Saturday, 12 October 2024

അദ്ധ്യായം 11-20

 ഭാഗം : - 11.


പതിനൊന്നുമണി ആവുമ്പോഴേക്കും പത്മാവതിയമ്മ വെപ്പുപണി തീര്‍ത്ത് ഭര്‍ത്താവിന്‍റെ സമീപത്തേക്ക് ചെന്നു. മാഷ് വായനയിലാണ്.


''വെളിച്ചാമ്പൊത്തന്നെ പറയണ്ടാന്നുവെച്ച് പറയാതിരുന്നതാണ്. നമ്മടെ വീടിന്‍റെ പിന്നാലെ ഒരുജോഡി പഴയ ചെരിപ്പ് കിടക്കുണത് കണ്ടു''.


''ആരെങ്കിലും മറന്നുവെച്ചതാവും ''.


''ചിലപ്പൊ ഇന്നലെ രാത്രി കള്ളന്‍ ഇട്ടിട്ട് പോയതായാലോ''.


''ചെരിപ്പ് ഇവിടെ ഉപേക്ഷിച്ചാല്‍ അവന് വേറൊന്ന് വേണ്ടേ''.


''കാര്‍ ഷെഡ്ഡില് കൊണ്ടുപോയി ഇട്ട പഴേചെരുപ്പുകളിന്ന് നല്ലത് നോക്കി ഒന്ന് അവന്‍ എടുത്തിട്ടുണ്ടാവും''. നല്ല കാലത്ത് കാറുണ്ടായിരുന്നു അത് കുറച്ചുകാലം മുമ്പ് കൊടുത്തു. ഇപ്പോള്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ കാര്‍ ഷെഡ്ഡില്‍ കൊണ്ടുപോയി ഇടും. 


''അതൊന്നും സൂക്ഷിക്കണ്ടാ എന്ന് ഞാന്‍ പറയാറില്ലേ. വല്ല ഭിക്ഷക്കാര് വരുമ്പൊ അതൊക്കെ എടുത്ത് കൊടുക്കൂ''.


''പഴേ ഷര്‍ട്ടോ മുണ്ടോ, സാര്യോ വാങ്ങാനുംകൂടി ഇന്നേകാലത്ത് ഒരാളും വരാറില്ല. പിന്നേല്ലേ ചെരിപ്പ്''.


''എന്താ അതിന്‍റെ അര്‍ത്ഥം. നാട്ടില്‍ ദാരിദ്ര്യം ഇല്ല എന്നന്നെ''.


''അതെന്തോ ആവട്ടെ. ഞാന്‍ പറഞ്ഞ കാര്യം എന്തായി''.


''എന്ത് കാര്യാണ് താന്‍ പറഞ്ഞത്''.


''ഇതാ നന്നായത്. വീട്ടില് ഒരുകൂട്ടരെ വാടകയ്ക്ക് ഇരുത്ത്യാലോന്ന് ഞാന്‍ ചോദിച്ചത് മറന്ന്വോ''.


''മറന്നിട്ടില്ല. അതില് ഒരുപാട് പ്രശ്നങ്ങളുണ്ട് പത്മം''.


''എന്ത് പ്രശ്നം. ഒരു പ്രശ്നൂല്യാ''.


''നമ്മള്‍ താമസിക്കുന്ന വീട്ടില്‍ വേറൊരുകൂട്ടരെ താമസിപ്പിക്കുന്നത് ശരിയല്ല. നമുക്ക് രണ്ട് മക്കളുണ്ടെന്ന കാര്യം മറക്കരുത്. എന്നെങ്കിലും അവര്‍ കുടുംബത്തോടെ വന്നാല്‍ എവിടേയാ താമസിപ്പിക്കുക''.


''ഒന്ന് മിണ്ടാണ്ടിരിക്കിന്‍. മക്കള് വരാന്‍ പോണൂ. അത്ര നല്ല മക്കള് നമുക്കില്ല''.


''വെറുതെ എന്തിനാ താനവരെ കുറ്റം പറയുന്നത്''.


''വെറുതെ ഒന്ന്വോല്ല. നാട്ടില് മര്യാദയ്ക്ക് ജോലി നോക്കിയിരുന്നതാ രണ്ടെണ്ണൂം. രണ്ടാമന്‍റെ ഭാര്യയ്ക്ക് കോഴിക്കോട് താമസിച്ചാലേ പറ്റൂ. അവള് പോയപ്പൊ അവനും മാറ്റം വാങ്ങി പോയി. അനിയന് വേറെ പോവ്വാച്ചാല്‍ എനിക്കെന്താന്ന് മൂത്തവന്‍ ചിന്തിച്ചു. അവന്‍ ഭാര്യേം കുട്ട്യേളേം കൂട്ടി എറണാകുളത്തിക്കും പോയി. വയസ്സുകാലത്ത് ഈ     വീടും കെട്ടിപ്പിടിച്ചോണ്ട് നമ്മള് രണ്ടും ബാക്ക്യായി''.


''അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവരുടെ സൌകര്യത്തിന് അവര് താമസിക്കുന്നു''.


''എന്നാലും പെറ്റ അമ്മേം വളര്‍ത്ത്യേ അച്ഛനും ഉണ്ട് എന്ന കാര്യം ആരും മറക്കരുത്'''


''അവര് അതൊന്നും മറന്നിട്ടുണ്ടാവില്ല''.


''വെറുതെ എന്നെക്കൊണ്ട് പറയിക്കണ്ട. മാസം ഒരു നൂറുരൂപ രണ്ടാളും എനിക്കയച്ചുതന്നൂടേ. തോന്നുണുണ്ടോ അതിന്''.


''തനിക്കെന്തിനാ അവരുടെ പൈസ. നമുടെ ആവശ്യത്തിന്ന് വേണ്ടതില്‍ കൂടുതല്‍ നമുക്ക് കിട്ടുന്നുണ്ടല്ലോ''.


''എന്നാലും അങ്ങനീല്ലേ. ഓണത്തിന് എനിക്കൊരു സാരീം ജാക്കറ്റും,  മാഷക്ക് മുണ്ടും ഷര്‍ട്ടും. ഇതൊക്കെ വാങ്ങിതരാന്‍ മക്കളെ ആരും പറഞ്ഞുകൊടുക്കണ്ട കാര്യൂല്യാ''.


''ആദ്യം കുറ്റം പറച്ചില് നിര്‍ത്തൂ. എനിക്കത് തീരെ ഇഷ്ടൂല്യാ. ഇപ്പോള്‍ വീട് വാടകയ്ക്ക് കൊടുക്കുന്ന കാര്യം നമുക്ക് സംസാരിക്കാം. വരുന്ന ആളുകള്‍ ഏത് തരക്കാരാണെന്ന് അറിയാതെ എന്തെങ്കിലും ചെയ്താല്‍ ഉണ്ടാവുന്ന ഭവിഷ്യത്ത് ആലോചിക്കണം. താമസംതുടങ്ങി മൂന്നാംപക്കം താമസക്കാര് നമ്മളോട് തമ്മില്‍ത്തല്ലിന്ന് വന്നാല്‍ എന്താ ചെയ്യാ''.


''നിങ്ങള്‍ക്കല്ലേ ആ പേടീള്ളൂ. എനിക്കില്ല. എന്തെങ്കിലും വഴക്കിന് അവര് വന്നാല്‍ എന്‍റെ സ്വഭാവം അവരറിയും''.


''ചെറിയ കുട്ടികള്‍ ഉണ്ടെന്നുവെക്കൂ. അവര് ചുമരില് കുത്തിവരഞ്ഞ് വൃത്തികേടാക്കുകയോ, ജനലിന്‍റെ ഗ്ലാസ്സ് എറിഞ്ഞുപൊട്ടിക്കുകയോ ചെയ്താലോ''.


''അടുത്ത ജന്മം നായാ ആവുംന്നുവെച്ച് ഇപ്പൊത്തന്നെ ആരെങ്കിലും കുരയ്ക്കാന്‍ തുടങ്ങ്വോ. അങ്ങിനെ ഒരവസരം വന്നാല്‍ അതിനനുസരിച്ച് പെരുമാറും''.


''വാടകയ്ക്ക് വീട് ആവശ്യമുള്ള ആരെങ്കിലും ഉണ്ടോ എന്ന് എങ്ങിനെ അറിയും''.


''അതിനെന്താ പ്രയാസം. രുഗ്മിണി ടീച്ചറോട് ചോദിച്ചാല്‍ അറിയാം''. ടീച്ചര്‍ക്കും ഭര്‍ത്താവിനും റിട്ടയര്‍മെന്‍റ് സമയത്ത് കിട്ടിയ തുകയും അയമ്മയ്ക്ക് വീട്ടില്‍നിന്ന് ഭാഗം കിട്ടിയതും ചേര്‍ത്ത് അവരൊരു ബില്‍ഡിങ്ങ് ഉണ്ടാക്കി. അറ്റാച്ച്‌ഡ് ബാത്ത് റൂം ഉള്ള രണ്ട് ബെഡ് റൂം, ഹാള്‍ അടുക്കള, ഊണുമുറി, മുന്നിലും പിന്നിലും വരാന്ത എന്നീ സൌകര്യമുള്ള അയ്യഞ്ച് ക്വാര്‍ട്ടേഴ്സ് താഴേയും മുകളിലുമുള്ള ആ ബില്‍ഡിങ്ങ് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഒരുപാട് പേര്‍ വീടനേഷിച്ച് അവരെ സമീപ്പിക്കാറുണ്ട്.


''വേറൊരു കാര്യം കൂടിയുണ്ട്. പുറമെ ഒരാള്‍ നമ്മുടെ വീട്ടില്‍ താമസം തുടങ്ങിയാല്‍ നമ്മുടെ ഉള്ള പ്രൈവസി പോവും''.


''ഈ വയസ്സാന്‍ കാലത്ത് എന്ത് പ്രൈവസി വെച്ചിരിക്കുണ്. ഞാനിന്ന് രുഗ്മിണി ടീച്ചറെ കാണും. കൂടെ താമസിപ്പിക്കാന്‍ പറ്റ്യേ ആള്‍ക്കാരെ ടീച്ചര്‍ പറഞ്ഞുതരും''. മാഷ് എന്തെങ്കിലും പറയുന്നതിന്ന് മുമ്പ് അവര്‍ എഴുന്നേറ്റ് നടന്നു.


ഭാഗം : - 12.


മൂന്നരമണിക്ക് ചായയും രണ്ട് ബിസ്ക്കറ്റുമായി പത്മാവതിയമ്മ ഭര്‍ത്താവിനെ സമീപിച്ചു.


''എന്താ ഇന്നിത്ര നേരത്തെ''മാഷ് ചോദിച്ചു.


''രുഗ്മിണി ടീച്ചറെ കാണാന്‍ പോണകാര്യം രാവിലെ ഞാന്‍ പറഞ്ഞില്ലേ. ഇപ്പൊ ഞാനൊന്ന് പോയിട്ട് വരട്ടെ. നിങ്ങള്‍ അമ്പലത്തിലേക്ക് പോവുന്ന നേരത്തേക്ക് മടങ്ങിവരാം''.


''ഞാന്‍ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ. ആരേയെങ്കിലും നമ്മുടെകൂടെ കൂട്ടി അബദ്ധത്തിലാവരുത്''.


''എനിക്കെന്താ അത്രയ്ക്ക് ബുദ്ധീല്ലേ''അവര്‍ പുറത്തിറങ്ങി ഓട്ടോയില്‍ കയറി പോയി. 


ഒറ്റയ്ക്കായപ്പോള്‍ മാഷ് വീട് വാടകയ്ക്ക് കൊടുക്കുന്ന കാര്യം ആലോചിക്കാന്‍ തുടങ്ങി. പത്മാവതി പറഞ്ഞത് മുഴുവനങ്ങിനെ തള്ളികളയാനാവില്ല. വയസ്സായി വരികയാണ്. ആരെങ്കിലും ഒരാള്‍ നാലുദിവസം കിടപ്പിലായാല്‍ ആരുടെയെങ്കിലും സഹായം വേണ്ടി വരും. നല്ല മനുഷ്യപ്പറ്റ് ഉള്ളവരാണെങ്കില്‍ അപ്പോള്‍ ഉപകാരമാവും. എന്നാലും എങ്ങിനെയാണ് പുറമെ ഒരുകൂട്ടരെ ഒപ്പം താമസിപ്പിക്കുക. വേറെ എന്തെങ്കിലും വഴി കാണണം. ആലോചനയ്ക്കിടയില്‍ ട്യൂഷന്‍ ക്ലാസ്സ് നടത്തിയ കെട്ടിടത്തിന്‍്‌റെ കാര്യം ഓര്‍മ്മവന്നു.  അത് വാടകയ്ക്ക് കൊടുക്കുകയാണെങ്കില്‍ കുഴപ്പമില്ല. പക്ഷെ വീടിന്ന് യോജിച്ച മട്ടിലല്ല ആ കെട്ടിടം. ഒരു മുറിയുണ്ട്. പിന്നെ നീളത്തിലൊരു ഹാളും. കെട്ടിടത്തിന്‍റെ തൊട്ടടുത്തായി രണ്ട് കക്കൂസുകള്‍ പണിതിട്ടുണ്ട്. പഠിക്കാന്‍ വരുന്ന ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഉദ്ദേശിച്ച് പണിതതാണെങ്കിലും ആരും അത് ഉപയോഗിക്കാറില്ല.


ലൈറ്റും ഫാനും ഒക്കെയുണ്ടെങ്കിലും പൈപ്പും വാട്ടര്‍കണക്ഷനും ഇല്ല. വീട്ടിലെ കിണറില്‍ വെള്ളം സുലഭമാണ്. ആയിരം ലിറ്ററിന്‍റെ പി.വി.സി. വാട്ടര്‍ ടാങ്കുമുണ്ട്. ഒരു പ്ലംബറെ വിളിച്ചാല്‍ ആവശ്യമുള്ള സ്ഥലത്ത് ടാപ്പുകള്‍ വെച്ചുകൊടുക്കാം. വാടകയുടെ കാര്യത്തില്‍ കടുംപിടുത്തം വേണ്ടാ. ജീവിക്കാന്‍ അതല്ലാതെ വരുമാനമുണ്ട്. പത്മാവതിയമ്മ അഞ്ചരമണിയാവുമ്പോഴേക്ക്  തിരിച്ചെത്തി.


''പോയ കാര്യം എന്തായി''മാഷ് ചോദിച്ചു.


''ഈ ആഴ്ചേല് മൂന്നുകൂട്ടര് വീട് ചോദിച്ച് പോയിട്ടുണ്ട്. അതില്‍നിന്ന് പറ്റിയവരെ എടുത്തോളാന്‍ പറഞ്ഞു''.


''അവരുടെ വിവരം വല്ലതും പറഞ്ഞുവോ''.


''ഉവ്വ്. ഒന്ന് ഒരുചെറുപ്പക്കാരനും ഭാര്യയുമാണ്. കല്യാണം കഴിഞ്ഞിട്ട് നാലഞ്ച് മാസേ ആയിട്ടുള്ളു. നല്ല ജോലീം വരുമാനൂം രണ്ടാള്‍ക്കും ഉണ്ട്. പക്ഷെ അവര്‍ക്ക് അവരുടെ അന്തസ്സിന്ന് യോജിച്ച വീട് വേണം. അത് ശര്യാവുംന്ന് തോന്നുണില്ല''.


''അടുത്തത് ഒരു പോലീസുകാരനും കുടുംബൂം ആണ്. അവന്‍റെ അച്ഛന്‍ അവരുടെകൂടെ ആണത്രേ. ആ വിദ്വാന്‍ വൈകുന്നേരം ആയാല്‍ ഇത്തിരി മിനുങ്ങും. പിന്നെ വായില്‍ തോന്ന്യേതൊക്കെ വിളിച്ചുപറയും. എവിടെ താമസിച്ചാലും രണ്ടുമാസം കഴിയുമ്പഴയ്ക്ക് അവരെ ആ വീട്ടുകാര് ആട്ടിവിടും''.


''നല്ല യോഗ്യന്മാര്. അടുത്ത ആള്‍ക്കാര് ഇതിലും ഗംഭീരന്മാരാണോ''.


''അല്ല. പാവങ്ങളാണ്. അവന് ടൌണില്‍ എന്തോ പണിയുണ്ട്. രാവിലെ എട്ടര ആവുമ്പഴയ്ക്ക്പോവും. രാത്രി ഏഴ് ഏഴരയ്ക്കേ മടങ്ങിയെത്തൂ. അവന് ഭാര്യീം രണ്ട് ചെറ്യേ കുട്ട്യേളും വയസ്സായ അമ്മീം മാത്രേള്ളു. പക്ഷെ എന്താച്ചാല്‍ അവര്‍ക്ക് വല്യേ വാടക കൊടുക്കാനില്ലാന്ന് പറഞ്ഞു''.


''എന്നിട്ട് താനെന്താ തീരുമാനിച്ചത്''.


''വേറെ വല്ലോരും ഉണ്ടെങ്കില്‍ പറയാനേല്‍പ്പിച്ചിട്ടുണ്ട്''.


''പത്മം ഞാനൊരുകാര്യം പറയട്ടെ. നമുക്കൊരു തുണയ്ക്ക് വേണ്ടീട്ടാണ് വീട് വാടകയ്ക്ക് കൊടുക്കുന്നത്. അല്ലാതെ കാശ് മോഹിച്ചിട്ടല്ല. അവര് കുഴപ്പക്കാരല്ലെങ്കില്‍ താമസിച്ചോട്ടെ. വാടക തന്നില്ലെങ്കിലും വേണ്ടില്ല''.


''എന്ത് വര്‍ത്തമാനമാണ് ഈ പറയുണ്. ഇത്രീം നല്ല വീടിന്‍റെ പകുതി ഭാഗം വെറുതെ വാടകയ്ക്ക് കൊടുക്ക്വേ''.


''വീടല്ല. മുമ്പ് ഞാന്‍ ട്യൂഷനെടുത്ത കെട്ടിടം വെറുതെ കിടക്ക്വേല്ലേ. അതില്‍ താമസിച്ചോട്ടെ''.


''അതിനതില്‍ താമസിക്കാന്‍ വേണ്ട സൌകര്യൂണ്ടോ''.


''അത്യാവശ്യം വേണ്ട സൌകര്യം ചെയ്തുകൊടുക്കാം. അപ്പോള്‍ തുണയ്ക്ക് ആളായി. വീട്ടില്‍ അന്യര്‍ താമസിക്കുന്ന പ്രശ്നവും ഇല്ല''.


''എന്നാല്‍ ഞാന്‍ അവരെ വരാന്‍ പറഞ്ഞോട്ടെ''.


''പറയൂ. വന്നുനോക്കി തൃപ്തിയുണ്ടെങ്കില്‍ താമസം തുടങ്ങിക്കോട്ടെ''.


''എന്നാല്‍ ഞാന്‍ ടീച്ചറെ വിളിച്ചുപറയാം''.


''ശരി. പറഞ്ഞോളൂ. നേരമായി. ഞാന്‍ അമ്പലത്തിലേക്ക് പോവുന്നു''മാഷ് ഇറങ്ങി നടന്നു.


ഭാഗം : - 13.


ആറുമണിക്ക് മുമ്പുതന്നെ കുറുപ്പ് മാഷ് ഒഴികെ ബാക്കി കൂട്ടുകാര്‍ ആല്‍ത്തറയിലെത്തി. ദീപാരാധന തുടങ്ങാന്‍ ഇനിയും സമയമുണ്ട്. 


''എവിടെ നമ്മടെ കുറുപ്പ് മാഷ്''കമ്പൌണ്ടര്‍ രാമന്‍ ചോദിച്ചു. 


''ആ മൂപ്പരടെ വീട്ടില്‍ ഇന്നലെ രാത്രി കള്ളന്‍ കേറീന്ന് പറഞ്ഞുകേട്ടു'' ശിപായി ചാമുണ്ണി പറഞ്ഞു.


''എന്നിട്ട് എന്തെങ്കിലും കട്ടിട്ട് പോയോ''പത്മനാഭമേനോന്‍ അന്വേഷിച്ചു.


''ഇല്ല. അപ്പഴയ്ക്കും അടുത്ത വീട്ടിലുള്ളോര് ഉണര്‍ന്ന് ഒച്ചീം വിളീം ഉണ്ടാക്കി. കള്ളന്‍ അവന്‍റെ പാട്ടിന് പോവുംചെയ്തു''.


''ഞാന്‍ രാവിലെ പുലര്‍ച്ചെക്ക് ഗുരുവായൂരിലിക്ക് പോയി. അവിടെ ഒരു കല്യാണൂണ്ടായിരുന്നു. കുറച്ചുമുമ്പാണ് എത്ത്യേത്. അതാ ഞാന്‍ അറിയാതെ പോയത്''മേനോന്‍ പറഞ്ഞു.


''കുഞ്ഞുലക്ഷ്മിടെ കുടുംബക്ഷേത്രത്തില് ഇന്ന് പൂജ്യാണ്. അവള് പോയാലും ഏട്ടന്‍ വരണംന്ന് പറഞ്ഞ് അളിയമ്മാര് വിളിച്ചു. ശരി എന്നുകരുതി ഞാനങ്ങോട്ട് പോയി. കുറച്ചുമുമ്പ് വന്നതേ ഉള്ളൂ'' കമ്പൌണ്ടര്‍ രാമനും പറഞ്ഞു.


''മനുഷ്യര് ഇങ്ങിനെ കക്കാന്‍ വേണ്ടി ഇറങ്ങ്യാല്‍ എങ്ങന്യാ നമ്മള് സമാധാനത്തില്‍ കഴിയ്യാ''ബാലന്‍ മാഷ് വിഷമം പറഞ്ഞു.


''എന്ത് പണി ചെയ്താലും കിട്ടുന്നതിന്ന് ഒരു കണക്കുണ്ട് മാഷേ. ഇത് അതാണോ. കേറുന്ന വീട്ടുകാരുടെ അവസ്ഥയ്ക്കനുസരിച്ച് കിട്ടും''.


''ഇന്നിനി കിടന്നാല്‍ ഉറക്കം വരില്ല''കമ്പൌണ്ടര്‍ പറഞ്ഞു.


''അതെന്താ നിങ്ങള് കണ്ണ് മിഴിച്ചിട്ടാ കിടക്ക്വാ''.


''അതല്ല മേനോന്‍ സാറേ, ഒറ്റയ്ക്കൊരു വീട്ടില് കഴിയുമ്പഴേ അതിന്‍റെ ബുദ്ധിമുട്ടറിയൂ. ചെറ്യോരു ശബ്ദം കേട്ടാല്‍ പേട്യാണ്''.


''പേടിച്ചതോണ്ട് എന്താ കാര്യം. വരുമ്പോലെ വരട്ടേന്ന് വിചാരിച്ച് കിടക്കണം''.


''ഒരു മനുഷ്യപ്രാണ്യല്ലേ ഞാന്‍. പേടീം ഭയൂം ഒക്കെ എനിക്കൂല്യേ. രാത്ര്യായാല്‍ നേരം വെളുത്ത് കിട്ടണേന്നൊരു പ്രാര്‍ത്ഥനേ ഉള്ളൂ. അബദ്ധത്തില്‍ ഇടയ്ക്കെങ്ങാനും ഉണര്‍ന്നാല്‍ പിന്നെ ഉറക്കം വരില്ല. വാച്ചിന്‍റെ ടക്, ടക് എന്ന ശബ്ദൂം കേട്ട് കിടക്കും''. 


''ഇതിന് ഒരേ ഒരു മാര്‍ഗ്ഗേള്ളൂ''മേനോന്‍ പറഞ്ഞു.


''എന്താ മേനോന്‍ സാറേ. അറിഞ്ഞാല്‍ അതുപോലെ ചെയ്യായിരുന്നു''.


''ഒരുവഴി ആദ്യം പറയാം. നിങ്ങള് വീടും പറമ്പും ഒക്കെ വില്‍ക്ക്വാ. എന്നിട്ട് ആ കാശുംകൊണ്ട് ഏതെങ്കിലും ബന്ധൂന്‍റെകൂടെ കൂട്വാ''.


''അതൊക്കെ എത്ര ദിവസത്തേക്ക്. കുറച്ച് കഴിഞ്ഞാല്‍ എല്ലാരടേം സ്വഭാവം മാറും. ഒരു കോപംകൊണ്ട് അങ്ങോട്ട് ചാടിയാല്‍ ഇരു കോപംകൊണ്ട് ഇങ്ങോട്ട് ചാടാമോ എന്നുപറഞ്ഞ അവസ്ഥ്യാവും''.


''എന്നാ ആ കാശുംകൊണ്ട് ഏതെങ്കിലും അനാഥമന്ദിരത്തില്‍ ചേരിന്‍. അവിടെ ആവുമ്പൊ ഇഷ്ടംപോലെ ആളുണ്ടാവും''.


''അയ്യേ, അത് ശര്യാവില്ല. ഹോസ്റ്റലില്‍ കഴിയുണ പരിപാടിപോല്യാ അത്. എന്നെക്കൊണ്ട് അതിനാവില്ല''.


''ഇനി ഒരേ ഒരു വഴ്യേ ബാക്കീള്ളൂ''.


''അതെന്താ''.


''ഒരു കല്യാണം കഴിക്ക്യാ''.


''എന്താ നിങ്ങളെന്നെ കളിയാക്ക്വാണോ. ഈ വയസ്സാന്‍ കാലത്താ പെണ്ണ് കെട്ടുണത്''.


''ഇതിന് വയസ്സൊന്നും ഒരു പ്രശ്നമല്ല. തൊണ്ണൂറുവയസ്സുള്ള ഒരു സായ്‌വ് പകുതി പ്രായമുള്ള മദാമയെ കല്യാണം കഴിച്ചു എന്നും അവര്‍ക്കൊരു കുട്ടിയുണ്ടായി എന്നും ഇന്നാള്  ഞാനൊരു വാര്‍ത്ത വായിച്ചു''.  


''ആരെന്തോ ചെയ്തോട്ടെ. എന്നെക്കൊണ്ട് അതിനൊന്നും വയ്യ''.


''എന്നാല്‍ തന്‍റെ പ്രശ്നം തീരാനും പോവുന്നില്ല''. അകലെനിന്ന് കുറുപ്പ് മാഷ് വരുന്നത് അവര്‍ കണ്ടു. 


''ഇന്ന് മാഷ് വല്ലാതെ വൈകിയല്ലോ''മേനോന്‍ പറഞ്ഞു''ചിലപ്പോള്‍ എവിടേക്കെങ്കിലും പോയിട്ടുണ്ടാവും''


''വരട്ടെ നമുക്ക് ചോദിക്കാലോ''ബാലന്‍ മാഷ് പറഞ്ഞു. കുറുപ്പുമാഷ് വരുന്നതും നോക്കി  അവര്‍ ഇരുന്നു 


 ഭാഗം : - 14.


''എന്താ മാഷേ വൈക്യേത്''കുറുപ്പ് മാഷ് അടുത്തെത്തിയതും കണ്ണന്‍ നായര്‍ ചോദിച്ചു.


''തന്നോട് ഞാനെത്ര തവണ ഇദ്ദേഹത്തെ മാഷേ എന്ന് വിളിക്കരുത് എന്ന് പറഞ്ഞുതന്നിട്ടുണ്ട്. ഇദ്ദേഹം പഠിപ്പിച്ചത് സ്കൂളിലല്ല, കോളേജിലാണ്. പ്രൊഫസര്‍ എന്ന് പറയണം''മേനോന്‍ തിരുത്തി.


''അത് സാരൂല്യാ. എന്തെങ്കിലും ഒന്ന് വിളിക്കണം. അത്രേ ഉള്ളൂ''കുറുപ്പ് സമാധാനിപ്പിച്ചു.


''പല്ല് വലിക്കുന്ന ഡോക്ടറും, കണ്ണിന് ചികിത്സ ചെയ്യുന്ന ഡോക്ടറും, ഫിസീഷ്യനും സര്‍ജ്ജനും ഗൈനക്കോളജിസ്റ്റും പിഡിയാട്രീഷ്യനും ഒക്കെ ജനങ്ങള്‍ക്ക് ഡോക്ടര്‍മാരാണ്. അതുപോലെയാണ് അദ്ധ്യാപകരുടെ കാര്യവും. ഗ്രേഡും തരംതിരിവും നോക്കാതെ മാഷേന്ന് ഒരുവിളി''. 


''ഒരു സ്കൂളിലും പഠിപ്പിക്കാന്‍ പോവാത്ത എന്നേം നിങ്ങളൊക്കെ മാഷേന്നല്ലേ വിളിക്കുണ്'' ബാലന്‍ മാസ്റ്റര്‍ ചോദിച്ചു.


''നിങ്ങള് പോസ്റ്റ് മാഷായിരുന്നില്ലേ. അതാ മാഷ് എന്ന പദവി കിട്ട്യേത്. സ്റ്റേഷന്‍ മാഷന്മാര്‍ക്കും നാട്ടുകാരുടെ മാഷേ എന്ന വിളി കേള്‍ക്കണം'' പത്മനാഭ മേനോന്‍  പറഞ്ഞു


''ഇന്നലെ രാത്രി വീട്ടില്‍ കള്ളന്‍ കേറീന്ന്കേട്ടു. വല്ലതും പോയോ''ശിപായി ചാമുണ്ണി ചോദിച്ചു.


''പോയില്ല എന്നുമാത്രമല്ല ഒരുജോഡി പഴയ ചെരിപ്പ് കിട്ടുകയും ചെയ്തു''.


''ഭാഗ്യവാന്‍''മേനോന്‍ ഉറക്കെ ചിരിച്ചു''നാളെ നിങ്ങള്‍ ഞങ്ങള്‍ക്ക് കാപ്പി പലഹാരങ്ങള്‍ വാങ്ങിത്തരണം''.


''അതിനെന്താ. അങ്ങിനെ ആവാലോ''.


''ഞാന്‍ ചോദിച്ചതിന്ന് മറുപടി തന്നില്ല''കണ്ണന്‍ നായര്‍ പറഞ്ഞു.


''എന്താ വൈക്യേത് എന്നല്ലേ. എന്‍റെ ഭാര്യ ഒരു സ്ഥലത്തേക്ക് പോയി. അവള്‍ എത്താന്‍ കാത്തിരുന്നതാണ്''.


''എവടയ്ക്കാ ഒറ്റയ്ക്കൊരു യാത്ര''.


''എന്തൊക്കെ അറിയണം തനിക്ക്''മേനോന് ദേഷ്യം വന്നു''മിണ്ടാതെ ഒരു ഭാഗത്ത് ഇരിക്കുണുണ്ടോ''.


''സാരൂല്യാ. ഞാന്‍ പറയാം''വീടിന്‍റെ പാതിഭാഗം വാടകയ്ക്ക് കൊടുക്കുന്ന കാര്യം ആലോചിച്ചതും പറ്റിയ ആള്‍ക്കാരുണ്ടോ എന്നന്വേഷിച്ച് രുഗ്മിണി ടീച്ചറുടെ വീട്ടിലേക്ക് പത്മാവതിയമ്മ പോയതും കുറുപ്പ് മാഷ് വിവരിച്ചു.


''എന്നിട്ടെന്തായി''.


''നിലവില്‍ മൂന്നുകൂട്ടര്‍ അവരുടെ അടുത്ത് വീടനേഷിച്ച് ചെന്നിട്ടുണ്ട്.  ആ വിവരം ടീച്ചര്‍ പറഞ്ഞു''കുറുപ്പ് മാഷ് മൂന്നുകൂട്ടരുടേയും ചുറ്റുപാടുകള്‍ വിവരിച്ചു.


''എന്നിട്ട് എന്ത് തീരുമാനിച്ചു''.


''മൂന്നാമത്തെ കൂട്ടരോട് വരാന്‍ പറയുന്നുണ്ട്''. 


''ഇന്ന് എല്ലാകാര്യൂം മൂന്നുവിധത്തിലാണല്ലോ''കണ്ണന്‍ നായര്‍ പറഞ്ഞു ''ഇതുപോലെ അതും മൂന്നാമത്തെ കാര്യാണ് നല്ലത്''.


''അതെന്താ സംഗതി''.


''താന്‍ ഒറ്റയ്ക്കല്ലേ. ആരെങ്കിലും ഇല്ലാണ്ടെ കഴിയാന്‍ പറ്റില്ല. തനിക്ക് പറ്റ്യേ വഴ്യേളാണ് എന്നുപറഞ്ഞ് മേനോന്‍സാര്‍ മൂന്നുകാര്യങ്ങളിപ്പൊ എന്‍റടുത്ത് പറഞ്ഞതേ ഉള്ളൂ'' പത്മനാഭ മേനോന്‍ പറഞ്ഞതെല്ലാം കമ്പൌണ്ടര്‍ രാമന്‍ വിശദീകരിച്ചു.


''അത് കൊള്ളാമല്ലോ''മാഷ് പറഞ്ഞു''എന്നിട്ട് എന്താണ് തീരുമാനിച്ചത്''.


''ഇതൊന്നും എനിക്ക് പറ്റില്ല മാഷേ''.


''മൂന്നാമത് പറഞ്ഞത് ചെയ്തോളാന്‍ ഞങ്ങളൊക്കെ പറഞ്ഞു. രാമേട്ടന്‍ കേള്‍ക്കണ്ടേ''ബാലന്‍ മാഷ് അറിയിച്ചു.


''അത് തെറ്റൊന്നുമല്ല''മാഷ് തുടര്‍ന്നു''രാത്രി കിടന്നശേഷം നെഞ്ചുവേദന തോന്നിയാല്‍ ഒന്ന് ഉഴിഞ്ഞുതരാനെങ്കിലും ആരെങ്കിലും വേണ്ടേ''.


''ഉണ്ടായിരുന്നതിനെ ദൈവം കൊണ്ടുപോയതല്ലേ''.


''അവര്‍ക്ക് ഒരു ബദല്. അങ്ങിനെ കണക്കാക്കിയാല്‍ മതി''.


''എന്നിട്ടുവേണം അറുപത്തഞ്ചാം വയസ്സില് കമ്പൌണ്ടര്‍ രാമന്‍ കല്യാണം കഴിച്ചൂന്ന് ആള്‍ക്കാരെക്കൊണ്ട് പറയിക്കാന്‍''.


''അതിലൊരുതെറ്റൂല്യാ. കുറ്റം പറയുണോര് ആരെങ്കിലും രാമേട്ടനെ ഒന്ന് നോക്കാന്‍ വര്വോ''.


''അതില്ല. എന്നാലും എന്തെങ്കിലും ചെയ്യുണതിന്നുമുമ്പ് പത്തുവട്ടം ആലോചിക്കണം. അല്ലാതെ എടിപെടീന്ന് ചെയ്യാന്‍ പാടില്ല''.


''അത്രതന്നെ പറഞ്ഞുള്ളു. താന്‍ നല്ലോണം ആലോചിക്ക്. എന്നിട്ട് അഭിപ്രായം പറയ്. നമുക്ക് വഴീണ്ടാക്കാം''മേനോന്‍ പറഞ്ഞു.


''ദീപാരാധനെ സമയം ആവുണൂ. കൂട്ടംകൂടി ഇവിടെ ഇരിക്കാണ്ടെ അമ്പലത്തിലിക്ക് പോവ്വാ''കൂട്ടുകാര്‍ ആല്‍ത്തറയില്‍ നിന്നിറങ്ങി.


 ഭാഗം : - 15.


ഞായറാഴ്ച പത്തുമണിയോടെ കുറുപ്പ് മാഷ് ഉമ്മറത്ത് പേപ്പര്‍ വായിച്ചിരിക്കുമ്പോഴാണ് അവര്‍ വന്നത്. ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും കൂടെ കുറച്ച് പ്രായം ചെന്ന സ്ത്രീയും രണ്ട് കുട്ടികളുമുണ്ട്.


''ആരാ''മാഷ് അവരോട് ചോദിച്ചു.


''ഇവിടെ വീട് വാടകയ്ക്ക് കൊടുക്കാനുണ്ട് എന്നറിഞ്ഞ് വന്നതാണ്''  ചെറുപ്പക്കാരന്‍ പറഞ്ഞു.


''ഒരുമിനുട്ട് നില്‍ക്കൂ. ഞാന്‍ ഭാര്യയെവിളിക്കട്ടെ''മാഷ് അകത്തുചെന്ന് പത്മാവതിയമ്മയെ കൂട്ടിക്കൊണ്ട് വന്നു.


''ഞാനിന്നലെ രുഗ്മിണി ടീച്ചറോട് പറഞ്ഞിരുന്നു. ടീച്ചര്‍ അയച്ചതാണോ''.


''അതെ''.


''ഇത്രീം വല്യേ വീട്ടില് ഞങ്ങള് രണ്ടാള് മാത്രേ താമസൂള്ളൂ. അതോണ്ട് തരക്കേടില്ലാത്ത ഒരുകുടുംബത്തിനെ കിട്ട്യാല്‍ ഒപ്പം താമസിപ്പിക്കാന്ന് വിചാരിച്ചാ ടീച്ചറോട് പറഞ്ഞത്''അവര്‍ തുടര്‍ന്നു''അപ്പഴാ വെറുതെ കിടക്കുണ ഈ കെട്ടിടത്തിന്‍റെ കാര്യം ഓര്‍മ്മ വന്നത്. നിങ്ങള്‍ക്ക് അത് മതീച്ചാല്‍ തരാം''.


''എങ്ങിനെയാണെങ്കിലും വിരോധൂല്യാ''.


''എന്നാല്‍ എന്‍റെകൂടെ വരിന്‍. തുറന്ന് കാണിച്ച് തരാം''താക്കോലുമായി പത്മാവതിയമ്മ അവരേയുംകൂട്ടി നടന്നു. പിന്നാലെ കുറുപ്പ് മാഷും.


''ഇതെന്താ ഇങ്ങനെ കിടക്കുണ് എന്ന് കരുതണ്ടാ. മുമ്പ് കുട്ട്യേളക്ക് ട്യൂഷന്‍ ക്ലാസ്സ് നടത്തീരുന്നു. അതിനുണ്ടാക്ക്യേതാ ഇത്''. മേശയും കസേലയും ബ്ലാക്ക് ബോര്‍ഡും ബെഞ്ചുകളും ഡെസ്കുകളും പൊടിപിടിച്ച് കിടക്കുകയാണ്.


''നിങ്ങക്ക് വേണച്ചാല്‍ ഇട തടുത്ത് രണ്ടോ മൂന്നോ മുറികളാക്കി തരാം. വെള്ളത്തിന്‍റെ സൌകര്യത്തിന്ന് പൈപ്പും ഇട്ടുതരാം''. ചെറുപ്പകാരനും കൂടെയുള്ളവരും മാറിനിന്ന് സംസാരിക്കാന്‍ തുടങ്ങി. അല്‍പ്പം കഴിഞ്ഞ് അയാള്‍ അടുത്തേക്ക് വന്നു.


''എന്താ അഭിപ്രായം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട്വോ''.


''എത്ര്യാ ഞങ്ങളിതിന് വാടക തരണ്ടത്''  തിരിച്ചൊരു ചോദ്യമാണ് അയാളില്‍നിന്ന് ഉയര്‍ന്നത്.


''വാടകടെ കാര്യം അവിടെ ഇരിക്കട്ടെ. നിങ്ങള്‍ക്കിത് മത്യോന്ന് പറയിന്‍ ''.


''ഒരുമുറീം അടുക്കളീം മാത്രൂള്ള പഴ്യോരു കെട്ടിടത്തിലാണ് ഇപ്പൊ ഞങ്ങളടെ താമസം. അതിന് രണ്ടായിരം കൊടുക്കുണുണ്ട്. സൌകര്യം കുറവാണെങ്കിലും ചെറ്യേവാടക ആയതോണ്ട് അവിടെ കഴിയ്യാണ്. പേരക്കുട്ടികള് രണ്ടിനും അവിടെ നിന്നുതിരിയാന്‍ ഇടൂല്യാ. അതാ വേറെ സ്ഥലം നോക്കുണത്''പ്രായംകൂടിയ സ്ത്രീ പറഞ്ഞു''ടീച്ചര്‍ അവരടെ വീടിന് ഏഴായിരത്തഞ്ഞൂറ് വാടക പറഞ്ഞു. അത്രയും കൊടുക്കാന്‍ ഞങ്ങടേല് വസതീല്ല. ഇവന് കിട്ടുണതോണ്ട് വേണം കുടുംബം കഴിയാന്‍. മരുമകള് ഒരു തുണിക്കടേല് തുണി എടുത്തു കൊടുക്കാന്‍ നിന്നിരുന്നു. ഇവനെ പെറ്റപ്പൊ അവളത് നിര്‍ത്ത്യേതാണ്. ഈ അവസ്ഥേല് ഒരുപാട് വാടക തരാനില്ലാഞ്ഞിട്ടാണ്''. 


ആ വാക്കുകള്‍ കുറുപ്പുമാഷിന്‍റെ മനസ്സിലുടക്കി അയാള്‍ ആ കുട്ടികളെ നോക്കി. രണ്ട് അരുമകുഞ്ഞുങ്ങള്‍. മൂത്തത് പെണ്‍കുട്ടിയാണ്. നാലോ അഞ്ചോ വയസ്സാവും. ചെറിയവന് രണ്ടില്‍ താഴെ ആയിക്കാണും  


''പത്മം''മാഷ് ഭാര്യയെ ഒരുഭാഗത്തേക്ക് വിളിച്ചുകൂട്ടിക്കൊണ്ടുപോയിട്ട് പറഞ്ഞു''പാവപ്പെട്ടവരാണെന്ന് തോന്നുന്നു. വാടകയുടെ കാര്യത്തില്‍ തര്‍ക്കിക്കണ്ട. ഉള്ളത് തന്നാല്‍ മതി. അഥവാ ഇനി തന്നില്ലെങ്കിലും എനിക്ക് വിരോധമില്ല. നമ്മളെ സംബന്ധിച്ച് നമുക്കൊരു തുണവേണം. അതായി. പിന്നെ രണ്ട് ചെറിയ കുട്ടികളുണ്ട്. അവരുടെ കളിയും ചിരിയും നോക്കി വെറുതെയിരുന്നാല്‍ മനസ്സിന്ന് ഒരുസമാധാനവും സന്തോഷവും കിട്ടും''.


''സത്യം പറഞ്ഞാല്‍ ഞാനും ഇത് ആലോചിച്ചതാണ്. മാഷ് എന്തെങ്കിലും എതിര് പറയ്യോന്ന് വിചാരിച്ച് വാടകടെ കാര്യം ചോദിച്ചതാണ്''. 


''എന്നാല്‍ അവരെ വിളിച്ച് വിവരം പറഞ്ഞോളൂ''. പത്മാവതിയമ്മ അവരെ അരികിലേക്ക് വിളിച്ചു.


''വാടകടെകാര്യം ആലോചിച്ച് ബേജാറാവണ്ട. എന്താ പറ്റുണത്ച്ചാല്‍ അത് തന്നാ മതി. പിന്നെ ഒരു കാര്യം. വീടും പരിസരൂം വൃത്ത്യാക്കി വെക്കണം. വൃത്തിടെ കാര്യത്തില്‍ മാഷക്ക് വല്യേ നിര്‍ബ്ബന്ധാണ്''.


''സ്വന്തം വീടുപോലെ ഞങ്ങള്‍ നോക്കിക്കോളാം. ആകാവുന്നത്ര വാടക തരും ചെയ്യാം''.


''എന്നാല്‍  ഞങ്ങളിനി വേറെ ആളെ അന്വേഷിക്കില്ല''.


''എന്നാ ഞങ്ങള് ഇങ്കിട്ട് താമസം മാറണ്ട്''.


''നാളെത്തന്നെ ഒരാളെ വിളിച്ച് ഞാന്‍ പണിടെ കാര്യം സംസാരിക്കാം. ബില്‍ഡിങ്ങില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ പഞ്ചായത്തിന്‍റെ അനുവാദം വേണം. അത് ശരിയാക്കി പെട്ടെന്ന് പണി തീര്‍ക്കാം. അത് കഴിഞ്ഞതും താമസിക്കാന്‍ വന്നോളൂ''.


''സന്തോഷം. എങ്ങന്യാ നന്ദി പറയുണ്ട് എന്നറിയില്ല''ആ സ്ത്രീ തൊഴുതു.


''എന്താ നിന്‍റെ പേര്''പത്മാവതിയമ്മ പെണ്‍കുട്ടിയോട് ചോദിച്ചു. അവള്‍ അമ്മയുടെ പുറകില്‍ മറഞ്ഞുനിന്നു.


''എല്ലാരുടെ പേരും പറയാം''ആ സ്ത്രി പറഞ്ഞു''ഞാന്‍ സരള, ഇവന്‍ രവീന്ദ്രന്‍,  ഇവള് രജനി, പേരക്കുട്ടി പ്രത്യുഷ, ചെറുത് പ്രസാദ്''.


''ശരി. ഇടയ്ക്കൊന്ന് വരിന്‍. പണി എത്ര്യായി എന്നറിയാലോ''.


''ഞങ്ങള് വന്നോളാം''അവര്‍ യാത്ര പറഞ്ഞ്തിരിച്ചുപോയി.


 ഭാഗം : - 16.


പറഞ്ഞ സമയത്ത് വെല്‍ഡിങ്ങ് പണിക്കാരന്‍ വരാഞ്ഞത് രാധ ടീച്ചറെ കുപിതയാക്കി.


''കള്ളന്‍. ഇങ്ങിനെ മനുഷ്യരെ പറഞ്ഞ് പറ്റിക്കാന്‍ പാടില്ല. ഇങ്കിട്ട് വരട്ടെ. മുഖത്ത് നോക്കി ഞാന്‍ നാല് പറയുണുണ്ട്''എന്നവര്‍ മൂന്നുനാല് തവണ പറഞ്ഞു.


''ഞാന്‍ അവനെ അന്വേഷിക്കണോ''കണ്ണന്‍ നായര്‍ ചോദിച്ചു.


''ഒന്നും വേണ്ടാ. രണ്ടുദിവസം കഴിഞ്ഞാല്‍ കാശ് കയ്യിലെത്തും. അപ്പോള്‍ വേറെ ആരെയെങ്കിലും വിളിച്ച് പണി ചെയ്യിക്കും'' എന്നാലത് വേണ്ടി വന്നില്ല. പിറ്റേന്ന് കാലത്ത് രമണനും പണിക്കാരുമെത്തി.


''എന്ത് പണ്യാ നീ കാട്ട്യേത്''ടീച്ചര്‍ ചൂടായി''ഒന്നും പറഞ്ഞ് ഒരുവഴിക്ക് പോവ്വേ''.


''അതല്ല ടീച്ചറേ ഉണ്ടായത്. ഒരുവീട്ടില് ചെറ്യേകുട്ടിടെ വയസ്സ് തികയുന്ന പിറന്നാളാണ്. പുരപ്പുറത്ത് ഷീറ്റിട്ടാല്‍ അവിടെവെച്ച് സദ്യ നടത്താംന്ന് അവര്‍ക്ക് ആലോചന. കല്യാണമണ്ഡപത്തിനോ പന്തല്‍ക്കാരനോ കാശ് കൊടുക്കാതെ കഴിഞ്ഞില്ലേ. അത് മാത്രോല്ല, ആദ്യംതന്നെ ഒരു നല്ലകാര്യം അവിടെവെച്ച് ചെയ്യാനും പറ്റ്വോലോ''.


''നിനക്ക് നിന്‍റെ പഴേ പണ്യേന്നെ നല്ലതേന്ന് പറയാന്‍ ഇരിക്ക്യായിരുന്നു''.


''അതെന്താ ഞാനറിയാതെ എനിക്കൊരു പഴേ പണി''.


''കുട്ടിക്കാലത്ത് ചൊല്ലി പഠിച്ചത് തലേല്‍ കേറിട്ടുണ്ടാവില്ല. അതെങ്ങനെ അന്ന് കണ്ടോന്‍റെ തൊടീലെ മാങ്ങ എറിയാനല്ലേ ശ്രദ്ധ''.


''എന്നാലും ആപണി എന്താന്ന് പറഞ്ഞുതരിന്‍''.


''ഞാന്‍ ഒരുവരി കവിത ചൊല്ലാം. അതില് രമണന്‍ എന്ന ആളടെ പണി പറയുണുണ്ട്. നല്ലോണംകേട്ടോ. കാനനഛായയില്‍ ആടുമേക്കാന്‍ ഞാനും വരട്ടേയോ നിന്‍റെ കൂടെ''ടീച്ചര്‍ നീട്ടിച്ചൊല്ലി.


''അത് ശരി. അപ്പൊ എന്നെ ആടുമേക്കാന്‍ പറഞ്ഞയക്ക്യാണല്ലേ''രമണന്‍ മറ്റുള്ളവര്‍ക്കൊപ്പം ചിരിച്ചു. ആ സമയത്ത് ഒരു പെട്ടി ഓട്ടോ മുറ്റത്ത് വന്നുനിന്നു.


''പോസ്റ്റുകള് കൊണ്ടുവന്നതാണ്. ഇതൊക്കെ ഇവര് ഉറപ്പിക്കുമ്പഴയ്ക്ക് മോളിലിക്കുള്ള ട്രസ്സ് വരും''.


''ഷീറ്റെപ്പഴാ വര്വാ''.


''എല്ലാം ഉറപ്പിക്കട്ടെ. അപ്പഴയ്ക്ക് ഷീറ്റെത്തും''.


''എന്നാ തുടങ്ങിക്കോ''രമണനും പരിവാരങ്ങളും മുകളിലേക്ക് പോയി.

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

കുറുപ്പ് മാഷ് വീടുപണി പരിചയമുള്ള ഒരുകോണ്‍ട്രാക്ടറെ ഏല്‍പ്പിച്ചു. പഞ്ചായത്തില്‍ കൊടുക്കാനുള്ള കടലാസുകളെല്ലാം അയാള്‍ തയ്യാറാക്കി.


''പണി എടുപ്പിച്ച് പരിചയം ഉള്ളോരായതോണ്ട് നമ്മുക്കൊന്നും അറിയണ്ടി വരില്ല. അവര് കൊണ്ടുവരുണ കടലാസ്സില് പറഞ്ഞ ദിക്കില്‍ ഒപ്പിടണം, ചോദിച്ച കാശും  കൊടുക്കണം. അത്രേ വേണ്ടൂ''പത്മാവതിയമ്മ ആശ്വാസം കൊണ്ടു.


ചെറിയ പണി എന്ന് പറഞ്ഞുവെങ്കിലും അത്ര പെട്ടെന്നൊന്നും അത് തീര്‍ന്നില്ല. ഇടച്ചുമരുകള്‍ കെട്ടി മുറികള്‍ വേര്‍തിരിച്ചു. അവയ്ക്ക് വാതിലുകള്‍ വെച്ചു. ചുമരുകള്‍ ചെത്തിത്തേച്ചു. സിമിന്‍റ് നിലത്തിന്ന്  മീതെ ടൈല്‍സ് പതിച്ചു. എല്ലാം കഴിഞ്ഞ് മൊത്തത്തില്‍ പെയിന്‍റടിച്ചു.


''ഇപ്പൊ കണ്ടാല്‍ പുത്യേ കെട്ടിടം ആണന്നേ ആരും പറയൂ''പത്മാവതിയമ്മ സന്തോഷം പ്രകടിപ്പിച്ചു.


''എന്തിനാ ഇതൊക്കെ ചെയ്തത് എന്ന് മക്കള്‍ ചോദിക്ക്യോ''.


''അവരടെ കാശോണ്ടൊന്നും അല്ലല്ലോ നമ്മളിത് ചെയ്തത്. പിന്നെന്തിനാ ചോദിക്കുണത്''.


''അഥവാ ചോദിച്ചൂന്ന് വിചാരിക്കൂ. അപ്പോള്‍ താന്‍ എന്താ പറയുക''.


''ചോദിക്കാന്‍ ഇങ്കിട്ട് വരട്ടെ. ആട്ടി കണ്ണുപൊട്ടിക്കും ഞാന്‍''.


''ഞാന്‍ പറഞ്ഞത് പിന്‍വലിച്ചു. എപ്പോഴാണ് താമസക്കാര്‍ വരുന്നത് എന്നുവെച്ചാല്‍ വന്നോളാന്‍ പറഞ്ഞോളൂ''.


''ചിലപ്പൊ നാള്യോ മറ്റന്നാളോ അയമ്മ വരും. അപ്പൊ പറഞ്ഞോളാം''. പത്മാവതിയമ്മ നിശ്ചയിച്ചു.


''അവര് താമസം തുടങ്ങുന്ന ദിവസം അമ്പലത്തിലൊരു പായസം കഴിച്ചാലോ. നമുക്കും വരുന്നവര്‍ക്കും ദോഷം ഒന്നും വരരുതല്ലോ''.


''നന്നായി. ചെറ്യേ കുട്ട്യേളുള്ളതല്ലേ. പായസം അവര് തിന്നോട്ടെ''. കുറുപ്പ് മാഷ് പറഞ്ഞതിനെ അവര്‍ അനുകൂലിച്ചു.


 ഭാഗം : - 17.


ഹൈദരാബാദിലേക്കാണ് പട്ടാളം വേലപ്പന്‍ ലോഡുമായി പോയത്. തിരിച്ചെത്തുമ്പോഴേക്ക് ദിവസം നാല് കഴിഞ്ഞു. മുഷിഞ്ഞവസ്ത്രം കുത്തിനിറച്ച ബാഗ് മേശപ്പുറത്തുവെച്ച് അയാള്‍ ചാരുകസേലയില്‍ നീണ്ടുകിടന്നു. അഞ്ചുമിനുട്ട് തികച്ചായില്ല, അമ്മിണി ചായയുമായി മുന്നിലെത്തി. എങ്ങിനെയാണ് ഇവള്‍ ഇത്രപെട്ടെന്ന് ഓരോ പണികള്‍ ചെയ്തുതീര്‍ക്കുന്നത്.


''ഞാന്‍ വെള്ളം ചൂടാക്കാന്‍ വെച്ചിട്ടുണ്ട്. അത് ചൂടാവുമ്പഴയ്ക്കും കുഴമ്പ് പുരട്ടിത്തരാം''അമ്മിണി കുഴമ്പെടുക്കാന്‍ പോയി. ഇത്ര നല്ല ഭാര്യയെ തന്ന ദൈവത്തിനെ അയാള്‍ മനസ്സില്‍ സ്തുതിച്ചു. എല്ലാം കണ്ടറിഞ്ഞ് ചെയ്യും. ഒരുകയ്യില്‍ ചൂടുകുഴമ്പ് നിറച്ച കരണ്ടിയും മറ്റേ കയ്യില്‍ എണ്ണപുരണ്ട തോര്‍ത്തുമായി അവള്‍ വന്നു.


 ''മുണ്ടും ഷര്‍ട്ടും അഴിച്ചിട്ട് ഈ തോര്‍ത്ത് ചുറ്റിക്കോളൂ''അവള്‍ പറഞ്ഞു. വേലപ്പന്‍ വസ്ത്രംമാറി സ്റ്റൂളിലിരുന്നു.


''ഹരിഹരന്‍റെ അമ്മ വീണ് കയ്യൊടിഞ്ഞു''കുഴമ്പ് പുരട്ടുന്നതിന്നിടയില്‍ അമ്മിണി പറഞ്ഞു. 


രണ്ടാമത്തെ മരുമകന്‍ ഹരിഹരന്‍റെ അമ്മയെക്കുറിച്ചാണ് പറയുന്നത്. അല്ലങ്കിലേ ദുരിതം നിറഞ്ഞ കുടുംബമാണ്. അതിനിടയില്‍ ഇതും കൂടി.


''എങ്ങന്യാ പറ്റ്യേത്''.


''ഇന്നലെ ഉച്ചയ്ക്ക് തെങ്ങിന്‍റെ പട്ട വീണതെടുക്കാന്‍ തൊടീലിക്ക് പോയതാ. പട്ടയും വലിച്ചുംകൊണ്ട് വരുമ്പൊ മൂച്ചിടെ വേരില് കാല് തടഞ്ഞുവീണു. മതിലിന്‍റെ ഓരത്ത് കിടന്ന കല്ലില് കൈ ഇടിച്ചൂന്നാ ചന്ദ്രിക പറഞ്ഞത്''.


''എന്നിട്ടെന്താ ചെയ്ത്''.


''വിവരം അറിഞ്ഞതും ഞാന്‍ പോയി. ഇവട്യൊരു അയ്യായിരം ഉറുപ്പിക ഉണ്ടായിരുന്നു. അതും കയ്യില്‍ വെച്ചിട്ടാ പോയത്. ഞാനും അവളുംകൂടി അയമ്മേ ഓട്ടോയില്‍ കേറ്റി ആസ്പത്രീല്‍ കൊണ്ടുപോയി. എക്സ് റേ എടുത്തു, ഭാഗ്യത്തിന് വലുതായിട്ട് പറ്റീട്ടില്ല. കയ്യില്‍ പ്ലാസ്റ്ററിട്ടു. വീട്ടില്‍ കൊണ്ടുവന്നാക്കീട്ടാ ഞാന്‍ പോന്നത്''.


''ഹരിടെ അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ലേ''.


''അയാളങ്ങനെ വീട്ടിലുണ്ടാവില്ല. എങ്കിട്ടെങ്കിലും തെണ്ടിത്തിരിയാന്‍ പോയിട്ടുണ്ടാവും''


''അയമ്മ വയ്യാണ്ടെ കിടന്ന അവസ്ഥയില് ചന്ദ്രിക എന്താ ചെയ്യാ. കൂടെ അനങ്ങാന്‍ വയ്യാത്ത ഒരാളും, രണ്ട് കുട്ട്യേളും. അതിന്‍റെ എടേലാ ഇത്''.


''സ്കൂള് കളയണ്ടേന്ന് വെച്ചിട്ടാണ്. ഇല്ലെങ്കില്‍ ചെക്കനെ ഞാന്‍ ഇങ്കിട്ട് കൊണ്ടുവന്നേനെ''.


''കൊണ്ടുവരായിരുന്നു. ബി.എ.യ്ക്കൊന്നും അല്ലല്ലോ അവന്‍ പഠിക്കുണ്''. 


''പറഞ്ഞിട്ട് കാര്യൂല്യാ. പണ്ടത്തെ പഠിപ്പല്ല, ഇപ്പഴത്തെ പഠിപ്പ്. രണ്ടില് പഠിക്കുണ കുട്ടിയ്ക്ക് എത്ര്യാ പുസ്തകംന്ന് അറിയ്യോ''.


''എന്നാല്‍ ചെറുതിനെ കൂട്ടായിരുന്നില്ലേ''.


''അത് രാത്രി ഉണര്‍ന്ന് അമ്മേ കാണണംന്ന് പറഞ്ഞ് കരയാന്‍ തുടങ്ങ്യാല്‍ ബുദ്ധിമുട്ടാവില്ലേ''.


''അതും ശര്യാണ്''.


''ഞാന്‍ ആലോചിക്ക്യാ''കുറച്ചുകഴിഞ്ഞപ്പോള്‍ അമ്മിണി പറഞ്ഞു''ദൈവം എന്താ ഒരോരുത്തരെ ഇങ്ങനെ പരീക്ഷിക്കുണത്''.


''മുജ്ജമ്മാന്തര കര്‍മ്മഫലം .അല്ലാണ്ടെന്താ. ആ സ്ത്രീയും മകനും തനി പാവങ്ങള്. കേറിചെന്ന നമ്മടെ മകള് അതിലേറെ പാവം. ആരക്കും ഒരു ഉപദ്രവൂം ചെയ്യാണ്ടെ ജീവിക്കുന്നോര്‍ക്കാ ഈ കഷ്ടനഷ്ടങ്ങളൊക്കെ''.


''അല്ലെങ്കിലും കലികാലം ദുഷ്ടന്മാര്‍ക്ക് ഏറ്റ കാലാണ്''.


''ഇന്ന് വല്യേടത്തി വിളിച്ചിരുന്നു. അച്ഛന് എന്തോ വയ്യാത്രേ. ആഹാരം കഴിക്കുണില്യാന്നാ പറഞ്ഞത്''. കഴിഞ്ഞ തവണ അമ്മിണി കാണാന്‍ പോയപ്പോള്‍ തന്നെ കാണണമെന്ന് പറഞ്ഞതാണ്. ഏതായാലും നാളെ ഒന്നുപോയി കാണണം. അതുകഴിഞ്ഞ് വരുന്ന വഴിക്ക് ചന്ദ്രികയുടെ വീട്ടിലും പോണം.


''അമ്മിണീ, നാളെ നമുക്ക് നിന്‍റെ വീട്ടില്‍ പോയി അച്ഛനെ കണ്ടിട്ട് വരാം''.


''ഞാനത് പറഞ്ഞാലോന്ന് ആലോചിച്ചു. പണി കഴിഞ്ഞ് ക്ഷീണിച്ച് വരുണ ആളല്ലേ. ഒരു ദിവസോങ്കിലും വീട്ടില് വെറുതെ ഇരുന്നോട്ടെ എന്നു കരുതി പറയാഞ്ഞതാണ്''. 


 ''അത് കണക്കാക്കണ്ട. നമുക്ക് രാവിലെ നേര്‍ത്തേ പോവാം. മരുമകന്‍റെ വീട്ടിലും ഒന്ന് ചെല്ലണം''.


''അതും വേണ്ടതാണ്. അയമ്മ വീണുകിടക്കുണതറിഞ്ഞ് നിങ്ങള് കാണാന്‍ ചെന്നൂന് ആയല്ലോ''.


''ആരേം ബോധിപ്പിക്കാനല്ല. നമുക്കൊരു മനസ്സാക്ഷീല്യേ''.


''വെള്ളം ചൂടായിട്ടുണ്ടാവും. ഞാനത് എടുത്തുവെക്കാം. കുളിച്ചോളൂ'' അമ്മിണി എഴുന്നേറ്റു, പിന്നാലെ വേലപ്പനും.


 ഭാഗം : - 18.


വേലപ്പന്‍ എഴുന്നേറ്റ് വരുമ്പോള്‍ അമ്മിണി കുളികഴിഞ്ഞ് മുടി വേര്‍പെടുത്തുകയാണ്. ഇന്നെന്താ അടുക്കളയില്‍ പണിയൊന്നുമില്ലേ എന്നയാള്‍ ശങ്കിച്ചു.


''വേഗം പല്ലുതേപ്പും കുളിയും ഒക്കെ തീര്‍ത്തോളൂ. ഞാന്‍ ഇഡ്ഡലിയും ചട്ട്ണിയും ഉണ്ടാക്കിയിട്ടുണ്ട്. അത് കഴിച്ചതും പുറപ്പെടാം''.


''എങ്ങോട്ട്''എന്ന മട്ടില്‍ അയാള്‍ ഭാര്യയെ നോക്കി.


''ഇന്ന് അച്ഛനെ കാണാന്‍ പോവ്വാന്ന് ഇന്നലെ പറഞ്ഞത് മറന്ന്വോ''.


''അതിന്‍റെ ധാരണീല്യാ''വേലപ്പന്‍ കുളി കഴിഞ്ഞ് വരുമ്പോഴേക്കും അമ്മിണി വസ്ത്രം മാറാന്‍ തുടങ്ങിയിരുന്നു. അയാള്‍ ഭക്ഷണം കഴിക്കാനിരുന്നു. അമ്മിണിയുടെ വീട്ടില്‍ പോവണം, മരുമകന്‍റെ വീട്ടിലും പോവണം. ആദ്യം എവിടേക്കാണ് പോവേണ്ടത്.


''എവടയ്ക്കാ ആദ്യം പോണ്ടത്''.


''എന്‍റെ വീട്ടിലിക്ക് പോവാം. അവിടേന്ന് ഉച്ചയ്ക്ക് ഊണും കഴിഞ്ഞ് ചന്ദ്രികടെ അടുത്തേക്ക് ചെല്ലാം''. ഒരു സഞ്ചിയുമായിട്ടാണ് അമ്മിണി ഇറങ്ങിയത്.


''ഓരോ കുപ്പി നെല്ലിക്ക ഉപ്പിലിട്ടതും നാരങ്ങ അച്ചാറും എടുത്തിട്ടുണ്ട്, പിന്നെ കുറച്ച് അരിക്കൊണ്ടാട്ടൂം പയറ് കൊണ്ടാട്ടൂം. അച്ഛന് ഇതൊക്കെ ജീവനാണ്''എന്താണ് ബാഗില്‍ എന്ന് ചോദിക്കുന്നതിന്നുമുമ്പ് അമ്മിണി അതിനുള്ള മറുപടി പറഞ്ഞു. ചിലപ്പോള്‍ ബസ്സില്‍ തിരക്കുണ്ടാവും. സഞ്ചിയും പിടിച്ചുകൊണ്ട് അമ്മിണിക്ക് നില്‍ക്കാന്‍ ബുദ്ധിമുട്ടാവും.


''ആ ബാഗിങ്ങിട്ട് തന്നോളൂ. ഞാന്‍ പിടിക്കാം''വേലപ്പന്‍ പറഞ്ഞു. ബാഗ് വാങ്ങി പിടിച്ച് വേലപ്പന്‍ മുന്നില്‍ നടന്നു. ബസ്സ് സ്റ്റോപ്പില്‍ ആരുമില്ല. ഏതെങ്കിലും ബസ്സ് ഇപ്പോള്‍ പോയിട്ടേ ഉണ്ടാവൂ. അധികം വൈകാതെ ബസ്സെത്തി. വലിയ തിരക്കില്ല. അത്യാവശ്യം സീറ്റുകള്‍ ഒഴിവുണ്ട്. എന്നിട്ടും രണ്ടുമൂന്ന് സ്ത്രീകള്‍ നില്‍പ്പുണ്ട്. ഒഴിവുള്ള ആണുങ്ങളുടെ സീറ്റില്‍ ഇരിക്കാന്‍ മടിച്ചിട്ടാവും ഇരിക്കാത്തത്. രണ്ടുപേരുടെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുന്ന ഒരാളെ മാറ്റിയിരുത്തി അയാള്‍ ഭാര്യയെ വിളിച്ച് അടുത്തിരുത്തി.


''നോക്കിക്കോളൂ, ഒന്ന് രണ്ട് സ്റ്റോപ്പ് കഴിയുമ്പഴയ്ക്ക് ബസ്സ് ഫുള്ളാവും'' അമ്മിണി പറഞ്ഞു. അവള്‍ പറഞ്ഞത് ശരിയായി. സ്കൂള്‍ സ്റ്റോപ്പില്‍ നിന്നുതന്നെ ഒരുപാടുപേര്‍ കയറി. ഭൂരിഭാഗവും കോളേജിലേക്ക് പോവുന്ന കുട്ടികളാണ്. അധികദൂരം പോവുന്നതിന്നുമുമ്പ് ബസ്സ് നിറഞ്ഞു. ടൌണില്‍ എത്താതെ ഇനിതിരക്ക് ഒഴിയില്ല. ബസ്സ് സ്റ്റാന്‍ഡിലിറങ്ങിയതും ചുറ്റുപാടും നോക്കി. അമ്മിണിയുടെ നാട്ടിലേക്കുള്ള ബസ്സ് നില്‍ക്കുന്നു.


''വീട്ടിലിക്ക് എന്തെങ്കിലും വാങ്ങീട്ട് പോണ്ടേ''അയാള്‍ ചോദിച്ചു.


''അതൊക്കെ കഴിയുമ്പഴയ്ക്ക് ബസ്സ് പോയാലോ''.


''പോയാല്‍ പോട്ടേ. അടുത്തതിന്ന് പോവാം''ഭാര്യയെ കൂട്ടി അയാള്‍ ബേക്കറിയിലേക്കും ഫ്രൂട്ട് സ്റ്റാളിലേക്കും ചെന്നു. സാധനങ്ങള്‍ വാങ്ങി തിരിച്ചുവന്നപ്പോഴും ബസ്സ് പുറപ്പെട്ടിട്ടില്ല. കുറച്ചുനേരം കഴിഞ്ഞിട്ടേ അത് പുറപ്പെട്ടുള്ളു. ടിക്കറ്റ് വാങ്ങി പൈസ കൊടുത്തശേഷം അയാള്‍ കണ്ണടച്ച് കിടന്നു. ഇറങ്ങാറായപ്പോള്‍ അമ്മിണി അയാളെ വിളിച്ചുണര്‍ത്തി. ബാങ്കിന്‍റെ മുന്നിലെ സ്റ്റോപ്പില്‍ ബസ്സിറങ്ങി. നടക്കാനുള്ള ദൂരമേയുള്ളു.


''ഓട്ടോ വേണോ''എന്നാലും അയാള്‍ ഭാര്യയോട് ചോദിച്ചു. വെയിലിന്ന് നല്ല ചൂടുണ്ട്. അത് കൊണ്ട് നീരിറങ്ങുകയൊന്നും വേണ്ടാ.


''എന്തിന്. നടന്നാ മതി''രണ്ടുപേരും നടക്കാന്‍ തുടങ്ങി.


''ഹേയ്, ഒന്ന് നില്‍ക്കിന്‍''പുറകില്‍നിന്നാരോ വിളിക്കുന്നത് കേട്ട് അവര്‍ തിരിഞ്ഞുനോക്കി.


''ഇത് കണ്ണന്‍ നായര്‍. രാധ ടീച്ചറടെ ഭര്‍ത്താവാണ്''അമ്മിണി പറഞ്ഞു. ഇയാളെ കണ്ടിട്ട് കുറേകാലമായി. എന്നാലും തിരിച്ചറിയാന്‍ ബുദ്ധിമുട്ട് വന്നില്ല. ആളക്ക് ഒരു മാറ്റവും വന്നിട്ടില്ല.


''എനിക്ക് അറിയാം''.


''വീട്ടിലിക്ക് വന്നതാണല്ലേ''അയാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.


''കുറെ ആയി വന്നിട്ട്. ഇവളുടെ അച്ഛന് സുഖൂല്യാന്ന് വിവരം കിട്ടി. അതാ വെളിച്ചാമ്പൊത്തന്നെ പോന്നത്''.


''രാധ ബാങ്കിനകത്തുണ്ട്. ഒരുമിനുട്ട് നില്‍ക്കൂ. അവള് നിങ്ങളെ കാണണംന്ന് പറഞ്ഞിരുന്നു. ഞാനിപ്പൊ വിളിക്കാം''കണ്ണന്‍ നായര്‍ ബാങ്കിനകത്തേക്ക് കയറി. വൈകാതെ രാധ ടീച്ചര്‍ ഇറങ്ങി വന്നു.


''കുറെയായി കാണണംന്ന് വിചാരിച്ചിട്ട്. ഇന്നാള് ഇവരെ ഇവിടെവെച്ച് കണ്ടപ്പൊ ഞാന്‍ പറയും ചെയ്തു''ടീച്ചര്‍ ചിരിച്ചു ''പഠിക്കുണ കാലത്ത് സ്പോര്‍ട്ട്സില്‍ മിടുക്കനായിരുന്നു. സ്കൂളിലേക്ക് എത്രയെത്ര മെഡലും ട്രോഫിയും നേടിത്തന്ന ആളാണ്''. സത്യമാണ് ഇവര്‍  പറഞ്ഞത്. പക്ഷെ അതുകൊണ്ടൊന്നും ഒരു കാര്യവുമുണ്ടായില്ല. പത്താം ക്ലാസ്സ് കടന്നു. തുടര്‍ന്ന് പഠിക്കാന്‍ വഴിയില്ല. നാട്ടില്‍ ചില്ലറ പണികള്‍ ചെയ്ത് ഒരു വിധത്തില്‍ കഴിയുമ്പോഴാണ് പട്ടാളത്തിലേക്ക് സെലക്ഷന്‍ കിട്ടിയത്. അതോടെ കുടുംബം രക്ഷപ്പെട്ടു.


''ടീച്ചര്‍ക്ക് സുഖം തന്ന്യേല്ലേ'' അയാള്‍ ചോദിച്ചു.


''എന്നെ ടീച്ചറേ എന്നൊന്നും വിളിക്കണ്ട. രാധേന്ന് വിളിച്ചാ മതി'' അവര്‍ ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു


''അച്ഛന് എന്തോ വയ്യാന്ന് വിളിച്ചുപറഞ്ഞു. അതാ പോന്നത്. ഞങ്ങള്‍ പൊയ്ക്കോട്ടെ'' അമ്മിണി തിരക്ക് കൂട്ടി.


''വീട്ടില് കുറച്ച് മരാമത്തുണ്ട്. പൈസ എടുക്കാന്‍വേണ്ടി വന്നതാ. മടങ്ങി പോവുമ്പോള്‍ വീട്ടില്‍ വരൂ. എന്‍റെ വീട് അറിയില്ലേ''.


''നോക്കട്ടെ. പറ്റ്യാല്‍ വരാം''.


''എന്നാ ശരി. അങ്ങനെ ആവട്ടെ'' ടീച്ചര്‍ ബാങ്കിലേക്ക് നടന്നു, അമ്മിണി വേലപ്പന്‍റെ പുറകെ വീട്ടിലേക്കും.


 ഭാഗം : - 19.


''ആ സ്ത്രീക്ക് ലെവലേശം വിവരൂല്യാ. ടീച്ചറാണത്രേ ടീച്ചര്‍. നട്ടപ്പൊരി വെയിലത്ത് മനുഷ്യനെ പിടിച്ചുനിര്‍ത്തീട്ടൊരു വര്‍ത്താനം'' അമ്മിണി ദേഷ്യത്തോടെ പറഞ്ഞു 


''എത്രയോ കൊല്ലായി ഞങ്ങള് തമ്മില്‍ കണ്ടിട്ട്. കണ്ടപ്പൊ അവര് പഴേ കാര്യങ്ങള് പറഞ്ഞൂന്ന് കരുത്യാല്‍ പോരേ''.


''നിങ്ങള് ഓടാനും ചാടാനും മിടുക്കനായത് ഓര്‍മ്മവെച്ചിരിക്ക്യാണ് ടീച്ചറ്. മനുഷ്യന് എന്തെല്ലാം കാര്യങ്ങള്‍ ഓര്‍മ്മവെക്കാന്‍ കിടക്കുണൂ. ഇതൊക്കെ ആരാ ഓര്‍ക്ക്വാ''.


''എടോ. ഇതല്ലാതെ എന്താ എന്നെപ്പറ്റി അവര്‍ക്ക് ആലോചിക്കാനുള്ളത്. അവളേക്കാള്‍ രണ്ടോ മൂന്നോ ക്ലാസ്സ് മീതെ ആയിരുന്നു ഞാന്‍. ഒന്നിച്ച് പഠിക്കാത്തതോണ്ട് അന്യോന്യം മിണ്ടീട്ടുംകൂടി ഉണ്ടാവില്ല. എനിക്ക് ഒരുപാട് പ്രൈസ് കിട്ടീട്ടുണ്ട്. അത് വാങ്ങുണത് കണ്ട ഓര്‍മ്മ്യാവും''.


''എന്ത് കിട്ടീട്ടെന്താ. അതൊണ്ടൊരു പ്രയോജനൂം ഇല്ലാണ്ടെ പോയില്ലേ''.


അങ്ങിനെയായിരുന്നു അന്നത്തെ ചുറ്റുപാട്. അച്ഛന്‍ ചിന്നന്‍ നായര്‍ വെപ്പുപണിക്കാരനായിരുന്നു. വല്ലപ്പോഴും മാത്രമേ പണിയുണ്ടാവൂ. അതുകൊണ്ട് ഒരുകുടുംബം പുലര്‍ത്താന്‍ തികയില്ല. പഠിക്കുമ്പോള്‍ തന്നെ എന്തെങ്കിലും പണിക്ക് പോയിരുന്നു. അതിന്ന് കിട്ടുന്ന തുച്ഛമായ കൂലി  അപ്പപ്പോള്‍ അമ്മയെ ഏല്‍പ്പിക്കും. പത്താംക്ലാസ്സ് കഴിഞ്ഞ് രണ്ടുകൊല്ലം കഴിയുമ്പോഴേക്ക് പട്ടാളത്തില്‍ ചേര്‍ന്നു. 


അമ്മിണിയുടെ അച്ഛന്‍ പൂമുഖത്ത് ചാരുകസേലയില്‍ ഇരിക്കുന്നതാണ് വീട്ടിലെത്തിയപ്പോള്‍ കണ്ടത്. കാവിമുണ്ടും തോര്‍ത്തുമാണ് വേഷം.  ​കുളി കഴിഞ്ഞ് നെറ്റിയടച്ച് ഭസ്മക്കുറി തൊട്ടിരിക്കുന്നു. പറയത്തക്ക കേടൊന്നും കാഴ്ചയ്ക്ക് തോന്നുന്നില്ല. കയ്യില്‍ എപ്പോഴും കാണാറുള്ള ഭാഗവതം പുസ്തകമുണ്ട്.


''രണ്ട് ദിവസായിട്ട് തീരെ വയ്യ. കിടപ്പന്ന്യായിരുന്നു'' ശബ്ദംകേട്ട് എത്തിയ അമ്മിണിയുടെ അമ്മ പറഞ്ഞു ''ഇന്ന് മരുമകന്‍ വരുന്നുണ്ട് എന്നുകേട്ട സന്തോഷത്തിലാണ്''. 


പാവം. എന്നും അദ്ദേഹത്തിന്ന് മക്കളേക്കാള്‍  ഇഷ്ടം മരുമക്കളോടാണ്. മൂത്തമകളുടെ ഭര്‍ത്താവിന്‍റെ പെട്ടെന്നുള്ള മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചിരുന്നു. യുദ്ധംനടക്കുന്ന സമയത്താണ് ഏടത്തിയുടെ ഭര്‍ത്താവിന്‍റെ മരണം. ആ വിവരമൊന്നും അറിയിച്ചില്ല.


''ഒരു മരുമകനെ ഈശ്വരന്‍ കൊണ്ടുപോയി. ഇനിയൊന്നുള്ളത് ഇപ്പോള്‍ മരണത്തിന്‍റെ മുമ്പിലാണ്'' എന്നുപറഞ്ഞ് ആ കാലത്ത് സദാസമയം ഈ മനുഷ്യന്‍ കരഞ്ഞിരുന്നുവെന്ന് പിന്നീട് കേട്ടിട്ടുണ്ട്.


''എന്തോ വയ്യാന്ന് കേട്ടു'' വേലപ്പന്‍ ചോദിച്ചു.


''പ്രത്യേകിച്ച് ഒന്നൂല്യാ. ഒന്നും വേണ്ടാ. ഒന്നിനും വയ്യ. കരിന്തിരി കത്തി വിളക്ക് കെടാന്‍ പോവ്വാണ്. അതിന് ചികിത്സിച്ചിട്ട് കാര്യൂണ്ടോ''.


''അങ്ങിനെ പറയണ്ടാ. വയ്യ എന്ന് തോന്നിയാല്‍ മരുന്ന് കഴിക്കണം. എന്നാലല്ലേ സൂക്കട് ഭേദാവൂ''.


''അതൊന്നും കാര്യാക്കണ്ടാ കുട്ട്യേ. നിനക്ക് ഒരുമിനുട്ട് ഒഴിവില്ലാത്ത പണ്യാണെന്ന് അമ്മിണി പറഞ്ഞു. എന്തിനാ ഇങ്ങിനെ താന്‍ ചത്ത് മീന്‍ പിടിക്കിണ്''. ഉള്ളകാര്യം ഇവര്‍ക്കറിയില്ലല്ലോ.


''പണിചെയ്യാതെ വെറുതെ ഒരിടത്ത് ഇരുന്നാ മതി. അമ്മിണിയ്ക്കും എനിക്കും കഴിയാനുള്ളത് ദൈവം കടാക്ഷിച്ച് പെന്‍ഷന്‍ കിട്ടുണുണ്ട്. അതോണ്ട് പോരല്ലോ. ചന്ദ്രികടെകാര്യം കഷ്ടാണ്. അവളുടെ കെട്ട്യോന്‍ കിടപ്പിലായിട്ട് എത്ര കാലായി. ആരാ അവരെ സഹായിക്കാനുള്ളത്. അവന്‍റെ അച്ഛനും അമ്മയ്ക്കും എന്ത് ചെയ്യാന്‍ സാധിക്കും. ഇപ്പൊ ആ കുടുംബം പോറ്റണ്ട ചുമതലകൂടി എന്‍റെ തലേലായി''.


''മക്കളും അവരടെ മക്കളും നന്നായി കഴിയിണത് കാണാന്‍ യോഗംവേണം. എനിക്കതില്ല''.


''ഭഗവാന്‍ ഒരിടത്ത് കിടത്തീലെങ്കില്‍ ഞാന്‍ പണ്യെടുത്ത് എല്ലാകാര്യൂം നടത്തും''.


പന്ത്രണ്ട് മണിയാവുമ്പോഴേക്ക് കാരണവര്‍ ഭക്ഷണത്തിന്ന് ധൃതികൂട്ടി തുടങ്ങി.


''ഇന്നെന്താ പതിവില്യാണ്ടെ ഒരുവിശപ്പ്'' ഏടത്തി ചോദിച്ചു.


''വിശന്നിട്ടല്ല. എന്‍റെ കുട്ടിടെകൂടെ ഇരുന്നിട്ട് ഒരുപിടി വാരി തിന്നണം''. രണ്ടുപേര്‍ക്കും ഭക്ഷണം വിളമ്പിവെച്ചപ്പോള്‍ കഴിക്കാന്‍ ചെന്നിരുന്നു. രണ്ടോ മൂന്നോ ഉരുള കഴിച്ചപ്പോഴേക്കും കാരണവര്‍ക്ക് മതിയായി.


''വിശക്കുണൂന്ന് പറഞ്ഞിട്ട് ചോറ് വിളമ്പ്യേപ്പൊ വേണ്ടാ'' അമ്മായിയമ്മ കുറ്റപ്പെടുത്തി.


''നീ മിണ്ടാതിരി. എനിക്ക് വേണ്ടത് ഞാന്‍ കഴിച്ചിട്ടുണ്ട്''. ഭക്ഷണം കഴിഞ്ഞ് രണ്ടുപേരും കൈകഴുകി.


''ഉണ്ടാല്‍ ഇത്തിരിനേരം തല ചായ്ക്കിണ പതിവുണ്ട്. നീ ഇന്ന് മടങ്ങി പോണില്ലല്ലോ'' കൈകഴുകി കഴിഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു.


''അല്ല. പോണം. ചന്ദ്രികടെ അമ്മയിയമ്മ വീണ് കയ്യിന്‍റെ എല്ലുപൊട്ടി കിടക്ക്വാണ്. ഒന്നുചെന്ന് കാണണം''.


''ശരി എന്നാല്‍ നിങ്ങള് പോയി കഴിഞ്ഞിട്ട് കിടക്കാം. അതുവരെ നിന്നെ കാണാലോ''. അമ്മിണി ആഹാരം കഴിച്ച് വന്നതും പുറപ്പെട്ടു.


''മാസത്തില്‍ ഒരിക്കലെങ്കിലും രണ്ടാളുംകൂടി വര്വാ. ഇനി എത്രകാലം ഞാനുണ്ടാവുംന്ന് പറയാന്‍ പറ്റില്ലല്ലോ''.


''ഉറപ്പായിട്ട് വരാം'' കയ്യില്‍ സൂക്ഷിച്ച നോട്ടുകളെടുത്ത് വൃദ്ധന്‍റെ നേരെ നീട്ടി.


''ഇതൊന്നും വേണംന്നില്ല. ഇടയ്ക്കൊന്ന് കാണ്വാ, രണ്ട് വര്‍ത്തമാനം പറയ്യാ. അത്ര മതി'' പണം കയ്യിലേല്‍പ്പിച്ച് അമ്മിണിയേയുംകൂട്ടി ഇറങ്ങി നടന്നു. ഗെയിറ്റിനടുത്തെത്തിയപ്പോള്‍ തിരിഞ്ഞുനോക്കി. ഉമ്മറത്തെ കട്ടിളയും ചാരി വൃദ്ധന്‍ നോക്കിനില്‍ക്കുന്നുണ്ട്.


 ഭാഗം : - 20.


അമ്മിണിയുടെ വീട്ടില്‍നിന്ന് വരുന്നവഴി ഹരിഹരന്‍റെ വീട്ടിലേക്ക് പോവാം എന്ന മുന്‍തീരുമാനമനുസരിച്ച് അങ്ങോട്ടേക്കുള്ള ബസ്സില്‍ കയറിക്കൂടി. ഉച്ചനേരമായതുകൊണ്ട് ബസ്സില്‍ തീരെ തിരക്കില്ല. അര മണിക്കൂര്‍കൊണ്ട് സ്ഥലത്തെത്തി. ബസ്സ് സ്റ്റോപ്പില്‍ ബസ്സിറങ്ങിയതും അമ്മിണി നേരെ ബേക്കറിയിലേക്ക് നടന്നു.


''രണ്ടുപായ്ക്കറ്റ് ക്രീംബിസ്ക്കറ്റ് വേണം, രണ്ട് ഫൈവ് സ്റ്റാര്‍ ചോക്ലേറ്റും'' അവള്‍ ഓര്‍ഡര്‍ കൊടുത്തു.


''അത് കുട്ട്യേള്‍ക്കല്ലേ. വല്യോരക്ക് എന്തെങ്കിലും വേണ്ടേ''.


''വെറുതെ ഒരോന്ന് വാങ്ങി കാശ് കളയണ്ടാ. ആ കാശ് അവളടെ കയ്യില്‍ കൊടുത്താല്‍ എന്തെങ്കിലും ഉപകാരൂണ്ടാവും''. എന്നിട്ടും രണ്ട് ബ്രഡ്ഡും ഒരുചീര്‍പ്പ് നേന്ത്രപ്പഴവും അവള്‍ വാങ്ങി.


വീട്ടില്‍ ചെന്നപ്പോള്‍ ഹരിഹരന്‍റെ അമ്മ ഉമ്മറത്തിണ്ടില്‍ ഇരിപ്പുണ്ട്. അടുത്തെത്തിയപ്പോഴാണ് മടിയില്‍ മുറംവെച്ച് അതിലെ അരിയിലെ കല്ലുകള്‍ പെറുക്കുകയാണെന്ന് മനസ്സിലായത്.


''എന്തിനാ കയ്യൊടിഞ്ഞിരിക്കുമ്പൊ ഓരോ പണി ചെയ്യുണ്'' അമ്മിണി ചോദിച്ചു.


''ഇതത്ര പ്രയാസൂള്ള പണ്യല്ലല്ലോ. അത് മാത്രോല്ല വെറുതെ ഇരിക്കിണ നേരത്ത് എന്തെങ്കിലും ചെയ്തോണ്ടിരുന്നാല്‍ ചന്ദ്രികയ്ക്ക് ആ പണി ചെയ്യാതെ കഴിയ്യോലോ''. മകളോടുള്ള അവരുടെ സ്നേഹം വേലപ്പന്‍റെ മനസ്സില്‍ തട്ടി.


''ഇപ്പഴത്തെ ഈ ബുദ്ധിമുട്ടൊന്നും കണക്കാക്കണ്ട. ഇതൊക്കെ മാറും. നിങ്ങള് സുഖായിട്ട് ഇരിക്കിണത് ഞങ്ങള് കാണും''.


''എന്തോ, എനിക്കൊന്നും അറിയില്ല. എന്‍റെ കുട്ട്യോന്ന് എണീറ്റ് നടന്നാ മതി''. അയാള്‍ മരുമകന്‍റെ അടുത്ത് ചെന്നിരുന്നു. അവന്‍റെ മുഖത്തൊരു പ്രസാദം കാണുന്നുണ്ട്.


''വക്കീല് വിളിച്ചിരുന്നു. ഈ മാസം കേസ്സിന്‍റെ വിധിയാവുംന്ന് പറഞ്ഞു''. അപകടം സംഭവിച്ചതിനുള്ള നഷ്ടപരിഹാരം കിട്ടാനുള്ള കേസ്സാണ്.


''എന്താ അയാളടെ അഭിപ്രായം''.


''തെരുവുനായടെ പ്രശ്നം നാടുനീളെ ഉണ്ടല്ലോ. അതോണ്ട് കോടതി നല്ലതുക വിധിക്കുംന്ന് പറഞ്ഞു''.


''എവിടെ അച്ഛന്‍''.


''അമ്പലത്തില് സപ്താഹം നടക്കുണുണ്ട്. അങ്കിട്ട് പോയി. രാവിലെ പോയാല്‍ സന്ധ്യാവുമ്പോഴേ വരൂ''.


''അപ്പൊ ഭക്ഷണത്തിനോ''.


''അത് മോശം വരില്ല. രാവിലെ ചെന്നാല്‍ കാലത്തെ ആഹാരം റെഡി. പത്ത് പത്തരയ്ക്ക് ചായീം എന്തെങ്കിലും ചെറ്യേ കടീം ഉണ്ടാവും. ഉച്ചയ്ക്ക് നല്ല ശാപ്പാട്. വൈകുന്നേരം ചായയും കടിയും. എന്താ മോശൂണ്ടോ''.


''ഇതിനൊക്കെ ധാരാളം പൈസ വരില്ലേ''.


''വരും. അതിനെന്താ പ്രയാസം. ടിക്കറ്റടിച്ച് നാട് നീളെ പിരിക്കും. അത് കൂടാതെ കമ്മിറ്റിക്കാര് അന്യനാട്ടില് ജോലി ചെയ്യുന്നോര്‍ക്ക് നോട്ടീസ് അയച്ചുകൊടുക്കും. അവരും സംഭാവന അയയ്ക്കും''.


''പാവം. എവിടേങ്കിലും ചെന്ന് കുറച്ച് സമാധാനം കിട്ടട്ടെ''.


''അല്ലെങ്കിലും അച്ഛന് സമാധാനത്തിന് എന്താ ഒരുകുറവ്. ഇവിടത്തെ ബുദ്ധിമുട്ട് മനസ്സിലാക്കി ചില പരിചയക്കാര് അച്ഛന് ചില്ലറ പണികള് തരപ്പെടുത്തികൊടുത്തു. എനിക്ക് വയസ്സ് അറുപത് കഴിഞ്ഞു. ഇനി എന്നെക്കൊണ്ടാവില്ല എന്നുപറഞ്ഞ് മൂപ്പര് ഒഴിഞ്ഞു'' 


ഹരിഹരന്‍റെ അച്ഛനേക്കാള്‍ നാലഞ്ച് വയസ്സ് കൂടുതലുള്ള താന്‍ ലോറി ഓടിച്ച് സമ്പാദിക്കുന്നു. പറഞ്ഞിട്ട് കാര്യമില്ല. നല്ലകാലത്തും അദ്ദേഹം മെയ്യനങ്ങി പണി ചെയ്തിട്ടില്ല.


''ഓരോരുത്തര് ഓരോവിധം. അതിന് കുറ്റം പറഞ്ഞിട്ട് എന്താ കാര്യം''.


ചന്ദ്രിക ചായയുമായി വന്നു. ഒരുപ്ലേറ്റില്‍ ബിസ്ക്കറ്റും നേന്തപ്പഴത്തിന്‍റെ കഷ്ണങ്ങളും റൊട്ടികഷ്ണവും കൊണ്ടുവന്നിട്ടുണ്ട്. എല്ലാം ഇങ്ങോട്ട് വരുമ്പോള്‍ അമ്മിണി വാങ്ങിയതാണ്.


''ഊണുകഴിഞ്ഞ് ഇറങ്ങ്യേതേ ഉള്ളൂ. ഇപ്പൊന്നും വേണ്ടാ. ചായമാത്രം മതി'' ചായഗ്ലാസ്സ് കയ്യിലെടുത്തു. 


''നഷ്ടപരിഹാരം കിട്ടാന്‍ പോണുന്ന് കേട്ടപ്പഴയ്ക്കും എന്‍റെ അച്ഛന്‍ പ്രശ്നം ഉണ്ടാക്കാന്‍ തുടങ്ങി'' മരുമകന്‍ പറഞ്ഞു.


''അതിലെന്താ പ്രശ്നം''.


''കിട്ടുണ കാശില്‍ ഒരുഭാഗം അച്ഛന് വേണം. അതന്നെ''.


''അച്ഛന്‍റെ കയ്യിലായാലും മകന്‍റെ കയ്യിലായാലും പണം ഈ വീട്ടിലിക്കല്ലേ. പിന്നെന്താ പ്രശ്നം''.


''അത് കുടുംസ്ഥായി ഉള്ളോര്‍ക്കല്ലേ'' മരുമകന്‍റെ അമ്മ പറഞ്ഞു ''പണ്ടു മുതലേ സ്വന്തം കാര്യം സിന്ദാബാദ് എന്ന ചിന്ത്യാണ് അയാള്‍ക്ക്''.


''എന്നിട്ട് എന്താ ഉദ്ദേശിച്ചിരിക്കുണ്''.


''എനിക്കൊരു പിടീല്ല. കിടക്കുണോടത്ത് സ്വൈരം കിട്ടാതെ വര്വോ എന്നാ  എന്‍റെ പേടി'' മരുമകന്‍ പറഞ്ഞു.


''ആ കാശിന്ന് ഒരു പൈസ ആ മനുഷ്യന് കൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ആഹാരൂം കേറികിടക്കാനുള്ള സൌകര്യൂം കൊടുക്കുണുണ്ടല്ലോ. അതന്നെ ധാരാളം'' മരുമകന്‍റെ അമ്മ പറഞ്ഞു.


''ഒക്കെ ശര്യാവുംന്ന് കരുതി ഇരിക്കിന്‍''.


''അയാള് പറയുണത് കേട്ട് നടക്കാന്‍ പറ്റില്ല. വയ്യാത്ത ഇവന്‍, ഭാര്യ, രണ്ട് ചെറ്യേ കുട്ട്യേള്, വയസ്സായ ഞാന്‍. ഞങ്ങള്‍ക്കും ജീവിക്കണ്ടേ. ഞങ്ങളെ അയാള് നോക്ക്വോ''. മറുപടിയൊന്നും പറഞ്ഞില്ല. എന്ത് പറയാനാണ്.


''ഞങ്ങള്‍ ഇറങ്ങുണൂ. സ്കൂളില്ലാത്ത ദിവസം പേരക്കുട്ട്യേ അവിടേക്ക് കൊണ്ടുപോണുണ്ട്''.


''അച്ഛനോ അമ്മ്യോ വന്ന് കൂട്ടീട്ട് പൊയ്ക്കോളൂ'' മകള്‍ സമ്മതം നല്‍കി.


''ഇനി നേരം കളയിണില്ല'' അമ്മിണിയേയുംകൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു


 ഭാഗം : - 21.


''നമ്മടെ ഐ.എന്‍.വി.യുടെ വല്ല വിവരൂണ്ടോ'' ആല്‍ത്തറയിലെ കൂട്ടുകാര്‍ക്കിടയില്‍നിന്ന് കമ്പൌണ്ടര്‍ രാമന്‍ ചോദിച്ചു. ഏതാണ്ട് എല്ലാവര്‍ക്കും ആളെ മനസ്സിലായെങ്കിലും കുറുപ്പ് മാഷക്ക് ആളെ പിടികിട്ടിയില്ല. സ്വതവേ ആരുമാരുമായും വലിയ അടുപ്പമില്ലാത്ത  ആളാണ് മാഷ്. ജോലിയില്‍നിന്ന് വിരമിച്ചശേഷം ട്യൂഷന്‍ ക്ലാസ്സുമായി ഒതുങ്ങികഴിഞ്ഞ അദ്ദേഹം അമ്പലകാര്യത്തില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയിട്ട് അധികമായിട്ടില്ല. അതുകൊണ്ടാണ്  രാമന്‍ പരാമര്‍ശിച്ച വ്യക്തി ആരെന്ന് മനസ്സിലാവാതെ പോയത്


''ആരടെ കാര്യാടോ താനീ പറയുണത്'' അയാള്‍ ചോദിച്ചു.


''നമ്മടെ ഹര്യേട്ടന്‍റെ കാര്യാണ് രാമേട്ടന്‍ പറഞ്ഞത്'' കണ്ണന്‍ നായര്‍ പറഞ്ഞു.


''അതെന്താ ഇങ്ങന്യൊരു കോഡ് ഭാഷ''.


''ഐ.എന്‍.വി. എന്നുവെച്ചാല്‍ ഇന്‍റര്‍ നാഷണല്‍ വിടലിസ്റ്റ്. ഹര്യേട്ടനെ ചില ആള്‍ക്കാര് അങ്ങന്യാ വിളിക്ക്യാ''.


''വാ തോരാതെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും എന്നല്ലാതെ ഹരിദാസനെക്കൊണ്ട് എന്താ ഒരു കുഴപ്പം'' മേനോന്‍ ചോദിച്ചു.


''നാല് തല്ല് തന്നിട്ട് പോടാ വീട്ടിലിക്ക് എന്ന് പറഞ്ഞാല്‍ അത്ര വിഷമം തോന്നില്ല. അതിലും വല്യേ പ്രയാസാണ് അയാളടടുത്ത് പത്തുമിനുട്ട് വര്‍ത്തമാനം പറയാന്‍''.


''എന്നാലും സദസ്സിലില്ലാത്ത ഒരാളെ നമ്മള് കുറ്റം പറയരുത്'' മാഷ് പറഞ്ഞു.


''ഇന്നലെരാത്രി ഹര്യേട്ടന്‍ എന്നെ വിളിച്ചിരുന്നു'' ബാലന്‍ മാഷ് പറഞ്ഞു. അയാളുടെ അകന്ന ബന്ധുവാണ് ഹരിദാസന്‍.


''എന്താ അയാളടെ വിശേഷം''.


''അമ്പലത്തില് ഉത്സവം തുടങ്ങ്വേല്ലേ. അച്ഛന് പോണ്ടേന്ന് മകള് രണ്ട് ദിവസംമുമ്പ് ചോദിച്ചൂന്ന് പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ ആള് സ്ഥലത്തെത്തും''.


''ആ പെണ്‍കുട്ടിക്ക് അയാളടെ ചറളി കേട്ട് കേട്ട്  മടുത്തിട്ടുണ്ടാവും. കടന്നുപോവാന്‍ പറയാന്‍ പറ്റ്വോ. അതിന് കണ്ടുപിടിച്ച സൂത്രാവും''.


''എടോ, വെറുതെ വേണ്ടാത്തത് പറയണ്ട. ബെല്ലും ബ്രേക്കും ഇല്ലാതെ സംസാരിക്കും എന്നല്ലാതെ ഹരിയെക്കൊണ്ട് എന്താ കുഴപ്പം. നമ്മള്‍ എന്തെങ്കിലും കാര്യം ഏല്‍പ്പിച്ചാല്‍ എത്ര ബുദ്ധിമുട്ടിയാലും അയാളത് ചെയ്തിരിക്കും'' പത്മനാഭ മേനോന്‍ ഇടപെട്ടു ''ആ മകള്‍ക്ക് അയാള് എന്നുവെച്ചാല്‍ ജീവനാണ്. മരുമകനും അതുപോലെത്തന്നെ. എവിടെ പോയാലും അയാള്‍ക്ക് ഇടയ്ക്കിവിടെ എത്തണം. അതാ ഓടിവരുന്നത്''.


''അത് ശര്യാണ്'' രാമനും സമ്മതിച്ചു ''ആത്മാര്‍ത്ഥതീള്ള ആളാണ് ഹരി''.


''അത് വിടിന്‍ മാഷേ. എന്താ മൂപ്പരടെ മകന്‍റെ അവസ്ഥ'' കണ്ണന്‍ നായര്‍ ചോദിച്ചു.


''അത് പറയാതിരിക്ക്യാണ് ഭേദം. ജോലി വേണ്ടാന്നുവെച്ച് നാട് നീളെ തെണ്ടിത്തിരിഞ്ഞ് നടക്ക്വാണ്''.


''എനിക്കിത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നുണ്ട്'' കമ്പൌണ്ടര്‍ രാമന്‍  പറഞ്ഞു ''ഹരിക്ക് ജീവനാണ് ആ ചെക്കന്‍. കഷ്ടപ്പെട്ട് പഠിപ്പിച്ച് അവനെ അയാള് എഞ്ചിനീയറാക്കി. റെയില്‍വേല് നല്ല ജോലിയും കിട്ടി. നാലഞ്ച് കൊല്ലം കഴിഞ്ഞപ്പോള്‍ കല്യാണം കഴിപ്പിച്ചു. എത്ര സുന്ദരിയാണ് ആ പെണ്‍കുട്ടി. കൈകഴുകി തൊടണം എന്നാ പറയേണ്ടത്. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞിട്ടാണ് ആ കുട്ടിയുടെ അച്ഛനമ്മമാര്‍ അവളെ കെട്ടിച്ചുവിട്ടത്. പക്ഷെ കുരങ്ങന്‍റെ കയ്യില്‍ പൂമാല കൊടുത്തപോലെയായി അത്''.


''അതെന്തേ പറ്റിയത്'' കുറുപ്പ് മാഷ് ചോദിച്ചു.


''ആ ചെക്കന്‍റെ കയ്യിലില്ലാത്ത ദുശ്ശീലം ഒന്നുമില്ല. കുടിച്ച് ഫിറ്റായി കണ്ട തെണ്ടികളുടെകൂടെ നടക്കും. ഒരിക്കല്‍ പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ വരുമ്പോള്‍ മരുമകന്‍ റോഡില്‍ ആരുടേയോ അടുത്ത് അടികൂടൂന്നതാണ് കണ്ടത്. അവര്‍ മകളെ കയ്യോടെ കൂട്ടീട്ട് പോയി''.


''കഷ്ടംതന്നെ. എന്നിട്ട്''.


''ചെക്കനെ ഉപദേശിക്കാന്‍ ഒരുപാട് ആള്‍ക്കാരെ വിട്ടു. പറഞ്ഞാല്‍ കേള്‍ക്കണ്ടേ. തീരെ നിവൃത്തി ഇല്ലാതെ വന്നപ്പൊ ബന്ധം വേണ്ടാന്ന് വെച്ചു''.


''എന്തിനാ ജോലി വേണ്ടാന്ന് വെച്ചത്''.


''ജോലിയുണ്ടെങ്കില്‍ പെണ്‍കുട്ടിക്ക് ജീവനാംശം കൊടുക്കണ്ടേ. അത് ഒഴിവാക്കാന്‍ കണ്ട പണിയാണ് ജോലി വേണ്ടാന്ന് വെച്ചത്''.


''ഹരിയുടെ കാര്യം ആലോചിക്കുമ്പോള്‍ സങ്കടം തോന്നുന്നു''.


''മകനെക്കൊണ്ടുള്ള ശല്യം കൂടുമ്പോള്‍ മകളുടെ വീട്ടിലേക്ക് ചെല്ലും. മരുമകന്‍ ആള് ഡീസന്‍റാണ്. അയാള്‍ അളിയനെ വീട്ടിലേക്ക് കയറ്റില്ല. അതുകൊണ്ട് ഹരി സമാധാനത്തോടെ അവിടെ കൂടും''.


''ഹരിടെ ഭാര്യ ആളെങ്ങനെ''.


''സത്യം പറഞ്ഞാല്‍ അയമ്മ്യേണ് ചൂലുംകെട്ടോണ്ട് അടിക്കണ്ടത്. മകനെ ഇത്രകണ്ട് വഷളാക്കിയത് ആ സ്ത്രീയാണ്. എന്തിനെങ്കിലും ഹരി അവനെ ദേഷ്യപ്പെട്ടാല്‍ അയമ്മ ഹരിയുടെ നേരെ ചാടിവീഴും. പിന്നെ എങ്ങന്യാണ് മകന്‍ നന്നാവ്വാ'' കമ്പൌണ്ടര്‍ രാമന്‍ കുറ്റം ചെക്കന്‍റെ അമ്മയുടേതാക്കി.


''എന്തറിഞ്ഞിട്ടാ താന്‍ ഈ പറഞ്ഞത്. ഹരിയുടെ മകന്‍ ഈ വിധത്തില്‍ അധപതിച്ചത് അമ്മ കരണമല്ല'' പത്മനാഭ മേനോന്‍ പറഞ്ഞു ''ആ പയ്യന്‍ മിടുമിടുക്കനായിരുന്നു. നല്ലപോലെ ജോലി ചെയ്യും. വീട്ടിലും പുറത്തും യോഗ്യന്‍. അങ്ങിനെയിരിക്കുമ്പോള്‍ എന്തോ ഒരു നിസ്സാരകാര്യത്തിന്ന് അവന്‍റെ പേരില്‍ ഡിസിപ്ലിനറി ആക്ഷന്‍ എടുത്തു. വാസ്തവത്തില്‍ ആ തെറ്റിന്‍റെ ഉത്തരവാദി അവനല്ല എന്നാ പറയുന്ന്. അവനത് സഹിക്കാന്‍ പറ്റിയില്ല. അതോടെ ആളാകെ മാറി. പിന്നീട് എന്തോ പ്രശ്നം വന്നപ്പൊ അവന്‍ മേലുദ്യോഗസ്ഥനെ തല്ലി. പിന്നെ പടിപടിയായി അധപ്പതിക്കാന്‍ തുടങ്ങി''.


''നല്ല മനുഷ്യര് കേടുവരാന്‍ എത്ര എളുപ്പാണ്''.


''ശിരോലിഖിതം എന്ന് പറയുന്നത് ഇതാണ്. അത് മായ്ച്ചാല്‍ മായില്ല'' കുറുപ്പ് മാഷ് പറഞ്ഞു ''ഇങ്ങിനെയുള്ള വര്‍ത്തമാനം കേട്ടാല്‍ അന്ന്     രാത്രി കിടന്നാല്‍ എനിക്ക് ഉറക്കം വരില്ല''.


''ശരിയാണ് മാഷ് പറഞ്ഞത്'' മേനോന്‍ അനുകൂലിച്ചു ''പത്തുമിനുട്ട് നേരം ഭഗവാന്‍റെ മുന്നില്‍ ചിലവഴിച്ചാല്‍ മനസ്സിനൊരു സുഖംകിട്ടും. ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞോണ്ടിരുന്നാല്‍ ഉള്ളതും പോവും '' അപ്പോഴേക്ക് അമ്പലത്തില്‍നിന്ന് ശംഖനാദം ഉയര്‍ന്നു.


''ദീപാരാധന തുടങ്ങി. വേഗം വരിന്‍'' ബാലന്‍ മാഷ് ധൃതി കൂട്ടി.


ഭാഗം :- 22.


മരുമകന്‍റെ വീട്ടില്‍നിന്ന് വേലപ്പനും അമ്മിണിയും തിരിച്ചുവന്നിട്ട് ആഴ്ച ഒന്നാവുന്നു. ട്രിപ്പ് കഴിഞ്ഞുവന്ന് വേലപ്പന്‍ വിശ്രമിക്കുന്ന സമയത്താണ് രണ്ടാമത്തെ മകളുടെ അമ്മായിയച്ഛന്‍ വരുന്നത്.


''വേലപ്പന്‍ നായരുണ്ടോ'' അയാള്‍  മുറ്റത്ത് തുണികള്‍  ഉണങ്ങാനിടുന്ന അമ്മിണിയോട് ചോദിച്ചു.


''മൂപ്പര് ഉറങ്ങ്വാണ്''.


''ഈ നേരംകെട്ട് നേരത്തോ ഉറങ്ങുണത്.  മഹാലക്ഷ്മി ഇറങ്ങിപ്പോയി അവടെ മൂധേവി താമസാക്കും''. 


''പറഞ്ഞിട്ട് കാര്യൂല്യാ. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കാ ട്രിപ്പ് കഴിഞ്ഞു വന്ന് കിടന്നത്''.


''എന്തിനാ ഇങ്ങനെ താന്‍ ചത്ത് മീന്‍ പിടിക്കിണ്. മിണ്ടാണ്ടെ കിട്ടുണ പെന്‍ഷനും വാങ്ങിതിന്നിട്ട് ഒരുഭാഗത്ത് ഒതുങ്ങികൂടണം'' അതിനുള്ള മറുപടി അമ്മിണിയുടെ നാവിന്‍ തുമ്പത്തെത്തി. നിങ്ങളും കുടുംബവും മൂന്നുനേരം ശാപ്പാട് കഴിക്കുന്നത് എന്‍റെ ഭര്‍ത്താവിങ്ങിനെ ചത്തുകുത്തി പണിയെടുക്കുന്നതുകൊണ്ടാണെന്ന് പറഞ്ഞാലോ എന്ന്തോന്നി. പക്ഷെ മകളേയും മരുമകനേയും ഓര്‍ത്ത് അവരത് വിഴുങ്ങി.


''ഇങ്ങനെ വന്ന കാലില്‍  നില്‍ക്കാണ്ടെ കേറിയിരിക്കൂ. ഞാന്‍ മൂപ്പരെ വിളിക്കാം'' അമ്മിണി ആതിഥേയയായി. വേലപ്പന്‍ എഴുന്നേറ്റ് മുഖം കഴുകി പൂമുഖത്തേക്ക് വന്നു.


''വേലപ്പേട്ടന്‍ വന്നപ്പൊ ഞാന്‍ സപ്താഹത്തിന്ന് പോയിരിക്ക്യായിരുന്നു. എന്താ ചെയ്യാ. എന്തിനും ഏതിനും നാട്ടുകാര്‍ക്ക് ഞാന്‍ വേണം. ഒന്നോ രണ്ടോ ദിവസം എന്നെ കണ്ടില്ലെങ്കില്‍ മാധവന്‍ നായര്‍ എവിടെപോയി എന്നാവും അന്വേഷണം''.


''അമ്പലത്തിലെ തിരക്ക് കഴിഞ്ഞ്വോ''. 


''സപ്താഹത്തിന്‍റെ തിരക്ക് ഒരുവിധം തീരുമ്പഴയ്ക്ക് പ്രതിഷ്ഠാദിനം വരുണൂ. അത് ഗംഭീരാക്കണം എന്നാ ആള്‍ക്കാരടെ മനസ്സിലിരുപ്പ്''.


''ആള്‍കാരടെ മോഹോല്ലേ. നടക്കട്ടെ''. അമ്മിണി ചായയുമായി വന്നു. 


''ഞാന്‍ അങ്ങനെ ചായകുടിക്കാറില്ല. ഒന്നാം തിയ്യതി കഴിഞ്ഞാല്‍ ഒരുകുപ്പി ഹോര്‍ലിക്സ് വാങ്ങും. അതിന്ന് ആരക്കും കൊടുക്കില്ല. വയസ്സായതല്ലേ. ദേഹം നോക്കാണ്ടെ കിടപ്പിലായാല്‍ ആരാ നോക്ക്വാ''.


''ഇവിടെ അതൊന്നും വാങ്ങാറില്ല. എന്നും എത്തിവരാത്തത് ചെയ്യണ്ട എന്നാ എന്‍റെ അഭിപ്രായം''.


''അതും ശര്യാണ്. ഒരു നേരോക്കെ ചായ കുടിക്കാം'' അയാള്‍ ചായഗ്ലാസ്സ് കയ്യിലെടുത്തു


''ഞാനെന്താപ്പൊ വന്നതേന്ന് അറിയ്യോ''. അയാള്‍ ചോദിച്ചു.


''ഇല്ല വിശേഷിച്ച് എന്തെങ്കിലൂണ്ടോ''.


''ഉണ്ട്. ഹരിഹരന്‍റെ കേസ്സില് വിധി ആവാറായീന്ന് പറയുണൂ''.


''ഞാനവിടെ വന്നപ്പൊ ആ കാര്യം പറഞ്ഞിരുന്നു''.


''അതിനെക്കുറിച്ച് ആലോചിക്കാനാ ഞാന്‍ വന്നത്''.


''അതിലെന്താ ഇത്ര ആലോചിക്കാന്‍''.


''നല്ലോണം ആലോചിക്കാനുണ്ട്. കിട്ടുണ കാശ് എന്താ ചെയ്യണ്ട് എന്ന് തീരുമാനിക്കണ്ടേ''.


''അതിലെന്താ തീരുമാനിക്കാന്‍. ആ പൈസ അവന്‍റെ പേരിലിടണം''.


''അത് ശര്യാവില്ല. ഒന്നാമത് ഈ ജന്മം അവന്‍ എണീറ്റ് നടക്കില്ല. അത് ഉറപ്പാണ്. എത്രകാലം ഇങ്ങിനെ കിടക്കുംന്നേ നോക്കണ്ടൂ''. വേലപ്പന്‍ അന്തം വിട്ടു. സ്വന്തം മകനെക്കുറിച്ചാണ് ഇയാള്‍  ഈ പറഞ്ഞത്


''എന്താ ഇങ്ങനെ പറയുണ്. ഹരി നിങ്ങടെ മകനല്ലേ''.


''അല്ലാന്ന് ഞാന്‍ പറയുണില്യാ. പക്ഷെ ഒരു കാര്യൂണ്ട്. അമ്മീം മകനും ആണച്ചാലും വായും വയറും രണ്ടാണ് എന്ന് കേട്ടിട്ടില്ലേ''.


''എന്നിട്ട് എന്ത് ചെയ്യണംന്നാണ് നിങ്ങടെ അഭിപ്രായം''.


''കിട്ടുണത് മൂന്നാക്ക്വാ. ഒന്ന് മകന്. ഇരിക്കിണ കാലം അവന് മരുന്നും മന്ത്രൂം വേണ്ടേ. ഒന്ന് അവന്‍റെ ഭാര്യക്കും കുട്ട്യേളക്കും. ബാക്കിവരുണത് എനിക്കും ഭാര്യയ്ക്കും''. 


തന്‍റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ വേലപ്പന്‍ ശ്രദ്ധിച്ചു. വായില്‍ നിന്ന് എന്തെങ്കിലും വീണാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ല.


''കാര്യോക്കെ ശരി. ഇതില് ഞാനെന്താ വേണ്ടത്''.


''ഞാനിത് വീട്ടില്‍ പറഞ്ഞു. മകനും അവന്‍റെ അമ്മീം ഭാര്യീം ഒറ്റ കെട്ടാണ്. പൈസ ഒന്നിച്ച് അവന്‍റെ പേരിലിടണം എന്നാ അവര് പറയുണ്. അപ്പൊ എന്‍റെ ഗത്യോ. വേലപ്പേട്ടന്‍ അവരെ ഒന്ന് പറഞ്ഞു മനസ്സിലാക്കണം''.


''മാധവന്‍ നായരേ, നിങ്ങള് പറഞ്ഞാല്‍ കേള്‍ക്കാത്തത് ഞാന്‍ പറഞ്ഞാല്‍ കേള്‍ക്ക്വോ''.


''കേള്‍ക്കും. കാരണം നിങ്ങളാണ് ഇപ്പൊ ചിലവിന് കൊടുക്കുണത്''.


''ശരി. കാശ് കിട്ടാന്‍ ഇനീം ദിവസൂണ്ടല്ലോ. അതിന്‍റെ എടേല്‍ എന്താ വേണ്ടത്ച്ചാല്‍ ചെയ്യാം''.


''എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ. പോയിട്ട് നൂറുകൂട്ടം കാര്യൂണ്ട്'' അയാള്‍ യാത്ര പറഞ്ഞിറങ്ങി.


''അയാളടെ വര്‍ത്താനം കേട്ടപ്പൊ കാലിന്‍റെ പെരുവിരലിന്ന് എനിക്ക് തരിച്ചു കേറി. നിങ്ങളെ ആലോചിച്ചിട്ടാ ഞാനൊന്നും പറയാഞ്ഞത്'' അയാള്‍ പോയതും അമ്മിണി പറഞ്ഞു.


''എനിക്ക് പറയാനറിയാത്തതല്ല. വേണ്ടാന്ന് വെച്ചിട്ടാണ്''.


''നിങ്ങളിത് അവരോട് സംസാരിക്കാന്‍ പോണുണ്ടോ''.


''എവടെ. എനിക്കെന്താ പ്രാന്തുണ്ടോ''.


''അയാള് പോയ വഴീല് ഒരുനുള്ള് ചാണകം കലക്കി തളിക്കണം'' അതും പറഞ്ഞ് അമ്മിണി അടുക്കളയിലേക്ക് നടന്നു.


 ഭാഗം : - 23.


കുറുപ്പ് മാസ്റ്ററുടെ വീട്ടില്‍ സരളയെത്തുമ്പോള്‍  മണി പതിനൊന്നു കഴിഞ്ഞു. അടുക്കളപ്പണി തീര്‍ത്തശേഷം  പത്മാവതിയമ്മ ദിവാന്‍ കോട്ടില്‍ ചാരി കിടക്കുകയാണ്, വാര്‍ത്ത ശ്രദ്ധിച്ചുകൊണ്ട് മാഷ് ടി. വി.യില്‍  നോക്കിയിരിക്കുകയും. കാളിങ്ങ് ബെല്ലടിക്കുന്നത് കേട്ട പത്മാവതിയമ്മ എഴുന്നേറ്റ് ഉമ്മറത്തേക്ക് ചെന്നു.


''വരാന്ന് പറഞ്ഞിട്ട് പോയ നിങ്ങളെ കാണാഞ്ഞപ്പോ എന്തോന്ന് വിചാരിച്ച് ഇരിക്ക്യാണ്''.


''വരാന്‍ ഒരുങ്ങ്യേതന്നെയാണ്. അപ്പഴയ്ക്കും ഒരു പ്രശ്നം''.


''എന്താ വേറെ വീട് ശര്യായോ''.


''അയ്യോ. അങ്ങന്യോന്ന്വോല്ല. ഇപ്പൊ ഇരിക്കിണ വീട്ടില് താമസം തുടങ്ങുംമുമ്പ് അതില് ചില്ലറ മരാമത്ത് വേണ്ടിവന്നു. അതിനുള്ള ചിലവിനാണെന്നുപറഞ്ഞ് ഉടമസ്ഥന്‍ ഞങ്ങടേന്ന് പതിനയ്യായിരം ഉറുപ്പിക വാങ്ങുംചെയ്തു. എപ്പൊ ചോദിച്ചാലും മടക്കി തരാന്നാ കരാറ്. ഇപ്പൊ ഞങ്ങള് കാശ് ചോദിച്ചപ്പൊ വീടൊഴിയാതെ തരാന്‍ പറ്റില്ലാന്ന് പറഞ്ഞു''.


''അതോണ്ട് താമസം മാറ്റാന്‍ എന്താ വൈഷമ്യം''.


''പെട്ടെന്നങ്ങനെ മാറാന്‍ പറ്റ്വോ. താമസം തുടങ്ങുമ്പൊ എന്തെങ്കിലും തരണ്ടേ. ഇത് കയ്യില്‍ വെക്കിന്‍. തല്‍ക്കാലം ഞങ്ങടേല് ഇതേ ഉള്ളൂ''. അയമ്മ ഒരു കവര്‍ നീട്ടി.


''എന്താ ഇതില്''.


''അഡ്വാന്‍സ് ആയി കൂട്ടിക്കോളൂ. ഇതില് പതിനായിരം ഉറുപ്പികീണ്ട്. ഇതന്നെ മകന്‍ ആരോടോ കടംവാങ്ങ്യേതാ. താമസിക്കാന്‍ തുടങ്ങുമ്പൊ ഒന്നും തരണ്ടെ പറ്റില്ലല്ലോ''. 


''അതിന് ഞാന്‍ നിങ്ങളോട് അഡ്വാന്‍സ് ചോദിച്ച്വോ''.


''ചോദിച്ചില്ല. എന്നാലും ഞങ്ങള് കണ്ടറിഞ്ഞ് ചെയ്യണ്ടേ''.


''തല്‍ക്കാലം ഈ കാശ് നിങ്ങളന്നെ കയ്യില്‍ വെക്കിന്‍. എന്നിട്ട് എപ്പഴാ സൌകര്യംച്ചാല്‍ വന്ന് താമസിച്ചോളിന്‍''.


''അപ്പൊ അഡ്വാന്‍സ് വേണ്ടേ''.


''വേണ്ടാന്നല്ലേ പറഞ്ഞത്. നിങ്ങള്‍ക്ക് വീട് വേണംന്ന് പറഞ്ഞു. തരാന്ന് ഞാനും പറഞ്ഞു. അത്യാവശ്യം വേണ്ട സൌകര്യൂം ഒരുക്കീട്ടുണ്ട്. ഇനി വൈകിച്ചാല്‍ ഞങ്ങള് വേറെ ആളെ നോക്കും''.


''അയ്യോ. അതുവേണ്ടാ. നാളെ ഞായറാഴ്ച്യല്ലേ. എന്‍റെ മകന് ഒഴിവാണ്. ഞങ്ങള് നാളെത്തന്നെ ഇങ്കിട്ട് മാറാം''.


''എന്നാ അങ്ങനെ ആവട്ടെ''.


പിറ്റേന്ന് രാവിലെ ഒമ്പതരയോടെ ഒരു പെട്ടി ഓട്ടോ വീടിന്‍റെ മുന്നില്‍ വന്നുനിന്നു. അതില്‍നിന്ന് രവീന്ദ്രന്‍ ഇറങ്ങി വന്നു.


''സാധനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അത് വീട്ടിന്‍റെ ഉള്ളില് വെച്ചോട്ടെ'' അയാള്‍ ചോദിച്ചു.


''അതിനെന്താ. വാതില് തുറന്നുതരാം'' പത്മാവതിയമ്മ അയാള്‍ക്കൊപ്പം ചെന്നു. സാധനങ്ങള്‍ എന്നുപറയാന്‍ അത്രയൊന്നുമില്ല. ഗ്യാസ് കുറ്റിയും സ്റ്റൌവ്വും, ഒരുടേബിള്‍ ടോപ്പ് ഗ്രൈന്‍ഡറും, മിക്സിയും, പുല്ലുപായില്‍ പൊതിഞ്ഞ രണ്ട് കോസറികള്‍, ഒരു പ്രഷര്‍ കുക്കര്‍, കുറച്ച്പാത്രങ്ങള്‍, രണ്ട് പ്ലാസ്റ്റിക്ക് കസേലകള്‍, മരത്തിന്‍റെ ഒരുബെഞ്ച്. കഴിഞ്ഞു സാധനങ്ങള്‍.


''ഇനി എന്തെങ്കിലും കൊണ്ടുവരാനുണ്ടോ'' എല്ലാം നോക്കിയശേഷം പത്മാവതിയമ്മ ചോദിച്ചു.  


''ഇല്ല. ഇത്രേ ഉള്ളൂ''. അലമാറയോ, കട്ടിലോ, മേശയോ ഒന്നുമില്ലെന്ന് പത്മാവതിയമ്മയ്ക്ക് മനസ്സിലായി.


''അവരൊക്കെ എവിടേ''.


''വീട് മാറുണതല്ലേ. അമ്പലത്തില് തൊഴാന്‍ പോയിരിക്കുണൂ. ഞാന്‍ ചെന്ന് ഇപ്പൊത്തന്നെ   കൂട്ടീട്ട് വരും'' കാലിയായ പെട്ടി ഓട്ടോയില്‍ കയറി രവീന്ദ്രന്‍ തിരിച്ചുപോയി.


''സാധനങ്ങളൊക്കെ കൊണ്ടുവന്ന്വോ'' അവര്‍ ചെന്നപ്പോള്‍ കുറുപ്പ് മാഷ് ചോദിച്ചു.


''എന്ത് സാധനം. ഒരുവീട്ടിലിക്ക് വേണ്ടതൊന്നും അവരടേലില്ല. കുറച്ച് പാത്രങ്ങളൊക്കെ ഉള്ളൂ. തീരെ പാവങ്ങളാണ് എന്നാ തോന്നുണത്''.


''സ്വഭാവവും അതുപോലെ ആയാല്‍ മതിയായിരുന്നു''.


''അതിനെന്താ. വികടത്തിലാണ് പോക്ക് എന്ന് തോന്ന്യാല്‍ വന്ന വഴിക്ക് പറഞ്ഞുവിടാലോ''.


''അങ്ങന്യോന്നും ഉണ്ടാവില്ല. നോക്കിക്കോളൂ''. പത്തുമിനുട്ട് കഴിഞ്ഞതും ഓട്ടോ എത്തി. അതില്‍ അമ്മയും മകനും മരുമകളും പേരക്കുട്ടികളും ഉണ്ടായിരുന്നു


 ഭാഗം : - 24.


''ഞാനൊരു കാര്യം പറയട്ടെ'' ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന നേരത്ത് പത്മാവതിയമ്മ ഭര്‍ത്താവിനോട് ചോദിച്ചു.


''എന്താ എന്നുവെച്ചാല്‍ പറഞ്ഞോളൂ'' കുറുപ്പ് മാഷ് അനുവാദം കൊടുത്തു.


''ഊണുകഴിക്കിണതിന്ന് മുമ്പ് ഞാനവടെചെന്നിരുന്നു. മഹാ കഷ്ടാണ് അവരടെ അവസ്ഥ''. പുതിയ താമസക്കാരെക്കുറിച്ചാണ് പറയുന്നതെന്ന് മാഷക്ക് മനസ്സിലായി.


''എന്താ ഇത്ര കഷ്ടം''.


''ഞാന്‍ പറഞ്ഞില്ലേ കട്ടിലൊന്നും ഇല്ലാന്ന്. പായീം കോസറീം നിലത്താ വിരിച്ചിരിക്കിണത്''.


''അതിന് നമ്മളെന്താ ചെയ്യാ. ഇവിടെയുള്ള കട്ടില്‍ കൊടുക്കാന്‍ പറ്റ്വോ''.


''അതില്ല. ഞാന്‍ വേറൊരു വഴി ആലോചിച്ചു''.


''അതെന്താ വഴി''.


''ട്യൂഷന്‍ ക്ലാസിലെ ബെഞ്ചുകളൊക്കെ എടുത്ത് മോളിലൊരു മുറീല്‍ വെച്ചിട്ടില്ലേ. അതിന്ന് ആറെണ്ണം അവര്‍ക്ക് കൊടുത്താലോ''.


''എന്നിട്ടെന്താ കാര്യം''.


''മുമ്മൂന്ന് ബെഞ്ച് അടുപ്പിച്ച് ഇട്വാ. ബെഞ്ചുകള് അനങ്ങാണ്ടിരിക്കാന്‍ ചൂടികയറോണ്ട് കൂട്ടി കെട്ട്വാ. അപ്പൊ ഏകദേശം കട്ടിലിന്‍റെ വീത്യാവും. അതിന്ന് മീതെ വിരിച്ചു കിടന്നോട്ടെ''.


''പറ്റുമെങ്കില്‍ അങ്ങിനെ ചെയ്തോട്ടെ''.


''എന്നാ ഞാന്‍ പറഞ്ഞിട്ട് വരാം''. ഭാര്യക്ക് പുതിയ താമസക്കാരെ നല്ലവണ്ണം ബോധിച്ചു എന്ന് കുറുപ്പ് മാഷക്ക് തോന്നി. അല്ലെങ്കില്‍ അവള്‍ ഈ വിധം സഹായത്തിനൊന്നും മുതിരില്ല. 


പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ചുകൊണ്ടാണ് പത്മാവതിയമ്മ തിരിച്ചു പോന്നത്.


''ഇവളവിടെ ശാഠ്യം പിടിച്ചോണ്ട് നില്‍ക്ക്വാണ്'' അവര്‍ പറഞ്ഞു.


''എന്തിനാ ശാഠ്യം പിടിക്കുന്നത്''.


''നമുക്ക് നമ്മടെ വീട്ടിലിക്ക് പോവ്വാന്ന് പറഞ്ഞ് വാശി പിടിക്ക്യാണ്.  ഇത് നിങ്ങടെ പുത്യേ വീടാണ്,  മോളടെ മുത്തശ്ശനും മുത്തശ്ശീം ആണ്  ഇവടെ ഉള്ളത് എന്നൊക്കെ പറഞ്ഞ് ഞാന്‍ കൂട്ടിക്കൊണ്ടുവന്നതാണ്''.


''പരിചയം ഇല്ലാത്ത സ്ഥലം ആയതുകൊണ്ടായിരിക്കും കുട്ടിക്ക് പ്രയാസം. രണ്ടുമൂന്ന് ദിവസംകൊണ്ട് അത് മാറും''.


''അത്ര്യോന്നും വേണ്ടിവരില്ല. നാളെ അവളിവിടെ ഓടിക്കളിക്കും''.


''എന്താ പ്രത്യുഷയ്ക്ക് കൊടുക്കാന്‍ ഇവിടെയുള്ളത്''.


''പ്രതുഷ എന്നൊന്നും വിളിക്കാന്‍ എന്നെക്കൊണ്ട് വയ്യ. ഞാനിവളെ ഉഷാന്ന് വിളിക്കാന്‍ പോവ്വാണ്. ബിസ്ക്കറ്റോ മുറുക്കോ ഉണ്ടോന്ന് നോക്കട്ടെ''.


പത്മാവതിയമ്മ ചില പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ തുറന്നുനോക്കി. ഒന്നിനകത്ത് ബിസ്ക്കറ്റുണ്ട്. അതില്‍നിന്ന് മൂന്നുനാലെണ്ണം എടുത്ത് അവര്‍ കുട്ടിക്ക് കൊടുത്തു. ഒന്ന് മടിച്ചാണെങ്കിലും അവളത് വാങ്ങി.


''ഇത് ഫിഫ്റ്റി ഫിഫ്റ്റി അല്ലേ. മധുരം ഉണ്ടാവില്ല''.


''അത് സാരൂല്യാ. അവള് തിന്നോളും'' കുട്ടി ബിസ്ക്കറ്റ് തിന്നാന്‍ തുടങ്ങി. അതും നോക്കിക്കൊണ്ട് മാഷും ഭാര്യയും ഇരുന്നു. 


''ഇനി വേണോ നിനക്ക്'' എല്ലാം കഴിഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു. കുട്ടി പ്രതികരിച്ചില്ല. എന്നിട്ടും നാലെണ്ണംകൂടി അവര്‍ നല്‍കി. അതുവാങ്ങി കുട്ടി കടിച്ചുതിന്നാന്‍ തുടങ്ങി.


''എടോ, വേറെ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കൂ'' മാഷ് ആവശ്യപ്പെട്ടു ''ചിലപ്പോള്‍ ഡേറ്റ്സ് ഉണ്ടാവും''. ബ്ലഡ്ഡിലെ ഹിമോഗ്ലോബിന്‍ കൂടാന്‍ നല്ലതാണെന്ന് ആരോ പറഞ്ഞതുകേട്ട് പത്മാവതിയമ്മ ഈന്തപ്പഴം വാങ്ങി തേനിലിട്ട് കഴിക്കാറുണ്ട്.


''അത് ഓര്‍മ്മ വന്നില്ല''. അവര്‍ പാത്രത്തില്‍ നിന്ന് ഈന്തപ്പഴമെടുത്തു.


''കുരുകളഞ്ഞ് കൊടുക്കൂ. കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങരുത്''


''വാങ്ങ്യേ ഉടനെ കുരുകളഞ്ഞിട്ടാ ഞാനിത് എടുത്തുവെക്കാറ്'' അവര്‍ കൊടുത്ത ഈന്തപ്പഴം കുട്ടി രുചിച്ച് കുറച്ചുനേരം ഓരോന്ന് നോക്കി അവിടെയിരുന്നു.


''എനിക്ക് അമ്മേ കാണണം'' അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു കുറുപ്പ് മാഷ് നോക്കുമ്പോള്‍ കുട്ടി കരയാനുള്ള ഭാവമാണ്.


''വെറുതെ അവളെ കരയിക്കണ്ട'' അയാള്‍ പറഞ്ഞതും ഭാര്യ കുട്ടിയുമായി നടന്നു.


 ഭാഗം : - 25.


''പോന മച്ചാന്‍ തിരുമ്പി വന്താന്‍'' എന്ന് പറഞ്ഞുകൊണ്ട് ഹരിദാസന്‍ ആല്‍ത്തറയിലിരിക്കുന്ന കൂട്ടുകാരുടെ അടുത്തേക്ക് നടന്നടുത്തു. 


''എപ്പഴാ ഹര്യേട്ടന്‍ എത്ത്യേത്'' ബാലന്‍ മാഷ് ചോദിച്ചു.


''ചെന്നേന്ന് ആലപ്പുഴേലിക്കുള്ള വണ്ടീല് രാത്രി കേറി. വെളിച്ചാമ്പൊ ഒലവക്കോട് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലിക്ക് അതിന്ന് ചവിട്ടി തള്ളി''.


''അല്ലാണ്ടെ നിങ്ങള്‍ മര്യാദയ്ക്ക് വണ്ടീന്ന് ഇറങ്ങ്യേതല്ലേ'' കമ്പൌണ്ടര്‍ രാമന്‍ ചോദിച്ചു.


''കാശ് കൊടുത്തിട്ട് വന്നതല്ലേ. അപ്പൊ ആളെ ഇറക്കിവിടണ്ട ചുമതല അവര്‍ക്കില്ലേ''.


''ഇനി അടുത്തൊന്നും അങ്കിട്ട് മടങ്ങിപോണില്ലല്ലോ''.


''എന്‍റെ ചങ്ങാതീ. ഞാനിവിടെ എത്തീട്ടല്ലേ ഉള്ളൂ. അതിനുമുമ്പ് ഇങ്ങനെ ചോദിച്ചാലോ. ഇതറിഞ്ഞാല്‍ ഞാന്‍ ഒലവക്കോടുന്ന് അടുത്ത വണ്ടിക്ക് അങ്കിട്ടന്നെ പോയേനെ''.


''രാമേട്ടന്‍ പറയുണത് നിങ്ങള് വിടിന്‍. ഇവിടെ എന്തെല്ലാം കാര്യങ്ങള് ചെയ്യാന്‍ കിടക്കുണൂ''.


''ഉത്സവത്തിന്‍റെ കാര്യോല്ലേ. അത് ആലോചിച്ചിട്ടാ ഞാന്‍ പോന്നത്. ആട്ടെ എന്തൊക്ക്യായി കാര്യങ്ങള്''.


''എന്താവുണ്. ആലോചന തുടങ്ങി. അത്രേന്നെ''.


''ആലോചിച്ചോണ്ടിരുന്നാല്‍ ഉത്സവം കഴിഞ്ഞാലും ആലോചന തീരില്ല. ആദ്യം ഒരു പ്ലാനുണ്ടാക്കണം''.


''ചില പ്ലാനൊക്കെ തയ്യാറാക്കീട്ടുണ്ട്. പന്തല്, ലൈറ്റ് ഡെക്കറേഷന്‍, ആന, തായമ്പക, മരുന്നുപണി'' രാമന്‍ വിവരിക്കാന്‍ തുടങ്ങി.


''ഇങ്ങനെ പറഞ്ഞതോണ്ട് കാര്യായില്ല. ഓരോന്നിന്ന് എത്ര എത്ര ചിലവ് വരുംന്ന് കണക്കാക്കണം. അല്ലാണ്ടെ ആനയ്ക്ക് ഹലുവ വാങ്ങ്യേ വക ആയിരം, കുതിരയ്ക്ക് മുതിര വാങ്ങ്യേ വക അഞ്ഞൂറ് എന്ന മട്ടിലെ കണക്കായാല്‍ ശര്യാവില്ല''.


''ക്ഷമിക്ക് ഹരി. എല്ലാറ്റിന്‍റേയും വിശദമായ ബഡ്ജറ്റ് കുറുപ്പ് മാഷ് ഉണ്ടാക്കുന്നുണ്ട്'' മേനോന്‍ ആശ്വസിപ്പിച്ചു.


''സാറ് പറഞ്ഞാല്‍ പിന്നെ  അപ്പീലില്ല'' ഹരി തണുത്തു.


''കഴിഞ്ഞകൊല്ലം ഒന്നൊന്നര ലക്ഷം ഉറുപ്പിക പുറമേന്ന് പിരിച്ചുകിട്ടി. ഇക്കുറി അത് രണ്ടോ രണ്ടരയോ ആവും'' രാമന്‍ വരവിനെക്കുറിച്ച് പറഞ്ഞു.


''ഉള്ള കാര്യം ഞാന്‍ പറയാം. കുഞ്ചപ്പന്‍ കന്നുപൂട്ട്യേപോലെ ആവരുത്'' ഹരി പ്രതികരിച്ചു.


''അതെന്താ ഹര്യേട്ടാ സംഭവം'' കണ്ണന്‍ നായര്‍ ചോദിച്ചു.


''നിങ്ങക്കറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞുതരാം. വല്യേ കൃഷിക്കാരടെ പാടങ്ങളുടെ നടുവില് കുഞ്ചപ്പന് പത്തുപറ കണ്ടം ഉണ്ടായിരുന്നു. പാടം പൂട്ടി ഞാറ് നടാറായി. എല്ലാവരും പണി തുടങ്ങി. കുഞ്ചപ്പന്  കണ്ടം പൂട്ടാന്‍ കന്നില്ല''. 


''എന്നിട്ട് എന്താ ചെയ്ത്''.


''എന്ത് ചെയ്യുണ്. കുഞ്ചപ്പന്‍ ഇരുന്ന് കണക്ക് കൂട്ടാന്‍ തുടങ്ങി. ചാമുണ്ണിടേല് രണ്ടുജോഡി കന്നുണ്ട്. അതവന്‍ തരാതിരിക്കില്ല, രാമന്‍റേല് ഓരര കന്നുണ്ട്. അതുംകിട്ടും. നാഗപ്പന്‍റേല് മൂന്നര കന്നുണ്ട്. അവനത് തരും. ആകെ ആറര കന്നായി. കണ്ടം പൂട്ടാന്‍ ധാരാളം മതി. പിന്നെന്താ പ്രയാസംന്ന് ആ മൂപ്പര് കരുതി''.


''എന്നിട്ട് കന്നിനെ കിട്ട്യോ''.


''തോക്കിന്‍റെ എടേല് കേറി വെടി പൊട്ടിക്കണ്ട. എല്ലാരടേം കന്നുപൂട്ട് കഴിഞ്ഞു, നടീല് കഴിഞ്ഞു. നെല്ല് വലുതായി കൊയ്യാറായി. അപ്പഴും കുഞ്ചപ്പന്‍റെ കണ്ടം അങ്ങനെത്തന്നെ കിടന്നു'' എല്ലാവരും ചിരിച്ചു.


''ഞാന്‍ പറഞ്ഞത് നമ്മടെ കണക്ക് അതുപോലെ ആവരുത് എന്നാണ്. മനസ്സിലായോ'' ഹരിദാസന്‍ ചോദിച്ചു.


''ഉവ്വ്. ഞങ്ങളെല്ലാരുക്കും മനസ്സിലായി'' കണ്ണന്‍ നായര്‍ പറഞ്ഞു.


''ഇന്യേന്താ വേണ്ടത്'' ഹരിദാസന്‍ ചോദിച്ചു.


''ഇന്നേക്ക് ഇത്ര മതി. എല്ലാംകൂടി ആയാല്‍ താങ്ങില്ല''.


''എന്നാല്‍ വരിന്‍ അമ്പലത്തിലിക്ക് പോവ്വാ'' എല്ലാവരും ഹരിദാസന്‍റെ കൂടെ  നടന്നു


 ഭാഗം : - 26.


''ഈ പ്രവശ്യം അച്ഛനെ കണ്ടുവന്നശേഷം ആകെക്കൂടി ഒരുസ്വൈരുല്യാ'' രാത്രി കിടക്കുമ്പോള്‍ അമ്മിണി വേലപ്പനോട് പറഞ്ഞു.


''സ്വൈരം ഇല്ലാണ്ടാവാന്‍ മാത്രം എന്താ ഉണ്ടായത്''


''അച്ഛന്‍റെ ആരോഗ്യോക്കെ പെട്ടെന്ന് പോയി. ഇനിയധികം ഈടുണ്ടാവുംന്ന് തോന്നുണില്ല''.


''ഇന്നാള് നമ്മള് പോയപ്പൊ അച്ഛന് വിശേഷിച്ചൊന്നും ഉണ്ടായിരുന്നില്ലല്ലോ.  എന്താ പെട്ടെന്ന് വയ്യാണ്ടായത്''.


''രണ്ടുദിവസം പനിച്ചു, വയറെളക്കൂം ഉണ്ടായി. അത് കഴിഞ്ഞതോടെ അച്ഛന്‍ തളര്‍ന്നു കിടപ്പായി''


''പ്രായം ആയില്ലേ.  സൂക്കട് മാറ്യേ ക്ഷീണാവൂം. അല്ലാണ്ടെ അച്ഛന് ഒന്നും ഉണ്ടാവില്ല''.


''അച്ഛന്‍റെ കാലം കഴിഞ്ഞാല്‍ എന്താ ആവ്വാന്ന് എനിക്കറിയില്യാ'' കാര്യം ശരിയാണ്. എണ്‍പത്തെട്ട് വയസ്സായ അമ്മയും അറുപത് വയസ്സ് കടന്ന ഏടത്തിയും അല്ലാതെ ആ വീട്ടില്‍ വേറെ ആരുമില്ലല്ലോ.


''അതാലോചിച്ച് ഇപ്പഴേ വിഷമിക്കണോ''.


''എന്നാലും അതല്ല. നമുക്ക് ഈശ്വരന്‍ രണ്ട് പെണ്‍മക്കളേങ്കിലും തന്നു. ഏടത്തിക്ക് മൂന്നോ നാലോ പ്രാവശ്യം വയറ്റിലുണ്ടായി. രണ്ടും മൂന്നും മാസം ആയപ്പൊ അതൊക്കെ പോയി. പിന്നെ വേണ്ടത് ഭര്‍ത്താവാണ്. നല്ലപ്രായം കഴിയും മുമ്പ് ഏട്ടനും പോയി''.


''എന്താ ചെയ്യാ. ഒക്കെ ഓരോരുത്തരടെ യോഗാണ്''.


''എന്നുപറഞ്ഞ് സമാധാനിക്കാന്‍ പറ്റ്വോ. വയസ്സായാലും ഏടത്തി ഒരു പെണ്ണല്ലേ. എങ്ങന്യാ ആ വീട്ടില് ഒറ്റയ്ക്ക് കഴിയ്യാ''. കഷ്ടിച്ച് ഒരേക്കര്‍ സ്ഥലത്തിന്‍റെ നടുവിലൊരു പത്തായപ്പുര. അതിലാണ് മൂന്ന് ജന്മങ്ങള്‍ കഴിഞ്ഞുകൂടുന്നത്. ഒറ്റയ്ക്ക് അവിടെ കഴിയുന്നത് പ്രയാസം തന്നെ.


''അതാലോചിച്ച് അമ്മിണി സങ്കടപ്പെടണ്ട. അങ്ങനെ ഒരുസന്ദര്‍ഭം വന്നാല്‍ ഏടത്ത്യേ ഇങ്കിട്ട് കൂട്ടിക്കൊണ്ടു വന്നോളൂ. ഉള്ളതിലൊരു ഓഹരി കഴിച്ച് അവരിവിടെ കഴിഞ്ഞോട്ടെ''.


''അതിന് നിങ്ങള് എതിര് പറയില്യാന്ന് എനിക്കറിയാം. എന്നാലും ഇത്രവലിയ സ്ഥലൂം സൌകര്യങ്ങളും വലിച്ചെറിഞ്ഞ് പോരുണത് കഷ്ടം തന്നെ''.


''വീട് പഴേതാണ്. അത് കണക്കാക്കണ്ട. ഒരേക്കറിന്‍റടുത്ത് സ്ഥലൂല്യേ. അത് വിറ്റ് കിട്ടുണ കാശ് അവരടെ പേരിലിട്ടാല്‍ പോരേ''.


''ഒരേക്കറോ. അതിന്‍റെ ഇരട്ടിടടുത്ത് സ്ഥലൂണ്ട്. എന്തെല്ലാം മരങ്ങളുണ്ട് ആ തൊടീല്. അറ്റ വേനലിലും വറ്റാത്ത കിണറും വല്യോരുകൊക്കര്‍ണ്ണീം ഉണ്ട്. അദ്ധ്വാനിക്കാന്‍ വയിക്കിണ ആളടെ കയ്യില്‍ കിട്ട്യാല്‍ ആ സ്ഥലത്ത് പൊന്ന് വിളയിക്കും''.


''എന്തുണ്ടായിട്ടെന്താ കാര്യം. നോക്കാന്‍ ആളില്ലെങ്കില്‍ പോയില്ലേ''.


''ഞാനൊരു കാര്യം ചോദിക്കട്ടെ'' കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മിണി ചോദിച്ചു.


''എന്താച്ചാല്‍ ചോദിക്കൂ''


''നമുക്ക് താമസം അങ്കിട്ട് ആക്ക്യാലെന്താ'' തീരെ പ്രതീക്ഷിക്കാത്ത ഒരു ചോദ്യമാണ് ഭാര്യയില്‍നിന്ന് ഉണ്ടായത്.


''അപ്പൊ ഈ വീടോ''.


''വാടകയ്ക്ക് കൊടുക്ക്വോ, പൂട്ടീട്വോ എന്ത് വേണച്ചാലും ചെയ്യാലോ''.


''നോക്കൂ അമ്മിണി. ഞാന്‍ തോക്കും ചുമന്ന് നടന്ന വകേല് ആകെള്ള സമ്പാദ്യാണ് ഈ വീട്. ഇത് വേണ്ടാന്ന് വെക്കാന്‍  എനിക്കാവില്ല''.


''അപ്പൊ എന്‍റെ വീട്ടിലിക്ക് പോണത് ഇഷ്ടൂല്യാന്നാണോ''.


''വല്ലപ്പഴും ഒന്ന് പോയിവരുണതുപോലെയല്ല താമസം ആക്കുണത്''. അമ്മിണി അതിന്ന് യാതൊന്നും മറുപടി പറഞ്ഞില്ല.


''ആ ടീച്ചറ് എങ്ങന്യാ ആള്'' കുറച്ചുനേരത്തിന്നുശേഷം അടുത്ത ചോദ്യം ഉയര്‍ന്നു.


''ഏത് ടീച്ചറ്''.


''ആ കണ്ണന്‍ നായരടെ ഭാര്യീല്ലേ രാധ. അവളടെ കാര്യാ ചോദിച്ചത്''.


''എനിക്ക് അവരെപ്പറ്റി ഒന്നും അറിയില്ല. എന്താ അയമ്മയ്ക്ക് വല്ല പ്രശ്നൂണ്ടോ''. 


''പ്രശ്നൂണ്ടായിട്ടല്ല. നിങ്ങടെ കാര്യം പറയുമ്പൊ നൂറ് നാവാ അതിന്''. വേലപ്പന് കാര്യങ്ങള്‍ പിടികിട്ടി


''താന്‍ മറഡോണ എന്ന് കേട്ടിട്ടുണ്ടോ'' അയാള്‍ ചോദിച്ചു.


''ചന്ദ്രനില്‍ പോയ ആളല്ലേ'' ചോദിച്ചതേ തെറ്റായി എന്നയാള്‍ക്ക് തോന്നി. ഇത്രയ്ക്കുണ്ട് അറിവ്. അതെങ്ങിനെ. പേപ്പര്‍ വായിക്കില്ല, ടി.വി. യില്‍ ന്യൂസും കാണില്ല


''അത് വിട്. യേശുദാസ് ആരാന്ന് അറിയ്യോ''


''എന്താ അറിയാണ്ടെ. ഗാനഗന്ധര്‍വ്വനല്ലേ അദ്ദേഹം''.


''ശരി. അദ്ദേഹത്തെ അടുത്തുനിന്ന് കാണാന്‍ നിനക്കൊരു അവസരം കിട്ടീന്ന് വിചാരിക്ക്യാ. നീയെന്താ അപ്പൊ ചെയ്യാ''.


''ഞാന്‍ ആ കാല്‍ക്കല്‍ നമസ്ക്കരിക്കും''.


''എന്താ കാരണം''.


''എനിക്ക് അദ്ദേഹത്തിനെ അത്രയ്ക്ക് ഇഷ്ടാണ്''.


''ശരി. അല്ലാണ്ടെ ആ മനുഷ്യനെപ്പറ്റി നിനക്ക് യാതൊരു ചിന്തേം ഇല്ലാന്ന് എനിക്കറിയാം. അതുപോല്യാണ് ആ ടീച്ചര്‍ക്ക് ഞാനും. പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് സ്കൂളിലെ ഏറ്റവും നല്ല കളിക്കാരനോട് താല്‍പ്പര്യം തോന്നുണത് സ്വാഭാവികം. അത്രേ എന്നോടും ഉണ്ടാവൂ''.


''ഞാന്‍ എന്തൊക്ക്യോ വിചാരിച്ചു''.


''നീ ടീച്ചറുടെ ഭര്‍ത്താവ് കണ്ണന്‍ നായരെ കണ്ടിട്ടുണ്ടല്ലോ. അയാളടെ ഭംഗിടെ പത്തിലൊന്ന് എനിക്കുണ്ടോ. നരച്ച മുടീല് ഡൈ തേച്ച് അണിഞ്ഞൊരുങ്ങ്യാല്‍ ആ മനുഷ്യന്‍ പ്രേംനസീറിനെപ്പോലീണ്ടാവും. ഞാനോ. കണ്ടാലൊരു മുരടന്‍ ''


''എന്നാലേ എനിക്കീ മുരടന്‍ മതി, പ്രേംനസീറൊന്നും വേണ്ടാ'' അവള്‍ പറഞ്ഞു. അമ്മിണിയുടെ സംശയംതീര്‍ത്ത ആശ്വാസത്തില്‍ അയാള്‍ കിടന്നു.


 ഭാഗം : - 27.


''നൂറ്റഞ്ച് ഉറുപ്പികീം കൊടുത്ത് ഒരു പാട്ടും പാട്യാലേ ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടു. അതും വാങ്ങി വണ്ടീലൊഴിച്ചിട്ടാ ഞാന്‍ സകല തമ്പുരാന്‍മാരടെ വീട്ടിലും ചെന്ന് മീറ്റിങ്ങിന് വരണംന്ന് പറഞ്ഞത്. ആരെങ്കിലും വരാണ്ടിരുന്നാല്‍ അവരെന്‍റെ ശരിക്കുള്ള സ്വഭാവം അറിയും'' ക്ഷേത്രക്കമ്മിറ്റിയിലെ മെമ്പര്‍മാരെയാണ് ഹരിദാസന്‍ തമ്പുരാന്മാര്‍ എന്ന് പറഞ്ഞതെന്ന് പതിവായി ആല്‍ത്തറയില്‍ വന്നിരിക്കുവര്‍ക്ക് മനസ്സിലായി.


ഏതായാലും അയാളുടെ വരവോടുകൂടി അമ്പലക്കമ്മിറ്റി ഉഷാറായി. എത്ര വിളിച്ചാലും മീറ്റിങ്ങിന്ന് വരാത്തവര്‍ പോലും അടുത്ത തവണ മീറ്റിങ്ങിന്ന് ഹാജരായി. 


''എന്തിനും ഒരു ഉഷാറ് വേണം. ഉറക്കം തൂങ്ങിക്കൊണ്ടിരുന്നാല്‍ ഒന്നും നടക്കില്ല. അതാ ഞാന്‍ മിനക്കെട്ട് ഇറങ്ങ്യേത്'' അയാള്‍ പറഞ്ഞു ''ഓരോ ദിവസം ഓരോരുത്തര് എന്‍റെകൂടെ വന്നാ മതി. എവട്യോക്കെ പോണം ആര്യോക്കെ കാണണം എന്നൊക്കെ ഏല്‍പ്പിച്ചാ അത് ചെയ്തിട്ടേ ബാക്കി കാര്യൂള്ളൂ''.


''എനിക്കും കുറുപ്പ് മാഷക്കും അലയാന്‍ വയ്യ. പറ്റുന്നവര് മുന്‍കൈ എടുക്കിന്‍'' മേനോന്‍ സ്വന്തം നിലപാട് അറിയിച്ചു.


''എന്നാ വേണ്ടത്ച്ചാല്‍ പറഞ്ഞാ മതി. ഞാന്‍ വരാം'' കണ്ണന്‍ നായര്‍ പറഞ്ഞു.


''ഞാനും വരാം'' ബാലന്‍ മാസ്റ്ററും സമ്മതിച്ചു.


''ഇനി നിങ്ങടെ അടുത്ത് ഞാന്‍ പ്രത്യേകം ചോദിക്കണോ'' ഹരിദാസന്‍ കമ്പൌണ്ടര്‍ രാമന്‍റെ നേരെ തിരിഞ്ഞു.


''വരുണതിന് വിരോധൂണ്ടായിട്ടല്ല. നിങ്ങള് എന്നെ എവടേങ്കിലും കൊണ്ടുപോയി വീഴ്ത്തി കയ്യും കാലും ഒടിച്ചാലോന്ന് പേടിച്ചിട്ടാ ഞാന്‍ വരാത്തത്''.


''വായ് മുഹൂര്‍ത്തം പറയാതെ ഇരിക്കിന്‍ കുരുത്തം കെട്ട മനുഷ്യാ. നോക്കിക്കോളിന്‍. നിങ്ങള് നട്ടപ്പൊരിവെയിലത്ത് വിയര്‍ത്ത് കുളിച്ച് നടന്നുവരുണത് കണ്ടാലും നിങ്ങളെ ഞാനെന്‍റെ വണ്ടീല് കേറ്റില്ല''


''അപ്പഴയ്ക്കും നിങ്ങക്ക് ദേഷ്യം വന്നു''.


''ഇമ്മാതിരി വര്‍ത്തമാനം കേട്ടാല്‍ ആരക്കാ ദേഷ്യം വരാത്തത്. വീഴും പിടിക്കും ചെയ്യാതെ നിങ്ങള് ജീവിച്ചോളിന്‍. ഞങ്ങളൊക്കെ ചത്താലും നിങ്ങള് ചാവാണ്ടെ ഇവിടെത്തന്നെ ഇരുന്നോളിന്‍. ഒടുവില്‍ നിങ്ങളെ ആരെങ്കിലും പിടിച്ച് നന്നങ്ങാടി ഭരണീല് ഇട്ട് വെച്ചോട്ടെ''.


''നിങ്ങക്കറിയില്ലേ ഹര്യേട്ടാ, ആളും നാഥനും ഇല്ലാത്ത ആളാണ് ഞാന്‍. എന്തെങ്കിലും വന്നാല്‍ എനിക്കാരുണ്ട്''.


''എന്തെങ്കിലും വരുണതുവരെ നിങ്ങക്ക് ഞങ്ങളൊക്കീണ്ട്''.


''എന്തെങ്കിലും വന്നാലോ''.


''വന്നാല്‍ പിന്നെ അതുണ്ടല്ലോ''.


''ബെസ്റ്റ് ആള്‍ക്കാര്. നിങ്ങളോക്ക്യേ വിശ്വസിച്ചിരുന്നാല്‍ എന്‍റെ അവസ്ഥ എന്താവും''.


''ഞാന്‍ വെറുതെ പറഞ്ഞതല്ലേ. നിങ്ങള് കഷ്ടപ്പെടുണത് കണ്ടുംകൊണ്ട് ഞങ്ങള്  മിണ്ടാണ്ടിരിക്ക്യോ''.


''മേനോന്‍ സാറ് ഒരുവഴി പറഞ്ഞതാണ്'' ബാലന്‍ മാഷ് പറഞ്ഞു ''പക്ഷെ രാമേട്ടന്‍ സമ്മതിച്ചില്ല''.


''എന്താ വഴീന്ന് പറയിന്‍''


''വേറൊന്ന്വോല്ല. രാമേട്ടനെക്കൊണ്ട് ഒരു കല്യാണം കഴിപ്പിക്ക്യാ''.


''അത് നല്ല കാര്യാണ്. മൂപ്പരുക്ക് പറ്റ്യേ ഒന്നിനെ കണ്ടുപിടിക്കട്ടെ''.


''വേണ്ടാത്ത പണിക്ക് നില്‍ക്കണ്ടാ ഹര്യേട്ടാ. എനിക്ക് പെണ്ണും വേണ്ടാ പെടക്കോഴീം വേണ്ടാ'' രാമന്‍ എതിര്‍ത്തു.


''എടോ പുത്തികെട്ട മനുഷ്യാ, നിങ്ങക്ക് കൈകെട്ടും കാല്‍കെട്ടും ഒന്നും ഇല്ലല്ലോ. പിന്നെന്താ വിഷമം''.


''വയ്യാണ്ടെ ആയാല്‍ എന്നോട്അങ്ങോട്ട് വന്നോളാന്‍ അളിയന്മാര് പറഞ്ഞിട്ടുണ്ട്''.


''ഇപ്പഴത്തെ സ്നേഹോന്നും കാണണ്ട. പത്തുദിവസം തൂറിപാറി ഒരു ഭാഗത്ത് കിടന്നാല്‍ അളിയനും ഉണ്ടാവില്ല പിളിയനും ഉണ്ടാവില്ല''.


''തലേലെഴുത്ത് എങ്ങന്യാച്ചാല്‍ അതുപോലെ വരട്ടെ''.


''എന്നാലും മര്യാദയ്ക്ക് കഴിഞ്ഞൂടാ അല്ലേ''  രാമന്‍ ഒന്നും പറഞ്ഞില്ല.


''ഇതിങ്ങനെ വിടാന്‍ പറ്റില്ല. നമ്മടെ കൂടേള്ള ആളടെ കാര്യം നമ്മള് നോക്കണ്ടേ. പറ്റ്യേ ഒന്നിനെ ഞാന്‍ നോക്കട്ടെ''.


''ഹരിടെ കൂടെ ഞങ്ങളൂണ്ട്'' മാഷ് ഉറപ്പ് കൊടുത്തു. അമ്പലത്തില്‍നിന്ന് ശംഖനാദം മുഴങ്ങി.


''ആദ്യം ഉത്സവം കഴിയട്ടെ. എന്നിട്ട് മതി കല്യാണക്കാര്യം'' അറിയാതെ രാമന്‍റെ നാവില്‍നിന്ന് വാക്കുകള്‍ പുറത്ത് ചാടി.


''അങ്ങനെ പറയിന്‍. ബാക്കി ഞങ്ങളേറ്റൂ''


''സംഗതി ശുഭാവും. അതാ ലക്ഷണം പറയുണ്''  കുറുപ്പ് മാഷ് പറഞ്ഞു. അവര്‍ സംഭാഷണം അവസാനിപ്പിച്ച് അമ്പലത്തിലേക്ക് നടന്നു


 ഭാഗം : - 28.


അമ്മിണി വീട്ടുപണികള്‍ ധൃതിയില്‍ ചെയ്തുതീര്‍ത്തു. ഭര്‍ത്താവ് കഴിഞ്ഞദിവസം ലോറിയുമായി പോയിരിക്കുകയാണ്. അദ്ദേഹം തിരിച്ചെത്തുമ്പോള്‍ വൈകുന്നേരമാവും. അപ്പോഴേക്ക് വീട്ടില്‍ ചെന്ന് അച്ഛനെ കണ്ടിട്ടുവരാം. 


വേഗം കുളിച്ചൊരുങ്ങി. ചായയുണ്ടാക്കി രണ്ട് ദോശയും ചുട്ടുതിന്ന് വാതിലും പടിയും പൂട്ടിയിറങ്ങി. ബസ്സ് സ്റ്റോപ്പിലേക്ക് കുറെദൂരം നടക്കണം. ചിലസമയത്ത് കാലി ഓട്ടോ കിട്ടും . തിരിച്ചുപോവുന്ന വണ്ടിയായതിനാല്‍ കണക്ക് പറയില്ല. പത്തുറുപ്പിക കൊടുത്താല്‍ ധാരാളം മതി. അവര്‍ക്കും നഷ്ടമില്ല. വെറുതെ കിട്ടുന്ന കാശല്ലേ.


വീട്ടില്‍നിന്നിറങ്ങി അധികദൂരം എത്തുംമുമ്പ് ഓട്ടോ കിട്ടി. അതില്‍ ഒരു സ്ത്രീയുണ്ട്. ഏതോ ജോലിക്കാരിയാണെന്ന് തോന്നുന്നു. അവരും കാലി ഓട്ടോ കൈകാണിച്ച് കയറിയതാവും. കൊടുത്ത പത്തുരൂപ വാങ്ങി ഡ്രൈവര്‍ പോക്കറ്റിലിട്ടു. ഭാഗ്യത്തിന്ന് ബസ്സ് സ്റ്റോപ്പില്‍ എത്തിയതും ബസ്സ് കിട്ടി. വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ കിടക്കുന്നതാണ് കണ്ടത്.


''ഇന്നെന്താ അച്ഛന്‍ എണീറ്റില്ലേ'' അവര്‍ ചോദിച്ചു.


''ഉവ്വ്. ആറ് മണിക്കെന്നെ എണീറ്റൂ ''ഏടത്തി പറഞ്ഞു ''എണീറ്റതും അമ്മേ വിളിച്ച് കുളിക്കാനുള്ള വെള്ളം ചൂടാക്കാന്‍ പറഞ്ഞു. ചോറുണ്ടാക്കി പാത്രത്തിലാക്കി തരണം. ഇന്ന് ശനിയാഴ്ച്യാണ്. രണ്ടുമൂന്ന് റേഷന്‍കടേല് പരിശോധിക്കാന്‍ പോണം  എന്നൊക്കെ പറഞ്ഞു''. അച്ഛന്‍ സര്‍വീസില്‍ ഉള്ളപ്പോള്‍ സി.എസ്.ആര്‍.ഐ.ആയിരുന്നു. അന്നൊക്കെ റേഷന്‍ കടകളില്‍ പരിശോധനയ്ക്ക് പോവും. അച്ഛന്‍റെ മനസ്സില്‍ ആ ഓര്‍മ്മകളാവും.


''അച്ഛന്‍ ഒന്നുംകൂടി ക്ഷീണച്ചപോലീണ്ടല്ലോ''.


''ഒരുസാധനം കഴിക്കിണില്യാ. കൊടുത്താ വേണ്ടാന്ന് പറയും''.


''ഡോക്ടറെ കാണിക്കണോ''.


''അമ്മ അപ്പുക്കുട്ടനെ പറഞ്ഞയച്ച് ഡോക്ടറെ വരുത്തി നോക്കി. അച്ഛന് വയസ്സായതോണ്ടാണ് സൂക്കടൊന്നും ഇല്യാന്ന് പറഞ്ഞു''.


''ഇന്നെന്താ അച്ഛന്‍ ഭാഗവതം വായിച്ചില്ലേ''.


''രണ്ടുദിവസായിട്ട് അതൂല്യാ. പുസ്തകം കൊടുത്താല്‍ അത് മാറത്തും വെച്ച് കിടക്കും. എന്താച്ഛാ പുസ്തകംവായിക്കിണില്യേന്ന് ചോദിച്ചാ അത് കയ്യിലെടുത്ത് തുറന്ന് പിടിക്കും. വായിക്കിണുണ്ടോ ഇല്യോന്ന് അറിയില്ല''.


അച്ഛന്‍ അങ്ങിനെയൊന്നും ആയിരുന്നില്ല. ബഹുകൃത്യനിഷ്ടയാണ്. ആഹാരം കഴിഞ്ഞാല്‍ പുസ്തകവുമായി ചാരുകസേലയില്‍ കിടക്കും. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ എഴുന്നേല്‍ക്കുന്നതുവരെ വായനയാണ്. കുറച്ചായി അച്ഛന് കണ്ണടപോലും വേണ്ടാ. വെള്ളെഴുത്ത് തെളിഞ്ഞൂന്ന് പറയും.


''ഇനിയെന്താ ചെയ്യാ''.


''അമ്മ പറഞ്ഞിട്ട് ഞാന്‍ ദാമോധരപണിക്കരെ പോയികണ്ടു. അച്ഛന് ദശ മാറുണ സമയാണ്. അമ്മയ്ക്കാണെങ്കില്‍ വൈധവ്യം അനുഭവിക്കണ്ട സമയൂം. ഈ പത്താം തിയ്യതി അച്ഛന്‍റെ പക്കപ്പിറന്നാളാണ്. അത് കടന്ന് കിട്ടണംന്ന് പറഞ്ഞു''.


''എന്നിട്ടെന്താ എന്നെ അറിയിക്കാഞ്ഞത്''.


''വെറുതെ നിന്നെക്കൂടി ബേജാറാക്കണ്ടാന്ന് അമ്മ പറഞ്ഞു''.


''എന്നിട്ട് അമ്മ എവിടെ''.


''അപ്പുകുട്ടനീം കൂട്ടി ശിവന്‍ കോവിലിക്ക് പോയി. അച്ഛന്‍റെ പേരില് ധാരീം പിന്‍വിളക്കും വെക്കാന്‍ ഏല്‍പ്പിക്കാന്‍ പോയതാ''.


''അമ്മ എന്ത് പറയുണൂ''.


''അമ്മയ്ക്ക് നല്ല സങ്കടൂണ്ട്. പതിനേഴ് വയസ്സ് തികയുംമുമ്പ് അച്ഛന്‍ അമ്മേ കല്യാണം കഴിച്ചതാണ്. ഇന്നേവരെ രണ്ടാളും ഇണപിരിയാത്ത കിളികളെ പോലെ കഴിഞ്ഞതാണ്. കല്യാണംകഴിഞ്ഞ് എഴുപത്തൊന്ന് കൊല്ലം കഴിഞ്ഞൂന്ന് തോന്നുണില്യാ എന്നാ അമ്മ പറയുണ്''.


''അച്ഛന്‍റെ കാലം കഴിഞ്ഞാല്‍ എന്താ നിങ്ങടെ ഉദ്ദേശം''.


''എനിക്കൊരു പിടീം ഇല്ലാന്‍റെ അമ്മിണ്യേ. കുറച്ച് കഴിഞ്ഞാല്‍ അമ്മീം പോവും. പിന്നത്തെ എന്‍റെ അവസ്ഥ ആലോചിക്കാനേ വയ്യ''.


''ഞാന്‍ ജീവിച്ചിരിക്കുമ്പൊ എന്‍റെ ഏടത്തിക്ക് ആരൂല്യാണ്ടെ വര്വോ''.


''അതേ എനിക്കൊരു സമാധാനൂള്ളൂ''.


''കഴിഞ്ഞപ്രാവശ്യം വന്നു പോയപ്പൊ ഞാനും കുട്ട്യേളടെ അച്ഛനും കൂടി ഈ കാര്യം പറയ്യേണ്ടായി. അമ്മിണീ, അമ്മേം ഏടത്ത്യേം നമുക്ക് ഇങ്കിട്ട് കൊണ്ടുവരാന്ന് മൂപ്പര്‍ പറയും ചെയ്തു''.


''നീ ഭാഗ്യം ചെയ്തോളാ. നമ്മടെ അച്ഛനെപ്പോലെ വേലപ്പേട്ടനും നല്ല ആളാണ്''. 


എന്നിട്ട് ആ മനുഷ്യനോട് രാധ ടീച്ചര്‍ക്ക് അടുപ്പമുണ്ടെന്ന് തോന്നിയത് മോശമായി. അഥവാ അവര്‍ക്ക് അങ്ങിനെ വല്ലതും ഉണ്ടെങ്കിലും തന്‍റെ ഭര്‍ത്താവിന്ന് അങ്ങിനെയുണ്ടാവില്ല എന്ന ഉറപ്പ് വേണ്ടതാണ്. അത് തോന്നിയില്ലല്ലോ. അമ്മിണിക്ക് നേരിയ കുറ്റബോധം തോന്നി. 


''മൂപ്പരിന്ന് വണ്ടീന്ന് ഇറങ്ങും. നാളെ രാവിലെ ഞങ്ങള് ഇവടീണ്ടാവും. പത്താം തിയ്യതി കഴിയിണത് വരെ ട്രിപ്പ് പോണ്ടാന്ന് ഞാന്‍ പറയാം. അതുവരെ രണ്ടാളും ഇവിടെ കഴിയാം''.


''നന്നായി. അച്ഛന് വേലപ്പേട്ടന്‍ മകനെപ്പോല്യാണ്. അവസാനകാലത്ത് നാല് ദിവസം മൂപ്പര് അച്ഛന്‍റടുത്തിരിക്കട്ടെ''. 


''നീയിവിടെ നിക്കെടാ അപ്പുക്കുട്ടാ. പീടീകേന്ന് ഒന്നുരണ്ട് സാധനങ്ങള്‍ വാങ്ങാനുണ്ട്. ഞാനീ ചന്ദനം മുത്തശ്ശന് തൊട്ടുകൊടുത്ത് പൂവുംചൂടിച്ച് വരാട്ടോ''


ഉമ്മറത്തുനിന്ന് അമ്മയുടെ ശബ്ദം കേള്‍ക്കാനുണ്ട്. സംഭാഷണം നിര്‍ത്തി അമ്മിണിയും ഏടത്തിയും ഉമ്മറത്തേക്ക് നടന്നു.


 ഭാഗം : - 29.


''എന്തിനാ കുട്ട്യേ ഈ ഉച്ചവെയിലത്ത് പോണത്. വെയില് മാറി വൈകുന്നേരം പോയാല്‍ പോരേ'' അമ്മിണി തിരിച്ചുപോരാന്‍ പുറപ്പെട്ടപ്പോള്‍ അമ്മ പറഞ്ഞു.


''അല്ലാമ്മേ, പോയിട്ട് പിടിപ്പത് പണീണ്ട്. അത് തീര്‍ത്ത് വെച്ചാലേ നളെരാവിലെ സമാധാനായിട്ട് ഞങ്ങള്‍ക്ക് വരാന്‍ പറ്റൂ''.


''എന്താപ്പൊ ഇത്രയധികം പണീള്ളത്''.


''കുറെ തുണി മുഷിഞ്ഞുകിടക്കുണുണ്ട്. അത് തിരുമ്പീടണം. മുറ്റത്ത് കുറെ വിറക് വെട്ടി ഒണക്കാനിട്ടിട്ടുണ്ട്. അതെടുത്ത് ഉള്ളില് വെക്കണം. മതില് ചാടി ആരെങ്കിലും രണ്ട് വാരല് വിറക് കൊണ്ടുപോയാല്‍ പോയില്ലേ''.


''എന്നാല്‍ ഞാനൊരു തോര്‍ത്ത് തരാം. അത് മടക്കി തലേലിട്ടോ. വെയില് കൊള്ളണ്ട''.


''അതൊന്നും വേണ്ടാ. ഞാന്‍ സാരിടെ തലപ്പ് തലേല്‍ക്കൂടി ഇട്ടോളാം''.


അമ്മിണി വീട്ടിലെത്തിയതും തുണികള്‍ തിരുമ്പാനെടുത്തു. പിന്നിലെ അലക്കുകല്ലിന്‍റെ ഭാഗത്ത് മരത്തിന്‍റെ നിഴലുണ്ട്. അവിടെ വെയില് കൊള്ളില്ല. തിരുമ്പല് കഴിഞ്ഞിട്ടുമതി വിറക് അകത്തെത്തിക്കാന്‍.


മണി നാല് കഴിഞ്ഞിട്ടേയുള്ളു. അപ്പോഴേക്കും തുണിതിരുമ്പല്‍ കഴിഞ്ഞു. എല്ലാം ഉണക്കാനിട്ട് ഒരു ചായവെച്ചുകുടിക്കണം. എന്നിട്ടുമതി അടുത്ത പണികള്‍. ചായ ആറ്റിക്കൊണ്ടിരിക്കുമ്പോള്‍ ഉമ്മറത്തൊരു ഓട്ടോറിക്ഷ നില്‍ക്കുന്ന ശബ്ദംകേട്ടു. പുറത്തുവന്ന് നോക്കുമ്പോള്‍ ഭര്‍ത്താവാണ്.


''ഇന്നെന്താ പതിവിലും നേര്‍ത്തേ'' അമ്മിണി ചോദിച്ചു.


''നേരത്തെ പുറപ്പെടാന്‍ പറ്റി. വഴീല് ട്രാഫിക് ബ്ലോക്കോ തടസ്സോ ഒന്നും ഉണ്ടായതൂല്യാ''.


''നന്നായി. വന്നിട്ട് നാളത്തെ കാര്യം പറയണംന്ന് വിചാരിച്ചിരിക്ക്യാണ് ഞാന്‍''.


''അതെന്താ നാളത്തെ കാര്യം''.


''ഞാനിന്ന് വീട്ടിലിക്ക് പോയിരുന്നു. അച്ഛന്‍റെ സ്ഥിതി തീരെ മോശാണ്'' അമ്മിണി വിവരങ്ങളെല്ലാം പറഞ്ഞു ''നാളെ രാവിലെ നമ്മള് രണ്ടാളും കൂടി വരാം. കുറച്ചുദിവസം കഴിഞ്ഞിട്ടേ പോവുന്നുള്ളൂ എന്നൊക്കെ പറഞ്ഞിട്ടാ ഞാന്‍ വന്നത്''.


''അമ്മിണീ, പറഞ്ഞുകേള്‍ക്കുമ്പൊ എന്തോ കുഴപ്പൂള്ളപോലെ എനിക്ക് തോന്നുണൂ. നമുക്ക് ഇന്നന്നെ പോയാലോ''.


''അത് ബുദ്ധിമുട്ടല്ലേ. രാവിലെ നേര്‍ത്തേ പോവാന്നേ''.


''അതല്ല. രാത്രി സമയത്ത് എന്തെങ്കിലും സംഭവിച്ചാല്‍ ആരാ അവടീള്ളത്. ഞാന്‍ പറയുണപക്ഷം നമുക്ക് ഇന്നന്നെ പോവാം''.


''പക്ഷെ രണ്ട് കാര്യൂണ്ട്. ഒന്നാമത് ഈ വിറകൊക്കെ അകത്തിക്ക് കടത്തണം. അത് കഴിഞ്ഞ് രാത്രീലിക്ക് എന്തെങ്കിലും ഉണ്ടാക്കണം. അതൊക്കെ കഴിയുമ്പൊ പോവാന്‍  നേരം കിട്ട്വോ''.


''വിറക് കടത്താന്‍ ഞാനും കൂടാം. ആഹാരത്തിന്‍റെ കാര്യം ആലോചിച്ച് വിഷമിക്കണ്ട. അത് എന്തെങ്കിലും വാങ്ങാം''.


''എന്നാ ഞാന്‍ ഏടത്ത്യേ വിളിച്ച് വരുണവിവരം പറഞ്ഞോട്ടെ''.


''പറഞ്ഞോളൂ. അപ്പഴയ്ക്കും ഞാന്‍ ഈ ഡ്രസ്സൊന്ന് മാറട്ടെ''. അമ്മിണി ഫോണ്‍ ചെയ്തു കഴിയുമ്പോഴേക്കും വേലപ്പന്‍ പാന്‍റും ഷര്‍ട്ടും മാറ്റി ലുങ്കി ചുറ്റി തയ്യാറായി.


''ഏടത്തിടടുത്ത് ഭക്ഷണം ഉണ്ടാക്കണ്ടാ, നമ്മള് വരുമ്പൊകൊണ്ടുവരുംന്ന് പറഞ്ഞിട്ടുണ്ട്'' അമ്മിണി അടുക്കിവെച്ച വിറകുകള്‍ വേലപ്പന്‍ ചുമന്ന് അകത്തെത്തിച്ചു.


''ഒരാള്‍ക്കൊരാള് ഉണ്ടാവുമ്പൊ പണിക്കെത്ര ആക്കൂണ്ട്'' അമ്മിണി ജോലിതീര്‍ന്നതും പറഞ്ഞു ''വേഗം കുളിച്ചോളൂ. അപ്പഴയ്ക്ക് ഇപ്പൊ ഇട്ടിട്ടുവന്ന ഡ്രസ്സ് ഞാന്‍ നനച്ചിടട്ടെ''. എല്ലാം കഴിയുമ്പോഴേക്ക് നേരം സന്ധ്യയായി.


''വിളക്ക് കത്തിച്ചുവെച്ച് പ്രാര്‍ത്ഥിച്ചിട്ട് ഇറങ്ങാല്ലേ'' അമ്മിണി വിളക്ക് കത്തിക്കുമ്പോഴേക്ക് വേലപ്പന്‍ ഡ്രസ്സ് ചെയ്തു. 


അമ്മിണി വസ്ത്രങ്ങളെല്ലാം ബാഗിലാക്കിവെച്ചിട്ടുണ്ട്. വിളക്ക് തൊഴുത് ബാഗെടുത്ത് പുറത്തിറങ്ങി.


''ഇനി ബസ്സ് കിട്ടി എപ്പഴാ നമ്മളവിടെ എത്ത്വാ'' പടിപൂട്ടുമ്പോള്‍ അമ്മിണി ചോദിച്ചു.


''അതിന് നമ്മള്‍ ബസ്സിനല്ലല്ലോ പോണത്. കിട്ടുണ ഓട്ടോയില്‍ കേറി നേരെ അങ്കിട്ട് വിടും''.


''അതിന് കാശ് കുറെ വരില്ലേ''.


''അത്ര്യോന്നും വരില്ല''.


''ഒരുമിനുട്ട് നില്‍ക്കൂ. ഞാന്‍ അടുത്ത വീട്ടിലൊന്ന് പറഞ്ഞിട്ട് വരട്ടെ'' അമ്മിണി ചെന്നു. ഓട്ടോ വരുന്നതും നോക്കി വേലപ്പന്‍ ഗെയിറ്റിന്ന് മുന്നില്‍ നിന്നു.


''അതേ, ഇവിടെ നിന്നാല്‍ എപ്പഴാ ഓട്ടോ വര്വാന്ന് പറയാന്‍ പറ്റില്ല. നമുക്ക് നടക്കാം'' തിരിച്ചുവന്ന അമ്മിണി പറഞ്ഞു.


''രണ്ട് വണ്ടി ആളേംകൊണ്ട് വടക്കോട്ട് പോയിട്ടുണ്ട്. അത് മടങ്ങി വരും'' വേലപ്പന്‍ പറഞ്ഞു.


''വരുമ്പൊ വരട്ടെ. നമുക്ക് നടക്കാം'' നടക്കാനുള്ള അമ്മിണിയുടെ താല്‍പ്പര്യം കണ്ടപ്പോള്‍ വേലപ്പന്‍ ഒന്നും പറഞ്ഞില്ല.


''എന്താ ഹോട്ടലിന്ന് വാങ്ങുണ്'' അല്‍പ്പം കഴിഞ്ഞപ്പോള്‍ അമ്മിണി ചോദിച്ചു.


''എന്ത് വേണച്ചാലും വാങ്ങാം''.


''വേറൊരു സമയത്താണെങ്കില്‍ ഞാന്‍ പൊറോട്ടീം  ചിക്കണ്‍ കറീം വാങ്ങാന്‍  പറഞ്ഞേനെ. ഏടത്തിക്കത് വല്യേ ഇഷ്ടാണ്. എന്തായാലും അച്ഛനിങ്ങിനെ കിടക്കുമ്പൊ അത് വേണ്ടാ''.


''ഏടത്ത്യേ വിളിച്ച് എന്താ വേണ്ടതേന്ന് ചോദിക്ക്. അവര്‍ക്ക് ഇഷ്ടൂള്ളത് വാങ്ങീട്ട് പോവാം''.


''ഓട്ടോയില്‍ കേറട്ടെ. എന്നിട്ട് വിളിക്കാം''. പുറകില്‍നിന്ന് ഓട്ടോയുടെ ശബ്ദം കേട്ടു. വേലപ്പന്‍ അതിന്ന് കൈ കാണിച്ചു.



 ഭാഗം : - 30.


കല്യാണസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് രുഗ്മിണി ടീച്ചര്‍ പത്മാവതിയമ്മയെ കാണുന്നത്. ടീച്ചര്‍ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.


''എന്താ പത്മം ഒറ്റയ്ക്കേ ഉള്ള്വോ'' അവര്‍ ചോദിച്ചു.


''മാഷ് വേറൊരു കല്യാണത്തിന്ന് പോയിരിക്ക്യാണ്. ഞാന്‍ ഒറ്റയ്ക്കേ വന്നുള്ളൂ''.


''വാടകക്കാര് എങ്ങനീണ്ട്''.


''ടീച്ചര്‍ പറഞ്ഞപോലെ തീരെ പാവങ്ങള്‍. അവരൂണ്ട് അവരുടെ പാടൂണ്ട്. ഒരു കുഴപ്പൂം അവരെക്കൊണ്ട് ഇല്ല''.


''ഞാനന്നേ പറഞ്ഞില്ലേ. പാവങ്ങളാണ് അവര്‍. എത്രയാ നിങ്ങള്‍ വാടക നിശ്ചയിച്ചത്''.


''അതൊന്നും പറഞ്ഞില്ല. ഞങ്ങളേക്കൊണ്ട് ആവുന്നത്ര തരാന്ന് ആ സ്ത്രീ ആദ്യം തന്നെ പറഞ്ഞു. കാശിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കണ്ടാന്ന് മാഷും പറഞ്ഞു''.


''ഞാനിത് ആദ്യായിട്ട് കേള്‍ക്ക്വാണ്. വാടകടെ കാര്യോല്ലേ ആദ്യം പറയ്യാ.. നിങ്ങളെന്താ ഇങ്ങിനെ ചെയ്തത്''.


''ഞങ്ങള്‍ക്ക് തുണയ്ക്കൊരാള് വേണം. അല്ലാണ്ടെ മറ്റൊന്നും നോക്കീലാ''.


''കാശ് മുടക്കാണ്ടെ വീടുണ്ടാക്കാന്‍ പറ്റ്വോ. അപ്പൊ അതിന്ന് വരുമാനം വേണ്ടതല്ലേ''.


''ഞങ്ങള്‍ അതൊന്നും ആലോചിച്ചില്ല''.


''നോക്കൂ പത്മം. ഞങ്ങടെ ബില്‍ഡിങ്ങില്‍ പത്തുകൂട്ടര് വാടകയ്ക്കുണ്ട്. ആളൊന്നുക്ക് ഏഴായിരത്തി അഞ്ഞൂറുവെച്ച് മാസം എഴുപത്തയ്യായിരം ഉറുപ്പിക കിട്ടും. അതൊരു വരുമാനോല്ലേ''.


''പിന്നെന്താ, നല്ലൊരു സംഖ്യ ആയല്ലോ''.


''മാസം എഴുപത്തയ്യായിരം പലിശ കിട്ടണച്ചാല്‍  ചുരുങ്ങ്യേത് ഒരുകോടി എണ്‍പത്ത് ലക്ഷം ഫിക്സ്ഡ് ഡെപ്പോസിറ്റ് ഇടണംന്ന് മൂപ്പര് ഇടയ്ക്ക് പറയാറുണ്ട്. അത് മാത്രോ. ഒരുകൊല്ലം ഒമ്പത് ലക്ഷം പലിശ കിട്ട്യാല്‍ അതിന്ന് ഇന്‍കം ടാക്സ് പോവില്ലേ. അതൊക്കെ നോക്കുമ്പൊ ഇതാ നല്ലത്''.


''ഞങ്ങള് അതൊന്നും ആലോചിച്ചില്ല. തുണയ്ക്കൊരുകൂട്ടര് വേണം.  അത് മാത്രേ നോക്ക്യോളൂ''.


''നല്ലോണം തിരക്ക് വരുമ്പഴയ്ക്ക് നമുക്ക് ആഹാരം കഴിച്ചിട്ട് പോവാം'' ടീച്ചര്‍ എഴുന്നേറ്റു, ഒപ്പം പത്മാവതിയമ്മയും.


^^^^^^^^^^^^^^^^^^^^


''നാട്ടില്‍ ഇത്രയധികം കഷ്ടപ്പാടുള്ളോരുള്ളകാര്യം എനിക്കറിയില്ല'' ബാലന്‍ മാഷ് പറഞ്ഞു. കാവിലെ ഉത്സവത്തിന്‍റെ നോട്ടീസ് വീടുകളില്‍ എത്തിക്കാനും സംഭാവന പിരിയ്ക്കാനും പോയവരുടെ കൂട്ടത്തില്‍ ചെന്നതായിരുന്നു അയാള്‍. ഒരു മാസത്തിലേറെയുണ്ട് ഉത്സവത്തിന്ന്. എങ്കിലും എല്ലാദിക്കിലും നേരത്തെ എത്താമെന്നാണ് കമ്മിറ്റിക്കാരുടെ ഉദ്ദേശം. 


''അതിന് നിങ്ങള്‍ നാട്ടിലിറങ്ങി നടന്നിട്ട് വേണ്ടേ. രാവിലെ വീട്ടിന്ന് ചെന്ന് പോസ്റ്റോഫീസില്‍ ഇരിയ്ക്കും. വൈകുന്നേരം അവിടേന്നിറങ്ങി നേരേ വീട്ടിലിക്കും പോവും'' കണ്ണന്‍ നായര്‍ പറഞ്ഞു.


''അദ്ധ്വാനിച്ച് പത്തുറുപ്പിക ഉണ്ടാക്കാന്‍ ആളില്ലാത്ത ഏഴെട്ട് വീട് ഇന്ന് ഞാന്‍ കണ്ടു. എങ്ങന്യാ അവരൊക്കെ കഴിയിണ് എന്നാലോചിച്ച് അന്തം കിട്ടുണില്ല''.


''തീരെ നിര്‍ഗ്ഗതീള്ള എത്ര്യോ ആള്‍ക്കാരുണ്ട്. ആരും അവരടെ കാര്യം ചിന്തിക്കില്ല'' കമ്പൌണ്ടര്‍ രാമന്‍ പറഞ്ഞു.


''ആനക്കൂട്ടത്തിന്‍റെ കൂട്ടത്തില്‍ ചേനക്കൂട്ടം പറയുണൂ എന്നാരും കരുതരുത്'' ബാലന്‍ മാഷ് പറഞ്ഞു ''മാസം തോറും നമ്മളേക്കൊണ്ട് ആവുണ പൈസ പിരിച്ച് അങ്ങനീള്ളോരെ സഹായിച്ചാലോ. എന്താ അഭിപ്രായം''.


''സംഗതി നല്ലതന്നെ. എന്ത് ചെയ്യാനാ നിങ്ങള്‍ ഉദ്ദേശിക്കിണ്''.


''അഞ്ചോ പത്തോ കിലോ അരീം അതിനുവേണ്ട സാധനങ്ങളും വാങ്ങി തീരെ ഗതീല്ലാത്തോര്‍ക്ക് കൊടുക്ക്വാ''.


''ഞാന്‍ എന്‍റെ അനുഭവത്തിലുള്ള ഒരുകാര്യം പറയട്ടെ '' ഹരിദാസന്‍ പറഞ്ഞു ''കുറേകാലം മുമ്പ് ഞങ്ങള് പത്ത് പന്ത്രണ്ട് ആളക്ക് ഈ ബുദ്ധി തോന്നി. ഞങ്ങള് അഞ്ചാം തിയ്യത്യോടെ ആകാവുന്നത്ര പൈസ എടുത്ത് സാധനങ്ങള് വാങ്ങി കുറെ വീട്ടുകാര്‍ക്ക് കൊടുത്തിരുന്നു. ഞങ്ങടെ വരവും കാത്ത് കുറേപേര് കാത്തിരിക്കും. കുരുത്തംകെട്ട ചിലരായിട്ട് അതൊക്കെ മുടക്കി''.


''അതെന്താ പറ്റ്യേത്''.


''എല്ലാം കിറ്റാക്കി ഓട്ടോറിക്ഷേല് ഓരോരുത്തരടീം വീട്ടിലെത്തിക്കും. നിങ്ങള് വന്ന് ബുദ്ധിമുട്ടണ്ട, കടേല് ഏല്‍പ്പിച്ചാ മതി. ഞങ്ങള് പോയി വാങ്ങിക്കോളാംന്ന് രണ്ടുമൂന്ന് യോഗ്യന്മാര് പറഞ്ഞു. അത്രേങ്കിലും ഉപകാരം ആയല്ലോന്ന് ഞങ്ങളും കരുതി. പക്ഷെ ആ പഹയര്  എന്താ ചെയ്തത്ന്ന് നിങ്ങക്ക് കേള്‍ക്കണോ''.


''പറയിന്‍, കേള്‍ക്കട്ടെ''.


''കടേന്ന് കിറ്റും വാങ്ങി അടുത്തുകണ്ട ചായപ്പീടീല് അത് കൊടുത്ത് കാശ് വാങ്ങി. ആയിരം ഉറുപ്പികടെ സാധനം അഞ്ഞൂറിന് കിട്ട്യാല്‍ എന്താ മോശം. ചായപ്പീടികകാരനും  അവര്‍ക്കും അഞ്ഞൂറഞ്ഞൂറ് ലാഭം. കിറ്റ് കൊടുത്ത  ആള്‍ക്കാര് മണ്ടന്മാര്‍. അതറിഞ്ഞതോടെ പൈസ തരുണ പലരും അതിന്ന് മാറി. പരിപാടി നില്‍ക്കും ചെയ്തു''.


''ആരോ ചെയ്ത തെറ്റിന് പാവങ്ങളെ ശിക്ഷിക്കരുത്. നമുക്ക് യഥാര്‍ത്ഥ ആവശ്യക്കാരെ കണ്ടെത്തി അവരെ സഹായിക്കാം''.


''അങ്ങന്യാണച്ചാല്‍ ഞാനെന്താ വേണ്ടത്ച്ചാല്‍ തരാം'' ഹരിദാസന്‍ ഏറ്റു. അതോടെ മറ്റുള്ളവരും സഹായിക്കാന്‍ തയ്യാറായി.


No comments:

Post a Comment

അദ്ധ്യായം 111-120

 ഭാഗം : - 111. മുന്നറിയിപ്പ് നല്‍കാതെയാണ് കണ്ണന്‍ നായരും രാധയും മകന്‍റെ വീട്ടിലേക്ക് ചെന്നത്. ''പോണ വിവരം വിളിച്ച് പറയണ്ടേ''...