Saturday, 12 October 2024

അദ്ധ്യായം 41-50

 ഭാഗം : - 41.


''അച്ഛന് അസുഖംവന്നതും മരിച്ചതുംകൊണ്ട് ഒരുഗുണൂണ്ടായി'' ഉച്ചയ്ക്ക് വേലപ്പന്‍ വിശ്രമിക്കുമ്പോള്‍ അമ്മിണി അടുത്തുചെന്ന് പറഞ്ഞു ''മൂത്ത മരുമകന് നമ്മടടുത്ത് ഉണ്ടായിരുന്ന അലോഹ്യം ഇല്യാണ്ടായി''. കാര്യം ശരിയാണ്. അച്ഛനെ കാണാന്‍ വന്നപ്പോള്‍ അവന്‍റെ ദേഷ്യം മുഴുവനും മാറിയിരുന്നില്ല. എന്നാല്‍ മരണവിവരം അറിയിച്ചപ്പോഴും അതിന്ന് ശേഷവും അവന്‍ ബഹുമാനത്തോടെ പെരുമാറുന്നുണ്ട്.


''സത്യം പറഞ്ഞാല്‍ അവന്‍ ഇങ്കിട്ട് വരുംന്ന് ഞാന്‍ സ്വപ്നത്തില്‍കൂടി വിചാരിച്ചിട്ടില്ല''.


''അവന്‍ വന്നാലും അവന്‍റെ അമ്മ വരുംന്ന് ഞാന്‍ ഒട്ടും വിചാരിച്ചില്ല. എന്നാല്‍ അച്ഛന്‍ മരിച്ചദിവസൂം രണ്ട് പ്രാവശ്യം കണ്ണൂക്കിനും അമ്മ വന്നു'' അമ്മിണിയും പറഞ്ഞു.


''അതൊക്കെ ശരി. കോമളത്തിന്‍റടുത്ത് ഇപ്പൊ എങ്ങന്യാ പെരുമാറ്റംന്ന് നമുക്കറിയ്യോ''.


''ഇന്ന് അവള് വന്നപ്പൊ അവളെ ഞാന്‍ കൂട്ടീട്ട് പോയി സൂത്രത്തില്‍ ചോദിച്ചു. ഇപ്പൊ ഒരു പ്രശ്നൂല്യാ. നല്ല സ്നേഹൂണ്ട് എന്നൊക്കെ പറഞ്ഞു''.


''പിന്നെ എന്തിനാണ് മുമ്പ് രണ്ടുംകൂടി എന്നും അടികൂട്യേത്''.


''അതിനൊക്കെ കാരണൂണ്ടേന്ന് കൂട്ടിക്കോളൂ''.


''എന്താ ഇത്ര വല്യേ കാരണം. ഞാനും അറിയട്ടെ''.


''നിങ്ങളിത് അവരോടൊന്നും ചോദിക്കാന്‍ പോണ്ടാ. അമ്മ ആരടടുത്തും പറയരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടാണ് അവളത് എന്നോട് പറഞ്ഞത്''.


''ഞാന്‍ ആരുടെ അടുത്തും ചോദിക്കാനും പറയാനും ഒന്നും പോണില്ല''.


''എന്നാല്‍ കേട്ടോളൂ. നമ്മടെ മരുമകന് ഒരു പെണ്ണ്വായിട്ട് നന്നല്ലാത്ത ബന്ധൂണ്ടായിരുന്നു. അത് പറഞ്ഞിട്ടാ രണ്ടാളും തമ്മില്‍ത്തല്ല്യേത്''. അമ്മിണി പറഞ്ഞത് കേട്ടപ്പോള്‍ മനസ്സൊന്ന് പിടച്ചു. എന്‍റെ മകള്‍ കുറെയധികം സഹിച്ചിട്ടുണ്ടാവും.


''അത് ശരി. പക്ഷെ അവന്‍റെ അമ്മ എന്തിനാ കോമളത്തിന്‍റടുത്ത് ലഹള കൂടീരുന്നത്''.


''അയമ്മ സ്വന്തം മകന്‍റെകൂടെ നിന്നു. മരുമകളെ അല്ലേ കുറ്റം പറയാന്‍ പറ്റൂ. അത്രേന്നെ''.


''അതല്ലല്ലോ ശരി. ആരടടുത്താ ന്യായംന്ന് നോക്കണ്ടേ''.


''നിങ്ങളൊന്ന് മിണ്ടാണ്ടിരിക്കിന്‍. ആരും സ്വന്തം മകന്‍റ്യോ, മകളട്യോ കൂടെത്തന്നെ നില്‍ക്കുള്ളൂ. അല്ലാണ്ടെ തെറ്റും ശരീം നോക്കി ന്യായം എവിട്യോ അവടെ നില്‍ക്ക്വോന്നൂല്യാ. പിന്നെ അവനെ മാത്രം കുറ്റം പറയാന്‍ പാടില്ല. കെട്ട്യോന്‍ വഴി തെറ്റുണൂന്ന് കണുമ്പൊ അവനെ നിലയ്ക്ക് നിര്‍ത്താന്‍ പെണ്ണിന് കഴിയണം. കോമളത്തിന് അതിനുള്ള കഴിവുണ്ടായില്ല''. വേലപ്പന്‍ ഉള്ളാലെ ചിരിച്ചു.  കുട്ടിക്കാലത്ത് താന്‍ സമ്മാനങ്ങള്‍ നേടിയ  കാര്യം രാധ ടീച്ചര്‍ പറഞ്ഞതിന്ന് ആ ടീച്ചറെ തെറ്റിദ്ധരിച്ച ആളാണ് മകളെ കുറ്റം പറയുന്നത്.


''എന്നിട്ട് എങ്ങന്യാ അത് തീര്‍ന്നത്''.


''അവളെ ഏതോരുത്തന്‍ കല്യാണം കഴിച്ച് കൊണ്ടുപോയി''. 


''എന്തായാലും ആ പ്രശ്നം തീര്‍ന്നൂന്ന് സമാധാനിക്കാലോ''.


''വേറെ ഏടാകൂടം ഒന്നും ഇല്ലാണ്ടിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്ക്യാ. നമുക്ക് അതല്ലേ ചെയ്യാന്‍ പറ്റൂ''.


''ഒരുത്തിടെ കാര്യം ഒരുവിധം സമാധാനായി. ഇപ്പൊ ചന്ദ്രികടെ കാര്യം ആലോചിച്ചിട്ടാ വിഷമം''.


''അതും ഒക്കെ തീരുംന്നേ. അവന് പണിചെയ്യാന്‍ പറ്റില്ലാന്ന് എഴുതി കൊടുത്താല്‍ പകരം അവള്‍ക്ക് ആ ജോലി കിട്ടുംന്ന് പറയുണൂ. അതിനുള്ള കടലാസ്സൊക്കെ ശര്യാക്കുണുണ്ട് എന്നാ പറഞ്ഞത്''.


''എങ്ങന്യോ അവര് നന്നായിരിക്കട്ടെ. അപ്പഴയ്ക്കും അവന്‍റെ അച്ഛന്‍ എന്തെങ്കിലും തകരാറ് ഉണ്ടാക്കാതിരുന്നാല്‍ മതി''


''വീട്ടിലിക്ക് വന്നോളാന്‍ സമ്മതിച്ചാല്‍ വരാന്ന് പറഞ്ഞിട്ട് മാധവന്‍ നായര് ആര്യോക്ക്യോ ദൂതിന് അയച്ച്വോത്രേ. ഈ വളപ്പില്‍ കടന്നാല്‍ കാലിന്‍റെ മുട്ട് തല്ലി ഒടിക്കുംന്ന് അയമ്മ മറുപടീം കൊടുത്തു''.


''അമ്മിണീ ഇതൊക്കെ എത്ര കാലത്തിക്ക് നടക്കും . കുറെ കഴിഞ്ഞാല്‍ ആ സ്ത്രീ വിട്ടുവീഴ്ച ചെയ്യണ്ടി വരും''.


''കല്യാണം കഴിഞ്ഞ അന്ന് മുതല്‍ ഞാനിയാളെ സഹിക്ക്യാണ്. സ്വന്തം മകന്‍ എണീക്കാന്‍ വയ്യാണ്ടെ കിടക്കിണതില്‍ അയാള്‍ക്ക് സങ്കടൂല്യാ. അവന് കിട്ടാന്‍ പോണ പണത്തില് വീതം വേണം. അത് കേട്ടതോടെ എനിക്ക് മടുത്തു. അതിന്ന് ഒറ്റ പൈസ ഞാനയാള്‍ക്ക് കൊടുക്കില്ല. ആ മനുഷ്യന്‍ എന്നെ പൊലയാടി എന്ന് വിളിച്ചതാ. ഈ ജന്മത്ത് എനിക്ക് ആ മുഖം കാണണ്ട എന്നൊക്ക്യാണ് അയമ്മ പറഞ്ഞോണ്ടിരിക്കിണത്''.


''ഇപ്പൊ അയാള് എവിട്യാണെന്ന് വല്ല വിവരൂണ്ടോ''


''കണ്ണൂക്കിന് ചന്ദ്രികീം അയമ്മീംകൂടി വന്നപ്പൊ ഞാനത് ചോദിച്ചു. അയാളടെ കുടുംബത്തില് ഭാര്യീം കുട്ട്യേളും ഇല്ലാത്ത ഒരാളുണ്ടത്രേ. വയസ്സായ അയാള് ഒറ്റയ്ക്കാണ് താമസം. അയാളടെ കുട്യാണ് ഇപ്പൊ മാധവന്‍ നായരടെ താമസം''.


''എവടേങ്കിലും താമസിച്ചോട്ടെ. അവര്‍ക്ക് ശല്യം ഉണ്ടാക്കാഞ്ഞാ മതി''.


''ഇനി ശല്യം ഉണ്ടാക്കാന്‍ ചെന്നാല്‍ അയാള്‍ അനുഭവിക്കും''


''നാളെ കണ്ണൂക്കില്ലല്ലോ. രാവിലെ ഞാനൊന്ന് വീട്ടില്‍പോയി വന്നാലോ'' കുറച്ചുകഴിഞ്ഞപ്പോള്‍ വേലപ്പന്‍ ചോദിച്ചു.


''പൊയ്ക്കോളൂ. ഞാനത് പറയാനിരുന്നതാണ്. ആരെങ്കിലും മതില് ചാടികടന്ന് തൊടീല് വല്ലതും  ചെയ്തിട്ടുണ്ടോ എന്നാ എന്‍റെ പേടി''. കുറച്ചുനേരത്തേക്ക് രണ്ടുപേരും മിണ്ടിയില്ല. വീടിനെക്കുറിച്ചുള്ള ചിന്തയാണ് അവരുടെ മനസ്സില്‍.


''നല്ല കാറ്റ് വരുണുണ്ട്. ഫാന്‍ ഓഫ് ചെയ്തോളൂ. കുറച്ചുനേരം ഞാന്‍ മയങ്ങിക്കോട്ടെ''. അമ്മിണി ഫാന്‍ നിര്‍ത്തി പോയി. വേലപ്പന്‍ കണ്ണടച്ച് കിടന്നു.


ഭാഗം : - 42.


വേലപ്പന്‍ ഭാര്യവീട്ടിലെത്തിയിട്ട് ഇരുപത് ദിവസമായി. ഇതിനിടയില്‍ രണ്ടേരണ്ടുപ്രാവശ്യമാണ്  അയാള്‍ സ്വന്തം വീട്ടിലേക്ക് ചെന്നത്. വീടും പരിസരവും വൃത്തിയാക്കി അയാള്‍ തിരിച്ചുപോരുകയും ചെയ്തു.


''ഇങ്ങിനെ ഇരുന്നാല്‍ പറ്റില്ലല്ലോ. പണിക്ക് പോണ്ടേ അമ്മിണീ'' അന്ന് വൈകുന്നേരം അയാള്‍ ഭാര്യയോട് ചോദിച്ചു.


''ഇപ്പഴത്തെ അവസ്ഥേല് പണികളയാന്‍ പറ്റ്വോ. ജോലിക്ക് പോവ്വേന്നെ''.


''ഞാനൊരു കാര്യം പറയട്ടെ. കുറച്ചുദിവസത്തേക്ക് കൂടി നീയിവിടെ നില്‍ക്ക്. ഞാന്‍ പണിക്കുപോയി ഇങ്കിട്ട് വരാം''.


''ബുദ്ധിമുട്ടാവ്വോ നിങ്ങള്‍ക്ക്''.


''എന്‍റെ ബുദ്ധിമുട്ടൊന്നും കണക്കാക്കണ്ട. നമ്മള് നമ്മടെ സൌകര്യംമാത്രം നോക്ക്യാല്‍ പോരല്ലോ''.


''ഒരുകാര്യം ചെയ്യാ. നിങ്ങള് പണിക്ക് പോണ ദിവസങ്ങളില് ഞാന്‍  നമ്മടെ വീട്ടിലിക്ക് പോവാം. അവിടെ വേണ്ട കാര്യങ്ങള്‍ നോക്കി വൈകുന്നേരാവുമ്പഴയ്ക്ക് മടങ്ങി വരാം''.


''അങ്ങിനെ ചെയ്യാച്ചാല്‍ ഒരു ഗുണൂണ്ട്. വണ്ടീന്ന് ഇറങ്ങ്യാല്‍ എനിക്ക് ഒരുദിവസം റെസ്റ്റ് കിട്ടും''.


''അച്ഛന്‍റെ പെന്‍ഷന്‍ അമ്മയ്ക്ക് കിട്ടുണമാതിരി ആക്കാനുണ്ട്. അതിന് നമ്മളെന്താ ചെയ്യത്''.


''അതാലോചിച്ച് നീ വിഷമിക്കണ്ട. പത്മനാഭ മേനോനും കുറുപ്പ് മാഷും വേണ്ടത് ചെയ്തോളുംന്ന് ഹരിദാസന്‍ പറഞ്ഞിട്ടുണ്ട്''.


''സത്യം പറഞ്ഞാല്‍ ഇങ്ങനത്തെ കുറെ നാട്ടുകാരുള്ളത് എത്ര നന്നായി. അല്ലെങ്കില്‍ ഇതിനൊക്കെ നമ്മളന്നെ ഓടിനടക്കണ്ടി വരും''.


''അമ്മയ്ക്ക് മരുന്നോ വല്ലതും വേണോ. പോവുംമുമ്പ് വാങ്ങിത്തരാന്‍ വേണ്ടീട്ടാണ്''.


''അതൊക്കെ ഞാന്‍ വാങ്ങിച്ചോളാം''


''എന്നാല്‍ കമ്പിനിക്ക് വിളിച്ച് പണിക്ക് വരുണകാര്യം പറഞ്ഞോട്ടെ''.


''പറഞ്ഞോളൂ'' വേലപ്പന്‍ അപ്പോള്‍ത്തന്നെ വിളിച്ചുചോദിച്ചു. അമ്മിണി അയാള്‍ എന്താണ് പറയുക എന്നറിയാന്‍ കാത്തുനിന്നു.


രാവിലെ ഒരുട്രിപ്പുണ്ട്. സേലത്തേക്കാണ്. എന്നോട് പോവാന്‍ പറ്റ്വോന്ന് ചോദിച്ചു. ശരി വരാന്ന് ഞാന്‍ പറഞ്ഞു. അതാവുമ്പൊ ചെറ്യേ ഓട്ടാണ്. ചിലപ്പോള്‍ അന്നയ്ക്കന്നെ വീടെത്താന്‍ പറ്റും. കുറച്ച് ദിവസത്തേക്ക് ലോങ്ങ് പോണില്ല''.


''എന്നാല്‍ നിങ്ങള്‍ക്ക് ഇടാനുള്ള ഡ്രസ്സ് ഞാന്‍ തേച്ച് വെക്കട്ടെ'' അമ്മിണി അതിനായി പോയി.


^^^^^^^^^^^^^^^^^^^^^^^^


''എന്താ കുട്ട്യേ, ഇവന്‍റെ മേത്ത് കുരു പൊങ്ങീരിക്കിണത്'' പ്രസാദിനെ നോക്കി പത്മാവതിയമ്മ ചോദിച്ചു.


''ഇവന് മാത്രോല്ല, ഇവള്‍ക്കൂണ്ട്'' രജനി അവളുടെ ഉടുപ്പ് നീക്കി മുതുക് കാണിച്ചു. ചുവപ്പുനിറത്തില്‍ തരിതരിയായി കുരുപൊങ്ങിയിട്ടുണ്ട്.


''അയ്യോ. ഇപ്പൊത്തന്നെ ഇങ്ങന്യായാല്‍ നല്ല ചൂടുകാലം ആവുമ്പൊ എന്താ ചെയ്യാ''.


''ചന്ദനം അരച്ച് പുരട്ട്യാല്‍ ഭേദംകിട്ടുംന്ന് അമ്മ പറഞ്ഞു. അത് ചെയ്ത് നോക്കണം''.


''ടെറസ് ചൂടായാല്‍ പിന്നെ രക്ഷീല്ല'' സരള പറഞ്ഞു ''ഫാനുള്ളതോണ്ട് കുറെ ആക്കം കിട്ടുണുണ്ട്''.


ആ നിമിഷം പത്മാവതിയമ്മയുടെ മനസ്സില്‍ വീടിന്‍റെ മുകളിലെ റൂമില്‍ കിടക്കുന്ന വിന്‍ഡോ എ.സി.യുടെ കാര്യം ഓര്‍മ്മവന്നു.


''മോളിലെ മുറീല് നമ്മള് കണ്ട എ.സീണ്ടല്ലോ. ഞാനത് ഇവിടെ ഫിറ്റ് ചെയ്യിക്കാം. കുട്ട്യേള് തണുക്കനെ കിടന്നോട്ടെ''.


''അയ്യോ. അതൊന്നും വേണ്ടാ. കറണ്ട് ബില്ല് കൂട്യാല്‍ വിഷമാവും''.


''അതപ്പഴല്ലേ. അത് പറഞ്ഞിട്ട് ചുട്ടിട്ട് കിടക്കണോ''.


''ഞങ്ങളിതൊന്നും സ്വപ്നംകണ്ടിട്ടും കൂടീല്യാ''.


''നോക്കിന്‍. തരക്കേടില്ലാത്ത നിലേല് ജീവിച്ചതല്ലേ നിങ്ങള്. ഇങ്ങിനെ വരുംന്ന് അപ്പൊ ചിന്തിച്ചിട്ടുണ്ടോ. അതുപോലെ ഇന്യൊരു നല്ലകാലം വരില്ലാന്ന് ആരുകണ്ടു''.


''എന്തോ ഒക്കെ ദൈവത്തിനറിയാം''.


''വിഷമിക്കാതിരിക്കിന്‍. ഒക്കെ ശര്യാവും. ഇന്നന്നെ ആ മെക്കാനിക്കിനെ വിളിച്ച് അത് ഫിറ്റ് ചെയ്യാന്‍ പറയട്ടെ''. 


രജനിയുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണിര്‍ അടര്‍ന്നുവീണു. പുറംകൈ കൊണ്ട് അവളത് തുടച്ചു.


ഭാഗം : - 43.


ലോഡ് കയറ്റിയ ലോറിയുമായി പുലര്‍ച്ചെ പോയ വേലപ്പന്‍ തിരികെ എത്തിയത് പിറ്റേന്ന് രാവിലെ പതിനൊന്ന് മണിയ്ക്കാണ്. അയാള്‍ക്ക് ഉദ്ദേശിച്ചപോലെ തിരിച്ചുവരാന്‍ കഴിഞ്ഞില്ല. ബസ്സിറങ്ങി അയാള്‍ മെല്ലെ വീട്ടിലേക്ക് നടന്നു.  വെയിലത്ത് നടന്നുപോവുന്ന വേലപ്പനെ പിന്നാലെ സ്കൂട്ടറില്‍ വന്ന ഹരിദാസന്‍ കണ്ടു.


''എന്താ ഈ നട്ടപ്പൊരി വെയിലുംകൊണ്ട്'' അയാള്‍ വേലപ്പന്‍റെ സമീപം സ്കൂട്ടര്‍ നിര്‍ത്തി  ചോദിച്ചു.


''ഇന്നലെ പുലര്‍ച്ചെ ജോലിക്ക് പോയതാണ്. അത് കഴിഞ്ഞ് ഇപ്പഴാ തിരിച്ചുവരുണത്''.


''വെയില് കൊള്ളണ്ട. വണ്ടീല്‍ കേറിന്‍. ഞാന്‍ വീട്ടില്‍ കൊണ്ടാക്കാം''.


''ബുദ്ധിമുട്ടണ്ട. ഞാന്‍ പൊയ്ക്കോളാം''.


''എനിക്കൊരു ബുദ്ധിമുട്ടൂല്യാ. നിങ്ങള് വണ്ടീല്‍ കേറിന്‍'' ഹരിദാസന്‍റെ നിര്‍ബ്ബന്ധം കാരണം വേലപ്പന്‍ സ്കൂട്ടറില്‍ കയറി.


''ഇന്നോ നാള്യോ പഞ്ചായത്തിന്ന് ഡെത്ത് സര്‍ട്ടിഫിക്കറ്റ് കിട്ടുംന്ന് ഇന്നലെ മേനോന്‍സാര്‍ പറയ്യേണ്ടായി'' വണ്ടി ഓടിക്കുന്നതിനിടയില്‍ ഹരിദാസന്‍ പറഞ്ഞു.


''നിങ്ങളൊക്കെ ഉള്ളത് എത്ര ഉപകാരാണ്. ഇല്ലെങ്കില്‍ ഇതിനൊക്കെ ഞാന്‍ തന്നെ അലയണം''.


''ആളാല്‍ കഴിയിണ ഉപകാരം ചെയ്തില്ലെങ്കില്‍ പിന്നെ മനുഷ്യായിട്ട് എന്താ കാര്യം. ഞങ്ങളെല്ലാരും ആവുണ വിധത്തില്‍ മറ്റുള്ളോരെ സഹായിക്കും''.


''മനുഷ്യര് പൊതുവേ സ്വന്തം കാര്യം നോക്കുണോരാണ്. നിങ്ങള് നല്ല ആള്‍ക്കാരായതോണ്ട് നല്ലത് ചെയ്യാന്‍ തോന്നുണൂ''.


''അമ്മയ്ക്കെങ്ങനീണ്ട്'' പടിക്കല്‍ സ്കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങിയ വേലപ്പനോട് അയാള്‍ ചോദിച്ചു.


''വിശേഷിച്ച് ഒന്നൂല്യാ. അങ്ങനെ പോണൂ''.


''ഇവിടംവരെ വന്ന അവസ്ഥയ്ക്ക് മൂപ്പത്ത്യാരെ ഒന്ന് കണ്ടിട്ട് പോവാം''.


''എന്നാല്‍ സ്കൂട്ടര്‍ ഉള്ളിലിക്ക് കേറ്റി നിര്‍ത്തൂ'' വേലപ്പന്‍ ഗെയിറ്റ് തുറന്നു കൊടുത്തു. സ്കൂട്ടര്‍ നിര്‍ത്തി ഹരിദാസന്‍ അയാളോടൊപ്പം അകത്തേക്ക് നടന്നു.


''അമ്മേ കാണാന്‍ ഒരാള് വന്നിട്ടുണ്ട്'' വേലപ്പന്‍ അമ്മ കിടക്കുന്ന മുറിയുടെ വാതില്‍ക്കല്‍ ചെന്ന്  പറഞ്ഞു.


''ആരാ കുട്ട്യേ ആള്'' അവര് പിടഞ്ഞെഴുന്നേറ്റു.


''ഞാന്‍ തന്ന്യാ വല്യേമ്മേ'' ഹരിദാസന്‍ പറഞ്ഞു.


''ആരാ ഹര്യാണോ'' അവര്‍ ചോദിച്ചു.


''ശബ്ദം കേള്‍ക്കുമ്പഴയ്ക്കും വല്യേമ്മയ്ക്ക് ആളെ മനസ്സിലായല്ലോ'' അയാള്‍ അകത്തേക്ക് കടന്നു.


''നിങ്ങള്‍ വര്‍ത്തമാനം പറയിന്‍. അപ്പഴയ്ക്ക് ഞാനൊന്ന് കുളിക്കട്ടെ'' വേലപ്പന്‍ കുളിമുറിയിലേക്ക് നടന്നു.


''ഇവിടിരിക്ക് ഹര്യേ. എന്താപ്പൊ ഈ വഴിക്ക് വരാന്‍ തോന്ന്യേത്''.


''വല്യേമ്മടെ മരുമകന്‍ വെയിലുംകൊണ്ട് റോഡില്‍കൂടി നടന്നുവരുണത് കണ്ടപ്പൊ ഇവിടെ കൊണ്ടുവിടാലോന്ന് കരുതി കൂടെ പോന്നതാ. ഇവിടെ വന്ന അവസ്ഥയ്ക്ക് വല്യേമ്മേ ഒന്ന് കണ്ടിട്ട് പോവാന്ന് കരുതി''.


''നന്നായി. അങ്ങിനേങ്കിലും എനിക്ക് നിന്നെ കാണാന്‍ പറ്റ്യേലോ''.


''പതിനാറിന് വന്ന് പോയതല്ലേള്ളൂ ഞാന്‍. ഇനി പറയിന്‍ എന്തൊക്കീണ്ട് വിശേഷം''.


''എന്ത് വിശേഷം. നാഥനായിട്ടുള്ള ആള് പോയി. അല്ലാണ്ടെന്താ എനിക്ക്''.


''നിങ്ങള് അതന്നെ ആലോചിച്ചോണ്ട് ഇരിക്കണ്ട. എല്ലാരും ഇവിടുന്ന് പോണ്ടോരന്നെ''.


''അതറിയാഞ്ഞിട്ടല്ല. ഇത്രീം കാലം രണ്ട് ശരീരൂം ഒരു മനസ്സും ആയിട്ട് ജീവിച്ചതാ. അത് ആലോചിക്കുമ്പൊ'' അവര്‍ കണ്ണ് തുടച്ചു.


''ഇങ്ങിനെ കരയാനും പിഴിയാനും തുടങ്ങ്യാല്‍ ഞാനിനി വരില്ല''.


''ഇല്ല. ഞാന്‍ കരയിണില്യാ. ഇനി നിന്‍റെ വിശേഷങ്ങള്‍ പറയ്''.


''എനിക്കെന്താ വിശേഷം. രാവിലെ എണീട്ട് പല്ലുതേക്കുമ്പഴയ്ക്ക് കന്നിന് കാടി കാട്ടുണ മാതിരി കെട്ട്യോള് മുന്നാഴി ചായ കൊണ്ടുവന്ന് വെക്കും. അത് മടമടാന്ന് കുടിച്ച് കുറച്ച് വെളിച്ചെണ്ണ വാരി തലേല്‍ പൊത്തും. എന്നിട്ട് കുളിമുറീല്‍ കേറ്യാല്‍ വിസ്തരിച്ചൊരു നീരാട്ടാണ്. അത് കഴിഞ്ഞ് മുടീം ചീകി തുണീം മാറ്റി വരുമ്പഴയ്ക്കും പത്ത് പന്ത്രണ്ട് ഇഡ്ഡല്യോ, അല്ലെങ്കില്‍ ദോശ്യോ വിളമ്പിവെച്ചിട്ടുണ്ടാവും. കഷ്ടപ്പെട്ട് ഭാര്യ ഉണ്ടാക്കി തരുണതല്ലേ. കഴിക്കാണ്ടെ ബാക്കിവെച്ചാല്‍ അവള്‍ക്ക് സങ്കടാവ്വോലോന്ന് കരുതി അത് മുഴുവന്‍ അകത്താക്കും. പിന്നെ ഒരു ഷര്‍ട്ടും എടുത്തിട്ട് സ്കൂട്ടറില്‍ കേറി ഒറ്റ പോക്കാണ്. തെണ്ടിത്തിരിഞ്ഞ് ഉണ്ണാന്‍ പാകത്തില്‍ വീടെത്തും. നാഴി അരിടെ ചോറും ഒന്നോ രണ്ടോ കൂട്ടാനും കുറച്ച് ഉപ്പേരീം കൂട്ടി അത് തിന്നും. പിന്നെ കുറച്ച് മയങ്ങും. നാല് നാലരയ്ക്ക് എണീറ്റ് മേല്‍ക്കഴുകും. അപ്പഴയ്ക്ക് സുമതി ചായീം പലഹാരൂം ഒക്കെ ഉണ്ടാക്കീട്ടുണ്ടാവും. അത് കഴിച്ചശേഷം അമ്പലത്തിലിക്ക് പോവും. അവിടെ ആല്‍ത്തറേല് എന്നെപ്പോലെ പണീം തൊരൂം ഇല്ലാത്ത ആറേഴ് അലവലാത്യേളുണ്ടാവും. അവരടെകൂടെ കെണി പറഞ്ഞോണ്ട് ഇരിക്കും. ദീപാരാധനടെ കൊട്ട് കേട്ടാല്‍ ചെന്ന് തൊഴുകും. ഇങ്ങന്യൊരു ജന്മം ഇനി തരല്ലേ ഭഗവാനേന്ന് പ്രാര്‍ത്ഥിച്ച് വീട്ടിലിക്ക് മടങ്ങും. ഊണുകഴിക്കും, കിടക്കും. തിര്‍ന്നു ആ ദിവസത്തെ വിശേഷം''.


''എന്തിനാ ഇങ്ങനത്തെ ജന്മം വേണ്ടാന്ന് പ്രാര്‍ത്ഥിക്കിണ്. നിനക്കെന്താ കുഴപ്പം''.


''പനേന്ന് താഴെ വീണൂ. എന്താ പറ്റ്യേതേന്ന് ചോദിച്ചപ്പൊ കാര്യായിട്ട് ഒന്നൂല്യാ, തല അടുത്ത കണ്ടത്തിലാ കിടക്കുണത് എന്ന് പറഞ്ഞ മട്ടാ എന്‍റേത്''.


''എന്താ മകനെക്കൊണ്ട് ഇപ്പൊ എന്തെങ്കിലും വിഷമൂണ്ടോ''.


''ഒന്നും പറയണ്ട. ആ മഹാപാപി ചത്താലേ എനിക്ക് സ്വൈരം കിട്ടൂ''.


''നീ വെറുതെ അവനെ പ്രാകണ്ട. ഒക്കെ ശര്യാവും''. 


''എന്ത് ശര്യാവുണ്. ആരടെ കയ്യോണ്ട് എപ്പഴാ തീര്വാന്ന് മാത്രേ അറിയണ്ടു''.


''അങ്ങന്യോന്നും വരില്ല. ഇതിലും വല്യേ മുരടന്മാരുണ്ടായിട്ടുണ്ട്. പലരും ആരാന്‍റെ കൈചൂട് അറിഞ്ഞശേഷം നന്നായിട്ട് ജീവിച്ചിട്ടുണ്ട്. അങ്ങനത്തെ ഒരുപാടെണ്ണത്തിനെ എനിക്കറിയാം. അതുപോലെ നിന്‍റെ മകനും നന്നാവും . ഞാനാ പറയുണ്''.


''എന്‍റെ തലേല്‍ കൈവെച്ച് നിങ്ങളിത് ഒന്നുംകൂടി പറയിന്‍. ആ നാവിന്‍റെ ഗുണംകൊണ്ട് നല്ലത് വരട്ടെ''. വൃദ്ധയുടെ മുന്നില്‍ അയാള്‍ തലതാഴ്ത്തി.


ഭാഗം : - 44.


''ഈശ്വരാ. ഇന്നലെ അവനിവിടെ വന്നപ്പൊ പറഞ്ഞപോലെ ആയല്ലോ'' ഹരിദാസന്‍റെ മകന്‍ വെട്ടേറ്റ് ആത്യാസന്നനിലയില്‍ തൃശൂരിലെ ഒരു ആസ്പത്രിയില്‍ അഡ്മിറ്റായ വിവരം വേലപ്പന്‍ പറയുന്നത് കേട്ട് അമ്മിണിയുടെ അമ്മ പ്രതികരിച്ചു.


''എന്താമ്മേ അയാള് പറഞ്ഞത്. കുളിക്കാന്‍ പോയതോണ്ട് ഞാന്‍ കേട്ടില്ല''.


''ആ മഹാപാപി ചത്താലേ എനിക്ക് സ്വൈരം കിട്ടൂന്ന് പറഞ്ഞു. ആരും അമ്മാതിരി വര്‍ത്തമാനം പറയാന്‍ പാടില്ല. എപ്പഴാ നാവില് ഗുളികന്‍ ഇരിക്ക്യാന്ന് ആരക്കാ അറിയ്യാ''.


''അവനെക്കൊണ്ട് ഹരിദാസന് മടുത്തിട്ടുണ്ടാവും. അല്ലണ്ടെ മകനോട് സ്നേഹൂല്യാഞ്ഞിട്ടൊന്നും ആവില്ല''.


''എങ്ങന്യാ സംഭവംന്ന് വല്ല വിവരൂണ്ടോ''.


''ആ ചെക്കന്‍ ഇന്നലെ സന്ധ്യക്ക് ബാറില്‍ചെന്ന് ആരോടോ അടീണ്ടാക്കി എന്നാ കേട്ടത്. തല്ലുകൊണ്ടോര് രാത്രിക്ക് രാത്രി അവനെ കുത്തി''.


''എവടെ വെച്ചിട്ടാ സംഭവം നടന്നത്''.


''ബാറിന്ന് വീട്ടിലിക്ക് അവന്‍ പോണവഴിക്ക് വര്‍ക്ക് ഷോപ്പിന്‍റെ മുമ്പില് വെച്ച് തടഞ്ഞുനിര്‍ത്തി കുത്തും വെട്ടും ചെയ്തൂന്നാ കേട്ടത്''.


''ആരാ ഇപ്പൊ ആ കുട്ടിടെ അടുത്തുള്ളത്''.


''വഴീല്‍ ചോര ഒലിപ്പിച്ച് കിടക്കുണത് കണ്ട് ആരൊക്ക്യോ ചേര്‍ന്നവനെ ആസ്പത്രീലെത്തിച്ചു. വിവരംകേട്ട് ചെന്ന ഹരിദാസനും ഭാര്യയും പിന്നെ അടുത്ത വീട്ടിലെ ഒന്നുരണ്ട് ആള്‍ക്കാരുംകൂടി ചെക്കനെ തൃശ്ശൂരിലിക്ക് കൊണ്ടുപോയി''.


''ഹരിടെ കൂട്ടുകാര് കാണാന്‍ പോയില്ലേ''.


''മേനോനും കുറുപ്പ് മാഷും രാമനും പോണുണ്ടെന്ന് ബാലന്‍ മാഷ് പറഞ്ഞു. അയാള്‍ ഉറപ്പായ്ട്ട് പോവും. അവര് ബന്ധുക്കളല്ലേ''.


''അല്ലെങ്കിലും ഹരിടെ സ്വഭാവഗുണത്തിന് എല്ലാരും ചെല്ലും. അവന്‍ അത്രയ്ക്ക് നല്ലോനാണ്''.


''ഒന്ന് പോയി കണ്ടാലോന്ന് എനിക്കും തോന്നുണുണ്ട്. ഇന്നലീംകൂടി ആ മനുഷ്യന്‍ ഇവിടെ വന്നതല്ലേ''.


''ശര്യാണ്. അറിഞ്ഞിട്ട് പോയില്ലാന്ന് വേണ്ടാ''.


''അവരൊക്കെ എങ്ങന്യാ പോണതേന്ന് ചോദിച്ചുനോക്കട്ടെ. എന്നിട്ട് ഞാന്‍ പുറപ്പെടാം'' വേലപ്പന്‍ അപ്പോള്‍ത്തന്നെ ബാലന്‍ മാഷെ വിളിച്ച് വിവരം ചോദിച്ചു.


''മേനോന്‍ സാറിന് കാറുണ്ട്. അദ്ദേഹത്തിന് ഇത്രദൂരം ഓടിക്കാന്‍ വയ്യ. ഒരു ഡ്രൈവറെ കിട്ട്വോന്ന് നോക്കുണുണ്ട്. ഡ്രൈവറെ കിട്ട്യാല്‍ കാറില്‍ പോവും. ഇല്ലെങ്കില്‍ ഞങ്ങള്‍ ബസ്സില്‍ പോവും''.


''എനിക്കും വരണംന്നുണ്ട്. വിരോധൂല്യെങ്കില്‍ ഞാന്‍ കാറോടിച്ചോളാം''.


''വിരോധൂണ്ടാവാന്‍ വഴീല്ല. ഞാനൊന്ന് ചോദിച്ചിട്ട് ഇപ്പൊ വിളിക്കാം'' അഞ്ചുമിനുട്ടിനുള്ളില്‍ മാഷ് തിരിച്ചുവിളിച്ചു.


''മേനോന്‍ സാര്‍ ഡ്രൈവറെ കിട്ടാണ്ടെ വിഷമിച്ചിരിക്ക്യാണ്. വിവരം പറഞ്ഞപ്പൊ സന്തോഷായി. എപ്പൊ വേണച്ചാലും പോവാന്ന് പറഞ്ഞു''.


''എന്നാല്‍ പത്തുമിനുട്ടിനുള്ളില്‍ ഞാന്‍ പുറപ്പെട്ട് അങ്ങാടീലെത്താം. അത് പോരേ''.


''ധാരാളം. ഞാന്‍ എല്ലാരോടും പറഞ്ഞിട്ട് അവിടെയെത്താം''. വേലപ്പന്‍ അങ്ങാടിയിലെത്തുമ്പോള്‍ ബാലന്‍ മാഷും കമ്പൌണ്ടര്‍ രാമനും അവിടെ സംസാരിച്ച് നില്‍പ്പാണ്.


''എന്താ പോവ്വല്ലേ'' അയാള്‍ ചോദിച്ചു.


''കുറുപ്പ് മാഷ് വന്നോണ്ടിരിക്കുണുണ്ട്. അദ്ദേഹം വന്നോട്ടെ. എന്നിട്ട് മേനോന്‍ സാറിന്‍റെ വീട്ടിലിക്ക് പോവാം''.


''എന്തെങ്കിലും വിവരം കിട്ട്യോ''.


''മേനോന്‍ സാര്‍ ഹര്യേട്ടനെ വിളിച്ച് സംസാരിച്ചു. നല്ലോണം ചോര പോയിട്ടുണ്ട്. കുറെ ചോര കേറ്റി. മുറിവൊക്കെ തുന്നിക്കെട്ടീട്ടുണ്ട്.  ആളിപ്പഴും ഐ.സി.യു. വിലാണ്''.


''അപ്പൊ നമ്മള്‍ ചെന്നാല്‍ കാണാന്‍ പറ്റില്ലേ''.


''നമ്മള് ഹര്യേട്ടനേം ഭാര്യീം കാണാനല്ലേ പോണത്. എന്തെങ്കിലും പറഞ്ഞ് അവരെ സമാധാനിപ്പിക്കണ്ടേ''.


''അതും ശര്യാണ്. നാല് വാക്ക് പറഞ്ഞ് ആശ്വസിപ്പിക്കാനല്ലെ നമുക്ക് പറ്റൂ'' കുറുപ്പ് മാഷ് ഒരു ഓട്ടോയില്‍ വന്ന് അവരുടെ മുന്നിലിറങ്ങി.


''മേനോന്‍ സാറിന്‍റെ വീട്ടിലിക്ക് ചെല്ല്വാ'' രാമന്‍ അയാളോട് ചോദിച്ചു.


''വേണ്ടാ. മേനോന്‍ കാറുമായി ഇപ്പോള്‍ ഇവിടെയെത്തും''. കാര്‍ അവരുടെ മുന്നില്‍ വന്നുനിന്നു. മേനോന്‍ ഡ്രൈവിങ്ങ് സീറ്റില്‍ നിന്നിറങ്ങി തൊട്ടടുത്ത സീറ്റിലിരുന്നു. വേലപ്പന്‍ ഡ്രൈവറായി. ബാക്കി മൂന്നുപേര്‍ പുറകിലിത്തെ സീറ്റിലിരുന്നു. വണ്ടി സ്റ്റാര്‍ട്ടായി. അത് മെല്ലെ മുന്നോട്ട് നീങ്ങി.


ഭാഗം : - 45.


തൃശൂരിലേക്ക് പോയവര്‍ തിരിച്ചെത്തുമ്പോള്‍ അഞ്ചുമണിയാവാറായി.  അങ്ങാടിയില്‍ കാര്‍ നിര്‍ത്തി എല്ലാവരും ഇറങ്ങി. മേനോന്‍ കാറുമായി വീട്ടിലേക്ക് പോയശേഷം ബാക്കിയുള്ളവര്‍ ഓരോ വഴിക്ക് പിരിഞ്ഞു. വേലപ്പന്‍ അമ്മിണി ഏല്‍പ്പിച്ച സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നു. ഉമ്മറത്ത് അമ്മിണിയും ഏടത്തിയും അമ്മയും ഇരിപ്പുണ്ട്. അമ്മിണി ഇറങ്ങി വന്ന് വേലപ്പന്‍റെ കയ്യില്‍നിന്ന് പ്ലാസ്റ്റിക്ക് ക്യാരിബാഗ് വാങ്ങി. ചെരിപ്പഴിച്ചുവെച്ച് അയാള്‍ അകത്തേക്ക് കയറി.


''എങ്ങനീണ്ട് ആ കുട്ടിക്ക്'' വേലപ്പന്‍ ഇരുന്നതും അമ്മ ചോദിച്ചു.


''ഐ.സി.യു. വില്‍ കിടപ്പുണ്ട്. അപകടനില കഴിഞ്ഞൂന്ന് പറഞ്ഞു''.


''ഭാഗ്യം. ഇല്ലെങ്കില്‍ ഹരിക്ക് എന്നെത്തേക്കും ഒരു സങ്കടായന്നെ''.


''സംഗതി ശരി. പക്ഷെ  ഇനീം ആ പയ്യന്‍ പഴേ മട്ടില്‍ നടന്നാല്‍ സങ്കടോല്ലേ''.


''നോക്കിക്കോളിന്‍. ഇനി അങ്ങനെ ഉണ്ടാവില്ല. അവനിപ്പൊ കിട്ടണ്ടത് കിട്ടി. ഇനി തോന്നണ്ടത് തോന്നിക്കോളും''.


''ഹരിടെ ഭാര്യടെ സങ്കടം കാണാനാ വയ്യാത്തത്. കരച്ചിലോട് കരച്ചിലന്നെ''.


''അത് ഇല്ലാണ്ടിരിക്ക്വോ. അവള് പത്ത് മാസം ചുമന്നോണ്ട് നടന്നതല്ലേ''.


''ഞങ്ങള് കുറെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ നോക്കി. രാവിലെ മുതല്‍      ആ സ്ത്രീ ഒരുതുള്ളി വെള്ളം കുടിച്ചിട്ടില്ല. ഞങ്ങള് നിര്‍ബ്ബന്ധിച്ചിട്ടാണ് കഴിച്ചൂന്ന് വരുത്ത്യേത്. ഏതായാലും ഉച്ചയ്ക്ക് രണ്ടാളേം ആഹാരം കഴിപ്പിച്ചിട്ടാ ഞങ്ങള് പോന്നത്''


''അതേതായാലും നന്നായി. ആരാ അവര്‍ക്ക് തുണയ്ക്കുള്ളത്''.


''ങാ. അത് പറയാന്‍ വിട്ടു. ഹരിടെ മകളും മരുമകനും എത്തീട്ടുണ്ട്. വിവരം അറിഞ്ഞതും അവര് കുട്ട്യേളെ അവന്‍റെ അച്ഛന്‍റീം അമ്മടീം അടുത്ത് ഏല്‍പ്പിച്ച് നെടുമ്പാശേരിക്ക് വിമാനത്തില്‍ വന്നു. അവിടേന്ന് ടാക്സി വിളിച്ച്  തൃശുരിലും എത്തി''.


''നിങ്ങളവരെ കണ്ട്വോ''.


''എന്താ കാണാതെ. ആ ചെറുപ്പക്കാരന്‍ ഹരിടെ അടുത്തന്ന്യാണ്. പെണ്ണ് തള്ളേ കെട്ടിപ്പിടിച്ചോണ്ട് ഒരുഭാഗത്ത് ഇരിക്കിണുണ്ട്''.


''അവന് നല്ല സ്ഥിത്യാണെന്നാ കേട്ടിട്ടുള്ളത്. പോരത്തതിന് പെങ്ങള്‍ക്കും ജോലീണ്ടല്ലോ''.


''എന്തുണ്ടായിട്ടെന്താ. ഇങ്ങനെ ഒരുത്തന്‍ ഉണ്ടായാല്‍ പോരേ''. 


''എത്ര ദിവസം ആസ്പത്രീല് കിടക്കണ്ടി വരും''.


''അതൊന്നും പറയാറായിട്ടില്ല. എത്ര ചുരുങ്ങ്യാലും പത്ത് പതിനഞ്ച് ദിവസം വേണ്ടിവരും''.


''അപ്പൊ ഒരുപാട് കാശാവ്വോലോ''.


''ആവും. അത് ഉറപ്പാണ്''. 


''ഹരിടെ കഷ്ടകാലം എന്നാല്ലാണ്ടെ എന്താ പറയ്യാ. നല്ലകാലത്ത് കണ്ണെത്താത്ത നാട്ടില്‍ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്ക്യേത് മകനായിട്ട് മുടിപ്പിക്കും ''.


''മകള് വന്നശേഷം ഒരുപൈസ അച്ഛനെക്കൊണ്ട് ചിലവാക്കിച്ചിട്ടില്ല എന്നാണ് ഹരിദാസന്‍ പറഞ്ഞത്''.


''അതൊക്കെ ശരി. പക്ഷെ മനോവേദനീണ്ടല്ലോ. അത് പങ്കുവെക്കാന്‍ പറ്റ്വോ''


''അമ്മേ, ഈ ജിവിതത്തിന്‍റെ എടേല് എന്തൊക്ക്യോ അനുഭവിച്ചിട്ടുണ്ട്, ഇപ്പഴും  അനുഭവിക്കിണുണ്ട്, ഇനി അനുഭവിക്കാന്‍ കിടക്കുണൂണ്ട്. അതില്‍ ചിലത് സന്തോഷം തരുണതാവും, വേറെ ചിലത് സങ്കടംതരും . ഒരുകാര്യം ഉറപ്പാണ്. ഒന്നും സ്ഥിരായിട്ടുണ്ടാവില്ല. അയാളുടെ കാര്യൂം അങ്ങനെത്തന്നെ''.


''നീ പറഞ്ഞതാ ശരി. ഒന്നിനും ഒരു സ്ഥിരതീല്യാ''.


''ഇന്നെന്താ യാത്ര കഴിഞ്ഞു വന്നിട്ട് കുളിക്ക്യോന്നും വേണ്ടേ. അതോ രണ്ടാളുംകൂടി തത്വജ്ഞാനം പറഞ്ഞിരിക്കാനാണോ ഭാവം''. അമ്മിണി ചായയുമായി വന്നു.


''ഇത് കുടിച്ചതും മേല്‍കഴുകാന്‍ വരാം'' വേലപ്പന്‍ ചായഗ്ലാസ്സ് വാങ്ങി.


ഭാഗം : - 46.


നാലഞ്ചുദിവസമായി മുറ്റമടിക്കാന്‍ വരാറുള്ള സ്ത്രി വന്നിട്ട്. അവള്‍ ഇങ്ങിനെത്തന്നെയാണ്. മുന്നറിയിപ്പില്ലാതെ ഇടയ്ക്ക് വരാതിരിക്കും. പത്മാവതിയമ്മ ചൂലെടുത്ത് മുറ്റമടിക്കാന്‍ തുടങ്ങി. അതുകണ്ട രജനി ഓടിവന്നു.


''അമ്മ ആ ചൂലിങ്ങിട്ട് തരൂ. ഞാന്‍ അടിച്ചോളാം'' അവള്‍ പറഞ്ഞു.


''വേണ്ടാ കുട്ട്യേ, നിനക്ക് വീട്ടില്‍ പണീണ്ടാവും''.


''സാരൂല്യാ. രവ്യേട്ടനുള്ള ആഹാരം ഉണ്ടാക്കിവെച്ചു. മക്കള്‍ക്ക് അമ്മ കൊടുക്കുണുണ്ട്. ബാക്കി പണി ഇത് കഴിഞ്ഞിട്ട് മതി''.


''നോക്ക്, ഇപ്പൊത്തന്നെ നീ എന്തൊക്ക്യോ പണ്യേള് ചെയ്തുതരുണുണ്ട്. ഇനീം നിന്നെക്കൊണ്ട് പണി ചെയ്യിക്കിണത് മോശാണ്''.


''പണി ചെയ്യിക്ക്യല്ലല്ലോ. ഞാനായിട്ട് ചെയ്യുണതല്ലേ''.


''എന്നാലും നിന്നെക്കൊണ്ട് മുറ്റം അടിപ്പിക്ക്യേ. അത് വേണ്ടാ''.


''അതില്‍ തെറ്റൊന്നൂല്യാ. ഞാന്‍ ഈ വീട്ടിലെ മകളാണെങ്കില്‍ ചെയ്യണ്ടേ''. രജനി ആ പറഞ്ഞത് പത്മാവതിയമ്മയുടെ മനസ്സില്‍ തട്ടി. പെണ്‍കുട്ടി ഇല്ലാത്ത തനിക്ക് ഒരു പെണ്‍കുട്ടിയെ കിട്ടിയതായി അവര്‍ക്ക് തോന്നി.


''അല്ലെങ്കിലും ഞങ്ങള് നിന്നെ മകളായിട്ടന്നെ കാണുണത്''. അവര്‍ ചൂല് രജനിക്ക് കൈമാറി.


''എന്താ പണിക്കാരി വരാത്തത്. സൂക്കടായി കിടക്ക്വാണോ''. അവള്‍ മുറ്റമടിക്കുന്നതിനിടയില്‍ ചോദിച്ചു.


''ഒരു സൂക്കടും ഉണ്ടാവില്ല. തരികട സാധനാണ് ആ പെണ്ണ്. എന്നാലോ എന്ത് കിട്ട്യാലും പോരാ''.


''കൂലി പോരാന്ന് തോന്നീട്ടുണ്ടാവും''.


''കാല്‍ മണിക്കൂര്‍ നേരത്തെ പണ്യല്ലേ ഉള്ളു. അതിന് ഞാന്‍ മാസാമാസം ആയിരം ഉറുപ്പിക കൊടുക്കുണുണ്ട്''.


''എന്നിട്ടാണ് പണിക്ക് വരാന്‍ മടി കാട്ടുണ്. അമ്മ വിഷമിക്കണ്ട. അയമ്മ വന്നില്ലെങ്കില്‍ ഞാന്‍ ദിവസൂം അടിച്ച് വൃത്തിയാക്കിക്കോളാം''.


''ഇവിടുത്തെ താമസം എങ്ങനീണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയാന്‍ മടിക്കണ്ട''.


''ബുദ്ധിമുട്ടോ. ഞങ്ങളിപ്പൊ സ്വര്‍ഗ്ഗത്തിലാണെന്നാ അമ്മ പറയുന്നത്. എ. സി. വെച്ചതോടെ ചൂട് അറിയിണതേയില്ല. ഉച്ചയ്ക്ക് മക്കള് സുഖായിട്ട് ഉറങ്ങുന്നുണ്ട്''.


''എത്രകാലം വേണച്ചാല്‍ സുഖായിട്ട് കഴിഞ്ഞോളിന്‍. ഞങ്ങളായിട്ട് പോവാന്‍ പറയില്ല''.


''അത് ഞങ്ങള്‍ക്ക് മനസ്സിലായി. രണ്ടാളും ഈശ്വരനെപോലെയാണെന്ന് രവ്യേട്ടന്‍ എപ്പഴും പറയും''.


''വര്‍ക്ക് ഷോപ്പില്‍ ബൈക്ക് നന്നാക്കലാണ് പണി എന്ന് രവി ഞങ്ങളോട് പറഞ്ഞു. ശമ്പളം നല്ലോണം തര്വോ''.


''നല്ലോണം പണിയെടുപ്പിക്കും. കൂലി തരാന്‍ മുതലാളിക്ക് മടിയാണ്. ഒരു ദിവസത്തേക്ക് അഞ്ഞൂറ് ഉറുപ്പിക വെച്ച് തരും. പണിക്ക് പോവാത്ത ദിവസം കൂലിയില്ല''.


''അപ്പൊ ഞായറാഴ്ച്ചക്കോ''


''ഓണത്തിന് രണ്ടു ദിവസം, വിഷൂന്  ഒരു ദിവസം, പൂജവെപ്പിന് ഒരു ദിവസം. ശമ്പളം ഉള്ള ലീവുകള്‍  ഇതേയുള്ളു. ഞായറാഴ്ച പണിയില്ല, കൂലിയും ഇല്ല''.


''കുട്ട്യേ, ചോദിക്കുമ്പൊ ഒന്നുംതോന്നരുത്. നിനക്കെന്തെങ്കിലും പണിക്ക് പൊയ്ക്കൂടേ''.


''മുമ്പ് ഞാന്‍ ടൌണിലൊരു തുണിക്കടയില്‍ പോയിരുന്നു. പ്രത്യുഷയെ പ്രസവിക്കാറായപ്പോഴാണ് അത് നിര്‍ത്തിയത്. പിന്നെ ഞാന്‍ പണിക്ക് പോയിട്ടില്ല''.


''നീ എത്രവരെ പഠിച്ചിട്ടുണ്ട്''.


''ബി.കോം. പാസായിട്ടുണ്ട്. അതോണ്ട് നാട്ടില്‍ നല്ലൊരുജോലി കിട്ടില്ല. പി.എസ്.സി. എഴുതണം എന്ന് മോഹമുണ്ട്''. 


''പിന്നെന്താ എഴുതാത്ത്''.


''എല്‍.ഡി.സി. പോസ്റ്റിന് അപേക്ഷിച്ചിട്ടുണ്ട്. തൊഴില്‍ വാര്‍ത്ത വാങ്ങും. അതില്‍ കാണുന്നത് വായിക്കും. അത് പോരാ. ഏതെങ്കിലും കോച്ചിങ്ങ് ക്ലാസ്സില്‍ ചേര്‍ന്നാലേ കടന്ന് കൂടൂ''.


''എന്നാ നിനക്ക് ചേര്‍ന്നൂടേ''.


''ഞങ്ങളുടെ അവസ്ഥ അറിയാലോ. കോച്ചിങ്ങിന് ചേര്‍ന്നാല്‍ ക്ലാസ്സിന്ന് പോയി വരാനുള്ള ചിലവ്, ഫീസ് ഒക്കെ വേണം. അതിനുള്ള വഴിയില്ല''.


''പതിനൊന്ന് മണ്യോടെ നീ അങ്കിട്ട് വാ. ഞാനൊന്ന് നോക്കട്ടെ'' രജനി മുറ്റം വൃത്തിയാക്കി. ചൂല് തിരിച്ചുവാങ്ങി പത്മാവതിയമ്മ തന്‍റെ വീട്ടിലേക്ക് നടന്നു


ഭാഗം : - 47.


നാലാമത്തെ ദിവസമാണ് ഹരിദാസന്‍റെ മകനെ റൂമിലേക്ക് മാറ്റിയത്. അതിനുശേഷം അയാളുടെ ഭാര്യ മകന്‍റെ അടുത്തുനിന്ന് മാറിയിട്ടില്ല. 


''സുമതീ, നീ ഇടയ്ക്കൊന്ന് മുതുക് ചായ്ച്ചോ. ഞാന്‍ അടുത്തിരിക്കാം''  എന്ന് ഹരിദാസന്‍ പറയും.


''ഒന്നും വേണ്ടാ. ഞാനെന്‍റെ കുട്ടിടടുത്ത് ഇരിക്ക്യാണ്'' എന്ന് അവരും പറയും.


''എത്ര ദിവസം ആസ്പത്രീല്‍ വേണ്ടിവരുംന്ന് അറിയില്ല. അതുവരെ നിങ്ങള്‍ക്കിവിടെ കഴിയാന്‍ പറ്റ്വോ. ജോലിക്ക് പോവണ്ടേ'' അയാള്‍ മരുമകനോട് ചോദിച്ചു.


''അവിടത്തെ കാര്യം ആരേയും ഏല്‍പ്പിക്കാതെയാണ് ഞാന്‍ വന്നത്. പേടിക്കാനില്ലെങ്കില്‍ പോയാലോ എന്ന് ആലോചിക്കുകയാണ്''.


''എന്നാല്‍ പൊയ്ക്കോളിന്‍. എന്തെങ്കിലും ആവശ്യൂണ്ടെങ്കില്‍ ഞാന്‍ വിളിക്കാം''.


''ഞാനിപ്പോള്‍ പോവുന്നില്ല. ഏട്ടനെ ഡിസ്ചര്‍ജ്ജ് ചെയ്തിട്ടേ ഞാന്‍ പോവൂ'' മകള്‍ ഉറപ്പിച്ച് പറഞ്ഞു.


''അതുമതി. ഡിസ്ചര്‍ജ്ജ് ചെയ്യാറായാല്‍ എനിക്ക് വിവരംതരൂ. ഞാന്‍  വന്ന് ഇവളെ കൂട്ടിക്കൊണ്ട് പോവാം''. കാര്യങ്ങള്‍ തീരുമാനിച്ചതോടെ മരുമകന്‍ തിരിച്ചുപോവാനുള്ള ഒരുക്കമായി. ചെന്നെയിലേക്ക് ഒരു സ്പെഷല്‍ ട്രെയിനുണ്ട്. അതില്‍ ടിക്കറ്റ് കിട്ടാനുണ്ട്. അയാളത് ബുക്ക് ചെയ്തു.


''ടിക്കറ്റ് ശരിയായി'' അയാള്‍ പറഞ്ഞു.


''എപ്പോഴാ ട്രെയിന്‍'' ഹരിദാസന്‍ ചോദിച്ചു.


''രാത്രി ഒമ്പതിന്''.


''അപ്പൊ ഏട്ടരയ്ക്ക് ഇറങ്ങ്യാല്‍ മതി''.


''പത്തുമിനുട്ട് മുമ്പെ ഇറങ്ങ്യാലും വിരോധൂല്യാ. വണ്ടി കിട്ടാണ്ടെ വരണ്ട'' സുമതി പറഞ്ഞു.


മൂന്നുമണി കഴിഞ്ഞതും ഹരിയുടെ മകന്‍ കണ്ണുതുറന്നു ചുറ്റുപാടും നോക്കി. അടുത്ത് അമ്മ ഇരിപ്പുണ്ട്, അച്ഛനും പെങ്ങളും വേറൊരു കട്ടിലില്‍ ഇരിക്കുന്നു, അളിയന്‍ കസേലയിലും.


''കഞ്ഞി തരട്ടെ'' സുമതി മകനോട് ചോദിച്ചു.


''ഒരു ചായ കിട്ട്വോ. ഇപ്പോള്‍ അത് മതി'' 


കേട്ടപാടെ ഹരിദാസനും മരുമകനും ഫ്ലാസ്ക്കുമായി ക്യാന്‍റീനിലേക്ക് ചെന്നു. ചായ വാങ്ങി അവര്‍ തിരിച്ചുവരുമ്പോള്‍ മകന്‍റെ നെറ്റിയില്‍ തലോടുന്ന അമ്മയെയാണ് കണ്ടത്. മകന്‍റെ കൈ അമ്മയുടെ മടിയില്‍ വിശ്രമിക്കുന്നു. ഹരിദാസന്‍റെ മനസ്സ് നിറഞ്ഞു.


''നീയിങ്കിട്ട് മാറിയിരിക്ക്. ചായ ഞാന്‍ കൊടുത്തോളാം'' അയാള്‍ പറഞ്ഞു.


''വേണ്ടാ. എന്‍റെ കുട്ടിക്ക് ഞാന്‍ കൊടുക്കാം'' ഫ്ലാസ്ക്കിലെ ചായയില്‍ നിന്ന് കുറച്ച് ഗ്ലാസ്സില്‍ വാങ്ങി സുമതി സ്പൂണില്‍ കോരി കൊടുക്കാന്‍ നോക്കി.


''എന്നെ എഴുന്നേല്‍പ്പിച്ച് ചാരിയിരുത്തിയാല്‍ മതി. ഞാന്‍ കുടിച്ചോളാം'' മകന്‍ പറഞ്ഞു.


''നല്ലോണം ഭേദായിട്ട് എണീറ്റാല്‍ മതി. ഇപ്പൊ അമ്മ തരാം''.


''അമ്മ കരുതുന്ന മാതിരി എനിക്ക് വിഷമമൊന്നുമില്ല. ചെറിയൊരു ക്ഷീണമുണ്ട്. അത് വൈകാതെ മാറും''. എത്രയോ കാലത്തിന്ന് ശേഷമാണ് മകന്‍ സുമതിയെ അമ്മേ എന്ന് വിളിക്കുന്നത് എന്ന്ഹരിദാസന്‍ ഓര്‍ത്തു. കഴിഞ്ഞ തവണ കണ്ട സമയത്ത് ആ വല്യേമ്മ പറഞ്ഞപോലെ മകന്‍ നന്നാവുകയാണോ. സുമതി  മകന്‍റെ വായിലേക്ക് ചായ പകരുന്നുണ്ട്. അവളുടെ നിറഞ്ഞ കണ്ണില്‍നിന്ന് കണ്ണീരിറ്റ് മകന്‍റെ മുഖത്ത് വീണു.


''അമ്മയെന്തിനാ കരയുന്ന്. എനിക്ക് ഒന്നൂല്യാ'' മകന്‍ അമ്മയെ ചേര്‍ത്തു പിടിച്ചു.


''എന്‍റെ കുട്ടിക്ക് എന്തെങ്കിലും പറ്റ്യാല്‍ പിന്നെ അമ്മ ഉണ്ടാവില്ല'' സുമതി തേങ്ങി. അവന്‍ അമ്മയെ ചേര്‍ത്തുപിടിച്ചു. ക്രമേണ അവന്‍ ഉറക്കമായി. അഞ്ചുമണിയോടെയാണ് മകന്‍ പിന്നെ ഉണരുന്നത്.


''അമ്മ ഇവിടെത്തന്നെ ഇരിക്കുകയാണോ'' അവന്‍ ചോദിച്ചു. അതെയെന്ന മട്ടില്‍ സുമതി തലകുലുക്കി.


''അമ്മേ, എനിക്ക് വിശക്കുന്നു'' അവന്‍ പറഞ്ഞു.


''ഡോക്ടറടെ അടുത്ത് പറഞ്ഞ് അച്ഛന്‍ എന്തെങ്കിലും വാങ്ങീട്ട് വരും''. ഹരിദാസന്‍ രാജേഷിനെക്കൂട്ടി ഡോക്ടറെ കാണാന്‍ ചെന്നു.  ബ്രെഡ്ഡും കാപ്പിയുമായി അവര്‍ തിരിച്ചെത്തി. അമ്മ അത് മകന് നല്‍കി. 


''നന്ദൂ, എനിക്ക് തിരിച്ചുപോവണം. ഞാന്‍ പൊയ്ക്കോട്ടെ'' മരുമകന്‍ അളിയനോട് ചോദിച്ചു.


''രാജേഷേട്ടന്‍ പൊയ്ക്കോളൂ. ഭേദമായാല്‍ ഞാന്‍ വന്ന് കാണാം''.


''ഞാന്‍ വന്ന് നന്ദൂനെ കൂട്ടീട്ട് പോവും. അതുവരെ പെങ്ങള്‍ ഇവിടെ നന്ദൂന്‍റെ അടുത്തുണ്ടാവും''. 


അവനൊന്ന് ചിരിച്ചു. എല്ലാവരുടേയും മനംകുളിര്‍പ്പിച്ച ചിരി.


ഭാഗം : - 48.


പത്മാവതിയമ്മയുടെ നിര്‍ബ്ബന്ധത്തിന്ന് വഴങ്ങിയാണ്  പി.എസ്.സി. പരീക്ഷയ്ക്കുള്ള കോച്ചിങ്ങ് ക്ലാസ്സില്‍ രജനി ചേര്‍ന്നത്. 


''ആഗ്രഹിച്ചതുകൊണ്ട് മാത്രമായില്ല. അതിനുള്ള വഴിയും വേണ്ടേ. ഞാന്‍ വീട്ടിലിരുന്ന് ആവുന്നതുപോലെ പഠിച്ചോളാം'' എന്നവള്‍ പറഞ്ഞതാണ്.


''നിന്‍റെ പ്രയാസം എന്താന്ന് എനിക്കറിയാം. കാശില്ലാത്ത ബുദ്ധിമുട്ടല്ലേ.  അത് കണക്കാക്കണ്ട. ഫീസ് മാഷ് അടച്ചോളും. പിന്നെ ബസ്സ് ചാര്‍ജ്ജ്.     അത് ഞാന്‍ തന്നോളാം''.


''അയ്യോ. അമ്മ വെറുതെ സാറിനെക്കൊണ്ട് പൈസ ചിലവാക്കിക്കണ്ട. ഇപ്പോഴേ എന്തെല്ലാം സൌകര്യങ്ങളാണ് ഞങ്ങള്‍ക്ക് ചെയ്തുതന്നത്. ഇനിയും പണം ചിലവാക്കിക്കുന്നത് ശരിയല്ല. ഒന്നും പറയില്ല എന്ന് വിചാരിച്ചാലും സാറ് എന്താ കരുതുക'' അവള്‍ ചോദിച്ചു.


''നിനക്ക് മാഷെക്കുറിച്ച് അറിയാഞ്ഞിട്ടാണ്. ജോലിയിലുള്ള കാലത്ത് എത്ര പാവപ്പെട്ട കുട്ടികളെയാണ് മാഷ് പണം കൊടുത്ത് സഹായിച്ചത്. ജോലീന്ന് പിരിഞ്ഞപ്പൊ മാഷ്  ട്യൂഷന്‍ ക്ലാസ്സ് തുടങ്ങി. അന്നും പാവപ്പെട്ട കുട്ട്യേളടെ കയ്യിന്ന് ഫീസ് വാങ്ങില്ല. ചിലര്‍ക്കൊക്കെ മാഷ് അങ്കിട്ട് പൈസ കൊടുക്കും ചെയ്യും''.


''ഇതുപോലെ നല്ല ആള്‍ക്കാരെ കാണാന്‍ കിട്ടില്ല എന്ന് രവിയേട്ടന്‍ എന്നും പറയും''.


ഏതായാലും രജനി പഠിക്കാന്‍ ചേര്‍ന്നു. ആഴ്ചയില്‍ മൂന്നുദിവസമാണ് ക്ലാസ്സ്. അതിലൊന്ന് ഞായറാഴ്ചയാണ്. രണ്ടുമണിക്ക് ക്ലാസ്സ് കഴിയും. രണ്ടര മൂന്നുമണിക്കുള്ളില്‍ തിരിച്ച് വീട്ടിലെത്തും. രാവിലെ എട്ടരയ്ക്ക് വീട്ടില്‍നിന്ന് ഇറങ്ങണം. അതു മാത്രമേ ബുദ്ധിമുട്ടുള്ളു. രജനി ക്ലാസ്സിന്ന് പോയി കഴിഞ്ഞാല്‍ സരളയും പേരക്കുട്ടികളും മാത്രമേ വീട്ടിലുണ്ടാവൂ. പത്മാവതിയമ്മ വീട്ടിലെ പണികള്‍ തീര്‍ത്ത് അങ്ങോട്ട് പോവും. പിന്നെ ഉച്ചയ്ക്ക് ഉണ്ണാറാവുന്നതുവരെ രണ്ടുപേരും എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞിരിക്കും. 


''എനിക്ക് മാത്രോല്ല, മാഷക്കും രജന്യേ വല്യേ ഇഷ്ടാണ്'' ഒരുദിവസം പത്മാവതിയമ്മ പറഞ്ഞു ''അവളടെ വൃത്തീം വെടിപ്പും വിനയൂം കാരണം ആരും അവളെ ഇഷ്ടപ്പെടും''.


''ഞങ്ങള്‍ക്കും അതന്ന്യാണ് സമാധാനം. ഒന്ന് പറയുമ്പഴയ്ക്കും രണ്ട് തിരിച്ചു പറയിണ പെണ്‍കുട്ട്യാണച്ചാലോ. പെട്ടില്ലേ''.


''രവീന്ദ്രനും അവളും ഒരുപോലെ നല്ല കുട്ട്യേളാണ്''.


''നോക്കൂ. ആരും അവരെ കുറ്റംപറഞ്ഞ് കേട്ടിട്ടില്ല. അത്തന്നേള്ളൂ ഞങ്ങടെ സമ്പാദ്യം''.


''മനുഷ്യന്‍റെ വല്യേ സ്വത്ത് അതന്ന്യാണ്. ഞാനൊന്ന് ചോദിച്ചോട്ടെ. ഇത്ര ദിവസത്തിന്‍റെ എടേല് രജനിടെ വീട്ടുകാര് ഇങ്കിട്ട് വര്വേ, അവള് അങ്കിട്ട് പോവ്വേ ചെയ്തു കണ്ടിട്ടില്ല. എന്താ, അവരോട് ലോഹ്യം ഒന്നൂല്യേ'' 


''ലോഹ്യം ഇല്ലാഞ്ഞിട്ടല്ലാട്ടോ. അവള്‍ക്ക് വേണ്ടപ്പെട്ടോരൊന്നും ഇല്ല'' പത്മാവതിയമ്മയ്ക്ക് സംശയം തോന്നി. അതെന്താ ഒരുപെണ്‍കുട്ടിക്ക് അരുമില്ലാത്തത്.


''അതെന്താ. അവള്‍ക്ക് അച്ഛനോ, അമ്മ്യോ, കൂടപ്പിറപ്പേളോ ഒന്നൂല്യേ''.


''ഇവള്‍ക്ക് മൂന്നോ നാലോ വയസ്സുള്ളപ്പഴാണ് അച്ഛന്‍ മരിച്ചത്. പിന്നെ അമ്മടെ സംരക്ഷണത്തിലാ വളര്‍ന്നത്. അയമ്മ വീട്ടുപ്പണിക്ക് പോയിട്ടും എന്തെങ്കിലും ഒക്കെ ചെയ്തിട്ടും അവളെ വളര്‍ത്തി. ഇവളുടെ പഠിപ്പ് കഴിയാന്‍ കാത്ത് നിന്നപോല്യാണ് അയമ്മടെ മരണം. ഒരുദിവസം ആ സ്ത്രീ പണിക്ക് പോയതാണ്. അവിടുന്നാ മരിച്ചത്. അറ്റാക്ക് ആയിരുന്നു എന്നാ പറഞ്ഞത്. അകന്ന ബന്ധത്തിലെ ചിലരാണ് പിന്നീള്ളത്. അവരാ കുട്ടിടെ കല്യാണം നടത്ത്യേത്''.


''കുട്ടിക്ക് ആരൂല്യാ എന്നറിഞ്ഞിട്ട് എന്തിനാ നിങ്ങള് പെണ്ണെടുത്തത്''.


''വര്‍ക്ക് ഷോപ്പില് പണിക്ക് പോണ എന്‍റെ മകന് എവിടുന്നാ പെണ്ണ് കിട്ട്വാ. ഇപ്പൊ പണ്ടത്തെ കാലംപോല്യല്ല. കല്യാണം ആലോചിച്ച് ഒരു വീട്ടില് ചെല്ലുമ്പഴാ വിവരം അറിയ്യാ. ഇരിക്കാന്‍ വീടും കുടിക്കാന്‍ കഞ്ഞീം ഇല്ലെങ്കിലും പത്രാസ്സിന്ന് ഒരു കുറവൂല്യാ. എല്ലാ പെണ്ണിനും  സര്‍ക്കാര്‍ ഉദ്യോഗം ഉള്ളോരെ മതി. അപ്പൊ തഞ്ചത്തിന് ഇത് ഒത്തുവന്നപ്പൊ പിന്നെ ഞാനൊന്നുംനോക്കീലാ. ഇത് മതി എന്‍റെ മകന് എന്നു പറഞ്ഞ് ഞാന്‍ കെട്ടിച്ച് കൊണ്ടുവന്നു''. 


''നന്നായി. അതോണ്ട് ദോഷോന്നും ഉണ്ടായില്ലല്ലോ''


''പത്തോ ഇരുപത്തഞ്ചോ പവന്‍റെ പണ്ടൂം എന്തെങ്കിലും ഒരു സംഖ്യീം കിട്ട്യേനെ എന്ന് പലരും എന്നോട് പിന്നെ പറഞ്ഞിട്ടുണ്ട്. അതിലൊന്നും കാര്യൂല്യാ. ഒരുവിധം എല്ലാം എനിക്കുണ്ടായിരുന്നു. ഒക്കെ പോയി''.


''അതൊന്നും ആലോചിച്ച് സങ്കടപ്പെടണ്ട. ഒരുകാലത്ത് പോയതുപോലെ വേറൊരു കാലത്ത് വരും ചെയ്യും''.


''എന്തോ. ഒന്നും അറിയില്ല. അടച്ച് കിടക്കാന്‍ ഒരുവീടും കുടിക്കാന്‍ ഇത്തിരി കഞ്ഞിടെ വെള്ളൂം. അതുണ്ടെങ്കില്‍ ധാരാളായി''.


''പത്മം, തനിക്കൊരു ഫോണുണ്ട്'' ഉമ്മറത്തുനിന്ന് കുറുപ്പ് മാഷ് വിളിച്ചു പറഞ്ഞു.


''ആരാ'' അവര്‍ വിളിച്ച് ചോദിച്ചു.


''രുഗ്മിണി ടീച്ചറാണ്''.


''ഞാന്‍ പിന്നെ വരാട്ടോ'' അവര്‍ തിരിച്ചുപോന്നു.


ഭാഗം : - 49.


മകന്‍ കിടക്കുന്ന കട്ടിലിന്‍റെ തലഭാഗത്തായി സുമതി ഇരിപ്പാണ്. നന്ദു ഗാഢമായി ഉറങ്ങുന്നു.  ഹരിദാസന്‍  മകളെക്കൂട്ടി എന്തൊക്കേയോ വാങ്ങാന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വായിക്കാനെടുത്ത വാരിക കയ്യില്‍വെച്ച് അവര്‍ ഉറക്കംതൂങ്ങാന്‍ തുടങ്ങി. നന്ദു കണ്ണുമിഴിച്ചപ്പോള്‍ അരികിലിരുന്ന് ഉറക്കംതൂങ്ങുന്ന അമ്മയെയാണ് കണ്ടത്.


''എന്തിനാ അമ്മ ഇങ്ങിനെ ഇരുന്ന് ഉറങ്ങുന്നത്'' അവന്‍ അമ്മയെ ഉണര്‍ത്തി  ''അമ്മയ്ക്ക് കുറച്ചുനേരം കിടന്നുറങ്ങിക്കൂടേ''.


''അറിയാണ്ടെ കണ്ണടഞ്ഞുപോയതാ. നിനക്ക് ഭേദാവാതെ എനിക്ക് കിടന്നാല്‍ ഉറക്കം വരില്ല''. നന്ദുവിന്‍റെ മനസ്സില്‍ ചെറിയൊരു കുറ്റബോധം ഉദിച്ചു. എത്ര ദിവസമായി അമ്മ ഉറക്കമൊഴിച്ച് അടുത്തിരിക്കുന്നു. ആ സ്നേഹം മനസ്സിലാക്കാതെ പോയല്ലോ.


''അമ്മേ, എന്നെക്കൊണ്ട് അമ്മയ്ക്ക് ബുദ്ധിമുട്ടായി അല്ലേ'' അവന്‍ ചോദിച്ചു.


''ബുദ്ധിമുട്ടോ. എനിക്കോ. എന്‍റെ മകനുവേണ്ടി എന്ത് ചെയ്യുന്നതും എനിക്കൊരു ബുദ്ധിമുട്ടല്ല''.


''എന്നാലും എത്ര ദിവസമായി അമ്മ ഇങ്ങിനെ കഷ്ടപ്പെടുന്നു''.


''എന്താ നീയിപ്പൊ പറഞ്ഞത്. എത്ര ദിവസായീന്നോ. ദിവസോല്ല മകനെ. നിന്നെ വയറ്റിലുണ്ടായ അന്ന് തുടങ്ങ്യേ കഷ്ടപ്പാടാണ് എന്‍റേത്. അത് എനിക്ക് മാത്രോല്ല. ഏതൊരു അമ്മമാരടേം അവസ്ഥ അതന്ന്യാണ്'' ഒരു നിമിഷം അവര്‍ നിര്‍ത്തിയിട്ട് വീണ്ടും തുടര്‍ന്നു ''ഗര്‍ഭം ഉണ്ടായാല്‍ അന്ന് തുടങ്ങും ഒരമ്മടെ കഷ്ടപ്പാട്. ആഹാരം വേണ്ടാ, മനം പുരട്ടല്, ഛര്‍ദ്ദി അങ്ങനെ ഓരോന്ന് തുടങ്ങും. പിന്നെ കമിഴ്ന്ന് കിടക്കാന്‍ പാടില്ല, അങ്കിട്ട് തിരിയാന്‍ പാടില്ല, ഇങ്കിട്ട് തിരിയാന്‍ പാടില്ല എന്നൊക്ക്യാവും ശാസന. എല്ലാം കഴിയുമ്പൊ പ്രസവം. ജീവന്‍ അക്കരെ പോയി ഇക്കരെ വരുണ അനുഭവാണ് അത്. ചൊറീം ചിരങ്ങും തൂറ്റലും പനീം ജലദോഷൂം ഛര്‍ദ്ദീം എന്നുവേണ്ടാ എന്തെല്ലാം സൂക്കടാണ് കുട്ടിക്കാലത്ത് ഒരു കുട്ടിക്കുണ്ടാവ്വാ. കണ്ണില് വെള്ളൂം നിറച്ച് മനസ്സില് എല്ലാ ദൈവങ്ങളേം വിളിച്ച് ഉറങ്ങീട്ടും ഉറങ്ങാണ്ടീം ആണ് ഒരമ്മ കഴിയ്യാ. കുട്ട്യേ പഠിക്കാന്‍ വിട്ടാലോ സ്കൂളിന്ന് കുട്ടി മടങ്ങിവരുണവരെ അമ്മയ്ക്ക് ആധ്യാണ്. വലുതാവുംതോറും ആധികൂടും. അമ്മടെ കഷ്ടപ്പാട് ആരും അറിയില്ല''.


''ഇങ്ങിനെയൊക്കെ കഷ്ടപ്പെട്ടിട്ട് ഒരമ്മയ്ക്ക് എന്താ കിട്ടുക''.


''ഒന്നും കിട്ടാന്‍ വേണ്ടീട്ടല്ല ഒരമ്മ ഇതൊക്കെ ചെയ്യുണത്. അത് അമ്മടെ കടമ്യാണ്. അമ്മേ എന്ന ഒരുവിളി, ഒരുനല്ല വാക്ക്, അതൊക്കെ കിട്ട്യാല്‍ തന്നെ ധാരാളം. വയസ്സാന്‍ കാലത്ത് മക്കള്‍ സംരക്ഷിച്ചാലോ. അതിലും വല്യേ ഒന്നൂല്യാ. അങ്ങിനെ ഉണ്ടാവാന്‍ ആ അമ്മ നൂറുകോടി പുണ്യം ചെയ്യണം''.


''എന്നെക്കൊണ്ട് അച്ഛനും അമ്മയ്ക്കും ഇതുവരെ ഉപദ്രവം മാത്രമേ ഉണ്ടായിട്ടുള്ളു''.


''അങ്ങിനെ പറയണ്ട. നീ പഠിക്കാന്‍ മിടുക്കനായിരുന്നു. നിനക്ക് കിട്ടുണ മാര്‍ക്ക് കണ്ടിട്ട് ഞങ്ങള് രണ്ടാളും സന്തോഷിച്ചിട്ടുണ്ട്. നിനക്ക് നല്ലൊരു ജോലി കിട്ടി സമ്പാദിക്കാന്‍ തുടങ്ങ്യേപ്പൊ അതിലേറെ സന്തോഷായി. നല്ലൊരു പെണ്‍കുട്ട്യേ നീ കല്യാണം കഴിച്ചപ്പൊ പറയാന്‍ പറ്റാത്തത്ര സന്തോഷാണ് ഞങ്ങള്‍ക്ക് തോന്ന്യേത്''.  


''എല്ലാം ഞാനായിട്ട് നശിപ്പിച്ചു അല്ലേ''.


''നിന്നെ ഞാന്‍ ഒരിക്കലും കുറ്റം പറയില്ല മോനേ. കുറച്ച് ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. നിന്നെ ഞങ്ങള് വല്ലാണ്ടെ ലാളിച്ച് വളര്‍ത്തി. ഒറ്റ വാക്ക് ഞങ്ങള് നിന്‍റടുത്ത് ദേഷ്യപ്പെട്ടിട്ടില്ല. അപ്പൊ ജോലിസ്ഥലത്ത് മേലധികാരി നിന്നെ കുറ്റപ്പെടുത്ത്യേത് നിനക്ക് സഹിക്കാന്‍ പറ്റീലാ. അവിടുന്നാണ് നീ തെറ്റ് ചെയ്യാന്‍ തുടങ്ങ്യേത്. അത് മാത്രോല്ല, നിന്‍റെ അച്ഛനും എനിക്കും ഇതൊക്കെ അനുഭവിക്കാനുള്ള യോഗൂണ്ട്. അപ്പൊ നിനക്ക് ഇങ്ങന്യോക്കെ ചെയ്യാനല്ലേ തോന്നൂ''


''എന്നിട്ടും അമ്മ എന്നെ കുറ്റം പറയുന്നില്ലല്ലോ''.


''ഞാന്‍ മാത്രോല്ല നന്ദു. ഒരച്ഛനും അമ്മയും മക്കളെ മനസ്സറിഞ്ഞ് കുറ്റം പറയില്ല. അത് മനസ്സിലാവണച്ചാല്‍ നിനക്കൊരു കുട്ടീണ്ടാവണം'' നന്ദു എന്തോ ആലോചിച്ച് കുറെനേരം കിടന്നു.


''ഇനി ഞാന്‍ നന്നവ്വോ അമ്മേ'' കുറച്ചു കഴിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു.


''എന്താ മകനേ സംശയം. എന്‍റെ കുട്ടി മനസ്സുവെച്ചാല്‍ ഇനീം നന്നാവും. ചിലപ്പൊ മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ നന്നാവും''.


''ഇതിനൊക്കെ ഞാന്‍ എന്താ അമ്മയ്ക്ക് തരണ്ടത്. ഇന്നേവരെ സങ്കടം മാത്രമല്ലേ ഞാന്‍ നിങ്ങള്‍ക്ക് തന്നിട്ടുള്ളു''.


''അത് സാരൂല്യാ. എനിക്കും നിന്‍റെ അച്ഛനും കഴിയാന്‍ ആരും ഒന്നും തരണ്ട കാര്യൂല്യാ. സ്നേഹത്തോടെ അച്ഛാ, അമ്മേ എന്നുള്ള വിളി, ഇടയ്ക്കൊരു അഞ്ചുമിനുട്ട് ഞങ്ങളടെ കൂടെ ഇരിക്ക്യാ, സംസാരിക്ക്യാ. ജീവിച്ചിരിക്കുമ്പൊ ഇത്ര്യോക്കെ ചെയ്യണ്ടൂ. ഇനി മരിച്ചു കഴിഞ്ഞാലോ, കറുകതലയ്ക്കല് എള്ളും പൂവും ചന്ദനൂം ചേര്‍ത്ത് അമ്മേ വിചാരിച്ച് ഇത്തിരി വെള്ളം ഇറ്റിക്ക്യാ. അത് മാത്രം മതി''.


''നോക്കിക്കോളൂ, ഇതുവരെ കിട്ടാത്ത സ്നേഹൂംകൂടി ഞാനെന്‍റ അച്ഛനും അമ്മയ്ക്കും തരുണുണ്ട്''.


''എന്നാല്‍ എന്‍റെ മകന് കോടി കോടി പുണ്യം കിട്ടും''


''അമ്മേ, നാട്ടില്‍ നിന്നാല്‍ ഞാന്‍ വീണ്ടും പഴയതുപോലെ ആവും. അതാ പേടി'' കുറച്ചുനേരം കഴിഞ്ഞപ്പോള്‍ നന്ദു പറഞ്ഞു.


''അങ്ങിനെ ആവരുത്. അതിനെന്താ നീ വഴി കണ്ടിരിക്കിണ്''.


''ഇവിടെനിന്ന് എഴുന്നേറ്റാല്‍ ഞാന്‍ ചെന്നെയിലേക്ക് പൊയ്ക്കോട്ടെ. രാജേഷേട്ടന്‍റെ അടുത്ത് പറഞ്ഞാല്‍ എനിക്ക് എന്തെങ്കിലും ഒരുജോലി കിട്ടില്ലേ''. സുമതിയുടെ മനസ്സ് തുടിച്ചു. അവര്‍ മകന്‍റെ കയ്യെടുത്ത് മാറത്ത് വെച്ചു.


''മതി. ഈ തോന്നല് മാത്രം മതി. ഇനി എന്‍റെ മകന്‍ നന്നാവും'' അവരുടെ കണ്ണീര്‍ അവന്‍റെ മാറത്ത് വീണു.


''എന്‍റെ അമ്മ ഇനി എന്നെക്കൊണ്ട് സങ്കടപ്പെടേണ്ടി വരില്ല''  അമ്മയുടെ കയ്യില്‍ അവന്‍ മുറുകെപിടിച്ചു. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദംകേട്ടു. 


''അച്ഛനും അനിയത്തീം വന്നൂന്ന് തോന്നുണൂ. വാതില് തുറക്കട്ടെ'' സുമതി കട്ടിലില്‍നിന്ന് എഴുന്നേറ്റു


ഭാഗം : - 50.


''ഏട്ടന്‍ എപ്പോഴാ ഉണര്‍ന്നത്'' റൂമിലേക്ക് കയറിയ നന്ദിനി ചോദിച്ചു.


''നിങ്ങള്‍ പോയി പത്തുമിനുട്ട് കഴിഞ്ഞതും അവന്‍ ഉണര്‍ന്നു'' മറുപടി പറഞ്ഞത് സുമതിയാണ്.


''എവിടേക്കാ നീയും അച്ഛനും പോയത്'' നന്ദു ചോദിച്ചു.


''കുറച്ച് ഫ്രൂട്ട്സും ബേക്കറി സാധനങ്ങളും വാങ്ങാന്‍ പോയതാണ്. വെറുതെ കിടന്ന് ഏട്ടന് ബോറടിക്കുമ്പോള്‍ തിന്നാനാണ്, കൂട്ടത്തില്‍ എനിക്കും''.


''നിന്‍റെ കാര്യം ആദ്യം പറയ്. നീയാണ് കൊതിച്ചി''. 


മക്കളുടെ സംഭാഷണം കേട്ട് ഹരിദാസന്‍റേയും സുമതിയുടേയും മനസ്സ് നിറഞ്ഞു. ഇതുപോലെ സന്തോഷത്തോടെയുള്ള വര്‍ത്തമാനം സ്വന്തം കുടുംബത്തില്‍ ഉണ്ടായിട്ട് എത്രയോ കാലമായി.


''പഴേപോലെ കൊത്തിക്കടിക്കാന്‍ നിങ്ങള് കുട്ട്യേളല്ല'' സുമതി മക്കളെ ഓര്‍മ്മപ്പെടുത്തി.


''അമ്മേ, ഇവളെന്‍റെ അനിയത്തിക്കുട്ടിയല്ലേ . അപ്പോള്‍ എനിക്ക് ഇവളെ പറയാന്‍ അധികാരമില്ലേ''.


''ഇല്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. രണ്ടാളും അന്യോന്യം പറഞ്ഞോളിന്‍. എത്രയോ കാലമായി നിങ്ങടെ കൊത്തിക്കടിക്കല് കണ്ടിട്ട്''.


''ഇപ്പോള്‍ എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. ഒരക്ഷരം ഞാന്‍ പറയില്ല. ഏട്ടന്‍ ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ആയാല്‍ അന്ന് ഞാന്‍ ചെന്നെയിലേക്ക് പോവും''.


''അങ്ങിനെ രക്ഷപ്പെടാമെന്ന് നീ കരുതണ്ട. നിന്‍റെകൂടെ ചെന്നെയിലേക്ക് ഞാനും വരുന്നുണ്ട്''.


''അത് ഏട്ടന്‍  വെറുതെ പറയുന്നതാണ്''.


''അല്ല. നിങ്ങള് വരുമ്പൊ ഞങ്ങള് ഈ കാര്യം പറഞ്ഞോണ്ടിരിക്ക്യാണ്. ഇവിടുന്ന് വിട്ടാല്‍ നന്ദു നിങ്ങളുടെ അടുത്ത് താമസമാക്കും''. നന്ദിനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.


''ഉവ്വോ ഏട്ടാ'' അവള്‍ ചോദിച്ചു.


''അതാണ് എന്‍റെ ആഗ്രഹം. ഞാന്‍ വന്നാല്‍ നിങ്ങള്‍ക്ക് വിഷമമാവ്വോ''.


''ഒരു വിഷമവും ഇല്ല. എനിക്കെന്‍റെ പഴയ ഏട്ടനെ വേണം''.


''നിങ്ങളെയൊക്കെ ഞാന്‍ വല്ലാതെ വേദനിപ്പിച്ചു അല്ലേ നന്ദിനിമോളേ''.


''അത് സാരമില്ല. ഏട്ടന്‍ പഴയപോലെ നന്നായി നടക്കുന്നത് കാണാന്‍ ഞങ്ങള്‍ക്ക് മോഹമുണ്ട്. അതിന്നുവേണ്ടി എന്തും ചെയ്യാന്‍ ഞങ്ങള്‍ ഒരുക്കമാണ്''.


''നിന്‍റെ കാര്യം ശരി. രാജേഷേട്ടന്ന് അത് ഇഷ്ടാവ്വോ''.


''എന്താ ഇഷ്ടമാവാതെ. എന്‍റെ അളിയന്‍ പഴയപോലെ മിടുക്കനായി കണ്ടാല്‍ മതി എന്ന് രാജേഷേട്ടന്‍ എപ്പോഴും പറയും''.


''കുറച്ചുകാലത്തേക്ക് ഞാന്‍ നാട്ടില്‍ നില്‍ക്കുന്നില്ല. നിന്നാല്‍ പഴയ കൂട്ടുകാരെ കാണും. വീണ്ടും തെറ്റ് പറ്റാന്‍ ഇടയുണ്ട്''.


''എന്നെങ്കിലും നാട്ടിലേക്ക് വന്നാല്‍ ഏട്ടന്‍ പഴയപടി ആവുമോ''.


''ഇല്ല മോളേ. അഞ്ചാറ് മാസം എല്ലാറ്റില്‍നിന്നും മാറി നിന്നാല്‍ പിന്നെ തോന്നില്ല.  അത് മാത്രമല്ല. ഉള്ള ജോലി കളഞ്ഞില്ലേ. ഇനി അതുപോലെ ഒരുജോലി നാട്ടില്‍ കിട്ടാന്‍ സാദ്ധ്യതയില്ല''.


''ഏട്ടന്‍ പേടിക്കണ്ട. ഏട്ടന് എഞ്ചിനീയറിങ്ങ് ഡിഗ്രിയുണ്ട്. ആള് നല്ല സ്മാര്‍ട്ടാണ്. അവിടെ നല്ല ജോലി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല''.


''എന്താ അച്ഛനൊന്നും പറയാത്തത്'' അവന്‍ ചോദിച്ചു.


''എന്ത് പറയണംന്ന് എനിക്കറിയില്ല. ഇത്രകാലം ഞാന്‍ വിളിക്കാത്ത ദൈവങ്ങളില്ല. അവരൊക്കെകൂടി നിന്നെ നല്ലവഴിക്ക് മാറ്റുന്നതാവും''.


''ഈ സന്തോഷത്തിന്ന് ഞാനെന്‍റെ ഏട്ടന്ന് ഒരു ഓറഞ്ച് കൊടുക്കട്ടെ'' നന്ദിനി ഓറഞ്ച് എടുക്കാന്‍ തുനിയുമ്പോഴേക്കും ആരോ വാതിലില്‍ മുട്ടുന്ന ശബ്ദംകേട്ടു.


''നേഴ്സ് വന്നിട്ടുണ്ടേന്ന് തോന്നുണൂ. ആ വാതിലൊന്ന് തുറക്കൂ'' സുമതി പറഞ്ഞതും ഹരിദാസന്‍ വാതിലിന്നുനേരെ നടന്നു.


No comments:

Post a Comment

അദ്ധ്യായം 111-120

 ഭാഗം : - 111. മുന്നറിയിപ്പ് നല്‍കാതെയാണ് കണ്ണന്‍ നായരും രാധയും മകന്‍റെ വീട്ടിലേക്ക് ചെന്നത്. ''പോണ വിവരം വിളിച്ച് പറയണ്ടേ''...