Saturday, 12 October 2024

അദ്ധ്യായം 51-60

 ഭാഗം : - 51.


അമ്പലത്തില്‍ വെച്ചാണ് അമ്മിണി രാധടീച്ചറെ കാണുന്നത്. പായസം ഏല്‍പ്പിച്ചത് വാങ്ങാന്‍ വന്നതായിരുന്നു അവള്‍. തൊഴുത് പ്രദക്ഷിണം വെക്കുമ്പോഴാണ് ടീച്ചറുടെ ''കുട്ടി'' എന്ന വിളി അവള്‍ കേള്‍ക്കുന്നത്. ടീച്ചര്‍ തന്നെ കുട്ടി എന്ന് അഭിസംബോധനചെയ്തത് അമ്മിണിക്ക് തീരെ പിടിച്ചില്ലെങ്കിലും അവളത് പുറത്ത് കാട്ടിയില്ല.


''എന്താ ഇന്ന് വിശേഷിച്ച്. രാവിലെത്തന്നെ അമ്പലത്തില്‍ കണ്ടതോണ്ട് ചോദിച്ചതാട്ടോ'' ടിച്ചര്‍ ചോദിച്ചു.


''ഇന്ന് അമ്മടെ പിറന്നാളാണ്. അച്ഛന്‍ മരിച്ച് ഇത്ര്യല്ലേ ആയിട്ടുള്ളു. സദ്യീം കോപ്പും ഒന്നൂല്യാ. അമ്പലത്തിലൊരു പായസം പറഞ്ഞിട്ടുണ്ട്.   അത് വാങ്ങാന്‍ വന്നതാ''.


''അത് ശരി. ഇന്നന്ന്യാണ് എന്‍റെ പിറന്നാളും. കറുത്ത പക്ഷത്തിലെ പൂരാടാണ്. അതാ ഞാന്‍  ഇങ്ങിനെ ഇരിക്കിണത്'' അവര്‍ ചിരിച്ചു. അമ്മിണിയൊന്നും പറഞ്ഞില്ല.


''പായസം ആവാന്‍ കുറച്ച് താമസൂണ്ട് ട്ടോ'' പൂജക്കാരന്‍ പറഞ്ഞു ''ഒരു ഗണപതിഹോമം ഉണ്ടായിരുന്നു. അതാ വൈക്യേത്''.


വീട്ടില്‍ പോയി വീണ്ടും വന്നാലോ എന്ന് അമ്മിണി ചിന്തിച്ചു. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കണ്ടേ. അധികം വൈകില്ലെങ്കില്‍  ഇവിടെ കാത്തുനില്‍ക്കുന്നതാണ് നല്ലത്.


''അര മണിക്കൂര്‍ കഴിയ്യോ പായസം കിട്ടാന്‍'' അവള്‍ പൂജക്കാരനോട് ചോദിച്ചു.


''അത്ര്യോന്നും ആവില്ല. ഒരു പത്ത് പതിനഞ്ച് മിനുട്ട്''.


''കുട്ടീ, നമുക്ക് വെളീലിറങ്ങി പുറത്ത് വലം വെക്കാം. നേരൂം പോവും. നമുക്കെന്തെങ്കിലും  പറയും ചെയ്യാം''. ടീച്ചറുടെ വാക്കുകേട്ട് അമ്മിണി അവരോടൊപ്പം ഇറങ്ങി. നാലുതവണ അവര്‍ പ്രദക്ഷിണം വെച്ചു.


''കുറച്ചുനേരം ഇരിക്ക്യാല്ലേ'' ടീച്ചര്‍ ചോദിച്ചു. കുളത്തിലേക്ക് പോവുന്ന വഴിയോരത്തെ കുട്ടിമതിലില്‍ അവര്‍ ഇരുന്നു


''കുറെ ആയി ഞാന്‍ ചോദിക്കണംന്ന് വിചാരിച്ച് ഇരിക്ക്യാണ്'' ടീച്ചര്‍ പറഞ്ഞു ''എന്താ കുട്ടി ലൈറ്റ് കളര്‍ ഡ്രസ്സിടണത്''.


''അതെന്താ ടീച്ചര്‍ അങ്ങിനെ ചോദിച്ചത്''.


''അമ്മിണി നല്ലോണം വെളുത്തിട്ടാണ്. കാണാനും നല്ല ഭംഗീണ്ട്. നല്ല ഡാര്‍ക്ക് കളര്‍ ഡ്രസ്സ് ഇട്ടാല്‍ എത്ര ഭംഗീണ്ടാവും''.


''ഈ വയസ്സാന്‍ കാലത്ത് ഇനി ഭംഗീണ്ടായിട്ട് എന്താ കാര്യം''.


''അതൊക്കെ വെറുതെ തോന്നുണതാ. എത്ര വയസ്സായാലും നന്നായിട്ട് നടന്നാല്‍ ആര് കണ്ടാലും ഒന്ന് നോക്കും. കുട്ടി എന്‍റെ കാര്യം നോക്കൂ. എന്ത് വേഷം കെട്ട്യാലും ഞാന്‍ ഇത്രേ നന്നാവൂന്നുണ്ട്''.


''അതൊന്ന്വോല്ല. ടീച്ചര്‍ക്കെന്താ കുഴപ്പം''.


''എന്താ കുഴപ്പംന്നോ. കാക്കടെ നിറോല്ലേ എനിക്ക്. ഒരാള് ദേഹത്തിന്‍റെ ഏത് ഭാഗാണ് അധികം കാണ്വാന്ന് അറിയ്യോ കുട്ടിയ്ക്ക്''.


''എനിക്കറിയില്ല''.


''എന്നാലേ കേട്ടോളൂ. അവനവന്‍റെ കയ്യാണ് ആരും അധികം കാണ്വാ. കുട്ടിക്കാലത്ത് കറുത്ത് മെലിഞ്ഞ എന്‍റെ കയ്യ് കാണുമ്പൊ എനിക്ക് സങ്കടം വരും. അതിലും കഷ്ടാണ് കാലിന്‍റെ കാര്യം. കാല്‍മുട്ടിന്ന് കീപ്പട്ട് കരിഞ്ഞ ഉണക്കക്കൊള്യേപോലായിരുന്നു. മീനിന്‍റെ ചെളുക്കപോലെ വിണ്ടുകീറ്യേ മട്ടിലുള്ള തൊലീം. അതാരും കാണാതിരിക്കാന്‍ വേണ്ടി അമ്മ എനിക്ക് ഫുള്‍ പാവാട തുന്നിച്ചുതരും. എന്നേക്കാള്‍ വല്യേ കുട്ട്യേള്  മുട്ടുവരെ എത്തുണ പാവാട ചുറ്റുമ്പൊ ഞാന്‍ അവരടെ എടേല് വല്യേ പാവാടീം ചുറ്റി നടക്കും''.


''ഇതൊക്കെ ഇത്ര കാര്യാക്കണോ. മനുഷ്യര് വെളുത്തിട്ടും കറുത്തിട്ടും അല്ലേ ഉള്ളത്''.


''എന്നൊക്കെ പറയാം. കാര്യത്തിന്‍റെ അടുത്തെത്തുമ്പൊ സംഗതി അങ്ങന്യോന്ന്വല്ല. കുട്ടീല് ക്ലാസ്സിലെ കുട്ട്യേള് കറുത്ത പൊട്ട് തൊട്ടിട്ട് വരുമ്പൊ എനിക്കും അങ്ങനത്തെ പൊട്ട് വേണംന്ന് തോന്നും. ഞാനത് ഒരിക്കല്‍ വീട്ടില്‍ പറഞ്ഞപ്പൊ എന്‍റെ അച്ഛന്‍ എന്താ പറഞ്ഞതേന്ന് കേള്‍ക്കണോ. കാക്കടെ മേത്ത് കരി തേച്ചാല്‍ അത് കാണാന്‍ പറ്റ്വോ, വേണച്ചാല്‍ നെറ്റീല് ചന്ദനോ ഭസ്മോ തൊട്ടോ. അതാവുമ്പൊ കുറി തൊട്ടത് അറിയുംന്ന്. വീട്ടില് വള വില്‍ക്കാന്‍ വരുണ ചെട്ട്യാരോട് പറഞ്ഞ് ഇളം പച്ചീം റോസ് നിറത്തിലും ഉള്ള കുങ്കുമം അമ്മ വാങ്ങി തരും. അത് തൊട്ടിട്ടാ ഞാന്‍ സ്കൂളിലിക്ക് പൊവ്വാ''.


''ടീച്ചര്‍ അത്ര കറുത്തിട്ടൊന്ന്വോല്ല''.


''അത് ഇപ്പഴല്ലേ. മുമ്പ് നല്ല കരിമ്യായിരുന്നു. കരിങ്കാളീന്നാ പിള്ളര് എന്നെ വിളിക്കാറ്. അത് കേട്ടാല്‍ ഞാന്‍ കരയും. ഗര്‍ഭൂണ്ടായപ്പൊ പെറ്റാല്‍ നിറം മാറും, വെളുക്കും എന്നൊക്കെ ചിലര് പറഞ്ഞു. എവിടെ. എനിക്ക് ഒരു മാറ്റൂണ്ടായില്ല. തീണ്ടാര്യൊക്കെ മാറി തടിച്ച് നന്നായപ്പഴാ ഞാന്‍ ഇങ്ങനേങ്കിലും ആയത്''.  


ടീച്ചര്‍ തനി പാവമാണെന്ന് അമ്മിണിക്ക് തോന്നി. വായില്‍ വന്നത്  വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ്. അതായിരിക്കും ഈ സ്ത്രീ വേലപ്പേട്ടനെക്കുറിച്ച് മനസ്സിലുള്ളത് പറഞ്ഞത്.


''ഏത് കോന്തനാ ഈ കരിമീനെ കെട്ടീട്ട് പോവ്വാന്ന് ബന്ധുക്കളൊക്കെ ചോദിച്ചിട്ടുണ്ട്. ഞാന്‍ എന്നും ദൈവത്തിന്‍റടുത്ത് പ്രാര്‍ത്ഥിക്കും. എന്‍റെ പ്രാര്‍ത്ഥന ദൈവംകേട്ടു. നല്ല സുന്ദരനായ ആളെത്തന്നെ എനിക്ക് കിട്ടി''.


''അതങ്ങനെത്തന്ന്യാന്യാണ്. മനുഷ്യന്‍ വിചാരിക്കിണ മാതിര്യല്ല ദൈവം വരുത്തുണ്''.


''എന്നിട്ടും അസൂയക്കാര് വിട്ടില്ല. നിങ്ങള് ടീച്ചറല്ലേ. അയാളാണച്ചാല്‍ പ്യൂണും. എങ്ങന്യാ അത് ശര്യാവ്വാ എന്ന് ചിലരെന്‍റെ മുഖത്ത് നോക്കി ചോദിച്ചു. ഞാന്‍ കോളേജിലൊന്ന്വോല്ല പഠിപ്പിക്കിണത്. നാലാം ക്ലാസ്സ് വരേള്ള സ്കൂളിലാണ് എന്ന് പറഞ്ഞുനോക്കി. എന്നാലും അത് അത്ര ഭംഗ്യാവില്ല എന്നായി ചില ദ്രോഹികള്. ഒടുക്കം എനിക്കിതാ ഇഷ്ടംന്ന് പറഞ്ഞ് ഞാന്‍ ആ കൂട്ടം നിര്‍ത്തി''.


''അതോണ്ട് തെറ്റൊന്നും വന്നില്ലല്ലോ''.


''ഒരു തെറ്റും ഉണ്ടായില്ല. നാല് മക്കളുണ്ടായി. അങ്കിട്ട് നില്‍ക്ക്, ഇങ്കിട്ട് നില്‍ക്ക് എന്ന് എന്നോട് ഇത്ര കാലത്തിന്‍റെ എടേല്‍ പറഞ്ഞിട്ടില്ല. ഞാന്‍ ഒരുനോട്ടം നോക്ക്യാല്‍ മൂപ്പര് ഉടുത്തതില്‍ മൂത്രോഴിക്കും''. അമ്മിണി അറിയാതെ ചിരിച്ചു.


''പായസം ആയീട്ടോ'' പൂജക്കാരന്‍ വിളിച്ചുപറഞ്ഞത് കേട്ടു. രണ്ടാളും ഇരുന്നദിക്കില്‍നിന്ന് എഴുന്നേറ്റു.


''ഇനി എന്നാ കുട്ടി അമ്പലത്തില് വര്വാ''.


''എപ്പഴാന്ന് പറയാന്‍ പറ്റില്ല. ഇന്ന് അമ്മടെ പിറന്നാളായതോണ്ട് വന്നു. വൈകുന്നേരം ഭഗവതിക്ക് കടുമധുരം പായസം ഏല്‍പ്പിച്ചിട്ടുണ്ട്. അത് വാങ്ങാന്‍ പോണം. എന്തെങ്കിലും കാര്യൂണ്ടെങ്കിലേ ഞാന്‍ വരാറുള്ളു''.


''അത് നന്നായി. ഞാനും വൈകുന്നേരം ഭഗവതിടെ കാവില് വരുണുണ്ട്. അപ്പൊ ബാക്കി കാര്യങ്ങള്‍ കുട്ടിടടുത്ത് പറയാം'' ടീച്ചറുടെ പുറകെ അമ്മിണി അകത്തേക്ക് നടന്നു.


ഭാഗം : - 52.


എന്താണിനി വൈകുന്നേരം ഇത്രയധികം സംസാരിക്കാനുള്ളത് എന്ന് ആലോചിച്ചുകൊണ്ടാണ് അമ്മിണി വീട്ടിലേക്ക് പോയത്. ഏതായാലും വൈകുന്നേരം അവള്‍ പായസത്തിനുള്ള പാത്രവുമായി നേരത്തെതന്നെ കാവിലേക്ക് നടന്നു. 


''അമ്മിണി, ഞാന്‍ തുണയ്ക്ക് വരണോ'' എന്ന് ഭര്‍ത്താവ് ചോദിച്ചതാണ്. ടീച്ചര്‍ അദ്ദേഹത്തെ കണ്ടാല്‍ സംഭാഷണം  വഴിതിരിഞ്ഞുപോവും. ഞാന്‍ വേഗം മടങ്ങിവന്നോളാമെന്നുപറഞ്ഞ് ഒഴിവാക്കി. ടീച്ചര്‍ നേരത്തെതന്നെ കാവില്‍ എത്തിയിട്ടുണ്ട്.


''കുട്ടിയെന്താ വൈകിയതേന്ന് ഞാന്‍ ആലോചിച്ചിരിക്ക്യായിരുന്നു''.


''നട തുറക്കുംമുമ്പ് വന്നിട്ടെന്താന്ന് കരുതി''.


''ഞാനെത്തുമ്പോള്‍ എമ്പ്രാന്തിരി വന്ന് വിളക്ക് വെച്ചിരിക്കുണൂ''.


''ഞാനൊന്ന് തൊഴുതിട്ട് വരട്ടെ'' അമ്മിണി ചെന്ന് തൊഴുതു.


''വരൂ കുട്ടീ. കാവിലിരുന്ന് വര്‍ത്തമാനം പറയണ്ട. നമുക്ക് ആലിന്‍റെ ചോട്ടില്‍ ചെന്ന് നില്‍ക്കാം'' ടീച്ചര്‍ അമ്മിണിയെക്കൂട്ടി നടന്നു.


''രാവിലെ ചോദിക്കാന്‍ വിട്ടകാര്യം ആദ്യം ചോദിക്കട്ടെ. അച്ഛന്‍ പോയ അവസ്ഥയ്ക്ക് അമ്മിണി ഇവിടെ താമസാക്ക്വോ''.


''അതില്ല. മൂപ്പരുക്ക് സ്വന്തം വീട് വിട്ടിട്ട് വരാന്‍ വയ്യ''.


''ഒരുകണക്കില്‍ നോക്ക്യാല്‍ അതന്ന്യാ ശരി. എന്‍റെ കാര്യം നോക്കൂ. എനിക്ക് എന്‍റെ വീട്ടില് സ്ഥലൂണ്ട്. പക്ഷെ കണ്ണേട്ടന് സ്വന്തം വീട് ഉപേക്ഷിക്കാന്‍ വയ്യ. ഞാനൊട്ട് എതിര് പറയുണൂല്യാ. അല്ലെങ്കിലും പെണ്ണുങ്ങള് സ്വന്തം വീട്ടില്‍ താമസിക്കിണതിനേക്കാള്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ കഴിയുണതന്ന്യാ അന്തസ്സ്''.

.

''ഞാനും അതാ കരുതുണ്''.


''സംഗതി ശരി. അപ്പൊ വയസ്സായ അമ്മേം ഏടത്തീം എന്താ ചെയ്യാ''.


''അവരെ ഞങ്ങടെകൂടെ കൊണ്ടുപോവും''.


''വീട്ടുകാരന് അത് ഇഷ്ടാവ്വോ''.


''മൂപ്പരാ അത് പറഞ്ഞത്''.


''അമ്മിണിടെ ഭര്‍ത്താവ് പരമയോഗ്യനാണ്. പക്ഷെ ഈ വീടും സ്ഥലൂം എന്താ ചെയ്യാ. അത് വില്‍ക്ക്വാണോ''.


''തല്‍ക്കാലം അത് വില്‍ക്കില്ല. ഓരോദിവസം ഞാനോ ഏടത്ത്യോ വന്ന് നോക്കീട്ട് പോവും''.


''അതാ നല്ലത്. എന്‍റെ വീട്ടില് സ്ഥലൂള്ള കാര്യം ഞാന്‍ പറഞ്ഞില്ലേ. നിന്‍റെ ഓഹരി വിറ്റ് ആ കാശ് കൊണ്ടുപൊയ്ക്കോന്ന് എന്‍റടുത്ത് പറയാറുണ്ട്. ഞാനത് ചെയ്യില്ല. ജനിച്ച് വളര്‍ന്ന മണ്ണല്ലേ. അതിനോട് എന്‍റെ ഉള്ളിലൊരു പാശൂണ്ട്. വിറ്റാല്‍ അത് പോയില്ലേ''.


''കൃഷിഭൂമ്യോ പറമ്പോ എന്താ ഉള്ളത്''.


''പതിനഞ്ച് പറയ്ക്ക് കൃഷീണ്ട്. അത് ഏട്ടന്‍ നോക്കി നടത്തും. ഒന്നും തര്വോന്നൂല്യാട്ടോ. നിനക്കെന്തെങ്കിലും കാശ് വേണോടീന്ന് ചോദിക്കും. വേണ്ടാന്ന് ഞാനും പറയും. പിന്നീള്ളത് രണ്ടുതുണ്ട് ഭൂമ്യാണ്. ഒന്ന് ഇരുപത്തഞ്ച് സെന്‍റും മറ്റേത് ഒന്നേകാല്‍ ഏക്കറും''.


''അത് വെറുതെ ഇട്ടിരിക്ക്യാണോ''.


''ഇരുപത്തഞ്ച് സെന്‍റ് സ്ഥലം വീട്ടിലെ തൊടീലുള്ള എന്‍റെ ഓഹര്യാണ്. ഒന്നേകാല്‍ ഏക്കര്‍  പറമ്പ് പുറംതൊട്യാണ്. അതില്‍  കൊറെ തേക്കുണ്ട്. ചിലതൊക്കെ അറുപത് എഴുപതിഞ്ച് വണ്ണൂണ്ട്. കൊടുത്താല്‍ നല്ല കാശ് കിട്ടും''.


''എന്നാ അതൊക്കെ കൊടുത്തിട്ട് പൈസ ആക്കിക്കൂടെ''.



''ഇപ്പൊ അത് ചെയ്യില്ല. എന്നെങ്കിലും ആവശ്യം വരുമ്പൊ കൊടുക്കാന്ന് കരുതി നിര്‍ത്തീരിക്ക്യാ. അപ്പഴയ്ക്ക് കുറച്ചുംകൂടി വലുതായിക്കോട്ടെ''.


''ശര്യാണ്. മക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കിവെക്കണോലോ''.


''ഫൂ'' ടീച്ചര്‍ നീട്ടിത്തുപ്പി ''നാലെണ്ണൂണ്ട്. ഒറ്റ എണ്ണത്തിന് മനസാക്ഷീല്യാ. എന്‍റെ മുതല് അവര് തിന്നണ്ട. വയ്യാത്ത കാലം വരുമ്പൊ ഞാനത് വിറ്റ് ഏതെങ്കിലും അനാഥാലയത്തിന്ന് കൊടുക്കും. അല്ലാണ്ടെ മക്കള്‍ക്ക് ഞാന്‍ കൊടുക്കില്ല''.


''അത് ശര്യാണോ. നമുക്ക് നമ്മടെ മക്കളെ വേണ്ടാന്ന് വെക്കാന്‍ പറ്റ്വോ''.


''എന്താ പറ്റാണ്ടെ. ഇങ്കിട്ട് ഉണ്ടങ്കിലല്ലേ കുട്ട്യേ അങ്കിട്ടും ഉണ്ടാവൂ. അമ്മീം വേണ്ടാ അച്ഛനും വേണ്ടാന്ന് വിചാരിക്കിണോരെ നമ്മളെന്തിനാ കുട്ട്യേ സ്നേഹിക്കിണത്''.


''ഞങ്ങടെ കാര്യം മറിച്ചാണ്. മക്കളെന്ന് വെച്ചാല്‍ ഞങ്ങള്‍ക്ക് ജീവനാണ്. രണ്ടാമത്തെ മകളുടെ കെട്ട്യോന്‍ ബൈക്കിന്ന് വീണ് കിടപ്പായിട്ട് കൊല്ലം  രണ്ട് കഴിഞ്ഞു. ആരൂല്യാ അവരെ സഹായിക്കാന്‍. ഈ വയസ്സാന്‍ കാലത്ത് വേലപ്പേട്ടന്‍ ലോറി ഓടിക്കാന്‍ പോയി സമ്പാദിച്ചിട്ടാണ് ആ  കുടുംബം പോറ്റുണത്''.


''എന്‍റെ വീട്ടിലും അതുപോലെത്തന്നെ. കണ്ണേട്ടന് മക്കളടെ കാര്യം പറഞ്ഞാല്‍ സങ്കടം വരും. അവറ്റേളെ പോവാന്‍ പറയിനേ എന്ന് ഞാന്‍ പറഞ്ഞുകൊടുക്കും''.


എവട്യാ ടീച്ചറടെ മക്കള്''.


''അത് കേള്‍ക്കണോ കുട്ടിക്ക്. കല്യാണം കഴിയുമ്പഴേ മൂത്ത മരുമകന് ഗള്‍ഫിലാണ് പണി. അവന്‍ മൂത്തമകനെ അങ്കിട്ട് വലിച്ചു. ശെടോ, അത് കഴിഞ്ഞതും അവന്‍റെ അനിയനീം കൊണ്ടുപോയി. പോണ്ടാ, പോണ്ടാന്ന് ഞാന്‍ നൂറുതവണ പറഞ്ഞു. കേട്ടില്ല. അതും കഴിഞ്ഞ് ചെറ്യേ മകളെ അവിടേന്നെ ജോലീള്ള ചെക്കനെക്കൊണ്ട് കെട്ടിച്ചു. ഇപ്പൊ നാലെണ്ണൂം അന്യനാട്ടിലാണ്''.


''ലീവില് വരുമ്പൊ അവരൊക്കെ വരില്ലേ''.


''അതിന് ഞങ്ങടടുത്ത് സ്നേഹം വേണ്ടേ. പെണ്‍കുട്ട്യേള് കെട്ട്യോന്മാരടെ വീട്ടില് വന്നുപോവും. ചെക്കമ്മാര് അവരടെ പെണ്ണുങ്ങളടെ വീട്ടിലും. ഇങ്കിട്ട് തിരിഞ്ഞു നോക്കില്ല''. 


''അതെന്താ അങ്ങനെ''


''അമ്മടെ വായ നന്നല്ല എന്നാ കുറ്റം പറയുണ്. എന്താ നന്നല്ലാത്തത്. കണ്ട കാര്യം ഞാന്‍ മുഖത്ത് നോക്കി പറയും. ഒളിച്ചും മൂടീം വെക്കിണ പണി എനിക്കില്ല. അപ്പൊ എന്നെ പിടിക്കില്ല. പിടിച്ചില്ലെങ്കില്‍ വേണ്ടാ. എന്നെ കാണാന്‍ ഒരാളും വരണ്ട''. 


''മക്കള് അച്ഛനായിട്ടെങ്ങനെ''.


''കണ്ണേട്ടന്‍ ഞാനറിയാതെ പോയി മക്കളെ കണ്ടിട്ട് വരും. അത് ചെയ്യാന്‍ പാട്വോ കുട്ടീ. ഭര്‍ത്താവ് എപ്പഴും ഭാര്യടെ ഒപ്പോല്ലേ നില്‍ക്കണ്ട്'',


''ഒരു കണക്കിന് നോക്ക്യാല്‍ അനാഥ ആയിട്ട് ജനിച്ച് അങ്ങനെത്തന്നെ ജീവിച്ച് അനാഥ ആയിട്ടന്നെ മരിക്ക്യാ. ആരേ ആലോചിച്ചും നമ്മള് സങ്കടപ്പെടണ്ടല്ലോ''. 


''അതന്ന്യാ എന്‍റീം ഉദ്ദേശം. മക്കളടെ കാല് പിടിക്കാന്‍ എന്നെ കിട്ടില്ല''.


''പൂജയ്ക്ക് നട അടക്ക്യായി. വന്നോളിന്‍'' ആരോ വിളിച്ച് പറഞ്ഞു. സംഭാഷണം നിര്‍ത്തി രണ്ടുപേരും തൊഴാന്‍ ചെന്നു


ഭാഗം : - 53.


''ഹര്യേട്ടന്‍ ഇല്ലാത്തത് ഒരു കുറവന്ന്യാണ്'' ബാലന്‍ മാഷ് പറഞ്ഞു ''കിറ്റ് കൊടുക്കാന്‍ പോയ ഓരോ വീട്ടുകാരും മൂപ്പരെ അന്വേഷിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം പണം പിരിച്ച് വാങ്ങിയ കിറ്റുകള്‍ ആളുകള്‍ക്ക് വിതരണം ചെയ്ത് വന്നതാണ് അയാള്‍. 


''എത്ര ആള്‍ക്കാരക്കാ കൊടുത്തത്''.


''ഇന്ന് പന്ത്രണ്ട് വീട്ടില് കൊടുത്തു. രണ്ടുമൂന്ന് വീട്ടില് കൊടുക്കണം''. 


''ഹര്യേട്ടന്‍റെ കാര്യം പറഞ്ഞത് ശര്യാണ്. ഉത്സവത്തിന്ന് പന്തലിടാന്‍ ഏല്‍പ്പിച്ചിട്ട് എന്തായി. പന്തല്‍ക്കാരാന്‍ വരാന്ന് പറഞ്ഞ ദിവസം കഴിഞ്ഞിട്ട് ഇന്നേയ്ക്ക് നാലായി. ഹര്യേട്ടന്‍ ഉണ്ടെങ്കില്‍ അവന്‍റെ പെരടിക്ക് പിടിച്ച് ഇവിടെ എത്തിച്ചിട്ടുണ്ടാവും'' കണ്ണന്‍ നായര്‍ അഭിപ്രായപ്പെട്ടു.


''കാണാതായപ്പൊ ഞാനവനെ വിളിച്ചു ''പത്മനാഭ മേനോന്‍ പറഞ്ഞു ''ഏതോ അമ്പലത്തിലിട്ട പന്തല് പൊളിച്ചിട്ടുവന്ന് ഇവടെ അത് ഇടാന്ന് കരുതീരിക്ക്യാണ് അവന്‍. നിങ്ങടെ ഉത്സവത്തിന് ഇനീം രണ്ടാഴ്ച ഉണ്ടല്ലോന്ന് ചോദിച്ചു''.


''അവനാണോ നമ്മടെ കാര്യം തീരുമാനിക്കാന്‍. ഒരുപണി ചെയ്യാന്ന് ഏറ്റാല്‍ ആ സമയത്തന്നെ ചെയ്യണം. അല്ലാണ്ടെ അവര്‍ക്ക് തൊന്നുണ സമയത്തല്ല'' കമ്പൌണ്ടര്‍ രാമന്‍ പറഞ്ഞു.


''നാള്യോ മറ്റന്നാളോ വന്നില്ലെങ്കില്‍ ഞാന്‍ വേറെ ആളെ ഏല്‍പ്പിക്കും എന്ന് പറഞ്ഞിട്ടുണ്ട്'' മേനോന്‍ പറഞ്ഞു.


''ഹര്യേട്ടന്‍റെ വല്ല വിവരൂണ്ടോ'' രാമന് അതറിയണം.


''ഞാന്‍ വിളിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ മകന്‍ ഡിസ്ചാര്‍ജ്ജ് ആവും എന്ന് പറഞ്ഞു'' ബാലന്‍ മാഷ് അറിയിച്ചു.


''വന്നിട്ട് വേണം ചെക്കന് അടുത്ത അടിപിടി ഉണ്ടാക്കാന്‍''.


''ഇന്നലെ രാത്രി ഞാന്‍ ഹരിയെ വിളിച്ച് സംസാരിച്ചു'' മേനോന്‍ പറഞ്ഞു ''ഡിസ്ചാര്‍ജ്ജ് ചെയ്താല്‍ പയ്യനെ അവന്‍റെ പെങ്ങളും അളിയനുംകൂടി ചെന്നെയിലേക്ക് കൊണ്ടുപോവും എന്നാണ് പറഞ്ഞത്''.


''നന്നായി. അവരടെ സമാധാനം ഇല്യാണ്ടാവാനുള്ള വഴ്യാണ് അത്''.


''ഇനി മേലാല്‍ മദ്യപിക്കുകയോ തല്ലുണ്ടാക്കുകയോ ഒന്നും ചെയ്യില്ല, നാട്ടില്‍ നിന്നാല്‍ പഴയ കൂട്ടുകെട്ട് ഉണ്ടാവും. അതുകൊണ്ട് കുറച്ചു കാലത്തേക്ക് നാട്ടില്‍നിന്ന് മാറി നില്‍ക്കണം എന്നൊക്കെ അവരോട് മകന്‍ തന്നെയാണ് പറഞ്ഞത് എന്ന് ഹരി പറഞ്ഞു''.


''അങ്ങിനെ നല്ലബുദ്ധി തോന്ന്യാല്‍ ഹര്യേട്ടന്‍ രക്ഷപ്പെട്ടു'' കണ്ണന്‍ നായര്‍ പറഞ്ഞു ''അല്ലെങ്കില്‍ അയാളുടെ അവസ്ഥ അധോഗത്യേന്നെ''.


''നോക്കൂ, മനുഷ്യന്‍ നന്നാവാനും കേടുവരാനും അധികനേരം വേണ്ടാ'' കുറുപ്പ് മാഷ് പറഞ്ഞു ''ചിലപ്പോള്‍ ഇതൊരു മാറ്റത്തിന്‍റെ സമയമാവും. അതാവും ദേഹോപദ്രവം ഏല്‍ക്കാനും അച്ഛനമ്മമാരോടൊപ്പം കുറച്ചു ദിവസം ഒതുങ്ങികഴിയാനും ഇടവന്നത്''.


''എന്നേക്കാ ഹര്യേട്ടന്‍ എത്ത്വാ. മൂപ്പര് വന്നാലേ ഒരു ഉഷാറ് വരൂ''.


''മകന്‍റെ ചികിത്സ കഴിഞ്ഞ അന്ന് ഹരി വരും. കൂടിയാല്‍ ഒന്നോ രണ്ടോ ദിവസം''.


''ഇനി നമ്മള് കാണാന്‍ പോണോ'' കണ്ണന്‍ നായര്‍ ചോദിച്ചു.


''അതുവേണോ. പയ്യന്‍റെ അവസ്ഥ ഭേദപ്പെട്ടു. ഇനി ബുദ്ധിമുട്ടി ചെന്ന് കാണേണ്ട കാര്യമില്ല'' മേനോന്‍ പറഞ്ഞു ''ഞാന്‍ പറഞ്ഞു എന്നുവെച്ച് വേണ്ടാ എന്ന് വെക്കണ്ട. പോവണമെങ്കില്‍ പോവാം''.


''അന്ന് വേലപ്പേട്ടനെ ഡ്രൈവറായി കിട്ട്യേതോണ്ട് സൌകര്യായി. മൂപ്പരെ എന്നും കിട്ടുംന്ന് കരുതാന്‍ പറ്റില്ല'' കണ്ണന്‍ നായര്‍ പറഞ്ഞു.


''വേലപ്പന്‍ ഇപ്പോള്‍ ഇവിടെയുണ്ടോ. അതോ അയാളുടെ നാട്ടിലേക്ക് പോയോ''.


''ഇന്നലെ എന്‍റെ ഭാര്യീം അയാളുടെ ഭാര്യീം അമ്പലത്തില്‍വെച്ച് കണ്ടിരുന്നു. അയാള് ഭാര്യടെ അമ്മേം ഏടത്തീം കൂട്ടീട്ട് പോവുംന്ന്  അയമ്മ അവളോട് പറഞ്ഞ്വോത്രേ''.


''അങ്ങിനെയാണ് അന്തസ്സുള്ള മനുഷ്യര്‍. ആരും ഇല്ലാത്ത അവരെ ഉപേക്ഷിച്ചില്ല. എന്നാലോ അവനവന്‍റെ വീടുവിട്ട് ഭാര്യയുടെ വീട്ടില്‍ താമസം ആക്കുന്നുമില്ല''.


''ചിലപ്പൊ നാളെ ഞാനും ഭാര്യീംകൂടി ആസ്പത്രീല്‍ചെന്ന് കാണുണുണ്ട്. ഹര്യേട്ടന്‍ ഞങ്ങടെ ബന്ധ്വോല്ലേ''.


''പോണുണ്ടെങ്കില്‍ നിങ്ങള് ഇവിടുത്തെ കാര്യങ്ങള്‍ പറയിന്‍. മൂപ്പരുക്ക് സമാധാനം ആയിക്കോട്ടെ'' കമ്പൌണ്ടര്‍ രാമന്‍ പറഞ്ഞു.


''അത് മാത്രോല്ല. ഹര്യേട്ടന്‍ വന്നിട്ടുവേണം നിങ്ങടെ കാര്യത്തില്‍ ഒരു തീരുമാനൂണ്ടാക്കാന്‍''.


''തുടങ്ങി. തെറ്റിത്തെറിച്ച് എന്‍റെ മേല് വന്നു വീഴാന്‍'' രാമന്‍ പരിഭവം പറഞ്ഞു ''ഞാന്‍ പോണൂ അമ്പലത്തിലിക്ക്''.


''നിങ്ങള് ദേഷ്യപ്പെട്ട് ഒറ്റയ്ക്ക് പോണ്ടാ. ഞങ്ങളൂണ്ട്'' മറ്റുള്ളവരും പുറപ്പെട്ടു.


ഭാഗം : - 54.


''അമ്മേ, ഞാനൊരു കാര്യം പറഞ്ഞോട്ടെ'' അമ്മിണി അമ്മയോട് ചോദിച്ചു. വൈകീട്ടത്തെ ചായകുടികഴിഞ്ഞ് അമ്മയും രണ്ട് പെണ്‍മക്കളും ഉമ്മറത്ത് കാറ്റുകൊണ്ടിരിക്കുമ്പോഴാണ് ആ സംഭാഷണം.


''അതിനെന്തിനാ എന്‍റെ സമ്മതം ചോദിക്കിണത്. എന്താച്ചാല്‍ പറഞ്ഞോ''.


''അല്ലാമ്മേ, എത്ര കാലം ഞങ്ങളിങ്ങിനെ കഴിയും. ഞങ്ങള്‍ക്ക് വീട്ടിലിക്ക് പോണ്ടേ''..


''എന്താ വേലപ്പന്‍ പോണംന്ന് പറഞ്ഞ്വോ''.


''മൂപ്പര് പറഞ്ഞിട്ടല്ല. എപ്പഴായാലും പോണ്ടേ. അതാ ചോദിച്ചത്''.


''പോണച്ചാല്‍ പൊയ്ക്കോ. എനിയ്ക്കൊരു വിരോധൂല്യാ''.


''അപ്പൊ നിങ്ങള് രണ്ടാളടെ കാര്യോ. ആരാ നിങ്ങളെ നോക്ക്വാ''.


''ഭഗവാന്‍ നോക്കും. ആരൂല്യാത്തോരക്ക് ദൈവം തുണാന്ന് കേട്ടിട്ടില്ലേ''.


''അങ്ങിനെ നിങ്ങളെ ഒറ്റയ്ക്കാക്കീട്ട് ഞങ്ങള്‍ക്ക് പോവാന്‍ പറ്റില്ല''.


''അല്ലാണ്ടെ എന്താ വഴി''.


''നിങ്ങള് രണ്ടാളേം ഞങ്ങള് കൂടെ കൊണ്ടുപോവും''.


''അപ്പൊ ഈ വീടോ''.


''ഞാനോ, ഏടത്ത്യോ ദിവസൂം ഇവിടെ വന്ന് അടിച്ച് തുടച്ച് പോരും''.


''ഇതൊക്കെ നടക്കുണ കാര്യാണോ''.


''എന്താ നടക്കാണ്ടെ. മനസ്സുവെച്ചാല്‍ എല്ലാം നടക്കും''.


''സംഗതി ശരി. വേലപ്പനത് സമ്മതാവ്വോ''.


''വേലപ്പേട്ടനാണ് ഈ കാര്യം പറഞ്ഞത്''.


''എന്തോ. എനിക്കറിയില്ല. ഇവളടെ മനസ്സിലിരുപ്പ് എന്താന്ന് അറിയണ്ടേ''.


''ഏടത്തിക്ക് വിരോധൂല്യാ''.


''അത് നീയാ പറയ്യാ. അവള് പറയട്ടെ''.


''നമ്മള് രണ്ട് പെണ്ണുങ്ങള് മാത്രായിട്ട് ഇവിടെ എന്താ ചെയ്യാ. അരടേങ്കിലും ഒരു തുണ വേണ്ടേ''.


''എനിക്ക് എങ്ങന്യായാലും വിരോധൂല്യാ. ഇനി ഇത്രകാലേ ഉള്ളൂന്ന് എനിക്കറിയാം. നാളെ മേലാല്‍ ജീവിക്കിണ്ടത് നീയാണ്''.


''അല്ലാണ്ടെ എന്താ വഴീന്ന് അമ്മേന്നെ പറയൂ. അമ്മടെ കാലം കഴിഞ്ഞാല്‍ എനിക്ക് ആരുണ്ട്''.


''യോഗൂല്യാ കുട്ട്യേ. വയറ്റില് മുള പൊട്ടാഞ്ഞിട്ടല്ലല്ലോ. നാല് പ്രാവശ്യം മുളപൊട്ടി. ഇല വിരിയും മുമ്പ് നാലും പോയി. പിന്നീള്ളത് കഴുത്തില്‍ താലി കെട്ട്യേ പുരുഷനാണ്. അതും നേരത്തെ പോയി''.


''ഇങ്ങിനെ വര്‍ത്തമാനം പറഞ്ഞതോണ്ട് ആയില്ലല്ലോ. അമ്മടെ തീരുമാനം പറയൂ''.


''ഈ എണ്‍പത്തെട്ടാമത്തെ വയസ്സില്‍ എനിക്കെന്ത് തീരുമാനം. മക്കള് എന്ത് വേണംന്ന് പറയുണോ അതന്ന്യാ എന്‍റെ തീരുമാനം''.


''എന്നാല്‍ വേലപ്പേട്ടന്‍ വണ്ടീന്ന് ഇറങ്ങി വന്നാല്‍ പിറ്റേദിവസം അങ്കിട്ട് പോവല്ലേ''.


''നീയെന്ത് കൂട്ടാണ് അമ്മിണ്യേ ഈ കൂടുണത്. കാവിലെ വേല  കൂറീട്ടാല്‍ പിന്നെ ദേശം വിട്ട് പോവാന്‍ പാട്വോ''.


''എന്നാല്‍ എപ്പഴാ വേണ്ടേന്ന് അമ്മേന്നെ പറഞ്ഞോളൂ''.


''വേലകഴിഞ്ഞ് ഏഴാംപക്കം നടതുറക്കും. പിന്നെ ആഴ്ച പാങ്ങം ഇല്ലാത്ത നല്ല നാള് നോക്കി പോവാം''.


''അങ്ങന്യാച്ചാല്‍ അങ്ങനെ. വേലപ്പേട്ടന്‍ വരട്ടെ. ഞാന്‍ പറഞ്ഞോളാം''.


''ഒരു കാര്യം ഞാന്‍ ആദ്യം തന്നെ പറയാം. ഞാനോ, നിന്‍റെ ഏടത്ത്യോ എന്നെങ്കിലും നിങ്ങക്ക് ഭാരമായീന്ന് തോന്നയാല്‍ അന്ന് പറയണം. ആ നിമിഷം ഞങ്ങള് ഇങ്കിട്ട് പോന്നോളാം''.


''എന്താ ഈ അമ്മയ്ക്ക്. ഞങ്ങള്‍ക്കങ്ങിനെ തോന്ന്വോ''.


''തോന്നീട്ടല്ല. മനുഷ്യാവസ്ഥ്യല്ലേ. അതാ പറഞ്ഞത്''.


''എന്നാലേ, എന്‍റെ ഏടത്ത്യേം അമ്മേം ഞാന്‍ പൊന്നുപോലെ നോക്കും'' അമ്മിണി ഉറപ്പ് കൊടുത്തു.


^^^^^^^^^^^^^^^^^^^^^^^^^^^^


ടി.വി. കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പത്മാവതിയമ്മയ്ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടത്. അവര്‍ കസേലയില്‍ നിന്നിറങ്ങി നിലത്ത് കിടന്നു. കുറുപ്പ് മാഷ് അമ്പലത്തിലേക്ക് പോയിരിക്കുകയാണ്.


''അമ്മമ്മേ. നോക്കൂ. ഇതാ വീണുകിടക്കുന്നു'' കയ്യിലൊരു പൂവുമായി പ്രതുഷ വന്നു. പത്മാവതിയമ്മ അനങ്ങിയില്ല. കുട്ടിയ്ക്ക് പേടിയായി. അവള്‍ തിരിച്ച് വീട്ടിലേക്കോടി.


''അമ്മേ, അമ്മമ്മ നിലത്ത് കിടക്കുന്നു'' അവള്‍ രജനിയോട് പറഞ്ഞു. 


''എന്താടീ നീ പറയുണ്. ഞാനിവിടെത്തന്നെ ഉണ്ടല്ലോ'' സരള അവളോട് പറഞ്ഞു.


''ഈ അമ്മമ്മ്യല്ല. ആ വീട്ടിലെ അമ്മമ്മ്യാണ് കിടക്കുണത്''. സംഗതി എന്തോ പന്തികേടാണ് എന്നവര്‍ക്ക് തോന്നി. സരളയും രജനിയും അങ്ങോട്ടോടി.


''എന്താമ്മേ പറ്റ്യേത്'' രജനി അവരെ കുലുക്കി വിളിച്ചു. 


''ഇത്തിരി വെള്ളോടെത്ത് മുഖത്ത് തളിക്ക്'' സരള പറഞ്ഞത് കേട്ട് രജനി വെള്ളം തളിച്ചു. പത്മാവതിയമ്മ കണ്ണുതുറന്നു.


''എന്താ പറ്റ്യേത്'' രജനി ചോദിച്ചു.


''ടി.വി. കാണുമ്പൊ തലചുറ്റുണപോലെ തോന്നി. വീണാലോന്ന് പേടിച്ച് താഴെ കിടന്നത്''.''എന്താ പറ്റ്യേത്'' രജനി ചോദിച്ചു.


''ഡോക്ടറെ കൂട്ടീട്ട് വരട്ടെ''


''വേണ്ടാ. മാഷ് കേട്ടാല്‍ എന്തോന്ന് പേടിക്കും. ബി.പി. കൂട്യേതാവും. ഒരു മാസായിട്ട് ബി.പി.ടെ ഗുളിക കഴിക്കിണില്യാ. നാളെ പോയി ഡോക്ടറെ കാണണം''.


''അതെന്താ മരുന്ന് നിര്‍ത്ത്യേത്''.


''എത്ര്യാന്ന് വെച്ചിട്ടാ മരുന്ന് കഴിക്ക്യാ. മടുത്തപ്പൊ നിര്‍ത്ത്യേതാണ്''.


''ഇനീപ്പൊ ഒന്നും ചെയ്യണ്ടാ. അടിച്ചുമാടി സന്ധ്യയ്ക്ക് വിളക്ക് വെക്കലും രാത്രീലിക്കുള്ളത് ഉണ്ടാക്കലും ഇവള് ചെയ്തോളും''.


''എന്തിനാ ആ കുട്ട്യേ ബുദ്ധിമുട്ടിക്കിണ്''.


''എനിക്കൊരു ബുദ്ധിമുട്ടൂല്യാ. എന്‍റെ അമ്മേപോല്യാ ഞാന്‍ കരുതുണ്''. ആ വാക്ക് പത്മാവതിയമ്മയുടെ മനം കുളിര്‍പ്പിച്ചു..


ഭാഗം : - 55.


അമ്മിണി അങ്ങാടിയില്‍ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് രാധ ടീച്ചര്‍ അവളെ വിളിക്കുന്നത്.


''കുട്ടീ, ഒന്ന് നില്‍ക്കൂ'' എന്നുകേട്ട് അമ്മിണി പാതയുടെ ഓരത്തേക്ക് നീങ്ങി നിന്നു. ടീച്ചര്‍ പലചരക്ക് പീടികയില്‍നിന്ന് ഇറങ്ങിവരികയാണ്.


''എവിടുന്നാ കുട്ടി ഈ നേരത്ത് '' ടീച്ചര്‍ ചോദിച്ചു.


''രാവിലെ വീട്ടിലിക്ക് പോയി. അടിച്ചുതുടച്ച് വൃത്ത്യാക്കി കുറച്ചുനേരം വിശ്രമിച്ച് മടങ്ങിപോന്നൂ. ടീച്ചറെന്താ ഈ നേരത്ത്''.


''വെറുതെ ഇരുന്നപ്പൊ അട തിന്നണംന്ന് തോന്നി. കാറ്റത്ത് നാക്കില്യോക്കെ കീറി നില്‍ക്കുണുണ്ട്. കുറച്ച് അരിയെടുത്ത് വെള്ളത്തിലിട്ട് അരച്ചുവെച്ചു. രണ്ട് നാളികേരൂം പൊതിച്ചു. എല്ലാം കഴിഞ്ഞ് നോക്കുമ്പഴ വെല്ലം ഇല്ലാന്ന് കണ്ടത്. അത് വാങ്ങട്ടേന്ന് പറഞ്ഞ് ഇറങ്ങ്യേതാ''.


''അതെന്താ, കണ്ണന്‍ നായര് വാങ്ങീട്ട് വരില്ലേ''.


''വരാഞ്ഞിട്ടല്ല. ഇപ്പൊ അമ്പലത്തിലെ താലപ്പൊലീന്ന് ഒരൊറ്റനിനവേ ഉള്ളൂ. അത് കഴിഞ്ഞാലേ ആളെ വീട്ടില് കാണൂ''.


''ആണുങ്ങള് അങ്ങന്യാണ്. വെളീല് എന്തെങ്കിലും ആവശ്യൂണ്ടങ്കില്‍ അത് കഴിഞ്ഞിട്ടെ വീട്ടിലെ കാര്യങ്ങള്‍ക്ക് കിട്ടൂ. എന്നാല്‍ വേലപ്പേട്ടന്‍ അങ്ങന്യല്ല. മൂപ്പരുക്ക് വീട്ടുകാര്യം മാത്രേ ഉള്ളൂ''.


''അമ്മിണി ഭാഗ്യവത്യാണ്. അതാ ഇത്ര നല്ല ആളെ ഭര്‍ത്താവായിട്ട് കിട്ട്യേത്''.


''എല്ലാം ഭഗവാന്‍റെ അനുഗ്രഹം. അല്ലാണ്ടെന്താ''.


''അമ്മേം ഏടത്തീം വീട്ടിലിക്ക് കൊണ്ടുപോണൂന്ന് പറഞ്ഞിട്ട്. അതെന്താ വേണ്ടാന്ന് വെച്ച്വോ''.


''വേണ്ടാന്ന് വെച്ചിട്ടല്ല. കാവിലെ ഉത്സവം കഴിഞ്ഞിട്ട് പോയാ മതീന്ന് അമ്മ പറഞ്ഞു''.


''അതും ശര്യാണ്. വേറൊരു കാര്യം കേട്ടൂ. സംഗതി ശര്യാണോ''.


''ആരടെ കാര്യാ ടീച്ചറെ''.


''അമ്മിണിടെ ഏടത്തിടെ കാര്യം തന്നെ. ചിലതൊക്കെ ഞാന്‍ കേട്ടു. അത് ശര്യാണോന്ന് അറിയാന്‍ ചോദിച്ചതാ''.


''എന്‍റെ ഏടത്തിടെ കാര്യോ. എന്ത് കാര്യം''.


''കല്യാണത്തിന്‍റെ കാര്യം തന്നെ. അത് എന്തായി''.


''ടീച്ചറെന്താ പറയുണത്. അങ്ങന്യൊരുകാര്യം ഞങ്ങള് ആലോചിച്ചിട്ടും കൂടീല്ല''.


''എന്നാല്‍ അങ്ങന്യൊരു കൂട്ടം പൊന്തീട്ടുണ്ട്''.


''എവിടുന്നാണ്, ആരാ ആള്, ടീച്ചറെങ്ങന്യാ അറിഞ്ഞത്'' അമ്മിണി ഒരുപാട് ചോദ്യങ്ങള്‍ ഒന്നിച്ച് ചോദിച്ചു.

 

''ഒക്കെക്കൂടി ഒന്നിച്ച് ചോദിച്ചാലോ. ഞാന്‍ കേട്ടത് പറയാട്ടോ. ആള്  ഈ നാട്ടുകാരന്‍ തന്നെ, അമ്പലക്കമ്മിറ്റീലുള്ള ആളാണ്. അച്ഛനെ കാണാന്‍ ആ മൂപ്പര് നിങ്ങടെ വീട്ടില്‍ വന്നിട്ടൂണ്ട്. ഞാനറിഞ്ഞത് എന്‍റെ ഭര്‍ത്താവ് ഈ കാര്യം രണ്ടുദിവസംമുമ്പ് വീട്ടില്‍ പറഞ്ഞപ്പഴാ''.


''എന്നാ ഞങ്ങളാരും ഇങ്ങന്യൊരു കാര്യം കേട്ടിട്ടില്ല. ആരാ ഈ ആളേന്ന് ടീച്ചര്‍ക്കറിയ്യോ. എന്താ അയാളടെ അവസ്ഥ''.


''രാമന്‍ എന്നാ അയാളടെ പേര്. മുമ്പ് ഇവിടുത്തെ ആസ്പത്രീല്‍ അയാള് കമ്പൌണ്ടരായിരുന്നു''.


''എന്‍റെ ഏടത്തിക്കിപ്പൊ വയസ്സ് അറുപതാവുണൂ. അപ്പൊ അയാള്‍ക്ക് അതിലുംകൂടുതല്‍ കാണില്ലേ. എന്നിട്ടെന്താ ഇത്രകാലം അയാള് കല്യാണം കഴിക്കാഞ്ഞ്''.


''കല്യാണം കഴിക്കാഞ്ഞിട്ടല്ല. അയാളടെ ഭാര്യ മരിച്ചു''.


''അത് ശരി. അയാളടെ കുട്ട്യേളെനോക്കാന്‍ പറ്റ്യേ ഒരാള് വേണം. അതിനുള്ള കല്യാണാണല്ലേ''.


''അതല്ല. അയാള്‍ക്ക് മക്കളും കുട്ട്യേളും ഒന്നൂല്യാ. വയസ്സുകാലത്ത് ആളക്ക് ഒറ്റയ്ക്ക് കഴിയാന്‍ വയ്യാഞ്ഞിട്ടാ''.


''എന്തൊക്ക്യായാലും ഇങ്ങന്യൊരു മോഹം അയാള്  നാലാള് കേള്‍ക്കച്ചലെ പറയാതെ നേരിട്ട് വന്ന് ചോദിക്ക്യല്ലേ വേണ്ടത്''.


''ഇപ്പഴും അയാള് പറഞ്ഞിട്ടില്ല. കൂടേള്ള കൂട്ടുകാര് ആലോചിച്ചതാ''.


''ചെറുപ്പക്കാര് പിള്ളര് വഴീല്‍ക്കൂടി ഒരു പെണ്‍കുട്ടി പോണത് കണ്ടാല്‍ എന്തെങ്കിലും പറഞ്ഞ് ചിരിക്കും. തല നരച്ച കിഴവന്മാരും അങ്ങന്യാണ് എന്നിപ്പഴാ എനിക്ക് മനസ്സിലാവുണ്''.


''അയ്യോ. ഇതതല്ല. ഒറ്റയ്ക്കുള്ള കൂട്ടുകാരന് ഒരുകുടുംബായി കാണണംന്ന് മോഹൂള്ളതോണ്ട് അവര് പറഞ്ഞതാ''.


''ഒരു കാര്യം ഞാന്‍ പറയാം. ഭര്‍ത്താവ് മരിച്ചിട്ട് കൊല്ലം പത്ത് പതിനഞ്ച് കഴിഞ്ഞു. ഇന്നേവരെ എന്‍റെ ഏടത്തി ഒരു ചീത്തപ്പേര് ഉണ്ടാക്കീട്ടില്ല. ഇവര് അത് ഉണ്ടാക്കിത്തരാഞ്ഞാല്‍ മതി''.


''കുട്ടി തെറ്റിദ്ധരിക്കണ്ട. കേട്ടത് മനസ്സില്‍ കിടക്കാണ്ടെ കുട്ടിടടുത്ത് ഞാന്‍ പറഞ്ഞൂന്ന് മാത്രം. ഒരുകാര്യം പറയാം. അവരൊക്കെ നല്ല അന്തസ്സുള്ള ആള്‍ക്കാരാണ്. അവരായിട്ട് കുട്ടിടെ ഏടത്തിക്ക് ചീത്തപ്പേര് വരില്ല. പിന്നെ സമയാവുമ്പൊ അവര് നേരിട്ടുവന്ന് ചോദിക്കും. അതുവരെ ഈ കാര്യം കുട്ടി ആരോടും  പറയണ്ട''.


''ശരി. ഞാന്‍ ആലോചിക്കട്ടെ''.


''ആലോചിച്ചാല്‍ പോരാ. കുട്ടി എനിക്ക് വാക്കുതരണം'' അമ്മിണിയുടെ കയ്യില്‍ ടീച്ചര്‍ കയറിപിടിച്ചു. 


''തല്‍ക്കാലം ഞാന്‍ ആരടടുത്തും പറയില്ല'' അമ്മിണി വാക്കു കൊടുത്തു.


''കുട്ടിക്ക് അട വേണോ. വേണച്ചാല്‍ എന്‍റെകൂടെ വരൂ. ഉണ്ടാക്കി തിന്നിട്ട് പോവാം ‌'' അമ്മിണിക്ക് ചിരി വന്നു. ഇതെന്ത് ടീച്ചറാണ്. തനി പൊട്ട്യാണ് ഇവര്.


''ഒരുദിവസം ഞാന്‍ വരാം അട തിന്നാന്‍'' അമ്മിണി വീട്ടിലേക്ക് നടന്നു.


ഭാഗം : - 56.


അമ്പലത്തില്‍നിന്ന് കണ്ണന്‍ നായരെത്തിയതും രാധ ടീച്ചര്‍ അയാളെ സമീപിച്ചു.


''ഇന്നൊരു അബദ്ധം പറ്റീട്ടോ'' അവര്‍ പറഞ്ഞു. എന്തെങ്കിലും സാധനം കേടുവരുത്തുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിധത്തിലുള്ള നഷ്ടം വരുത്തിവെക്കുകയോ ചെയ്തിരിക്കുമെന്ന് അയാള്‍ ഉറപ്പിച്ചു.


''എന്താ പറ്റ്യേത്'' അയാള്‍ ചോദിച്ചു.


''ഞാനിന്ന് അമ്മിണ്യേ കണ്ടു'' ഇതാണോ അബദ്ധം. അയാള്‍ക്ക് ചിരി വന്നു.


''അതിലെന്താ ഇത്ര അബദ്ധം''.


''അതിലല്ല. അബദ്ധം. ഞങ്ങള്‍ കൂട്ടംകൂട്യേതാ അബദ്ധായത്''.


''എന്താ, വല്ലതും വര്‍ത്തമാനം പറഞ്ഞ് തമ്മില്‍ തെറ്റ്യോ''.


''തെറ്റ്യേതൊന്നൂല്യാ. പക്ഷെ ആ കുട്ടിക്ക് എന്തോ ഇഷ്ടക്കേട് ഉണ്ടായീന്ന് തോന്നുണു''.


''എന്തിനാ ഇഷ്ടക്കേടുണ്ടാവുണ്. എന്തെങ്കിലും പറഞ്ഞ് തെറ്റ്യോ''.


''അതൊന്നൂല്യാ. ഞാന്‍ വെല്ലംവാങ്ങാന്‍ കടേലിക്ക് പോയപ്പഴാ ആ കുട്ട്യേ കണ്ടത്. വര്‍ത്തമാനം പറഞ്ഞ കൂട്ടത്തില്‍ നിങ്ങള്‍ പറഞ്ഞ കാര്യം ഞാന്‍ ആ കുട്ട്യോട് ചോദിച്ചു''.


''ഞാന്‍ പറഞ്ഞ കാര്യോ. ഞാനെന്താ പറഞ്ഞത്''.


''ആ കുട്ടിടെ ഏടത്ത്യേ കമ്പൌണ്ടര്‍ രാമനെക്കൊണ്ട് കെട്ടിക്കാന്‍ നിങ്ങളൊക്കെ ആലോചിച്ചില്ലേ. അത് ഞാന്‍ പറഞ്ഞു'' കണ്ണന്‍ നായര്‍ തലയില്‍ കൈവെച്ചു


''എന്നിട്ട് അയമ്മ എന്തുപറഞ്ഞു''.


''എന്‍റെ ഏടത്തിടെ ഭര്‍ത്താവ് മരിച്ചിട്ട് കാലം കൊറ്യായി. ഇന്നേവരെ ഏടത്തി ഒരു ചീത്തപ്പേരും ഉണ്ടാക്കീട്ടില്ല. നിങ്ങളൊക്കെക്കൂടി അത് ഉണ്ടാക്കി തരരുത് എന്ന് പറഞ്ഞു. മാത്രോല്ല, ചെറുപ്പക്കാര് പിള്ളര് വഴീല്‍ക്കൂടി പോണ പെണ്‍കുട്ട്യേളെ കണ്ടാല്‍ എന്തെങ്കില്വോക്കെ പറയും. മൂത്ത് നരച്ചിട്ടുള്ള ആള്‍ക്കാര് ഇമ്മാതിരി പറയുണത് വല്യേ കഷ്ടാണ് എന്നുംകൂടി പറഞ്ഞു''.


''നിങ്ങള്‍ക്കിത് അവരോട് പറയണ്ട വല്ല കാര്യൂണ്ടോ. വായിലെ നാവ് മിണ്ടാതെ കിടക്കില്ല അതന്നെ''.


''എന്നെ കുറ്റം പറയണ്ട. പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തിനാ വീട്ടില്‍ വന്ന് പറഞ്ഞത്. അതോണ്ടല്ലേ ഞാന്‍ ആ കുട്ട്യോട് ചോദിച്ചത്''.


''എങ്ങിനെ വന്നാലും കുറ്റം ആരടേങ്കിലും തോളില്‍ കേറ്റിവെച്ചിട്ട് രക്ഷപ്പെടാന്‍ നിങ്ങള് മിടുക്ക്യാണ്. കൂട്ടുകാര് ഇതറിഞ്ഞാല്‍ എന്നെ    എന്താ പറയ്യാ''.


''നിങ്ങള് അവറ്റേളെ കടന്ന് പോവാന്‍ പറയിന്‍'' ടീച്ചര്‍ എഴുന്നേറ്റുചെന്ന് ടി.വി ഓണ്‍ ചെയ്തു.


^^^^^^^^^^^^^^^^^^^^^^^^^^


''ഇന്നൊരു സംഭവൂണ്ടായീട്ടോ'' രാത്രി കിടക്കുമ്പോള്‍ അമ്മിണി വേലപ്പനോട് പറഞ്ഞു ''ഞാനീ കാര്യം ആരോടും പറഞ്ഞിട്ടില്ല''.


''എന്താ സംഭവംന്ന് പറയൂ''. വീട്ടില്‍നിന്ന് വരുന്നവഴി രാധ ടീച്ചറെ കണ്ടതും അവരുമായി സംസാരിച്ചതും അമ്മിണി വിവരിച്ചു.


''അമ്മിണി കരുതുണമാതിരി അവര് തനി തല്ലിപ്പൊള്യേളല്ല. ചിലപ്പൊ കാര്യായിട്ട് ആലോചിച്ചതാവും''.


''ഇതാണോ ആലോചിക്ക്യാ. ഭര്‍ത്താവ് മരിച്ച പേറും തീണ്ടാരീം നിന്ന പെണ്ണിനെ പറ്റീട്ടാ തോന്ന്യാസം പറയ്യാ''.


''ഇന്നത്തെ കാലത്ത് ഇതൊക്കെ പതിവാണ്. വയസ്സാന്‍ കാലത്ത് ആണിനും പെണ്ണിനും തുണ വേണം. ചില മക്കളാണ് അച്ഛനോ അമ്മയ്ക്കോ പറ്റ്യേ ആളെ കണ്ടെത്തി കല്യാണം കഴിപ്പിക്കിണത്''.


''ഏടത്തീം അമ്മീം ഇതറിഞ്ഞാല്‍ എന്താ തോന്ന്വാ''.


''അവര്‍ക്ക് ഇഷ്ടാണച്ചാല്‍ നടത്ത്യാലെന്താ. നമ്മളവരെ നോക്കാഞ്ഞിട്ടല്ല. സ്വന്തം ഇഷ്ടത്തിന് എന്തെങ്കിലും ചെയ്യണംന്ന് വെച്ചോ. അത് പറയാണ്ടെ മനസ്സില്‍ വെച്ചോണ്ട് നടക്കും. ഭര്‍ത്താവുണ്ടെങ്കില്‍ ഏടത്തിക്കത് തുറന്നു പറയാം. അങ്ങിനെ ചില സൌകര്യൂണ്ട്''.


''എന്തോ. എനിക്കൊന്നും അറിയില്ല''.


''ഇതൊക്കെ ആലോചിക്കിണതിന്ന് മുമ്പ് അവര് കല്യാണക്കാര്യം വെറുതെ പറഞ്ഞതണോ, കാര്യായിട്ട് ആലോചിച്ചതാണോന്ന് അറിയണം. വെറുതെ പറഞ്ഞതാണെങ്കില് മേലാല്‍ ഈ ജാതി വര്‍ത്തമാനം പറയാന്‍ തോന്നാത്ത വിധത്തിലാക്കണം''.


''എന്ത് വേണച്ചാലും ചെയ്തോളൂ. ഞങ്ങള്‍ മൂന്ന് പെണ്ണുങ്ങള്‍ കൂട്ട്യാല്‍ എന്താ കൂട്വാ''.


''തല്‍ക്കാലം അമ്മിണി ഇതൊന്നും ആരോടും പറയണ്ട. ഞാന്‍ വേണ്ടത് ചെയ്തോളാം''. ആ വിശ്വാസത്തില്‍ അമ്മിണി സമാധാനമായി കിടന്നു.


ഭാഗം : - 57.


ഹരിദാസന്‍ സ്കൂട്ടര്‍ നിര്‍ത്തി വരുന്നതും നോക്കി വേലപ്പനിരുന്നു. തലേന്ന് അമ്മിണി പറഞ്ഞത് അയാളുടെ മനസ്സിലുണ്ട്. എങ്ങിനെ തുടങ്ങണം എന്നു വിചാരിച്ച് ഇരിക്കുമ്പോഴാണ് ഇയാളുടെ വരവ്. അത് നന്നായി. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി ചോദിച്ചറിയാമെന്ന് അയാള്‍ മനസ്സില്‍ കണക്കുകൂട്ടി.


''എന്താ ആലോചിച്ചോണ്ടിരിക്കിണ്'' ഹരിദാസന്‍ ചിരിച്ചുകൊണ്ട് കയറി വന്നു.


''എന്ത് ആലോചിക്കാന്‍. വെറുതെ ദൂരേക്ക് നോക്കിക്കൊണ്ടിരിക്കിണൂ''.


''ഇന്നലെ രാത്ര്യായി എത്ത്യേപ്പൊ. അല്ലെങ്കില്‍ ഇന്നലെത്തന്നെ വല്യേമ്മെ വന്ന് കണ്ടിട്ടുണ്ടാവും''.


''എന്താ വിശേഷിച്ച്''.


''കത്തിരീം പച്ചിലീംന്ന് കേട്ടിട്ടില്ലേ. അതുപോല്യാ വല്യേമ്മടെ വാക്ക്. ആ സന്തോഷം പറയാന്‍വേണ്ടി വന്നതാ''.


''അമ്മ പറഞ്ഞ എന്തെങ്കിലും നടന്ന്വോ''.


''നടന്ന്വോന്നോ. അതേപടി നടന്നു'' കഴിഞ്ഞ തവണ കാണാന്‍ വന്നപ്പോള്‍ വല്യേമ്മ മകനെക്കുറിച്ച് അന്വേഷിച്ചതും മനപ്രയാസംകൊണ്ട് അവനെ ആരെങ്കിലും കൊല്ലുമെന്ന് പറഞ്ഞതും അങ്ങിനെയൊന്നും സംഭവിക്കില്ല അവന്‍ നന്നാവു എന്ന് വല്യേമ്മ പറഞ്ഞതും ഇപ്പോഴവന്‍റെ മനസ്സ് മാറി നന്നാവാന്‍ തീരുമാനിച്ചതും അയാള്‍ വര്‍ണ്ണിച്ചു.


''എന്നാല്‍ അമ്മേകണ്ട് സന്തോഷം അറിയിച്ചോളൂ. അത് കഴിഞ്ഞശേഷം എനിക്ക് ചിലത് ചോദിച്ചറിയാനുണ്ട്''.


''അതിനെന്താ, ഇപ്പൊത്തന്നെ ചോദിച്ചോളൂ''.


''ധൃതീല്യാ. ആദ്യം അമ്മേനെ കണ്ടോളൂ'' വേലപ്പന്‍ അയാളെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി.


''എന്താ ഇന്നിത്ര നേര്‍ത്തെ'' അമ്മിണിയുടെ അമ്മ ഹരിദാസനെ കണ്ടതും ചോദിച്ചു.


''വീട്ടില്‍ ആരൂല്യാ. കുളി കഴിഞ്ഞപ്പഴയ്ക്കും നല്ലോണം വിശന്നു. ഒന്നും നോക്കീലാ. നേരെ ഹോട്ടലിലിക്ക് വിട്ടു. ഒരു കുറ്റി പുട്ട്, ഭൂരിമസാല, രണ്ട് ഉഴുന്നുവട, പേരിനൊരു റോസ്റ്റ്. അതിന് സാമ്പാറ്, ചട്ടിണി, മുളക്. ഇതൊക്കെ അടിച്ചുകേറ്റി. അതിനുമീതെ രണ്ട് ഗ്ലാസ്സ് വെള്ളൂം ഒരു കാപ്പീം. എല്ലാം കഴിഞ്ഞ് ഒരു ഏമ്പക്കൂംവിട്ട് വണ്ടില്‍ കേറി. അത് ഈ വീടിന്‍റെ മുറ്റത്താ നിന്നത്''.


''അപ്പൊ വീട്ടില് ഭാര്യീല്ലേ. ആരൂല്യാന്ന് പറഞ്ഞപ്പഴും ഭാര്യീണ്ടാവുംന്നാ ഞാന്‍ കരുത്യേത്''.


''അത് പറയാനാ വന്നത്. ഇന്നലെ മകനെ ഡിസ്ചാര്‍ജ്ജ് ചെയ്തു. നാട്ടില് നിന്നാല്‍ ഞാന്‍ ഇനീം കേടുവരും, അളിയന്‍റീം പെങ്ങളടേംകൂടെ ഞാന്‍ ചെന്നെക്ക് പോവ്വാണ്  എന്ന് മകന്‍ പറഞ്ഞു. അവരടൊപ്പം അവനെ കൊണ്ടുപോയി. എന്തെങ്കിലും സഹായത്തിന്ന് ആള് വേണ്ടേ. അതിനാ എന്‍റെ ഭാര്യ കൂടെ പോയത്''.


''അവനവിടെ എന്ത് ചെയ്യാനാ ഉദ്ദേശം''.


''എന്തെങ്കിലും ജോലി നോക്കണംന്ന് പറഞ്ഞു''.


''ഞാനന്നേ പറഞ്ഞില്ലേ ഹരിദാസാ, നിന്‍റെ മകന്‍ നന്നാവുംന്ന്. ഇപ്പൊ എങ്ങനീണ്ട്''.


''പറഞ്ഞത് അതേപടി നടന്നു. സത്യം പറഞ്ഞാല്‍ വല്യേമ്മടെ നാവിന്‍റെ അളവെടുത്ത് അതിന് പാകത്തില്‍ സ്വര്‍ണ്ണംകൊണ്ട് ഒരു ഉറ ഉണ്ടാക്കി നാവിനെ അതിന്‍റെ ഉള്ളിലിടണം. അതിന് കേട് തട്ടാന്‍ പാടില്ല''.


''നിന്‍റെ ഒരോ വര്‍ത്തമാനം പറച്ചില്. ഹോട്ടലിന്ന് തിന്നതിന്‍റെ വിശേഷം കേട്ട് എനിക്ക് തലചുറ്റി''..


''വീട്ടിലെ ഭക്ഷണൂം കന്നിന്‍റെ തീറ്റീം ഒരേപോല്യാണ്. ഇടയ്ക്കൊരു മാറ്റോക്കെ വേണ്ടേ വല്യേമ്മേ''.


''അതെങ്ങന്യാ കന്നിന്‍റീം മനുഷ്യന്‍റീം ഭക്ഷണം ഒരുപോല്യാവ്വാ''.


''നോക്കിന്‍. കന്നിന് എന്താ കൊടുക്ക്വാ. ഒന്നുകില്‍ പുല്ല്, അല്ലെങ്കില്‍ വൈക്കോല്. തിരിച്ചുംമറിച്ചും അതന്ന്യാവും. ഇനി വീട്ടിലെ ഭക്ഷണം നോക്കിന്‍. ഒന്നുകില്‍ ഇഡ്ഡലി അല്ലെങ്കില്‍ ദോശ. എന്നും അതന്നെ''. 


''വീട്ടിലെ പെണ്ണുങ്ങളടെ ബുദ്ധിമുട്ട് അറിയാത്തതോണ്ട് നിനക്കങ്ങിനെ തോന്ന്വാണ്''.


''എന്ത് ബുദ്ധിമുട്ട്. ഒരു ബുദ്ധിമുട്ടൂല്യാ. മല മറിക്കിണ പണ്യാണോ ഇതൊക്കെ. ഒരു കയ്യില് മാവെടുക്കുണൂ, കല്ലിലൊഴിച്ച് ശീ, ശീന്ന് തേക്കുണൂ. ഒന്ന് ചൂടായാല്‍ മറിച്ചിടുണൂ. ദോശ റെഡി. ഇഡ്ഡലിക്ക് ഇത്രീംകൂടി പണീല്യാ''. അമ്മിണി ചായയുമായി വന്നു.


''ഇന്നെവട്യാ ഏടത്തി''.


''അടുക്കളേല് ചോറുവെക്കിണൂ''.


''അവരുണ്ടാക്ക്യേ ചായടെ സ്വാദ് മറന്നിട്ടില്ല. അതാ ചോദിച്ചത്''.


''ഇത് ഏടത്തി ഉണ്ടാക്ക്യേതന്നെ''.


''എന്നാ തരിന്‍'' ഹരിദാസന്‍ ചായ വാങ്ങി രുചിച്ചുനോക്കി.


''ഇങ്ങനെ രുചീള്ള ചായ ഉണ്ടാക്കിണതിന് അവര്‍ക്കൊരു മെഡല് കൊടുക്കണംന്ന് ഞാന്‍ പ്രധാനമന്ത്ര്യേവിളിച്ച് പറയാന്‍ പോവ്വാണ്''. പുറത്തേക്ക് ചാടാനൊരുങ്ങിയ ചിരി കടിച്ചമര്‍ത്തി അമ്മിണി അടുക്കളയിലേക്ക് നടന്നു.


ഭാഗം : - 58.


''എന്തോ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞല്ലോ. എന്താ സംഗതി'' അമ്മയുടെ റൂമില്‍നിന്ന് പുറത്തുവന്നതും ഹരിദാസന്‍ ചോദിച്ചു.


''ഉണ്ട്. വിസ്തരിച്ച് പറയാനുണ്ട്''.


''എന്നാല്‍ ഇരിക്കാം. എന്നിട്ടായിക്കോട്ടെ വര്‍ത്തമാനം''.


''ഒരുകാര്യം ചെയ്യാം. നമുക്ക് മുറ്റത്തെ മരച്ചോട്ടില്‍ നില്‍ക്കാം. അവിടെ ആവുമ്പൊ നമ്മള്‍ പറയുണ കാര്യം മറ്റാരും കേള്‍ക്കില്ല''.


''എന്താ സംഗതി സീക്രട്ടാണോ''.


''ഏകദേശം അങ്ങിനെത്തന്നെ'' ഇരുവരും മരച്ചുവട്ടില്‍ ചെന്ന് നിന്നു.


''ഇനി പറയൂ. എന്താ സംഗതി''


''എന്‍റെ ഭാര്യടെ ഏടത്തിക്ക് അറുപത് വയസ്സ് ആവുണൂ. അവരുടെ ഭര്‍ത്താവ് മരിച്ചിട്ട് കൊല്ലംകുറെയായി. ഇന്നേവരെ ഒരുപേരുദൂഷ്യൂം അവര് ഉണ്ടാക്കീട്ടില്ല. ഇനീം അങ്ങനെത്തന്നെ ആവണംന്ന് ഞങ്ങള്‍ക്ക് നിര്‍ബ്ബന്ധൂണ്ട്''.


''എന്താ ഇങ്ങിനെ പറയുണ്. എന്തെങ്കിലും പ്രശ്നൂണ്ടായോ''.


''ഉണ്ടായിട്ടില്ല. ഉണ്ടാവാതിരിക്കാനാ ഈ പറയുണ്''..


''ഇങ്ങിനെ പറഞ്ഞാല്‍ എനിക്ക് പിടികിട്ടില്ല. എന്താ സംഭവംന്ന് പറയൂ''.


''ഈയിടെ നിങ്ങള്‍ അമ്പലക്കമ്മിറ്റിക്കാരടെ എടേല് ഒരു കൂട്ടൂണ്ടായീന്ന് കേട്ടു. അതാ പറയാന്‍ കാരണം''.


''എന്ത് കൂട്ടം. എവിടുന്നാ അത് അറിഞ്ഞത്''.


''എന്‍റെ ഭാര്യ അമ്മിണി അങ്ങാടീല്‍വെച്ച് കണ്ണന്‍ നായരടെ ഭാര്യ രാധ ടീച്ചറെ കണ്വേണ്ടായി. ടീച്ചര്‍ അവളോട് പറഞ്ഞ കാര്യം അവളെന്നോട് പറഞ്ഞു. അതാ ചോദിക്കാന്‍ കാരണം''.


''ഇത്ര്യോക്കെ ആയിട്ടും കാര്യം എന്താന്ന് പറഞ്ഞില്ലല്ലോ''.


''ആരാ കമ്പൌണ്ടര്‍ രാമന്‍''.


''ഇവടീള്ള ആളന്നെ. അമ്പല കമ്മിറ്റീല് മെമ്പറാണ്''..


''നിങ്ങളൊക്കെക്കൂടി  അയാളെക്കോണ്ട് എന്‍റെ ഭാര്യടെ ഏടത്ത്യേ കല്യാണം കഴിപ്പിക്കാന്‍ പോണൂന്ന് ടീച്ചര്‍ പറഞ്ഞല്ലോ. ഞങ്ങള്‍ മനസ്സില്‍ ആലോചിക്കാത്ത കാര്യം നാലാള് കൂടുണ ദിക്കില്‍വെച്ച് സംസാരിക്കാന്‍ പാട്വോ. ആരെങ്കിലും ഈ വര്‍ത്തമാനം കേട്ടാല്‍ പെണ്ണിനുണ്ടാവുണ നാണക്കേട് എത്ര്യാന്ന് അറിയ്യോ''.


''അതിന് സംശയൂല്യാ. പക്ഷെ ഉണ്ടായത് ഇതല്ല. ഞാന്‍ പറയുണത് ക്ഷമയോടെ കേള്‍ക്കണം''.


''അതിന് തയ്യാറായിട്ടല്ലേ നിങ്ങളോട് സംസാരിച്ചത്. പറയൂ. എന്താ സംഗതി''.


''മൂന്നുനാല് മാസം മുമ്പ് ഇവിടെ കള്ളന്‍റെ ശല്യൂണ്ടായിരുന്നു. നമ്മടെ കുറുപ്പ് മാഷടെ വീട്ടില്‍ കള്ളന്‍ കയറി. ഞാനന്ന് നാട്ടിലില്ല. ഈ കാര്യം പിറ്റേദിവസം കമ്മിറ്റിക്കാര് സംസാരിക്കുമ്പൊ ഒറ്റയ്ക്ക് കഴിയിണ രാമന്‍, രാത്രി എന്തെങ്കിലും ചെത്തം കേട്ടാല്‍ ഒരാളില്ല തുണയ്ക്ക് എന്ന അയാളുടെ സങ്കടം പറഞ്ഞു. അപ്പൊ നമ്മടെ മേനോന്‍ സാര്‍ അയാള്‍ക്ക് മൂന്ന് വഴികള്‍ പറഞ്ഞുകൊടുത്തു. ഒന്ന് വീടും സ്ഥലൂം വിറ്റ് ബന്ധുക്കള്‍ ആരടേങ്കിലും കൂടെ കഴിയ്യാ. അല്ലെങ്കിലോ ആ കാശ് ഏതെങ്കിലും ഒരു അനാഥാലയത്തിന്ന് കൊടുത്ത് അവിടെ കഴിയ്യാ. രാമന് ഇത് രണ്ടും ഇഷ്ടായില്ല. മൂന്നാമത്തെ വഴി ഒരു കല്യാണം കഴിക്കലാണ്''.


''അതിനാണോ ഏടത്ത്യേ കണ്ടെത്ത്യേത്''.


''അല്ല. അന്ന് കാരണോരുണ്ടായിരുന്നു. മാത്രോല്ല, രാമനും അതിനത്ര താല്‍പ്പര്യം കാട്ടീലാ''.


''അതെന്താ അങ്ങനെ''.


''അയാള്  ഇപ്പഴും പഴേ ഭാര്യടേ വീട്ടുകാര്വോയിട്ട് നല്ല ബന്ധത്തിലാ. വയ്യാണ്ടാവുമ്പൊ അവരയാളെ നോക്കുംന്നാ അയാളുടെ മനസ്സില്. വെറുതെ തോന്നുണതാണ്, കിടപ്പിലായാല്‍ നോക്കാന്‍ ആരൂണ്ടാവില്ല എന്നൊക്കെ ഞങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അങ്ങനെ ഇരിക്കുമ്പഴാ ഇവിടുത്തെ കാരണോര്  മരിക്കിണത്. രണ്ട് പെണ്ണുങ്ങളെ ഇവിടെ വിട്ടിട്ട് പോവാന്‍ പറ്റാത്തതോണ്ട് നിങ്ങളവരെ കൂട്ടീട്ട് പോവ്വാണെന്ന് പറയും ചെയ്തു. എല്ലാം കൂടി ആലോചിച്ചപ്പൊ ഇങ്ങന്യൊരു ബന്ധം ഉണ്ടാക്ക്യാല്‍ രണ്ടുകൂട്ടര്‍ക്കും നന്ന് എന്ന് എനിക്കന്യാണ് തോന്ന്യേത്. ഞാനത് കൂട്ടുകാരോട് പറഞ്ഞൂന്നേ ഉള്ളൂ. വിവരംകെട്ട കണ്ണന്‍ നായര് അതുകൊണ്ടുപോയി ഭാര്യടടുത്ത് വിളമ്പുംന്ന് ഞങ്ങളാരും കരുതീലാ. ഇതാ ഉണ്ടായത്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് എന്‍റെ ഭാഗത്താണ്, ബാക്കീള്ള ആരും ഒരുതെറ്റും ചെയ്തിട്ടില്ല''. 


ഹരിദാസന്‍റെ ഏറ്റുപറച്ചില്‍ വേലപ്പന് ഇഷ്ടമായി. സത്യസന്ധനായ മനുഷ്യന്‍. ഒന്നും ഒളിച്ചുവെക്കാതെ എല്ലാം തുറന്നുപറഞ്ഞു. ആദ്യം ഉണ്ടായിരുന്ന ദേഷ്യം പമ്പകടന്നു.


''കേട്ടപ്പൊ ഞങ്ങള്‍ക്ക് വിഷമംതോന്നീരുന്നു. ഇങ്ങന്യാണെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല'' അയാള്‍ പറഞ്ഞു.


''നോക്കൂ, കാരണോര് മരിച്ചിട്ട് ഇത്ര്യല്ലേ ആയുള്ളു. കുറെ കഴിഞ്ഞിട്ട് നിങ്ങളോട് സംസാരിക്കാന്ന് വിചാരിച്ചിരുന്നതാ. അപ്പഴയ്ക്കും ഇത് നിങ്ങടെ ചെവീലെത്തി'' ഹരിദാസന്‍ തുടര്‍ന്നു ''ഞാന്‍ നോക്ക്യേപ്പൊ എല്ലാംകൊണ്ടും നന്ന്. കമ്പോണ്ടര് രാമന്‍ ആള് സാധ്വാണ്. ഒരുവക ദുശ്ശീലൂം ഇല്ലാത്ത മനുഷ്യന്‍. തരക്കേടില്ലാത്ത പെന്‍ഷനുണ്ട്. മക്കളും കുട്ട്യേളും ഇല്ലേനിം. അതൊക്കെ ആലോചിച്ചപ്പൊ പാഴില്‍ പോണത് പശൂന്‍റെ വയറ്റിലിക്കായിക്കോട്ടേന്ന് കരുതി''.


''അതിന് കുറ്റം പറയില്ല. രണ്ടുമൂന്ന് മാസം കഴിയട്ടെ. എന്നിട്ട് നമുക്ക് കാണാം . ഏടത്തിടെ അഭിപ്രായംകൂടി അറിയണോലോ''.


''വേണം. തീര്‍ച്ച്യായിട്ടും അറിയണം. വിരോധൂല്യാച്ചാല്‍ നമുക്കിത് ആലോചിക്കാം. എന്നിട്ട് വേണ്ടത് ചെയ്യാം''.


''എന്നാ ശരി. അങ്ങനെ ആവട്ടെ''. ഹരിദാസന്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് പുറപ്പെട്ടു. അയാള്‍ പോവുന്നതും നോക്കി വേലപ്പന്‍ നിന്നു.


ഭാഗം : - 59.


കൂട്ടുകാര്‍ അമ്പലത്തില്‍നിന്ന് ഇറങ്ങുമ്പോള്‍ എട്ടുമണി കഴിഞ്ഞു. ഇപ്പോള്‍ തൊഴാന്‍ വരുന്ന ആളുകളുടെ തിരക്കാണ്. കണക്ക് നോക്കി കഴിയുമ്പോഴേക്ക് വൈകും.


''ഹര്യേട്ടന്‍ നേരെ വീട്ടിലിക്കാ'' കമ്പൌണ്ടര്‍ രാമന്‍ ചോദിച്ചു.


''അവിടെ പോയിട്ടെന്താ മണ്ണ് വാരി തിന്ന്വേ. ഞാന്‍ ഹോട്ടലിക്ക് പോവ്വാണ്. എന്താ താന്‍ വരുണ്വോ''.


''വെറുത്യേന്തിനാ. മാവ് വാങ്ങ്യേത് ഫ്രിഡ്ജിലുണ്ട്. രണ്ട് ദോശ ചുടണം. അതേ വേണ്ടൂ''.


''എന്നും ദോശ്യാണോ പതിവ്''.


അങ്ങനീല്ല. ചിലപ്പൊ ഒരുനേന്ത്രപ്പഴം തിന്നും. ചില ദിവസം രണ്ട് ആപ്പിള്''.


''വെറുത്യല്ല ചങ്ങാതീ, തടി പാലംപോലെ വരുണത്. കണ്ടില്ല കേട്ടില്ല എന്ന് വിചാരിച്ച് എന്തെങ്കിലും വാരി തിന്ന് മനുഷ്യാ. ഇല്ലെങ്കില്‍ നല്ലൊരു കാറ്റടിച്ചാല്‍ താന്‍ പറന്നു പോവും . നാട്ടുകാരെക്കൊണ്ട് രാമന്‍ പറന്നുപോയീന്ന് പറയിപ്പിക്കണ്ട''.


''ഹര്യേട്ടനെന്താ കഴിക്ക്യാ'' ബാലന്‍ മാഷ് ചോദിച്ചു.


''ചുടുക്കനെ മൂന്ന് പൊറോട്ട, ഒരു പ്ലെയിറ്റ് പോത്തെറച്ചി വറത്തത്. പാല് നല്ലോണം ഒഴിച്ച് മധുരംകൂട്ടി രണ്ട് ചായ''.


''നല്ല ആള്. അമ്പലത്തിന്ന് പൂവ് വാങ്ങി ചൂടി നെറ്റീല് ചന്ദനൂംതൊട്ട് പോത്തെറച്ചി തിന്ന്വാണോ''.


''അതേ, ഹെല്‍മെറ്റ് ഇടുമ്പൊ ചെവീലെ പൂവ് പോവും. തിന്നുണതിന്ന് മുമ്പ് കൈകഴുകില്ലേ. ആ കൂട്ടത്തില്‍ മുഖൂം കഴുകും. അതോടെ ചന്ദനം ഒലിച്ചുപോവും. കഴിഞ്ഞില്ലേ പ്രശ്നം''.


''കൊള്ളാം. നിങ്ങള് ആളൊരു രസികനാണ്''.


''വെറുത്യെല്ല കുഞ്ചന്‍ നമ്പ്യാര് എന്നെ ശിഷ്യനാക്ക്യേത്. തുള്ളല് പഠിപ്പിച്ച് നിന്നെ കേമനാക്കാന്ന് പറഞ്ഞതാ. അപ്പഴയ്ക്കാ  ആ        മൂപ്പര് നായകടികൊണ്ട് ചത്തത്''. ഹരിദാസന്‍റെ സംഭാഷണം കേട്ട് എല്ലാവരും ചിരിച്ചു. കണ്ണന്‍ നായര്‍ മാത്രം മൌനം തുടര്‍ന്നു.


''ഹേയ്, കണ്ണന്‍ നായരേ, മുഖംവീര്‍പ്പിച്ച് നിക്കാണ്ടെ ഒന്ന് ചിരിക്കിനേ'' ഹരിദാസന്‍ അയാളോട് പറഞ്ഞു.


''ഞാനിനി ചിരിക്കാനും ഇല്ല, ഒന്നും പറയാനും ഇല്ല''.


''അങ്ങനെ ദേഷ്യപ്പെട്ടാലോ. ഇവിടെ നമ്മളൊക്കെക്കൂടി പലതും പറയും. നിങ്ങളതിനെ ഭാര്യയ്ക്ക് കൊളുത്തി കൊടുക്കും. അയമ്മ അത് നാട് നീളേ പറയും. ഒടുക്കം വല്ലോരടേം വായില്‍ കിടക്കുണത് നമ്മളൊക്കെ കേള്‍ക്കും ചെയ്യും''.


''ഞാനായിട്ട് ആരും ഒന്നുംകേള്‍ക്കണ്ടി വരില്ല. ഞാനിങ്കിട്ട് വരിണൂല്യാ''.


''കണ്ണന്‍ നായരേ, നിങ്ങളിങ്ങനെ ചെറിയ കുട്ട്യേളെപ്പോലെ എന്തെങ്കിലും കേള്‍ക്കുമ്പോഴേക്ക് പിണങ്ങിയാലോ'' പത്മനാഭ മേനോന്‍ പറഞ്ഞു ''ആ സ്ത്രീയുടെ അനിയത്തി എന്താണ് പറഞ്ഞത് എന്ന് നിങ്ങള്‍ക്കറിയില്ലേ. വഴിവക്കില്‍ പെണ്‍കുട്ടികള്‍ പോവുന്നത് കാത്തുനിന്ന് കമന്‍റടിക്കുന്ന പൂവാലന്മാരെപ്പോലെയാണ് നമ്മളൊക്കെ എന്നാണ് അവര്‍ പറഞ്ഞത്. നമ്മുടെ വീട്ടുകാര്‍ ഇതറിഞ്ഞാല്‍ എന്താ നമ്മളെപ്പറ്റി അവര്‍ കരുതുക. അതാണ് ഹരി പറഞ്ഞത്. അല്ലാതെ വേറൊന്നും പറഞ്ഞില്ല''. 


''കണ്ണാ, താന്‍ ഇതത്ര കാര്യമാക്കണ്ട. ഇനിമുതല്‍ താന്‍ കേള്‍ക്കുന്നത് മുഴുവന്‍ വീട്ടില്‍ പറയരുത്. മനസ്സില്‍ കിടക്കാതെ ആരുടെയെങ്കിലും അടുത്ത് അവരത് പറയും'' കുറുപ്പ് മാഷ് ഉപദേശിച്ചു ''നമ്മളിവിടെ ഒത്തുകൂടുന്നത് ഈശ്വരന്ന് വേണ്ടിയാണ്. അതില്‍നിന്ന് നിങ്ങള്‍ മാറി നില്‍ക്കരുത്''.


''ശരി'' അയാള്‍ തലയാട്ടി. കൂട്ടുകാര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു.

^^^^^^^^^^^^^^^^^^^^^^^^^^

ഭക്ഷണംകഴിഞ്ഞ് ഹരിദാസന്‍ വീട്ടിലെത്തി അധികനേരമായില്ല. അയാള്‍ കിടക്കാന്‍ ഒരുങ്ങുമ്പോഴാണ് മൊബൈല്‍ അടിച്ചത്. അയാള്‍ പെട്ടെന്നത് എടുത്തുനോക്കി. പരിചയമുള്ള നമ്പറല്ല.


''ആരാ'' അയാള്‍ ചോദിച്ചു.


''ഞാനാ അച്ഛാ'' മകന്‍റെ ശബ്ദം കേട്ടു. സന്തോഷം തോന്നിയെങ്കിലും ഉള്ളിലൊരു പരിഭ്രമം. ഇത് വേറേതോ നമ്പറാണ്. വീണ്ടും മകന്‍ വഴിതെറ്റുകയാണോ?


''ഇതല്ലല്ലോ നിന്‍റെ നമ്പര്‍''.


''പഴയ സിം ഞാന്‍ കളഞ്ഞു അച്ഛാ. അത് കയ്യില്‍വെച്ചാല്‍ കൂട്ടുകാര്‍ എന്നെ വിളിക്കും. കുറച്ചുകാലത്തേക്ക് ആരും എന്നെ വിളിക്കരുത് എന്ന് കരുതി സിം മാറ്റിയതാണ്'' ഹരിദാസന് സമാധാനമായി.


''നിനക്കിപ്പൊ എങ്ങനീണ്ട്''.


''ഒരു കുഴപ്പവുമില്ല. അച്ഛനിന്ന് അമ്പലത്തില്‍ പോയോ. രാത്രിയിലെ ഭക്ഷണം കഴിക്കാറായില്ലേ''.


''അമ്പലത്തില്‍നിന്ന് വരുണവഴി ഞാന്‍ ഹോട്ടലിന്ന് കഴിച്ചു''.


''അച്ഛന്‍ എന്നാ ഇങ്ങോട്ട് വരിക''.


''ഇവിടെ ഉത്സവത്തിന്‍റെ തിരക്കിലാണ്. അത് കഴിഞ്ഞിട്ട് പോരേ. അതോ എന്തെങ്കിലും അര്‍ജ്ജന്‍റ് കാര്യൂണ്ടോ''.


''ജോലിക്ക് ശ്രമിക്കാം എന്ന് വിചാരിക്കുന്നു. എന്‍റെ സര്‍ട്ടിഫിക്കറ്റൊക്കെ വീട്ടിലാണ്. അച്ഛന്‍ ഇങ്ങോട്ടേക്ക് വരുമ്പോഴത് കൊണ്ടുവരണം എന്ന് പറയാനാണ്''.


''അത്രദിവസം നീ കാത്തിരിക്കണ്ട. ഞാന്‍ നാളെ കൊറിയര്‍ ആയി അത് അയച്ചുതരാം''.


''എന്നാല്‍ അതുമതി''.


''അമ്മീം പെങ്ങളും അളിയനും എന്ത് ചെയ്യുണൂ''.


''അവര്‍ ഭക്ഷണം കഴിക്കുന്നു. ഞാനും മരുമക്കളും നേരത്തെ കഴിച്ചു. ഇപ്പോള്‍ രണ്ടാളും എന്‍റെകൂടെ കിടക്കുന്നു''. ഹരിദാസന്ന് തോന്നിയ സന്തോഷത്തിന്ന് അതിരില്ല.


''ശരി. എന്‍റെ മോന്‍ കിടന്നോട്ടോ'' അയാള്‍ കാള്‍ അവസാനിപ്പിച്ചു.


ഭാഗം : - 60.


''എന്താമ്മേ, കുളിമുറിയിലെ പൈപ്പില്‍ ശരിക്ക് വെള്ളം വരുന്നില്ലല്ലോ.  പത്തുമിനുട്ട് നിന്നാലേ ഒരുബക്കറ്റ് വെള്ളംകിട്ടു'' നിലം തുടയ്ക്കാനുള്ള വെള്ളം കൊണ്ടുവരുമ്പോള്‍ രജനി പത്മാവതിയമ്മയോട് പറഞ്ഞു.


''അതില് മാത്രോല്ല കുട്ട്യേ. അടുക്കളേലെ പൈപ്പിലും വാഷ് ബേസിനിലെ പൈപ്പിലും വെള്ളം കിട്ടുണില്യാ''.


''പിന്നെന്താ അത് നേരാക്കാത്തത്''. 


''എപ്പഴും നേരാക്കാന്‍ വരുണ ഒരുചെക്കനുണ്ട്. അവനെ നാലഞ്ച് പ്രാവശ്യായി മാഷ് വിളിച്ച് പറയുണൂ. ഇന്ന് വരാ, നാളെ വരാന്ന് പറഞ്ഞോണ്ടിരിക്ക്യാണ് ആ കുരുത്തംകെട്ടോന്‍''.


''വേറെ ആരെയെങ്കിലും വിളിച്ചാല്‍ പോരേ''.


''അതിനൊക്കെ ആരാ ഉള്ളത് കുട്ട്യേ. ചെറ്യേ പണ്യാവുമ്പൊ എല്ലാരും വരാന്‍ മടിക്ക്യാണ്''.


''ഇന്ന് രവ്യേട്ടന്‍ വരട്ടെ. ഞാന്‍ പറയാം''.


രവീന്ദ്രന്‍ എത്തിയതും രജനി പറഞ്ഞു എന്നാണ് തോന്നുന്നത്. അയാള്‍ അപ്പോള്‍ത്തന്നെയെത്തി.


''ഏത് പൈപ്പാ കേടുള്ളത്'' അയാള്‍ വന്നതും ചോദിച്ചു. പത്മാവതിയമ്മ പൈപ്പുകള്‍ കാണിച്ചുകൊടുത്തു.


''പൈപ്പിന്‍റെ ഉള്ളില് ചളി അടഞ്ഞതാവും. അതാ പ്രശ്നം''.


''അതിനിനി എന്താ ചെയ്യാ''.


''ഒരു കെമിക്കലുണ്ട്. അതിട്ടാല്‍ ഊറിക്കൂടിയ ചളി ഇളകിപോവുംന്ന് പറയുണുണ്ട്. അതോണ്ട് കാര്യൂല്യാ. പിന്നീം ചളി അടയും''.


''വേറെന്താ വഴി''.


''വെള്ളം ഒഴുകാന്‍ നല്ല വണ്ണൂള്ള പൈപ്പിടാ. അതിന്ന് റെഡ്യൂസര്‍വെച്ച് ഓരോ പൈപ്പിലിക്കും കണക്ട് ചെയ്യാ. അപ്പൊ ചളി അടിയില്ല''.


''ഇതൊക്കെ ചെയ്യാന്‍ ആളെ കിട്ടണ്ടേ''.


''അമ്മ വിഷമിക്കണ്ട. എന്തൊക്കെ സാധനം വേണംന്ന് ഞാന്‍ രാവിലെ നോക്കാം. നാളെത്തന്നെ വേണ്ടതൊക്കെ വാങ്ങിവെക്കാം.  മറ്റന്നാള്‍ ഞായറാഴ്ച്ച്യേല്ലെ. അന്ന് ഞാന്‍ തന്നെ ശര്യാക്കാം''.


''നിനക്ക് ഈ പണ്യോക്കെ അറിയ്യോ''.


''എന്താ അറിയാണ്ടേ''.


രാവിലെ നേരത്തെ രവീന്ദ്രന്‍ വന്ന് എത്ര പൈപ്പ് വാങ്ങണം, എത്ര ടി, എല്‍ബോ, റെഡ്യുസര്‍ എന്നിവ വേണം എന്നൊക്കെ കുറിച്ചെടുത്തു.


''ഇതൊക്കെ വാങ്ങിവെക്ക്വോ'' അവന്‍ ചോദിച്ചു.


''ആരാ ഇവടീള്ളത്. നീയെന്നെ വാങ്ങ്യാ മതി'' പത്മാവതിയമ്മ പറഞ്ഞു.


''വൈകുന്നേരം ഞാനിത്തിരി നേരത്തെ വരാ. എന്നിട്ട് വേണ്ട സാധനങ്ങള് വാങ്ങ്യാല്‍ പോരേ''.


''അതൊക്കെ നിന്‍റെ സൌകര്യം''. 


ഏതായാലും വൈകുന്നേരത്ത് പൈപ്പും സാധനങ്ങളും വാങ്ങി അവന്‍   ഓട്ടോറിക്ഷയിലെത്തി. സാധനങ്ങളിറക്കി അവന്‍തന്നെ ഒരുഭാഗത്ത് അടുക്കിവെച്ചു


''ഇതിനൊക്കെക്കൂടി എത്ര്യായി'' പത്മാവതിയമ്മ ചോദിച്ചു. രവീന്ദ്രന്‍ ബില്ല് കാണിച്ചു. സാധനങ്ങളുടെ വിലയും ഓട്ടോ വാടകയും വാങ്ങി ഡ്രൈവറെ ഏല്‍പ്പിച്ച് വണ്ടി തിരിച്ചയച്ചു.


''ഇപ്പൊ നേരാക്കാന്‍ നോക്ക്യാല്‍ ശര്യാവില്ല. നാളെ രാവിലെ നേര്‍ത്തെ ചെയ്യാം'' രവീന്ദ്രന്‍ പോയി.


അമ്പലത്തില്‍നിന്ന് വന്നപ്പോള്‍ പൈപ്പും സാധനസാമഗ്രികളും സിറ്റ് ഔട്ടില്‍ വെച്ചിരിക്കുന്നതാണ് കുറുപ്പ് മാഷ് കണ്ടത്.


''രവി നേരത്തെ വന്ന്വോ'' അയാള്‍ ഭാര്യയൊട് ചോദിച്ചു.


''അത്ര നേര്‍ത്തേല്ല. വരുണവഴിക്ക് സാധനങ്ങള്‍ വാങ്ങി ഓട്ടോയിലാണ് അവന്‍ വന്നത്''.


''അപ്പൊ പൈസയ്ക്കോ''.


''ബില്ല് കൊണ്ടുവന്നിരുന്നു. അതും ഓട്ടോ ചാര്‍ജ്ജും ഞാന്‍ കൊടുത്തു''.


''നന്നായി. അവന് വല്ലതും കൊടുക്കണ്ടേ''.


''പിന്നല്ലാതെ. ആ ചെക്കനാ വരുണത്ച്ചാല്‍ കണക്ക് പറഞ്ഞ് വാങ്ങും. നമ്മളത് കണ്ടറിഞ്ഞ് ചെയ്യണ്ടേ''.


''ആയിക്കോട്ടെ. എത്രയാണെങ്കിലും പത്മം കൊടുത്തോളൂ. എനിക്ക് ചോദിക്കാനും കൊടുക്കാനും വയ്യ''.


''അതെനിക്കറിയില്ലേ. ഒക്കെ ഞാന്‍ ചെയ്തോളാം''.


''രണ്ട് ദിവസത്തെ പണി ഉണ്ടാവ്വോ''.


''എനിക്കറിയില്ല. ചെക്കനാണെങ്കില്‍ രണ്ടുദിവസംകൊണ്ടും തീരില്ല''.


''അവനെത്ര്യാ പൈസ വാങ്ങാറ്''.


''ഉച്ചവരെ പണ്യെടുത്ത് എഴുന്നൂറ്റമ്പത് കൊടുത്താല്‍ മുഖം തെളിയില്ല. നൂറുംകൂടി തരിന്‍ന്ന് പറയും''.


''ആ കണക്കില്‍ രവിക്ക് മുവ്വായിരത്തില്‍ കൂടുതല്‍ വരില്ലേ''.


''വരട്ടെ. എത്ര ദിവസം പണീണ്ടാവുംന്ന് നോക്കട്ടെ. എന്നിട്ട് ഞാന്‍ പാകം പോലെ കൊടുക്കാം''.


''എന്നാല്‍ അങ്ങിനെ''.


''കയ്യും കാലും കഴുകീട്ട് വരൂ. ഞാന്‍ ആഹാരം എടുത്തുവെക്കട്ടെ''. പത്മാവതിയമ്മ അടുക്കളയിലേക്ക് നടന്നു, കുറുപ്പ് മാഷ് ബാത്ത് റൂമിലേക്കും.


No comments:

Post a Comment

അദ്ധ്യായം 111-120

 ഭാഗം : - 111. മുന്നറിയിപ്പ് നല്‍കാതെയാണ് കണ്ണന്‍ നായരും രാധയും മകന്‍റെ വീട്ടിലേക്ക് ചെന്നത്. ''പോണ വിവരം വിളിച്ച് പറയണ്ടേ''...