Saturday, 12 October 2024

അദ്ധ്യായം 101-110

 ഭാഗം : - 101.


കമ്പൌണ്ടര്‍ രാമന് പറ്റിയ പരിക്ക് നിസ്സാരമായിരുന്നില്ല. വളരെ ഉയര്‍ത്തില്‍ നിന്നല്ല പൊട്ടിയ കൊമ്പിനൊപ്പം അയാള്‍ താഴേക്ക് വീണതെങ്കിലും വലത്തുകാലിന്‍റെ പാദത്തിലെ എല്ലിന്ന് ഒടിവ് പറ്റി. ഓപ്പറേഷന്‍ വേണ്ടിവന്നില്ലെങ്കിലും പ്ലാസ്റ്ററിട്ട് കിടക്കേണ്ടി വന്നു.


''എന്താടോ രാമാ ഇനി ചെയ്യാ'' ഹരിദാസന്‍ അയാളോട് ചോദിച്ചു.  പ്ലാസ്റ്ററിട്ട് വാര്‍ഡിലേക്ക് അയാളെ കൊണ്ടുവന്നതേയുള്ളു. രാത്രി ഒമ്പതുമണി ആയിരിക്കുന്നു. സുമതിയെ വിളിച്ച് പറഞ്ഞുവെങ്കിലും ഹരിദാസന്‍ അസ്വസ്ഥനാണ്. രാത്രി ഒറ്റയ്ക്കവള്‍ എങ്ങിനെ വീട്ടില്‍ കഴിയും. നല്ല പേടിയുള്ള ആളാണ് അവള്‍. 


''ഹര്യേട്ടാ, എന്‍റെ മൊബൈലെവടീണ്ട്'' രാമന്‍ ചോദിച്ചു. മൊബൈല്‍ മാത്രമല്ല, വീടിന്‍റെ താക്കോലും പേഴ്സും മരുന്നുകളും അടങ്ങിയ ബാഗ് ആസ്പത്രിയിലേക്ക് പോരുമ്പോള്‍ ഹരിദാസനെ ഏല്‍പ്പിച്ചിരുന്നു.


''എന്‍റെ കയ്യില്‍ത്തന്നീണ്ട്. എന്തിനാ ഇപ്പൊ ആ സാധനം''. 


''അളിയനെ ഒന്ന് വിളിച്ചുനോക്കാനാണ്''.


''ഇവിടെ എത്ത്യേതും അവരെ താന്‍ വിളിച്ചു. ഡോക്ടര്‍ നോക്കി വിവരം പറഞ്ഞപ്പഴും വിളിച്ചുപറഞ്ഞു. അത്രയ്ക്ക് വേണ്ടപ്പെട്ട ആള്‍ക്കാരാണെങ്കില്‍ ഇവിടെ എത്തീട്ടുണ്ടാവില്ലേ''.


''അവര്‍ക്ക് എന്തെങ്കിലും തിരക്കുണ്ടാവും''.


''എന്ത് തിരക്കുണ്ടെങ്കിലും ഒരാള്‍ക്കൊരു അത്യാപത്ത് വന്നാല്‍ തിരിഞ്ഞു നോക്കാത്തോര് എന്ത് ബന്ധുക്കളാ ഹേ''. 


''എനിക്ക് തോന്നുണത് വേറെന്തോ പ്രശ്നൂണ്ടേന്നാണ്. അല്ലെങ്കില്‍ വരാണ്ടിരിക്കില്ല. രാമേട്ടന് എന്ത് ആവശ്യൂണ്ടെങ്കിലും ഞങ്ങള് കൂടേണ്ടാവുംന്ന് അവര് വാക്ക് തന്നിട്ടുണ്ട്''.


''പോവാന്‍ പറയിനേ അവരെ. അവരടെ വാക്കും പഴേ ചാക്കും ഒരുപോല്യാണ്''.


''ഇനി ഞാന്‍ എന്താ ചെയ്യണ്ട്''.


''തല്‍ക്കാലം മിണ്ടാണ്ടെ ഇവിടെ കിടക്ക്വാ. ചാമുണ്ണ്യേട്ടന്‍ ഇങ്കിട്ട് പുറപ്പെട്ടിട്ടുണ്ട്. അയാള് എത്ത്യാല്‍ ഞാന്‍ വീട്ടിലിക്ക് പോവും.    സുമതി അവിടെ ഒറ്റയ്ക്കാണ്''.


''ഞാന്‍ കാരണം എല്ലാരുക്കും ബുദ്ധിമുട്ടായി അല്ലേ''.


''ഇതല്ല ബുദ്ധിമുട്ട്. അത് വരാനിരിക്കിണതേ ഉള്ളൂ. ഇനി കാല് നേരായി നടക്കാന്‍ തുടങ്ങുണവരെ എന്താ ചെയ്യാ''.


''നാളെ ഒന്നുംകൂടി അളിയനെ വിളിച്ചുനോക്കട്ടെ, മൂപ്പര് എന്തെങ്കിലും ചെയ്യാണ്ടിരിക്കില്ല''.


''മിണ്ടാണ്ടിരിക്കിനേ. ഒരളിയനല്ലല്ലോ നിങ്ങള്‍ക്കുള്ളത്. ഏതെങ്കിലും ഒരു കോന്തന് വന്നൂടേ''.


''അതിപ്പൊ എല്ലാരും മൂത്ത ആള് പറയിണതേ ചെയ്യൂ''.


''ആ അളിയനേം ഈ അളിയനേം ഒന്നും കാത്തിരിക്കണ്ട. ഇവിടേന്ന് ഡിസ്ചാര്‍ജ്ജ് ആയാല്‍ ആരേങ്കിലും സഹായത്തിന്ന് നിര്‍ത്ത്വാ. ഒരുവിധം ഭേദായാല്‍ ഞങ്ങള് പറഞ്ഞപോലെ താനൊരു കല്യാണം കഴിക്ക്യാ''.


''സത്യം പറഞ്ഞാല്‍ എനിക്ക് പേട്യാണ് ഹര്യേട്ടാ. വേറെ കല്യാണം കഴിച്ചാല്‍ എന്തെങ്കിലും ആവശ്യംവന്നാല്‍ അവരാരും തിരിഞ്ഞു നോക്കില്ല''.


''പറയുണത് കേട്ടാല്‍ ഇപ്പൊ അവര് അടുത്തുന്ന് മാറിണില്യാന്ന് തോന്ന്വോലോ. നിങ്ങള് നിങ്ങടെ കാര്യം നോക്കിനേ മനുഷ്യാ''.


പത്തുമിനുട്ട് കഴിഞ്ഞതും ചാമുണ്ണിയെത്തി. അയാളും അയാള്‍ വന്ന ഓട്ടോയുടെ ഡ്രൈവറും രാമന്‍റെ സമീപത്തെത്തി.


''എന്തിനാ നിങ്ങള് വേണ്ടാത്ത പണിക്ക് പോയേ. പ്രായം ആയത് അറിയണ്ടേ''.


''അത്ര വല്യേ മൂച്ചിയൊന്ന്വോല്ല ചാമുണ്ണ്യേട്ടാ. കഷ്ടകാലത്തിന് ഞാന്‍ കേറ്യേ കൊമ്പ് ഒടിഞ്ഞു''.


''നല്ല പ്രായത്തില് ഞാന്‍ കേറാത്ത മരൂല്യാ. മരം വെട്ടാന്‍ പോണ കാലത്ത് തുഞ്ചത്തുവരെ ഞാന്‍ കേറും. പനേല്‍കേറി കള്ള് ചെത്തും. എന്ന് സര്‍ക്കാര്‍ ജോലി കിട്ട്യോ അന്ന് ഞാന്‍ ആ പണിക്ക് കൊട്ടീം കോലും വെച്ചു''.


''ചാമുണ്ണ്യേ, വീട്ടില് മക്കളുള്ളതോണ്ട് രാത്രി വീടുവിട്ട് നില്‍ക്കാന്‍ വിഷമൂല്യല്ലോ''. ഹരിദാസന്‍ ചോദിച്ചു.


''രണ്ട് മക്കള് കുടുംബം ആയിട്ട് എന്‍റെ ഒപ്പോല്ലേ. പിന്നെന്താ പേടി''.


''നന്നായി. ഒരാളെങ്കിലും അങ്ങനെ ഉണ്ടല്ലോ''.


''നിങ്ങള് കൂട്ടംകൂടി നില്‍ക്കാണ്ടെ വേഗം സ്ഥലം വിടിന്‍. നിങ്ങടെ കെട്ട്യോള് പേടിച്ച് തൂറി വലഞ്ഞിട്ടുണ്ടാവും''.


''രാമന്‍ ഒന്നും കഴിച്ചിട്ടില്ല. എന്തെങ്കിലും വാങ്ങീട്ട് വരട്ടെ''.


''അതൊക്കെ ഞാന്‍ നോക്കിക്കോളാം. നിങ്ങള് പോവിന്‍'' ചാമുണ്ണി നിര്‍ബ്ബന്ധിച്ചതും ഹരിദാസന്‍ ഓട്ടോ ഡ്രൈവറേയുംകൂട്ടി നടന്നു.


ഭാഗം : - 102.


രാവിലത്തെ ഭക്ഷണം കഴിഞ്ഞ ഉടനെ ഹരിദാസന്‍ സ്കൂട്ടറുമായി ആസ്പത്രിയിലേക്കിറങ്ങി. രാമന്‍റെ അവസ്ഥ എന്താണെന്ന് അറിയില്ല. ചാമുണ്ണി അടുത്തുണ്ട് എന്നതാണ് ആശ്വാസം. തലേന്ന് രാമന്‍ കിടന്ന കട്ടിലിനരികിലെത്തിയ അയാള്‍ പരിഭ്രമിച്ചു. രാമനെ ആ കട്ടിലില്‍ കാണാനില്ല. ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് പോയിട്ടുണ്ടാവുമോ. അങ്ങിനെ വരാന്‍ വഴിയില്ല. ഈ നേരത്ത് ഡോക്ടര്‍ എത്തിയാലും ഡിസ്ചാര്‍ജ്ജാവില്ല. അതിന് എത്ര ചുരുങ്ങിയാലും ഉച്ചയാവും.


''ഇതില്‍ കിടന്ന ആളെവിടെ'' തൊട്ടടുത്തകട്ടിലില്‍ കിടക്കുന്ന ആളുടെ കൂട്ടിരിപ്പുകാരനോട് ചോദിച്ചു.


''അയാളെ രാത്രിതന്നെ റൂമിലേക്ക് മാറ്റി''.  


''ഏതാ റൂമേന്ന് അറിയ്യോ''.


''ആ. എനിക്കറിയില്ല'' അയാള്‍ കൈമലര്‍ത്തി. അന്വേഷിച്ചുപിടിച്ച് റൂം കണ്ടെത്തി. വാതിലില്‍ മുട്ടിയതും തുറന്നത് ബാലന്‍ മാഷാണ്.


''മാഷ് എപ്പഴാ എത്ത്യേത്'' അയാള്‍ ചോദിച്ചു.


''അര മുക്കാല്‍ മണിക്കൂറാവും''.


''ചാമുണ്ണി എവിടെ''.


''ഞാന്‍ വന്നപ്പൊ അയാള് പോയി''.


''അത് നന്നായി. എന്തിനാ എല്ലാരുംകൂടി ഇവിടെ നില്‍ക്കിണ്''.


''അതന്ന്യാ അയാളും പറഞ്ഞത്''.


''എന്തിനാടോ റൂമെടുത്തത്'' ഹരിദാസന്‍ രാമനോട് ചോദിച്ചു.


''അവിടെ ഞാന്‍ കിടന്ന കട്ടിലിന്‍റെ തൊട്ട കട്ടിലില്‍ കിടന്ന ആള് മരിച്ചു. കൂടെ വന്നോരടെ കരച്ചില് കേട്ടപ്പൊ എനിക്ക് പേട്യായി. അതാ ഞാന്‍ റൂമെടുക്കാന്‍ കാരണം'' ആക്സിഡണ്ടായിട്ട് കൊണ്ടുവന്ന ഒരാളാണ് അടുത്ത കട്ടിലില്‍ ഉണ്ടായിരുന്നത്. പ്രതീക്ഷയ്ക്ക് ഒട്ടുംവകയില്ല എന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു.


''പേടിച്ചിട്ടെന്താടോ കാര്യം. മരിക്കാനുള്ള സമയം ആവുമ്പൊ എല്ലാരും മരിക്കും''.


''എന്നാലും ഇരിക്കുമ്പൊ പേട്യല്ലേ ഹര്യേട്ടാ''


''അതുപോട്ടെ. തന്‍റെ അളിയന്മാര് ആരെങ്കിലും വന്ന്വോ''. 


''ഇല്ല. ചിലപ്പൊ വരും''.


''അളിയന്മാര് തന്നെ പല്ലക്കില്‍ ഏറ്റീട്ട് നടക്കുംന്ന് താന്‍ പറഞ്ഞതല്ലേ. എന്നിട്ടെന്തേ കണ്ടില്ല''.


''ആസ്പത്രീല്‍ കൊടുക്കാന്‍ കാശ് വല്ലതും വേണോന്ന് അളിയന്‍ ഇന്ന് ചോദിച്ചു''.


''നല്ല കാലം. അതെങ്കിലും ചോദിച്ചല്ലോ. എന്നിട്ട് താനെന്താ പറഞ്ഞത്''.


''എന്‍റേല് കാശൊക്കെ ഉണ്ടേന്ന് പറഞ്ഞു''.


''കയ്യില് പതിനയ്യായിരം ഉണ്ട്. തികയ്യോന്ന് അറിയില്ല എന്നുപറഞ്ഞ് എ.ടി.എം.കാര്‍ഡ് തന്ന് എന്നെക്കൊണ്ട് ഇപ്പൊ പൈസ എടുപ്പിച്ചിട്ടുണ്ട്'' ബാലന്‍ മാസ്റ്റര്‍ അറിയിച്ചു.


''ഇവിടേന്ന് പോയാല്‍ എന്താടോ ചെയ്യാ'' ഹരിദാസന്‍ അന്വേഷിച്ചു.


''എനിക്ക് ഒന്നും അറിയില്ല ഹര്യേട്ടാ'' രാമന്‍ വിഷമത്തോടെ പറഞ്ഞു.


''അളിയന്മാര്‍ക്ക് തന്നെ വേണ്ടെങ്കിലും ഞങ്ങള്‍ക്ക് തന്നെ വേണോലോ. എന്തെങ്കിലും വഴി കാണാം''.


''എന്ത് വഴ്യാ ഹര്യേട്ടന്‍ കണ്ടിരിക്കിണത്'' ബാലന്‍ മാഷ് ചോദിച്ചു


''പകല് നമ്മളാരെങ്കിലും മാറി മാറി ഇരിക്ക്യാ. രാത്രി ചാമുണ്ണി ഇരിക്കട്ടെ''.


''അതിന് വിരോധൂല്യാ. ഞാന്‍ റെഡ്യാണ്. പക്ഷെ ഒരുകാര്യൂണ്ട്. കാല് അനങ്ങാന്‍ വയ്യാത്തോടത്ത് നമുക്ക് എന്താ ചെയ്യാന്‍ പറ്റ്വാ''.


''അത് മാഷ് പറഞ്ഞത് ശര്യാണ്. സഹായത്തിന് ഹോം നേഴ്സിനെ കിട്ട്വോന്ന് നോക്കാം''.


''അതൊന്നും വേണ്ടി വരില്ല. അളിയന്മാര് എന്നെ കൂട്ടീട്ട് പോവും''.


''എന്നാ നല്ലതന്നെ'' ഹരിദാസന്‍ സമ്മതിച്ചു. പന്ത്രണ്ട് മണിയോടെയാണ് രണ്ട് അളിയന്മാര്‍ എത്തിയത്.


''ഏട്ടന് കയ്യും കാലും കുഴയുന്നൂന്ന് പറഞ്ഞു. നോക്കീട്ട് വരാന്‍ പറഞ്ഞ് ഞങ്ങളെ അയച്ചതാണ്'' കൂട്ടത്തില്‍ ഒരുവന്‍ പറഞ്ഞു. മൂത്ത അളിയന്‍ ഒഴിവായതാണെന്ന് ഹരിദാസന്ന് മനസ്സിലായി.


''നിങ്ങളെന്തിനാ വയസ്സാന്‍ കാലത്ത് മൂച്ചിടെ മണ്ടേല് പൊത്തിപ്പിടിച്ച് കേറ്യേത്'' അപരന്‍ ചോദിച്ചു.


''അത്ര വല്യേ മരോന്ന്വോല്ല'' രാമന്‍ പറഞ്ഞു ''എന്‍റെ കഷ്ടകാലത്തിന് കൊമ്പുപൊട്ടി വീണതാ''.


''ഇന്യേങ്കിലും വേണ്ടാത്ത പണിക്ക് നിക്കാണ്ടെ ഒരുഭാഗത്ത് അടങ്ങി ഒതുങ്ങി ഇരിക്കാന്‍ നോക്കിന്‍. വല്ലതുംപറ്റ്യാല്‍ നോക്കാന്‍ ആളില്ലാന്ന് അറിയാലോ''.


''ഡോക്ടര്‍ റൌണ്ട്സിന്ന് പോയിട്ട് വന്നാല്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുംന്ന് പറയുണൂ. അത് കഴിഞ്ഞാല്‍ ഞാന്‍ എന്താ ചെയ്യണ്ട്'' രാമന്‍ ചോദിച്ചു.


''ഇതിലെന്താ ഇത്ര സംശയിക്കാന്‍. വീട്ടില്‍ പോയി മിണ്ടാണ്ടെ കിടക്ക്വാ. അതന്നെ''.


''കാലിന് വയ്യാത്തോടത്ത് ഒറ്റയ്ക്ക് താമസിക്കാന്‍ പറ്റ്വോ''.


''പിന്നെന്താ നിങ്ങള് കണ്ടിരിക്കിണ്''.


''നിങ്ങള് കൂട്ടീട്ട് പോവുംന്നുള്ള വിശ്വാസത്തിലാ ഞാന്‍''.


''ഞങ്ങള് കൊണ്ടുപോയിട്ട് എന്താ ചെയ്യാ. പെങ്ങള് ചത്തുപോയില്ലേ. ആരാ നിങ്ങളെ നോക്കാന്‍ അവടീള്ളത്. ഞങ്ങടെ പെണ്ണുങ്ങള്‍ക്ക് നിങ്ങളെ ശുശ്രൂഷിക്കാന്‍ പറ്റ്വോ. നമുക്ക് വേറെ ഏതെങ്കിലും വഴി ആലോചിക്കാം. ഈ അവസ്ഥേല് ഒറ്റയ്ക്ക് കഴിയാന്‍ പറ്റില്ലലോ''.


''അതാലോചിച്ച് നിങ്ങള് ബേജാറാവണ്ട. രാമന് ആളില്ലാത്ത ഗതികേടൊന്നും ഇല്ല. ഞങ്ങള്‍ കൂട്ടുകാരുണ്ട്. ഇയാളെ ഞങ്ങള്‍ നോക്കിക്കോളും'' ഹരിദാസന്‍ മടികൂടാതെ പറഞ്ഞു.


''നിങ്ങളൊക്കെ ആരാ''.


''അത് നിങ്ങളെ ബോദ്ധ്യപ്പെടുത്തണ്ട കാര്യൂല്യാ. രാമന് അതറിയാം. അത് മതി''. 


''കാശ് വല്ലതും വേണെങ്കില്‍ അറിയിച്ചാല്‍ ഞങ്ങള്‍ എവിടുന്നെങ്കിലും സംഘടിപ്പിച്ച് തരാം''.


''വല്ലാതെ ബുദ്ധിമുട്ടണ്ട. ഞങ്ങളത്ര ഗതീല്ലാത്തോരൊന്നും അല്ല''.


''ഞങ്ങള് പോണൂ. എന്തെങ്കിലും ആവശ്യൂണ്ടെങ്കില്‍ അറിയിക്കിന്‍'' രാമനോട് യാത്രപറഞ്ഞ് അവര്‍ തിരിച്ചുപോയി.


ഭാഗം : - 103.


കിടപ്പിലായപ്പോഴാണ് അളിയന്മാരുടെ സ്നേഹത്തിന്‍റെ വലുപ്പം കമ്പൌണ്ടര്‍ രാമന് മനസ്സിലായത്. ഒരാവശ്യം വന്നാല്‍ അവര്‍ ഒപ്പമുണ്ടാവും എന്ന അയാളുടെ ധാരണയ്ക്ക് ഇളക്കം തട്ടി. ഭാവി ജീവിതത്തെക്കുറിച്ച് ആദ്യമായി അയാളില്‍ ആശങ്കയുണ്ടായി.


''എന്താ ഞാന്‍ ചെയ്യണ്ട് ഹര്യേട്ടാ'' അയാള്‍ ഹരിദാസനോട് ചോദിച്ചു ''ആലോചിക്കുമ്പൊ എനിക്കൊരു എത്തുംപിടീം കിട്ടുണില്ല''.


''ഇതൊക്കെ ഞങ്ങള്‍ മുമ്പേ കണക്കാക്ക്യേതാണ്. ഒരുകാര്യം താന്‍ മനസ്സിലാക്കണം. തന്‍റെ അളിയന്മാരേയും തന്നേയും കൂട്ടിച്ചേര്‍ക്കുന്ന ആള് തന്‍റെ ഭാര്യാണ്. അവര് പോയി. പിന്നെന്താ ബന്ധം കിടക്കുണ്''.


''എന്നാലും അവരിങ്ങിനെ ചെയ്യുംന്ന് ഞാന്‍ കരുതീലാ''.


''ഇനി അതാലോചിച്ച് താന്‍ സങ്കടപ്പെടണ്ട. മേലാല്‍  എന്താ വേണ്ടതേന്ന് ചിന്തിക്ക്യാ''.


''ഒരു തീരുമാനം എടുക്കാന്‍ എന്നെക്കൊണ്ട് ആവുണില്ല. എന്‍റെ ബന്ധുക്കള് എന്ന് പറയാന്‍ വല്യേമ്മടെ മക്കളേ ഉള്ളു. അതില്  വല്യേട്ടന്‍ ദൂരെ തമിഴ് നാട്ടില്‍ എവട്യോ ഉണ്ട്. പിന്നൊരാള് വയനാട്ടിലും''.


''തനിക്കവരുടെ ഫോണ്‍ നമ്പര്‍ അറിയ്യോ''.


''ഇല്ല. എത്ര്യോ കൊല്ലായി ഞാനവരെ കണ്ടിട്ട്.  എവട്യാ അവരിപ്പൊ താമസിക്കിണ് എന്ന് എനിക്കറിയില്ല''.


''പഷ്ട്. ഇങ്ങനത്തെ ബന്ധുക്കള് ഉണ്ടായിട്ട് എന്താ കാര്യം'' ഹരിദാസന്‍ ചോദിച്ചു ''തന്‍റെ അമ്മയ്ക്ക് താന്‍ ഒരു മകനെ ഉള്ള്വോ''.


''അല്ല. ഒരു ഏടത്തീണ്ടായിരുന്നു. എന്നേക്കാള്‍ എട്ടോ പത്തോ വയസ്സ് കൂടുതലാ. ഞാന്‍ ഒമ്പതില്‍ പഠിക്കുമ്പൊ അവള് ആര്യോ സ്നേഹിച്ച് ഓടിപ്പോയി''.


''അവരിപ്പൊ എവടീണ്ട്''.


''അതും അറിയില്ല. ഒരിക്കല്‍ അവള് വീട്ടിലിക്ക് വരട്ടേന്ന് ചോദിച്ച്  കത്ത് വിട്ടിരുന്നു. ഇങ്കിട്ട് വന്നാല്‍ രണ്ടിനീം കൊത്തി അരിയുംന്ന് എന്‍റെ മാമന്‍ മറുപടി കൊടുത്തു. പിന്നെ അവളടെ വിവരം അറിഞ്ഞിട്ടില്ല''. 


''എന്നാലും വീട്ടിലൊരു പ്രധാനപ്പെട്ട കാര്യം നടക്കുമ്പൊ പെങ്ങള്‍ക്ക് വിവരം കൊടുക്കണ്ടതല്ലേ''


''എന്‍റെ കല്യാണക്കാര്യം അവളെ അറിയിക്കണ്ടാന്ന് മാമന്‍ പറഞ്ഞു. അമ്മ മരിച്ചപ്പഴും അവളെ അറിയിച്ചില്ല''.


''പെങ്ങള് ചാടിപോയപ്പൊ തന്‍റെ അച്ഛന്‍ എന്ത് പറഞ്ഞു''.


''അതിന് നാലഞ്ച് കൊല്ലം മുമ്പ് അച്ഛന്‍ മരിച്ചു''.


''ചുരുക്കി പറഞ്ഞാല്‍ തനിക്ക് ആരൂല്യാ''.


''അങ്ങനെ പറയാന്‍ പറ്റില്ല. എനിക്ക് നിങ്ങളൊക്കെ ഉണ്ടല്ലോ''.


''അതുണ്ടാവും. എന്നാലും എന്‍റേന്ന് പറയാന്‍  ഒരാള് വേണം. അതിനാ ഒരു കല്യാണം കഴിക്കാന്‍ ഞങ്ങള് പറഞ്ഞത്''. ഒന്നും പറയാതെ രാമന്‍ മേലോട്ട് നോക്കി കിടന്നു.


''എന്താടോ താന്‍ ഒന്നും പറയാത്തത്'' ഹരിദാസന്‍ ചോദിച്ചു ''തനിക്ക് കൂട്ടിന് ഒരാള് വേണ്ടേ''


''ഇങ്ങിനെ അനങ്ങാന്‍ വയ്യാണ്ടെ കിടക്കുമ്പൊ ആരടേങ്കിലും സഹായം വേണ്ടിവരും''.


''അതിനാ ഞാന്‍ ഒരാലോചന പറഞ്ഞത്. അത് നോക്ക്യാലോ''.


''എന്നെക്കൊണ്ട് ഇനി കല്യാണക്കാരന്‍റെ വേഷംകെട്ടി നടക്കാനൊന്നും വയ്യ''.


''അതൊന്നും വേണ്ടാ. റജിസ്ട്രാപ്പീസില്‍ പോവ്വാ. ഒരു ഒപ്പിട്വാ. അങ്കിട്ടും  ഇങ്കിട്ടും ഓരോ മാലയിട്വാ. വേണച്ചാല്‍ വേണ്ടപ്പെട്ടോരുക്ക് ഒരു ഊണ് കൊടുക്ക്വാ. അതൊക്കെ മതി''.


''ഒരുകാര്യം . ഹര്യേട്ടന്‍ തന്നെ എന്താ വേണ്ടത്ച്ചാല്‍ ചെയ്തോളൂ. അതിന്ന് മുമ്പ് അവരടെ അഭിപ്രായം അറിയണം. അവര്‍ക്ക് ഈ ബന്ധത്തിന് സമ്മതൂല്ലെങ്കില്‍ വേണ്ടാ''.


''അതെന്ത് വര്‍ത്തമാനാടോ. അവര് സമ്മതിച്ചില്ലെങ്കില്‍ പെണ്ണിനെ പിടിച്ചുകൊണ്ടുപോയി കെട്ടാന്‍ പറ്റ്വോ. പിന്നെ ഒരുകാര്യം. ഞാനും താനുംകൂടി തീരുമാനിച്ചൂന്ന് വേണ്ടാ. ഇന്നിപ്പൊ എല്ലാരും പോയല്ലോ. ചാമുണ്ണി നൈറ്റ് ഡ്യൂട്ടിക്ക് വന്നാല്‍ ഞാനുംപോവും. നമ്മടെ കൂട്ടുകാര് നാളെ വൈകുന്നേരം വര്വോലോ. അപ്പൊ ആലോചിച്ച് തിരുമാനിക്കാം''.


^^^^^^^^^^^^^^^^^^^^^^


''നന്ദിനീം രാജേഷും കുട്ട്യേളും വെള്ളിയാഴ്ച വരുണുണ്ട്. ഒപ്പം നന്ദൂം ഉണ്ടാവും'' സുമതി ഭര്‍ത്താവിനെ അറിയിച്ചു.


''ആരാ തന്നോടിത് പറഞ്ഞത്''.


''നന്ദിനി വിളിച്ചിരുന്നു. അവളാ പറഞ്ഞത്''.


''എന്താ ഇപ്പൊരു വരവ്''.


''അവര് സിന്യേ ചെന്നേലിക്ക് കൂട്ടീട്ട് പോണ്വോത്രേ''.


''അതിന് അവള് പോവാന്ന് സമ്മതിച്ച്വോ''.


''സമ്മതിക്കാണ്ടെ അവരിതിന് മിനക്കെട്വോ''


''അപ്പൊ സിനിക്ക് കോളേജിലിക്ക് പോണ്ടേ''.


''അടുത്താഴ്ച്ച മൂന്ന് ഒഴിവുണ്ട്, ബാക്കി അവള് ലീവെടുക്കും''.


''ശനീം ഞായറും എല്ലാരും ഇവടീണ്ടാവ്വോ''.


''സിനി വെള്ളിയാഴ്ച വൈകുന്നേരത്ത് ഇവിടെയെത്തും. ശനിയാഴ്ച പുലര്‍ച്ചെ അവരും വര്വോലോ. എന്നിട്ട് എല്ലാരും കൂടി സിനിടച്ഛനെ കാണാന്‍ പോവും. ഞായറാഴ്ച രാത്രീലെ വണ്ടിക്ക് എല്ലാരും കൂടി തിരിച്ചുംപോവും''. 


''നന്നായി. പോയിട്ട് വരട്ടെ''.


''പോയിട്ട് വരട്ടേന്നല്ല. നമ്മളും പോണുണ്ട്''.


''രാമനിങ്ങനെ വയ്യാണ്ടെ കിടക്കുമ്പൊ എന്താ ചെയ്യാ. ഞാനില്ല''.


''നിങ്ങള് അതുംപറഞ്ഞ് ഇരുന്നോളിന്‍. ഞാന്‍ അവരടെകൂടെ പോവും''. ഹരിദാസന്‍ പിന്നെയൊന്നും പറയാന്‍ നിന്നില്ല.


ഭാഗം : - 104.


കമ്പൌണ്ടര്‍ രാമന് രാവിലത്തെ ഭക്ഷണവുമായി ഹരിദാസന്‍ ചെന്ന സമയത്താണ് അയാള്‍ക്ക് മരുമകളുടെ ഫോണ്‍ വന്നത്.


''എന്താ മോളേ. ഇന്ന് കോളേജില്ലേ'' അയാള്‍ ചോദിച്ചു.


''ഉവ്വ്. കുറച്ച് കഴിഞ്ഞിട്ടേ പോവുന്നുള്ളു'' സിനി മറുപടി പറഞ്ഞു ''അച്ഛനെന്താ ചെന്നെയിലേക്ക് വരുന്നില്ല എന്നുവെച്ചത്''.


''ആരാ മോളോട് ഈ കാര്യം പറഞ്ഞത്''.


''കുറച്ചുമുമ്പ് അമ്മ വിളിച്ചിരുന്നു. അമ്മയാണ് പറഞ്ഞത്''. ഒരുകാര്യം പറഞ്ഞാല്‍ സുമതിടെ മനസ്സില്‍ കിടക്കില്ല.


''എന്തെങ്കിലും കേട്ടാല്‍ അവളുടെ മനസ്സില്‍ കിടക്കില്ല. അതാ മോളോട് പറഞ്ഞത്''.


''എന്‍റടുത്ത് മാത്രമല്ല അച്ഛാ, നന്ദ്വോട്ടനേയും ചേച്ചിയേയും രാജേഷേട്ടനേയും അമ്മ വിളിച്ച് വിവരം പറഞ്ഞിട്ടുണ്ടാവും''. ഇനി അവര്‍ മൂന്നാളും തന്നെ വിളിക്കുമെന്ന് ഉറപ്പായി.


''നിങ്ങളെ വിളിച്ച് ഇത് പറയണ്ട വല്ല ആവശ്യൂണ്ടോ അവള്‍ക്ക്''.


''അതെന്തോ ആവട്ടെ. എന്നിട്ട് അച്ഛനെന്താ തീരുമാനിച്ചത്''.


''ചെന്നെയിലേക്ക് വരുണ കാര്യാണോ''.


''അതുതന്നെ ചോദിച്ചത്''.


''ഇവിടെ ഒരാള് കാലൊടിഞ്ഞ് കിടപ്പാണ്. നോക്കാനാണച്ചാല്‍ ഒരാളില്ല. ഞങ്ങള് കൂട്ടുകാരൊക്കെകൂടീട്ടാ നോക്കുണത്. ഈ അവസ്ഥേല് അയാളെ വിട്ടിട്ട് വരാന്‍ പറ്റ്വോ''.


''അതിന്‍റെ അര്‍ത്ഥം അച്ഛന്‍ വരില്ല എന്നല്ലേ. ശരി. അങ്ങിനെ ആയിക്കോട്ടെ'' സിനിയുടെ വാക്കിലെന്തോ പരിഭവമുണ്ട്.


''എന്താ മോളങ്ങനെ പറഞ്ഞത്''.


''എത്ര കൊല്ലമായി നമ്മളെല്ലാവരുംകൂടി ഒന്നിച്ച് കൂടിയിട്ട്. ഇപ്പോള്‍ ഒരു അവസരം വന്നപ്പോള്‍ അച്ഛന്‍ മാറിനിന്നു. ഞാനും എന്താ വേണ്ടത് എന്ന് ഒന്നുകൂടി ആലോചിക്കട്ടെ'' പൊടുന്നനെ അവള്‍ ഫോണ്‍ ഓഫാക്കി. 


മരുമകള്‍ പിണങ്ങി എന്ന് തോന്നുന്നു. അവളെ അങ്ങോട്ട് വിളിക്കണോ എന്നാലോചിച്ചു. വേണ്ടാ. പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നതില്‍ എന്താ അര്‍ത്ഥം. ദേഷ്യം ഒന്ന് തീരട്ടെ. പിന്നെ വിളിക്കാം.


''ആരാ ഹര്യേട്ടനെ വിളിച്ചത്'' എല്ലം ശ്രദ്ധിച്ച രാമന്‍ ചോദിച്ചു ''എന്താ വിശേഷം. എടേല് എന്‍റെ കാര്യം പറഞ്ഞപോലെ എനിക്ക് തോന്നി. അതാ ചോദിച്ചത്''. ഹരിദാസന്‍ മുഴുവന്‍ വിവരങ്ങളും പറഞ്ഞു.


''ഞാന്‍ കാരണം നിങ്ങടെ വീട്ടില്‍ തമ്മില്‍ത്തല്ല് ആയല്ലോ''.


''അത് കാര്യാക്കണ്ട. കാര്യഗൌരവം അറിയാഞ്ഞിട്ട് പറയിണതാണ്''.


''ആകെക്കൂടി സമാധാനം ഇല്ല്യാണ്ടായി''.


''വേണ്ടാണ്ടെ ഓരോന്ന് ആലോചിച്ച് ബേജാറാവാണ്ടെ ഒരുഭാഗത്ത് കിടക്കിനേ. എല്ലാം ശര്യാവും''. 


ഹരിദാസന്‍ കണക്കുകൂട്ടിയതുപോലെത്തന്നെ സംഭവിച്ചു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ നന്ദു വിളിച്ചു. അവന്‍ ഒരുപാട് വിഷമം പറഞ്ഞു. അടുത്തത് മരുമകനാണ് വിളിച്ചത്. അച്ഛന്‍ എന്തെങ്കിലും ഒരു വഴി കാണൂ എന്നവന്‍ പറഞ്ഞു. ഒടുവിലാണ് മകള്‍ വിളിച്ചത്. അച്ഛനില്ലാതെ ഈ പരിപാടി നടത്തുന്നില്ല. അച്ഛന് സൌകര്യമുള്ള സമയത്തേക്ക് പരിപാടി പോസ്റ്റ്‌പോണ്‍ ചെയ്യാമെന്ന് അവള്‍ പറഞ്ഞു. ചാമുണ്ണി എത്തിയപ്പോള്‍ വിഷമത്തോടുകൂടിയാണ് അയാള്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയത്.


^^^^^^^^^^^^^^^^^^^^^^


വൈകുന്നേരം ഹരിദാസന്‍ രാമന്‍റെ വീട്ടിലെത്തുമ്പോള്‍  കൂട്ടുകാരെല്ലാം ഹാജരായിട്ടുണ്ട്.


''എന്താ ഇന്ന് എല്ലാരും ഇത്ര നേര്‍ത്തേ'' അയാള്‍ ചോദിച്ചു.


''കാര്യൂണ്ട്. അതൊക്കെ പറയാം. താനിരിക്ക്'' പത്മനാഭ മേനോന്‍ പറഞ്ഞു. ഒരുബെഞ്ചിന്‍റെ തലയ്ക്കല്‍ ഹരിദാസന്‍ ഇരുന്നു.


''ശരി. ഞാനിരുന്നു. ഇനി തുടങ്ങിക്കോളൂ''


''ചാമുണ്ണി ഞങ്ങള്‍ എല്ലാവരേയും വിളിച്ചു. അതാണ് പതിവിലും നേരത്തെ ഞങ്ങളെത്തിയത്''.


''എന്തിനാ ചാമുണ്ണി വിളിച്ചത്''.


''തന്‍റെ കാര്യം പറയാന്‍ തന്നെ. എത്രയോ കാലത്തിന്നുശേഷം തന്‍റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരാന്‍ പോവുകയാണ്. അപ്പോള്‍ കൂട്ടുകാരന്നുവേണ്ടി താന്‍ മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നു.  എന്താ ഞാന്‍ പറഞ്ഞത് ശരിയല്ലേ''.


''സാറേ, രാമനിങ്ങനെ കിടക്കുമ്പൊ എങ്ങന്യാ ഞാന്‍ പോവ്വാ. അതാ ഞാന്‍ പോവാത്തത്''.


''എടോ ഹരീ. തന്‍റെ മനസ്സ് വലുതാണ്. അതാണ് താനിങ്ങിനെയൊക്കെ ചിന്തിക്കുന്നത്. പക്ഷെ താന്‍ തന്‍റെ വീട്ടുകാരുടെ മനസ്സ് കാണുന്നില്ല''.


''അവരടെ വിഷമം എനിക്ക് മനസ്സിലാവുണുണ്ട്. ഒരുഭാഗത്ത് എല്ലാവരും ചേരുമ്പോഴുള്ള സന്തോഷം, ഒരുഭാഗത്ത് എണീക്കാന്‍ വയ്യാണ്ടെ കിടക്കുണ ആളടെ വിഷമം. രണ്ടും കൂടി നോക്കുമ്പൊ എന്നെക്കൊണ്ടുള്ള ആവശ്യം രാമന് തന്ന്യാണ്''.


''അയാള്‍ക്ക് ആരും ഇല്ലാതെ വന്നാലല്ലേ പ്രയാസം തോന്നേണ്ടതുള്ളു. അതിന് വഴി കണ്ടിട്ടുണ്ട്. രാമനെ നോക്കാന്‍ ഒരാള് വേണം. അത് ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. അയാള്‍ നന്നായി നോക്കിക്കോളും''. 


''ഇപ്പോഴാണ് എനിക്ക് സമാധാനായത്'' രാമന്‍ പറഞ്ഞു ''അല്ലെങ്കില്‍ ഹര്യേട്ടന്‍റെ കാര്യം ആലോചിച്ച് ഞാന്‍ സങ്കടപ്പെടും. ഏതായാലും അത് കൂടാണ്ടെ കഴിഞ്ഞല്ലോ''. 


''അപ്പോള്‍ ഹരിടെ  പ്രശ്നൂം തീര്‍ന്നു. തന്‍റെ കാര്യൂം നടക്കും''.


''നോക്കാന്‍ വരുണ ആളിന് എത്ര കൊടുക്കണം സാറേ''.


''അത് താനറിയണ്ട. കുറുപ്പ് മാഷും ഞാനുംകൂടി കൊടുത്തോളാം''.


''ഹരി ഒരുകാര്യം ചെയ്യൂ. മരുമകളെ വിളിച്ച് താന്‍ വരുന്നുണ്ടെന്ന് പറയൂ'' കുറുപ്പ് മാഷ് പറഞ്ഞു.


''വീട്ടില്‍ ചെന്നിട്ട് വിളിച്ചോളാം''.


''അതുവേണ്ടാ. ഇപ്പൊത്തന്നെ പറയണം'' രാമന്‍ ശഠിച്ചു. 


''അങ്ങന്യാച്ചാല്‍  ഞാനിപ്പൊത്തന്നെ വിളിക്കാം. നിങ്ങള് കേട്ടോളിന്‍. വിശ്വാസം ആയ്ക്കോട്ടെ'' ഹരിദാസന്‍ സിനിയെ വിളിച്ചു. അവള്‍ കാള്‍ സ്വീകരിച്ചു.


''എന്താ അച്ഛാ'' അവള്‍ ചോദിച്ചു.


''നിങ്ങടെകൂടെ ഞാനും വരുന്നുണ്ട്''.


''എനിക്കറിയാം, ഞാന്‍ പറഞ്ഞാല്‍ അച്ഛന്‍ വരുമെന്ന്. സന്തോഷമായി ''.


''എന്നാല്‍ മോള് എല്ലാരേം വിളിച്ച് വിവരം കൊടുത്തോ'' ഹരിദാസന്‍ സംഭാഷണം നിര്‍ത്തി.


ഭാഗം : - 105.


ഉച്ചഭക്ഷണം കഴിക്കാന്‍ കമ്പൌണ്ടര്‍ രാമന്‍റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് നടക്കുമ്പോള്‍ കണ്ണന്‍ നായരുടെ മൊബൈല്‍ അടിച്ചു. അയാള്‍ എടുത്തുനോക്കി. മൂത്തമകന്‍ സുന്ദരനാണ് വിളിക്കുന്നത്.  വളരെകാലമായി അവന്‍ വിളിച്ചിട്ട്. അങ്ങോട്ടും വിളിക്കാറില്ല. ഇപ്പോള്‍ എന്തെങ്കിലും വിശേഷം ഉണ്ടാവും.


''എന്താ മകനെ വിശേഷം'' മകള്‍ മുതിര്‍ന്നാലും അവരോട് പെരുമാറുന്നത് സ്നേഹത്തോടെയാവണം. കുട്ടിക്കാലത്ത് അച്ഛനുണ്ടായിരുന്ന സ്നേഹം ഇപ്പോഴും ഉണ്ട് എന്നവര്‍ക്ക് തോന്നണം.


''അച്ഛാ, കല്ലൂനെ ആസ്പത്രീല് അഡ്മിറ്റാക്കിയിരിക്കുകയാണ്''.


''അവള്‍ക്കെന്തുപറ്റി''.


''ബ്ലീഡിങ്ങ് തുടങ്ങിയതാണ്. നില്‍ക്കുന്നില്ല. ഓപ്പറേഷന്‍ വേണമെന്ന് പറയുന്നു''.


''ആരാ അടുത്തുള്ളത്''.


''അവളുടെ അമ്മയുണ്ട്. എന്‍റെ അനിയനും ഭാര്യയും വന്നുപോയി. അനുജത്തിമാര്‍ രണ്ടാളും വരാമെന്ന് പറഞ്ഞിട്ടുണ്ട്''. അത് നന്നായി. അച്ഛനും അമ്മയുമായി അലോഹ്യത്തിലാണെങ്കിലും കൂടപ്പിറപ്പുകള്‍         ഒന്നിച്ച് നില്‍ക്കുന്നുണ്ടല്ലോ.


''എന്നാ ഓപ്പറേഷന്‍''.


''ഇന്നന്നെ ഉണ്ടാവും. നീട്ടിക്കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയാണ് എന്ന് പറഞ്ഞു''.


''ഏത് ആസ്പത്രിയിലാ കിടക്കുന്നത്'' മകന്‍ ആസ്പത്രിയുടെ പേര് പറഞ്ഞു ''അച്ഛന്‍ അമ്മേ കൂട്ടീട്ട് വര്വോ. വയ്യാതെ കിടക്കുമ്പോള്‍ എന്തിനാ ശത്രുത''.


''അമ്മടെ കാര്യം എനിക്ക് പറയാന്‍ പറ്റില്ല. ഞാന്‍ എന്തായാലും വരും''.


''അച്ഛന്‍ അമ്മയുടെ അടുത്ത് പറഞ്ഞുനോക്കൂ. വരുന്നെങ്കില്‍ വരട്ടെ''. വീട്ടിലെത്തിയതും കണ്ണന്‍ നായര്‍ വിവരം ഭാര്യയോട് പറഞ്ഞു.


''അവള്‍ക്ക് എന്തായാല്‍ നമുക്കെന്താ'' എന്നാണ് രാധ പ്രതികരിച്ചത്.


''അവള് നമ്മുടെ മരുമകളല്ലേ''.


''എന്ത് മരുമകള്. മകനെത്തന്നെ വേണ്ടാന്നുവെച്ച് ആട്ടിവിട്ടു. പിന്ന്യല്ലെ മരുമകള്''.


''നമ്മള് രണ്ടാളോടും വരാന്‍ പറഞ്ഞു''.


''രണ്ടാളും പോണില്ല. ഞാനാ പറഞ്ഞത്''.


''നിങ്ങള് വര്വേ വരാതിരിക്ക്വേ എന്ത് വേണച്ചാലും ചെയ്തോളൂ. പക്ഷെ ഞാന്‍ പോവും''.


''ങാഹാ. പോവ്വോ. എന്നാല്‍ എനിക്കതൊന്ന് കാണണോലോ''.


''കാണാനൊന്നൂല്യാ. ഞാന്‍ പോവും. വരാന്ന് ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്''.


''ഞാന്‍ പറയുണത് കേള്‍ക്കാണ്ടെ പോയാല്‍ പിന്നെ നിങ്ങള് ഈ വീടിന്‍റെ പടി ചവിട്ടില്ല. ആ കാര്യം ഉറപ്പന്ന്യാണ്'' രാധ അറുത്ത് മുറിച്ച് പറഞ്ഞു. കണ്ണന്‍ നായര്‍ മറുപടിയൊന്നും പറഞ്ഞില്ല. ഊണുകഴിഞ്ഞ് എഴുന്നേറ്റ അയാള്‍ സ്വന്തം തുണികളും സാധനങ്ങളും ബാഗുകളിലാക്കി എടുത്തു.  രാധ പാത്രം മോറി വന്നപ്പോള്‍ ഭര്‍ത്താവ് ബാഗുകളുമായി പോവാന്‍ ഒരുങ്ങി നില്‍ക്കുന്നതാണ്.


''എന്താ ഈ ബാഗുകളില്'' അവര്‍ ചോദിച്ചു.


''എന്‍റെ തുണീം സാധനങ്ങളും''.


''എവിടേക്കാ ഇതൊക്കെ ആയിട്ട്''.


''ഇപ്പോള്‍ ആസ്പത്രിയിലേക്ക്. പിന്നെ എവിടെ താമസിക്കണം എന്ന് നിശ്ചയിക്കും''.


''അപ്പോള്‍ ഇവിടെ എനിക്കാരാ''.


''അത് എനിക്കറിയണ്ട. ആസ്പത്രിയില്‍ കിടക്കുണ മരുമകളെ കാണാന്‍ പോയാല്‍ പിന്നെ ഈ വീടിന്‍റെ പടി ചവിട്ടില്ല എന്നല്ലേ പറഞ്ഞത്. ഞാനിനി ചവിട്ടാന്‍ വരുണില്ല. നിങ്ങള്‍ നിങ്ങളുടെ ഇഷ്ടംപോലെ കഴിഞ്ഞോളൂ''. അയാള്‍ ഇറങ്ങി നടന്നു. ഗെയിറ്റ് തുറന്ന് പുറത്ത് കടക്കുമ്പോള്‍ രാധ പുറകെ ഓടി വരുന്നത് കണ്ടു.


''ഒരുമിനുട്ട് നില്‍ക്കൂ'' അവര്‍ വിളിച്ചുപറഞ്ഞു.


''എന്താ വേണ്ടത്'' അയാള്‍ തിരിഞ്ഞുനിന്ന് ചോദിച്ചു.


''എന്നെ ഇത്രയ്ക്ക് ഇഷ്ടൂല്യാണ്ടായി അല്ലേ'' 


''എനിക്കല്ല ഇഷ്ടൂല്യാത്തത്. എന്ത് കാട്ട്യാലും പറഞ്ഞാലും പട്ട്യേപ്പോലെ വാലാട്ടി നിക്കുമ്പൊ നിങ്ങള്‍ക്കെന്നെ വെലീല്ല. നിങ്ങള് എന്‍റെ വാക്കിന് എന്നെങ്കിലും വില കാണിച്ചിട്ടുണ്ടോ''.


''ഞാന്‍ ചെയ്യുണതൊക്കെ കണ്ണേട്ടന് ഇഷ്ടാണ് എന്നാ ഞാന്‍ കരുത്യേത്''.


''എന്നാല്‍ അങ്ങിന്യല്ല. ക്ഷമിക്കിണതിനും ഒരു പരിധീണ്ട്. ഞാന്‍ പോണൂ. ഇനി ഞാന്‍ നിങ്ങളെ കാണാന്‍ വരില്ല''.


''ആ ബാഗുകള് വീട്ടില്‍ വെച്ചിട്ട് അഞ്ച് മിനുട്ട് കാത്ത് നില്‍ക്ക്വോ''.


''എന്തിനാ''.


''ഞാനും വരുണുണ്ട് ആസ്പത്രീലിക്ക്''.


''ഇത് നേരത്തെ ആവായിരുന്നില്ലേ. വെറുതെ എന്നെക്കൊണ്ട് ഈ വേഷം കെട്ടിക്കണോ''.


''ഇന്ന്യത് മിണ്ടണ്ട. ചെലപ്പൊ എനിക്ക് ദേഷ്യം വരും''.


''ദേഷ്യം വന്നാല്‍ ഞാന്‍ ഇവിടെ വിട്ടിട്ട് എന്‍റെ വഴിക്ക് പോവുംചെയ്യും''.


''വര്‍ത്തമാനം പറഞ്ഞുനില്‍ക്കുണ നേരംകൊണ്ട് ആ ഡ്രൈവര്‍ ചെക്കനെ വിളിച്ച് ഓട്ടോ കൊണ്ടുവരാന്‍ പറയിന്‍. എന്നെക്കൊണ്ട് ഒരടി നടക്കാന്‍ വയ്യ'' രാധ ബാഗുകള്‍ അയാളില്‍നിന്ന് വാങ്ങി അകത്തേക്ക് നടന്നു.


^^^^^^^^^^^^^^^^^^^^^^


''അമ്പലത്തിലും രാമന്‍റെ വീട്ടിലും ഒക്കെ ചെന്നോളിന്‍. വിരോധൂല്യാ. പക്ഷെ ഇരുട്ടാവുണതിന്ന് മുമ്പ് വരണം''  വൈകുന്നേരം ഹരിദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങാന്‍നേരം സുമതി ഓര്‍മ്മിപ്പിച്ചു. മൂന്നുനാല് തവണ ഇതേ കാര്യം പറഞ്ഞുകഴിഞ്ഞു. എന്നിട്ട് വീണ്ടും പറയുന്നു.


''എത്ര പ്രാവശ്യം പറയണം. ഞാന്‍ എത്തിക്കോളാംന്ന് പറഞ്ഞില്ലേ''.


''പറഞ്ഞിട്ട് കാര്യൂല്യാ. ക്ലാസ്സ് കഴിഞ്ഞിട്ട് കോളേജിലെന്തോ കാര്യൂണ്ട് എന്നവള്‍  പറഞ്ഞു. ബസ്സുകേറി ഇവിടെ എത്തുമ്പഴയ്ക്കും ഇരുട്ടാവും. അതാ പറഞ്ഞത്''. 


സിനി ഇന്നുതന്നെയെത്തും. മകനും മകളും മരുമകനും കുട്ടികളും രാത്രി പുറപ്പെട്ട് രാവിലെയെത്തും. ഒരാഴ്ചയിലേറെ തിരക്കുതന്നെയാവും.


''എന്താ രാത്രീലിക്ക് ഭക്ഷണം''. രാത്രി ടിഫിനാണ് പതിവ്. ഇന്ന് മരുമകള്‍ വരുന്നതുകൊണ്ട് ചോറുണ്ടാക്കുമോ എന്നറിയില്ല.


''എല്ലാ ദിവസൂം ഉള്ളതന്നെ. ഇന്നെന്താ പ്രത്യേകിച്ച്''.


''സിനി വരുണതല്ലേ. അതാ ചോദിച്ചത്''.


''അവള്‍ക്ക് അങ്ങിനെ ഒന്നൂല്യാ. എന്ത് കൊടുത്താലും കഴിക്കും''.


''അവള്‍ എവിടെ എത്തീന് വിളിച്ചുചോദിച്ച് അതിന് അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ എത്തിക്കോളാം''. അയാള്‍ സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി.



ഭാഗം : - 106.


രാധ പെട്ടെന്ന് പുറപ്പെട്ട് ആസ്പത്രിയിലേക്ക് കൂടെ വന്നുവെങ്കിലും അവളുടെ മനസ്സിലിരുപ്പ് എന്താണെന്ന് കണ്ണന്‍ നായര്‍ക്ക് മനസ്സിലായില്ല. ആസ്പത്രിയില്‍ ചെന്ന് എന്തെങ്കിലും വികടത്തരം എഴുന്നെളിക്കുമോ എന്നയാള്‍ ഭയപ്പെട്ടു. ഒരക്ഷരം മിണ്ടാതെയുള്ള അവരുടെ ഇരുപ്പ് അത്ര പന്തിയായി അയാള്‍ക്ക് തോന്നിയില്ല.


''നോക്കെടാ കുട്ട്യേ, ഏതെങ്കിലും പഴക്കടടെ മുമ്പില്‍ വണ്ടി നിര്‍ത്ത്'' ടൌണിലെത്തിയപ്പോള്‍ രാധ ഡ്രൈവരോട് പറഞ്ഞു.


''എന്തിനാ പഴക്കടടെ മുമ്പില്‍ നിര്‍ത്തുണ്'' കണ്ണന്‍ നായര്‍ ചോദിച്ചു.


''ഫ്രൂട്ട്സ് എന്തെങ്കിലും വാങ്ങീട്ട് പോണം. വയ്യാണ്ടെ കിടക്കുണ ആളെ കാണാന്‍ വെറും കയ്യോടെ പോവാന്‍ പാടില്ല''.


''ഒപ്പറേഷന്‍ കഴിഞ്ഞുകിടക്കുണ ആള്‍ക്ക് അതൊന്നും തിന്നാന്‍ പാടില്ല''.


''അത് നമ്മളറിയണ്ട. അവരത് കളയ്യേ, ആരക്കെങ്കിലും കൊടുക്ക്വേ, കൂടേള്ളോര് തിന്ന്വേ എന്ത് വേണച്ചാലും ചെയ്തോട്ടെ''. പിന്നെ കണ്ണന്‍ നായര്‍ ഒന്നും പറഞ്ഞില്ല. 


''ആ പൊതി രണ്ടും കയ്യില്‍ വെച്ചോളൂ'' ആസ്പത്രി വളപ്പില്‍ വണ്ടി നിര്‍ത്തിയതും രാധ പറഞ്ഞു. 


''ഒന്ന് നിങ്ങളും പിടിച്ചോ, ഒന്ന് ഞാനും പിടിക്കാം'' അങ്ങിനെ കയ്യും വീശി യജമാനത്തിയെപ്പോലെ കൂടെ നടക്കണ്ട എന്നയാള്‍ കരുതി.


വിളിച്ചുപറഞ്ഞതുകൊണ്ട് മകന്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അമ്മ വന്നത് അവനെ സന്തോഷിപ്പിച്ചിട്ടുണ്ട്.


''നല്ല സമയത്താണ് നിങ്ങളെത്തിയത്'' അവന്‍ പറഞ്ഞു ''കുറച്ചുനേരം കഴിഞ്ഞാല്‍ തിയ്യേറ്ററിലേക്ക് കൊണ്ടുപോവും എന്ന് നേഴ്സ് പറഞ്ഞു. അമ്മയുടെ കയ്യിലെ പൊതി ഏറ്റുവാങ്ങി അവന്‍ മുന്നില്‍ നടന്നു.


മരുമകള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. രാധ അവളുടെ അടുത്തുചെന്ന് വലതുകയ്യില്‍ പിടിച്ചു. എന്തോ നല്ല കാലമെന്ന് കണ്ണന്‍ നായര്‍ ഓര്‍ത്തു. ഇവിടെനിന്ന് തിരിച്ചുപോവുന്നതുവരെ വിവരക്കേടൊന്നും പറയരുതേ എന്നയാള്‍ പ്രാര്‍ത്ഥിച്ചു.


''എന്താ നിനക്ക് പ്രശ്നം'' ടീച്ചര്‍ അവളോട് ചോദിച്ചു.


''കുറച്ചുദിവസമായി ബ്ലീഡിങ്ങ് തുടങ്ങിയിട്ട്. എത്ര മരുന്ന് കഴിച്ചിട്ടും നില്‍ക്കുന്നില്ല. ഓപ്പറേഷന്‍ കൂടാതെ പറ്റില്ല എന്ന് ഡോക്ടര്‍ പറഞ്ഞു.


''അതിന്‍റെ ഒരാവശ്യൂല്യാ. എന്തെങ്കിലും വൈദ്യരെ കണ്ട് നാടന്‍ മരുന്ന് വാങ്ങി കഴിച്ചാല്‍ തീരുണ സൂക്കടേ ഉള്ളൂ''.


''ലേശം സീരിയസ്സാണ് എന്ന് ഡോക്ടര്‍ പറഞ്ഞു'' മകന്‍ അറിയിച്ചു.


''ഡോക്ടര്‍മാര്‍ക്ക് നല്ല വിവരോല്ലേ. കഴുത്തില് ഒരു കുഴലും തൂക്കി നടന്നാല്‍ എല്ലാം അറിയുംന്നാ ഭാവം''.


''ആരെങ്കിലും കേള്‍ക്കണ്ട'' കണ്ണന്‍ നായര്‍ ഇടപെട്ടു.


''കേട്ടലെന്താ. കാശ് വാങ്ങീട്ടല്ലേ ചികിത്സിക്കിണ്''. ഏതായാലും അവര്‍ പിന്നീട് യാതൊന്നും മിണ്ടിയില്ല. നേഴ്സുമാര്‍ പല തവണ നോക്കിയിട്ട് വന്നുപോയെങ്കിലും രോഗിയെ ഓപ്പറേഷന്‍ തിയ്യേറ്ററിലേക്ക് കൊണ്ടു പോവാനുള്ള ശ്രമമൊന്നും കണ്ടില്ല.


''കുട്ട്യേ, അറിയാണ്ടെ ചോദിക്ക്യാണ്'' ക്ഷമ നശിച്ച രാധ ഒടുവില്‍ ഒരു നേഴ്സിനോട് ചോദിച്ചു ''ഓപ്പറേഷന്‍ ഇന്നന്നെ ഉണ്ടാവ്വോ''.


''ഉണ്ടാവും''.


''അല്ല. ഇവളെ കൊണ്ടുപോണത് കാണാത്തതോണ്ട് ചോദിച്ചതാ''.


''ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് തിയ്യേറ്റര്‍ ശരിയാവുന്നതേയുള്ളു. അതാ വൈകുന്നത്''.


''ഇരുട്ടത്ത് എന്തെങ്കിലും കാട്ടിക്കൂട്ടി കയ്യബദ്ധം വല്ലതും പറ്റ്വോന്നാ എനിക്ക് പേടി'' 


നേഴ്സ് മുറിയില്‍നിന്ന് പോയികഴിഞ്ഞതും രാധയുടെ തിരുവായില്‍നിന്ന് വാക്കുകള്‍ അടര്‍ന്നുവീണു. എല്ലാവരുടേയും മുഖം വിവര്‍ണ്ണമായി.


''ഓപ്പറേഷന്‍ എത്രനേരം ഉണ്ടാവുംന്ന് അറിയില്ല. കഴിഞ്ഞാലും ഇന്ന് കാണാന്‍ പറ്റുംന്ന് തോന്നുന്നില്ല'' മകന്‍ പറഞ്ഞു. നിങ്ങള്‍ നില്‍ക്കണ്ട, വേഗം സ്ഥലം വിട്ടോളൂ എന്ന് മകന്‍ പറയാതെപറഞ്ഞതായി കണ്ണന്‍ നായര്‍ക്ക് മനസ്സിലായി.


''അങ്ങന്യാണച്ചാല്‍ ഞങ്ങള്‍ പൊയ്ക്കോട്ടെ. നേരം ഇരുട്ടാവും ചെയ്തു. നാളെ വന്ന് കണ്ടോളാം'' അയാള്‍ പറഞ്ഞൊപ്പിച്ചു.


''ശരി അച്ഛാ. എന്നാല്‍ നിങ്ങള്‍ പൊയ്ക്കോളൂ'' അവന്‍ സമ്മതിച്ചു. കണ്ണന്‍ നായര്‍ എഴുന്നേറ്റതും രാധ മരുമകളുടെ അടുത്തേക്ക് ചെന്നു.


''നീ പേടിക്ക്വോന്നും വേണ്ടാ. നിനക്കൊന്നും പറ്റില്ല. ഞാനാ പറയുണ്'' മരുമകളെ ആശ്വസിപ്പിച്ച് അവര്‍ അയാളുടെ കൂടെ പോന്നു.


ഭാഗം : - 107.


''ഞങ്ങളുടെ ഇപ്പോഴത്തെ താമസസ്ഥലം സിനി കണ്ടിട്ടില്ലല്ലോ. അങ്ങോട്ട് ആദ്ദ്യമായിട്ടല്ലേ ചെല്ലുന്നത്'' ട്രെയിന്‍ ഇറങ്ങി ടാക്സിയില്‍ വീട്ടിലേക്ക് പോവുമ്പോള്‍ നന്ദിത ചോദിച്ചു.


''പഴയ ഫ്ലാറ്റില്‍നിന്ന് താമസം മാറിയോ ചേച്ചീ'' സിനി തിരിച്ച് ചോദിച്ചു.


''ഉവ്വ്. ഏഴെട്ടുമാസമായി താമസം മാറിയിട്ട്. രണ്ടാള്‍ക്കും പോയി വരാന്‍ ഇതാണ് സൌകര്യം. മാത്രമല്ല കഴിഞ്ഞതവണ വെള്ളപ്പൊക്കം വന്നപ്പോള്‍ അവിടെ വെള്ളം കയറിയതുമാണ്''.


''നന്ദ്വോട്ടന് വീട്ടില്‍നിന്ന് ജോലിസ്ഥലത്തേക്ക് ഒരുപാട് ദൂരമുണ്ടോ''.


''ഇല്ല. അഞ്ച് കിലോമീറ്ററില്‍ താഴെ ഉള്ളൂ. ഇഷ്ടം പോലെ ബസ്സും ഉണ്ട്. എന്നാലും ഏട്ടന്‍ ബൈക്കിലേ പോവൂ''. നാത്തൂന്മാര്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് ഹരിദാസന്‍ പിന്‍സീറ്റില്‍ സുമതിയോടൊപ്പമിരുന്നു. അയാളുടെ മനസ്സ് സന്തോഷംകൊണ്ട് നിറഞ്ഞു. 


വെള്ളിയാഴ്ച രാത്രി സിനി എത്തിയതോടെ അനുഭവപ്പെട്ടതാണ് ഈ സന്തോഷവും സമാധാനവും. ശനിയാഴ്ച പുലര്‍ച്ചെ മകനും മകളും മരുമകനും കുട്ടികളുമെത്തി. അതോടെ വീടുണര്‍ന്നു. ഒമ്പതുമണി കഴിഞ്ഞതും എല്ലാവരുംകൂടി സിനിയുടെ വീട്ടിലേക്കൊരു യാത്ര. അവളുടെ അച്ഛന്‍റേയും അമ്മയുടേയും സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.


''കല്യാണത്തിന് ഇവളുടെ കൈ പിടിച്ച് നിന്നെ ഏല്‍പ്പിച്ചതാണ്. ഇപ്പൊ ഒന്നുംകൂടി ഏല്‍പ്പിക്കുന്നു. ഇനി മോന്‍ ഇത് വിടരുത്'' എന്നുപറഞ്ഞ് അച്ഛന്‍ മകളുടെ കൈപിടിച്ച് മരുമകനെ ഏല്‍പ്പിച്ചു, നിറകണ്ണോടെ ആ രംഗം നോക്കിനിന്നത് ജീവിതത്തില്‍ മറക്കില്ല. സന്ധ്യവരെ വര്‍ത്തമാനം പറഞ്ഞിരുന്നിട്ടാണ് തിരിച്ചുപോന്നത്.


''ഗ്രാന്‍ഡ് പാ. വിച്ച് ഡാം വി സാ യെസ്റ്റെര്‍ ഡേ'' പേരക്കുട്ടിയാണ്. അവന് ഇംഗ്ലീഷില്‍ സംസാരിക്കാനാണ് താല്‍പ്പര്യം, അല്ലാത്തപ്പോള്‍ തമിഴിലും. മലയാളം പറയുന്നത് വളരെ കുറവ്. അത് മാറ്റിയെടുക്കണം. മാതൃഭാഷയെ അവഗണിക്കാന്‍ പാടില്ല.


''മലമ്പുഴ ഡാം''.


''റിയലി മാര്‍വെലസ്''. കുട്ടികള്‍ ശരിക്കും ആസ്വദിച്ചു കണ്ടു. ഔട്ടിങ്ങിന് പോവാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചത് മരുമകനാണ്.


''രാത്രി തിരിച്ചുപോവാനുള്ളതല്ലേ. അത് വേണോ'' എന്ന് ചോദിച്ചു.


''അതിനെന്താ. എല്ലാം അറേഞ്ച് ചെയ്തുവെച്ച് നമുക്ക് പോവാം. വൈകുന്നേരം തിരിച്ചെത്താം. ഫ്രഷായി ബാഗുകളെടുത്ത് ഇറങ്ങാം. ഹോട്ടലില്‍നിന്ന് ആഹാരം കഴിക്കാം'' നന്ദു അഭിപ്രായം പറഞ്ഞു. 


എല്ലാവരുംകൂടി പ്ലാനിട്ടതാനെന്ന് മനസ്സിലായി. ഡാമും ഗാര്‍ഡനും മാത്രമല്ല, ഡാമിനെ ചുറ്റിയുള്ള റിങ്ങ് റോഡിലൂടെയും ചെന്നു. ആ കാഴ്ചകള്‍ മനസ്സില്‍ കണ്ട് അയാളിരുന്നു. വീടിന്നുമുന്നില്‍ ടാക്സി നിന്നു. എല്ലാവര്‍ക്കും പുറകിലായി ഹരിദാസനും ഇറങ്ങി.


^^^^^^^^^^^^^^^^^^^^^^^^^^^^^^

കണ്ണന്‍ നായര്‍ പല്ലുതേപ്പ് കഴിഞ്ഞ് മുഖം കഴുകുമ്പോഴാണ് രാധ അയാളെ സമീപിച്ചത്.


''മകന്‍ വിളിച്ച്വോ നിങ്ങളെ'' അവര്‍ ചോദിച്ചു.


''ഇല്ല'' അയാള്‍ മറുപടി നല്‍കി.


''വിളിക്കില്ല. അത്ര നല്ല സ്വഭാവാണല്ലോ''.


''നേരം ആറായതല്ലേയുള്ളു. അവന്‍ എണീറ്റിട്ടുണ്ടാവില്ല''.


''എന്താ സുഖവാസത്തിന് പോയതാണോഅവന്‍. ആസ്പത്രീലാവുമ്പൊ അതിനനുസരിച്ച് പെരുമാറണം''. അയാള്‍ക്ക് ചിരിവന്നു. ഇന്നലെ ഈ പറഞ്ഞവള്‍ ആസ്പത്രിയില്‍വെച്ച് പറഞ്ഞത് മറന്നിട്ടില്ല. എന്നിട്ടാണ് ഇപ്പോള്‍ ന്യായം പറയുന്നത്.


''അവന്‍ രാത്രി കിടക്കുമ്പൊ നേരം വൈകീട്ടുണ്ടാവും''. 


''അതെന്താ. അവനാണോ ഓപ്പറേഷന്‍ ചെയ്തത്''. വെളിച്ചായപ്പോള്‍ തന്നെ വികടത്തിലാണ്. ഒന്നും പറയുന്നില്ല.


''എപ്പഴാ നമുക്ക് പോണ്ടത്'' കുറെകഴിഞ്ഞപ്പോള്‍ അടുത്ത രാധ ചോദ്യവുമായി വന്നു. ഇന്നലെ വരാന്‍ വിസമ്മതിച്ച ആളാണ് ഇപ്പോള്‍ പോവാന്‍ താല്‍പ്പര്യം കാട്ടുന്നത്.


''എട്ടുമണി കഴിയട്ടെ''.


''പൊടിയരിക്കഞ്ഞി വേണോന്ന് അവനോട് ചോദീക്കിന്‍''. ഇതെന്ത് മറിമായം എന്നയാള്‍ ചിന്തിച്ചു. എത്ര പെട്ടെന്നാണ് സ്വഭാവം മാറി മറിയുന്നത്.


''കഞ്ഞിയൊന്നും വേണ്ടിവരില്ല. അതൊക്കെ അവിടെ ക്യാന്‍റിനില്‍ കിട്ടും''.


''നിങ്ങടടുത്ത് പറഞ്ഞതാ തെറ്റ്യേത്. എന്ത് പറഞ്ഞാലും എതിരേ പറയൂ. അവനെ ഞാന്‍ വിളിച്ച് ചോദിച്ചോളാം'' രാധ ദേഷ്യപ്പെട്ട് പോവുന്നത് കണ്ട് അയാള്‍ ഉള്ളാലെ ചിരിച്ചു.


ഭാഗം : - 108.


പത്മനാഭ മേനോന്‍ ടൌണിലേക്ക് കാറില്‍ പോവുമ്പോഴാണ് കുറുപ്പ് മാഷെ കാണുന്നത്. അയാള്‍ ഡ്രൈവറോട് മാഷടെ സമീപം വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.


''എങ്ങോട്ടാ മാഷേ'' കണ്ണാടി താഴ്ത്തി അയാള്‍ ചോദിച്ചു.


''ടൌണിലേക്ക് പോവാന്‍ ബസ്സുകാത്ത് നില്‍ക്കുകയാണ്'' കാറിന്‍റെ അടുത്തേക്ക് നീങ്ങി മാഷ് മറുപടി നല്‍കി.


''എന്നാല്‍ വരൂ. ഞാനും ടൌണിലേക്കാണ്'' മേനോന്‍ വാതില്‍ തുറന്നു കോടുത്തു. മാഷ് അകത്തേക്ക് കയറി.


''എന്താ ടൌണില്‍ കാര്യം'' വണ്ടി നീങ്ങിയപ്പോള്‍ മേനോന്‍ ചോദിച്ചു.


''പത്മത്തിന് രണ്ട് മരുന്ന് വാങ്ങാനുണ്ട്. അത് ഇവിടുത്തെ മെഡിക്കല്‍ സ്റ്റോറില്‍ കിട്ടാനില്ല''.


''മിസ്സിസ്സിന് ഇപ്പോള്‍ എങ്ങിനെയുണ്ട്''.


''അങ്ങിനെ പോവുന്നു''.


''കുറച്ചുദിവസമായി ചോദിക്കണമെന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്. വിരോധമില്ലെങ്കില്‍ അവര്‍ക്ക് എന്താണെന്ന് പറയൂ''.


''സത്യം പറയാലോ മേനോന്‍ സാറേ. ഞാനും അവളും ഒരുതരം ഒളിച്ചു കളി കളിക്കുകയാണ്''.


''അതെന്താ അങ്ങിനെ. എനിക്കൊന്നും മനസ്സിലാവുന്നില്ല''.


''എന്‍റെ മനസ്സിലുള്ളത് അവളെ അറിയിക്കാതിരിക്കാന്‍ ഞാന്‍ പാടു പെടുകയാണ്.  അതുപോലെ മനസ്സിലുള്ളത് എന്നെ  അറിയിക്കാതെ അവളും സൂക്ഷിക്കുന്നു''.


''നിങ്ങള്‍ രണ്ടുപേരും എന്തോ രഹസ്യം സൂക്ഷിക്കുന്നുണ്ട് എന്ന് മനസ്സിലായി. എന്നാലും അതെന്താണ് എന്ന് അറിയുന്നില്ല''.


''ഉള്ളത് പറയാലോ. മനസ്സിലുള്ളത് തുറന്നുപറയാന്‍ ഒരാളില്ലാത്ത വിഷമത്തിലായിരുന്നു ഞാന്‍. ഇപ്പോള്‍ ഞാനത് മേനോന്‍ സാറിനോട് പറയാന്‍ പോവുകയാണ്. ഒരപേക്ഷയുണ്ട്. ഇതാരും അറിയരുത്''.


''മാഷക്കെന്നെ വിശ്വസിക്കാം. എന്നോട് പറയുന്നത് ഞാനാരോടും പറയില്ല''.


''എന്നാല്‍ കേട്ടോളൂ. എനിക്ക് പറയാനുള്ളത് പത്മാവതിയെപ്പറ്റിയാണ്''.


''എന്താ മാഷേ അവര്‍ക്ക്''.


''പത്മം മെല്ലെ മെല്ലെ മരണത്തോട് അടുക്കുകയാണ്''.


''എന്താ അവര്‍ക്ക് അസുഖം''.


''മേനോന്‍ സാറേ, ശരിക്ക് പറഞ്ഞാല്‍ എന്താ അവര്‍ക്കില്ലാത്ത അസുഖം എന്ന് ചോദിക്കുന്നതാവും എളുപ്പം''.


''ഭാര്യയ്ക്ക് അത്രയധികം അസുഖങ്ങളുണ്ടോ. എന്നിട്ടെന്താ ഇതുവരെ പറയാഞ്ഞത്''.


''ആരോടെങ്കിലും ഞാന്‍ പറഞ്ഞ് അവളുടെ ചെവിയിലെത്തിയാല്‍ എല്ലാം ഞാന്‍  മനസ്സിലാക്കി എന്ന് പത്മം അറിയും. അവളെ അത്  ദുഖിപ്പിക്കും. അതുകൊണ്ട് ഒന്നുമറിയാത്ത മട്ടില്‍ ഞാന്‍ പൊട്ടന്‍കളി കളിക്കുകയാണ്''. 


''എനിക്ക് കാര്യം മനസ്സിലായി. എന്നാലും എന്താ അവരുടെ അസുഖം എന്ന് പറഞ്ഞൂടേ''.


''ഹാര്‍ട്ട് വീക്കാണ്. കിഡ്നിക്ക് പ്രോബ്ലെം ഉണ്ട്. തലയ്ക്കകത്ത് നീര്‍ക്കെട്ട് ഇടക്കിടയ്ക്ക് ഉണ്ടാവാറുണ്ട്. അതാണ് തലചുറ്റി വീഴാന്‍ കാരണം. ഒരു അപൂര്‍വ്വ രോഗമാണത്രേ. സി.ജെ.ഡി. എന്നാണ് അതിന്‍റെ പേര് പറഞ്ഞു തന്നത്. എനിക്കതിനെക്കുറിച്ച് അത്രയൊന്നും അറിഞ്ഞുകൂടാ. രോഗിക്ക് പലതരം രോഗലക്ഷണങ്ങള്‍ ഉണ്ടാവുമെന്ന് പറഞ്ഞു. കാഴ്ച, കേള്‍വി, ഓര്‍മ്മ എന്നിവയ്ക്ക് തകരറ്- സംഭവിക്കാം. ഭാഗ്യവശാല്‍ പത്മതിന്ന് അതൊന്നും ഉണ്ടായിട്ടില്ല''.


''വിദഗ്ദ്ധ ചികിത്സ ചെയ്താലോ''.


''എന്തെങ്കിലും ഒരസുഖമാണെങ്കില്‍ ചെയ്യാമായിരുന്നു. ഇത് അതല്ല.     എന്‍റെ ഒരു സ്റ്റൂഡന്‍റിന്‍റെ അച്ഛന്‍ ഫേമസ് ഡോക്ടറാണ്. പത്മത്തിനെ ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിനെ കാണിച്ചു. വലിയ ഹോപ്പില്ല, മരുന്ന് കഴിച്ച് ആയുസ്സ് നിട്ടിക്കൊണ്ട് പോകാമെന്നല്ലാതെ രോഗം പൂര്‍ണ്ണമായി ഭേദപ്പെടുന്ന കാര്യം ചിന്തിക്കേണ്ടാ എന്നാണ് അദ്ദേഹം പറഞ്ഞത്''.


''ഓപ്പറേഷന്‍ എന്തെങ്കിലും ചെയ്താല്‍ ശരിയാവ്വോ''.


''ഹാര്‍ട്ടിന്‍റെ കാര്യം പറഞ്ഞില്ലേ. ബ്ലോക്ക് ഉണ്ടെങ്കില്‍ ബൈ പാസ്സ് സര്‍ജറി ചെയ്യാം, അല്ലെങ്കില്‍ സ്റ്റെന്‍റ് ഇടാം. ഇത് അതല്ല. കിഡ്നിക്ക് തകരാറ് ഉണ്ട് എന്നേയുള്ളു, ഇപ്പോള്‍ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലല്ല. പക്ഷെ പലവിധ അസുഖങ്ങള്‍ ഉള്ളതുകൊണ്ട് അവളുടെ സ്ഥിതി മോശമാണ്''.


''എത്ര കാലമായി അവര്‍ക്ക് അസുഖം തുടങ്ങിയിട്ട്''.


''സര്‍വ്വീസില്‍നിന്ന് പിരിയുമ്പോള്‍ മിക്കവാറുംപേര്‍ക്ക് എന്തെങ്കിലും അസുഖം ഉണ്ടാവും. പെന്‍ഷന്‍റെ ഒപ്പം കിട്ടുന്ന സമ്പാദ്യമാണ് അത്. അതിനുള്ള ചികിത്സ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വേറൊരു രോഗം തലപൊക്കും. അതങ്ങനെ ക്രമേണ കൂടിക്കൂടി വരും. ഇതുതന്നെയാണ് പത്മത്തിനും പറ്റിയത്. തുടക്കത്തില്‍ ഷുഗറാണ് പ്രശ്നം. അതിനുള്ള ചികിത്സ തുടങ്ങി. മാസംതോറും ബ്ലഡ് ടെസ്റ്റ്, മരുന്നുകള് അങ്ങിനെയാണ് തുടക്കം. പിന്നീട് നടന്ന ടെസ്റ്റുകകളില്‍ പുതിയ അസുഖങ്ങള്‍ കണ്ടെത്തി. മരുന്നുകളും കൂടി. ഒടുവില്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായി''.


''എന്നാലും ഇടയ്ക്കിടയ്ക്കുള്ള തലചുറ്റല്‍ ആരംഭിച്ചിട്ട് എത്ര കാലമായി''.


''രണ്ടുകൊല്ലം ആവും''


''ഇത്രയും മോശമാണ് അവസ്ഥ എന്നറിഞ്ഞിട്ടോ''.


''ഒരുകൊല്ലമാവുന്നു''.


''ഈ വിവരം ഭാര്യയ്ക്ക് അറിയ്യോ''.


''എന്താ അറിയാതെ. അവര്‍ പത്തുമുപ്പതുകൊല്ലം ആസ്പത്രിയുമായി കഴിഞ്ഞതല്ലേ . സ്വന്തം അവസ്ഥ അവര്‍ക്കറിയാം. അതല്ല രസം. ഞാന്‍ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന ധാരണയിലാണ് അവര്‍''. 


''അതെന്താ അങ്ങിനെ തോന്നാന്‍''.


''ഡോക്ടറേ, എനിക്ക് വലിയ അസുഖമൊന്നുമില്ല എന്ന് ഡോക്ടര്‍ എന്‍റെ ഭര്‍ത്താവിനോട് പറയണം. ഇല്ലെങ്കില്‍ അദ്ദേഹം അതാലോചിച്ച് ദുഖിച്ച് മരിക്കും, അസുഖമുള്ളതായി ഭാവിക്കാതെ സന്തോഷത്തോടെ  ചിരിച്ച് കളിച്ച് ഞാന്‍ നടക്കാം എന്നൊക്കെ ഡോക്ടറോട് പത്മം പറഞ്ഞതായി അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ചുരുക്കി പറഞ്ഞാല്‍ അവളുടെ അസുഖം എന്താണെന്ന് എനിക്കും അവള്‍ക്കും അറിയാം. പക്ഷെ അത് എനിക്കറിയില്ല എന്നവള്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്ന് കോട്ടം തട്ടാതിരിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു''. 


''അങ്ങിനെയാണെങ്കില്‍ മാഷ് മരിച്ചാല്‍ എനിക്ക് ആരുമില്ല, അതുകൊണ്ട് രവിക്ക് സ്ഥലം കൊടുത്ത് എനിക്ക് ഒരു തുണ ഉണ്ടാക്കിത്തരണം എന്നു പറഞ്ഞതോ''.


''അതാണ് ബുദ്ധി. അതുപറഞ്ഞാലല്ലേ രവിക്ക് സ്ഥലം കൊടുക്കാന്‍ ഞാന്‍ സമ്മതിക്കൂ. സത്യത്തില്‍ അവളില്ലാതാവുമ്പോള്‍  എനിക്കൊരു തുണ വേണം എന്ന് കണക്കാക്കി അതുണ്ടാക്കാനുള്ള ശ്രമമായിരുന്നു അത്''.


''മാഷക്ക് മക്കള്‍ വേണ്ടാ എന്നുണ്ടോ''.


''എനിക്ക് അങ്ങിനെയൊന്നുമില്ല. പക്ഷെ പത്മത്തിന്ന് കൊടുത്ത വാക്ക് ഞാന്‍ തെറ്റിക്കില്ല. അത് ഞാന്‍ പാലിക്കും''.


''അതൊക്കെ ശരി. പക്ഷെ വയ്യാതാവുമ്പോള്‍ എന്തുചെയ്യും''.


''പത്മം ആഗ്രഹിക്കുന്നതുപോലെ രവിയും കുടുംബവും എന്നും എന്നെ സംരക്ഷിക്കുമോ എന്നറിയില്ല. ഇല്ലെങ്കില്‍ നാട്ടിലെത്രയോ ഓള്‍ഡ് ഏജ് ഹോമുകളുണ്ട്. ഏതെങ്കിലും ഒന്നില്‍ കൂടും. മക്കളുടെ സംരക്ഷണത്തില്‍ കഴിയില്ല''.


''അതൊന്നും വേണ്ടിവരില്ല മാഷേ. ആ സമയത്ത് ഞങ്ങളൊക്കെ ഇവിടെ ഉണ്ടാവുമല്ലോ'' മേനോന്‍ ആശ്വസിപ്പിച്ചു. കാര്‍ ടൌണിലേക്ക് കടന്നു.


ഭാഗം : - 109.


ഹരിദാസന്‍ ചെന്നെയില്‍നിന്ന് തിരിച്ചുവന്നതിന്‍റെ പിറ്റേന്നാണ് കമ്പൌണ്ടര്‍ രാമനെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയത്. ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അന്ന് ചെല്ലാന്‍ നിര്‍ദ്ദേശിച്ചിരുന്നു.


''ഹര്യേട്ടന്‍ വന്നപ്പൊ സമധാനായി'' ഹരിദാസനെ കണ്ടതും രാമന്‍ പറഞ്ഞു.


''ഞാന്‍ പറഞ്ഞില്ലേ ഒരേ ഒരാഴ്ച മാത്രമേ ഞാന്‍ ചെന്നേലുണ്ടാവൂന്ന്. പറഞ്ഞപോലെ മടങ്ങിവന്നതാണ്''.


''എന്തായാലും ആസ്പത്രീലിക്ക് പോവുമ്പഴയ്ക്കും എത്ത്യേലോ''.


''അതിരിക്കട്ടെ. തന്‍റെ അളിയന്മാര് ഇതിനിടേല് എത്രപ്രാവശ്യം വന്നു''.


''ആരും വന്നില്ല'' രാമന്‍റെ മുഖം വാടി ''ഞാന്‍ കരുത്യേപോലത്തെ സ്നേഹം ആര്‍ക്കും എന്നോടില്ല''.


''അത് പറയണ്ട. ഞങ്ങളൊക്കെ തന്നെ സ്നേഹിക്കിണ ആള്‍ക്കാരാണ്. തന്‍റെ അളിയ്ന്മാര്‍ക്ക് സ്നേഹൂല്യാന്ന് പറഞ്ഞോളൂ''.


''അത് ശര്യാണ്. അവരെ നമ്പിക്കൊണ്ടിരുന്നാല്‍ എന്‍റെ അവസ്ഥ എന്താവും''.


''എടോ, താന്‍ അവരെ കുറ്റം പറയുണതില്‍ കാര്യൂല്യാ. അവരേം തന്നേം യോജിപ്പിക്കിണത് തന്‍റെ ഭാര്യാണ്. ഭാര്യ പോയതോടെ ആ ബന്ധൂം പോയി''.


''അങ്ങന്യോന്ന്വോല്ല ഞാന്‍ വിചാരിച്ചത്''.


''അതുപോട്ടെ. ഇന്യേന്താടോ തന്‍റെ ഭാവം. ഞങ്ങള് പറഞ്ഞപോലെ ആ സ്ത്രീയെ കല്യാണം കഴിക്ക്യേല്ലേ''.


''അതിനവര് സമ്മതം പറഞ്ഞ്വോ''.


''ഞാന്‍ വേലപ്പന്‍ നായരോട് ചോദിച്ചറിയാന്‍ പറഞ്ഞിട്ടുണ്ട്. എന്തായി  എന്ന് അന്വേഷിക്കാം''.


''അതറിയട്ടെ. എന്നിട്ട് എന്താച്ചാല്‍ ചെയ്യാം''.


''ഇങ്ങന്യോരു വാക്ക് മതി. ബാക്കി കാര്യം ഞാനേറ്റൂ''.


''മേനോന്‍ സാറും കുറുപ്പ് മാഷും ബാലന്‍ മാഷും കണ്ണന്‍ നായരും ചാമുണ്ണ്യേട്ടനും ഒക്കെ ഈ കാര്യം ചോദിച്ചു. ഹര്യേട്ടന്‍ വരട്ടേന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്''.


ഏതായാലും ഡോക്ടറെ കണ്ട് കാലിലെ പ്ലാസ്റ്റര്‍ നീക്കിയതോടെ രാമന് സന്തോഷമായി.


''പ്ലാസ്റ്റര്‍ വെട്ടി എന്നുകരുതി ഓടിച്ചാടി നടക്കരുത്'' പത്മനാഭ മേനോന്‍ ഉപദേശിച്ചു'' കുറച്ചുകാലത്തേക്ക് ലേശം സൂക്ഷിച്ച് നടക്ക്വാ. ഡോക്ടര്‍ പറഞ്ഞുതന്ന വ്യായാമങ്ങള്‍ ചെയ്യാ''. രാമന്‍ അങ്ങിനെ ചെയ്യാമെന്ന് സമ്മതിച്ചു.


''ഹരി ഒരുകാര്യം ചെയ്യൂ'' കുറുപ്പ് മാഷ് പറഞ്ഞു ''വേലപ്പന്‍ നായരെ കാണാന്‍ കാത്തു നില്‍ക്കണ്ട. ഒന്ന് ഫോണ്‍ ചെയ്ത് വിവരം ചോദിക്കൂ. ഫോണ്‍ നമ്പര്‍ അറിയില്ലേ''.


''ഉവ്വ്. എന്‍റെ ഫോണില്‍ സേവ് ചെയ്തിട്ടുണ്ട്. ഇന്നന്നെ ഞാന്‍ വിളിച്ചു ചോദിക്കാം'' ഹരിദാസന്‍ ഏറ്റു.


വൈകുന്നേരം അമ്പലത്തില്‍ പോവുന്ന വഴിക്ക് എല്ലാവരും രാമനെ ചെന്നുകണ്ടോളാമെന്ന് തീരുമാനിച്ചാണ് പിരിഞ്ഞത്.

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

''ആസ്പത്രീന്ന് ഡിസ്ചാര്‍ജ്ജായി വീട്ടില്‍ ചെന്നാലും അവരിത്തിരി ബുദ്ധിമുട്ടും'' രാധ പറഞ്ഞപ്പോള്‍ കണ്ണന്‍ നായര്‍ അവരെ നോക്കി. ഇനിയെന്താ ഉദ്ദേശം എന്ന് മനസ്സിലാവുന്നില്ല.


''എന്താ നിങ്ങള് പറഞ്ഞത്''.


''കുറച്ച് ദിവസത്തിക്ക് അവള്‍ക്ക് ദേഹം അനങ്ങി പണിചെയ്യാന്‍ പറ്റില്ല. വീട്ടുകാര്യം എന്താവുംന്നാ ചോദിച്ചത്''.


''അതിന് അവളുടെ അമ്മ കൂടേല്യേ''.


''നിങ്ങള് നല്ല ആളാണ്. വയ്യാണ്ടെ കിടക്കുണ മകള്. രണ്ടുമൂന്ന് കുട്ട്യേള്. പണിക്ക് പോവുണ മരുമകന്‍. ആ തള്ള എന്തൊക്കെ കൂടീട്ടാ ചെയ്യാ''. 


രാധയേക്കാള്‍ ഒന്നോ രണ്ടോ വയസ്സേ മരുമകളുടെ അമ്മയ്ക്കുള്ളു. അവരെയാണ് തള്ള എന്ന് വിളിക്കുന്നത്.


''ചിലപ്പൊ പണിക്ക് ആരേങ്കിലും നിര്‍ത്തീട്ടുണ്ടാവും''.


''നിങ്ങള്‍ക്ക് പ്രാന്താണ്. അതിനുമാത്രം കെട്ടിയിരുപ്പ് അവര്‍ക്കുണ്ടോ''.


''നമുക്കെന്താ ചെയ്യാന്‍ പറ്റ്വാ''.


''ചെറ്യേ ചെക്കനെ ഇങ്കിട്ട് കൂട്ടീട്ട് വന്നാലോ. അതിനെ സ്കൂളില്‍ ചേര്‍ത്തീട്ടില്ലല്ലോ''.


''അച്ഛനേം അമ്മേം വിട്ട് കുട്ടി ഇവിടെ നില്‍ക്ക്വോ''.


''അത് വേറെ കാര്യം. നമ്മള് ചോദിച്ചില്ലാന്ന് പറയില്ലല്ലോ''.


''എന്നാല്‍ ചോദിച്ചോളൂ''.


''വൈകുന്നേരം അവന്‍ ജോലി കഴിഞ്ഞ് വരട്ടെ. എന്നിട്ട് ഞാന്‍ വിളിച്ച് ചോദിക്കാം''. കണ്ണന്‍ നായര്‍ അതിന്ന് സമ്മതിച്ചു.


ഭാഗം : - 110.


''ചേച്ചീ, മറ്റന്നാള്‍ ഞായറാഴ്ച രമേശന്‍റെ മൂന്നാമത്തെ പിറന്നാളാണ്'' വൈകുന്നേരം പതിവുപോലെ വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ പത്മാവതിയമ്മയോട്  സരള പറഞ്ഞു.


''എന്താ അന്ന് നാള്''.


''പൂരം. വെളുത്ത പക്ഷത്തിലാ അവന്‍ ജനിച്ചത്. നല്ല ചന്ദ്രബലൂള്ള ജാതകാണ് കുട്ടിടെതെന്ന് പണിക്കര് പറഞ്ഞിട്ടുണ്ട്''.


''അവന്‍ ദീര്‍ഘായുസ്സോടെ നന്നായി ഇരിക്കട്ടെ''.


''ഞാനൊരു കാര്യം പറഞ്ഞാല്‍ ചേച്ചിക്ക് എന്തെങ്കിലും തോന്ന്വോ''.


''എന്തിനാ ഇതൊക്കെ ചോദിക്കിണത്. സരള പറഞ്ഞോളൂ''.


''കുട്ടിടെ പിറന്നാളല്ലേ. ഗംഭീരായിട്ടൊന്നും ഇല്ലെങ്കിലും ചെറുക്കനെ ഒരു സദ്യ ഉണ്ടാക്കണംന്ന് വിചാരിക്കുണൂ. ചേച്ചിക്കും മാഷക്കും ഞങ്ങടെ കൂടെ ഊണുകഴിച്ചൂടേ''.


''ഇതാണോ ഇത്ര കാര്യായിട്ട് ചോദിക്കാനുള്ളത്. നമ്മളെല്ലാരുംകൂടി അവന്‍റെ പിറന്നാള്‍ ഗംഭീരാക്കും''. അമ്പലത്തില്‍നിന്ന് മാഷ് വന്നപ്പോള്‍ അവര്‍ ഈ കാര്യം അവതരിപ്പിച്ചു. ''അതിനെന്താ, ആയിക്കോട്ടെ'' എന്ന് മാഷും പറഞ്ഞു.


''ഇങ്ങിനെ പറഞ്ഞതോണ്ട് മാത്രം പോരാ. അവന് എന്തെങ്കിലും വാങ്ങി കൊടുക്കണ്ടേ''.


''എന്ത് വാങ്ങാനാ തന്‍റെ ഉദ്ദേശം ''.


''ഒരുജോഡി ഡ്രസ്സ് വാങ്ങിക്കൊടുക്കാം. എന്താ അതു പോരെ''.


''ഒക്കെ പത്മത്തിന്‍റെ ഇഷ്ടം''.


''കൂട്ടത്തില്‍ ആ പെണ്‍കുട്ടിക്കും ഉടുപ്പ് വാങ്ങിക്കൊടുക്കാം. അതിന് കിട്ടീലല്ലോ എന്ന സങ്കടാവണ്ട''.


''അങ്ങിനെയാണെങ്കില്‍ അവള്‍ക്കും വാങ്ങികൊടുത്തോളൂ''.


''എന്നാല്‍ നാളെ പോയി വാങ്ങാല്ലേ''.


''പൈസ കൊടുത്താല്‍ പോരേ. അവര് പോയി വാങ്ങിച്ചോട്ടെ. നമുക്ക് അളവ് അറിയില്ലല്ലോ''.


''അത് മോശാണ്. നാളെ രവിക്ക് വര്‍ക്ക്ഷോപ്പില് പണീണ്ടാവും. രജനി ക്ലാസ്സിനും പോവും. നമുക്ക് സരളേം കുട്ട്യേളേം കൂട്ടി ടൌണില്‍ പോയി നല്ലത് നോക്കി വാങ്ങാം''.


''കുട്ടികളെ ബസ്സില്‍ കൊണ്ടുപോവുന്നത് ബുദ്ധിമുട്ടാണ്''.


''ഞാന്‍ രാധ ടീച്ചറെ വിളിച്ച് ഓട്ടോ അയച്ചുതരാന്‍ പറയാം. പിന്നെന്താ പ്രശ്നം''. 


കുട്ടികള്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയിട്ട് വളരെ നാളായിട്ടുണ്ട്. അവര്‍  അതുകൊണ്ടുതന്നെ യാത്ര ആസ്വദിച്ചു. വിലകൂടിയ വസ്ത്രങ്ങളാണ് പത്മാവതിയമ്മ സെലെക്ട് ചെയ്തത്.


''ഇത്ര വില കൂട്യേതൊക്കെ എന്തിനാ ചേച്ചീ'' സരള ചോദിച്ചു.


''ഇക്കൊല്ലം എല്ലാരും ഉണ്ട്. അടുത്ത കൊല്ലം ആരുണ്ട്, ആരില്ല എന്ന് പറയാന്‍ പറ്റ്വോ. അപ്പൊ ഉള്ളപ്പൊ ആഘോഷീക്ക്യാ''.


''അത്ര തോനെ വയസ്സൊന്നും ആരക്കും ആയിട്ടില്ല. ഇനീം കുറെകാലം എല്ലാരും ഉണ്ടാവും'' സരള മറുപടി നല്‍കി. 


തുണിക്കടയില്‍നിന്ന് അവര്‍ ചെന്നത് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയിലേക്കാണ്. രമേശന് ഒരു കരടി വാങ്ങി. പ്രത്യുഷ ഒരു നായയെ നോക്കി നില്‍ക്കുകയാണ്. കാഴ്ചയ്ക്ക് ജീവനുള്ളതാണന്നേ തോന്നൂ.


''എന്താ നിനക്കിത് വേണോ'' പത്മാവതിയമ്മ ചോദിച്ചു. വേണമെന്ന മട്ടില്‍ കുട്ടി തലയാട്ടി.


''എന്താ ഇതിന്‍റെ വില'' അവര്‍ കടയിലെ ജീവനക്കാരനോട് ചോദിച്ചു.


''ആയിരം രൂപയേ ഉള്ളൂ''.


''ചേച്ചീ, വെറുതെ കാശ് കളയണ്ട'' സരള ഇടപെട്ടു. പത്മാവതിയമ്മ അതിന്ന് ചെവികൊടുത്തില്ല. 

പിറന്നാളിന്ന് അലങ്കരിക്കാന്‍ മാലകളും ബലൂണുകളും രണ്ട് തൊപ്പികളും പോപ്പറും സ്നോയും ഒക്കെവാങ്ങി കേക്കും ഏര്‍പ്പാടാക്കി ഹോട്ടലില്‍ കയറി ചായയും കുടിച്ചിട്ടാണ് അവര്‍ വീട്ടിലേക്ക് തിരിച്ചത്. വരുന്നവഴി കടയില്‍കയറി സദ്യക്ക് വേണ്ട പച്ചക്കറിയും സാധനങ്ങളും വാങ്ങാന്‍ അവര്‍ മറന്നില്ല. വീട്ടില്‍ എത്തിയതും പത്മാവതിയമ്മ ഓട്ടോ ചാര്‍ജ്ജ് കൊടുക്കാനൊരുങ്ങി.


''കാശ് വാങ്ങണ്ടാന്ന് പറഞ്ഞിട്ടുണ്ട്'' ഡ്രൈവര്‍ പറഞ്ഞു.


''അത് ശര്യല്ല. പള്ളി വേറെ, പള്ളികൂടം വേറെ എന്നാ പറയ്യാ. എത്ര്യാ കാശ്‌ച്ചാല്‍ പറയ്''. മടിച്ചുമടിച്ചാണ് അവന്‍ ചാര്‍ജ്ജ് പറഞ്ഞത്. അവര്‍ ആ കാശ് കൊടുത്തു. ഓട്ടോ പടികടന്ന് പോയി.

^^^^^^^^^^^^^^^^^^^^^^^^^^^^^^

''എത്ര ദിവസായി പെണ്ണിനെ ആസ്പത്രീന്ന് കൊണ്ടുവന്നിട്ട്. ഒന്ന് വിളിക്ക്വേ, വിവരം പറയ്യേ ചെയ്തിട്ടുണ്ടോ'' രാധ ഭര്‍ത്താവിനോട് പരാതി പറഞ്ഞു.


''പ്രത്യേകിച്ച് ഒന്നൂണ്ടാവില്ല. അതാവും പറയാത്തത്. അത്വോല്ല, കുട്ട്യേ ഇങ്കിട്ട് കൊണ്ടുവരണോന്ന് ചോദിച്ചിട്ട് രണ്ട് ദിവസോല്ലേ ആയിട്ടുള്ളു'''.


''അത് ശര്യല്ല. നമ്മള് കാണാന്‍ ചെന്നപ്പഴേ ദിവസൂം വിളിച്ച് പറയണ്ട ചുമതല അവര്‍ക്കുണ്ട്''.


''അത്രയ്ക്കൊന്നും അവര് ആലോചിച്ചിട്ടുണ്ടാവില്ല''.


''നാളെ ഞായറാഴ്ച്യേല്ലേ. മകന് ഒഴിവാണ്. നമുക്കൊന്ന് അവിടംവരെ പോയി നോക്ക്യാലോ''. മക്കളും മരുമക്കളും അത്തവും ചതുര്‍ത്ഥിയും ആയിരുന്നു. എത്ര പെട്ടെന്നാണ്  ഇവര്‍ക്ക് മാറ്റം ഉണ്ടായത്.


''എനിക്ക് വിരോധൂല്യാ. നിങ്ങള്‍ക്കല്ലേ വിരോധം''.


''ഇതാ തുടങ്ങി കുറ്റം പറയാന്‍. അവര് പിണങ്ങി പിരിഞ്ഞിട്ടും ഞാന്‍ ക്ഷമിച്ചില്ലേ. എന്‍റെ മനസ്സിന്‍റെ ഗുണം ആരക്കും അറിയില്ല''.


''നിങ്ങള് വിഷമിക്കാന്‍വേണ്ടി പറഞ്ഞതല്ല. അമ്മ ചെല്ലുണത് മക്കള്‍ക്ക് സന്തോഷം തന്നെ. നമുക്ക് പോവാം''.


''എന്നാല്‍ ഡ്രൈവര്‍ ചെക്കനെ വിളിച്ച് നാളെക്ക് ട്രിപ്പ് ഏല്‍ക്കണ്ടാന്ന് പറയട്ടെ''. രാധ ഫോണ്‍ ചെയ്യാന്‍ പോവുന്നത് കണ്ട് കണ്ണന്‍ നായര്‍ നെടുവീര്‍പ്പിട്ടു.


No comments:

Post a Comment

അദ്ധ്യായം 111-120

 ഭാഗം : - 111. മുന്നറിയിപ്പ് നല്‍കാതെയാണ് കണ്ണന്‍ നായരും രാധയും മകന്‍റെ വീട്ടിലേക്ക് ചെന്നത്. ''പോണ വിവരം വിളിച്ച് പറയണ്ടേ''...