ഭാഗം : - 81.
''ഇന്നലെ ഉറക്കം വരുണതുവരെ കുറുപ്പ് മാഷ് പറഞ്ഞതന്നെ ഞാന്‍ ആലോചിച്ചോണ്ട് കിടന്നു'' ശിപായി ചാമുണ്ണി പറഞ്ഞു ''എമ്മാതിരി പൊട്ടത്തരാണ് മാഷടെ ഭാര്യ ചെയ്യാന്‍പോണത്. അവനോന്‍റെ സ്വത്ത് അന്യനൊരാള്‍ക്ക് വെറുതെ കൊടുക്ക്വാന്ന് വെച്ചാലോ. പിന്നൊരു കാര്യം. ഓരോരുത്തരടെ വീട്ടിലൂണ്ട് ഇമ്മാതിരി ഓരോ പ്രശ്നങ്ങള്. ഒരാള് ഭാര്യടെ കുറ്റം പറയുമ്പൊ നിങ്ങക്കവളടെ ചെകിടടിച്ച് പൊട്ടിക്കായിരുന്നില്ലേന്ന് നമുക്ക് ചോദിക്കാം. നമ്മടെ വീട്ടിലാ അമ്മാതിരി പ്രശ്നം ഉള്ളത്ച്ചാലോ, എല്ലാം സഹിച്ച് മിണ്ടാണ്ടിരിക്കും''.
''എന്താ ചാമുണ്യേട്ടാ, നിങ്ങടെ വീട്ടിലും കുഴപ്പൂണ്ടോ'' കണ്ണന്‍ നായര്‍ ചോദിച്ചു.
''ആരടെ വീട്ടിലാ കുഴപ്പൂല്ലാത്തത്. നിങ്ങടെ കെട്ട്യോള് എന്താ ചെയ്ത്. ഒരാവശ്യൂം ഇല്ലാണ്ടെ ഓട്ടോറിക്ഷ വാങ്ങി. അതൊരു മുടക്കാചരക്കായി വീട്ടിന്‍റെ മുമ്പില് നില്‍ക്കുണുണ്ട്''.
''അത് ശര്യേന്നെ. നിങ്ങക്കെന്താ കുഴപ്പം. അത് പറയിന്‍''.
''ഇടയ്ക്കൊക്കെ ഇടീം മിന്നലും ഉണ്ടാവാറുണ്ട്. അതൊക്കെ പറയാന്‍ തുടങ്ങ്യാല്‍ ഒരു മാസം നിര്‍ത്താണ്ടെ പറയണ്ടിവരും''.
''എന്നാലും അടുത്തകാലത്ത് നടന്ന ഒരു സംഭവം പറയിന്‍. എനിക്കൊരു തുണ ഉണ്ടേന്ന് സമാധാനിക്കാലോ''.
''അത് കേള്‍ക്കാണ്ടെ നിങ്ങക്ക് ഉറക്കം വരാണ്ടിരിക്കണ്ട. കേട്ടോളിന്‍'' ചാമുണ്ണി തുടര്‍ന്നു ''എനിക്ക് രണ്ട് അളിയന്മാരാണ്. അവരടെ മക്കളുടെ കല്യാണക്കാര്യം പറയാന്‍ പൊവ്വാണ്. മൂത്ത അളിയന്‍ കുറെകാലം ഗള്‍ഫിലായിരുന്നു. നല്ലോണം സമ്പാദിച്ച് കൂട്ടീട്ടുണ്ട്. ഇളയ ചെക്കന്‍ നാട്ടില് ചില്ലറ പണി ചെയ്ത് കൂടി''.
''ഇതാണോ കല്യാണക്കാര്യം''.
''ക്ഷമിക്കിനേ. എന്‍റെ മകളടെ കല്യാണത്തിന് രണ്ടുകൂട്ടരും ബന്ധുമ ആയിട്ട് പത്തായിരം ഉറുപ്പികതന്നു. മകള്‍ക്കൊന്നും കൊടുത്തതൂല്യാ. കുറെകാലം കഴിഞ്ഞപ്പൊ മൂത്ത അളിയന്‍റെ മകളടെ കല്യാണംവന്നു. ആ പതിനായിരം മടക്കികൊടുക്കാന്ന് ഞാന്‍ പറഞ്ഞു. കെട്ട്യോളതിന് സമ്മതിക്കണ്ടേ. അവള് വാശിപിടിച്ച് രണ്ടുപവന്‍റെ വള വാങ്ങി കൊടുത്തു. ഇന്നാള് രണ്ടാമത്തെ അളിയന്‍റെ മകളടെ കല്യാണംവന്നു. ആ പെണ്ണിനും അതുപോലെ വള വാങ്ങി കൊടുക്കണ്ടേന്ന് ഞാന്‍ ചോദിച്ചു. ഒന്നും വേണ്ടാ. നമുക്ക് തന്ന പതിനായിരം മടക്കി കൊടുത്താ മതീന്ന് കെട്ട്യോള്. അതില് ഒന്നും രണ്ടും പറഞ്ഞ് തെറ്റി. എന്‍റെ ബന്ധുക്കളടെ കാര്യത്തില്‍ ഞാനാ തീരുമാനം പറയാന്‍ എന്നായി അവള്. ചുരുക്കി പറഞ്ഞാല്‍ സംഗതി നാണക്കേടായി''.
''അതിലെന്താ ചാമുണ്യേട്ടാ, നാണക്കേട് വെച്ചിരിക്കിണ്''.
''അതുംകൂടി കേട്ടോളിന്‍. പതിനായിരം കൊടുത്തപ്പൊ അവരത് വാങ്ങി വെച്ചു. കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പൊ അളിയന്‍ വീട്ടില് വന്നു. ഭാഗ്യത്തിന് ഞാനപ്പൊ സ്ഥലത്തില്ല. നിങ്ങള് ഒരുകണ്ണില് വെണ്ണീം മറ്റേ കണ്ണില് ചുണ്ണാമ്പും തേച്ചു. ഇത് നിങ്ങളന്നെ വെച്ചോളിന്‍ എന്നും പറഞ്ഞ് ആ കൊടുത്ത കാശ് മടക്കിത്തന്ന് അവന്‍ പോയി''.
''അത് കഷ്ടായി. എന്നിട്ട് നിങ്ങടെ ഭാര്യ എന്താ പറഞ്ഞത്''.
''അവനത്ര പ്രമാണ്യാച്ചാല്‍ പൊയ്ക്കോട്ടെ. അത് കാരണം നമ്മടടുത്ത് പിണങ്ങ്വാണച്ചാല്‍ പിണങ്ങിക്കോട്ടേന്ന് പറഞ്ഞു''.
''ഇനി നിങ്ങള്‍ക്കവനെ മേല്‍ക്കൊണ്ട് കാണാന്‍ പറ്റാത്ത അവസ്ഥ ആയില്ലേ''.
''സംഗതി ശര്യാണ്. എന്നെങ്കിലും അവനെ കണ്ടാല്‍ ഉണ്ടായതൊക്കെ ഞാന്‍ അവന്‍റടുത്ത് പറയും. ഞാനെന്തിനാ വേണ്ടാണ്ടെ പഴികേക്കുണ്''.
''ആ വര്‍ത്തമാനം കഴിഞ്ഞു. ഇനി കണ്ണേട്ടന്‍ പറയട്ടെ. വണ്ടി വാങ്ങീട്ട് എങ്കിട്ടെങ്കിലും പോയോ''.
''വടക്കന്തറക്കാവിലും മണപ്പുള്ളിക്കാവിലും പോയി. അടുത്ത പോക്ക് മാങ്ങോട്ട് കാവിലിക്കാണെന്ന് പറയുണുണ്ട്''.
''ദൂരെ എവടെക്കെങ്കിലും പോണുണ്ടോ''.
''ഒഴിവോടെ ഒരുദിവസം ഗുരുവായൂര് പോയിതാമസിച്ച് തൊഴുകണം. ഒരുഡ്രൈവറെ പാകംപോലെ കിട്ടീട്ട് വേണം പോവാന്‍''.
''നിങ്ങള് ഓട്ടോ ഓട്ടാന്‍ പഠിക്കിന്‍. അപ്പൊ ആരടേം കാല് പിടിക്കാണ്ടെ കഴിയ്യോലോ''.
''ഞാന്‍ പഠിക്കും മുമ്പ് രാധ പഠിക്കുംന്ന് തോന്നുണൂ. വണ്ടി കഴുകാന്‍ ഇറക്കുണതും ഷെഡ്ഡില്‍ കേറ്റുണതും അവളാണ്''.
''നിങ്ങള് ഞെളിഞ്ഞ് മുമ്പിലെ സീറ്റില്‍ ഇരുന്നോളിന്‍. മൂപ്പത്ത്യാര് ഓട്ടോ ഓട്ടിച്ചോട്ടെ. അല്ല പിന്നെ''.
''നോക്കിന്‍. നേരാവുണൂ. അമ്പലത്തിലിക്ക് പോവാം'' ചാമുണ്ണി തിരക്ക് കൂട്ടി. എല്ലാവരും എഴുന്നേറ്റു.
ഭാഗം : - 82.
അമ്പലത്തില്‍നിന്നുവന്ന ഹരിദാസന്‍ അല്‍പ്പം വിശ്രമിച്ചു. വരുന്ന വഴിക്ക് ഹോട്ടലില്‍ കയറി ആഹാരം കഴിച്ചതുകൊണ്ട് ആ പണി കഴിഞ്ഞു. ദേഹത്തെ വിയര്‍പ്പൊന്ന് വറ്റിയിട്ടുവേണം മേല്‍ക്കഴുകാന്‍. തണുത്തവെള്ളത്തില്‍ മേല്‍ക്കഴുകുന്ന കൂട്ടത്തില്‍ തല നനയ്ക്കാം. കുളി കഴിഞ്ഞാല്‍ ഉറങ്ങാന്‍ ഒരുസുഖമുണ്ട്. തണുത്തവെള്ളമൊഴിച്ച് ദേഹത്ത് സോപ്പ് തേക്കുമ്പോള്‍ മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടു. മര്യാദയ്ക്കൊന്ന് കുളിക്കാന്‍ സമ്മതിക്കാത്തവര്‍. കുളി കഴിഞ്ഞ് വരുമ്പോഴേക്കും രണ്ടു തവണകൂടി മൊബൈലടിച്ചു. തുവര്‍ത്തിക്കഴിഞ്ഞശേഷം ഹരിദാസന്‍ മൊബൈലെടുത്തു. ഭാര്യയാണ് വിളിച്ചത്. അയാള്‍ തിരിച്ചുവിളിച്ചു.
''ഞാന്‍ വിളിച്ചപ്പൊ നിങ്ങള്‍ എവിടെപോയി കിടക്ക്വായിരുന്നു'' അത് കേട്ടതും ഉള്ള ദേഷ്യം മുഴുവന്‍ വന്നു.
''എന്‍റെ അമ്മായിയപ്പനെ കാണാന്‍ പോയി. എന്താ തൃപ്ത്യായോ''.
''അതിന് എന്‍റച്ഛന്‍ ചത്തുപോയിട്ട് കൊല്ലം പതിനഞ്ചായി''.
''എന്നാല്‍ കേട്ടോ. മേല്‍ക്കഴുകാന്‍ ചെന്നതാണ്. മേത്ത് വെള്ളം പാര്‍ന്ന് സോപ്പ് തേക്കാന്‍ തുടങ്ങ്യേപ്പഴാ നീ വിളിച്ചത്''.
''എന്നാല്‍ ആദ്യംതന്നെ അത് പറഞ്ഞാല്‍ പോരേ''.
''അതെങ്ങനെ. ഞാന്‍ വിളിച്ചതും നീ ചാടികടിക്കാന്‍ വര്വേല്ലേ ചെയ്തത്. ഇനി പറ, എന്താ വിശേഷം''.
''ഇന്നൊരു സംഭവൂണ്ടായി. അത് പറയാന്‍വേണ്ടി വിളിച്ചതാ'' മകനെ സംബന്ധിച്ച എന്തെങ്കിലും പറയാനാവും വിളിച്ചതെന്ന് അയാള്‍ക്ക് തോന്നി.
''ടെന്‍ഷനടിപ്പിക്കാതെ എന്താച്ചാല്‍ വേഗം പറ''.
''വൈകുന്നേരത്ത് രാജേഷും നന്ദിനീം കുട്ട്യേളുംകൂടി ഒരു റിസപ്ഷന് പോയി. ഇവിടെ ഞാനും നന്ദൂം മാത്രേ ഉണ്ടായിരുന്നുള്ളു. ആരടേം ശല്യൂല്യ. അപ്പൊ എനിക്കൊരു ഐഡിയ വന്നു. നന്ദൂനെക്കൊണ്ട് അവന്‍റെ ഭാര്യേ വിളിപ്പിച്ചാലോ എന്നൊരു തോന്നല്‍''. അയാള്‍ക്ക് ഉത്സാഹമായി. എന്നിട്ട് എന്താണ് ഉണ്ടായത് എന്നറിയണം.
''എന്നിട്ട് അവന്‍ വിളിച്ച്വോ''.
''ആദ്യോന്നും സമ്മതിച്ചില്ല. ഞാന്‍ വിടാതെ ഒപ്പം കൂടി. എന്‍റെ മുമ്പില്‍ വെച്ചന്നെ അവളെ വിളിപ്പിച്ചു''.
''അവള് ഫോണെടുത്ത്വോ''.
''എടുത്തു. രണ്ടാളും സംസാരിക്കും ചെയ്തു''.
''തമ്മില്‍ത്തല്ല്യോ''.
''ആദ്യം അവള് കുറ്റം പറഞ്ഞു എന്നാ തോന്നുണത്. പക്ഷെ നന്ദു ഒരക്ഷരം തിരിച്ചുപറയാതെ എല്ലാം കേട്ടോണ്ടിരുന്നു''.
''അത് നന്നായി''.
''ഒടിവില്‍ ആ പെണ്ണ് പെരുമൊറ്യോന്ന് കരഞ്ഞു. ഇപ്പറത്തിരുന്ന ഞാന്‍ കൂടി ആ ശബ്ദം കേട്ടു''.
''ഇവനെന്താ ചെയ്തത്''.
''കുറച്ച് കഴിഞ്ഞപ്പൊ ഇവനും തേങ്ങി കരയാന്‍ തുടങ്ങി. ഞാനവനെ സമാധാനിപ്പിച്ചു''.
''എന്നിട്ടോ''
''കണ്ണും തുടച്ച് ഫോണുംകൊണ്ട് അവന്‍റെ മുറീലിക്ക് പോയി. പിന്നീം കുറെനേരം അവര് വര്‍ത്തമാനം പറഞ്ഞിട്ടുണ്ട്''.
''അത് നന്നായി. നീ ഒരുകാര്യം ചെയ്യ്.. ഇനീം പാകംപോലെ അവസരം കിട്ട്യാല്‍ അവനെക്കൊണ്ട് അവളെ വിളിപ്പിക്ക്''.
''അതിന്‍റെ ആവശ്യൂണ്ടേന്ന് തോന്നുണില്ല. ഊണുകഴിഞ്ഞ് പോയശേഷം അവനവളെ വിളിച്ചൂന്ന് തോന്നുണു. ഇപ്പഴും അകത്തുന്ന് വര്‍ത്തമാനം കേക്കുണുണ്ട്''.
''സന്തോഷായി. ഞാന്‍ ഇപ്പൊത്തന്നെ വഴിപാട് നേരുണുണ്ട്''.
''എല്ലാം കലങ്ങി തെളിഞ്ഞാല്‍ രണ്ടാളടേംപേരില്‍ ഭഗവതിക്ക് ചാന്താട്ടം കഴിക്കാന്ന് പറഞ്ഞ് ഞാന്‍ പൈസ ഉഴിഞ്ഞുവെച്ചിട്ടുണ്ട്''.
''നോക്കിക്കോ. സംഗതി ഉറപ്പായിട്ട് നടക്കും''.
''നിങ്ങള് നാളെ അവളെ ഒന്ന് വിളിക്കിന്‍. അവള്‍ക്ക് എന്നേക്കാളും നിങ്ങളോടല്ലേ ഇഷ്ടം''.
''അതിനെന്താ, ഞാന്‍ ഇപ്പൊത്തന്നെ വിളിക്കാലോ''.
''അതുവേണ്ടാ. അവര് കൂട്ടംകൂടുണത് മുടക്കണ്ട''.
''അത് ശര്യാണ്. എന്നാ ഞാന്‍ നാളെ വിളിച്ചോളാം''.
''ഇനി സുഖായിട്ട് കിടന്നോളിന്‍. നേരം പത്തുമണി കഴിഞ്ഞു''. സുമതി കാള്‍ അവസാനിപ്പിച്ചു. ഭഗവതിയെ ധ്യാനിച്ച് ഹരിദാസന്‍ കിടന്നു.
ഭാഗം : - 83.
വേണ്ടാ, വേണ്ടാ എന്ന് നൂറുവട്ടം പറഞ്ഞതാണ്. കേള്‍ക്കണ്ടേ. അതില്ല. എന്തെങ്കിലും മനസ്സില്‍ തോന്നിയാല്‍ അത് ചെയ്തെ മതിയാവൂ. കണ്ണന്‍ നായര്‍ മനസ്സാ ഭാര്യയെ കുറ്റപ്പെടുത്തി. ആദ്യത്തെ പരിഭ്രമം കഴിഞ്ഞതും അയാള്‍ എഴുന്നേറ്റു. അവിടവിടെ നീറ്റല്‍ അനുഭവപ്പെടുന്നുണ്ട്. കൈമുട്ട് രണ്ടും മുറിഞ്ഞിട്ടുണ്ട്. ഉടുത്ത മുണ്ടിന്‍റെ തലപ്പുകൊണ്ട് മുറിവ് തുടച്ചു. മുണ്ടില്‍ ചോര കാണുന്നു. നിലത്ത് കയ്യൂന്നി എഴുന്നേല്‍ക്കാന്‍ നോക്കി. കാല്‍മുട്ട് അനങ്ങുന്നില്ല. പുലിവാലായോ ഭഗവാനേ. അയാള്‍ അകലെ നില്‍ക്കുന്ന ഓട്ടോയിലേക്ക് നോക്കി. ഈശ്വരാ, അത് മരത്തിലിടിച്ചാണ് നിന്നിട്ടുള്ളത്. രാധ അതില്‍നിന്ന് ഇറങ്ങി വരുന്നുണ്ട്. അവള്‍ക്ക് അത്ര കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല എന്ന് തോന്നുന്നു.
''എന്ത് പണ്യാ മനുഷ്യാ നിങ്ങള് കാട്ട്യേത്. അപകടം ഉണ്ടാവുണൂന്ന് കണ്ടാല്‍ എന്നെ ഒറ്റയ്ക്കാക്കി ചാടി രക്ഷപ്പെട്വാണോ വേണ്ടത്''.
''പിന്നെന്താ ഞാനതിന്‍റെ അടീല്‍പ്പെട്ട് ചാവണോ''.
''എന്നിട്ട് ഞാനെന്താ ചത്ത്വോ. വര്‍ത്തമാനം പറയാണ്ടെ എണീക്കിനേ''.
''നോക്കിന്‍. എനിക്ക് എണീക്കാന്‍ പറ്റുണില്യ. കാലിനെന്തോ തകരാറ്''.
''നന്നായി. എനിക്ക് സന്തോഷായി. കൂടേള്ളോരേ ആപത്തില്‍ വിട്ടിട്ട് സ്വന്തം കാര്യം നോക്കുണോരക്ക് ഇങ്ങനെത്തന്നെ വേണം''.
''വര്‍ത്തമാനം പറഞ്ഞ് നിക്കാണ്ടെ എന്നെ എണീപ്പിക്കൂ. ഡോക്ടറെ കാണണ്ടിവരും''.
''അമ്പലംന്ന് പറഞ്ഞ് തെണ്ടിത്തിരിഞ്ഞ് നടക്കുണത് നില്‍ക്ക്വോലോ. അതും ഒരുഗുണായി''. രാധ കൈനീട്ടി. അതില്‍പിടിച്ച് കണ്ണന്‍ നായര്‍ എഴുന്നേറ്റു.
''പതുക്കെ നാലടി വെച്ച് നോക്കിന്‍. തകരാറുണ്ടോന്ന് അറിയണ്ടേ''.
''എന്‍റെ കയ്യിലൊന്ന് പിടിക്കൂ. നടന്ന് നോക്കട്ടെ''.
''അയ്യടാ. എന്താ കല്യാണം കഴിഞ്ഞ് കൈപിടിച്ച് നടക്കുണപോലെ നടക്കാന്‍ മോഹൂണ്ടോ''.
''തള്ളയ്ക്ക് പ്രാണവേദന, മകള്‍ക്ക് വീണവായന എന്ന് പണ്ടുള്ളോര് പറഞ്ഞപോല്യാണ് തന്‍റെ വര്‍ത്തമാനം. എനിക്ക് വയ്യാഞ്ഞിട്ടല്ലേ''.
''ഞാന്‍ കയ്യില്‍ പിടിക്കാത്ത സങ്കടം വേണ്ടാ. വരിന്‍'' രാധടീച്ചര്‍ കണ്ണന്‍ നായരെ ചേര്‍ത്തുപിടിച്ച് നടക്കാന്‍ തുടങ്ങി. കുറച്ചകലെ ഓട്ടോറിക്ഷ നില്‍പ്പുണ്ട്.
''വണ്ടിക്ക് വല്ലതും പറ്റ്യോ''.
''ഇടിക്കിണതിന്ന് മുമ്പ് ഞാന്‍ ബ്രേക്കില്‍ ചവിട്ടി. മുട്ടി മുട്ടീലാന്ന മട്ടിലത് നിന്നു. അതോണ്ട് വല്യേ കേട് പറ്റീല്ല. ഉമ്മറത്തെ ചില്ല് പൊട്ടി. കുറച്ച് ഞണുങ്ങീട്ടൂണ്ട്''.
''വീട്ടിന്ന് വെളീലിക്ക് വണ്ടി എടുക്കണ്ടാന്ന് പടിപ്പടി പറഞ്ഞതാണ്. കേട്ടില്ല''.
''കുറ്റം പറയാന്‍ തുടങ്ങ്യാല്‍ നിങ്ങളെ ഞാനിവിടെ വിട്ടിട്ട് എന്‍റെ വഴിക്ക് പോവും''.
''ഞാനൊന്നും പറയിണില്ല. വരുണത് അനുഭവിക്ക്യേന്നെ''.
രാവിലെ നേരത്തെ രണ്ടാളുംകൂടി വണ്ടി കഴുകിയതേയുള്ളു. വണ്ടി ഓടിയാലും ഇല്ലെങ്കിലും ദിവസവും അത് കഴുകണം. ഇല്ലെങ്കില്‍ രാധ സ്വൈരം തരില്ല.
''മുണ്ടുമാറ്റി ഷര്‍ട്ടും ഇട്ടിട്ട് വരിന്‍. ഞാനപ്പഴയ്ക്ക് ജാക്കറ്റും സാരീം മാറാം'' തുടച്ച് കഴിയാറായപ്പോള്‍ രാധ പറഞ്ഞു.
''എന്തിനാ തുണി മാറ്റുണ്''.
''കുറച്ചുദൂരം വണ്ടി ഓടിച്ച് നോക്കാനാണ്''.
''വെറുതെ വേണ്ടാത്ത പണിക്ക് നില്‍ക്കണ്ട''.
''തുടങ്ങി എതിര് പറയാന്‍. ഇങ്ങന്യാനച്ചാല്‍ എപ്പഴാ നമുക്ക് വണ്ടി ഓടീക്കാറാവ്വാ''.
''അതല്ല. നല്ലോണം ഓടിക്കാറായിട്ടില്ല. ലൈസന്‍സും ഇല്ല. തട്ട്വോ മുട്ട്വോ ചെയ്താല്‍ പിഴപ്പാവും''.
''അതൊന്നും ഉണ്ടാവില്ല. എനിക്ക് നല്ല ധൈര്യൂണ്ട്''. എന്നിട്ടും മെയിന്‍ റോഡിലേക്ക് പോവാന്‍ സമ്മതിച്ചില്ല. വീട്ടില്‍നിന്ന് ഇറങ്ങിയതും ഒരു നിര്‍ദ്ദേശം വെച്ചു.
''നമുക്ക് മലമ്പള്ളേലിക്ക് പോണ പാതേല്‍കൂടി പോയാലോ'' പടിഞ്ഞാട്ട് പോവുന്ന മണ്‍പാതയുണ്ട്. ആ വഴിയിലൂടെ അധികമാരും വരാറില്ല. വാഹനങ്ങള്‍ വരാറേ ഇല്ല. അതാണ് അത് തിരഞ്ഞെടുത്തത്. എന്താണോ ആവോ എതിരൊന്നും പറയാതെ രാധ അത് അനുസരിച്ചു. അല്‍പ്പദൂരം കുഴപ്പമില്ലാതെ ഓടിച്ചു. ഇറക്കത്തിലവള്‍ക്ക് നിയന്ത്രണം വിട്ടു. ഓട്ടോ കൊണ്ടുപോയി മറിച്ചിടും എന്ന് തോന്നിയപ്പോഴാണ് വാതില്‍ തുറന്ന് ചാടിയത്. വണ്ടി കുറച്ചുകൂടി ഓടി വഴിവക്കത്തെ ഒരു മരത്തിലിടിച്ച് നിന്നു.
നൊണ്ടി നൊണ്ടി നടന്ന് വണ്ടിയുടെ മുന്നിലെത്തി. പറഞ്ഞപോലെയല്ല, വണ്ടിയുടെ മുന്‍ഭാഗം ആകെകൂടി ഞണുങ്ങി നാശമായിട്ടുണ്ട്. ചില്ല് മാത്രമല്ല ലൈറ്റുകളും പൊട്ടിയിരിക്കുന്നു. കുറച്ച് കാശ് ചിലവാകും എന്നുതോന്നുന്നു.
''വണ്ടി കേടുവന്നതിനല്ല. നിങ്ങള്‍ക്ക് വല്ലതും പറ്റ്യോ'' ഭാര്യയോട് അയാള്‍ ചോദിച്ചു.
''ഇടിടെ ശക്തീല് നെഞ്ഞ് സ്റ്റിയറിങ്ങില്‍ ഇടിച്ചു. അവിടെ വേദനീണ്ട്. പിന്നെ വലത്തെ കയ്യിനും നല്ല വേദന തോന്നുണുണ്ട്''.
''വിഷമിക്കണ്ട. നമുക്കൊരു ഡോക്ടറെ കാണാം ''.
''അതിനുമുമ്പ് ആ ഡ്രൈവറ് ചെക്കനെ വരാന്‍ പറഞ്ഞ് വണ്ടി ഇവിടുന്ന് കൊണ്ടുപോണം''. രാധ ഫോണ്‍ ചെയ്ത് കഴിഞ്ഞതും ഒരു സൈക്കിളില്‍ രണ്ടുപേരെത്തി. പണിക്ക് പോവുന്നവരാണ്. സമയം എട്ടാവും എന്ന് തോന്നുന്നു.
''എന്താ പറ്റ്യേത്'' അവരിലൊരാള്‍ ചോദിച്ചു.
''ഹസ്ബന്‍ഡിന് വണ്ടി ഓടിച്ച് നല്ല പ്രാക്ടീസായിട്ടില്ല. ഇറക്കത്തില്‍ മൂപ്പര്‍ക്ക് കണ്‍ട്രോള്‍ പോയി. ബ്രേക്കിട്ടപ്പൊ നിന്നതൂല്യാ'' രാധ തന്നെ ചൂണ്ടികാണിച്ച് പറയുന്നത് കേട്ടു.
''ഈ വഴീലായതോണ്ട് ഇങ്ങനെകഴിഞ്ഞു. മെയിന്‍ റോഡിലാണെങ്കില്‍ ബസ്സിലോ ലോറീലോ കൂട്ടിയിടിച്ച് രണ്ടും കാഞ്ഞിട്ടുണ്ടാവും'' ഒരുവന്‍ പറഞ്ഞു.
''എന്തിനാ കാര്‍ണോരേ, വയസ്സാന്‍ കാലത്ത് വേണ്ടാത്ത പണിക്ക് പോണത്'' രണ്ടാമന്‍ ചോദിച്ചപ്പോള്‍ കണ്ണന്‍ നായര്‍ക്ക് മറുപടി പറയാന്‍ വാക്കുകള്‍ കിട്ടിയില്ല.
ഭാഗം : - 84.
എട്ടുമണി കഴിയാന്‍ ഹരിദാസന്‍ കാത്തുനിന്നു. രാവിലെ മരുമകള്‍ക്ക് നൂറുകൂട്ടം പണികളുണ്ടാവും. എട്ടുമണി ആയാല്‍ കുറച്ചുനേരത്തേക്ക് ഫ്രീയാണ് എന്നവള്‍ പറഞ്ഞിട്ടുണ്ട്. ഏതായാലും വിളിച്ചുനോക്കാം. ബെല്ലടിച്ചതും മരുമകള്‍ ഫോണെടുത്തു.
''മോളേ, നീ തിരക്കിലാണോ'' അയാള്‍ ചോദിച്ചു.
''അല്ല അച്ഛാ, കുറച്ചുപേര്‍ ഗുഡ് മോണിങ്ങ് മെസ്സേജ് അയയ്ക്കും. ഞാന്‍ ഇപ്പോഴവര്‍ക്ക് മറുപടി അയക്കുകയാണ്''.
''എന്തൊക്കീണ്ട് വിശേഷങ്ങള്‍''.
''എന്ത് വിശേഷം. ഇതാ ഇങ്ങനെപോവുന്നു''. ഇവള്‍ സൂത്രക്കാരിയാണ്. മകന്‍ വിളിച്ച കാര്യം മിണ്ടുന്നില്ല. ഇനി അങ്ങോട്ട് ചോദിക്കുകതന്നെ.
''ഇന്നലെ നന്ദു നിന്നെ വിളിച്ച്വോ''.
''ഉവ്വ്. അച്ഛനെങ്ങിനെ അറിഞ്ഞു''.
''സുമതി വിളിച്ചിരുന്നു. അപ്പൊ പറഞ്ഞതാ''.
''നന്ദ്വോട്ടന്‍ രാത്രി വിളിച്ചിരുന്നു. അമ്മ നന്ദ്വോട്ടന്‍റെ അടുത്തുണ്ടായിരുന്നു എന്ന് എനിക്കപ്പോഴേ തോന്നി''.
''അതെങ്ങന്യാ മോളറിഞ്ഞത്''.
''ഇടയ്ക്ക് അമ്മ മകനോട് ഒരോന്ന് പറയുന്നത് ഞാന്‍ കേട്ടൂ''.
''എന്താ അവനെപ്പറ്റി നിന്‍റെ അഭിപ്രായം''
''മുമ്പുണ്ടായിരുന്ന അഭിപ്രായംതന്നെ. നന്ദ്വോട്ടന്‍ ആള് പാവമാണ്. മനസ്സിന്ന് തീരെ ശക്തിയില്ലാത്തൊരു സാധു''.
''അതല്ല ഞാന്‍ ചോദിച്ചത്. ഇപ്പൊ അവന്‍റെ വര്‍ത്തമാനം എങ്ങനീണ്ട്''.
''കുഴപ്പമില്ല''.
''നിങ്ങള് തമ്മില്‍ ശണ്ഠ കൂട്യോ''.
''അതൊന്നും ഉണ്ടായില്ല''.
''അവന്‍ നിന്നെ എന്തെങ്കിലും കുറ്റം പറഞ്ഞ്വോ''.
''അതിന്ന് ഞാനൊരു കുറ്റവും ചെയ്തിട്ടില്ലല്ലോ''.
''പിന്നെന്താ ഉണ്ടായത്''.
''സിനി, എനിക്ക് തെറ്റുപറ്റി. നീ എന്നോട് ക്ഷമിക്ക് എന്നുപറഞ്ഞ് കുറെ കരഞ്ഞു. അത് കേട്ടപ്പോള്‍ എനിക്കും സങ്കടം തോന്നി''.
''നിന്നെ കാണണംന്ന് പറഞ്ഞ്വോ''.
''ഉവ്വ്. വീഡിയോ കാള്‍ വിളിച്ചോട്ടെ എന്ന് ചോദിച്ചു. ഞാന്‍ വേണ്ടാ എന്ന് പറഞ്ഞു''.
''അതെന്താ. നിനക്ക് കണ്ടുംകൊണ്ട് സംസാരിക്കായിരുന്നില്ലേ''.
''ഇപ്പോള്‍ വേണ്ടാ. അങ്ങിനെ ചെയ്താല്‍ നന്ദ്വോട്ടന്‍ എല്ലാം സിമ്പിളായി കണക്കാക്കും. പിന്നേയും ആള് പഴയപടിയാവും. നന്ദ്വോട്ടന്‍റെ മനസ്സില്‍ കുറ്റബോധം ഉണ്ടാവട്ടെ. അതിനുശേഷം ആലോചിക്കാം''.
''നിനക്കവനെ വെറുക്കാന്‍ പറ്റ്വോ''.
''എനിക്കതിന്ന് സാധിക്കുന്നില്ല. അതാണ് കുഴപ്പം. നന്ദ്വോട്ടന്‍ പാവമാണ്. മാത്രമല്ല ആദ്യകാലത്ത് നന്ദ്വോട്ടന്ന് എന്നോടുണ്ടായിരുന്ന സ്നേഹം എനിക്ക് മറക്കാന്‍ പറ്റുന്നില്ല''.
''വല്ലപ്പഴും നീയവനെ വിളിക്ക്''.
''അതുവേണ്ടാ. ഇങ്ങോട്ട് വിളിച്ചാല്‍ സംസാരിക്കാതിരിക്കില്ല. പക്ഷെ അതിനൊരു ലിമിറ്റ് ഉണ്ടാവും''.
''അങ്ങിനെയാവട്ടെ. എനിക്ക് നിങ്ങള്‍ രണ്ടുപേരും ഒന്നിക്കണം എന്നാ മോഹം''.
''അതൊന്നും ഇപ്പോള്‍ പറയാറായിട്ടില്ല. ഞാനനുഭവിച്ച ദുരിതം അച്ഛന് അറിയാമല്ലോ. എന്നെക്കൊണ്ട് ഇനിയത് വയ്യ''.
''നോക്ക്, എന്‍റെ മകന്‍ കൈവിട്ടുപോയീന്ന് കരുതീരിക്ക്യായിരുന്നു. ഊരുപ്പെട്ട ദൈവങ്ങളെ ഞാന്‍ വിളിച്ചിട്ടുണ്ട്. എന്‍റെ സങ്കടം കണ്ട് അവരവനെ മടക്കി തന്നതാണ്. ഇനി അവന്‍ കൈവിട്ടുപോവാതെ നോക്കണം. അതിന് മോളെന്നെ സഹായിക്കണം''.
''അച്ഛന്‍റെ സങ്കടം എനിക്ക് മനസ്സിലാവുന്നുണ്ട്. എന്നെക്കൊണ്ട് ആവുന്നത് ഞാന്‍ ചെയ്യാം''.
''ഞാന്‍ മരിക്കുംമുമ്പ് നിങ്ങള് ഒന്നിക്കിണത് കാണാന്‍ സാധിക്ക്യോ''.
''അച്ഛന്‍ എന്നെ സങ്കടപ്പെടുത്തുകയാണോ. അച്ഛന്‍റെ സ്നേഹം എന്നും എനിക്ക് വേണം. അത് നഷ്ടപ്പെടാന്‍ വയ്യ. അത്ര പെട്ടെന്നൊന്നും അച്ഛന്‍ മരിക്കില്ല. ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്''.
''എപ്പഴെങ്കിലും നീ എന്നെ വിളിക്ക്വോ''.
''തീര്‍ച്ചയായും വിളിക്കാം. അമ്മ വിളിക്കുമ്പോള്‍ ഞാന്‍ അന്വേഷിച്ചു എന്ന് പറയണം''.
''ആയിക്കോട്ടെ. അവളോട് നിന്നെ വിളിക്കാന്‍ ഞാന്‍ പറയാം''.
''ശരി. എന്നാല്‍ നിര്‍ത്തട്ടെ. ആഹാരം ആയി എന്ന് പറയുന്നു'' സിനി കാള്‍ കട്ട് ചെയ്തു.
^^^^^^^^^^^^^^^^^^^^^^^^^^^^
ഓട്ടോറിക്ഷ ആക്സിഡന്‍റായതും കണ്ണന്‍ നായര്‍ക്കും ഭാര്യയ്ക്കും പരിക്ക് പറ്റിയതും ആദ്യം അറിഞ്ഞത് ഹരിദാസനാണ്. ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയപ്പോഴാണ് അയാള്‍ ആ വാര്‍ത്ത അറിഞ്ഞത്. ഉടനെ ആ വിവരം കൂട്ടുകാരെ വിളിച്ച് അറിയിച്ചു. ചായകുടിച്ചതും അയാള്‍ ആസ്പത്രിയിലേക്ക് വണ്ടിവിട്ടു. പ്രൈമറി ഹെല്‍ത്ത് സെന്‍ററിലെ ഓ.പി. യ്ക്ക് മുമ്പിലെ ഒരു ബെഞ്ചില്‍ കണ്ണന്‍ നായരും ഭാര്യയും ഇരിപ്പുണ്ട്.
''ഡോക്ടര്‍ എന്ത് പറഞ്ഞു'' അയാള്‍ ചോദിച്ചു.
''ഡോക്ടറ് എത്തീട്ടേള്ളു. നോക്കാന്‍ തുടങ്ങീട്ടില്ല''.
''എന്ത് പണ്യാ നിങ്ങള്‍ ചെയ്തത്. ഇവിടെ എക്സ്റേ എടുക്കാനോ, സ്കാന്‍ ചെയ്യാനോ വല്ല സൌകര്യൂണ്ടോ. ടൌണിലെ ഏതെങ്കിലും ആസ്പത്രീലിക്ക് പോവായിരുന്നില്ലേ''.
''ഡോക്ടറെ കാണിച്ച് അപ്പത്തന്നെ വീട്ടിലിക്ക് പോവാന്ന് കരുതി'' ടീച്ചര്‍ പറഞ്ഞു ''പോരാത്തതിന് തുണയ്ക്ക് ആരൂണ്ടായിരുന്നില്ല''.
''എന്നാ വരിന്‍. ഞാന്‍ കൂട്ടിക്കൊണ്ടുപോവാം''.
''ഏതായാലും ഇവിടംവരെ വന്നില്ലേ. ആ സ്ഥിതിക്ക് ഇയാളെ കണ്ടിട്ട് പോവാം''.
''എങ്ങനീണ്ട് വണ്ടിടെ കണ്ടീഷന്‍'' അല്‍പ്പം കഴിഞ്ഞപ്പോള്‍ ഹരിദാസന്‍ ചോദിച്ചു
''മുമ്പിലെ ചില്ലും ലൈറ്റും പൊട്ടി. മാത്രോല്ല വണ്ടിടെ മുന്‍ഭാഗം ഇടീല് ഞണുങ്ങി ചിറികോട്യേ മീനാക്ഷിടെ മൊകിറുപോലെ ആയിട്ടുണ്ട്''. ആ ഉപമ ഹരിദാസന് ക്ഷ പിടിച്ചു. പക്ഷാഘാതം പിടിച്ച് ഒരുവശത്തേക്ക് കോടിപ്പോയ മീനാക്ഷിയമ്മയുടെ മുഖത്തിന്‍റേയും ഇടിയില്‍ തകര്‍ന്ന വണ്ടിയുടെ മുന്‍ഭാഗത്തിന്‍റേയും രൂപസാദൃശ്യം കണ്ടുപിടിച്ചല്ലോ ഈ ബഹുമിടുക്കി.
''ആരാ വണ്ടി ഓടിച്ചത്''.
''ഞാന്‍തന്ന്യാ ഓടിച്ചത്. പക്ഷെ ആര് ചോദിച്ചാലും കണ്ണേട്ടന്‍ ഓടിച്ചൂന്നേ ഞാന്‍ പറയൂ''. ആ പറച്ചില്‍ കേട്ട ഹരിദാസന്ന് അതിലേറെ രസംതോന്നി.
''അതിന് നിങ്ങള്‍ ഓടിക്കാന്‍ പഠിച്ചിട്ടുണ്ടോ''.
''പഠിക്കണ്ട കാര്യോന്നൂല്യാ. ആ ഡ്രൈവര്‍ ചെക്കന്‍ എന്തൊക്ക്യോ പറഞ്ഞു തന്നിട്ടുണ്ട്. ഇങ്കിട്ട് തിരിച്ചാല്‍ ഇങ്കിട്ട് തിരിയും. അങ്കിട്ട് തിരിച്ചാല്‍ അങ്കിട്ടും. ബ്രേക്കില്‍ ചവിട്ട്യാല്‍ വണ്ടി നില്‍ക്കും. ക്ലച്ചില്‍ ചവിട്ടി ഗിയറ് മാറ്റണം. ഇത്ര്യോക്കെ ഉള്ളൂ''. ഇനി ഇയമ്മയുടടുത്ത് സംസാരിക്കുന്നില്ല എന്നയാള്‍ നിശ്ചയിച്ചു.
ഊഴമനുസരിച്ച് ഡോക്ടറുടെ അടുത്തെത്തിയതും വണ്ടി അപകടത്തില്‍പ്പെട്ടതും മുറിവ് പറ്റിയതും രാധ വിവരിച്ചു. ഡോക്ടര്‍ പേരിനൊന്ന് നോക്കി എന്നുമാത്രം.
''ഇപ്പോള്‍ത്തന്നെ നിങ്ങള്‍ ജില്ല ആസ്പത്രിയിലേക്ക്പോവിന്‍. എല്ലിന് എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന് നോക്കണം'' ഡോക്ടര്‍ പറഞ്ഞു.
''എല്ലിന് കേടൊന്നൂല്യാ. മുറി പറ്റ്യേതേ ഉള്ളു'' രാധ മറുപടി നല്‍കി.
''എല്ലാം നിങ്ങള്‍ക്കറിയാമെങ്കില്‍ പിന്നെ എന്തിനാ ഇങ്ങോട്ട് പോന്നത്'' ഡോക്ടര്‍ക്ക് ദേഷ്യം വന്നു.
''ഡോക്ടറേ, നിങ്ങള്‍ക്ക് ആവില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി'' മറുപടിക്ക് കാത്തു നില്‍ക്കാതെ ടീച്ചര്‍ പുറത്തേക്ക് നടന്നു, അവരുടെ പുറകെ കണ്ണന്‍ നായരും ഹരിദാസനും.
ഭാഗം : - 85.
സരള മുരിങ്ങയില നന്നാക്കുന്നതും നോക്കി പത്മാവതിയമ്മ തൊട്ടടുത്ത് ഒരുകസേലയിലിരുന്നു. കുടയുടെ ആകൃതിയിലുള്ള വലിയ ചോക്ലേറ്റും നക്കിക്കൊണ്ട് രമേശന്‍ അവരുടെ മടിയിലിരിപ്പുണ്ട്. കണ്ണന്‍ നായര്‍ക്കും ഭാര്യയ്ക്കും അപകടം പറ്റിയതറിഞ്ഞ് കുറുപ്പ് മാഷ് അവരെ കാണാന്‍ ചെന്നിരിക്കുന്നു. രജനി പി.എസ്.സി. കോച്ചിങ്ങ് ക്ലാസിലേക്കും പ്രത്യുഷ സ്കൂളിലേക്കും പോയിട്ടുണ്ട്. രവീന്ദ്രന്‍ ഷെഡ്ഡില്‍ ഒരു ബൈക്ക് നന്നാക്കി ക്കൊണ്ടിരിക്കുകയാണ്.
ഗെയിറ്റിന്ന് മുന്നില്‍ ഒരു കാര്‍ വന്നുനിന്നതുകണ്ട് സ്ത്രീകള്‍ രണ്ടുപേരും അങ്ങോട്ട് നോക്കി. മുന്നിലെ വാതില്‍ തുറന്ന് ഒരാള്‍ കാറില്‍ നിന്നിറങ്ങി ഗെയിറ്റ് തുറന്നു. പത്മാവതിയമ്മയ്ക്ക് ആളെ മനസ്സിലായി. മൂത്തമകന്‍ വന്നിരിക്കുന്നു. കാറ് മുറ്റത്ത് നിര്‍ത്തി ഡ്രൈവിങ്ങ് സീറ്റില്‍നിന്ന് ഇറങ്ങി വരുന്നത് രണ്ടാമത്തെ മകനാണ്. പതിവില്ലാതെ എന്താണാവോ മക്കള്‍ വന്നിരിക്കുന്നത്. രമേശനെ ഒക്കത്തുവെച്ച് അവര്‍ മക്കളുടെ അടുത്തേക്ക് നടന്നു.
''ഏതാ ഈ കുട്ടി'' മൂത്തവന്‍ ചോദിച്ചു.
''ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരുടെ മകനാണ്''.
''എന്തിനാ ഇതിനെ ഏറ്റിക്കൊണ്ട് നടക്കുന്നത്'' പത്മാവതിയമ്മയ്ക്ക് ദേഷ്യം വന്നു.
''എനിക്ക് ഇഷ്ടൂണ്ടായിട്ട്''.
''അതുപോട്ടെ. കാര്‍ഷെഡ്ഡ് എന്തിനാ വര്‍ക്ക്ഷോപ്പിന്ന് കൊടുത്തത്''.
''ഞങ്ങള്‍ക്ക് കാറില്ല. അത് വെറുതെ കിടക്ക്വാണ്. അതന്ന്യാ കൊടുത്തത്''.
''എപ്പോഴെങ്കിലും ഞങ്ങള്‍ കാറുംകൊണ്ട് വന്നാലോ''.
''അതിനല്ലേ മുറ്റം കിടക്കുണത്''.
''നിങ്ങള്‍ നല്ല വഴിക്കല്ല നീക്കം. അങ്ങിനെയാണെങ്കില്‍ ഞങ്ങള്‍ക്ക് ചിലത് ചോദിക്കാനുണ്ട്''.
''നിങ്ങള്‍ക്ക് എന്തുവേണച്ചാലും ചോദിക്കാം. പക്ഷെ അത് ഈ മുറ്റത്തു വെച്ചാവരുത്. അകത്ത് കേറി ഇരിക്കിന്‍. അപ്പഴയ്ക്കും ഞാനീ കുട്ട്യേ കൊടുത്തിട്ട് വരട്ടെ''.
പത്മാവതിയമ്മ കുട്ടിയെ ഏല്‍പ്പിച്ച് വരുമ്പോഴേക്കും മക്കള്‍ സ്വീകരണ മുറിയില്‍ ഇരുന്നിട്ടുണ്ട്. മക്കള്‍ക്കഭിമുഖമായി അവര്‍ ഇരുന്നു.
''ഇനി എന്താച്ചാല്‍ ചോദീക്കും പറയും ഒക്കെയാവാം'' അവര്‍ പറഞ്ഞു.
''ഞങ്ങള്‍ ഇങ്ങോട്ട് വരുന്നില്ല എന്നേയുള്ളു. ഇവിടെ നടക്കുന്നതെല്ലാം ഞങ്ങള്‍ അറിയുന്നുണ്ട്''.
''അതിനിവിടെ രഹസ്യം ഒന്നൂല്യാ. ഉള്ളത് നിങ്ങളെ ബോധിപ്പിക്കണ്ട ബാധ്യതീം ഇല്ല''.
''ഞങ്ങള്‍ നിങ്ങളുടെ ആരാ''.
''അതറിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് എടുത്ത് നോക്ക്. അതില്‍ വൃത്ത്യായി എഴുതീട്ടുണ്ട്''.
''ഇത്ര നല്ല വീടിന്‍റെ മുമ്പില് ട്യൂഷന്‍ ക്ലാസ്സിന്ന് കെട്ടിടം പണിതതേ തെറ്റ്. അതിനെ വീടാക്കി വാടകയ്ക്ക് കൊടുത്തത് അതിലും വലിയ തെറ്റ്. എല്ലാം കഴിഞ്ഞ് കാര്‍ ഷെഡ്ഡ് ഇപ്പോള്‍ വര്‍ക്ക്ഷോപ്പാക്കി''.
''എടാ, ആ മനുഷ്യന്‍ ട്യൂഷനെടുത്ത് നേട്യേതോണ്ടാണ് നീയൊക്കെ ഇന്ന് ഇങ്ങനെ ഞെളിഞ്ഞ് നടക്കുണത്''. മകന്‍റെ മുഖം ഇരുളുന്നത് അവര്‍ ശ്രദ്ധിച്ചു.
''എന്നാലും എന്തെങ്കിലും ചെയ്യുന്നതിന്‍റെ മുമ്പ് ഞങ്ങളോട് ഒരുവാക്ക് ചോദിക്കണ്ടേ''.
''എന്താവശ്യത്തിന്. ഞങ്ങടെ മുതല്. ഞങ്ങടെ ഇഷ്ടംപോലെ ചെയ്യും''.
''ഞങ്ങള്‍ക്ക് ഒരു അവകാശവും ഇല്ലെന്നാണോ''.
''ചേലക്കരേല് അച്ഛന്‍റെ വക കുറച്ച് സ്ഥലം കിടക്കുണുണ്ട്, എലപ്പുള്ളീല് എനിക്കൂണ്ട് കുറച്ചുസ്ഥലം. അത് രണ്ടിലും നിങ്ങള്‍ക്ക് അവകാശൂണ്ട്. പക്ഷെ ഇതിലില്ല''.
''അതെന്താ അങ്ങിനെ''.
''അത് രണ്ടും പാരമ്പര്യായിട്ട് കിട്ട്യേതാണ്. എന്നാല്‍ ഈ സ്ഥലൂം വീടും ഞങ്ങള്‍ രണ്ടാളുംകൂടി അദ്ധ്വാനിച്ച് ഉണ്ടാക്ക്യേതാ. രാത്രീം പകലും മാറി മാറി ഡ്യൂട്ടീണ്ട് ഒരു നേഴ്സിന്. അനവധി പ്രസവൂം മരണൂം കണ്ടതാ ഈ ഞാന്‍. എത്ര ആള്‍ക്കാരടെ ചോരീം ചലൂം ഈ കയ്യൊണ്ട് ഒപ്പീട്ടുണ്ടേന്ന് നിനക്കൊന്നും അറിയില്ല. അത്ര ഞാന്‍ കഷ്ടപ്പെട്ടിട്ടുണ്ട്. പത്മം, എനിക്ക് നല്ലശമ്പളൂണ്ട്, നീ വീട്ടുകാര്യങ്ങള്‍ നോക്കി ഇരുന്നാമതി എന്ന് നിങ്ങടെ അച്ഛന്‍ പറഞ്ഞതാ. ഞാനത് കേട്ടില്ല. ഓടുണ തോണിക്ക് ഒരു ഉന്ത് എന്ന് പറഞ്ഞമാതിരി എന്നെക്കൊണ്ടാവുണത് ഞാനും സമ്പാദിച്ച് മാഷടേല് കൊടുത്തിട്ടുണ്ട്. ഈ വീടിന്‍റീം സ്ഥലത്തിന്‍റീം കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ നിങ്ങടെ അച്ഛന് മാത്രേ അവകാശൂള്ളൂ''.
''അതെങ്ങനെ. നിങ്ങള് പറയുണതിന്ന് ഒരടി അച്ഛന്‍ മാറി നില്‍ക്കില്ലലോ. അച്ഛന് നിങ്ങളെ പേടിയല്ലേ''.
''എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. അച്ഛനെ കുറ്റംപറയാന്‍ പറ്റ്യേ യോഗ്യന്മാരന്നെ നിങ്ങള് രണ്ടും. ഭാര്യമാരൊന്ന് തുറിച്ചു നോക്ക്യാല്‍ ഉടുത്തതില്‍ മൂത്രം ഒഴിക്കിണ സാധനങ്ങളല്ലേ നിങ്ങള് രണ്ടെണ്ണൂം''.
''വെറുതെ ഞങ്ങളെക്കൊണ്ട് നിങ്ങളും പറയിക്കണ്ട''.
''തരംതെറ്റി വല്ലതും പറഞ്ഞാല്‍ പത്മാവതി ആരാന്ന് നിങ്ങളറിയും. മര്യാദയ്ക്കാണെങ്കില്‍ മര്യാദ. അല്ലെങ്കില്‍ എന്താ വേണ്ടത്ന്ന് എനിക്ക് നന്നായിട്ടറിയും''.
''വല്ലാതെ മേല്‍പ്പോട്ട് പോവണ്ട. അച്ഛന്‍റെ കാലം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഞങ്ങള്‍തന്നെയുള്ളു''.
''അതാലോചിച്ച് എന്‍റെ മക്കളിരിക്കണ്ട. കൊക്കില് ജീവനുള്ളേടത്തോളം കാലം ഞാന്‍ നിങ്ങടെ കാല്‍ക്കല്‍ വരില്ല''.
''ഇവരോട് വര്‍ത്തമാനം പറയാന്‍ പോവരുത് എന്ന് ഏട്ടന്‍റടുത്ത് ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ. ഇപ്പോള്‍ കണ്ടില്ലേ'' രണ്ടാമന്‍ ചോദിച്ചു.
''ഞാന്‍ നിങ്ങളെ ക്ഷണിച്ചിട്ടൊന്നൂല്യല്ലോ. ഇഷ്ടൂല്ലെങ്കില്‍ വന്നപോലെ പോവാം. പിന്നെ ഒരു കാര്യൂണ്ട്. ഞങ്ങളെ അന്വേഷിച്ച് നിങ്ങളാരും വരണ്ട. ഞങ്ങള് ഞങ്ങടെ വഴിക്ക് കഴിഞ്ഞോട്ടെ. പിന്നെ അവകാശം പറയാന്‍ വന്നാല്‍ അത് നടക്കില്ല. ഈ സ്ഥലൂം വീടും ഇഷ്ടൂള്ളോരക്ക് ഞങ്ങള് കൊടുക്കും. ചെലപ്പൊ വെറുതീം കൊടുക്കും. നിങ്ങള്‍ക്കത് ചോദിക്കാന്‍ അധികാരൂല്യാ''.
''മതി ഏട്ടാ കേട്ടത്. ഞാന്‍ ഇറങ്ങുന്നു'' രണ്ടാമന്‍ നടന്നു, പുറകെ മൂത്ത മകനും.
ഭാഗം : - 86.
പത്മാവതിയമ്മ ഊണുകഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് കുറുപ്പ് മാഷ് ആസ്പത്രിയില്‍നിന്ന് എത്തിയത്.
''എങ്ങനീണ്ട് കൂട്ടുകാരനും ഭാര്യയ്ക്കും'' അവര്‍ ചോദിച്ചു.
''കാര്യമായിട്ടൊന്നും ഇല്ല. ചില്ലറ മുറിവുകളുണ്ട്. മസിലിന്ന് ചതവും പറ്റി''.
''ഡിസ്ചാര്‍ജ്ജ് ചെയ്ത്വോ''.
''ഡോക്ടര്‍ വന്ന് നോക്കിയിട്ടേ അവരെ ഡിസ്ചാര്‍ജ്ജ് ചെയ്യൂ. അയാള്‍ ഓപ്പറേഷന്‍ തിയ്യേറ്ററിലാണ്''. സംഭാഷണത്തിനിടയില്‍ മാഷ് വസ്ത്രം മാറി ഉണ്ണാനിരുന്നു.
''ഇത്ര നേരം വൈക്ക്യേപ്പൊ ഉണ്ടിട്ടേ വരുള്ളൂന്ന് കരുതി. അതാ ഞാന്‍ കഴിച്ചത്''.
''അത് സാരൂല്യാ. വരുന്നകാര്യം ഞാന്‍ വിളിച്ച് പറഞ്ഞതും ഇല്ലല്ലോ''.
''പിന്നെ ഇന്നൊരുകാര്യം ഉണ്ടായീട്ടോ'' കുറുപ്പ് മാഷ് ചോദ്യഭാവത്തില്‍ അവരുടെ മുഖത്ത് നോക്കി.
''നമ്മടെ മക്കള്‍ രണ്ടും വന്നിരുന്നു''.
''എന്നിട്ട് അവരെവിടെ''.
''കുറച്ചുകഴിഞ്ഞ് മടങ്ങിപോവും ചെയ്തു''.
''അവരെന്താ എന്നെ കാണാന്‍ നില്‍ക്കാഞ്ഞത്''.
''നിങ്ങക്ക് അങ്കിട്ടുള്ള സ്നേഹം അവര്‍ക്ക് ഇങ്കിട്ടില്ല. അതന്നെ''.
''എന്താ പെട്ടെന്നൊരു വരവിന്‍റെ കാരണം''.
''നമ്മള് രണ്ടാളുംകൂടി ഇവിടെ തോന്ന്യേതൊക്കെ കാട്ടുണു. ഇങ്കിട്ട് വരുണില്ലെങ്കിലും അവരൊക്കെ അറിയിണുണ്ട്. അത് ചോദിക്കാന്‍ വന്നതാ''.
''ഇങ്ങിനെ പറഞ്ഞാല്‍ മനസ്സിലാവില്ല. പത്മം എന്താ ഉണ്ടായത് എന്ന് വിസ്തരിച്ച് പറയൂ''.
''എന്നാ കേട്ടോളൂ'' മക്കള്‍ വന്നതുമുതല്‍ തിരിച്ച് പോയതുവരെയുള്ള കാര്യങ്ങള്‍ അവര്‍ വിസ്തരിച്ചു, മാഷ് എല്ലാം കേട്ടുകൊണ്ടിരുന്നു.
''അങ്ങിനെ ആ ബന്ധം അവസാനിച്ചു'' മാഷ് നെടുവീര്‍പ്പിട്ടു.
''നിങ്ങള് സങ്കടപ്പെടണ്ട. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം മക്കളായി പിറക്ക്വാന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. മാഷ് അങ്ങിനെ കരുതി സമാധാനിച്ചാല്‍ മതി''.
''അതല്ലാതെ വഴിയില്ലല്ലോ'' അയാളെഴുന്നേറ്റ് കൈകഴുകാന്‍ ചെന്നു.
''നിങ്ങള്‍ക്കെന്തെങ്കിലും പറ്റ്യാല്‍ ബാക്കീള്ള കാലം ഞാന്‍ ഒറ്റയ്ക്കന്നെ കഴിയും. മക്കളെ ആശ്രയിക്കാനേ പോവില്ല'' പാത്രങ്ങള്‍ കഴുകിവെച്ച് കിടപ്പുമുറിയിലെത്തിയ പത്മാവതിയമ്മ ഭര്‍ത്താവിനോട് പറഞ്ഞു ''അതുപോലെ എനിക്കാണ് വല്ലതും പറ്റ്യേതെങ്കില്‍ നിങ്ങളും അവരടെ ആസ്പദത്തില്‍ ചെല്ലരുത്''. മാഷ് അതിന് യാതൊന്നും പറഞ്ഞില്ല.
''എന്താ ഞാന്‍ പറഞ്ഞത് കേട്ടില്ലേ. അങ്ങിനെ ചെയ്യോലോ''.
''ശരി. അങ്ങിനെ ചെയ്യാം''.
''എനിക്ക് വല്യേ വിശ്വാസം പോരാ. എന്നെ സ്നേഹൂണ്ടെങ്കില്‍ സത്യം ചെയ്യണം'' അവര്‍ കൈനീട്ടി.
''ശരി. അങ്ങിനെത്തന്നെ'' മാഷ് ആ കയ്യില്‍തൊട്ടുകൊണ്ട് പറഞ്ഞു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
കണ്ണന്‍നായര്‍ക്കും രാധയ്ക്കും എല്ലിന്ന് തകരാറൊന്നും പറ്റാത്തതിനാല്‍ വൈകുന്നേരത്തുതന്നെ വീട്ടിലേക്ക് തിരിച്ചുപോവാനായി. എക്സ് റേ, സ്കാനിങ്ങ്, വിവിധ ടെസ്റ്റുകള്‍ എന്നിവയ്ക്കായി കുറച്ചധികം പണം ചിലവായി എന്നുമാത്രം. ഗുരുതരമായ ഒന്നുമില്ലെന്ന് മനസ്സിലായതോടെ അമ്പലക്കമ്മിറ്റിയിലെ സുഹൃത്തുക്കള്‍ തിരിച്ചുപോയി. ഹരിദാസന്‍ മാത്രം എല്ലാം കഴിയുവോളം ഒപ്പം നിന്നു. ആസ്പത്രിയില്‍നിന്നുകിട്ടിയ ഫയലുകളും മരുന്നാക്കിയ സഞ്ചിയുമെടുത്ത് അയാള്‍ ആസ്പത്രിയുടെ പടവുകളിറങ്ങി, ഒപ്പം ഭാര്യാഭര്‍ത്താക്കന്മാരും. അയാള്‍ പറഞ്ഞുവെച്ച ടാക്സി ആസ്പത്രിയുടെ മുന്നില്‍ കാത്തുകിടപ്പുണ്ട്.
''നേരെ വീട്ടിലിക്കല്ലേ'' അയാള്‍ ചോദിച്ചു.
''പോണവഴിക്ക് നമുക്ക് വര്‍ക്ക്ഷോപ്പില്‍ കേറി വണ്ട്യോന്ന് നോക്കീട്ട് പോവാല്ലേ'' ടീച്ചര്‍ ആഗ്രഹം അറിയിച്ചു.
''എനിക്ക് വിരോധൂല്യാ. നിങ്ങള്‍ക്കാ വയ്യാത്തത്'' ഹരിദാസന്‍ പറഞ്ഞു.
''അത്രയ്ക്ക് വയ്യായ ഒന്നൂല്യ'' ടീച്ചര്‍ മറുപടി നല്‍കി.
''ഇന്യൊരുദിവസം പോയി കണ്ടാല്‍ പോരേ'' കണ്ണന്‍ നായര്‍ ചോദിച്ചു.
''എന്തെങ്കിലും പറയുംമുമ്പ് ഏടാകൂടം എഴുന്നള്ളിക്കാന്‍ തുടങ്ങും. വീടെത്താന്‍ പത്തുമിനുട്ട് വൈകും എന്നല്ലേയുള്ളു. അതിന്‍റെ എടേല് ചാവാനൊന്നും പോണില്ല''.
''പുത്യേ വണ്ടി ആക്സിഡണ്ടായപ്പൊ വിഷമമായില്ലേ''.
''ചെറ്യോരു വിഷമൂണ്ട്. ഇങ്ങിനെ സംഭവിക്കുംന്ന് എനിക്ക് തോന്നീരുന്നു''. ഹരിദാസന്‍ അന്തം വിട്ടു. ഈ സ്ത്രീ എന്താ ഇങ്ങിനെ പറയുന്നത്.
''എന്ത്. വണ്ടി ആക്സിഡണ്ടാവുംന്നോ''.
''അതന്നെ. വണ്ടീം കൊണ്ട് ഗുരുവായൂര് പോയി പൂജിച്ച് വരണംന്ന് ഞാന്‍ പറഞ്ഞതാ. കേട്ടില്ല. പിന്നെ ആവാന്ന് പറഞ്ഞ് കണ്ണേട്ടന്‍ മുടക്കി. ഗുരുവായൂരപ്പനോടാ കളി. നിങ്ങക്ക് ഞാന്‍ വെച്ചിട്ടുണ്ട് എന്ന് മൂപ്പരും കരുതി. റോഡില്‍കൂടി മര്യാദയ്ക്ക് പോണവണ്ടി ദാ പറയുമ്പഴയ്ക്കും ഓടിച്ചെന്ന് മരത്തിലൊരിടി''. ഹരിദാസന് ചിരിവന്നു. അപകടത്തിന്‍റെ ഉത്തരവാദിത്വം കണ്ണന്‍ നായര്‍ക്കും ഗുരുവായൂരപ്പനും ആയി.
''ഏതായാലും വണ്ടി ഓടിക്കണ്ട മോഹം തീര്‍ന്ന്വോല്ലേ''.
''ഹേയ്. അതൊന്നും തീര്‍ന്നിട്ടില്ല''
''അപ്പൊ പേടി തോന്നുണില്ലേ''
''സത്യം പറയാലോ, ഉള്ള പേടി മാറ്വാ ചെയ്തത്. ഇനി ധൈര്യത്തില് ഓടിക്കാം''. ഇതെന്താ ഇങ്ങിനെയൊരു സാധനമെന്ന് ചിന്തിച്ചുകൊണ്ട് ഹരിദാസനിരുന്നു.
ഭാഗം : - 87.
കുറുപ്പ് മാഷ് അമ്പലത്തിലേക്ക് പോയശേഷമാണ് പത്മാവതിയമ്മയെ കാണാന്‍ സരളയെത്തിയത്.
''ചേച്ചീ, രാവിലെ ആരാ രണ്ടാള് വന്നത്. മക്കളാണോ''.
''അതെ''.
''കണ്ടപ്പൊ എനിക്ക് തോന്നി. എന്താ അപ്പഴയ്ക്കപ്പഴേ മടങ്ങിപ്പോയത്''. വേണമെങ്കില്‍ അവര്‍ക്ക് തിരക്കുണ്ട് എന്ന് പറയാം. അതിന്‍റെ കാര്യമില്ല. ഒരു നുണ പറഞ്ഞാല്‍ പിന്നേയും പിന്നേയും പറയണ്ടിവരും.
''അച്ചനീം അമ്മേം ചോദ്യം ചെയ്യാന്‍ വന്നതാ. അവരറിയാതെ ഇവിടെ ഞങ്ങളെന്തൊക്ക്യോ ചെയ്യുണുണ്ട്, ഇങ്കിട്ട് വരുണില്ലെങ്കിലും അതൊക്കെ അറിയിണുണ്ട്, അത് ചോദിക്കാന്‍ വന്നതാണ് എന്നൊക്ക്യാ പറഞ്ഞത്''.
''ഞാന്‍ ചോദിക്കാന്‍ പാടില്ലാത്തതാണ്. എങ്കിലും ചോദിക്ക്യാ. അതിന് ഇവിടെ നിങ്ങള് ചെയ്യാന്‍ പാടില്ലാത്ത ഒന്നും ചെയ്യുണില്ലല്ലോ''.
''ഇല്ലേ. വീടിന്‍റെ മുമ്പില് ട്യൂഷന്‍ ക്ലാസ്സിന്ന് കെട്ടിടംപണിതു. അത് വീടാക്കി വാടകയ്ക്ക് തന്നു. ഇപ്പൊ കാര്‍ഷെഡ്ഡ് വര്‍ക്ക്ഷോപ്പിന് കൊടുത്തു. എന്താ പോരേ''.
''ഞങ്ങള് കാരണം മക്കള് പിണങ്ങി അല്ലേ ചേച്ചീ''.
''നിങ്ങള് കാരണോന്ന്വോല്ല. നിങ്ങളല്ലെങ്കില്‍ വേറൊരു കൂട്ടര്. ഇത് എന്തും പറയാംന്നുള്ള അഹമത്യാണ്. അത് എന്‍റടുത്ത് നടക്കില്ല''.
''എന്നാലും നാലുദിവസം വയ്യാണ്ടെ കിടന്നാല്‍ മക്കള് വേണ്ടേ''.
''ഇമ്മാതിരി മക്കള് എനിക്ക് വേണ്ട. ഇവിടെ രവീം രജനീം ഉണ്ട്. അവര് ഞങ്ങളെ നോക്കും''.
''മക്കള് വന്ന് ഞങ്ങളെ ഇറക്കിവിട്ടാലോ''.
''അതുണ്ടാവില്ല. ഒന്നാമത് ഈ വീടും സ്ഥലൂം ഞങ്ങള് സമ്പാദിച്ച സ്വത്താണ്. അതില്‍ മക്കള്‍ക്ക് അവകാശൂല്യാ. പോരാത്തതിന്ന് ഞങ്ങള് ചിലതൊക്കെ കണ്ട് വെച്ചിട്ടുണ്ട്''.
''എന്താ, കാലശേഷം ഇന്നത് ചെയ്യണംന്നുള്ള തീരുമാനാണോ''.
''അതന്നെ. കേള്‍ക്കുമ്പൊ അന്താളിക്കണ്ട. ആ വീടും വര്‍ക്ക്ഷോപ്പും ഞങ്ങള് രമേശന്‍റീം പ്രത്യുഷടേം പേരില്‍ എഴുതിവെക്ക്യാണ്''.
''ചേച്ചി എന്താ ഈ പറയുണ്. ഈ പറഞ്ഞത് ആരെങ്കിലും കേട്ടാല്‍ ഞങ്ങളെ തല്ലിക്കൊല്ലും''.
''അതെന്തിനാ നിങ്ങളെ കൊല്ലുണ്''.
''വയസ്സായ നിങ്ങളെ പറഞ്ഞുപറ്റിച്ച് എഴുതി വാങ്ങീന്നല്ലേ പറയൂ''.
''അതിനേ, ആധാരം റജിസ്ട്രാക്കുമ്പൊ നല്ല അറിവും വിവരൂം ഉള്ള ആള്‍ക്കാരാ സാക്ഷി നില്‍ക്ക്വാ''.
''എന്തോ. എനിക്ക് ആകെക്കൂടി പേട്യാവുണൂ''.
''ഒരുപേടീം വേണ്ടാ. ഞാനാ പറയുണ്''. ഗെയിറ്റ് തുറന്ന് രജനിയെത്തി.
''നിങ്ങള്‍ അവള്‍ക്ക് വല്ലതും കൊടുക്കാന്‍ നോക്കിന്‍. ഞാന്‍ മേല്‍ക്കഴുകി വിളക്ക് വെക്കട്ടെ''. പത്മാവതിയമ്മ സംഭാഷണം അവസാനിപ്പിച്ചു.
^^^^^^^^^^^^^^^^^^^^^^^^
''ഇന്ന് എത്ര്യാ ചിലവായതേന്ന് നിങ്ങക്കറിയ്യോ'' ഭക്ഷണം കഴിക്കുമ്പോള്‍ കണ്ണന്‍ നായര്‍ ചോദിച്ചു.
''അതെങ്ങന്യാ എനിക്കറിയ്യാ. നിങ്ങളല്ലേ കൊടുത്തത്''.
''എക്സ്റേയും സ്കാനിങ്ങും ടെസ്റ്റും ഒക്കെയായി ഇരുപതുറുപ്പിക കടന്നു''.
''ആവൂ. അത്ര്യല്ലേ ഉള്ളൂ''.
''വണ്ടി നേരാക്കാന്‍ കൊടുത്തിട്ടില്ലേ. അതിനെത്ര്യാ വര്വാന്ന് അറിയില്ല''.
''വണ്ടിക്ക് ഇന്‍ഷൂറന്‍സുണ്ടല്ലോ. പിന്നെന്താ പേടി''.
''എന്നാലും ചില്ല് പൊട്ട്യേതിനൊന്നും കാശ് കിട്ടില്ലാന്നാ ആ ഡ്രൈവറ് പറഞ്ഞത്''.
''കാശ് തികഞ്ഞില്ലെങ്കിലേ എന്‍റെ രണ്ട് വള തരാം പണയം വെക്കാന്‍. എന്താ അത് പോരേ''.
''ഈ മാസം എങ്ങന്യാ ഹൌസ് ലോണ്‍ അടക്ക്യാന്ന് എനിക്കറിയില്ല. അത് കഴിഞ്ഞുകിട്ട്യാലേ സമാധാനാവൂ''.
''ഇനി എത്രകാലം ലോണടയ്ക്കാനുണ്ടാവും''.
''എന്തിനാ അതൊക്കെ അറിയിണ്''.
''എത്ര അടയ്ക്കാന്‍ ബാക്കീണ്ട് എന്നറിഞ്ഞാല്‍ അത് ഒന്നിച്ചടയ്ക്കാലോന്ന് വെച്ചിട്ടാ''.
''അതിനെവിടുന്നാ കാശ്''.
''അതറിയണ്ട. എത്ര വേണംന്ന് പറയിന്‍''.
''ഇനീം ആറേഴ് ലക്ഷം ഉണ്ടാവുംന്ന് തോന്നുണൂ''.
''എന്നാ നമുക്കത് ഒന്നിച്ചടയ്ക്കാം''.
''അതിനെവിടുന്നാ കാശ്''.
''ഏട്ടന്‍റേന്ന് വാങ്ങാം''.
''എന്താ, ഇനി വേറെ സ്ഥലം വല്ലതും കൊടുക്കാന്‍ പ്ലാനുണ്ടോ''.
''അന്ന് കൊടുത്തതിന്‍റെ ബാക്കി കിട്ടാനുണ്ട്. നോക്കെടീ, നിനക്ക് എപ്പൊ വേണച്ചാലും എന്‍റടുത്ത് ചോദിച്ചോന്ന് ഏട്ടന്‍ പറഞ്ഞിട്ടുണ്ട്''.
''നിങ്ങളല്ലേ കണക്കൊന്നും നോക്കണ്ട, അതെന്‍റെ ഏട്ടന്‍ കൊണ്ടുപോയി തിന്നോട്ടേന്ന് പറഞ്ഞത്''.
''അത് ഞാന്‍ കണ്ണേട്ടനെ പറ്റിയ്ക്കാന്‍ പറഞ്ഞതല്ലേ''. രാധ ചിരിച്ചു. കണ്ണന്‍ നായര്‍ ചിരിക്കാനോ കരയാനോ കഴിയാതെ മിഴിച്ചിരുന്നു.
ഭാഗം : - 88.
പ്രത്യുഷയുടെ തലയില്‍ സരള വെള്ളമൊഴിച്ച് കഴുകികഴിഞ്ഞതും പത്മാവതിയമ്മ രമേശനെ അവരുടെ മുന്നിലേക്ക് നീക്കിനിര്‍ത്തി.
''അവളെ ഇങ്കിട്ട് വിട്ടോളൂ. ഞാന്‍ തലതോര്‍ത്തിക്കാം'' അവര്‍ പറഞ്ഞു. പ്രത്യുഷയെ അവര്‍ തോര്‍ത്തുമ്പോള്‍ സരള രമേശനെ കുളിപ്പിക്കാന്‍ തുടങ്ങി. കിണറ്റിന്‍കരയിലെ പമ്പില്‍ രണ്ട് വാള്‍വുണ്ട്. ഒന്ന് നേരെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്. ഹോസ് തിരുകിവെച്ച് ചെടികള്‍ നനയ്ക്കാനാണ് മറ്റേ വാള്‍വ്. കുട്ടികളെ ഹോസ് ഉപയോഗിച്ചാണ് കുളിപ്പിക്കുക. മേത്ത് വെള്ളം വീഴുമ്പോള്‍ അവര്‍ ചാടി കളിക്കും. കുളിക്കാന്‍ മടി കാട്ടില്ല. മാത്രമല്ല ആ വെള്ളം തെങ്ങിന് കിട്ടുകയും ചെയ്യും.
''ചേച്ചി പറഞ്ഞ കാര്യം ഞാന്‍ രവിടടുത്തും രജനിടടുത്തും പറഞ്ഞില്ല'' രമേശന്‍റെ തല തോര്‍ത്തുമ്പോള്‍ സരള പറഞ്ഞു.
''അതെന്താ പറയാഞ്ഞ്''.
''പറഞ്ഞിട്ട് മോഹൂണ്ടാക്കി അഥവാ നടന്നില്ലാച്ചാലോ എന്ന് കരുതീട്ടാ''.
''എന്താ നടക്കില്ലാന്ന് തോന്നാന്‍''.
''മനുഷ്യാവസ്ഥയല്ലേ ചേച്ചീ. വിചാരിച്ചപോലെ എല്ലാം നടക്ക്വോ''.
''എല്ലാം നടക്ക്വോന്നൂല്യാ. പക്ഷെ ഇത് നടക്കും'' അവര്‍ പറഞ്ഞു ''സരള അറിയ്യോ, മാഷ് ആധാരം എഴുതാന്‍ ഏല്‍പ്പിച്ച് കഴിഞ്ഞു''.
''ഈ ചെയ്യുണതിനൊക്കെ ഞങ്ങള് എങ്ങന്യാ കടം വീട്ട്വാന്ന് അറിയില്ല''.
''കാശും പണൂം ആയിട്ട് ഞങ്ങക്കൊന്നും വേണ്ടാ. ആളാല്‍ കഴിയിണ ചില ഉപകാരങ്ങള്‍. അതേ വേണ്ടൂ''.
''ഞാനും എന്‍റെ മകനും മരുമകളും ചാവുണവരെ നിങ്ങള്‍ക്ക് ആളില്ലാണ്ടെ വരില്ല''.
''എന്ത് കൂട്ടാണ് സരള കൂട്യേത്. നിങ്ങള്യോക്കെ പറഞ്ഞയച്ചിട്ട് ഞങ്ങള് ഇരിക്കുംന്ന് തോന്നുണുണ്ടോ. മാഷടെ കാലം കഴിഞ്ഞാല്‍ എനിക്കൊരു തുണ്യാവാ. ചാവാന്‍ കാലത്ത് ഒരിറ്റ് വെള്ളം തന്ന് പറഞ്ഞയക്ക്യാ. ഇനി ഞാനാ ആദ്യം പോണത്ച്ചാലോ, നിങ്ങള് അമ്മീം മകനും മരുമകളുംകൂടി എന്‍റെ കുറവ് അനുഭവപ്പെടാണ്ടെ ആ മനുഷ്യനെ നോക്ക്വാ. എനിക്ക് അത് മാത്രം മതി''.
''അതൊക്കെ ഞങ്ങള് ചെയ്തോണ്ട്. ഈ ജന്മൂം അടുത്ത ജന്മൂം വീട്ട്യാല്‍ വീടാത്ത കടാണ് നിങ്ങടടുത്ത്''.
ഉമ്മറപ്പടവിലിരുന്ന് പത്മാവതിയമ്മ പ്രത്യുഷയുടെ മുടിചീകിയിട്ട് പൌഡറിട്ട് കൊടുക്കുമ്പോള്‍ പുറത്തൊരു ഇന്നോവകാര്‍ വന്നുനിന്നു. അതില്‍നിന്ന് രുഗ്മിണി ടീച്ചര്‍ ഇറങ്ങി വന്നു.
''വരിന്‍ ടീച്ചറേ'' പത്മാവതിയമ്മ ടീച്ചറെ അകത്തേക്ക് ക്ഷണിച്ചു.
''സരള വാടകയ്ക്ക് വന്നപ്പൊ പത്മത്തിന് ലാളിക്കാന്‍ കുട്ട്യേളായി'' ഒരു കസേലയിലിരുന്നശേഷം ടീച്ചര്‍ പറഞ്ഞു.
''എന്‍റെ പേരക്കുട്ട്യേളെ ലാളിക്കാനോ എനിക്ക് യോഗൂല്യാ. അപ്പൊ ദൈവം എനിക്ക് തന്നതാ ഈ രണ്ടെണ്ണത്തിനെ''.
''കുട്ട്യേളടെ കാര്യത്തില്‍ എന്‍റേന്നും നിന്‍റേന്നും കാണാന്‍ പാടില്ല. ഒക്കെ ദൈവത്തിന്‍റെ മക്കളാണ്''.
''അതന്ന്യാ ഞാന്‍ കരുതാറ്. ചോദിക്കാന്‍ വിട്ടു. എവിടുന്നാ ടീച്ചറിപ്പൊ വരുണ്''.
''നമ്മടെ രാധ ടീച്ചറില്ലേ. അവള് ഓട്ടോ ഓടിച്ച് മരത്തില്‍ കൊണ്ടുപോയി കുത്തി കിടപ്പാണ്. കാണാന്‍ പോയിട്ട് വരുണ വഴിക്ക് ഇവടേം കേറി''.
''മാഷ് പോയി കണ്ടിരുന്നു. വലുതായിട്ടൊന്നും പറ്റീട്ടില്ലാന്ന് പറഞ്ഞു''.
''ഈശ്വരകടാക്ഷം എന്നേ പറയാന്‍ പറ്റുള്ളു. അല്ലെങ്കില്‍ മിണ്ടാതെ വീട്ടിലിരുന്നോരെ രുഗ്മിണി ടീച്ചറായിട്ട് പറഞ്ഞ് ചാട്ടേമ്പില്‍ കേറ്റി വണ്ടി വാങ്ങിപ്പിച്ച് അപകടത്തില്‍പ്പെടുത്തി കൊന്നൂന്ന് കേള്‍ക്കണ്ടി വന്നന്നെ''.
''ഇതിപ്പൊ നിങ്ങടെ തെറ്റല്ലല്ലോ''.
''വിവരൂള്ളോര്‍ക്കത് മനസ്സിലാവും. അല്ലാത്തോരക്കോ''.
''എന്തിനാ രാധ അറിയാന്‍ വയ്യാത്ത പണിക്ക് പോയത്''.
''വിവരക്കേട് എന്നല്ലാണ്ടെ എന്താ പറയ്യാ. ഇമ്മാതിരി പുത്തീല്ലാത്ത ഒന്നിനെ കൂടെപൊറുപ്പിക്കിണതിന് ആ കണ്ണന്‍ നായരെ നൂറ് കയ്യോണ്ട് തൊഴുകണം''.
''പിന്നെ എന്തൊക്കീണ്ട് വിശേഷം''.
''ഒരു കാറ് വാങ്ങി വാടകയ്ക്ക് വിടാനാണ്. അതാണ് ഒരു വിശേഷം. പിന്നെ ഈ മാസം മുതല്‍ ഞാന്‍ വാടക കൂട്ടി. പത്മത്തിനോടും വാടക കൂട്ടിക്കോളാന്‍ പറയാന്‍ വന്നതാണ്''. കൂട്ടാമെന്നോ കൂട്ടില്ല എന്നോ പത്മാവതിയമ്മ പറഞ്ഞില്ല.
''ഇരിക്കിന്‍ ചായ വെക്കട്ടെ'' എന്നവര്‍ പകരം പറഞ്ഞു.
''ചായീം വേണ്ടാ, ഒന്നും വേണ്ടാ. വിളക്ക് വെക്കാറാവുണൂ. ഞാന്‍ പോട്ടേ'' ടീച്ചര്‍ യാത്ര പറഞ്ഞ് ഇറങ്ങി. ഗെയിറ്റുവരെ പോയ അവര്‍ തിരിച്ചു വന്നു
''ഒരു കാര്യം പറയാന്‍ വിട്ടു. വാടകക്കാരായിട്ട് ഒരുപാട് അടുപ്പം വേണ്ടാ. എന്നെങ്കിലും സംഗതിവശാല്‍ മുഖത്തുനോക്കി കാര്യംപറയണ്ടി വന്നാല്‍ ബുദ്ധിമുട്ടാവും''.
''അത് ശരിയാണ്'' പത്മാവതിയമ്മ സമ്മതിച്ചു.
ഭാഗം : - 89.
അമ്പലത്തില്‍ നിന്നിറങ്ങി ഹോട്ടലിലേക്ക് പോവുന്ന വഴിയ്ക്കാണ് ഹരിദാസന്‍റെ പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ അടിച്ചത് . സ്കൂട്ടര്‍ ഒരുഭാഗത്ത് നിര്‍ത്തി ഹെല്‍മെറ്റ് അഴിക്കുമ്പോഴേക്കും അത് കട്ടായി. എടുത്തുനോക്കിയപ്പോള്‍ സുമതിയാണ് വിളിച്ചത്. അയാള്‍ ഉടനെ തിരിച്ചുവിളിച്ചു.
''വീടെത്ത്യോ'' കാള്‍ എടുത്തതും സുമതി ചോദിച്ചു.
''ഇല്ല. ഇന്നൊരു മീറ്റിങ്ങുണ്ടായി. അതോണ്ട് ഇത്തിരി നേരം വൈകി. ഇനി ഹോട്ടലില്‍ ചെന്ന് എന്തെങ്കിലും കഴിക്കണം . എന്നിട്ടുവേണം വീട്ടിലിക്ക് പോവാന്‍''.
''എന്നാല്‍ വീട്ടിലെത്തീട്ട് എന്നെ വിളിച്ചാ മതി''.
''അത് വേണ്ടാ. എന്തിനാ വിളിച്ചത്‌ന്ന് പറ. നീ മരുമകളെ വിളിച്ച്വോ''.
''ഇല്ല. അത് ചോദിക്കാനാണ്''. ഹരിദാസന്ന് ദേഷ്യം വന്നു. ഒരു കാര്യം ഏല്‍പ്പിച്ചാല്‍ അത് ചെയ്യില്ല.
''എന്താ അറിയണ്ടത്''.
''ഞാനവളെ വിളിക്കണോ''.
''വിളിക്കാനല്ലേ പറഞ്ഞത്".
''അവളെന്തെങ്കിലും പറയ്യോ''.
''ഒരുകാര്യം ചെയ്യാം. നാളെ ഞാനൊരു പണിക്കരെ കണ്ട് നോക്കിക്കാം. അയാള് എന്താ പറയുണത്‌ച്ചാല്‍ അത് ചെയ്യാം''.
''ഇതാ നിങ്ങടെ ഒരുതകരാറ്. എന്തെങ്കിലും പറഞ്ഞാല്‍ അപ്പൊ ദേഷ്യം വരും''.
''എന്തൊക്ക്യാ ചോദിക്കണ്ടത്ന്ന് പടിപ്പടി പറഞ്ഞുതന്നതാണ്. എന്നിട്ട് ഇങ്ങിനെ ചോദിച്ചാല്‍ ആരക്കാ ദേഷ്യം വരാത്തത്''.
''എന്നാല്‍ ഞാന്‍ ഇപ്പൊത്തന്നെ വിളിക്കാം''.
''ഇനി എന്നെ വിളിക്കണ്ട. ഞാന്‍ വീടെത്തീട്ട് അങ്കിട്ട് വിളിക്കാം'' അയാള്‍ കാള്‍ അവസാനിപ്പിച്ച് സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി ഓടിച്ചു. ആഹാരം കഴിച്ച് വീട്ടിലെത്തിയതും അയാള്‍ ഭാര്യയെ വിളിച്ചു.
''താനവളെ വിളിച്ച്വോ'' അയാള്‍ ചോദിച്ചു.
''ഉവ്വ്. ഞങ്ങള് കുറെനേരം സംസാരിച്ചു''.
''എന്താ പറഞ്ഞത്''.
''അവള് എന്‍റെ വിശേഷങ്ങള് ചോദിച്ചു. ഞാന്‍ അവളടെ കാര്യങ്ങളും ചോദിച്ചു''.
''ഇതാണോ തന്‍റടുത്ത് പറഞ്ഞത്''.
''നന്ദൂം അവളും തമ്മിലുള്ള അലോഹ്യം തീര്‍ക്കണ്ട കാര്യോല്ലെ. അതും ഞാന്‍ ചോദിച്ചു''.
''എന്നിട്ടോ. എന്താ അവളടെ അഭിപ്രായം''.
''അങ്ങനെ യാതൊന്നും തുറന്നുപറഞ്ഞില്ല. പക്ഷെ വേറൊരു കാര്യൂണ്ട്. അവള് നന്ദൂനെപ്പറ്റി ഒരുവാക്ക് കുറ്റം പറഞ്ഞില്ല''. ദൈവാധീനം എന്ന് ഹരിദാസന്‍ കരുതി. സിനി നന്ദുവിനെ കുറ്റം പറയുകയും സുമതി അത് ഏറ്റുപിടിച്ച് വാക്കുതര്‍ക്കം ആവുകയും ചെയ്താല്‍ ഉദ്ദേശിച്ചതിന്‍റെ വിപരീതഫലമാണ് ഉണ്ടാവുക.
''വീണ്ടും ഒന്നാവാനുള്ള വല്ല വഴീം തോന്ന്യോ''.
''സിനി, നിനക്ക് വീട്ടിലിക്ക് വന്നൂടേന്ന് ഞാന്‍ ചോദിച്ചു. അതിനവള്‍ ഒന്നും പറഞ്ഞില്ല. പിന്നീം പിന്നീം ചോദിച്ചപ്പൊ ഞാന്‍ വരണോ അമ്മേന്ന് ചോദിച്ചു. വേണംന്ന് ഞാനും പറഞ്ഞു. വരട്ടെ, സമയായില്ലാന്ന് അവളും പറഞ്ഞു''.
''പിന്നെ എന്തൊക്ക്യാ പറഞ്ഞത്''.
''പിന്നെ ഒന്നും പറഞ്ഞില്ല''.
''നന്ദു എന്ത് ചെയ്യുണൂ''.
''കുറെനേരം കുട്ട്യേളടെകൂടെ കളിച്ചു. ഭക്ഷണം കഴിഞ്ഞ് മുറീലിക്ക് പോയി. ഭാര്യടടുത്ത് സംസാരിക്ക്യാണോന്ന് അറിയില്ല''.
''ശരി. എന്നാ നാളെ വിളിക്കാം'' അയാള്‍ സംഭാഷണം അവസാനിപ്പിച്ചു.
^^^^^^^^^^^^^^^^^^^^^^^^^
മകള്‍ക്ക് ജോലിയായിട്ടും വേലപ്പന്‍ ലോറിപ്പണി നിര്‍ത്തിയില്ല. കുറച്ചു കാര്യങ്ങള്‍കൂടി ചെയ്തുതീര്‍ക്കാനുണ്ട്. അതുവരെ പണി ചെയ്തേ പറ്റൂ. വീട്ടിലെത്തിയാല്‍ അയാള്‍ ആദ്യം അമ്മിണിയുടെ അമ്മയെയാണ് അന്വേഷിക്കുക. ആ പരിഗണന വൃദ്ധയെ ഒരുപാട് സന്തോഷിപ്പിച്ചു.
''അവന്‍ ആള് കുരുത്തൂള്ളോനാണ്. കുന്നത്തുവെച്ച വിളക്കുപോലെ അവന്‍ തെളിഞ്ഞ് നില്‍ക്കും'' എന്നവര്‍ ഇടയ്ക്കൊക്കെ പറയും. അത് അമ്മിണിയുടെ മനം കുളിര്‍പ്പിക്കും.
''ഞാനിന്ന് ലോറി ഏല്‍പ്പിച്ച് വരാന്‍ നില്‍ക്കുമ്പൊ ഹരിദാസനെ കണ്ടു'' രാത്രി കിടക്കുമ്പോള്‍ അയാള്‍ ഭാര്യയോട് പറഞ്ഞു ''പലതും സംസാരിച്ച കൂട്ടത്തില്‍ ഏടത്തിടെ കാര്യം ചോദിച്ചു''.
''എന്നിട്ടോ''.
''ഇവരടടുത്ത് സംസാരിക്കാതെ ഞാനെന്താ പറയ്യാ. ആലോചിക്കട്ടേന്ന് ഞാന്‍ പറഞ്ഞു''.
''എന്നാല്‍ ഈ കാര്യം നിങ്ങക്ക് എന്‍റെ അമ്മടടുത്തും ഏടത്തിടടുത്തും പറഞ്ഞൂടേ''.
''നല്ല വിവരായി. ഞാനാ അത് പറയണ്ട്''.
''പിന്നാരാ. ഞാന്‍ പറയണോ''.
''വേണം. സൌകര്യംപോലെ താന്‍ രണ്ടാളടടുത്തും സംസാരിച്ച് അവരടെ മനസ്സിലിരുപ്പ് അറിയണം. ബാക്കി കാര്യം ഞാനേറ്റൂ''.
''ഞാന്‍ പറഞ്ഞാല്‍ എന്തെങ്കിലും തോന്ന്വോ''.
''ഒന്നും തോന്നില്ല. ഇങ്ങന്യൊരു കൂട്ടം ഉണ്ടായീന്ന് മാത്രം പറഞ്ഞാ മതി''.
''ശരി. രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ ചോദിച്ചറിയാം''. അതെക്കുറിച്ച് ആലോചിച്ച് രണ്ടുപേരും കിടന്നു.
ഭാഗം : -90.
മകന്‍ ജോലിക്ക് ചേര്‍ന്നിട്ട് ഒരുമാസമാവുന്നു. ചെന്നെയില്‍ ചെന്ന് അവനേയും ബാക്കിയെല്ലാവരേയും കാണണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. പറ്റിയാല്‍ സുമതിയെ കൂട്ടിക്കൊണ്ടുവരണം. പത്തുദിവസം കഴിഞ്ഞിട്ട് ചെല്ലാമെന്ന് പറഞ്ഞതാണ്. ഓരോരോ കാരണങ്ങളാല്‍ വൈകി. ഏതായാലും പോവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. രാത്രിയിലെ വണ്ടിയാണ്. നേരം വെളുക്കുമ്പോള്‍ അവിടെയെത്തും. കാര്യമായിട്ടൊന്നും വാങ്ങാന്‍ കഴിഞ്ഞില്ല. കുറെ മുറുക്ക് വാങ്ങിയിട്ടുണ്ട്. അതുമതി.
തൊഴുതതും കൂട്ടുകാരോട് യാത്രപറഞ്ഞ് അമ്പലത്തില്‍നിന്നിറങ്ങി. സ്കൂട്ടര്‍ വീട്ടില്‍വെച്ച് ബാഗെടുക്കണം. നേരെ സ്റ്റേഷനിലേക്ക് പോണം. ഭക്ഷണം അവിടെ നിന്നാവാം. റോഡിലിറങ്ങിയതും കണ്ട ഓട്ടോയില്‍ കയറി സ്റ്റേഷനിലേക്ക് വിട്ടു.
വണ്ടിക്ക് ഇനിയും സമയമുണ്ട്. ആദ്യം ഭക്ഷണം കഴിക്കാം. പിന്നെ ഒരു ഭാഗത്ത് ഇരിക്കാം. ആളുകളെ ശ്രദ്ധിച്ചുകൊണ്ടിരിക്കാന്‍ നല്ല രസമാണ്. സസ്യഭോജനശാലയില്‍നിന്ന് ഭക്ഷണം കഴിച്ച് ഒരുകുപ്പി വെള്ളം വാങ്ങി ആളൊഴിഞ്ഞ ഒരുഭാഗത്തിരുന്നു. കഷ്ടകാലമെന്നേ പറയേണ്ടൂ. മുപ്പത് മിനുട്ട് വൈകി വണ്ടിയോടുന്നു എന്ന അറിയിപ്പ് കേട്ടു. ഇതറിഞ്ഞാല്‍ തിരക്കിട്ട് വരില്ലായിരുന്നു.
ഇനിയെന്താണ് ചെയ്യേണ്ടത്. മരുമകളെ വിളിച്ചാലോ. സുമതി അവളെ രണ്ടുദിവസംമുമ്പ് വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് വിവരമൊന്നും അറിഞ്ഞിട്ടില്ല. ഏതായാലും ഒന്ന് വിളിച്ച് വിവരങ്ങള്‍ ചോദിക്കാം. മൊബൈലെടുത്ത് അയാള്‍ വിളിച്ചു.
''എന്താ അച്ഛാ വിശേഷം'' മരുമകളുടെ ശബ്ദം കേട്ടപ്പോള്‍ അയാള്‍ക്ക് സന്തോഷമായി.
''ഒന്നൂല്യാ. ഞാനിപ്പോള്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലാണ്. വണ്ടി കാത്തിരിക്കുന്നു''.
''അച്ഛന്‍ ചെല്ലുന്ന വിവരം അമ്മ പറഞ്ഞില്ലല്ലോ''.
''എന്നോ പോണ്ടതാണ്. ഓരോ കാര്യായിട്ട് പോയില്ല. ഇന്ന് രാവില്യാണ് തീരുമാനിച്ചത്''.
''അത് ശരി. അച്ഛന് വിശേഷമൊന്നുമില്ലല്ലോ''.
''ഒന്നൂല്യാ. നിനക്ക് സുഖോല്ലേ''.
''ഇങ്ങിനെ പോണൂ''.
''നന്ദു നിന്നെ വിളിക്കാറുണ്ടോ''.
''എല്ലാ ദിവസൂം വിളിക്കും. ഇന്നലെക്കൂടി വിളിച്ചിരുന്നു''.
''എന്താ അവന്‍റെ അവസ്ഥ''.
''ആദ്യകാലത്ത് ഉണ്ടായിരുന്നപോലെ എല്ലാം തുറന്ന് പറയുന്നുണ്ട്''.
''സന്തോഷം. എന്താ ഈയിടെ നിന്‍റടുത്ത് പറഞ്ഞത്''.
''സിനി ഞാനൊരു ബൈക്ക് വാങ്ങട്ടെ. എന്താ നിന്‍റെ അഭിപ്രായം എന്ന് ചോദിച്ചു''.
''എന്നിട്ട് നീയെന്ത് പറഞ്ഞു.
''അവിടെ ചേച്ചിടെ സ്കൂട്ടറുണ്ട്, രാജേഷേട്ടന്‍റെ ബൈക്കുമുണ്ട്. രണ്ടാളും കൂടി കാറിലാണ് പോവാറ്. അപ്പൊ വേറൊരു ബൈക്ക് വേണോ എന്ന് ചോദിച്ചു''.
''എതിര് വല്ലതും പറഞ്ഞ്വോ''.
''ഇല്ല. ജോലി കിട്ടി ആദ്യത്തെ ശമ്പളം കിട്ടുന്നതല്ലേയുള്ളു. അത് വാങ്ങി അച്ഛന്‍റേയും അമ്മയുടേയും കയ്യില്‍ കൊടുക്കൂ എന്ന് ഞാന്‍ പറഞ്ഞു''.
''നന്നായി. നല്ല ബുദ്ധി തോന്നട്ടെ''.
''അങ്ങിനെ ചെയ്യാല്ലേ എന്ന് നന്ദ്വോട്ടന്‍ ചോദിച്ചു. ചെയ്യണം എന്ന് ഞാന്‍ പറയുകയും ചെയ്തു''.
''എന്‍റെ മകള് അവന് നല്ലത് പറഞ്ഞുകൊടുക്ക്. അവന്‍ നന്നാവും''.
''ഞാന്‍ ശ്രമിക്കാം അച്ഛാ'' അവള്‍ വാക്കുകൊടുത്തു.
^^^^^^^^^^^^^^^^^^^^^^^^
കുറുപ്പ് മാഷ് പുസ്തകം വായിച്ചിരിക്കുമ്പോഴാണ് മൊബൈല്‍ അടിച്ചത്. പത്മാവതിയമ്മ വാടകവീട്ടിലേക്ക് ചെന്നിരിക്കുന്നു. പുസ്തകം മടക്കി വെച്ച് മാഷ് ഫോണെടുത്തു. മൂത്തമകനാണ് വിളിക്കുന്നത്. അയാള്‍ കാളെടുത്തു.
''നാലുദിവസം മുമ്പ് ഞാനും അനിയനും അവിടെ വന്നിരുന്നു'' മകന്‍ പറഞ്ഞു.
''പത്മം പറഞ്ഞിരുന്നു''.
''എന്താ അച്ഛന്‍റെ അഭിപ്രായം''.
''ഏത് കാര്യത്തിനെ സംബന്ധിച്ച അഭിപ്രായമാണ് ഉദ്ദേശിക്കുന്നത്''.
''വീടിന്‍റേയും സ്ഥലത്തിന്‍റേയും കാര്യംതന്നെ''.
''അതിനുള്ള മറുപടി അമ്മ പറഞ്ഞില്ലേ''.
''ആ തലതിരിഞ്ഞ അഭിപ്രായം തന്നെയാണോ അച്ഛനും''.
''തല തിരിഞ്ഞതോ നിവര്‍ന്നതോ എന്നത് ഇരിക്കട്ടെ. നിങ്ങള്‍ക്ക് എന്‍റെ അഭിപ്രായമല്ലേ അറിയേണ്ടത്''.
''അതെ. അതാണ് ഞങ്ങള്‍ക്കറിയേണ്ടത്''.
''എന്നാല്‍ കേട്ടോളൂ. എനിക്കും പത്മത്തിനും വെവ്വേറെ അഭിപ്രായമില്ല''.
''അച്ഛനും അമ്മ പറയുന്നതാണോ പറയുന്നത്''.
''എന്താ സംശയം. അതുതന്നെ എന്‍റെ അഭിപ്രായം''.
''നിങ്ങള് ദുഃഖിക്കും''.
''അതിനിപ്പോള്‍ എനിക്ക് സന്തോഷമാണെങ്കിലല്ലേ''. മാഷ് കാള്‍ കട്ടാക്കി.
No comments:
Post a Comment