Saturday, 12 October 2024

അദ്ധ്യായം 61-70

 ഭാഗം : - 61.


രാവിലെ ആറരയാവുമ്പോഴേക്ക് രവീന്ദ്രന്‍ കുറുപ്പ് മാഷടെ വീട്ടിലെത്തി. മാഷ് എഴുന്നേറ്റതേയുള്ളു. പത്മാവതിയമ്മ അടുക്കളപ്പണിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. 


''അമ്മാ. കുളിമുറിയ്ക്കും അടുക്കളയ്ക്കും വേണ്ട വെള്ളം പിടിച്ചു വെച്ചോളിന്‍. പണിതുടങ്ങുമ്പൊ ഞാന്‍ വാള്‍വ് അടച്ചുവെക്കും. പിന്നെ പണി കഴിഞ്ഞിട്ടേ തുറക്കൂ''.


''പറഞ്ഞത് നന്നായി. ഇല്ലെങ്കില്‍ വെള്ളൂല്യാതെ കഷ്ടപ്പെട്ടന്നെ''.


''പത്മം. താന്‍ ബുദ്ധിമുട്ടണ്ട. ഞാന്‍ പാത്രങ്ങളിലൊക്കെ വെള്ളം പിടിച്ചു വെക്കാം'' കുറുപ്പ് മാഷ് ആ ദൌത്യം ഏറ്റെടുത്തു.


''ഒരു കൈക്കോട്ടും പിക്കാസും കിട്ടാന്‍ വഴീണ്ടോ'' രവീന്ദ്രന്‍ ചോദിച്ചു.


''മോളിലെ മുറീല് ഉണ്ടെന്നാ തോന്നുണ്. രജനിക്കറിയാം ഉണ്ടോന്ന്''.


''ശരി. ഞാന്‍ അവളോട് എടുത്തുവെക്കാന്‍ പറയാം''. വീട്ടിലേക്ക് പോയ രവീന്ദ്രന്‍ കാലത്തെ ഭക്ഷണം കഴിച്ചിട്ടാണ് വന്നത്.


''വെള്ളം പിടിച്ചല്ലോ. ഞാന്‍ വാള്‍വ് അടച്ചോട്ടെ'' അയാള്‍ ചോദിച്ചു.


''അടച്ചോളൂ'' കുറുപ്പ് മാഷ് വിളിച്ചുപറഞ്ഞു. 


കുറുപ്പ് മാഷും പത്മാവതിയമ്മയും  കുളിയും ഭക്ഷണവും കഴിഞ്ഞ് വരുമ്പോഴേക്ക് രവീന്ദ്രന്‍ ചാലുകീറി പഴയ പൈപ്പ് പുറത്തെടുക്കാന്‍ തുടങ്ങിയിരുന്നു.


''ഇതൊന്ന് നോക്കിന്‍'' അയാള്‍ മുറിച്ചെടുത്ത പൈപ്പ് കഷ്ണം കാണിച്ചു ''ഇതിന്‍റെ ഉള്ളില് ചളി അടിഞ്ഞിരിക്ക്യാണ്''.


''പിന്നെങ്ങന്യാ വെള്ളം വര്വാ. അതിന്‍റെ ഓട്ട പകുതി അടഞ്ഞിട്ടുണ്ട്'' പത്മാവതിയമ്മ സമ്മതിച്ചു. മുറ്റത്തൊരു കസേലയിട്ട് കുറുപ്പ് മാഷ് രവീന്ദ്രന്‍ പണി ചെയ്യുന്നതും നോക്കിയിരുന്നു. പയ്യന്‍ തരക്കേടില്ല. എത്ര പെട്ടെന്നാണ് അവന്‍ ജോലി ചെയ്യുന്നത്.


''ഈ പണ്യോക്കെ രവിക്കറിയ്യോ'' അയാള്‍ ചോദിച്ചു.


''ചില ഞായറാഴ്ചകളില് ഈ വിധം പണിക്ക് പോവാറുണ്ട്''. 


''വര്‍ക്ക് ഷോപ്പിലെങ്ങിനെയാണ്''.


''രാവിലെ അവിടെ എത്ത്യാല്‍ വരുണവരെ പണിതന്നെ. ഒരുമിനുട്ട് ഒഴിവ് കിട്ടില്ല. എന്നാല്‍ അതിന് മാത്രം കൂലി തരുണുണ്ടോ. അതൂല്യാ''.


''എന്നാല്‍ വേറെ ഏതെങ്കിലും വര്‍ക്ക് ഷോപ്പില്‍ പണിക്ക് ചേര്‍ന്നൂടേ''.


''എന്നിട്ടെന്താ കാര്യം. അവരും ഇപ്പഴത്തെ മുതലാള്യേപ്പോലത്തെ സ്വഭാവം ഉള്ളോരാണെങ്കിലൊ. ചില സമയത്ത് എനിക്കെന്‍റെ അച്ഛനെ ഓര്‍മ്മ വരും . പണി പഠിക്കാന്‍ വരുണ ചെക്കന്മാര്‍ക്കുംകൂടി അച്ഛന്‍ പൈസ കൊടുക്കും. ഇവരാണെങ്കില്‍ പിള്ളരോട് ഇങ്കിട്ട് എന്തെങ്കിലും തന്നാലേ പഠിക്കാന്‍ പറ്റു എന്ന് പറയാനും മടീല്യാത്തോരാണ്''.''.


''കസ്റ്റമേഴ്സ് എന്തെങ്കിലും തര്വോ''.


''ചില കസ്റ്റമേഴ്സ് അവരടെ വണ്ടി എന്നെക്കൊണ്ടന്നെ പണി ചെയ്യിക്കണം എന്ന് പറയും. മുതലാളി അത് സമ്മതിക്കില്ല. ഇവിടെ എല്ലാ പണിക്കാരും ഒരുപോലെത്തന്നെ എന്നയാള്‍ പറയും. കസ്റ്റമറും പണിക്കാരനും തമ്മില്‍ ബന്ധൂണ്ടാവാന്‍ പാടില്ലാന്നാ അയാളടെ മനസ്സിലിരുപ്പ്''.


''അതെന്താ അങ്ങിനെ''.


''പണിക്കാരന്‍ വീട്ടില്‍ ചെന്ന് വണ്ടി നന്നാക്കി കൊടുത്താലോന്ന് അയാള്‍ പേടിച്ചിട്ടാ''.


''രവിക്കെന്താ ഒരു വര്‍ക്ക്ഷോപ്പ് തുടങ്ങിക്കൂടേ''.


''അതിനുള്ള വഴി വേണ്ടേ. കിട്ടുണ കൂല്യേക്കൊണ്ട് കഷ്ടിച്ച് ജീവിച്ചു പോവ്വാണ്''. 


''എത്ര പണം വേണ്ടിവരും''.


''റോഡ് സൈഡില് ഒരുറൂം വാടകയ്ക്ക് കിട്ടണച്ചാല്‍ എത്രപൈസ വേണം. ഒന്നും വേണ്ടാ, ചെറുക്കനെ ഒരുഷെഡ് ഉണ്ടാക്കണച്ചാലോ. അതിന് പൈസ വരില്ലേ. അതിനും പുറമ്യാണ് ടൂള്‍സ്. ഒക്കെക്കൂടി ആവുമ്പൊ വല്യോരു സംഖ്യ വരും''.


''ഇതൊക്കെ സംഘടിപ്പിക്കാന്‍ സാധിച്ചാലോ''.


''സാധിച്ചാല്‍ നിറയെ വര്‍ക്ക് കിട്ടും. അത് ഉറപ്പാണ്. കൈ നിറയെ പൈസീം വരും. പക്ഷെ എങ്ങന്യാ സാറേ പണം സംഘടിപ്പിക്ക്യാ''.


''രവി വിഷമിക്കണ്ട. ഞാനെന്തെങ്കിലും ഒരുവഴി നോക്കട്ടെ''.


ഉച്ചവിശ്രമംപോലും എടുക്കാതെ രവീന്ദ്രന്‍ ജോലിചെയ്തതുകൊണ്ട് സന്ധ്യയാവുമ്പോഴേക്ക് പണി തീര്‍ന്നു. കുറുപ്പ് മാഷ് പതിവുപോലെ അമ്പലത്തിലേക്ക് പോയിരുന്നു.


''ഞാന്‍ വാള്‍വ് ഓണ്‍ ചെയ്യും. എന്നിട്ട് ഒരു പൈപ്പ് അഴിക്കും. നല്ല ഫോഴ്സില്‍ വെള്ളം ചാടാനാണ്. അതോടെ അതിനകത്തുള്ള ചളി പോവും. അങ്ങനെ ഓരോന്നും അഴിക്കും ഇടും ചെയ്യും. ഒരു ബുദ്ധിമുട്ടുണ്ട്. കുറച്ച് വെള്ളം തെറിച്ച് വീഴും. അത് തുടച്ചോളാം''.


രവീന്ദ്രന്‍ പറഞ്ഞതുപോലെ എല്ലാ പൈപ്പും പരിശോധിച്ചു. എല്ലാം തൃപ്തികരമായി. രജനിയും സരളയും കൂടി വെള്ളം തുടച്ചുമാറ്റി.


''സന്തോഷായീട്ടോ'' പത്മാവതിയമ്മ പറഞ്ഞു.


''കഴിഞ്ഞില്ല അമ്മേ. വാട്ടര്‍ ടാങ്കൊന്ന് കഴുകണം. ഇന്നിനി നേരൂല്യാ'' കൈക്കോട്ടും പിക്കാസും എല്ലാം കഴുകി അവന്‍ തിരിച്ചേല്‍പ്പിച്ചു.


''ഇതാ, ഇത് കയ്യില്‍വെച്ചോ'' പത്മാവതിയമ്മ ചുരുട്ടിപ്പിടിച്ച രണ്ടായിരം അവന്‍റെ നേരെ നീട്ടി.


''എന്താ ഇത്'' അവന്‍ ചോദിച്ചു.


''ഒന്നൂല്യാ. ഒരു സന്തോഷത്തിന്''..


''ഒന്നും വേണ്ടാ. ഈ സ്നേഹം മാത്രം മതി'' അവന്‍ നിരസിച്ചു.


''ഇത് മാഷ് എന്നെ ഏല്‍പ്പിച്ചതാണ്. മേടിച്ചില്ലെങ്കില്‍ മാഷ് എന്നെ ചീത്ത പറയും''. രവീന്ദ്രന്‍ അങ്കലാപ്പിലായി.


''മേടിച്ചോടാ. സ്നേഹത്തോടെ തരുണത് വേണ്ടാന്ന് പറയാന്‍ പാടില്ല'' സരള മകനെ ഉപദേശിച്ചു.


''എന്നാല്‍ അമ്മേന്നെ വാങ്ങിക്കോളൂ''. സരള ആ നോട്ട് വാങ്ങി കണ്ണില്‍ മുട്ടിച്ച് മടിയില്‍ തിരുകി.


''എന്നാ ഞങ്ങള് നടക്കുണൂ'' അമ്മയും മകനും മരുമകളും കുട്ടികളും യാത്രപറഞ്ഞിറങ്ങി. മാഷ് വരുമ്പോഴേക്കും രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കണം. പത്മാവതിയമ്മ അടുക്കളയിലേക്ക് നടന്നു.


ഭാഗം : - 62.


''പത്മം പണികള്‍  മുഴുവന്‍ തീര്‍ന്ന്വോ'' വീട്ടിലെത്തിയതും കുറുപ്പ് മാഷ് ആദ്യം ചോദിച്ചത് അതാണ്.


''പണി തീര്‍ത്തശേഷം ഓരോ പൈപ്പും അഴിച്ച് അതിലുള്ള ചളി കളഞ്ഞു. എന്നിട്ടാ അവന്‍ പോയത്''.


''ഇപ്പോഴെങ്ങിനെ. വെള്ളം ശരിക്ക് വരുന്നുണ്ടോ''.


''ആദ്യം പൈപ്പിട്ട കാലത്ത് ഉള്ളതിനേക്കാള്‍ ശക്തീലാ ഇപ്പൊ പൈപ്പിന്ന് വെള്ളം വരുണത്''.


''ഞാന്‍ തന്ന പൈസ അവന് കൊടുത്ത്വോ. പോരാ എന്ന് പറഞ്ഞില്ലല്ലോ''.


''പോരാന്ന് പറഞ്ഞില്ല എന്ന് മാത്രോല്ല കൊടുത്തത് വേണ്ടാന്നും പറഞ്ഞു''.


''എന്നാലും കൊടുക്കാതിരുന്നത് മോശമായി''.


''വിഷമിക്കണ്ട. അവന് പകരം ആ പൈസ സരള വാങ്ങി''.


''ആരെങ്കിലും ഒരാള് വാങ്ങിയല്ലോ. അതുമതി''.


''നല്ല കൈവേഗതീണ്ട് രവിക്ക്''.


''അതെനിക്ക് രാവിലെത്തന്നെ മനസ്സിലായി''.


''ആള്  മിടുക്കനാണ്. പക്ഷെ തലേലെ വര നന്നായില്ല''.


''വര്‍ക്ക്ഷോപ്പില്‍നിന്ന് വലതായിട്ടൊന്നും കിട്ടുന്നില്ല എന്നാണ് എനിക്ക് മനസ്സിലായത്. സ്വന്തമായി ഒരു വര്‍ക്ക്ഷോപ്പ് തുടങ്ങിയാല്‍ വരുമാനം ഉണ്ടാവും എന്നവന്‍ പറഞ്ഞു''.


''കാശില്ലാത്തതോണ്ട് തുടങ്ങാത്തതാവും''.


''അതുതന്നെ കാരണം. എനിക്കവനെ സഹായിക്കണം എന്നുണ്ട്''.


''നമ്മളെന്താ സഹായിക്ക്യാ''.


''ഏതെങ്കിലും ബാങ്കിന്ന് ലോണ്‍ കിട്ടാനുള്ള ഏര്‍പ്പാട് ചെയ്തു കൊടുക്കണം. ബാക്കി കാര്യങ്ങള്‍ അവന്‍ നോക്കിക്കോളും''.


''പിന്നെന്താ പ്രയാസം''.


''റോഡ് സൈഡില്‍ വര്‍ക്ക്ഷോപ്പിന്ന് പറ്റിയ ഒരു മുറി വേണം. പിന്നെ ടൂള്‍സ്. അത് വാങ്ങാന്‍ കിട്ടും''.


''അതിന്ന് പറ്റിയ സ്ഥലൂണ്ടോ''.


''രവിയോട് അന്വേഷിക്കാന്‍ പറയാം''.


''ഞാനൊരു കാര്യം പറയട്ടെ. ഇപ്പൊ അവര്‍ താമസിക്കിണ കെട്ടിടത്തിന്‍റെ മുമ്പില് കുറച്ച് സ്ഥലം വെറുതെ കിടക്കിണില്ലേ. നമുക്കതിലൊരു ഷെഡ്ഡ് കെട്ടി കൊടുത്താലോ. മതില് പൊളിച്ച് അവട്യൊരു ഗെയിറ്റ് വെച്ചാല്‍ പോരേ''.


''അത് വേണോ. കെട്ടിടത്തിന്‍റെ മുഖം അടച്ചുകെട്ടിയപോലെ ഉണ്ടാവും''.


''അത് സാരൂല്യാ. നമ്മളത്യേക്കൂടി വഴിവെച്ചിട്ടില്ലല്ലോ. പിന്നെന്താ''.


''എന്തിനാ വേണ്ടാത്ത പണിക്ക് നില്‍ക്കുന്നത്. അതുകൊണ്ട് നമുക്കെന്താ ഗുണം''.


''ചിലപ്പൊ ആ പെണ്‍കുട്ടിക്ക് ജോലി കിട്ടുംന്ന് തോന്നുണു. അവള് രാവിലെ പോയാല്‍ വൈകുന്നേരത്തല്ലേ വരൂ. ഇതാവുമ്പൊ പകല്‍ സമയത്ത് ഒരു ആണ്‍തുണ ആയില്ലേ''.


''എന്തോ. രവിയോട് ചോദിച്ചുനോക്കൂ''.


''നാളെ ഞാന്‍ സരളടടുത്ത് ചോദിച്ചുനോക്കാം. എന്നിട്ട് എന്താ അവരടെ മനസ്സിലിരുപ്പ് എന്നറിയാലോ''.


''ഇങ്ങിനെയൊക്കെ ചെയ്താല്‍ പിന്നീട് ബുദ്ധിമുട്ടാവില്ലേ പത്മം''.


''നമ്മടെ കാലം ഏതാണ്ട് കഴിയാറായി. പോവുമ്പൊ ഇതൊന്നും നമ്മള് ഏറ്റിക്കൊണ്ട് പോവൂല്യാ. പിന്നെന്താ ബുദ്ധിമുട്ട്''. 


''അങ്ങിനെയല്ല. എന്നാലും നമ്മളുടെ കാലശേഷം മക്കള്‍ വീടും സ്ഥലവും വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ബുദ്ധിമുട്ടായാലോ''.


''ബുദ്ധിമുട്ടണം. അത്രയ്ക്ക് നമ്മളെ വേദനിപ്പിച്ചിട്ടുണ്ട്''.


''അവര്‍ അവരുടെ സൌകര്യം നോക്കിപ്പോയി. ജോലി ദൂരെ ആയതൊണ്ട് ഇങ്ങോട്ട് വരാന്‍ പറ്റാറില്ല. അല്ലാതെ നമ്മളെ എന്താ ബുദ്ധിമുട്ടിച്ചത്''.


''ഒരുത്തന്‍ കഴിഞ്ഞാഴ്ച കുടുംബത്തോടെ ഒറ്റപ്പാലംവരെ വന്നുപോയി. പിന്നെ ഇങ്കിട്ടിക്ക് എത്ര ദൂരൂണ്ട്.  വീട്ടില് അച്ഛനും അമ്മീം ഉണ്ട്, അവരെ കാണണം എന്ന എന്ന നിനവുണ്ടെങ്കില്‍ ആ ദുഷ്ടന്‍ ഇത്രടംവരെ വന്ന് ഒന്ന് നമ്മളെ  കണ്ടുപോവില്ലേ''.


''അവന്‍റെ കൂട്ടുകാരന്‍റെ വീട്ടില്‍ കല്യാണത്തിന്ന് വന്നതല്ലേ അവര്. അത് കഴിഞ്ഞപ്പോള്‍ നേരം വൈകിയിട്ടുണ്ടാവും. അതാവും അവര് നേരെ തിരിച്ചുപോയത്''.


''അപ്പോള്‍ മൂത്ത മകനോ. നാലുദിവസം ആലത്തൂര് താമസിച്ചിട്ട് ഇവിടെ വന്ന്വോ''.


''അവന്‍റെ അമ്മായിയച്ഛന്ന് രോഗം കലശലായപ്പോള്‍ വന്നതല്ലേ. കുറച്ച് ഭേദം കണ്ടപ്പോള്‍ പോയതാവും. ജോലിയില്‍നിന്ന് മാറി നില്‍ക്കാന്‍ പറ്റില്ലല്ലോ''.


''മക്കളെ കുറ്റം പറയണ്ട. അവരടെ സൈഡ് പിടിച്ച് സംസാരിച്ചോളിന്‍''.


''ഇനി അതുപറഞ്ഞ് നമ്മള്‍ തമ്മില്‍ത്തല്ലണ്ട. പത്മം ആഹാരം എടുത്തു വെക്കൂ. ഞാന്‍ ഡ്രസ്സ് മാറ്റിയിട്ട് വരാം'' മാഷ് അവിടെനിന്ന് മാറി.


ഭാഗം : - 63.


പതിനൊന്നുമണിക്ക് ഏടത്തിയോടൊപ്പം അമ്മിണി അമ്പലത്തിലെത്തി. ഉച്ചപ്പൂജ തുടങ്ങാന്‍ ഇനിയുംസമയമുണ്ട്. എങ്കിലും മതില്‍ക്കെട്ടിനകത്ത് ഭക്തജനങ്ങളുടെ നല്ല തിരക്കായി കഴിഞ്ഞു. ഇരുപതോ ഇരുപത്തഞ്ചോ പുരുഷന്മാരേയുള്ളു. ബാക്കി മുഴുവനും സ്ത്രീകളാണ്. ആണുങ്ങള്‍ സന്ധ്യയ്ക്ക് ദീപാരാധന തൊഴാനേ എത്തു. ഈ നേരത്ത് അവരൊക്കെ ജോലിക്ക് പോയി കാണും. 


അമ്മിണി ചുറ്റുപാടും നോക്കി. ചെണ്ടമേളക്കാര്‍ തയ്യാറെടുക്കുകയാണ്. ഉച്ചപ്പൂജയ്ക്ക് നടയടച്ചാല്‍ തുടങ്ങുന്ന ചെണ്ടമേളം ഒരുമണിക്കൂറോളം നീണ്ടുനില്‍ക്കും. നട തുറന്നാലേ അത് അവസാനിക്കൂ. പരിചയക്കാരായ സ്ത്രീകള്‍ ഏടത്തിയെ സമീപ്പിച്ച് അമ്മയുടെ വിശേഷങ്ങള്‍ ചോദിക്കുന്നു . അമ്മിണി അത് ശ്രദ്ധിച്ചുകൊണ്ട് നിന്നു.


''കുട്ടീ, എപ്പഴേ എത്ത്യേത്'' ശബ്ദം കേട്ടപ്പോഴേ ആളെ മനസ്സിലായി. രാധ ടീച്ചറാണ്.


''കഷ്ടിച്ച് പത്തുമിനുട്ടാവും'' അമ്മിണി പറഞ്ഞു.


''അന്ന് ഞാന്‍ പറഞ്ഞത് കുട്ടി വീട്ടില്‍ പോയി പറഞ്ഞു അല്ലേ'' വീണ്ടും ഏടത്തിയുടെ വിവാഹകാര്യത്തിലേക്കാണ് ഇവര്‍ കടക്കുന്നത്. ഇത് ഏടത്തി കേട്ടാല്‍ മോശമാവും.


''ടീച്ചര്‍ ഒന്ന് കൂടെ വരൂ'' 


''ശരി. ഞാന്‍ വരാം''. അമ്മിണി അവരെക്കൂട്ടി ആളില്ലാത്ത ഒരിടത്ത് ചെന്നുനിന്നിട്ട് പറഞ്ഞു ''ടീച്ചറേ, ഇതൊരു അമ്പലാണ്. ഇവിടെവെച്ച് വര്‍ത്തമാനം പറയാന്‍ പാടില്ല. പിന്നെ ടീച്ചറ് പറഞ്ഞകാര്യം ഏടത്തി അറിഞ്ഞിട്ടില്ല. ഇപ്പൊ ഏടത്ത്യേ ഈ കാര്യം അറിയിക്കാനും  പറ്റില്ല.  അത്വോല്ല ഇവിടെ നിറയെ ആളുകളുണ്ട്. അവര് നമ്മള് പറയുണത് കേള്‍ക്കാനും പാടില്ല''.


''കുട്ടി പറഞ്ഞത് ശര്യാണ്. എന്നാലും മനസ്സില്‍ എന്തെങ്കിലും തോന്ന്യാല്‍ അതെന്‍റെ വായിന്ന് വരും. അതൊരു ശീലാണ്''.


''ആയിരിക്കാം. ഏതായാലും ടീച്ചര്‍ തുടങ്ങിവെച്ച സ്ഥിതിക്ക് എന്താച്ചാ പറഞ്ഞോളൂ. നീട്ടി പരത്തി പറയണ്ട. വേഗം പറയണം. പൂജയ്ക്ക് നട അടയ്ക്കാറായി''.


''ഞാനെന്‍റെ മനസ്സിലുള്ളത് പറയ്യാണ്. അന്ന് പറഞ്ഞ കല്യാണക്കാര്യം നടന്നാല് തെറ്റൊന്നൂല്യാ. മനുഷ്യന് വയസ്സാന്‍ കാലത്ത് തുണ വേണം. അങ്ങിനെ കരുത്യാല്‍ മതി''. അമ്മിണിക്ക് ദേഷ്യം ഇരച്ചുകയറി.


''ടീച്ചറാണെങ്കില്‍ അങ്ങിനെ ചെയ്യോ'' അവള്‍ ചോദിച്ചു.


''എന്താ സംശയം. എനിക്ക് കണ്ണേട്ടനെ വല്യേ ഇഷ്ടാണ്. എന്നാലും മൂപ്പര് ചത്തുപോയാല്‍ പാകംപോലെ ഒരാളെ കിട്ടുണപക്ഷം ഞാന്‍ കല്യാണം കഴിക്കും. എന്നെക്കൊണ്ട് ഒറ്റയ്ക്കൊരു വീട്ടില് കഴിയാന്‍ പറ്റില്ല''. അങ്ങിനെയൊരു ഉത്തരം അമ്മിണി  പ്രതീക്ഷിച്ചിതല്ല. ഇതെന്തൊരു സ്ത്രീയാണ് എന്നവള്‍ കരുതി.


''തല്‍ക്കാലം നമുക്കിത് ഇവിടെ നിര്‍ത്താം'' അവള്‍ പറഞ്ഞു ''ഉച്ച പൂജ തുടങ്ങാറാവുണൂ''.


''കുട്ടിക്ക് എന്നോടൊന്നും തോന്നരുത് ട്ടോ''.


''ഇല്ല. നടയ്ക്കല് ചെന്നു നില്‍ക്കട്ടെ'' അമ്മിണി നടന്നു, ഒപ്പം ടീച്ചറും.


^^^^^^^^^^^^^^^^^^^^^^^^^^^^^^


ചെണ്ടമേളം മുറുകിയ സമയത്താണ് ഹരിദാസന്‍റെ മൊബൈല്‍ അടിച്ചത്. നല്ലനേരം നോക്കി വിളിച്ചത് ആരാണാവോ. അയാള്‍ക്ക് ദേഷ്യം വന്നു. മൊബൈല്‍ എടുക്കാതെ അയാള്‍ മേളക്കാരെ നോക്കിക്കൊണ്ട് നിന്നു. ഒരു നിമിഷത്തിന്നുശേഷം വീണ്ടും മൊബൈല്‍ അടിച്ചു. ഇത്തവണ അയാളത് എടുത്തുനോക്കി. മകനാണ് വിളിക്കുന്നത്. മൊബൈലുമായി ഹരിദാസന്‍ അമ്പലത്തിന്‍റെ മതില്‍ക്കെട്ടിന്ന് വെളിയിലേക്ക് നടന്നു. പക്ഷെ പുറത്തെത്തുമ്പോഴേക്ക് റിങ്ങ് അവസാനിച്ചു. അയാള്‍ മകനെ തിരിച്ചുവിളിച്ചു.


''നമ്മടെ അമ്പലത്തിലിന്ന് താലപ്പൊല്യാണ്. ഉച്ചപ്പൂജയ്ക്ക് നട അടച്ച സമയാണ്. ചെണ്ടമേളം കാരണം ഫോണടിച്ചത് കേട്ടില്ല. അതാ ഞാന്‍ എടുക്കാഞ്ഞത്'' മകന്‍ ഫോണെടുത്തതും അയാള്‍ പറഞ്ഞു ''എന്താ വിശേഷിച്ച്. നിനക്ക് സുഖോല്ലേ''.


''അപ്പോള്‍ നല്ല സമയത്താണല്ലോ ഞാന്‍ വിളിച്ചത്''.


''അതെ. എന്താ വിശേഷിച്ച്. അത് പറ''.


''ഞാനൊരു ഇന്‍റര്‍വ്യൂവിന്ന് പോയിരുന്നു. ഇപ്പോള്‍ അതിന്‍റെ റിസള്‍ട്ട് അറിഞ്ഞു. ഞാന്‍ സെലെക്ടായി''.


''എല്ലാം ദേവിടെ അനുഗ്രഹം'' അയാള്‍ പ്രതികരിച്ചു.


''അതിന്ന് സംശയമില്ല. അച്ഛന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം''.


''ഉറപ്പായും ചെയ്യാം. നിനക്കുവേണ്ടി ഞാന്‍ വഴിപാടൊക്കെ ചെയ്യുണുണ്ട്''.


''രാജേഷേട്ടന്ന് എം.ഡി. യെ പരിചയമുണ്ട്. അതും ഗുണമായി''.


''എങ്ങിനെ ആയാലും നീ നന്നായി നടക്ക്. എനിക്കതേ വേണ്ടൂ''.


''എന്നാല്‍ അച്ഛന്‍ ചെന്ന് തൊഴുതോളൂ''. തിരുമുറ്റത്തേക്ക് കാലെടുത്ത് കുത്തുമ്പോള്‍ സന്തോഷംകൊണ്ട് ഹരിദാസന്‍റെ കണ്ണുകള്‍ നനഞ്ഞിരുന്നു. 


''അമ്മേ, ദേവീ, തമ്പുരാട്ടീ. കാത്തുരക്ഷിച്ചോളണേ'' അയാള്‍ കൈകള്‍ കൂപ്പി.


ഭാഗം : - 64.


ദീപാരാധന കഴിഞ്ഞ് നട തുറന്നു. തകിലിന്‍റേയും നാദസ്വരത്തിന്‍റേയും ശബ്ദം നിലച്ചു. ദീപപ്രഭയില്‍ തിളങ്ങുന്ന ശ്രീകോവിലിലേക്ക് നോക്കി പത്മാവതിയമ്മ കൈകൂപ്പി. കല്‍പ്പൂരത്തട്ട് പുറത്തേക്ക് എടുത്തിട്ടുണ്ട്. ആളുകള്‍ അതിനടുത്തേക്ക് തിരക്കി ചെല്ലുകയാണ്.


''തിരക്കൊന്ന് കഴിഞ്ഞോട്ടെ. എന്നിട്ട് കല്‍പ്പൂരം എടുത്താല്‍ പോരേ'' സരള അവരോട് ചോദിച്ചു.


''മതി. ചെറ്യേ രണ്ട് കുട്ട്യേളില്ലേ നമ്മടെ കൂടെ.  തിരക്കിന്‍റെ ഏടേല് അവര് പെടണ്ടാ''. 


ഒരു ചെറുപ്പക്കാരന്‍ തട്ടുമായി ആളുകളുടെ ഇടയിലൂടെ നടന്നുവന്നു. അയാള്‍ അടുത്തെത്തിയപ്പോള്‍ പത്മാവതിയമ്മ കല്‍പ്പൂരനാളത്തെ ഉഴിഞ്ഞ് മുഖത്ത് തട്ടിച്ചു, പിന്നീട് രമേശന്‍റെ മുഖത്തും. സരള തന്‍റേയും പ്രതുഷയുടേയും മുഖത്തിനുനേരെ കല്‍പ്പൂരം ഉഴിഞ്ഞുകാട്ടി.


''തിരക്കൊന്ന് ഒഴിഞ്ഞിട്ട് നമുക്ക് പൂവും പ്രസാദൂം വാങ്ങാല്ലേ'' സരള ചോദിച്ചതിന്ന് മതിയെന്ന മട്ടില്‍ പത്മാവതിയമ്മ തലയാട്ടി. കഷ്ടിച്ച് പത്തുമിനുട്ടിനകം ആളുകള്‍ പ്രസാദം വാങ്ങി സ്ഥലം വിട്ടു. നടക്കല്‍ ചെന്ന് ദക്ഷിണ നല്‍കി തീര്‍ഥവും പ്രസാദവും വാങ്ങി.


''ഇനി മെല്ലെ നടക്കാല്ലേ'' എന്ന് സരള പറഞ്ഞപ്പോള്‍ പത്മാവതിയമ്മ ടിക്കറ്റ് കൌണ്ടറിലേക്ക് നോക്കി. കുറുപ്പ് മാഷ് തിരക്കിട്ട് എന്തോ എഴുതുകയാണ്.


''മാഷ് തിരക്കിലാണെന്ന് തോന്നുണൂ. യാത്ര പറയാനൊന്നും പോണില്ല'' അവര്‍ പ്രകാശന്‍റെ കയ്യുംപിടിച്ച് പുറത്തേക്ക് നടന്നു. അമ്പലപ്പറമ്പില്‍ കച്ചവടക്കാരുടെ തിരക്കാണ്. പ്രകാശന്‍ കളിക്കോപ്പുകള്‍ നോക്കുന്നുണ്ട്. സരളയുടെ കയ്യിലിരുന്ന പ്രത്യുഷ ബലൂണിന്ന് കൈനീട്ടി.


''മിണ്ടാണ്ടിരുന്നോ'' അവര്‍ ശാസിച്ചു ''ഇവിടുന്ന് വീടെത്തുമ്പഴയ്ക്കും പൊട്ടിക്കാനാണ്''.


''എന്തിനാ അവള് വാശിപിടിക്കിണ്''.


''ബലൂണ്‍ വേണോത്രേ. കയ്യില്‍ കിട്ടണ്ട താമസം അതിന്‍റെ കഥ കഴിയും''.


''എന്നു പറഞ്ഞിട്ടോ. കുട്ട്യേള് ചോദിക്കുമ്പൊ വാങ്ങികൊടുക്കണ്ടേ''.


''ഒന്നും വേണ്ടാ. കാശ് കളയാന്‍ ഒരോ സാധനങ്ങള്''. പത്മാവതിയമ്മ സമ്മതിച്ചില്ല. അവര്‍ പെണ്‍കുട്ടി ചൂണ്ടിക്കാണിച്ച വീര്‍പ്പിച്ച ബലൂണ്‍ വാങ്ങിക്കൊടുത്തു. വിമാനത്തിന്‍റെ രൂപത്തിലുള്ള അതിന്‍റെ കയറില്‍ കുട്ടി പിടിച്ചു.


''വല്യേമ്മേ, കയറ് വിട്ടാല്‍ ബലൂണ്‍ പറന്നുപോവും'' കച്ചവടക്കാരന്‍ മുന്നറിയിപ്പ് നല്‍കി.


''കുട്ടാ നിനക്കെന്താ വേണ്ടത്'' അവര്‍ രമേശനോട് ചോദിച്ചു. അവന്‍ ഒരു ചെണ്ടയാണ് ആവശ്യപ്പെട്ടത്.


''അതൊന്നും വേണ്ടാ. അതിനൊക്കെ നല്ല വെലീണ്ട്'' സരള എതിര്‍ത്തു. അത് വകവെക്കാതെ പത്മാവതിയമ്മ അതും വാങ്ങി.


''ഇനി നിനക്ക് എന്തെങ്കിലും വേണോടാ'' അവര്‍ കുട്ടിയോട് ചോദിച്ചു. ചുവപ്പും വെളുപ്പും നിറത്തിലുള്ള കോലുമുട്ടായികള്‍ നിരത്തിവെച്ച തട്ടിലേക്ക് അവന്‍ കൈനീട്ടി.


''ചെക്കാ മിണ്ടാണ്ടിരുന്നോ. അതില് എന്തൊക്കെ ചായം ആണെന്ന്  ആരക്കാ അറിയ്യാ'' സരള ദേഷ്യപ്പെട്ടു.


''നോക്കിന്‍. ഇതൊക്കെ തിന്നിട്ടന്ന്യാണ് നമ്മളൊക്കെ വലുതായത്. ആരും ഇത് തിന്നതോണ്ട് ചത്തുപോയിട്ടില്ല'' അവര്‍ അതും വാങ്ങി.


^^^^^^^^^^^^^^^^^^^^^^^^^^^^^^^


തൊഴുത് പുറത്തേക്ക് പോവുന്നതിന്നുമുമ്പ് വേലപ്പന്‍ ഹരിദാസനെ ചെന്നുകണ്ടു. അയാള്‍ കൌണ്ടറില്‍ ആരോടോ സംസാരിക്കുകയാണ്.


''ഒന്ന് കാണണോലോ'' വേലപ്പന്‍ പുറത്തുനിന്ന് വിളിച്ചു.


''എന്താ വിശേഷിച്ച് വല്ലതൂണ്ടോ'' പുറത്തേക്കിറങ്ങിവന്ന ഹരിദാസന്‍ അയാളോട് ചോദിച്ചു.


''ഒന്നൂല്യാ. മറ്റന്നാള് ഞാന്‍ അവരെ രണ്ടാളേംകൂട്ടീട്ട് എന്‍റെ വീട്ടിലിക്ക് പൊവ്വാണ്''.


''നന്നായി. എവിടേങ്കിലും അവര് സമാധാനത്തോടെ കഴിയട്ടെ''.


''എന്നെക്കൊണ്ട് ആവുണപോലെ ഞാന്‍ നോക്കും. അതല്ലേ പറയാന്‍ പറ്റൂ''.


''അത് ഞങ്ങള്‍ക്കൊക്കെ അറിയാം. പിന്നെ ഒരു കാര്യം പറയ്യാണ്. ഇടയ്ക്കൊക്കെ ഈ വഴിക്ക് വരണേ''.


''എന്താ സംശയം. നിങ്ങളൊക്കെ ചെയ്ത സഹായങ്ങള്‍ മറക്കാന്‍ പറ്റില്ല''.


''മുമ്പൊരു കാര്യം എന്‍റെ തലേലുദിച്ചതിന്ന് ക്ഷമ ചോദിക്ക്യാണ്. അത് മനസ്സില്‍ കരുതരുത്''.


''ഏയ്. അങ്ങന്യോന്നും ഇല്ല. നിങ്ങള്‍ പറഞ്ഞത് നല്ല കാര്യംതന്നെ. പക്ഷെ അതില്‍ തീരുമാനം എടുക്കണ്ടത് ഞാനല്ല. ആദ്യം ഏടത്തിടെ അഭിപ്രായം അറിയണം. അവര് ശരീന്ന് പറഞ്ഞാലും രക്ഷിതാവിന്‍റെ സമ്മതംവേണം. വയസ്സായെങ്കിലും ഇപ്പൊ അവരുടെ അമ്മ ജീവിച്ചിരിപ്പുണ്ട്. അമ്മടെ അഭിപ്രായംകൂടി ചോദിച്ചിട്ട് വേണ്ടത് ചെയ്യാം''.


''എനിക്കിപ്പൊ നിങ്ങളോട് തോന്നുണ ബഹുമാനം എത്ര്യാന്ന് പറയാന്‍ പറ്റില്ല. മനുഷ്യരായാല്‍ മനുഷ്യനെ മനസ്സിലാക്കാന്‍ പാറ്റുണോരാവണം. നിങ്ങള്‍ അങ്ങന്യാണ്''.


''ശരി. ഞാന്‍ ഇറങ്ങുണൂ. ഭാര്യ വെളീല് കാത്തുനിക്കുണുണ്ട്''. വേലപ്പന്‍ പുറത്തേക്ക് നടന്നു, ഹരിദാസന്‍ ടിക്കറ്റ് കൌണ്ടറിലേക്കും. 


ഭാഗം : - 65.


സന്ധ്യക്ക് തൊട്ടുമുമ്പാണ് ഹരിദാസന്‍ എത്തുന്നത്. അയാള്‍ സ്കൂട്ടര്‍ നിര്‍ത്തി നടന്നുവരുന്നത് വേലപ്പന്‍ നോക്കിനിന്നു. ഒരു ചിരിയോടെ ഹരിദാസന്‍ നടന്നടുത്തു.


''വരിന്‍'' വേലപ്പന്‍ അയാളെ ക്ഷണിച്ചു.


''നാളെ നാട്ടിലിക്ക് പോണൂന്നല്ലേ പറഞ്ഞത്. അതിനുമുമ്പ് വല്യേമ്മേ ഒന്ന് കാണണംന്ന് തോന്നി''.


''അതിനെന്താ. വരിന്‍'' വേലപ്പന്‍ അയാളെ അകത്തേക്ക് ആനയിച്ചു ''രണ്ടാളുംകൂടി ഇഷ്ടംപോലെ വര്‍ത്തമാനം പറഞ്ഞോളിന്‍. ഞാന്‍ എടങ്ങേറാക്കിണില്ല'' അയാള്‍ പോയി. 


''വല്യേമ്മേ, ഞാന്‍ വന്നിട്ടുണ്ട്'' മുറിയിലേക്ക് കയറുമ്പോള്‍ അയാള്‍ വിളിച്ചുപറഞ്ഞു.


''നന്നായി. നിന്നെ കാണാണ്ടെ പോവണ്ടി വര്വോലോന്ന് വിചാരിച്ച് ഇരിക്ക്യാണ്. അപ്പഴയ്ക്ക് നീയെത്തി''.


''വല്യേമ്മടെ മനസ്സ് എനിക്കറിയില്ലേ. ഞാന്‍ വരാണ്ടിരിക്ക്വോ''.


''വാ, നീയിവിടെ ഇരിക്ക്'' ഹരിദാസന്‍ കട്ടിലില്‍ ഇരുന്നു.


''രാവിലെ കാണാഞ്ഞപ്പൊ നീ വരുണുണ്ടാവില്ലാന്ന് കരുതി''.


''ഇന്നലെ താലപ്പൊലിയല്ലേ. പരിപാടി കഴിഞ്ഞ് താലം ചൊരിയുമ്പൊ നേരം പുലരാറായി. പിന്നെ കൊടുക്കാനുള്ളോരുക്ക് കൊടുത്ത് അവരെ പിരിച്ചുവിടുമ്പൊ വെളിച്ചായി. എല്ലാം ഒരുവിധത്തില്‍ എടുത്തുവെച്ച് വീടെത്ത്യേതും കുളിച്ചു. ആഹാരം കഴിക്കാനൊന്നുംനിന്നില്ല.  ഉമ്മറത്തെ വാതിലടച്ച് കട്ടിലില്‍ കിടന്ന് ഒറ്റ ഉറക്കം.  നാലരയ്ക്കാ പിന്നെ എണീറ്റത്. മേല്‍ക്കഴുകി വേഷം മാറ്റി പോന്നു. വരുണവഴിക്ക് ഹോട്ടലിന്ന് കാപ്പി കുടിച്ചു''.


''സുമതി ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് നല്ലോണം  ഉണ്ടല്ലേ''.


''അത് പറയാനുണ്ടോ വല്യേമ്മേ. ഞാന്‍ ലേശം കഷ്ടപ്പെട്ടാലും മകന്‍ സന്തോഷായിരുന്നാല്‍ മതി. അതേ വേണ്ടൂ''.


''അവനിപ്പൊ ആളെങ്ങനേ''.


''വല്യേമ്മടെ അനുഗ്രഹംകൊണ്ട് ഇപ്പൊ മര്യാദയ്ക്ക് നടക്കുണുണ്ട്. ഇനി തല തിരിയ്യോന്ന് അറിയില്ല''.


''അങ്ങന്യോന്നും വരില്ല. നീ അവനെന്തെങ്കിലും ജോല്യാക്കി കൊടുക്ക്. എന്നാലവന്‍ ഒരിടത്ത് അടങ്ങി ഒതുങ്ങി കഴിയും''.


''അത് പറയാനുംകൂടീട്ടാ ഞാന്‍ വന്നത്. മകന് ഇന്നലെ ജോലി കിട്ടി. കാവില് ഉച്ചപ്പൂജ നടക്കുണ സമയത്താ അവന്‍ വിളിച്ച് വിവരം പറയുണ്''.


''ഭഗവതിടെ അനുഗ്രഹം നല്ലോണൂണ്ട്. ഇനി അവന്‍ നേരാവും''.


''ഞാനും സുമതീം ഈശ്വരനെ വിളിക്കാത്ത നേരൂല്യാ''.


''ഇനി ഒരുപെണ്ണുംകെട്ടി മര്യാദയ്ക്ക് കഴിയട്ടെ. എന്നാലേ മുഴുവന്‍ ശര്യാവൂ''.


''എനിക്കത് ആലോചിക്കാന്‍ കൂടി വയ്യ. പൊന്നുപോലത്തെ പെണ്ണാണ്  എന്‍റെ മരുമകള്. അവളെപ്പോലെ സ്വഭാവഗുണൂള്ള ഒരുകുട്ട്യേ ഇനി കിട്ടില്ല''.


''പറഞ്ഞിട്ടെന്താ. മകന്‍ എല്ലാം തുലച്ചില്ലേ. ആ കുട്ടി വേറെ കല്യാണം കഴിച്ച്വോ''.


''ഇല്ല. ഒരു കല്യാണം കഴിച്ചതിന്‍റെ കഥ ഈ ജന്മം മറക്കില്ല. എനിക്കിനി ഒരു കല്യാണം വേണ്ടാന്ന് അവള് പറഞ്ഞ്വോത്രേ''.


''അപ്പൊ ബന്ധം ഒഴിഞ്ഞില്ലേ''.


''അവള്‍ക്ക് ചിലവിന് കൊടുക്കാന്‍ മടിച്ചിട്ട് മകന്‍ ജോലി വേണ്ടാന്ന് വെച്ചു. അതോടെ അവളടെ വീട്ടുകാര് ബന്ധം ഒഴിയാന്‍ ശ്രമിച്ചു. ആ പെണ്ണ് അതൊന്നും കേട്ടില്ല''.


''അവളെന്താ ഇപ്പൊ ചെയ്യുണ്''.


''പഠിച്ച കുട്ട്യല്ലേ അവള്. ഇപ്പൊ ഏതോ ഒരു കോളേജില് പഠിപ്പിക്കാന്‍ പോണുണ്ട്'',


''ഞാനൊരുകാര്യം പറയട്ടെ ഹര്യേ. നമുക്ക് ആ കുട്ട്യേ കൂട്ടീട്ട് വന്നാലോ''.


''നടക്കുണ കാര്യം പറയിന്‍. ഇതും പറഞ്ഞോണ്ട് അവളടെ വീട്ടിലിക്ക് പോവുമ്പൊ കുരങ്ങ് മാര്‍ക്ക് ടിന്‍ മുതുകില് കെട്ടണ്ടി വരും''.


''അത് വിട്. നിന്‍റെ മകന്‍ അവളടടുത്ത് എങ്ങന്യായിരുന്നു''.


''ആദ്യോക്കെ നല്ല സ്നേഹത്തിലായിരുന്നു. ജോലിക്ക് തകരാറ് വന്നപ്പൊ വിധം മാറി. ഈ മൂധേവിടെ വര്‍ക്കത്ത് കേടോണ്ടാണ് എനിക്കിങ്ങനെ വന്നത് എന്നായി പറച്ചില്. പിന്നെ അവള്‍ക്ക് തൊയിരം കൊടുത്തിട്ടില്ല''.


''ആരാ ഈ ആലോചന കൊണ്ടുവന്നത്''.


''സുമതിടെ ഏട്ടന്‍റെ ഭാര്യവീട്ടുകാര് വഴി വന്ന ആലോചന്യാണ്''.


''എന്നാല്‍ അവരോട് എങ്ങനേങ്കിലും ഇപ്പഴുള്ള അലോഹ്യം തീര്‍ത്ത് തരണംന്ന് പറ''.


''നല്ല കാര്യായി. മകന്‍ കാരണം അളിയനും കുടുംബൂം ഞങ്ങളടുത്ത് തെറ്റി. അങ്കിട്ടും ഇങ്കിട്ടും വരവുംപോകും നിന്നു. നന്ദൂന്ന് കുത്ത് കിട്ട്യേ കാര്യം സുമതി അറിയിച്ചപ്പൊ എനിക്ക് കേള്‍ക്കണ്ടാ എന്നാ അളിയന്‍ പറഞ്ഞത്''.


''നീ നോക്കിക്കോ. അതും ശര്യാവും''.


''എന്നാ ഞാന്‍ അവനേം അവളേം കൂട്ടിക്കൊണ്ടുവന്ന് നിങ്ങടെ മുമ്പില്‍ തൊഴുവിക്കും''. 


''പൊട്ടത്തരം പറയാതെ. ഞാനെന്താ കാവിലെ ഭഗവത്യാ''.


''കാവിലെ ഭഗവതി അനുഗ്രഹിക്ക്യേ ഉള്ളൂ. ഒരക്ഷരം പറയില്ല. നിങ്ങള് അനുഗ്രഹം കൊടുക്കും. അത് പറയും ചെയ്യും''.


''ഇന്നെന്താ അമ്പലത്തിലിക്ക് പോണില്ലേ. പൂജടെ സമയം ആവാറായി'' വേലപ്പന്‍ വന്ന് ഓര്‍മ്മപ്പെടുത്തി.


''താലപ്പൊലി കഴിഞ്ഞ് നട അടച്ചാല്‍ ഏഴാം പക്കത്തിലേ  നട തുറക്കൂ''.


''എന്നാല്‍ വര്‍ത്തമാനം നിര്‍ത്തണ്ട''.


''അല്ല. എല്ലാരും മേനോന്‍ സാറിന്‍റെ വീട്ടിലിക്ക് ചെല്ലാന്ന് പറഞ്ഞിട്ടുണ്ട്. ഞാനും ചെല്ലട്ടെ'' അയാള്‍ എഴുന്നേറ്റു.


''ഇനി എപ്പഴാ നിന്നെ കാണ്വാ''.


''എപ്പൊ വേണച്ചാലും കാണാലോ''.


''അടുത്തെങ്ങാനും നീ മകനെ കാണാന്‍ പോണുണ്ടോ''.


''ഉവ്വ്. നാളെ പോവും. നാലുദിവസം അവടെ കൂടും. എന്നിട്ട് പോരും. നട തുറക്കുണദിവസം ഞാന്‍ സ്ഥലത്തുണ്ടാവും''.


''എന്നാ സന്തോഷായിട്ട് പോയിട്ട് വാ''.


''വന്നിട്ട് ഒരുദിവസം ഞാന്‍ അവടെ വന്ന് വല്യേമ്മേ കാണാം'' അയാള്‍ വൃദ്ധയുടെ പാദങ്ങളില്‍ തൊട്ടുവന്ദിച്ച് ഇറങ്ങിനടന്നു.


ഭാഗം : - 66.


വീട്ടിലെത്തിയ ഹരിദാസന്‍ കൊണ്ടുപോവാനുള്ള വസ്ത്രങ്ങള്‍ ബാഗില്‍ ഒതുക്കിവെക്കാന്‍ തുടങ്ങി. ഇത്തവണ ഒരുപാട് തുണികളൊന്നും ഏറ്റി കൊണ്ടുപോവുന്നില്ല. ആകെ നാലുദിവസമാണ് ചെന്നെയില്‍ കൂടുന്നത്. താലപ്പൊലി കഴിഞ്ഞ് അടച്ച നട തുറക്കുമ്പോഴേക്ക് തിരിച്ചെത്താനുണ്ട്.


ബാഗിന്ന് പുറമെ ഒരു അട്ടപ്പെട്ടിയുണ്ട്. വാഴയ്ക്ക വറത്തതും, ചക്ക വറത്തതും, ശര്‍ക്കര ഉപ്പേരിയും, അരി കൊണ്ടാട്ടവും,  താമരവളയം കൊണ്ടാട്ടവും, പയര്‍ കൊണ്ടാട്ടവും കണ്ണിമാങ്ങ അച്ചാറും ഒക്കെയാണ് അതിനുള്ളില്‍. ഇതൊന്നും അവിടെ കിട്ടാഞ്ഞിട്ടല്ല. എങ്കിലും മകളേയും കുട്ടികളേയും കാണാന്‍ പോവുമ്പോള്‍ ഇവയൊക്കെ വാങ്ങി കയ്യില്‍ കരുതാറുണ്ട്.


തുണികള്‍ എടുത്തുവെച്ചപ്പോള്‍ ആശ്വാസമായി. ഇനിയൊന്നും ചെയ്യാനില്ല. സുഖമായി ഒന്നുറങ്ങണം. രാവിലെ അഞ്ചുമണിക്ക് അലാറം വെച്ചിട്ടുണ്ട്. ഉണര്‍ന്നെഴുന്നേറ്റതും കുളിച്ച് ഒരുങ്ങണം. അഞ്ചരമണിക്ക് ഓട്ടോയെത്തും. ആറുമണിക്കാണ് പാലക്കാട് ജംങ്ഷനില്‍നിന്ന് ചെന്നെയിലേക്കുള്ള വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്സ്. മൊബൈല്‍ അടുത്തുവെച്ച് കട്ടിലില്‍ കിടന്നു.


ഉറക്കം വരുന്നില്ല. കാലത്ത് എവിടേക്കെങ്കിലും പോവാനുണ്ടെങ്കില്‍ ഇങ്ങിനെയാണ്. മകന്‍ ജോലിക്ക് പോവാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ ഒരാശ്വാസം. ഇനി ദുര്‍ബുദ്ധിയൊന്നും അവന് തോന്നരുതേ. ദേവിയെ മനസ്സില്‍ ധ്യാനിച്ച് കിടന്നു. പെട്ടെന്ന് മൊബൈല്‍ അടിക്കുന്ന ശബ്ദംകേട്ടു. കിടന്നകിടപ്പില്‍ അതെടുത്തു. 


''ആരാ'' അയാള്‍ ചോദിച്ചു.


''ഞാന്‍ ആരാണെന്ന് മനസ്സിലായോ'' മറുവശത്തുനിന്നുള്ള സ്ത്രീ ശബ്ദം കേട്ട് അയാള്‍ ഞെട്ടി. മകന്‍റെ ഭാര്യയാണ് വിളിച്ചിരിക്കുന്നത്.


''എന്താ മോളേ'' അയാളുടെ വാക്കുകള്‍  വിറകൊണ്ടു.


''ഒരു കുട്ടിടെ പാരന്‍റ് ഇന്നെന്നെ കാണാന്‍ വന്നിരുന്നു. അയാള്‍ നമ്മുടെ നാട്ടുകാരനാണ്. അയാള്‍ക്ക് അച്ഛനേയും നമ്മുടെ വീടിനേയും നന്നായി അറിയും. അയാള്‍ ഒരു കാര്യം എന്നോട് പറഞ്ഞു. അത് ചോദിക്കാന്‍ വിളിച്ചതാണ്''.


''മോള് പറയ്. എന്താന്ന് കേള്‍ക്കട്ടെ''.


''നന്ദ്വോട്ടനെ ആരോ കുത്തീന്ന് കേട്ടു. എന്താ സംഭവം''.


''സംഗതി ശര്യാണ്'' ഹരിദാസന്‍ മുഴുവന്‍ കാര്യങ്ങളും വിസ്തരിച്ചു.


''മാസം രണ്ടാവുന്നു. എന്നിട്ടും എന്നെ ഈ വിവരം അറിയിക്കാന്‍ നിങ്ങള്‍ ആര്‍ക്കും തോന്നിയില്ലല്ലോ'' മരുമകളുടെ വാക്കുകളില്‍ പരിഭവം നിഴലിച്ചിട്ടുണ്ട്.


''അതൊരു തെറ്റന്ന്യാണ്. പക്ഷെ വേറൊരു കാര്യൂണ്ട്. ഈ വിവരം അറിയിച്ചാല്‍ നിന്‍റെ വീട്ടുകാര്‍ എന്താ പറയ്യാന്ന് അറിയില്ലല്ലോ''.


''വീട്ടുകാരെ അറിയിക്കണം എന്ന് ഞാന്‍ പറയില്ല. പക്ഷെ എന്നെ അറിയിക്കേണ്ട ചുമതല നിങ്ങള്‍ക്കില്ലേ. ഞാന്‍ ബന്ധംവേണ്ടാ എന്ന് വെച്ചിട്ടില്ലല്ലോ''.


''മോളേ, ഒരുതരത്തിലും നിന്നെ ഞാന്‍ കുറ്റം പറയില്ല. നീ ഒരുപാട് സഹിച്ചിട്ടുണ്ട്. തെറ്റ് മുഴുവന്‍ എന്‍റെ മകന്‍റെ ഭാഗത്താണ്. അവന്‍ കുടിച്ച് അടിപിടികൂട്ടുണത് കണ്ടപ്പഴാണ് നിന്‍റെ വീട്ടുകാര്‍ നിന്നെ ഇവിടുന്ന് കൂട്ടീട്ട് പോയത്. അല്ലാണ്ടെ നിന്‍റെ ഇഷ്ടത്തിന് പോയതല്ല''.


''ഒരുകൊല്ലം ആവാറായില്ലേ ഞാനവിടെനിന്ന് പോന്നിട്ട്. ഇന്നേവരെ ആരെങ്കിലും എന്നെ അന്വേഷിച്ചിട്ടുണ്ടോ. നന്ദ്വോട്ടനോ അമ്മയോ അന്വേഷിക്കാത്തതില്‍ എനിക്ക് ഖേദമില്ല. പക്ഷെ അച്ഛന്‍. എപ്പോഴും എന്നെ മോളേന്ന് വിളിക്കുന്ന അച്ഛന്‍ എന്നെ അന്വേഷിക്കാത്തതില്‍ എനിക്ക് സങ്കടമുണ്ട്''.


''തെറ്റ് പറ്റി മോളേ. നിന്നെ ഞാന്‍ വിളിച്ചാല്‍ നീ എന്താ പറയ്യാന്ന് എനിക്കറിയില്ല. എന്‍റെ മകന്‍ അമ്മാതിരി പണ്യല്ലേ ചെയ്തത്''. 


''ഇനി അതുതന്നെ പറഞ്ഞുകൊണ്ട് ഇരിക്കണ്ട. എന്നെ വേണ്ടാ എന്നുവെച്ചാലും നിങ്ങളെല്ലാവരും സുഖമായിരിക്കണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്''.


''അത് എന്‍റെ മോളടെ നന്മ. ഇനി പറയ്. എന്തൊക്കീണ്ട് നിന്‍റെ വിശേഷങ്ങള്‍''.


''എന്ത് വിശേഷം അച്ഛാ. ഒരു കോളേജില്‍ ജോലി കിട്ടി. കഴിഞ്ഞ ജൂണില്‍ ചേര്‍ന്നു. താമസം അവിടെ ഹോസ്റ്റലിലാണ്. അതുകൊണ്ട് ആലോചിച്ച് സങ്കടപ്പെടാന്‍ ഒട്ടും നേരം കിട്ടാറില്ല. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് വരും. തിങ്കളാഴ്ച രാവിലെ നേരത്തെ തിരിച്ചുപോരും''.


''നന്നായി മോളേ. എവിടെയാണെങ്കിലും നീ നന്നാവും. അത്രയ്ക്ക് കുരുത്തം നിനക്കുണ്ട്''.


''ഇതേ എനിക്ക് വേണ്ടൂ. അമ്മ അടുത്തുണ്ടോ''.


''ഇല്ല. അവള്‍ ചെന്നെയിലാണ്'' മകളും മരുമകനും ചെന്നെയിലേക്ക് തിരിച്ചുപോവുമ്പോള്‍ നന്ദുവിനേയും അമ്മയേയും അവരുടെകൂടെ കൊണ്ടുപോയ കാര്യം അയാള്‍ അറിയിച്ചു.


''ശരി. അമ്മ വിളിക്കുമ്പോള്‍ ഞാന്‍ അന്വേഷിച്ച കാര്യം പറയണം''.


''ഞാന്‍ നാളെ അങ്ങോട്ട് പോണുണ്ട്. അമ്മടടുത്ത് നേരിട്ടന്നെ പറയാം''.


''എന്നാല്‍ നിര്‍ത്തട്ടെ''.


''ഒരുമിനുട്ട്. ഇപ്പൊ മോളടെ വീട്ടുകാരടെ നിലപാട് എന്താണ്''.


''ഡൈവോഴ്സ് ചെയ്യാന്‍ എന്നെ ഒരുപാട് നിര്‍ബ്ബന്ധിച്ചു. എന്നിട്ട് വേറെ കല്യാണം നോക്കണം എന്ന് പറഞ്ഞിരുന്നു. ഒരു കല്യാണം കഴിച്ചതന്നെ മതിയായി. ഇനി എന്നെ ആകാര്യത്തിന്ന് നിര്‍ബ്ബന്ധിക്കരുത് എന്ന് ഞാനും പറഞ്ഞു''.


''സത്യം പറയട്ടെ മോളേ. എനിക്ക് നിന്നെ കാണണംന്നുണ്ട്''.


''അതിനെന്താ. എന്‍റെ വീട്ടിലേക്ക് നൂറ്റിപ്പത്ത് കിലോമീറ്ററല്ലേ ഉള്ളൂ. രണ്ട് രണ്ടര മണിക്കൂര്‍ നേരത്തെ ബസ്സ് യാത്രയല്ലേ വേണ്ടൂ''.


''അത് വേണ്ടാ. എനിക്ക് നിന്‍റെ വീട്ടുകാരുടെ മുഖത്ത് നോക്കാന്‍ വയ്യ''.


''എങ്കില്‍ അച്ഛന്‍ ഒരുദിവസം കോളേജിലേക്ക് വരൂ. വീട്ടിലേക്കുള്ള അത്രകൂടി ദൂരമില്ലല്ലോ''.


''ചെന്നെയില്‍ പോയിട്ട് വരട്ടെ. എന്നിട്ട് ഞാന്‍ വരും. എനിക്കെന്‍റെ മോളേ കാണണം''.


''ശരി അച്ഛാ. ഇനി ഉറങ്ങിക്കോളൂ. വല്ലപ്പോഴും ഞാന്‍ വിളിക്കാം'' മരുമകള്‍ കാള്‍ കട്ട് ചെയ്തിട്ടും അയാള്‍ മൊബൈല്‍ ചെവിയോട് ചേര്‍ത്തുവെച്ച് കിടന്നു.


ഭാഗം : - 67.


കൃത്യസമയത്തുതന്നെ ട്രെയിന്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തി. അതുകാരണം നാലരയ്ക്ക് മുമ്പ് ഹരിദാസന് മകളുടെവീട്ടിലെത്താന്‍ കഴിഞ്ഞു. ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി സാധനങ്ങളുമായി അയാള്‍ വീട്ടിലേക്ക് കയറി. അവിടെ സുമതി മാത്രമേയുള്ളു. ജോലി കഴിഞ്ഞ് മകളും മരുമകനും എത്താന്‍ ആറുമണി കഴിയണം. കുട്ടികള്‍ രണ്ടും അവരോടൊപ്പമാണ് വരിക. അതുവരെ അവര്‍ മരുമകന്‍റെ അച്ഛന്‍റെ വീട്ടില്‍ അവരോടൊപ്പം ആയിരിക്കും.


''നന്ദു എപ്പഴാ വര്വാ'' ഡ്രസ്സ് മാറ്റിക്കൊണ്ടിരിക്കെ അയാള്‍ ചോദിച്ചു.


''ഏഴുമണി കഴിയും''.


''ഇപ്പൊ ആളെങ്ങിനെ''.


''ഒരു കുഴപ്പൂല്യാ. അവനൂണ്ട് അവന്‍റെ പാടൂണ്ട്. ജോലി കിട്ടീട്ട് രണ്ടുദിവസോല്ലേ ആയിട്ടുള്ളൂ. ഇപ്പൊ പണിക്ക് പോവാന്‍ നല്ല ഉഷാറുണ്ട്''.


''വീട്ടില്‍ വന്നാലോ''.


''വീടെത്ത്യാല്‍ മരുമക്കളടടുത്ത് കൊഞ്ചിക്കൊണ്ടിരിക്കും. അത് കാണുമ്പൊ മനസ്സിന് എന്തോ വലിയ ആശ്വാസം''.  


''അങ്ങനെ പോട്ടേ. കുറെ കഴിയുമ്പൊ ഒക്കെ ശര്യാവും''.


''അതെ. എന്നിട്ട് വേണം നല്ലൊരു പെണ്‍കുട്ട്യേ കല്യാണം കഴിപ്പിക്കാന്‍''.


''എന്താ നീ പറഞ്ഞത്. വേറൊരു കുട്ട്യോ. അപ്പൊ ഇപ്പോഴുള്ള പെണ്ണിനെ എന്താ ചെയ്യാ''.


''അതിനവള് അവനെ ഉപേക്ഷിച്ച് പോയില്ലേ''/


''നല്ലോണം ആലോചിച്ച് നോക്ക്. അവളെന്ത് തെറ്റാ ചെയ്തത്. അവളടെ വീട്ടുകാര് വരുമ്പൊ നമ്മടെമകന്‍ ഏതോ തെണ്ടിപ്പിള്ളരായിട്ട് അടിപിടി കൂടുണത് കണ്ടു. അവരവളെ കയ്യോടെ കൂട്ടിക്കൊണ്ട് പോയി. അല്ലാണ്ടെ അവളടെ ഭാഗത്ത് ഒരു തെറ്റൂല്യാ''.


''പക്ഷെ അവളെ കല്യാണം കഴിച്ച ശേഷാണ് അവന്‍ കുരുത്തംകെട്ടത്''.


''അത് വെറുതെ പറയ്യാണ്. ജോലിസ്ഥലത്ത് എന്തോ പ്രശ്നൂണ്ടായി. നമ്മള് മകനെ ലാളിച്ച് വളര്‍ത്ത്യേതോണ്ട് അവനത് സഹിക്കാനുള്ള കെല്‍പ്പ് ഇല്ലാണ്ടെ പോയി. അതാ അവന്‍ കേടുവന്നത്''.


''എന്തായാലും ഫലം ഒന്നന്നെ. അവനവളെ മൂധേവീന്നല്ലാതെ വല്ലതും വിളിച്ചിട്ടുണ്ടോ''.


''അത് മകന്‍റെ തെറ്റ്. എന്നിട്ടും അവള് കമാന്ന് ഒരക്ഷരം മിണ്ടാണ്ടെ എല്ലാം സഹിച്ച് കഴിഞ്ഞില്ലേ''.


''എന്നാലും തുപ്പ്യേതിനെ എടുത്ത് ആരെങ്കിലും വായിലിട്വോ. നമുക്ക് വേറെ കുട്ട്യേ നോക്കാനേ''.


''ഒരുകാര്യം ഞാന്‍ പറയാം. വേറൊരു കല്യാണത്തിന് നിങ്ങളൊക്കെ പുറപ്പെട്ടാല്‍ ഞാനതിന് ഉണ്ടാവില്ല. എന്നെ നിങ്ങള് കാക്കുംവേണ്ടാ''.


''നിങ്ങളെന്താ ഇങ്ങനെ പറയുണ്. പശു ചത്തു, മോരിലെ പുളീം പോയി. ഇനി അത് ആലോചിച്ചിരിക്കണോ. കുറച്ച് കാലം കഴിഞ്ഞാല്‍ അവള് വേറൊരുത്തനെ കെട്ടിക്കോളും''.


''പശു ചത്തിട്ടില്ല. മോരിലെ പുളി പോയിട്ടൂല്യാ. അവളങ്ങനെ വേറൊരു കല്യാണം കഴീക്കൂല്യ''.


''നിങ്ങള്‍ക്ക് ഉറപ്പാണോ''.


''എനിക്ക് ഉറപ്പന്നെ''.


''നിങ്ങളവളെ വിളിച്ച് ചോദിച്ച്വോ''.


''ഞാന്‍ വിളിച്ചില്ല. പക്ഷെ അവളെന്നെ വിളിച്ചു''തലേന്ന് രാത്രി മരുമകള്‍ വിളിച്ച കാര്യം അയാള്‍ വിസ്തരിച്ച് പറഞ്ഞു.


''ഈ കാര്യം എന്തേ എന്നെ അറിയിക്കാഞ്ഞ്''.


''ഞാനിങ്ങോട്ട് വരുണുണ്ടല്ലോ. അപ്പൊ നേരില്‍ പറയാന്ന് കരുതി''.


''അത് ശരി. എന്നിട്ട് അവളെന്താ ഇത്രകാലം നമ്മളെ വിളിക്കാഞ്ഞ്''.


''അതും നമ്മടെ തെറ്റന്നെ. മകന്‍ എങ്ങനെ ആയാലും നമുക്ക് അവളെ വിളിച്ച് അന്വേഷിക്കേണ്ട ചുമതല ഉണ്ടായിരുന്നു. നമ്മളത് ചെയ്തില്ല''.


''അത് ശര്യാണ്. നമ്മള് മകന്‍റെ കാര്യം മാത്രേ നോക്ക്യോളൂ. അവളെപ്പറ്റി ചിന്തിച്ചിട്ടേ ഇല്ല''.


''ഏതായാലും നന്ദു ഇപ്പൊ നന്നായല്ലോ. ഇനി വൈകാണ്ടെ വിട്ടുപോയത് കൂട്ടിച്ചേര്‍ക്കാന്‍ നോക്കണം''.


''അതിനെന്താ വഴി കണ്ടിരിക്കിണ്''.


''അതന്നെ ഞാന്‍ പറഞ്ഞോണ്ട് വന്നത്. ഇവിടേന്ന് പോയാല്‍ ഒരുദിവസം ഞാനവളെ കാണാന്‍ പോണുണ്ട്''.


''ഞാന്‍ വരണോ കൂടെ''.


''താന്‍ അതല്ല ചെയ്യണ്ടത്. ഇപ്പൊ അമ്മീം മകനും നല്ല സ്നേഹത്തിലല്ലേ. മെല്ലെ മെല്ലെ അവനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി ആ കുട്ട്യേ നമ്മടെ വീട്ടിലിക്ക് തിരിച്ചുവിളിക്കാനുള്ള ഏര്‍പ്പാട് ചെയ്യ്''.


''നന്ദൂന്‍റെ മനസ്സ് മാറ്വോ''.


''മാറും. അവന്‍ പഴേപോലെ നല്ല ആളാവും''.


''എന്താ ഉറപ്പ്. കാവിലെ ഭഗവതി നിങ്ങളോട് പറഞ്ഞ്വോ''


''ഭഗവതി പറഞ്ഞിട്ടില്ല. പക്ഷെ ഈശ്വരനെപ്പോലത്തെ ഒരാള് എന്നോടത് പറഞ്ഞിട്ടുണ്ട്''.


''എങ്കില്‍ നന്നായി. ഒരുപെണ്ണിന്‍റെ ശാപം ഇല്യാണ്ടെ കഴിഞ്ഞു''.


''എനിക്ക് വിശക്കുണുണ്ട്. ചായ വെക്ക്. എന്തെങ്കിലും തിന്നാനും താ''. സുമതി അടുക്കളയിലേക്ക് നടന്നു, പുറകെ ഹരിദാസനും.


ഭാഗം : - 68.


''പറഞ്ഞതൊക്കെ ഓര്‍മ്മീണ്ടല്ലോ. സൌകര്യംപോലെ കാര്യങ്ങളൊക്കെ മകനെ പറഞ്ഞ് ബോദ്ധ്യമാക്ക്വാ. മറ്റന്നാള്‍ ഞാന്‍ മരുമകളെ കാണാന്‍ പോണുണ്ട്'' ഹരിദാസന്‍ ഭാര്യയെ ഏല്‍പ്പിച്ചു ''രാത്രിവണ്ടിക്ക് ഞാന്‍ പോവും. പത്തുദിവസം കഴിഞ്ഞിട്ട് മടങ്ങിവരും. അപ്പഴയ്ക്ക് താന്‍ ഒരുതീരുമാനം ഉണ്ടാക്കണം''.


''നിങ്ങള് എത്രാമത്തെ പ്രാവശ്യാണ് ഇതന്നെ പറയുണത്. അത്രയ്ക്ക് ധൃതീണ്ടെങ്കില്‍ നിങ്ങള്‍ക്കന്നെ ചോദിക്കായിരുന്നില്ലേ''..


''എന്താ അവന്‍റെ മനസ്സില് എന്നറിയില്ലല്ലോ. അച്ഛന്‍ വേണ്ടാത്തതിന് പുറപ്പെടുണൂന്ന് തോന്നാന്‍ പാടില്ല. അതാ ഞാന്‍ പോയിട്ട് ചോദിച്ചാ മതീന്ന് പറഞ്ഞത്''.


''അപ്പൊ പഴി ഞാന്‍ കേട്ടോട്ടേ.  അതല്ലേ മനസ്സിലിരുപ്പ്''.


''രണ്ടാളുംകൂടി തീരുമാനിച്ചതല്ലേ ഞാന്‍ പറഞ്ഞുള്ളു''.


''രണ്ടാളും കൂടീന്ന് പറയണ്ട. നിങ്ങള് പറഞ്ഞു. അതിന് ഞാന്‍ എതിര് പറഞ്ഞില്ല''.


''ഇനി ഇതുംപറഞ്ഞ് തമ്മില്‍ത്തല്ലണ്ട. നേരത്തെ നിശ്ചയിച്ചതുപോലെ ചെയ്യാ. അത് മതി''.


സ്റ്റേഷനിലേക്ക് ഹരിദാസനെ എത്തിക്കാന്‍ രാജേഷിനൊപ്പം നന്ദുവും ഉണ്ടായിരുന്നു. ബാഗെടുത്ത് അയാള്‍ പുറത്തിറങ്ങിയപ്പോള്‍ ഒപ്പം നന്ദുവും ഇറങ്ങി. രാജേഷ് കാറുമായി പാര്‍ക്കിങ്ങ് ഏരിയയിലേക്ക് നീങ്ങി. അച്ഛനും മകനും അയാളെ കാത്തുനിന്നു.


''നന്ദൂ. ഒരുകാര്യം നിന്നോട് പറയാന്‍ ഞാന്‍ അമ്മടടുത്ത് പറഞ്ഞിട്ടുണ്ട്. എന്‍റെ മകന്‍ അത് സമ്മതിക്കണം'' ഹരിദാസന്‍ മകനെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു.


''എന്താ അച്ഛാ കാര്യം. നിങ്ങള്‍ പറയുന്നത് ഞാന്‍ അനുസരിക്കില്ല എന്ന് തോന്നുന്നുണ്ടോ''.


''അതെനിക്കറിയാം. എന്നാലും അമ്മ പറയുണതാണ് നല്ലത്'' രാജേഷ് വരുന്നത് അവര്‍ കണ്ടു.


''ശരി. എന്നാല്‍ പറഞ്ഞപോലെ'' ഹരിദാസന്‍ സംഭാഷണം നിര്‍ത്തി. 


^^^^^^^^^^^^^^^^^^^^^^


''താലപ്പൊലി കഴിഞ്ഞ് ഇന്ന് ഏഴാം പക്കാണ്. നടതുറക്കുണത് ഇന്നാണ്. വൈകുന്നേരം നമുക്ക് കാവിലിക്ക് പോയാലോ. ദീപാരാധന തൊഴുത് വരാം'' പത്മാവതിയമ്മ വര്‍ത്തമാനത്തിനിടയില്‍ സരളയോട് ചോദിച്ചു.


''എനിക്ക് അമ്പലത്തിന്‍റെ ഉള്ളില് കടക്കാന്‍ പാടില്ല ചേച്ചി'' സരള അവരെ ചേച്ചി  എന്ന് വിളിക്കാന്‍ തുടങ്ങിയത് പത്മാവതിയമ്മ ആവശ്യപ്പെട്ടതിനാലാണ്.


''അതെന്താ സരളേ കാരണം''.


''എന്‍റെ കുടുംബത്തിലെ ഒരു കാര്‍ണോര് മരിച്ചു. പുല കഴിയാതെ അമ്പലത്തില് പോവാന്‍ പാടില്ലല്ലോ''.


''എന്നിട്ട്  മരിച്ച് വിവരം അറിഞ്ഞ് സരള പോയില്ലല്ലോ''.


''അതോ ചേച്ചി, അവരൊക്കെ വല്യേ ആള്‍ക്കാരാണ്. ബന്ധൂണ്ട് എന്ന് പറയാനേ പറ്റൂ. അതും പറഞ്ഞ് അങ്കിട്ട് കേറിചെല്ലാന്‍ പറ്റില്ല''.


''അതെന്താ. അവരും ആയിട്ട് അലോഹ്യാണോ''.


''എന്ത് അലോഹ്യം. ഞങ്ങള് പാവങ്ങള്. ബന്ധുക്കളാണ് എന്നുംപറഞ്ഞ് ഞങ്ങള് ചെല്ലുണത് അവര്‍ക്ക് ഇഷ്ടാവില്ല''.


'എന്നാലും ഇങ്ങനീണ്ടോ ആള്‍ക്കാര്. കാശും പണൂം നോക്കീട്ടാ സ്വന്തൂം ബന്ധൂം കണക്കാക്ക്വാ''.


''ലോകം അങ്ങന്യാ ചേച്ചീ. പണൂല്ലാത്തോരെ ആരക്കും വേണ്ടാ. മകള് വയ്യാണ്ടെ കിടക്കുമ്പൊ അവരടടുത്ത് കുറച്ച് കാശ് കടം ചോദിക്കാന്‍ ഞാന്‍ പോയി. തീരെ നിവൃത്തി ഇല്ലാത്തതോണ്ട് ചെയ്തതാ. അന്നെന്നെ പുഴുത്ത പട്ട്യേ ആട്ടിവിടുണപോലെ ആട്ടിവിട്ടു. അവളും രവിടച്ഛനും മരിച്ചപ്പൊ ഒരു കുട്ടി തിരിഞ്ഞുനോക്കീലാ''.


''പോട്ടേ, സാരൂല്യാ സരളേ. എന്നെങ്കിലും നിങ്ങള് നന്നാവും. അപ്പൊ അവരൊക്കെ ബന്ധുക്കളാണെന്ന് പറഞ്ഞ് വരുംചെയ്യും''.


''കഷ്ടിച്ചാണ് ഇപ്പൊ കഴിഞ്ഞുകൂടുണത്.  പിന്നെങ്ങന്യാ നന്നാവ്വാ''.


''രവി ഒരു വര്‍ക്ക്ഷോപ്പ് തുടങ്ങട്ടെ. അപ്പൊ സമ്പാദ്യം ആവില്ലേ''.


''വെറുംകയ്യോണ്ട് മുഴംവെക്കാന്‍ പറ്റ്വോ. അതിനൊക്കെ കാശ് വേണ്ടേ''.


''വര്‍ക്ക്ഷോപ്പ് ഇവിടെത്തന്നെ ഉണ്ടാക്കിക്കോട്ടെ. പിന്നെന്താ പ്രശ്നം''.


''സ്ഥലം ആയാലും കാശ് കൊറെ വേണം. അതിന് വഴീല്ല''.


''വേണച്ചാല്‍ ലോണ് കിട്ട്വോലോ''.


''ഒന്നും വേണ്ടാന്‍റെ ചേച്ച്യേ'' സരള അവരെ തൊഴുതു ''മകളടെ ചികിത്സയ്ക്ക് കടം വാങ്ങ്യേതോണ്ടാ ഞങ്ങള് ഈ ഗതീലായത്''.


''വീടും വര്‍ക്ക്ഷോപ്പും വിറ്റിട്ടാ പെങ്ങളെ ചികിത്സിച്ചത് എന്നാണല്ലോ രവി പറഞ്ഞത്''.


''സംഗതി അതൊന്ന്വോല്ല ചേച്ച്യേ. രവിടച്ചന്‍ നല്ല കണക്കും കാര്യൂം ഉള്ള ആളായിരുന്നു. മകളടെ പഠിപ്പ് കഴിഞ്ഞ് കെട്ടിക്കുമ്പഴയ്ക്ക് ആവട്ടേന്ന് വെച്ച് പത്തമ്പത് പവന്‍റെ പണ്ടൂം ബാങ്കില് കുറെകാശും മൂപ്പര് ഒരുക്കി വെച്ചതാ. സൂക്കട് വന്നപ്പൊ ആദ്യം ബാങ്കിലെ കാശെടുത്ത് ചികിത്സിച്ചു. പിന്നെ പണ്ടം വിറ്റിട്ടായി ചികിത്സ. എന്നിട്ടും പോരാതെ വന്നപ്പഴാണ് വീടും വര്‍ക്ക് ഷോപ്പും പണയം കാട്ടി കടം വാങ്ങ്യേത്. അവട്യാണ്  തെറ്റുപറ്റ്യേത്''.


''അതിലെന്താ തെറ്റ്. ഇതൊക്കെ സാധാരണ ആളുകള് ചെയ്യുണതല്ലേ''.


''മൂപ്പര് അപ്പപ്പഴത്തെ ആവശ്യത്തിന് ബ്ലേഡുകാരടെ കയ്യിന്ന് കടം വാങ്ങി. അത് വല്യോരുസംഖ്യ ആയി. എത്രവീട്ട്യാലും കടം തീരില്ല. വാങ്ങ്യേതിന്‍റെ അഞ്ചിരട്ടി തിരിച്ചുകൊടുത്തൂന്ന് പറഞ്ഞിരുന്നു. എന്നിട്ടും പണം തന്നോര് ആ മൂപ്പരെ ബുദ്ധിമുട്ടിച്ചോണ്ടിരുന്നു. ആ മനോവേദനേല് ഹാര്‍ട്ട് നിന്നിട്ടാ മരിച്ചത്''.


''ഇത് അതൊപോല്യോന്നും ആവില്ല. ഞങ്ങളാ എടേല് നില്‍ക്കിണത്''.


''എന്നാലും വീടിന്‍റെ മുന്നില് ഷെഡ് പണിയിണത് ശര്യല്ല''.


''അത് വേണ്ടെങ്കില്‍ വേണ്ടാ. നോക്കിന്‍, ആ തലയ്ക്കലെ കാര്‍ഷെഡ്ഡ് കണ്ടില്ലേ. അത് മതീച്ചാല്‍ എടുത്തോട്ടെ''.


''അപ്പൊ കാറ് നിര്‍ത്താനോ''.


''ഇനി മാഷ് കാറ് വാങ്ങൂല്യാ, ഓടിക്ക്യൂല്യാ. വീട് പണിയുമ്പൊ പോര്‍ട്ടിക്കോ ഉണ്ടാക്കാന്‍ ഞാന്‍ പറഞ്ഞതാ. വീടിന്‍റെ മുമ്പില് കാറ് നിര്‍ത്തുണത് അല്‍പ്പത്തരാണ് എന്നുപറഞ്ഞ് മതിലിന്‍റെ ഓരത്ത് ഷെഡ്ഡ് പണിതു. ഇപ്പൊ അത് ഉപകാരായി''.


''അതിന്‍റെ ഉള്ളില് എന്തൊക്ക്യോ സാധനങ്ങളുണ്ടല്ലോ''.


''അതൊക്കെ കണ്ണില്‍ക്കണ്ട കച്ച്രാണ്ടി സാധനങ്ങളാ. എവടേങ്കിലും കൊണ്ടുപോയി കളഞ്ഞ് അടിച്ച് തുടച്ചാല്‍ നല്ല സൌകര്യാവും''.


''മക്കള് എന്തെങ്കിലും പറഞ്ഞാലോ''.


''ഒരുത്തനും ഒന്നും പറയില്ല. എനിക്ക് നല്ല ധൈര്യൂണ്ട്''.


''ശരി. രവി വരട്ടെ. അവന്‍റെ അഭിപ്രായം ചോദിക്കണോലോ''.


''അത് മതി'' പ്രത്യുഷ ഉറക്കമുണര്‍ന്ന് കരയുന്നത് കേട്ടു


''കുട്ടി എണീട്ടൂ. ഞാന്‍ പിന്നെവരാം'' സരള ധൃതിയില്‍ വീട്ടിലേക്ക് നടന്നു.


ഭാഗം : - 69.


നാട്ടിലെത്തിയതിന്‍റെ പിറ്റേന്നുതന്നെ ഹരിദാസന്‍ മരുമകളെ കാണാന്‍ പുറപ്പെട്ടു. തലേദിവസം അമ്പലത്തിലെ നടതുറക്കലിന്ന് പങ്കുകൊണ്ട് തിരിച്ചുവരുമ്പോള്‍  ഒരുപായ്ക്കറ്റ് പാല് വാങ്ങിയിരുന്നു. അതിനാല്‍ എഴുന്നേറ്റതും ചായ ഉണ്ടാക്കി കുടിക്കാനായി. വെള്ളം ചൂടാക്കി കുളി കഴിഞ്ഞ് ഒരുങ്ങിയിട്ടും നേരമായിട്ടില്ല. എട്ടുമണിക്ക് പുറപ്പെട്ടാല്‍ മതി. നേരത്തെ ചെന്നാല്‍ മരുമകള്‍ കോളേജില്‍ എത്തിയിട്ടുണ്ടാവില്ല.


 കോളേജില്‍ എപ്പോള്‍ എത്തുമെന്ന് പറയാനാവില്ല. അതുകൊണ്ട് ഒരു ഹോട്ടലില്‍നിന്ന് കാലത്തെ ഭക്ഷണം കഴിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ സൂപ്പര്‍ ഫാസ്റ്റും ഒരു പ്രൈവറ്റ് ബസ്സും ഒന്നിച്ചാണ് വന്നത്. പ്രൈവറ്റ് ബസ്സ് മുന്നില്‍ കേറി ഹോണടിച്ചുവെങ്കിലും അതില്‍ കയറിയില്ല. അത് അവരുടെ ഒരടവാണ്. കുറെദൂരം ചെന്നാല്‍ ട്രാന്‍സ്പോര്‍ട്ട് അതിനെ മറികടക്കും. പിന്നെ ഇറങ്ങുന്ന സ്ഥലംവരെ പ്രൈവറ്റ് ബസ്സിന് അതിനെ കണികാണാന്‍ കിട്ടില്ല.


സ്കൂള്‍ സമയവും ഓഫീസ് സമയവും ആയതുകൊണ്ട് പൊതുവെ ബസ്സുകളിലെല്ലാം നല്ലതിരക്കുണ്ടാവും. സ്റ്റേറ്റ് ട്രന്‍സ്പോര്‍ട്ട് ബസ്സില്‍  വിദ്യാര്‍ത്ഥികള്‍ കയറില്ല. എങ്കിലും അതിലും നല്ല തിരക്കുണ്ട്. നല്ല വേഗതയിലാണ് ബസ്സ് ഓടുന്നത്. പകുതിയിലേറെ ദൂരം പിന്നിട്ടു കഴിഞ്ഞു. അരമണിക്കൂറിനകം അത് ഉദ്ദേശിച്ച സ്ഥലത്തെത്തിക്കും. മരുമകള്‍ക്കിപ്പോള്‍  ക്ലാസ്സ് ഉണ്ടാവുമോ ആവോ. ഇന്നലെ ഫോണ്‍ ചെയ്തപ്പോഴും ആകാര്യം ചോദിക്കാന്‍ വിട്ടുപോയി. ഏതായാലും അവളെ ഒന്ന് വിളിക്കാം. ഹരിദാസന്‍ മൊബൈലെടുത്ത് വിളിച്ചു. കാള്‍ പോയതും മറുവശത്ത് ഫോണെടുത്തു.


''എന്താ അച്ഛാ. അച്ഛന്‍ വരുന്നില്ലേ''.


''ഉവ്വ്. എത്താറായി. മോള് കോളേജില്‍ എത്ത്യോന്നറിയാന്‍ വിളിച്ചതാ''.


''ഞാന്‍ കോളേജിലുണ്ട്''.


''ഇപ്പൊ വന്നാല്‍ ബുദ്ധിമുട്ടാവ്വോ''.


''എന്ത് ബുദ്ധിമുട്ട്. ഒരു ബുദ്ധിമുട്ടും ഇല്ല''.


''മോളക്ക് ക്ലാസ്സുണ്ടാവില്ലേ. അതാ ചോദിച്ചത്''.


''ഫസ്റ്റ് പിരീഡ് ഫ്രീ ആണ്. വേണമെങ്കില്‍ ഉച്ചവരെ ലീവെടുക്കാം''.


''ബസ്സെറങ്ങ്യേതും ഞാന്‍ ഓട്ടോ വിളിച്ച് വരാം''. ഹരിദാസന്‍ എത്തുമ്പോള്‍ മരുമകള്‍ ഉമ്മറത്ത് കാത്തുനില്‍ക്കുകയാണ്.


''വരൂ. കാന്‍റീനില്‍ പോയി ഇരിക്കാം'' മരുമകളുടെ പുറകെ അയാള്‍ കാന്‍റീനിലേക്ക് നടന്നു. ക്ലാസ്സ് തുടങ്ങാറായതുകൊണ്ട് കാന്‍റീനില്‍ ഒട്ടും തിരക്കില്ല. ആകെ അഞ്ചാറ് കുട്ടികളേ ഉള്ളൂ. ഒരുമേശയ്ക്ക് ഇരുവശത്തായി അവര്‍ ഇരുന്നു.


''അച്ഛനെന്താ വേണ്ടത്. റോസ്റ്റ് പറയട്ടെ''.


''ഇപ്പൊ ഒന്നും വേണ്ടാ. എന്‍റെ മകളെ കണ്ടതോടെ വയറ് നിറഞ്ഞു''.


''എന്നാല്‍ ചായയും സ്നാക്സും പറയാം'' അവള്‍ വിളമ്പുന്ന പയ്യനെ വിളിച്ച് ഓര്‍ഡര്‍ നല്‍കി.


''എന്താ മോളേ, നീ വല്ലാണ്ടെ ക്ഷീണിച്ചിട്ടുണ്ടല്ലോ. ആള് പകുതി ആയിട്ടുണ്ട്''.


''അച്ഛനെന്താ പറ്റിയത്. അച്ഛനും ക്ഷീണിച്ചിട്ടുണ്ട്''.


''കഷ്ടിച്ച് ഒന്നൊന്നര മാസം മുമ്പുവരെ ഞാന്‍ തീക്കട്ടടെ മോളില് ഇരിക്ക്യായിരുന്നു. മനസ്സമാധാനം ഇല്ലെങ്കില്‍ പോയില്ലേ മോളേ''.


''എന്നാല്‍ അതുതന്നെയാണ് അച്ഛാ എന്‍റെ അവസ്ഥ. ആ വീട്ടില്‍നിന്ന് ഇറങ്ങുയശേഷം ഞാന്‍ അനുഭവിച്ച വേദന നിങ്ങളാരും അറിയില്ല.   ഭര്‍ത്താവ് കാട്ടികൂട്ടുന്നത് ആലോചിച്ചാല്‍ എന്താ ഒരു സമാധാനം.    അച്ഛനോ അമ്മയോ അന്വേഷിക്കാറില്ല. അതാലോചിച്ചാല്‍ സങ്കടംവരും.  എന്നെ വേണ്ടാഞ്ഞിട്ടല്ലേ അന്വേഷിക്കാത്തത് എന്ന് ചിലപ്പോള്‍ തോന്നും. എന്നെ ആവശ്യമില്ലാത്തവരെ ഇനി ആലോചിക്കില്ല എന്ന് പലപ്പോഴും തീരുമാനിക്കും. എന്നാല്‍ കുറച്ചുകഴിഞ്ഞാല്‍ മനസ്സ് പഴയപടിയാവും. വീണ്ടും സങ്കടം വരും''.  


''സത്യം പറഞ്ഞാല്‍ മകനെക്കൊണ്ടുള്ള സമാധാനക്കേടിന്‍റെ എടേല് മോളേ എന്നല്ല ആരെക്കുറിച്ചും ആലോചിക്കാറില്ല. ഓരോ ദിവസൂം ഉണരുണത് ഇന്ന് എന്തൊക്കെ കേള്‍ക്കണ്ടിവരും എന്ന പേട്യോടാണ്. അതാ പറ്റ്യേത്''.


''അതൊക്കെ ശരിതന്നെ. എന്നാലും  എന്നെ ഇങ്ങിനെ അവഗണിക്കാന്‍ പാടില്ലായിരുന്നു''.


''പറ്റിപ്പോയി. ഇനി അങ്ങിനെ ഉണ്ടാവില്ല. അത് മാത്രോല്ല, ഇപ്പൊ ചില മാറ്റങ്ങള് ഉണ്ടായിട്ടുണ്ട്''.


''എന്ത് മാറ്റങ്ങളാണ് അച്ഛാ''


''അന്നത്തെ സംഭവത്തോടെ നന്ദു കുടി നിര്‍ത്തി. ഇപ്പൊ ചെന്നെയില്‍ അവന് നല്ലൊരു ജോലീം കിട്ടീട്ടുണ്ട്''.


''നന്നായി. എവിടെയെങ്കിലും നന്നായി ജീവിക്കട്ടെ''.


''മോളേ, നിനക്ക് നന്ദൂനോട് വെറുപ്പുണ്ടാവും. അതിന് നിന്നെ ഞാന്‍ കുറ്റം പറയില്ല. എല്ലാം അവന്‍റെ തെറ്റന്നെ. എന്നാലും അവനെ മോള് വെറുക്കരുത്. കാരണം അവനൊരു പാവാണ്''.


''ഇതൊന്നും എന്നോട് പറയണ്ട. നന്ദ്വോട്ടനെ എനിക്കറിയില്ലേ''.


''അച്ഛന്‍റെ സ്വഭാവം മോള്‍ക്ക് അറിയാലോ. എന്‍റെ മനസ്സിലുള്ളത് മൂടിവെക്കാന്‍ എനിക്കറിയില്ല. എന്തും തുറന്ന് പറയുണ ശീലാണ് എനിക്ക്. അതോണ്ട് ഒരുകാര്യം ചോദിച്ചോട്ടെ''.


''അച്ഛന്‍ ചോദിച്ചോളൂ''.


''എന്‍റെ മോള്‍ക്ക് ഞങ്ങടെ വീട്ടിലിക്ക് മടങ്ങി വന്നൂടേ''. മരുമകള്‍ ഒന്നും പറഞ്ഞില്ല. അവള്‍ ആലോചിക്കുകയാണെന്ന് ഹരിദാസന്ന് മനസ്സിലായി.


''മോളൊന്നും പറഞ്ഞില്ല'' കുറച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു.


''ഞാനെന്താ പറയേണ്ടത്. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആയി. ഇനി ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ''.


''അതെനിക്കറിയാം. മോളടെ മനസ്സറിഞ്ഞശേഷം വീട്ടുകാരടടുത്ത് സംസാരിക്കാന്ന് വിചാരിച്ചിട്ടാണ്''.


''അതിന്ന് മുമ്പ് എനിക്ക് പറയാനുള്ളത് അച്ഛന്‍ കേള്‍ക്കണം''. 


''എന്നാല്‍ പറയ്. കേള്‍ക്കട്ടെ''.


''ഒന്ന്. ഇനി എനിക്ക് കുറ്റപ്പെടുത്തല് സഹിക്കാന്‍ വയ്യ. ഒരു കുറ്റവും ചെയ്യതെയാണ് എന്നെ നന്ദ്വോട്ടന്‍ കുറ്റം പറഞ്ഞിരുന്നത്.''.


''അത് മോള് പറഞ്ഞത് ശര്യാണ്. അവന്‍റടുത്ത് സംസാരിച്ച് ഉറപ്പ് കിട്ട്യാലേ നീ വരണ്ടു''.


''എനിക്ക് ചിലവിന് തരാതിരിക്കാന്‍ വേണ്ടിയിട്ടാണ്- നന്ദ്വോട്ടന്‍ ജോലി ഉപേക്ഷിച്ചത്. ഇപ്പോള്‍ എനിക്ക് ജോലിയുണ്ട്. ജീവിക്കാന്‍ ആരേയും ആശ്രയിക്കണ്ട. അതുകൊണ്ട് ജോലി ഉപേക്ഷിക്കാന്‍ എനിക്ക് പറ്റില്ല''.


''നന്ദൂന്ന് ചെന്നേല് നല്ല ജോലീണ്ട്. മോളക്കും അവിടെ ജോല്യാക്ക്യാലോ''.


''അത് എന്‍റെ വീട്ടുകാരുടെ അടുത്ത് ചോദിക്കണം. ഏറ്റവും പ്രധാനം നന്ദ്വോട്ടന്‍ ഇനി മദ്യം തൊടരുത്. അത് നിര്‍ബ്ബന്ധമാണ്. ജീവിതംവെച്ച് കളിക്കാന്‍ ഞാനില്ല''.


''ഇതൊക്കെ സമ്മതിച്ചാലോ''.


''ഒരുതവണ കൂടി ഞാന്‍ പരീക്ഷിക്കും.. ശരിയല്ല എന്ന് തോന്നിയാല്‍ അന്ന് ഞാന്‍ എന്നെന്നേക്കുമായി ബന്ധം ഒഴിവാക്കും''.


''അങ്ങിനെ ചെയ്താലും മോളേ ഞാന്‍ കുറ്റം പറയില്ല''.


''ഞാനീ വിട്ടുവീഴ്ച ചെയ്യുന്നത് അച്ഛനെ മാത്രം ആലോചിച്ചിട്ടാണ്. കാരണം എനിക്ക് അച്ഛനെ അത്രയ്ക്ക് ഇഷ്ടമാണ്. ബന്ധം തുടര്‍ന്നാലും ഇല്ലെങ്കിലും ഇടയ്ക്കെങ്കിലും അച്ഛനെന്നെ വിളിക്കണം. എനിക്കതുമതി''. മരുമകളുടെ കണ്ണുനിറഞ്ഞത് ഹരിദാസന്‍ കണ്ടു. അയാള്‍ വല്ലാതായി.


''എന്‍റെ മോള് സങ്കടപ്പെടുണത് കണ്ടോണ്ട് പോവാന്‍ എനിക്ക് വയ്യ. നിന്‍റെ ചിരിക്കിണ മുഖം കാണാനാ എനിക്കിഷ്ടം'' അയാളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. 


ഉറക്കെ സംസാരിച്ചുകൊണ്ട് കുറെ കുട്ടികള്‍ കടന്നുവന്നു. കൂട്ടത്തില്‍ ഒരുവന്‍ മരുമകളുടെ അടുത്തുവന്ന് ഗുഡ് മോര്‍ണിങ്ങ് പറഞ്ഞശേഷം കൂട്ടുകാരോടൊപ്പം വേറൊരുഭാഗത്തേക്ക് നീങ്ങി.


 ഭാഗം : - 70.


''അച്ഛനെന്താ ചായ കുടിക്കാത്തത്'' മരുമകള്‍ പറഞ്ഞപ്പോള്‍ അയാള്‍ ഗ്ലാസ്സ് കയ്യിലെടുത്തു.


''ഓരോന്ന് ആലോചിച്ചിരുന്നതാ. അതാ കുടിക്കാഞ്ഞ്'' അയാള്‍ പറഞ്ഞു.


''ഒന്നും ആലോചിക്കണ്ട. വരുന്നത് വരട്ടെ. ഞാനിപ്പോള്‍ അങ്ങിനെയാണ് ചിന്തിക്കുന്നത്''.


 ''ഈ കുട്ട്യേള്‍ക്ക് ക്ലാസ്സില്ലേ'' ചായകുടിക്കുന്നതിനിടയില്‍ ഹരിദാസന്‍ ചോദിച്ചു.


''അവര് ക്ലാസ്സ് കട്ട് ചെയ്ത് കാന്‍റീനില്‍ വന്നതാവും''.


''അപ്പോള്‍ അവര്‍ക്ക് പഠിക്കണ്ടേ''


''അതിന് പഠിക്കാന്‍ വന്നാലല്ലേ. വീട്ടുകാര് പറഞ്ഞുവിടുന്നതുകൊണ്ട് ഇവിടെ വന്ന് പോവുന്നു''


''ക്ലാസ്സ് കട്ട് ചെയ്താല്‍ അറ്റന്‍ഡന്‍സ് കിട്ട്വോ''.


''അതിനൊക്കെ ഇവര്‍ക്ക് എന്തെല്ലാം വഴികളുണ്ട്. വരാത്തവരുടെ നമ്പര്‍ വിളിക്കുമ്പോള്‍ ആരെങ്കിലും യെസ് പറയും''.


''അപ്പോള്‍ പഠിപ്പിക്കുന്ന മാഷ് ചോദിച്ചാലോ''.


''അതൊന്നും ഇവര്‍ക്ക് ഭയമില്ല. ഈയിടെ ഒരുദിവസം എന്‍റെ ക്ലാസ്സില്‍ ഒരുത്തന്‍ വേറൊരു പയ്യനുവേണ്ടി ഹാജര്‍ പറഞ്ഞു. അതുകണ്ട് ഞാന്‍ അവനോട് ചോദിച്ചപ്പോള്‍ ടീച്ചര്‍ പേടിക്കണ്ട, അവന്‍ കാന്‍റീനിലോ ലൈബ്രറിയിലോ ഉണ്ടാവും, ക്രിമിനല്‍ കേസിലൊന്നും പെടില്ല എന്ന് മറുപടി തന്നു. അതാണ് ഇപ്പോഴത്തെ കുട്ടികള്‍''. ചായ കുടിച്ചുകൊണ്ട് അവര്‍ അല്‍പ്പനേരംകൂടി സംസാരിച്ചു.


''ഇനി ഞാന്‍ ഇറങ്ങിക്കോട്ടേ''.


''വരട്ടെ അച്ഛാ. ചെറിയൊരു കാര്യമുണ്ട്'' മരുമകളുടെ പുറകെ അയാള്‍ നടന്നു. 


''ഒരുമിനുട്ട് അച്ഛനിവിടെ നില്‍ക്കൂ. ഞാന്‍ ഇപ്പോള്‍ത്തന്നെ തിരിച്ചു വരാം'' ഹരിദാസനെ കോണിച്ചുവട്ടില്‍ നിര്‍ത്തി മരുമകള്‍ ടീച്ചേഴ്സ് റൂമിലേക്ക് പോയി അപ്പോള്‍ത്തന്നെ തിരിച്ചെത്തി.


''ഇത് അച്ഛന്‍ വാങ്ങൂ'' അവള്‍ ഏതാനും നോട്ടുകള്‍ അയാളെ ഏല്‍പ്പിച്ച് കാല്‍തൊട്ട് വന്ദിച്ചു.


''എന്തായിത്'' അയാള്‍ പരിഭ്രമിച്ചു.


''ആദ്യത്തെ ശമ്പളം കിട്ടിയപ്പോള്‍ അച്ഛന് തരണം എന്നുവിചാരിച്ചതാണ്. ഇപ്പോഴേ സാധിച്ചുള്ളു''. ഹരിദാസന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.


''മനസ്സ് നിറഞ്ഞു മോളേ. ദൈവം നിന്നെ കൈവിടില്ല. നീ അത്രയ്ക്ക് നല്ല കുട്ട്യാണ്'' അയാള്‍ അനുഗ്രഹിച്ചു.


''എനിക്കിപ്പോഴാണ് സമാധാനമായത്. കല്യാണം കഴിഞ്ഞ്  അവിടെ വരുമ്പോള്‍ ഞാന്‍ പഠിക്കുകയായിരുന്നു. രാവിലെ കോളേജിലേക്ക് ഞാന്‍ ഇറങ്ങുമ്പോള്‍ അച്ഛനെന്നെ കാത്തു നില്‍ക്കും. എന്നിട്ട് എന്‍റെ അന്നത്തെ ആവശ്യത്തിന്നുവേണ്ട പണംതന്ന് അനുഗ്രഹിക്കും. ഞാനത് ജീവിതത്തില്‍ മറക്കില്ല''. അവള്‍ കണ്ണുതുടച്ചു. കൂടുതല്‍ സംസാരിച്ചാല്‍ തന്‍റെ നിയന്ത്രണം വിടുമെന്നും കരഞ്ഞുപോവുമെന്നും ഹരിദാസന്ന് തോന്നി.


 ''ഞാന്‍ ഇറങ്ങ്വാണ് മകളേ. പിന്നൊരുദിവസം നിന്നെ വന്ന് കാണാം'' മറുപടിക്ക് കാത്തുനില്‍ക്കാതെ അയാള്‍ ഇറങ്ങിനടന്നു.


^^^^^^^^^^^^^^^^^^^^^^^^^^^


''ഞാന്‍ പറയുണത് രാധയ്ക്ക് മനസ്സിലാവുണുണ്ടോ'' രുഗ്മിണി ടീച്ചര്‍ ചോദിച്ചു ''നല്ലോണം കഷ്ടപ്പെട്ടിട്ടാണ് നമ്മള് കഴിഞ്ഞിട്ടുള്ളത്. ഇപ്പൊ സ്ഥിതി മാറി. അപ്പൊ അതിനനുസരിച്ച് ജീവിക്കണ്ടേ''. ബാങ്കില്‍ നിന്ന് പണമെടുക്കാന്‍ ചെന്നപ്പോഴാണ് രാധ രുഗ്മിണി ടീച്ചറെ കണ്ടുമുട്ടുന്നത്.


''എന്നാലും നമ്മളെക്കോണ്ട് ആവാത്തതിനെപ്പറ്റി ആലോചിച്ചിട്ടെന്താ കാര്യം''.


''ഞാന്‍ എല്ലാവര്‍ക്കും നല്ലതേ പറഞ്ഞ് കൊടുക്കൂ. കുറുപ്പ് മാഷടെ ഭാര്യ പത്മാവതിക്ക് വീടിലൊരുഭാഗം വാടകയ്ക്ക് കൊടുക്കണം. എന്നോടാ ആളുണ്ടോന്ന് ചോദിച്ചത്. ഞാന്‍ ആളെ ഏര്‍പ്പാടാക്കിക്കൊടുത്തു. ഒരു കാര്യൂം ഉണ്ടായില്ല. വാടക വാങ്ങാണ്ടെ അവരെ താമസിപ്പിക്കിണൂന്ന് കേട്ടു. രാധ അതുപോലാവരുത്. പത്തുറുപ്പിക മുടക്കീട്ടുണ്ടെങ്കില്‍ അത് പതിനഞ്ച് നേടിത്തരണം''.


''എന്നാലും മുടക്കാന്‍ വഴി വേണ്ടേ''.


''അതിനൊക്കെ സൂത്രൂണ്ട്. എത്ര ഉറുപ്പികടെ വണ്ട്യാണ് വേണ്ടതേന്ന് ആദ്യം ഉറപ്പിക്കണം. അതിന്‍റെ പത്തിലൊന്നേ അടയ്ക്കണ്ടൂ. ബാക്കി ബാങ്കുകാര് തരും. അവര്‍ക്ക് മാസാമാസം അടച്ചുകൊടുത്താ മതി''.


''ടീച്ചറ് എത്ര ഉറുപ്പികടെ കാറാണ് വാങ്ങുണ്''.


''അത് നോക്കണ്ട. നിങ്ങക്ക് പറ്റ്യേത് വാങ്ങ്യാ മതി''.


''എന്നാലും അറിയാലോന്ന് വെച്ചിട്ടാണ്''.


''അതിന് ഇരുപത്തഞ്ച് ലക്ഷം വരും. ഏഴാളക്ക് സുഖമായി ഇരിക്കാം''.


''നിങ്ങള് രണ്ടാളല്ലേ ഉള്ളൂ. പിന്നെന്തിനാ ഇത്ര വല്യേ കാറ്''.


''ഞങ്ങളത് വാടകയ്ക്ക് വിടും. സ്വന്തം ആവശ്യത്തിനൊരു വണ്ടി  ആയി, പത്ത് കാശ് വരും ചെയ്യും''.


''അത്ര വലുതൊന്നും എനിക്ക് ആലോചിക്കാനേ വയ്യ''.


''വേണ്ടാ. അതാ ഞാന്‍ ആദ്യംതന്നെ പറഞ്ഞത്. നിങ്ങള്‍ക്ക് ചെറുക്കനെ ഒന്ന് മതി. കൂടിവന്നാല്‍ അഞ്ചോ ആറോ ലക്ഷം''.


''കണ്ണേട്ടന്‍ എന്ത് പറയുംന്ന് എനിക്കറിയില്ല''.


''ആണുങ്ങളടെ അഭിപ്രായം ചോദിക്കാന്‍ നിന്നാല്‍ കാര്യം നടക്കില്ല. നമ്മള് തീരുമാനിക്ക്യാ. എന്നിട്ട് അവരെക്കൊണ്ട് സമ്മതിപ്പിക്ക്യാ''.


''ഏതായാലും ഞാനൊന്ന് ചോദിച്ചുനോക്കട്ടെ''.


''എന്തെങ്കിലും ആവശ്യൂണ്ടെങ്കില്‍ രാധ എന്നെ വിളിച്ചോളൂ. ഞാന്‍ വഴീണ്ടാക്കി തരാം''. ഏതായാലും വീട്ടിലേക്ക് പോവുമ്പോള്‍ രാധ കാറിനെ സ്വപ്നം കാണാന്‍ തുടങ്ങി. നല്ല വെളുവെളുക്കനെ ഒരു കാറ്. ഇരിക്കിണ സീറ്റൊക്കെ പതുപതുക്കനെ ഉണ്ടാവണം. അതില് കേറി ആദ്യം ഗുരുവായൂരിലിക്ക് പോണം. ഇക്കൊല്ലം ശബരിമലയ്ക്ക് പോണത് അതിലാവണം. രാധ ടീച്ചര്‍ വീട്ടിലെത്തി അധികം കഴിയും മുമ്പ് കണ്ണന്‍ നായരെത്തി,


''ചായ വേണോ കണ്ണേട്ടാ'' അവര്‍ ചോദിച്ചു. ഇന്നെന്താ ഇങ്ങിനെയെന്ന് കണ്ണന്‍ നായര്‍ക്ക് തോന്നി. 


ഒരുചായ വേണമെന്ന് പറഞ്ഞാല്‍ ''വെറുതെ വാട്ടവെള്ളം കുടിച്ച് വായ കെട്ടണ്ട. ഇത്തിരി നേരം കഴിഞ്ഞാല്‍ ഉണ്ണാനുള്ളതാണ്'' എന്നു പറയുന്ന ആളാണ്. ഇന്നെന്താണാവോ പറ്റിയത്.


''രാധയ്ക്ക് ചായ ഉണ്ടാക്കുണുണ്ടെങ്കില്‍ എനിക്കും ഒരുഗ്ലാസ്സ് തന്നോളൂ'' അയാള്‍ പറഞ്ഞു. ടീച്ചര്‍ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു.


''ഇന്ന് ഞാന്‍ നമ്മടെ രുഗ്മിണി ടീച്ചറെ ബാങ്കില്‍വെച്ച് കണ്ടു'' രാധ സംഭാഷണത്തിന്ന് തുടക്കമിട്ടു ''അവര് പുത്യേ കാറ് വാങ്ങുണൂ''.


''അയമ്മയ്ക്ക് മാസാമാസം എഴുപത്തയ്യായിരം ഉറുപ്പിക വാടക കിട്ട്വോത്രേ. അതിനും പുറമ്യാണ് രണ്ടാളടെ പെന്‍ഷന്‍. അപ്പൊ ഒരു ചിലവും വേണ്ടേ''.


''എത്ര ഉറുപ്പികടെ കാറാണേന്ന് അറിയ്യോ''.


''എട്ടോ പത്തോ ഉണ്ടാവും''.


''അവട്യാ തെറ്റ്യേത്. ഉറുപ്പിക ഇരുപത്തഞ്ച് ലക്ഷാണ് അതിന്‍റെ വില. ഏഴ് സീറ്റുണ്ട്''.


''അവര്‍ക്കെന്താ കിടന്ന് സഞ്ചരിക്കാനാണോ ഉദ്ദേശം''.


''വണ്ടി വാടകയ്ക്ക് വിടും. അപ്പൊ അതിന്ന് വരുമാനം കിട്ടും. സ്വന്തം ആവശ്യത്തിന് കാറും ആയി''.


''കമിഴ്ന്ന് വീണാല്‍ കാല്‍പണം ഉണ്ടാക്കിണ ആളാണ് അയമ്മ''. 


''കണ്ണേട്ടാ, ഞാനൊരു കാര്യം പറഞ്ഞാല്‍ ദേഷ്യം വര്വോ''.


''ഇവിടെ താന്‍ എന്‍റടുത്ത് ദേഷ്യപ്പെട്വാല്ലാതെ എപ്പഴെങ്കിലും ഞാന്‍ അങ്കിട്ട് ദേഷ്യപ്പെടാറുണ്ടോ''


''ഇല്ല. എന്നാലും ചോദിച്ചതാണ്''.


''എന്തായാലും താന്‍ പറയൂ. കേള്‍ക്കട്ടെ''.


''നമുക്കും ഒരു കാറ് വാങ്ങ്യാലോ'' കണ്ണന്‍ നായര്‍ക്ക് തല ചുറ്റുന്നതുപോലെ തോന്നി. അയാള്‍ കണ്ണടച്ചിരുന്നു.


No comments:

Post a Comment

അദ്ധ്യായം 111-120

 ഭാഗം : - 111. മുന്നറിയിപ്പ് നല്‍കാതെയാണ് കണ്ണന്‍ നായരും രാധയും മകന്‍റെ വീട്ടിലേക്ക് ചെന്നത്. ''പോണ വിവരം വിളിച്ച് പറയണ്ടേ''...