എങ്കിലും അയാള്‍ കേട്ടില്ല എന്ന് നടിച്ചു.


''മകളും മരുമകനും ഞങ്ങളെ ദിവസൂം വിളിക്കും. നന്ദു അവിടെ സന്തോഷത്തോടെ ഒതുങ്ങി കഴിയുണൂന്ന് പറയാറുണ്ട്''.


''നന്നായി. തറവാടിന്‍റെ പുണ്യം. അവന്‍ ഒരിക്കലും നേരാവില്ല എന്നാ ഞാന്‍ കണക്കാക്കീരുന്നത്''.


''അതിന് ഏട്ടനെ കുറ്റംപറയാന്‍ പറ്റില്ല. അമ്മാതിരി പണ്യാണ് അവന്‍ കാട്ട്യേത്''.


''നൂറ് ദോഷൂണ്ടെങ്കിലും അവനെന്‍റെ മരുമകനല്ലാതെ വര്വോ. കുറെതെറ്റ് ചെയ്താലും ഇപ്പൊ മാറ്യേലോ. അതന്നെ സമാധാനം''. എത്ര എളുപ്പം അളിയന്‍റെ അഭിപ്രായം മാറി എന്ന് ഹരിദാസന്‍ അത്ഭുതപ്പെട്ടു.


''അവന് സിനിടെ അച്ഛനെ കാണണം ന്ന് മോഹം പറഞ്ഞു. അവരടടുത്ത് ചോദിച്ചപ്പൊ വിരോധൂല്യാന്ന് അവരും പറഞ്ഞു''.


''അവര്‍ക്ക് വിരോധൂല്യെങ്കില്‍ പോയി കാണട്ടെ. ഏതായാലും പെണ്ണ് അവനെ അല്ലാതെ വേറൊരുത്തനെ കെട്ടില്ലാന്ന് പറഞ്ഞുകഴിഞ്ഞു''.


''അവള്‍ക്കെന്തോ ഈ കുടുംബത്തോട് ഒരുസ്നേഹൂണ്ട്''.


''അത് നിങ്ങടെ ഭാഗ്യം. അല്ലെങ്കില്‍ ഇതുപോലൊരു ഗജപോക്കിര്യേ ആരെങ്കിലും സ്നേഹിക്ക്വോ''.


''ഞായറാഴ്ച വരാന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നാളെ ഞായറാഴ്ച്ചേല്ലേ. രാവിലെ പോവ്വാന്ന് ഞങ്ങള് വിചാരിക്ക്യാണ്. നാളെ ആവുമ്പൊ സിനീണ്ടാവും. രാജഗോപാലന്‍ നായരും വരും ''.


''അപ്പൊ നന്ദു വരണ്ടെ''.


''ഇന്ന് രാത്രീലെ വണ്ടിക്ക് അവന്‍ വരും. നാളെ പുലര്‍ച്ചെ അവനെത്തും''.


''നന്നായി. ഒരുകാര്യം ചെയ്യാം. നിങ്ങളെത്തുമ്പഴയ്ക്ക് ഞാനും എത്താം. ഇനിയെന്താ വേണ്ടേന്ന് കയ്യോടെ തീരുമാനിക്കാലോ''.


''ഏട്ടന്‍ വരുമ്പൊ ഏടത്ത്യേമ്മേ കൂട്ടീട്ട് വരൂ. പെണ്ണുങ്ങള് വര്‍ത്തമാനം പറയുമ്പൊ ഒരാള്‍ക്കൊരാള് തുണ ആയിക്കോട്ടെ''.


''വേണച്ചാല്‍ കൂട്ടാം. അവള്‍ക്ക് വരാന്‍ മട്യോന്നൂല്യാ''.


''സന്തോഷം. ഏടത്ത്യേമ്മേ കണ്ടിട്ട് കുറച്ചായി''.


''നിങ്ങളെങ്ങന്യാ വര്വാ''.


''ടാക്സി പറഞ്ഞുവെച്ചിട്ടുണ്ട്''.


''ഞാന്‍ വേണച്ചാല്‍ വന്ന് കൂട്ടീട്ട് പോവാട്ടോ''.


''ഒന്നും വേണ്ടാ. ഇത്ര ദൂരം ഇങ്കിട്ട് വന്ന് വീണ്ടും അങ്കിട്ട് പോണ്ടേ. അതിലും ഭേദം ഞങ്ങള്‍ വരുണവഴിക്ക് നിങ്ങള്‍ രണ്ടാളേം കൂട്ടീട്ട് പോവാം''.


''അങ്ങന്യാച്ചാല്‍ അങ്ങനെ''.


''നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരിക്കിന്‍. ഞാന്‍ പോയി ചായ കൂട്ടട്ടെ'' സുമതി അടുക്കളയിലേക്ക് നടന്നു. അവളുടെ ഏട്ടന്‍ ടി.വി.ഓണ്‍ ചെയ്ത് ന്യൂസ് കണ്ടുകൊണ്ടിരുന്നു.


ഭാഗം : - 97.


മംഗലാപുരം - ചെന്നൈ മെയില്‍ പാലക്കാട് ജംഷനില്‍നിന്ന് നീങ്ങി. നന്ദു ഡോറിനരികില്‍നിന്ന് കൈവീശിക്കാണിച്ചു, ഹരിദാസനും സുമതിയും സിനിയും പ്ലാറ്റ്ഫോമില്‍നിന്നും. ആ കമ്പാര്‍ട്ട്മെന്‍റ് അകന്നകന്ന് കണ്ണില്‍ നിന്ന് മാഞ്ഞു.


''എന്താ സ്വപ്നം കണ്ടോണ്ട് നില്‍ക്കുണ്. വീട്ടിലിക്ക് പോണ്ടേ'' സുമതി വിളിച്ചപ്പോള്‍ ഹരിദാസന്‍ തിരിച്ചു നടന്നു. അല്ലെങ്കിലും നടന്നതെല്ലാം ഒരു സ്വപനംപോലെയാണ് തോന്നുന്നത്.


''നിങ്ങള് കൂട്ടീട്ട് വരാന്‍ പോവ്വോന്നും വേണ്ടാ. വണ്ട്യെറങ്ങ്യേതും ഒരു ഓട്ടോ വിളിച്ച് അവന്‍ വരും'' എന്ന് സുമതി പറഞ്ഞുവെങ്കിലും മകനെ കൂട്ടിക്കൊണ്ടുവരാന്‍ രാവിലെ സ്റ്റേഷനിലേക്ക് ചെന്നു. വണ്ടിയിറങ്ങി ചിരിച്ചുകൊണ്ട് അടുത്തേക്ക് നടന്നുവന്ന മകനെ കണ്ടപ്പോള്‍ തോന്നിയ സന്തോഷം എത്രയാണെന്നോ. വീട്ടിലെത്തി കുളിയും ഭക്ഷണവുമൊക്കെ കഴിയുമ്പോഴേക്ക് തലേന്നാള്‍ ഏല്‍പ്പിച്ച ടാക്സിയെത്തി. അളിയനും ഭാര്യയും ഉണ്ടാവുമെന്ന് പറഞ്ഞതിനാല്‍ ഇന്നോവയാണ് ഏല്‍പ്പിച്ചത്. പോവുന്നവഴിക്ക് അളിയന്‍റെ വീട്ടില്‍ കയറി.


''കുറെകാലം കഴിഞ്ഞല്ലോ ഇവിടെ വന്നിട്ട്. ചായ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അത് കഴിച്ചതും ഇറങ്ങാം'' അളിയന്‍ പറഞ്ഞു. 


''വേണോ ഏട്ടാ, നേരത്തെ പോയി വര്വേല്ലേ നല്ലത്'' സുമതി ചോദിച്ചു.


''പത്തേ പത്ത് മിനുട്ട്. അതില്‍ കൂടുതല്‍ വൈകില്ല'' അളിയന്‍ പറഞ്ഞു. പിന്നെ ആരും എതിര് പറഞ്ഞില്ല. 


''നോക്ക് നന്ദൂ. നിന്നോടൊരു കാര്യ പറയാനുണ്ട്'' അളിയന്‍ തുടര്‍ന്നു ''ഒരുതവണ പറ്റ്യേ തെറ്റ് എല്ലാരും ക്ഷമിച്ചു. ഇനി അങ്ങനെ പറ്റരുത്''.


''ഇല്ല മാമാ. ഇനി അങ്ങിനെയൊന്നും ഉണ്ടാവില്ല'' നന്ദു പറഞ്ഞു.


''അവര് നല്ല ആള്‍ക്കാരായതോണ്ട് ഇങ്ങനെ തീര്‍ന്നു. ഇല്ലെങ്കില്‍ ബന്ധം മുറിഞ്ഞിട്ടുണ്ടാവും''.


''എനിക്ക് മനസ്സിലായി''. അളിയന്‍ നന്ദുവിനെ എന്തൊക്കെ പറയുമെന്ന് ഒരാശങ്ക ഉണ്ടായിരുന്നു. എന്നാല്‍ കൂടുതലൊന്നും പറയാതെ അളിയനും ഭാര്യയും ഒപ്പം ഇറങ്ങി.


സിനിയുടെ അച്ഛനെ കണ്ടപ്പോഴുള്ള നന്ദുവിന്‍റെ മുഖഭാവം മനസ്സില്‍ നിന്ന് മായുന്നില്ല. എല്ലാം തകര്‍ന്നവനെപ്പോലെ അവന്‍ ഒരുഭാഗത്ത് ഇരുന്നു. താന്‍ കാരണമാണ് സിനിയുടെ അച്ഛന്ന് ഇങ്ങിനെ ഒരവസ്ഥ വന്നതെന്ന് അവന് തോന്നിയിട്ടുണ്ടാവും. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവന്‍റെ തേങ്ങലാണ് കേട്ടത്.


''എന്താ നന്ദൂ ഈ കാട്ടുണ്'' അവനോട് മാമന്‍ ചോദിച്ചു.


''ഞാന്‍ കാരണമാണ് അച്ഛന്‍  ഇങ്ങിനെ ആയത്'' അവന്‍ പറഞ്ഞു ''എന്ത് പ്രായശ്ചിത്തം ചെയ്താലാണ് ഈ പാപം തീരുക''.


''പറ്റിയത് പറ്റി. ഇനി അതാലോചിച്ചിട്ട് കാര്യൂല്യാ. ഇനി തെറ്റ് പറ്റാണ്ടെ നോക്ക്വാ. അതേ വഴീള്ളൂ''.


''എന്‍റെ കാലക്കേടോണ്ടാണ് ഇങ്ങനെ ആയത്. നടന്നു അതാലോചിച്ച് സങ്കടപ്പെടണ്ട'' സിനിയുടെ അച്ഛന്‍ പറഞ്ഞു. ആ നിമിഷം അയാളുടെ കാല്‍ക്കല്‍ അവന്‍ വീണു. സിനിയുടെ അച്ഛന്‍ അത്രയും പ്രതീക്ഷിച്ചില്ല എന്നാണ് തോന്നുന്നത്.


 ''കരയാതെ നന്ദൂ'' അയാള്‍ ആശ്വസിപ്പിച്ചു ''എനിക്ക് നിന്നോട് ഒരു ദേഷ്യൂല്യാ''.


രാജഗോപാലന്‍ നായരോ അളിയനോ പിന്നീട് ഒരു കുറ്റവും പറഞ്ഞില്ല. കുറച്ചുകഴിഞ്ഞ് അളിയന്‍റെ ഭാര്യയും സുമതിയും അകത്തേക്ക് ചെന്നു. സിനിയും അവളുടെ അമ്മയുമായും അവര്‍ എന്തൊക്കെ സംസാരിച്ചു എന്നറിയില്ല. ഏതായാലും അല്‍പ്പം കഴിഞ്ഞപ്പോള്‍ സിനിയുടെ അമ്മ വന്ന് നന്ദുവിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.


''ആഹാരം കഴിക്കാന്‍ വരിന്‍ '' സമയമായപ്പോള്‍ സിനിയുടെ അമ്മ വന്ന് വിളിച്ചു ''സിനിടെ അച്ഛന് തന്നത്താന്‍ ഭക്ഷണം കഴിക്കാന്‍ വയ്യ. ഞാന്‍ വാരി കൊടുക്കണം. അത് പിന്നെ ചെയ്തോളാം''.


''നന്ദൂ, രണ്ടുദിവസം കഴിഞ്ഞിട്ട് പോയാല്‍ പോരേ നിനക്ക്'' ഭക്ഷണം കഴിക്കുമ്പോള്‍ സിനിയുടെ അച്ഛന്‍ നന്ദുവിനോട് ചോദിച്ചു. അയാള്‍ മറ്റുള്ളവര്‍ ആഹാരം കഴിക്കുന്നത് നോക്കിയിരിക്കുകയാണ്. 


''എനിക്ക് ലീവില്ല. നാളെ രാവിലെ ജോലിക്കെത്തണം. രാത്രിയിലെ മെയിലിന്ന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്''.


''എന്നാല്‍ ഇടയ്ക്ക് വിളിക്ക്''.


''ദിവസവും ഞാന്‍ വിളിക്കാം''. ചായകുടി കഴിഞ്ഞിട്ടാണ് തിരിച്ച് പുറപ്പെട്ടത്.


''എനിക്ക് ആണ്‍മക്കളില്ല. സിനീം അവളടെ ഏടത്തീം മാത്രേള്ളൂ. നിങ്ങള് രണ്ട് മരുമക്കളെ ഞാന്‍ സ്വന്തം  മക്കളായിട്ടാണ് കണ്ടിട്ടുള്ളത്. ഏടത്തീം ഭര്‍ത്താവും അന്യരാജ്യത്താണെങ്കിലും നിങ്ങള് രണ്ടാളും അടുത്തുണ്ട് എന്ന് സമാധാനമാണ് ഉണ്ടായിരുന്നത്. അതിന് കോട്ടം വരുത്തരുത്''.


''ഒരിക്കലും ഉണ്ടാവില്ല'' നന്ദു ഉറപ്പ് നല്‍കി.


''അച്ഛാ, ഞാന്‍ ഇവരുടെകൂടെ പോവുന്നു. നാളെരാവിലെ അവിടെനിന്ന് കോളേജിലേക്ക് പൊയ്ക്കോളാം''. ബാഗുമായി സിനി വന്നപ്പോള്‍ അന്തം വിട്ടു.


''എന്താ കാറിന്ന് ഇറങ്ങിണില്ലേ'' സുമതി പറഞ്ഞത് കേട്ടപ്പോള്‍ അയാള്‍ ചുറ്റും നോക്കി. വീടെത്തിയിരിക്കുന്നു. വേഗം കാറില്‍നിന്നിറങ്ങി.


ഭാഗം : - 98.


ആകസ്മികമായി ബസ്സ് സ്റ്റാന്‍ഡില്‍ വെച്ചാണ് ഹരിദാസന്‍ വേലപ്പനെ കാണുന്നത്. വേലപ്പന്‍ ബസ്സുകളുടെ ബോര്‍ഡ് നോക്കി നടക്കുകയാണ്. ഹരിദാസന്‍  അയാളുടെ അടുത്തേക്ക് ചെന്നു.


''എന്താ ഇവിടെ'' അയാള്‍ ചോദിച്ചു. വേലപ്പന്‍ തിരിഞ്ഞുനോക്കി.


''നാട്ടിലിക്കുള്ള ബസ്സ് നോക്ക്യേതാണ്'' അയാള്‍ മറുപടി നല്‍കി ''ഇപ്പൊ ബസ്സൊക്കെ  ഒരേ കളറായില്ലേ. നോക്കാതെ കേറ്യാല്‍ ശര്യാവില്ല. വേറെ എവിടെക്കെങ്കിലും ഉള്ളതാവും''.


''അത് ശര്യാണ്. ഞാനും ബസ്സ് നോക്കി നില്‍ക്ക്വാണ്''.


''എപ്പഴും സ്കൂട്ടറിലല്ലേ യാത്ര. ഇന്നെന്താ ബസ്സില്''.


''നാളെ മൂത്തമകളടെ കുട്ടിടെ പിറന്നാളാണ് . ഭാര്യയ്ക്ക് ഇന്നന്നെ അവിടെ ചെല്ലണം. പീന്നെന്താ ചെയ്യാ. രണ്ടാളുംകൂടി രാവിലത്തെ ബസ്സില്‍ പോന്നൂ. അവളെ അവട്യാക്കി ഊണും കഴിഞ്ഞ് ഞാന്‍ മടങ്ങി. ഇന്ന് വൈകുന്നേരം ഒരു മീറ്റിങ്ങുണ്ട്. അതിന് എത്താതിരിക്കാന്‍ പറ്റില്ല. അതാ പോന്നത്. ഇനി നാളെ രാവിലെ വീണ്ടും വരണം''.


''അമ്മിണിടെ അമ്മയ്ക്കൊരു മരുന്ന് വാങ്ങാനുണ്ടായിരുന്നു. അത് അവിടെ കിട്ടില്ല. അത് വാങ്ങാനാ ഞാന്‍ വന്നത്''.


''അന്ന് ഞാന്‍ പറഞ്ഞ കാര്യം എന്തായി. അവരോട് ചോദിച്ച്വോ''. കമ്പൌണ്ടര്‍ രാമനുമായുള്ള ഏടത്തിയുടെ കല്യാണക്കാര്യമാണ് ചോദിക്കുന്നത്. അമ്മിണിയോട് അന്വേഷിക്കാന്‍ പറഞ്ഞുവെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. മറ്റു പലകാര്യങ്ങള്‍ക്കിടയില്‍ അത് മറക്കുകയും ചെയ്തു.


''അമ്മടീം ഏടത്തിടീം അഭിപ്രായം ചോദിച്ചറിയാന്‍ ഞാന്‍ ഭാര്യടടുത്ത് പറഞ്ഞിരുന്നു. അവള് മറുപടിയൊന്നും പറഞ്ഞില്ല''.


''അത് സാരൂല്യ. അറിയുമ്പൊ പറഞ്ഞാ മതി. ഒരുകാര്യം ചോദിക്കാന്‍ വിട്ടു. തറവാട്ടിലിക്ക് ആരെങ്കിലും വരാറുണ്ടോ''.


''മിക്കവാറും എല്ലാ ദിവസൂം ആരെങ്കിലും വന്ന് വീട് അടിച്ച് തുടച്ച് പോരും. ഇന്നാള് അമ്മയ്ക്ക് വീട്ടില് പോണംന്ന് ഒരു മോഹം. ശരി. ആയിക്കോട്ടേന്ന് പറഞ്ഞ് എല്ലാരുംകൂടി വന്ന് ഒരുദിവസം താമസിച്ച് മടങ്ങിപ്പോയി''.


''അത് നല്ലതാണ്. വല്യേമ്മയ്ക്ക് വീടിനോട് പാശം കാണും. അവരടെ ആഗ്രഹം നോക്കണ്ടേ''.


''മാസത്തില്‍ ഒരുപ്രാവശ്യം കൂട്ടീട്ട് പോണംന്നാണ് അമ്മ പറയുണത്''.


''എനിക്ക് മൂപ്പത്ത്യാരെ ഒന്ന് കാണണം''.


''അതിനെന്താ. ഒരുദിവസം അങ്കിട്ട് വന്നോളൂ''.


''അങ്ങിനെ വന്നാല്‍ പോരാ. എന്‍റെ മകനേം മരുമകളേം കൂട്ടീട്ട് വന്ന് വല്യേമ്മേ കാണണം''.


''അതെന്താ. അമ്മ അവരെ കാണണംന്ന് പറഞ്ഞിട്ടുണ്ടോ''.


''ഇല്ല. എന്നാലും കാണണം. അങ്ങന്യൊരു കാര്യൂണ്ട്'' അയാള്‍ വല്യേമ്മ പറഞ്ഞ കാര്യങ്ങളും അതെല്ലാം അക്ഷരംപ്രതി നടന്നതും വിശദീകരിച്ചു'


''ഞായറാഴ്ച്യാണ് അങ്കിട്ട് വരുണതെങ്കില്‍ ഉത്തമാവും. നന്ദൂം സിനീം അന്നിവിടെ ഉണ്ടാവും ''.


''ഞാന്‍ ചോദിച്ചറിഞ്ഞ് വിളിച്ചുപറയാം''.


''എന്നാല്‍ ശരി. എനിക്കുള്ള ബസ്സെത്തി'' ഹരിദാസന്‍ യാത്ര പറഞ്ഞ് ബസ്സിനടുത്തേക്ക് നടന്നു.

^^^^^^^^^^^^^^^^^

''രാധേ, നിന്‍റെ ഓട്ടോ നന്നാക്കി കിട്ട്യോ'' രുഗ്മിണി ടീച്ചര്‍ വിളിച്ചു ചോദിച്ചു.


''ഉവ്വ് ടീച്ചറേ. കിട്ടീട്ട് രണ്ട് ദിവസായി''.


''എത്ര്യായി പൈസ''. രാധ ചിലവായ തുക പറഞ്ഞു.


''ഇനി രാധ അത് ഓടിച്ച് വേറെ എന്തെങ്കിലും അപകടം വരുത്തണ്ട. വണ്ടി ഓടട്ടെ. നമുക്കൊരു ഡ്രൈവറെ വെക്കാം. ദിവസൂം വൈകുന്നേരം ഓടി കിട്ട്യേ കാശ് കക്കാണ്ടെ ഏല്‍പ്പിക്കിണ ഒരാളെ കണ്ടെത്താം''. . 


''എനിക്ക് വല്യേ വിവരൂല്യാ. ടീച്ചറ് പറയുണപോലെ ചെയ്യാം''.


''ചിലപ്പൊ വൈകുന്നേരം ഞാന്‍ പത്മാവത്യേ കാണാന്‍ വരുണുണ്ട്. നീയുംകൂടെ വായോ. അവളെ കാണും ചെയ്യാം. നമുക്ക് സംസാരിക്കും ചെയ്യാം''.


''അവര് സുഖൂല്യാതെ ആസ്പത്രീലയീന്നും ഇപ്പൊ വീട്ടില് വന്നിട്ടും കിടപ്പാണെന്നും കണ്ണേട്ടന്‍ പറഞ്ഞിരുന്നു''.


''അതന്നേ കാണാന്‍ പോണത്''.


''ഞാന്‍ കാത്തുനില്‍ക്കാം. ടീച്ചര്‍ ഇറങ്ങുമ്പൊ വിളിക്കൂ''.


''ശരി. എന്നാല്‍ വൈകുന്നേരം കാണാം'' ടീച്ചര്‍ അവസാനിപ്പിച്ചു.


ഭാഗം : - 99.


സമയം നാലുമണി കഴിഞ്ഞിട്ടേയുള്ളു. പത്മാവതിയമ്മയ്ക്കും കുറുപ്പ് മാഷക്കും ചായ ഉണ്ടാക്കുന്ന പണിയിലാണ് സരള. പേരക്കുട്ടി പ്രകാശന്‍ കയ്യിലൊരു കളിപ്പാവയുമായി കുറുപ്പ് മാഷടെ സമീപത്തായി നിലത്ത് പടിഞ്ഞിരിപ്പുണ്ട്. ആ സമയത്താണ് രുഗ്മിണി ടീച്ചറും  രാധ യുംകൂടി പത്മാവതിയമ്മയെ കാണാനെത്തുന്നത്.


''സുഖൂല്യാതെ ആസ്പത്രീല്‍ അഡ്മിറ്റായീന്ന് കേട്ടു. കുറച്ചുദിവസം ഞങ്ങള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഒരു ട്രിപ്പ് പോയിരുന്നു''.


''എവടയ്ക്കാ പോയത്''.


''തമിഴ് നാട് മുഴുവന്‍ ചുറ്റിക്കറങ്ങി. ഒരുവിധം എല്ലാ സ്ഥലൂം കണ്ടു''.


''നന്നായി. എങ്ങന്യാ പോയത്''.


''ഒരുകൂട്ടര് വണ്ടി വിളിച്ചു. സീറ്റ് ബാക്കീണ്ടെങ്കില്‍ ഞങ്ങളും വരാംന്ന് പറഞ്ഞപ്പൊ അവര് സമ്മതിച്ചു. അങ്ങനെ ചെന്നതാണ്''.


''അപ്പൊ വാടക എങ്ങന്യാ വാങ്ങ്യേത്'' രാധ സംശയം ചോദിച്ചു.


''ഓട്യേ കിലോമീറ്റര്‍ വെച്ച് വാടക കണക്കാക്കി. അതിന്ന് കുറച്ച് കുറവ് ചെയ്തു. ഞങ്ങളടെ വീതം ആയിക്കോട്ടേന്ന് കരുതി''.


''അത് നന്നായി. യാത്രേല് തുണ ആയലോ''.


''പത്മത്തിന് എന്താ പ്രശ്നം'' രുഗ്മിണി ടീച്ചര്‍ ചോദിച്ചു.


''തല ചുറ്റ്യേത് മാത്രേ ഓര്‍മ്മീള്ളൂ. ബോധം വന്നപ്പൊ ഞാന്‍ ആസ്പത്രി കിടക്കേല് കിടക്ക്വാണ്''. പത്മാവതിയമ്മ രോഗവിവരവും ചികിത്സ സംബന്ധിച്ച കാര്യങ്ങളും വിവരിച്ചു. അതിനിടയില്‍ ചായയുമായി സരളയെത്തി.


''ഇവരുള്ളത് നന്നായി. നാലുദിവസം വയ്യാണ്ടെ കിടന്നാല് വെള്ളം തരാന്‍ ആളായല്ലോ''.


''അതന്ന്യാണ് ആശ്വാസം''.


''ഏതായാലും നല്ലോണം റെസ്റ്റെടുക്ക്. ഇന്യൊരു വീഴ്ച ഉണ്ടാവണ്ടെ നോക്ക്''.


''രണ്ട് പ്രാവശ്യായില്ലേ തലചുറ്റീട്ട് ആസ്പത്രീല്‍ കിടക്കണ്ടി വന്നത്. ഇനി വീണാല്‍ ഒരുഭാഗംതളര്‍ന്ന് കിടപ്പിലാവും. അല്ലെങ്കിലോ ചീട്ട് കീറും. ആ കാര്യം ഉറപ്പന്യാണ്. ഒന്നില്‍ തൊട്ടാല്‍ മൂന്ന് എന്നാ പറയ്യാ'' രാധ ടീച്ചര്‍ ഇടയ്ക്ക് കയറി അഭിപ്രായം പറഞ്ഞു. എല്ലാവരും തരിച്ചുപോയി.


''വേണ്ടാത്ത വര്‍ത്തമാനം പറയാതെ. വായ പൊളിച്ചാല്‍ വിഡ്ഡിത്തരേ വരൂ. ചെയ്യുണതും അതുപോലെ തന്നെ'' ടീച്ചര്‍ ശാസിച്ചു.


''ഇനി പോണതുവരെ ഒരക്ഷരം ഞാന്‍ മിണ്ടില്ല'' രാധ കൈകൂപ്പി.


''നോക്കൂ പത്മം. ഞാന്‍ കാറ് വാങ്ങുണ സമയത്ത് ഇവളോട് വണ്ടി വാങ്ങുണോന്ന് ചോദിച്ചു. ഇവളതില്‍ ചാടിപ്പിടിച്ചു. കാറ് വാങ്ങി വെറുതെ നിര്‍ത്തുണതിന്ന് പകരം ഓട്ടോ വാങ്ങ്യാല്‍ വാടകയ്ക്ക് വിടാലോന്ന് നിരീച്ച് അത് പറഞ്ഞുകൊടുത്തു. വണ്ടി വാങ്ങീട്ട് അത് പ്രൈവറ്റ് ആയി റജിസ്ടര്‍ ചെയ്തു. അതോണ്ടും കഴിഞ്ഞില്ല. അതിനെ ഓടിച്ചു കൊണ്ടുപോയി മരത്തിലിടിച്ച് കേട് വരുത്തും ചെയ്തു''.


''വിവരം മാഷ് പറഞ്ഞ് അറിഞ്ഞു''.


''അതിനെ ടാക്സി പെര്‍മിറ്റ് ആക്ക്വാണ്. പറ്റ്യേപോലെ ഒരു ഡ്രൈവറേം കണ്ടെത്തണം. രവീന്ദ്രനെ കണ്ട് ആ കാര്യം ഏല്‍പ്പിക്കാന്‍കൂടിട്ട് വന്നതാ ഇപ്പോള്‍. അവന്‍റടുത്ത് ഒരുപാട് ഓട്ടോ പണിക്ക് വരുണുണ്ടെന്ന് കേട്ടു''.


''അതിനെന്താ. സരളടടുത്ത് പറഞ്ഞ് രവ്യേ ഇങ്കിട്ട് വിളിക്കാം''. പറ്റിയ ഒരു ഡ്രൈവറെ ഏര്‍പ്പാടാക്കി തരാന്‍ രവീന്ദ്രനെ ഏല്‍പ്പിച്ചിട്ടാണ് ആ ടീച്ചര്‍മാര്‍ പോയത്

^^^^^^^^^^^^^^^^^^^^^^^^^^^^

''നോക്കെടീ, നീ പറഞ്ഞ കാര്യം ഞാന്‍ അവളടടുത്ത് ചോദിച്ചൂട്ടോ'' ആരുമില്ലാത്ത സമയംനോക്കി അമ്മിണിയോട് അമ്മ പറഞ്ഞു. വീട് വൃത്തിയാക്കാന്‍ ഏടത്തി പോയിരിക്കുകയാണ്, ലോറിപ്പണിക്ക് വേലപ്പനും.


''എന്നിട്ട് ഏടത്തി എന്ത് പറഞ്ഞു''.


''എന്താമ്മേ ഈ പറയുണ്. വയസ്സാന്‍ കാലത്ത് ഇങ്ങന്യൊരു വേഷം കെട്ടണോന്ന് ചോദിച്ചു''.


''എന്നിട്ടോ''.


''ഞാന്‍ വരുംവരായ മുഴുവന്‍ പറഞ്ഞ് മനസ്സിലാക്കി. ഒടുക്കം എന്താ വേണ്ടേച്ചാല്‍ അമ്മ നിശ്ചയിച്ചോളൂന്ന് പറഞ്ഞു''.


''അപ്പൊ പ്രശ്നം തീര്‍ന്നു. നല്ലൊരുദിവസം നോക്കി നമുക്കതങ്കിട്ട് നടത്താല്ലേ''.


''ചടങ്ങും വേണ്ടാ, ഒന്നും വേണ്ടാ. റജിസ്ട്രാപ്പീസില് ചെല്ല്വാ, ഒപ്പിട്വാ, പോര്വാ. അത് മതീന്ന് അവള്‍ക്ക് നിര്‍ബ്ബന്ധം''.


''ശരി. ഞാന്‍ മൂപ്പര് വന്നാല്‍ പറയാം''. ഒരുകാര്യം തീര്‍പ്പാക്കിയതിന്‍റെ സന്തോഷം അമ്മിണിക്ക് തോന്നി.


ഭാഗം : - 100.


സന്ധ്യയായിട്ടും ഹരിദാസനേയും കമ്പൌണ്ടര്‍ രാമനേയും കാണാനില്ല. എല്ലാവരേക്കാളും മുമ്പേ അമ്പലത്തിലെത്തുന്നതാണ് അവര്‍. ഇന്നെന്ത് പറ്റി എന്നറിയില്ല.


''ഹര്യേട്ടനേം കാണാനില്ല, രാമനേം കാണാനില്ല'' ബാലന്‍ മാഷ് പറഞ്ഞു.


''രണ്ടുംകൂടി ഏതെങ്കിലും ചായക്കടേല്‍ കേറീട്ടുണ്ടാവും'' കണ്ണന്‍ നായര്‍ കാരണം കണ്ടെത്തി. 


''എനിക്ക് തോന്നുന്നില്ല. ഹരി ഹോട്ടലില്‍ കയറിയാലും രാമന്‍ കയറില്ല. അയാള്‍ ഭക്ഷണപ്രിയനല്ല'' മേനോന്‍ പറഞ്ഞു.


''ഒരുകാര്യം ചെയ്യാം. അവരില്‍ ഒരാളെ വിളിച്ചുനോക്കാം'' കുറുപ്പ് മാഷ് അഭിപ്രായപ്പെട്ടു.


''അതാ നല്ലത്. ഞാനിപ്പോള്‍ വിളിക്കാം'' ബാലന്‍ മാഷ് ഫോണെടുത്തു. അല്‍പ്പം മാറിനിന്ന് ഹരിദാസനോട് സംസാരിച്ചശേഷം കൂട്ടുകാരുടെ അടുത്തേക്ക് അയാള്‍ വന്നു.


''ഹര്യേട്ടന്‍ രാമനേംകൊണ്ട് ആസ്പത്രിക്ക് പോയിരിക്ക്യാണ്'' അയാള്‍ പറഞ്ഞു.


''അതിന് രാമന് എന്താ  അസുഖം'' മേനോന്‍ ചോദിച്ചു.


''ഒട്ടുമാങ്ങ പഴുത്ത് നില്‍ക്കുണത് കണ്ട് പറിക്കാന്‍ കേറ്യേതാ. കൊമ്പ് പൊട്ടി അയാള് താഴെ വീണൂ. കാല് പൊന്തുണില്ല. എല്ലിന് കേടുണ്ടോന്ന് സംശയം''.


''എന്നിട്ടെന്താ നമ്മളെ അറിയിക്കാഞ്ഞത്''.


''എന്തിനും ഏതിനും എവടേം ഓടി ചെല്ലുണത് ഹര്യേട്ടനല്ലേ. അതാവും ഹര്യേട്ടനെ വിളിച്ചത്''.


''ഇപ്പോള്‍ എങ്ങിനെയുണ്ട്''.


''എക്സ്റേ എടുത്തിട്ടുണ്ട്. അത് കിട്ടീട്ടില്ല''.


''നമ്മള്‍ ചെല്ലണോന്ന് ചോദിക്കിന്‍'' ശിപായി ചാമുണ്ണി ആവശ്യപ്പെട്ടു,


''എന്തെങ്കിലും ആവശ്യൂണ്ടെങ്കില്‍ വിളിക്കാംന്നാ പറഞ്ഞത്''.


''വെറുതെ ഇരിക്കിണോടത്ത് ഈ പുലിവാല് വലിച്ചുവെക്കണ്ട വല്ല കാര്യൂണ്ടോ രാമന്'' ചാമുണ്ണി പറഞ്ഞു.


''ഒറ്റത്തട്യാണ് ആള്. എന്തെങ്കിലും ആവശ്യത്തിന് എന്താ ചെയ്യാ''.


''അതാ പറഞ്ഞത് അയാളെക്കൊണ്ട് ഒരുകല്യാണം കഴിപ്പിക്കണംന്ന്''.


''വരട്ടെ. പത്ത് ദിവസം കിടപ്പിലായാല്‍ രാമനന്നെ പെണ്ണ് വേണംന്ന് ബോദ്ധ്യാവും''.


''അങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ. നമുക്ക് ഭഗവാനോട് പ്രാര്‍ത്ഥിക്കാം'' കുറുപ്പ് മാഷ് പറഞ്ഞു.


^^^^^^^^^^^^^^^^^^^^^^^^^^^


വൈകുന്നേരം ഓട്ടോ കൊണ്ടുവന്ന് നിര്‍ത്തിയതും ഡ്രൈവര്‍ പണം എടുത്ത് നീട്ടി. രാധ അത് ഏറ്റുവാങ്ങി എണ്ണിനോക്കി.


''ഇത്രേ കിട്ട്യേളൂ'' അവര്‍ ചോദിച്ചു.


''ഗ്യാസിന്‍റെ വിലയും എന്‍റെ കൂലിയും എടുത്ത് ബാക്കി പൈസ നിങ്ങളെ ഏല്‍പ്പിക്കാനാണ് രുഗ്മിണി ടീച്ചര്‍ പറഞ്ഞത്''.


 ''അതൊക്കെ എടുത്ത്വോ''.


''ഉവ്വ്. എല്ലാം കഴിച്ച് ബാക്കി പൈസയാണ് തന്നത്''.


''വണ്ടി എങ്ങനീണ്ട്''.


''സൂപ്പറല്ലേ, സൂപ്പര്‍'' രാധയുടെ മനസ്സ് നിറഞ്ഞു.


''എന്നാല്‍ ശരി. പൊയ്ക്കോ'' അവര്‍ ഡ്രൈവറെ പറഞ്ഞയച്ചു. അധികം വൈകാതെ കണ്ണന്‍ നായരെത്തി.


''കിഴക്കിട്ട് തിരിഞ്ഞ് നില്‍ക്കിന്‍'' രാധ ആവശ്യപ്പെട്ടു. എന്നിട്ട് ആ പൈസ അയാളെ ഏല്‍പ്പിച്ചു.


''എന്താ ഇത്''.


''ഓട്ടോ ഓടിയ കാശാണ്. എടുത്ത് വെച്ചോളിന്‍''.


''നിങ്ങളെന്നെ വെച്ചാ മതി''.


''വെറുതെ നിങ്ങളെന്നെ ശുണ്ഠി പിടിപ്പിക്കണ്ട. വണ്ടി ഓടികിട്ട്യേ കാശ് നിങ്ങടടുത്ത് തരാനാ രുഗ്മിണി ടീച്ചര്‍ പറഞ്ഞത്''. കണ്ണന്‍ നായര്‍ പിന്നെ എതിരൊന്നും പറഞ്ഞില്ല. അയാള്‍ കൈനീട്ടി ആ പൈസ വാങ്ങി.


No comments:

Post a Comment

അദ്ധ്യായം 111-120

 ഭാഗം : - 111. മുന്നറിയിപ്പ് നല്‍കാതെയാണ് കണ്ണന്‍ നായരും രാധയും മകന്‍റെ വീട്ടിലേക്ക് ചെന്നത്. ''പോണ വിവരം വിളിച്ച് പറയണ്ടേ''...