Saturday, 12 October 2024

അദ്ധ്യായം 71-80

 ഭാഗം : - 71.


''എന്താ നിങ്ങള് ഒന്നും പറയാണ്ടെ ആലോചിച്ചോണ്ടിരിക്കിണത്'' കണ്ണന്‍ നായര്‍ മറുപടി പറയുന്നില്ല എന്നു കണ്ടപ്പോള്‍ രാധ ടീച്ചര്‍ ചോദിച്ചു.


''ഊണുകഴിഞ്ഞിട്ട് പോയാല്‍ മത്യോ അതോ ഇപ്പത്തന്നെ പോണോന്ന് ആലോചിക്ക്യായിരുന്നു''.


''എവടയ്ക്ക് പോണത്. കാറ് വിക്കുണ കടേലിക്കോ''.


''അല്ല. ഡോക്ടറെ കാണാന്‍''.


''അതിന് ആരക്കാ സൂക്കട്. ഏത് ഡോക്ടറ്യാ കാണാനാ പോണത്''.


''സൂക്കട് തനിക്കന്നെ. തന്നെ മാനസീകചികിത്സ ചെയ്യുണ ഡോക്ടറെ കാണിക്കാനാ പോണത്''.


''വെറുതെ എന്‍റെ വായിന്ന് വല്ലതും കേള്‍ക്കണ്ട. പ്രാന്ത് എനിക്കല്ല. നിങ്ങടെ കള്ള കെട്ട്യോള്‍ക്കാ''.


''അങ്ങനെ ഒരാളില്ലല്ലോ. പിന്നെ താന്‍ പറഞ്ഞ വര്‍ത്തമാനം കേട്ടാല്‍ തനിക്ക് ഭ്രാന്താണോന്ന് ആരക്കും തോന്നും''.


''ഇതിലെന്താപ്പൊ ഇത്ര കുറ്റം പറയാന്‍. ഇന്നത്തെകാലത്ത് എല്ലാവീട്ടിലും കാറുണ്ട്''.


''കാറ് വാങ്ങുണോരക്ക് അതിന്‍റെ ആവശ്യൂണ്ടാവും. നമുക്ക് എവടയ്ക്കും പോവാനൂല്യാ, അങ്ങന്യൊരു സാധനം നിര്‍ത്തി പോറ്റാനുള്ള വകീം ഇല്ല''.


''എങ്കിട്ടെങ്കിലും പോവാനുണ്ടായിട്ടല്ല ആള്‍ക്കാര് കാറ് വാങ്ങുണത്. അതൊരു അന്തസ്സാണ്. പിന്നെ ചിലവിന്‍റെ കാര്യം. വണ്ടി ഓടുമ്പഴല്ലേ പെട്രോള്‍ വേണ്ടൂ. അല്ലാത്തപ്പൊ ചിലവില്ലല്ലോ''.


''എന്തറിഞ്ഞിട്ടാ ഈ പറയുണ്. വണ്ടി വാങ്ങ്യാല്‍ ടാക്സ്, ഇന്‍ഷൂറന്‍സ് എന്നൊക്കെ പറഞ്ഞ് ഒരുപാട് ചിലവുണ്ട്. പിന്നെ ഓടിക്കാന്‍ ഒരാള് വേണം. അവന് ശമ്പളം കൊടുക്കണ്ടേ''.


''അമ്പലം മണ്ണാങ്കട്ടി എന്നൊക്കെ പറഞ്ഞ് നടക്കിണില്ലേ. ആ നേരം വണ്ടി ഓടിക്കാന്‍ പഠിക്കിന്‍''.


''തന്‍റടുത്ത് പറഞ്ഞിട്ട് കാര്യൂല്യ. കാശ് മുടക്കി കാറ് വാങ്ങി വീടിന്‍റെ മുമ്പിലത് മുടക്കാചരക്കായി നിര്‍ത്തീട്ടെന്താ കാര്യം''.


''നമുക്കൊരു ഡ്രൈവറെവെച്ച് വാടകയ്ക്ക് വിടാം. അപ്പൊ കൈ നിറയെ കാശ് വരും. കാറിന് കാറ് ആവും ചെയ്യും''.


''വാടകയ്ക്ക് വിടണച്ചാല്‍ ചെറ്യേ കാറ് പോരാ. അതിന്  രുഗ്മിണി  ടീച്ചറ് വാങ്ങുണതുപോലത്തെ വേണം. നമ്മളെക്കൊണ്ട് അതാവില്ല''.


''എന്ത് പറഞ്ഞാലും അപ്പൊ തുടങ്ങും എതിര് പറയാന്‍. നിങ്ങള് കാറ് വാങ്ങണ്ട. എനിക്ക് പറ്റ്വോന്ന് നോക്കട്ടെ''.


''വെറുതെ വേണ്ടാത്ത പണിക്ക് നില്‍ക്കണ്ട. ഒടുക്കം പുലിവാലാവും''.


''ഇനി നിങ്ങടടുത്ത് ഞാനൊന്നും പറയുണില്ല. എനിക്കറിയാം എന്താ വേണ്ടേന്ന്''. ടീച്ചര്‍ എഴുന്നേറ്റ് അകത്തേക്ക് ചെന്നു.


%%%%%%%%


രണ്ടുദിവസം കഴിഞ്ഞപ്പോള്‍ രാധ ടീച്ചര്‍ അമ്മിണിയെ കണ്ടുമുട്ടി. വീട് അടിച്ചുവൃത്തിയാക്കാന്‍ വന്നതാണ് അമ്മിണി, രാധ ടീച്ചര്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനും.


''കുട്ട്യേ ഇപ്പൊ കണ്ടത് നന്നായി. കുട്ടിടടുത്ത് ഒരുകാര്യം ചോദിക്കണംന്ന് വിചാരിച്ച് ഇരിക്ക്യാണ്'' ടീച്ചര്‍ പറഞ്ഞു.


''എന്താ ടീച്ചര്‍ക്ക് ചോദിക്കാനുള്ളത്''.


''കുട്ടിക്ക് കാറോടിക്കാന്‍ അറിയ്യോ''. അമ്മിണിയ്ക്ക് ചിരിയും ദേഷ്യവും ഒന്നിച്ച് വന്നു. ഇയമ്മയ്ക്കെന്താ പ്രാന്തുണ്ടോ. ചോദിക്കാന്‍ കണ്ട ഒരു വിഷയം. എങ്കിലും അവള്‍ സംയമനം പാലിച്ചു.


''എനിക്കറിയില്ല. എന്തേ ചോദിക്കാന്‍''.


''വീട്ടില് അറിയിണ ആളുണ്ടാവുമ്പൊ പഠിക്കാനെന്താ ബുദ്ധിമുട്ട്''.


''ബുദ്ധിമുട്ട് ഉണ്ടായിട്ടല്ല. അതിന്‍റെ ആവശ്യൂല്യല്ലോ''.


''എനിക്ക് ഡ്രൈവിങ്ങ് പഠിക്കണംന്നുണ്ട്''.


''എന്താ ടീച്ചര്‍ കാറ് വാങ്ങാന്‍ പോണുണ്ടോ''.


''വാങ്ങണംന്ന് ഒരു മോഹൂണ്ട്. രുഗ്മിണി ടീച്ചറും വാങ്ങുണുണ്ട്''. പിന്നെ നിവൃത്തിയില്ല. അവര് വാങ്ങിയാല്‍ ഇവര്‍ക്ക് വാങ്ങാതെ പറ്റില്ലല്ലോ. ഇങ്ങിനെ ഒരു വെളിവുകെട്ട സാധനം എങ്ങിനെ ടീച്ചറായി എന്നറിയില്ല. ഇവര് പഠിപ്പിച്ച കുട്ട്യേളടെ ഗതി അധോഗതിതന്നെ.


''നല്ല കാര്യം. ഒന്നോ രണ്ടോ കാറ് വാങ്ങിക്കോളൂ''.


''ഇപ്പൊ ഒന്നേ വാങ്ങുണുള്ളു. വേണച്ചാല്‍ പിന്നെ ഒന്നുംകൂടി വാങ്ങാം. പക്ഷെ ഒരുകുഴപ്പം. കണ്ണേട്ടനും എനിക്കും വണ്ടി ഓടിക്കാന്‍ അറിയില്ല''.


''അതിനെന്താ.  പഠിച്ചാല്‍ പോരേ''.


''കുട്ടി ഒരു ഉപകാരം ചെയ്യോ. വേലപ്പേട്ടന്‍റടുത്ത് എന്നെ ഡ്രൈവിങ്ങ് പഠിപ്പിച്ചു തരാന്‍ പറയ്യോ. എന്താ വേണ്ട്ച്ചാല്‍ ഞാന്‍ കൊടുക്കാം''. അമ്മിണിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു.


''അതാലോചിച്ച് ഇരിക്കണ്ട. മൂപ്പരക്ക് ഒഴിവുണ്ടാവില്ല. ടീച്ചറ് വല്ല ഡ്രൈവിങ്ങ് സ്കൂളിലും ചേര്‍ന്നോളൂ'' മറുപടിക്ക് കാത്തുനില്‍ക്കാതെ അമ്മിണി നടന്നു.


ഭാഗം : - 72.


''എന്താ കണ്ണന്‍ നായരേ, നിങ്ങള്‍ക്കിന്നൊരു വല്ലായ്മ. വന്നപ്പൊ മുതല്‍ ഞാന്‍ കാണുണതാണ്'' ശിപായി ചാമുണ്ണി  ചോദിച്ചു.


''ഞാനും ശ്രദ്ധിച്ചു'' പത്മനാഭമേനോന്‍ പറഞ്ഞു ''തനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ''.


''വല്യോരു പ്രയാസത്തിലാണ്'' കാറ് വാങ്ങണമെന്നുള്ള ഭാര്യയുടെ ആവശ്യം കണ്ണന്‍ നായര്‍ വിവരിച്ചു ''വീട്ടിലെ പെണ്ണുങ്ങള്‍ ഇങ്ങിനെ തുടങ്ങ്യാല്‍ നമ്മളെന്താ ചെയ്യാ''.


''ഓരോ വീട്ടിലും ഒരോ പ്രശ്നമുണ്ട്'' കുറുപ്പ് മാഷ് പറഞ്ഞു ''എന്‍റെ വീട്ടില്‍ വാടകയ്ക്കൊരുകൂട്ടര്‍ താമസിക്കുന്നുണ്ട്. സര്‍വ്വനേരത്തും പത്മാവതി അവരുടെ കൂടെയാണ്. അവര്‍ക്കെന്ത് കൊടുത്താലും അവള്‍ക്ക് പോരാ''.


''എന്‍റെ ഭാര്യ വേറൊരു രീതിയിലാണ്'' പത്മനാഭമേനോന്‍ പറഞ്ഞു ''ഏതെങ്കിലും കല്യാണത്തിന് പോയിവന്നാല്‍ അവളുടെ ചോദ്യമുണ്ട്. നോക്കൂ, ആ മാലതി ടീച്ചര്‍ ഇട്ട മാല കണ്ട്വോ, അല്ലെങ്കില്‍ ശാന്തയുടെ കയ്യിലെ വള കണ്ട്വോ എന്നൊക്കെയാവും ചോദ്യം. ഞാനെന്താ അത് നോക്കിയിരിക്കുകയാണോ. പിന്നെ ഇപ്പോഴുള്ള ആഭരണം കൊടുത്തു മാറ്റണം. ഓരോ തവണ സ്വര്‍ണ്ണം മാറ്റി വാങ്ങുമ്പോഴും എത്ര പണമാണ് നഷ്ടമാവുന്നത്''.


''അതൊക്കെ നോക്കുമ്പോള്‍  എന്‍റെ വീട്ടുകാരി എത്രയോ മെച്ചമാണ്'' ബാലന്‍ മാഷ് അറിയിച്ചു ''മൂപ്പത്ത്യാര്‍ക്ക് ഇടയ്ക്കിടയ്ക്ക് രുചീള്ള ആഹാരം വേണം. ഹോട്ടലിലേക്ക് വിളിച്ച് ഓര്‍ഡര്‍ കൊടുക്കും. അവര് സാധനം വീട്ടിലെത്തിക്കും. ആഴ്ചേല് ചുരുങ്ങ്യേത് രണ്ടുതവണ ഇതാ പരിപാടി''.


''വെറുത്യല്ല അവര് വീപ്പക്കുറ്റിപോലെ വീങ്ങി വരുണത്'' കമ്പൌണ്ടര്‍ രാമന്‍ പറഞ്ഞു.


''വേണ്ടാത്ത കൂട്ടംകൂടണ്ടടോ'' മേനോന്‍ ശാസിച്ചു ''മനുഷ്യര് തടിച്ചിട്ടും മെലിഞ്ഞിട്ടും ഒക്കത്തന്ന്യാണ് ഉണ്ടാവ്വാ''.


''നമ്മള്‍ സ്ത്രീകളെ കുറ്റം പറയുന്നു. അവരോട് ചോദിച്ചാലറിയാം നമുക്ക് എന്തെല്ലാം തകരാറുണ്ടെന്ന്'' കുറുപ്പ് മാഷ് പറഞ്ഞു.


''അത് മാഷ് പറഞ്ഞത് ശരിയാണ്'' മേനോന്‍ സമ്മതിച്ചു ''നമ്മുടെ തെറ്റോ കുറവോ ഒന്നും നമുക്കറിയില്ലല്ലോ'' 


''കുറച്ചായി പത്മാവതി എന്ത് പറഞ്ഞാലും ഞാന്‍ എതിര് പറയാറില്ല. ഈ ജന്മം മുഴുവന്‍ എന്‍റെ ഇഷ്ടത്തിന് നിന്നതല്ലേ അവള്‍. ഞങ്ങള്‍ രണ്ടാള്‍ക്കും പ്രായമായി. രണ്ടാളും വേര്‍പിരിയാനുള്ള സമയം അടുത്തടുത്തുവരുന്നു. ആ നേരത്ത് അവരെ വേദനിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല''.


''എന്തിനാ മാഷേ വേണ്ടാത്തത് പറയുണത്. വെറുതെ ഉള്ള സന്തോഷംകൂടി കെടുത്താന്‍'' രാമന് മാഷ് പറഞ്ഞത് രസിച്ചില്ല. 


''എന്താടോ, മരണത്തിന്‍റെ കാര്യം പറയുമ്പോഴയ്ക്കും താന്‍ പേടിച്ച്വോ. പേടിച്ചാലും ഇല്ലെങ്കിലും അതൊരു വാസ്തവമാണ്. ജനിച്ചാല്‍ മരിക്കും. അത് വെറുമൊരു മാറ്റം. അത്രതന്നെ. അല്ലാതെ ഒന്നും ഇല്ലാതാവുന്നില്ല''.


''അതെങ്ങന്യാ ശരിയാവ്വാ. മരിച്ചാല്‍ ആ ആള് പോയില്ലേ''.


''അവിടെയാണ് തെറ്റിയത്. അത് വെറും തോന്നലാണ്''.


''എന്താ ഇങ്ങിനെ പറഞ്ഞാല്‍ ചെയ്യാ. ചത്തുപോയ ആരേങ്കിലും പിന്നെ കണ്ടിട്ടുണ്ടോ''.


''ഇല്ല. സമ്മതിച്ചു. പക്ഷെ മരണത്തോടെ രൂപം മാത്രമേ നശിക്കുന്നുള്ളു. അയാളുടെ ആത്മാവ് നശിക്കില്ല''.


''മാഷേ, ഞങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പറഞ്ഞുതരിന്‍'' ശിപായി ചാമുണ്ണി ആവശ്യപ്പെട്ടു.


''ശരി. എനിക്ക് അറിയുന്നതുപോലെ പറഞ്ഞുതരാം നിങ്ങള്‍ ദേഹി എന്നും ദേഹം എന്നും കേട്ടിട്ടുണ്ടോ. അല്ലെങ്കില്‍ അത് വേണ്ടാ.  ആത്മാവ് ശരീരം എന്നൊക്കെ കേട്ടിട്ടുണ്ടാവും''.


''ഉവ്വ്. അതൊക്കെ എനിക്കറിയാം''.


''എന്നാല്‍ ഇവ തമ്മില്‍ ഒരു ബന്ധമുണ്ട്. ഒരുപമ്പ് സെറ്റിനെ ഓര്‍ത്തു നോക്കൂ. സ്വിച്ചിട്ടാല്‍ അത് വെള്ളം വലിച്ചുകയറ്റും. അതുപോലെ ഒരു കാറ് സ്റ്റാര്‍ട്ട് ചെയ്ത് പെട്രോള്‍ കത്തുമ്പോള്‍ അത് ഓടും. ആ പമ്പ് സെറ്റും കാറും പോലെയാണ് ശരീരം. കറണ്ടും പെട്രോള്‍ കത്തിച്ചാല്‍ ഉണ്ടാവുന്ന ശക്തിയും പോലെയാണ് ആത്മാവ്. എന്നുവെച്ചാല്‍ ഒരു ഊര്‍ജ്ജം. അത് ഇല്ലാതായാല്‍ ശരീരം അനങ്ങില്ല''.


''അതൊക്കെ എനിക്കറിയാം''.


''സമ്മതിച്ചു. എന്നാല്‍ അറിയാത്ത ചിലതുണ്ട്. ഊര്‍ജ്ജം എന്ന് ഞാന്‍ പറഞ്ഞല്ലോ. അതായത് പ്രവര്‍ത്തിക്കാനുള്ള ശക്തി. ഒരിക്കലും അത് ഇല്ലാതാവുന്നില്ല. ഊര്‍ജ്ജത്തെ ഒരുതരത്തില്‍നിന്ന് മറ്റൊന്നാക്കി മാറ്റാന്‍ മാത്രമേ കഴിയൂ, അതിനെ ഉണ്ടാക്കാനോ ഇല്ലാതാക്കാനോ കഴിയില്ല. ഇത് ഞാന്‍ പറയുന്നതല്ല. ശാസ്ത്രം പറയുന്നതാണ്. അങ്ങിനെ നോക്കുമ്പോള്‍ ആത്മാവ് വേറൊരു വിധത്തിലുണ്ടാവും എന്നല്ലേ കരുതേണ്ടത്''.


''പക്ഷെ അതിനെ കാണാന്‍ പറ്റില്ലല്ലോ''.


''കറണ്ടിനേയോ, പെട്രോള്‍ കത്തുമ്പോഴുണ്ടാവുന്ന ശക്തിയേയോ നമ്മള്‍ കാണാറുണ്ടോ. അതുപോലെത്തന്നെ ഇതും''.


''അപ്പൊ ഈ ആത്മാക്കളെല്ലാം ഭൂമീല്‍ത്തന്നെ ഉണ്ടാവ്വോ''..


''നമ്മള്‍ ഭൂമിയെ മാത്രം കണക്കാക്കുന്നതുകൊണ്ടാണ് അങ്ങിനെ തോന്നുന്നത്. ഈ പ്രപഞ്ചത്തില്‍ കോടാനുകോടി നക്ഷത്രങ്ങളുണ്ട്. അവയില്‍ മിക്കതിനും ഗ്രഹങ്ങളുണ്ട്. അതില്‍ ചിലതില്‍ ജീവന്‍റെ സാദ്ധ്യതയുണ്ട്. ആത്മാവ് എന്നുപറയുന്ന ശക്തി അതില്‍ ഏതെങ്കിലും ഒരുസ്ഥലത്തേക്ക് പോയാലോ''.


''അങ്ങനെ ആലോചിക്കുമ്പൊ ഒന്നും ഇല്ലാണ്ടാവിണില്ല''.


''അതെ. ശരീരത്തിന്‍റെ കാര്യവും അതുപോലെത്തന്നെ. ഈ ഭൂമിയിലെ വിവിധ പദാര്‍ത്ഥങ്ങള്‍ ചേര്‍ന്നതാണ് ശരീരം. മണ്ണില്‍ കുഴിച്ചിട്ടാലോ, കത്തിച്ചു കളഞ്ഞാലോ അത് ഭൂമിയില്‍ തന്നെ ലയിക്കും''.


''ഇങ്ങിനെ ആലോചിച്ചാല്‍ എന്തിനാ അര്‍ത്ഥൂള്ളത്''.


''വേണമെങ്കില്‍ ഇല്ല എന്നുപറയാം. അല്ലെങ്കില്‍ ജീവിക്കുന്നതിന്ന് അര്‍ത്ഥം ഉണ്ടെന്ന് വിചാരിക്കാം''.


''ഇപ്പഴും ഒന്നും മനസ്സിലായില്ല''.


''പെട്രോള്‍ കത്തുമ്പോള്‍ കാറ് ഓടുന്നു. അത് അതിന്‍റെ ധര്‍മ്മമാണ്. അതുപോലെ മനുഷ്യനായി ജനിച്ചാല്‍ ചിലതൊക്കെ ചെയ്യാനുണ്ട്.    അതാണ് മനുഷ്യധര്‍മ്മം''.


''മതി മാഷേ, മതി. ഇതൊക്കെ ആലോചിച്ചാല്‍ അന്തം കിട്ടില്ല''.


''ഇത്രയൊക്കെ പറഞ്ഞു. കണ്ണേട്ടന് ഒരുവഴി പറഞ്ഞുകൊടുത്തില്ല'' ബാലന്‍ മാഷ് പറഞ്ഞു.


''നമ്മള്‍ പറഞ്ഞുകൊടുക്കുന്നതുകൊണ്ട് കാര്യമില്ല. കണ്ണനും ഭാര്യയും കൂടി ആലോചിച്ച് ഒരു തീരുമാനം എടുക്കണം. നമ്മള്‍ പറയുന്നത് അവര്‍ക്ക് ബോധിച്ചു എന്ന് വരില്ല'' മേനോന്‍ പറഞ്ഞു. 


''പെണ്ണുങ്ങള് ഇമ്മാതിരി തിമിര് കാട്ടുമ്പൊ കൊരട്ടാണി നോക്കി ഒന്ന് കൊടുക്ക്വാണ് വേണ്ടത്'' ശിപായി ചാമുണ്ണി അഭിപ്രായപ്പെട്ടു.


''എന്താ ചെയ്യാ ചാമുണ്യേട്ടാ. എന്‍റടുത്ത് പിഴവ് പറ്റി. ടീച്ചറല്ലേന്ന് കരുതി തുടക്കംമുതലേ ഞാനവളോട് താണുനിന്നു. അവളത് മുറുകെ പിടിച്ചു. ഇപ്പൊ ഞാനെന്തെങ്കിലും പറഞ്ഞാല്‍ അവളെന്നെ മിരട്ടും'' കണ്ണന്‍ നായര്‍ സങ്കടം പറഞ്ഞു.


''ഇനി നിവൃത്തീല്യാ. അനുഭവിച്ചോളിന്‍''


കാറ്റത്ത് ഏതാനും ആലിലകള്‍ പൊഴിഞ്ഞു. വട്ടം കറങ്ങി അവ അവരുടെ മുന്നില്‍ വന്നുവീണു.


 ഭാഗം : - 73.


അടുത്ത നാലുദിവസത്തേക്ക് രാധ ടീച്ചര്‍ കാറ് വാങ്ങുന്ന കാര്യം ഭര്‍ത്താവിനോട് സംസാരിച്ചതേയില്ല. സാധാരണ മനസ്സില്‍ ഒരു കാര്യം തോന്നിയാല്‍ അത് നടക്കുന്നതുവരെ ടീച്ചര്‍ അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ഇക്കുറി യാതൊന്നും പറയുന്നില്ല.  ആ മോഹം ഭാര്യ ഉപേക്ഷിച്ചുവെന്ന് കണ്ണന്‍ നായര്‍ കണക്കുകൂട്ടി.


''ഞാന്‍ രുഗ്മിണി ടീച്ചറെ കാണാന്‍ പൊവ്വാണ്'' രാവിലെ ആഹാരം കഴിക്കുമ്പോള്‍ രാധ പറഞ്ഞു.


''വിശേഷിച്ച് എന്തെങ്കിലൂണ്ടോ'' കണ്ണന്‍ നായര്‍ ചോദിച്ചു.


''ഏത് കാറാ വാങ്ങണ്ടത് എന്ന് ചോദിക്കാനാ ഞാന്‍  പോണത്'' അപ്പോള്‍ വിചാരിച്ച മാതിരിയല്ല കാര്യങ്ങള്‍. കാറ് വാങ്ങാന്‍ ഉറച്ചുതന്നെയാണ് ടീച്ചര്‍.


''അതിന് കാശെവിടെ''.


''ഇല്ലാന്ന് പറഞ്ഞാല്‍ നിങ്ങള്‍ തര്വോ. അതില്ലല്ലോ. അപ്പൊ ഞാന്‍തന്നെ എന്‍റെ മോഹം സാധിക്കാന്‍ വേണ്ട വഴീണ്ടാക്കും''.


''എന്നാലും എന്താ വഴീന്ന് പറഞ്ഞൂടേ''.


''അങ്ങനെ നിങ്ങള് അറിയണ്ട''.


''ഒരുകാര്യം പറയാം. കടം വരുത്തിവെച്ചാല്‍ വീട്ടാന്‍ ബുദ്ധിമുട്ടാവും''.


''അതിന് ഞാന്‍ കടം വാങ്ങിണില്ലെങ്കിലോ''.


''അല്ലാണ്ടെ എന്താ വഴി''.


''അത് നിങ്ങളറിയണ്ട''.


''ഏത് കാറാ നോക്കുണത്. രുഗ്മിണി ടീച്ചര്‍ വാങ്ങുണ മാതിരീള്ളതോ''.


''അതൊന്നും വാങ്ങാനുള്ള വഴീല്ല. എനിക്ക് ചെറുതെ പറ്റൂ''.


''വാടകയ്ക്ക് വിടാനാണെങ്കില്‍ ചെറുത് പറ്റില്ല''.


''ഏതാ നമുക്ക് പറ്റ്വാന്ന് രുഗ്മിണി ടീച്ചര്‍ക്ക് നല്ല നിശ്ചയൂണ്ട്''. കണ്ണന്‍ നായര്‍ പിന്നെ യാതൊന്നും പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമില്ല. അതാണ് പ്രകൃതം.


ഉച്ചയ്ക്ക് കണ്ണന്‍ നായര്‍ വീട്ടിലെത്തിയപ്പോള്‍ ഭാര്യ എത്തിയിട്ടുണ്ട്. അവള്‍ എന്തെങ്കിലും പറയുമെന്ന് അയാള്‍ കണക്കുകൂട്ടി. പക്ഷെ ഒരു വാക്ക് ആ വായില്‍നിന്ന് പുറത്തുവന്നില്ല. പറയുന്നില്ലെങ്കില്‍ വേണ്ടാ എന്ന നിലപാട് അയാളെടുത്തു.


''കാറുപോലത്തെ ഓട്ടോറിക്ഷ ഉണ്ടത്രേ. ഗ്യാസില്‍ ഓടുണത്. ഭയങ്കര ലാഭാണ് അത് എന്ന് ടീച്ചര്‍ പറഞ്ഞു. നമുക്കത് വാങ്ങ്യാലോ'' രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ രാധ പറഞ്ഞു.


''എന്തൊക്ക്യാ ഈ പറയുണ്. കാറ് വാങ്ങണംന്ന് പറഞ്ഞുനടന്ന് ഇപ്പൊ ഓട്ടോ ആയി. ഇനി വാങ്ങുമ്പൊ അത് സൈക്കിളാവോ''.


''എനിക്കെന്താ അത്ര ബുദ്ധീല്ലേ, അതാവുമ്പൊ ചുരുങ്ങ്യേകാശേ ആവൂ. കണ്ടാല്‍ കാറുപോലെ ഉണ്ടാവും. ചിലവും കുറവ്. അങ്ങിനെ അതിന് പല ഗുണൂണ്ട്''.


''അത് ഓടിക്കാന്‍ ആള് വേണ്ടേ''.


''ആദ്യം വണ്ടി വരട്ടെ. ബാക്കി കാര്യം പിന്ന്യാവാം''.


''അപ്പൊ കാശോ''.


''അതാലോചിച്ച് നിങ്ങള് ബുദ്ധിമുട്ടണ്ട. രാധ എന്തെങ്കിലും ഒന്ന് മനസ്സില്‍ വിചാരിച്ചാല്‍ അതിന് വഴീം ഉണ്ടാവും''.


^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^


''ഇക്കരെ താമസൂം അക്കരെ കഴകൂം എന്ന് പറഞ്ഞ അവസ്ഥ്യായല്ലോ കുട്ട്യേളേ'' അമ്മിണിയുടെ അമ്മ മക്കളോട് പറഞ്ഞു. സന്ധ്യയ്ക്ക് വിളക്ക് വെക്കാറാവുന്നതേയുള്ളു. അതിന്നുമുമ്പ് അമ്മയും മക്കളുംകൂടി ഉമ്മറത്ത് സംസാരിച്ചിരിക്കുക പതിവാണ്.


''അതല്ലാതെ വേറെന്താ വഴി. നമുക്ക് അവിടെ ആരൂല്യാ. അതൊട്ട് വില്‍ക്കാനും മനസ്സ് വരുണില്ല. അപ്പൊ ഇതല്ലേ പറ്റൂ''.


''എന്നാലും സന്ധ്യക്കൊരു വിളക്ക് കത്തിക്കിണത് മുടങ്ങീലേ''.


''എല്ലാംകൂടി സാധിക്ക്വോ അമ്മേ. ഇവിടീപ്പൊ എന്തിനാ അമ്മയ്ക്കൊരു കുറവുള്ളത്''.


''ദൂഷ്യം പറയരുതല്ലോ. പെറ്റ മക്കളേക്കാള്‍ സ്നേഹാണ് വേലപ്പന്. എന്നാലും ഇത്രീംകാലം കഴിഞ്ഞത് അവടേല്ലേ''.


''ഒരോദിക്കില് ഇത്ര ഇത്ര കാലംന്നുണ്ട്.അത് കഴിഞ്ഞാ അവിടം വിട്ട് പോണ്ടിവരും'' അമ്മിണി പറഞ്ഞു.


''ശര്യാ നീ പറഞ്ഞത്. ഈ ഭൂമീല് ഒരാള് ജനിക്കുമ്പൊ ഇത്രകാലം ഇവിടെ കഴിയണംന്ന് എഴുതീട്ടുണ്ടാവും. അത് കഴിഞ്ഞാല്‍ മരിക്കിണില്ലേ''.


''എല്ലാം അറിയാം. അപ്പൊ പിന്നെ എന്തിനാ അമ്മ വിഷമിക്കിണത്''.


''നീ വേലപ്പനോട് പറഞ്ഞ് ഒരു ഉപകാരം ചെയ്ത് താ. മാസത്തിലൊരു ദിവസം നമ്മളെല്ലാരുംകൂടി വീട്ടിലിക്ക് ചെല്ല്വാ. പിറ്റേദിവസം ഇങ്കിട്ടന്നെ വരും ചെയ്യാം''.


''ഇതിനെന്തിനാ എന്‍റെ വക്കാലത്ത്. അമ്മ പറഞ്ഞാല്‍ വേലപ്പേട്ടന്‍ ചെയ്യോലോ''.


''എന്നാലും നീ പറയ്. അതാ നല്ലത്'' അമ്മിണി അങ്ങിനെ ചെയ്യാമെന്ന് ഏറ്റു


 ഭാഗം : - 74.


''ഞാന്‍ വിവരം പറഞ്ഞില്ലാന്ന് വേണ്ടാ. വെള്ള നെറൂള്ള വണ്ട്യാണ് ബുക്ക് ചെയ്തത് ട്ടോ'' രാത്രി കിടക്കുമ്പോള്‍ രാധ് കണ്ണന്‍ നായരോട് പറഞ്ഞു. അയാള്‍ക്കത് കേള്‍ക്കാന്‍ തീരെ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. വണ്ടി വാങ്ങിയാല്‍ ഉണ്ടാവുന്ന കടവും അത് വീട്ടാനുള്ള ബുദ്ധിമുട്ടും അയാളുടെ മനസ്സിനെ മഥിക്കുകയാണ്.


''വണ്ടിടെ ചില്ലില് എന്താ പേരെഴുത്വാന്ന് അറിയ്യോ. നമ്മള്‍ രണ്ടാളടെ പേരും ചേര്‍ത്തീട്ടുള്ളതാ''. എന്ത് വികടത്തിലുള്ള പേരാണോ ആവോ എന്ന് കണ്ണന്‍ നായര്‍ ചിന്തിച്ചു.


''എന്താ ഒന്നും മിണ്ടാത്ത്. പേരെന്താന്ന് അറിയണ്ടേ''.


''എന്താന്ന് പറഞ്ഞോളൂ''.


''എന്നാല്‍ കേട്ടോളൂ. കണ്ണന്‍റെ രാധ എന്നാ എഴുതാന്‍ പോണത്''.


''അങ്ങിനെ ആരെങ്കിലും വണ്ടിക്ക് പേരിട്വോ''.


''അതെനിക്കറിയില്ല. ഞാന്‍ അതേ ഇടൂ''.


''എന്തോ ചെയ്തോളൂ. ഞാനൊന്നും പറയാന്‍ വരുണില്ല''.


''വെള്ള നെറൂള്ള വണ്ടി എങ്ങനീണ്ടാവും''.


''എന്താ ആ കളറന്നെ വേണംന്ന് തീരുമാനിച്ചത്''.


''ഞാന്‍ കറുത്തിട്ടല്ലേ. വണ്ട്യേങ്കിലും വെള്ള ആയിക്കോട്ടേന്ന് കരുതി. വെള്ളയ്ക്കെന്താ ദോഷം''.


''വെള്ള കാണാനൊക്കെ നന്ന്. മുഷിഞ്ഞ മുണ്ടുടുത്ത് ഒരാള് വണ്ടിടെ അടുത്തുകൂടി പോയാ മതി, വണ്ടീല് ചള്യാവും''.


''അത് സാരൂല്യാ. നിങ്ങക്ക് വേറെ പണ്യോന്നും ഇല്ലല്ലോ. ദിവസൂം പൈപ്പിന്ന് കുറച്ച് വെള്ളം പിടിച്ച് കഴുക്യാല്‍ മതി''. തനിക്ക് ഒരു പണികൂടി ഉണ്ടാവാന്‍ പോവുന്നു എന്നയാള്‍ക്ക് മനസ്സിലായി.


''ഇത്രയൊക്കെ പറഞ്ഞല്ലോ. വണ്ടി വാങ്ങാനുള്ള പൈസയ്ക്ക് എന്താ വഴി കണ്ടിരിക്കിണ്''.


''അതിന് മുഴുവന്‍ പണവും അടച്ചുകഴിഞ്ഞല്ലോ''. കണ്ണന്‍ നായര്‍ അമ്പരന്നു. എവിടെനിന്നാണ് ഇത്രയധികം പൈസ ഇവള്‍ക്ക് കിട്ടിയിട്ടുണ്ടാവുക.


''എവിടുന്നാ പൈസ കിട്ട്യേത്'' അയാള്‍ ചോദിച്ചു.


''എന്‍റെ ഭാഗത്തിലുള്ള സ്ഥലം വിറ്റു''. കുറച്ചധികം സ്ഥലം ഭാര്യയുടെ പേരിലുണ്ട്. അത് മുഴുവന്‍ വിറ്റ് തുലച്ചിട്ടുണ്ടാവുമോ.


''ഏത് സഥലാ കൊടുത്തത്. കൃഷ്യോ, പറമ്പോ''.


''കൃഷി. അതിന്ന് നമുക്ക് ഒരുറുപ്പിക കിട്ടുണില്ല. എന്നാല്‍ ഇങ്ങന്യൊരു ഉപകാരം ആയിക്കോട്ടേന്ന് വിചാരിച്ചു. 


പതിനഞ്ച് പറയ്ക്ക് കൃഷിയുണ്ട്. അത് കൃഷി ചെയ്യിക്കുന്നത് ഇവളുടെ ഏട്ടനാണ്. ലാഭം അയാള്‍ എടുക്കും. ഇന്നേവരെ ഒന്നും തന്നിട്ടില്ല. എന്നാലും ഇത്രയും ഭൂമി എന്തുവിലയ്ക്ക് കൊടുത്തിട്ടുണ്ടാവും.


''കൃഷി മുഴുവനും കൊടുത്ത്വോ''.


''എനിക്കെന്താ പ്രാന്തുണ്ടോ അങ്ങനെ ചെയ്യാന്‍. ഏട്ടന്‍റെ ഭൂമിടെ തൊട്ട് എനിക്ക് അഞ്ചുപറ കണ്ടൂണ്ട്. അതാ കൊടുത്തത്''. 


എന്നാലും അമ്പത് സെന്‍റ് സ്ഥലത്തിന്ന് ഇന്നത്തെ നിലയ്ക്ക് നല്ല വില കിട്ടും. അത് മുഴുവന്‍ വണ്ടിക്ക് വേണ്ടിവരില്ല. ബാക്കി പണം എന്ത് ചെയ്തു എന്നറിയില്ല.


''ഏട്ടന്‍ എത്ര പൈസ തന്നു''.


''വണ്ടിക്ക് നാലുറുപ്പിക ആവുംന്ന് പറഞ്ഞു. അത് മുഴുവന്‍ ഏട്ടന്‍ തന്നു''.


''പൊട്ടിക്കാളി. ചുരുങ്ങ്യേത് പത്തുപതിനഞ്ച് ലക്ഷം കിട്ടുണ സ്ഥലാണ്. അതിന് ഇത് കിട്ട്യാല്‍ പോരാ''.


''നിങ്ങളൊന്ന് മിണ്ടാണ്ടിരിക്കിന്‍. വന്നാലും പോയാലും എന്‍റെ ഏട്ടന് തന്ന്യല്ലേ കിട്ടുണത്. കൊണ്ടുപോയി തിന്നോട്ടെ''.


''എന്നെങ്കിലും കാലത്ത് കാശിന് വലിവ് വന്നാല്‍ ഒരുവഴീണ്ടല്ലോന്ന് കരുത്യേതാ. ഇങ്ങന്യായാല്‍ അതൊക്കെ പോവുംന്നാ തോന്നുണ്''.


''പോയാല്‍ പൊയ്ക്കോട്ടെ. ചത്തുപോവുമ്പൊ അതൊക്കെ കൂടെ കൊണ്ടുപോവില്ലല്ലോ. ഇരിക്കുമ്പഴത്തെ മോഹം സാധിക്കാണ്ടെ സ്വത്തും മുതലും വെച്ചോണ്ടിരുന്നിട്ട് എന്താ കാര്യം'' കൂടുതല്‍ പറയാന്‍ നിന്നാല്‍ തമ്മില്‍ത്തല്ലില്‍ കലാശിക്കും. അതിലും ഭേദം മിണ്ടാതിരിക്കുന്നതാണ്.


''താന്‍ എന്തോ ചെയ്തോളൂ. ആരടേങ്കിലും കൂട്ടം കേട്ട് ഒരോന്നിന് ഇറങ്ങ്യാല്‍ ഒടുക്കം നില്‍ക്കക്കള്ളീല്ലാത്ത അവസ്ഥ വരും. അത് ഓര്‍മ്മവേണം''.


''നില്‍ക്കക്കള്ളീല്ലാതെ വന്നാല്‍ ഞാന്‍ മുങ്ങി ചത്തോളാം''.


''ശരി. ഞാനൊന്നും പറയുണില്യ'' കണ്ണന്‍ നായര്‍ കീഴടങ്ങി.

^^^^^^^^^^^^^^^^^^^^^^^^^^^^^^

അമ്മിണിയുടെ അമ്മയ്ക്ക് വീട്ടിലെത്തിയതും ഉഷാര്‍ വന്നു. അവര്‍ ഓരോ മുറിയിലും കയറിനോക്കി. വാതിലുകളും ജനലുകളും അടച്ചും തുറന്നും പരിശോധിച്ചു.


''എന്താ അമ്മ ഇത്ര കാര്യായിട്ട് നോക്കുണ്'' അമ്മിണി ചോദിച്ചു.


''ആളും മനുഷ്യനും ഇല്ലാണ്ടെ അടച്ചുകിടക്ക്വേല്ലേ. ചിതല് കേറ്യോന്ന് നോക്ക്യേതാ''.


''ഞങ്ങള് രണ്ടാളും മാറി മാറി വന്ന് നോക്കുണതല്ലേ. പിന്നെന്താ ഒരു സംശയം''.


''നിങ്ങള് നിലം അടിച്ചുതുടക്കിണുണ്ടാവും. പക്ഷെ ഇതൊന്നും തുറന്ന് നോക്കില്ലല്ലോ''.


''നാളെ മുതല്‍ക്ക് ഞങ്ങള് വരുമ്പൊ കൂടെ വന്നോളൂ. എല്ലാം നോക്കീട്ട് വൈകുന്നേരം മടങ്ങി പോവാം''.


''പത്തിരുപത് കൊല്ലം മുമ്പാണെങ്കില്‍ ഞാനൊരു കയ്യ് നോക്ക്യേനേ. ഇപ്പൊ വയ്യാണ്ടായി''.


''ഇങ്ങന്യാവുമ്പൊ എങ്ങന്യാ അമ്മ മരിക്കുമ്പൊ ഇതോക്കെ ഇട്ടിട്ട് പോവ്വാ''.


''പോവ്വാണ്ടെ നിവൃത്തീല്ലല്ലോ. ഇഷ്ടൂണ്ടായിട്ട് പോവ്വോന്ന്വോല്ല''.


''ഇത്തിരി നേരം അമ്മ കിടന്നോളൂ. ഉണ്ണാറാവുമ്പൊ വിളിക്കാം''.


''എനിക്ക് കിടക്ക്വോന്നും വേണ്ടാ. തൊടീല് ചക്ക വല്ലതും മൂത്തിട്ടുണ്ടോന്ന് നോക്കണം. പഴുക്കാന്‍ മൂത്ത ഒട്ടുമാങ്ങീണ്ടെങ്കില്‍ പോവുമ്പൊ  പൊട്ടിച്ച് കൊണ്ടുപോണം. തേങ്ങ ഇടാറായിട്ടുണ്ടെങ്കില്‍ ആരേങ്കിലും വിളിച്ച് അത് ഇടീക്കണം''.


''ഈ അമ്മേക്കൊണ്ട് തോറ്റൂ. എന്താച്ചാല്‍ ചെയ്തോളൂ'' അമ്മിണിയും ഏടത്തിയും അടുക്കളയിലേക്ക് നടന്നു

 

''മക്കളിക്കിതിന്‍റെ വില അറിയില്ല. എത്ര കഷ്ടപ്പെട്ടിട്ടാ ഇതൊക്കെ ഉണ്ടാക്ക്യേത് എന്ന് എനിക്കല്ലേ അറിയൂ'' അവര്‍ തന്നത്താന്‍ പറഞ്ഞു


 ഭാഗം : - 75.


''പേപ്പറിലെ അക്ഷരം മുഴുവന്‍ ചികഞ്ഞുങ്കൊണ്ട് ഇരിക്കാണ്ടെ കുളിച്ച് റെഡിയായിക്കോളിന്‍. വണ്ടി വാങ്ങാന്‍ പോണ്ടതാണ്. ഇപ്പൊ രുഗ്മിണി ടീച്ചര്‍ നമ്മളെ കാത്തിരിക്കിണുണ്ടാവും '' രാധ ഭര്‍ത്താവിനോട് പറഞ്ഞു.


''ഈ നേരത്ത് ആരാ ഷോറൂം തുറന്നിരിക്ക്യാ''.


''ഇപ്പൊ പറഞ്ഞാലേ അപ്പഴയ്ക്ക് നിങ്ങള് ഒരുങ്ങൂ''.


''ഞാന്‍ വരണോ. നിങ്ങള് രണ്ടാളുംകൂടി പോയി വാങ്ങ്യാല്‍ പോരേ''.


''വെറുതെ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. കൂടെ കിടക്കാന്‍ വേണ്ടി മാത്രാണോ നിങ്ങളെന്നെ കെട്ട്യേത്''.


''ഞാന്‍ ചോദിച്ചൂന്ന് മാത്രം . നീ പറഞ്ഞാല്‍ ഞാന്‍ വരാണ്ടിരിക്ക്യോ''. കണ്ണന്‍ നായര്‍ പതിവുപോലെ കീഴടങ്ങി.


''നിങ്ങള്‍ക്ക് ഇടയ്ക്കൊക്കെ എന്‍റേന്ന് വല്ലതും കേള്‍ക്കണം. എന്നാലേ ശരിയാവൂ''. കണ്ണന്‍ നായരും രാധയും എത്തുമ്പോള്‍ രുഗ്മിണി ടീച്ചര്‍ ഷോറൂമിലുണ്ട്.


''രാഹുകാലം തുടങ്ങുണതിന്ന് മുമ്പ് നിങ്ങള് എത്തില്ലേന്ന് വിചാരിച്ചു'' അവര്‍ പറഞ്ഞു.


''കട തുറന്നിട്ട് വന്നാല്‍ പോരേന്ന് കരുതി''.


''ഒരു ഡ്രൈവര്‍ പയ്യനെ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. വണ്ടി കിട്ട്യാല്‍ നേരെ ഏതെങ്കിലും അമ്പലത്തില്‍ ചെന്ന് വാഹനപൂജ കഴിപ്പിക്ക്യാ. എന്നിട്ടത് വീട്ടിലിക്ക് കൊണ്ടുപോയാല്‍ മതി''. ആ പറഞ്ഞപോലെത്തന്നെ അവര്‍ ചെയ്തു.


''വണ്ടി റജിസ്റ്റര്‍ ചെയ്യാന്‍ കൊണ്ടുപോണ്ടേ. ആരാ കൊണ്ടുപോവ്വാ''.


''നിങ്ങളന്നെ കൊണ്ടുപൊയ്ക്കോളൂ''.


''ടാക്സി പെര്‍മിറ്റ് അല്ലേ''.


''ഒന്നും വേണ്ടാ. സ്വന്തം ആവശ്യത്തിനാ വാങ്ങ്യേത്''.


''എന്നാല്‍ കാറ് വാങ്ങ്യാല്‍ പോരേ. ആരെങ്കിലും ഓട്ടോ വാങ്ങ്വോ''. ആ പറഞ്ഞത് രാധയ്ക്ക് പിടിച്ചില്ല.


''എന്താ വാങ്ങ്യാല്‍. എനിക്കിതാ ഇഷ്ടം''.


''കാര്യം ഇതിന്- മൈലേജുണ്ട്. പക്ഷെ എ.സി. ഇല്ല. ലോങ് ഓടാന്‍ ഈ വണ്ടി നന്നല്ല''.


''അത്ര്യോക്കെ സൌകര്യം മതി''. വീട്ടിലെത്തി വണ്ടി നിര്‍ത്തി കൂലി വാങ്ങി അയാള്‍ പോയി.


''അബദ്ധായോ കണ്ണേട്ടാ. അയാള്- പറയിണത് കേട്ടപ്പൊ ഒരുവിഷമം''.


''ഇനി പറഞ്ഞിട്ടെന്താ കാര്യം. ആലോചിക്കാണ്ടെ ചെയ്തതല്ലേ''.


''ഒരാറുമാസം ഇതിനെ നിര്‍ത്ത്വാ. പറ്റിണില്യാന്ന് തോന്ന്യാല്‍ കൊടുത്ത് കാറ് വാങ്ങാല്ലേ''. ഇനിയും കാശ് കളയാനാണ് ഇവളുടെ ഉദ്ദേശം.


''അത് വേണ്ടാ. നിങ്ങള് മോഹിച്ച് വാങ്ങ്യേതല്ലേ. മാത്രോല്ല നല്ല വണ്ട്യാണ് ഇത്. നമ്മടെ കാലം കഴിയിണവരെ ഇത് മതി''.


''അങ്ങനെ പറയിന്‍. ഇപ്പഴാ എനിക്ക് സമാധാനായത്'' രാധ പുഞ്ചിരിച്ചു.

^^^^^^^^^^^^^^^^^^^^^^^^^^^^^^

ദീപാരാധന തൊഴുത് എല്ലാവരും അമ്പലത്തിന്‍റെ പുറത്തേക്ക് വന്നതേ ഉള്ളൂ. ഏതോ ഒരു ചെറുപ്പക്കാരന്‍ സൈക്കിളില്‍ വന്നിറങ്ങി.


''ആരാ കുറുപ്പ് മാഷ്'' അയാള്‍ ചോദിച്ചു.


''ഞാന്‍തന്നെ. എന്താ വേണ്ടത്'' മാഷ് ചോദിച്ചു.


''നിങ്ങളോട് വേഗം വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു''. 


''എന്താ കാര്യം''.


''നിങ്ങളുടെ ഭാര്യയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരിക്കുന്നു. എന്താ എന്നൊന്നും എനിക്കറിയില്ല. വര്‍ക്ക്ഷോപ്പിലെ രവിയേട്ടന്‍ പറഞ്ഞിട്ട് വന്നതാണ്''.


''മാഷേ, നിങ്ങള് സ്കൂട്ടറില്‍ കേറിന്‍'' ഹരിദാസന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. വീട്ടിലെത്തിയപ്പോള്‍ സരള ഉമ്മറത്ത് നില്‍പ്പുണ്ട്, കൂടെ രണ്ട് കുട്ടികളും.


''എന്താ സംഗതി'' കുറുപ്പ് മാഷ് ചോദിച്ചു.


''ചേച്ചി മേല്‍ക്കഴുകാന്‍ പോയതാണ്. എന്തോ ഒരുഒച്ച കേട്ട് ചെന്ന് നോക്കുമ്പൊ അകത്തുന്ന് കുറ്റീട്ടിരിക്കുണൂ. വിളിക്കുമ്പൊ വിളി കേക്കുണില്ല. രവി എങ്ങന്യോക്ക്യോ വാതില് ചവിട്ടിപ്പൊളിച്ച് നോക്കുമ്പൊ ചേച്ചി വീണുകിടപ്പാണ്. വിളിച്ചപ്പൊ മിണ്ടുണില്ല. അവനും രജനീം കൂടി അപ്പൊത്തന്നെ കാറ് വിളിച്ച് ആസ്പത്രിക്ക് കൊണ്ടുപോയി''.


''ഏതാ ആസ്പത്രി എന്ന് അറിയ്യോ''.


''ഒന്നും അറിയില്ല''.


''മാഷേ, നിങ്ങള് വേഗം പുറപ്പെടിന്‍. ഞാന്‍ വരാംകൂടെ. നമുക്ക് ഏതാ ആസ്പത്രീന്ന് ചോദിച്ചറിയാം'' ഹരിദാസന്‍ പറഞ്ഞു.


കുറുപ്പ് മാഷ് തയ്യാറായി വരുമ്പോഴേക്കും കൂട്ടുകാരെത്തി. ഏതോ ഒരു ടാക്സിയിലാണ് അവര്‍ വന്നിട്ടുള്ളത്. ഹരിദാസന്‍ അറിഞ്ഞ വിവരം പറഞ്ഞു.


''ആദ്യം രവീന്ദ്രനെ വിളിച്ച് അന്വേഷിക്കിന്‍. എന്നിട്ട് പോവാം'' പത്മനാഭ മേനോന്‍ പറഞ്ഞു.


''ഡോക്ടര്‍ നോക്കി വിവരം അറിഞ്ഞിട്ട് ഞാന്‍ അങ്കിട്ട് വിളിക്ക്യാന്ന് വിചാരിച്ചിരിക്ക്യാണ്'' രവീന്ദ്രനില്‍നിന്ന് ആസ്പത്രി ഏതാണ് എന്നും ഡോക്ടര്‍ പരിശോധിച്ചുകൊണ്ട് ഇരിക്കുകയാണെന്നും മനസ്സിലായി. പിന്നെ താമസിച്ചില്ല. എല്ലാവരും ടാക്സിയില്‍ കയറി. ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി അത് നീങ്ങി.


 ഭാഗം : - 76.


''കാറ് വാങ്ങുണൂന്ന് പറഞ്ഞ് നിങ്ങളെന്താ ഓട്ടോറിക്ഷ വാങ്ങ്യേത്'' വൈകുന്നേരം ​അമ്പലത്തില്‍വെച്ച് കണ്ണന്‍ നായരെ കണ്ടപ്പോള്‍ കമ്പൌണ്ടര്‍ രാമന്‍ ചോദിച്ചു. കുറുപ്പ് മാഷ് ഒഴികെ എല്ലാവരും ആല്‍മരച്ചോട്ടിലുണ്ട്


''എന്തൊക്ക്യോ പൊട്ടത്തരം കാട്ടുണുണ്ട്. കാറ് വാങ്ങണ്ട ഒരാവശ്യൂം ഞങ്ങള്‍ക്കില്ല. മാസത്തിലോ രണ്ടുമാസം കൂടുമ്പഴോ ആണ് അവള് അവളടെ വീട്ടിലിക്ക് പോണത്. ബസ്സിലാ യാത്ര മുഴുവന്‍. ഇനി അത് വയ്യാന്ന് തോന്ന്യാലും ഒരു കാറ് വാടകയ്ക്ക് വിളിച്ചാല്‍ പോരേ''.


''പിന്നെന്തിനാ നായരേ വാങ്ങ്യേത്'' ഹരിദാസന്‍ ചോദിച്ചു.


''ഞാന്‍ വാങ്ങ്യേതല്ല ഹര്യേട്ടാ. രുഗ്മിണി ടീച്ചറും എന്‍റെ വീട്ടുകാരീം നല്ല ലോഹ്യത്തിലാണ്. ടീച്ചര്‍ കാറ് വാങ്ങാന്‍ പോണൂ. അത് കേട്ടപ്പൊ നമ്മടെ ആള്‍ക്ക് ഒരു എടയിളക്കം. ടീച്ചര്‍ വല്യേ കാറാ വാങ്ങുണത്. അയമ്മ അത് വാടകയ്ക്ക് വിടാനാ ഉദ്ദേശം അപ്പൊ വാടകയ്ക്ക് വിടാന്‍ പറ്റ്യേ വണ്ടി വേണ്ടേ. അതിന് ചെയ്ത പണ്യാ ഇത്''.


''നന്നായി. അന്യനെ പുലര്‍ത്താന്‍ വേണ്ടീട്ടുള്ള പണ്യേന്യാ നല്ലത്''.


''അതെന്താ ഹര്യേട്ടാ അങ്ങനെ'' രാമനാണ് സംശയം''.


''ഇയാള്‍ക്ക് ഓട്ടോ ഓടിക്കാനറിയ്യോ. ഇല്ല. ഇയാളടെ ഭാര്യ ഓടിക്ക്വോ. അതും ഇല്ല. പിന്നെന്താടോ വഴി. ഒരുത്തനെ ഡ്രൈവറായിട്ട് നിര്‍ത്തണം. ആയിരം ഉറുപ്പികയ്ക്ക് വണ്ടി ഓട്യാല്‍ അഞ്ഞൂറ് കിട്ടീനേ ഇവരടടുത്ത് അവന്‍ പറയൂ. അതിന്ന് അവന്‍റെ കൂലീം ഡീസലിന്‍റെ കാശും കൊടുത്താ ബാക്കി നെറ്റീല് ഇതാ ഇങ്ങനെ മൂന്ന് വരകിട്ടും'' ഹരിദാസന്‍ നെറ്റിയില്‍ മുഗ്ഗോപി വരയ്ക്കുന്നതുപോലെ കാണിച്ചു.


''അതിനത് വാടകയ്ക്ക് കൊടുക്കിണില്ലാത്രേ''.


''എന്നിട്ട്''.


''സ്വന്തം ആവശ്യത്തിന് വേണ്ടീട്ടാണെന്നാ പറഞ്ഞത്''.


''കഷ്ടം. ഒരുമാതിരി പൊട്ടത്തരോക്കെ കേട്ടിട്ടുണ്ട്. എന്നാലും ഇങ്ങന്യോന്ന് ഇന്നേവരെ കേട്ടിട്ടില്ല. ചോദിക്കുമ്പൊ ദേഷ്യം തോന്നണ്ട നായരേ. നിങ്ങടെ കെട്ട്യോള്‍ക്കെന്താ പ്രാന്തുണ്ടോ''.


''ഇല്ലാന്ന് പറയാന്‍ പറ്റില്ല. അമ്മാതിരി പരിപാട്യാണ് കയ്യിലുള്ളത്. വണ്ടി അമ്പലത്തില്‍ കാണിച്ച് പൂജിച്ചുവാങ്ങി വീട്ടിലെത്തിച്ചതേ ഉള്ളൂ. അപ്പൊ പറഞ്ഞത് എന്താന്നറിയ്യോ. ആറ് മാസം ഇതിവിടെ നില്‍ക്കട്ടെ. പറ്റില്യാന്ന് തോന്ന്യാല്‍ ഇത് കൊടുത്ത് നല്ലോരു കാറ് വാങ്ങാന്ന്''.


''ഒരുകാര്യം ചെയ്യിന്‍ എന്‍റെ കണ്ണന്‍ നായരേ. നിങ്ങള് തട്ടിപ്പറിച്ചിട്ടോ കട്ടിട്ടോ എങ്ങനേങ്കിലും കുറെ ലക്ഷങ്ങള്‍ ഉണ്ടാക്കിവെക്കിന്‍. വണ്ടി വാങ്ങുണതില്‍ കമ്പം തോന്ന്യാല്‍ കാശ് തെറിക്കിണ കഥ അറിയില്ല. വാഹനം മാറ്റി വാങ്ങുമ്പൊ നേരത്ത് കാശില്ലാതെ ബുദ്ധിമുട്ടണ്ട''.


''അതൊന്നും എന്നെക്കൊണ്ടാവില്ല. എന്‍റേല് കാശൂല്യാ. അവള് എന്താ വേണ്ടേച്ചാല്‍ ചെയ്തോട്ടെ''.


''അപ്പൊ വണ്ടി വാങ്ങ്യേത് ലോണിലാണോ''.


''അത് അതിനേക്കാള്‍ വലിയ കഥ്യാണ്. രാധടെ പേരില് കുറെ സ്ഥലൂണ്ട്. അതിന്ന് അഞ്ചുപറയ്ക്ക് കണ്ടം അവള് അവളടെ ഏട്ടന് ഒഴിമുറിവെച്ചു കൊടുത്തു. ആ കാശോണ്ടാ വണ്ടി വാങ്ങ്യേത്''.


''കഷ്ടം വേണ്ടാത്ത ഓരോ പണികളേ''.


''റോഡ് സൈഡിലുള്ള സ്ഥലാണ്. ആരക്കെങ്കിലും കൊടുത്താല്‍ പത്ത് പതിനഞ്ച് ലക്ഷം കിട്ടും. അതിന്യാണ് വെറുതെ കൊടുക്കുമ്പോലെ കൊടുത്തത്''.


''എന്നിട്ട് നിങ്ങളൊന്നും പറഞ്ഞില്ലേ''.


''ചോദിച്ചപ്പൊ വന്നാലും പോയാലും ഏട്ടനല്ലേ കിട്ട്യേത്. നിങ്ങക്കെന്താ നഷ്ടംന്ന് പറഞ്ഞു''.


''ക്ഷമയ്ക്ക് ഒരു നോബല്‍ സമ്മാനം ഉണ്ടെങ്കില്‍ അത് നിങ്ങള്‍ക്കാണ് തരേണ്ടത്'' മേനോന്‍ അഭിപ്രായപ്പെട്ടു.

^^^^^^^^^^^^^^^^^^^^^^^^^^^^^^

''അച്ഛാ, എന്‍റെ ജോലിടെ കാര്യം ശര്യായീന്ന് പറയുണൂ. ഇന്ന് ഓര്‍ഡര്‍ അയച്ചൂന്ന് ഏട്ടന്‍റെ ഓഫീസിന്ന് ഇതാ ഇപ്പൊ വിളിച്ചുപറഞ്ഞു'' ചന്ദ്രിക പറഞ്ഞത് കേട്ടപ്പോള്‍ വേലപ്പന്ന് ആശ്വാസമായി. കുറെകാലമായിട്ടുള്ള സ്വന്തം കഷ്ടപ്പാട് അവസാനിക്കുകയാണ്. ഇനി മരുമകന്‍ എഴുന്നേറ്റ് സ്വന്തം കാര്യങ്ങള്‍ നോക്കാറായാല്‍ എല്ലാം തികഞ്ഞു. 


''എന്താ അച്ഛന്‍ ഒന്നും മിണ്ടാത്ത്''.


''ഞാന്‍ സന്തോഷംകൊണ്ട് മിണ്ടാന്‍ പറ്റാണ്ടെ നിന്നതാ. മോള് അമ്മ്യോട് പറഞ്ഞ്വോ''.


''ഇല്ല. ആദ്യം അച്ഛനെ വിളിച്ചു. ഇനി അമ്മേ വിളിച്ച് പറയണം''.


''എന്നാ നിനക്ക് ജോലിക്ക് ചേരണ്ടത്''.


''ഓര്‍ഡര്‍ കിട്ട്യേ പിറ്റേന്ന് ചേരാം''.


''അത് വേണ്ടാ. നല്ല ദിവസം നോക്കിക്ക്. അന്ന് ചേര്‍ന്നാ മതി''.


''അച്ഛനെന്താ ചെയ്യുണ്''.


''വണ്ടീല് ലോഡ് കേറ്റുണൂ. ഞാന്‍ തണുപ്പുള്ള ഒരുഭാഗത്ത് തോര്‍ത്ത് വിരിച്ച് കിടക്ക്വാണ്''. ചന്ദ്രികയ്ക്ക് സങ്കടം വന്നു. വയസ്സുകാലത്ത് വിശ്രമിക്കേണ്ട ആളാണ് അച്ഛന്‍. എന്നിട്ടും കഷ്ടപ്പെടുന്നത് തനിക്കും കുടുംബത്തിനും വേണ്ടിയാണ്.


''ഇനി അച്ഛന്‍ കഷ്ടപ്പെടണ്ട. മിണ്ടാണ്ടിരുന്നാ മതി''.


''എനിക്ക് വിഷമോന്നൂല്യാ. നീ സന്തോഷത്തോടെ കഴിയിണത് കണ്ടാ മതി''.


''എന്നാ ഞാന്‍ പിന്നെ വിളിക്കാട്ടോ''. ചന്ദ്രിക കാള്‍ അവസാനിപ്പിച്ചു.


 ഭാഗം : - 77.


''എപ്പഴും ഇങ്ങനെ പുസ്തകൂം നോക്കിക്കൊണ്ടിരിക്കാണ്ടെ കുറച്ചു നേരം എന്‍റടുത്ത് ഇരിക്കൂ'' പത്മാവതിയമ്മ പറഞ്ഞപ്പോള്‍ കുറുപ്പ് മാഷ് പുസ്തകം അടച്ചുവെച്ച് അവരുടെ സമീപത്തേക്ക് ചെന്നു.


''എന്താ പത്മം. എന്തെങ്കിലും വേണോ'' അയാള്‍ ചോദിച്ചു.


''ഒന്നും വേണ്ടീട്ടല്ല. എന്‍റെ കാര്യങ്ങളൊക്കെ അവള് വേണ്ടപോലെ നോക്കുണുണ്ട്. കുറെ കിടക്കുമ്പൊ വല്ലതും മിണ്ടാനും പറയാനും തോന്ന്വാണ്''.


''അതിനെന്താ. ഞാന്‍ അടുത്തുതന്നെ ഉണ്ടല്ലോ''. 


''നോക്കൂ, നാലുദിവസം ഞാന്‍ വയ്യാണ്ടെ കിടന്നപ്പൊ നോക്കാന്‍ ആ കുട്ട്യേ ഉണ്ടായിരുന്നുള്ളു. വെറുതേല്ല ഞാനവളെ സ്നേഹിക്കിണത്''. 


കാര്യം ശരിയാണ്. പത്മാവതിയമ്മ തലചുറ്റി വീണ് ആസ്പത്രിയില്‍ കിടന്നമുതല്‍ വാടകക്കാരാണ് അവരെ പരിചരിച്ചത്. രണ്ടുദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അവരുടെ എല്ലാകാര്യവും രജനി ചെയ്തുപോന്നു.


''ഞാനും അത് ശ്രദ്ധിക്കുന്നുണ്ട്. പത്മം കിടപ്പിലായിട്ട് ഇന്നേക്ക് നാല് ദിവസമായി. ഈ ദിവസങ്ങളില്‍ ആ സ്ത്രീയും മരുമകളും മാറിമാറി പത്മത്തിന്‍റെ അടുത്തുതന്നെ ആയിരുന്നു''.


''ആപത്തില്‍ സഹായിക്കുണോരാണ് യഥാര്‍ത്ഥ ബന്ധുക്കള്''.


''നമ്മള്‍ ചില്ലറ സഹായങ്ങള്‍ ചെയ്യുന്നതിന്ന് അവര്‍ പ്രത്യുപകാരം ചെയ്യുകയാണ്''.

  

''ആയിരിക്കും. എന്നാലും എനിക്കെന്തോ അവളോട് വല്ലാത്തൊരു പാശം''.


''തുടക്കം മുതലേ തനിക്ക് അവരോട് താല്‍പ്പര്യം ഉണ്ടായിരുന്നു''.


''ഞാനൊരുകാര്യം പറഞ്ഞാല്‍ തെറ്റിദ്ധരിക്ക്വോ''.


''ഇല്ല. പത്മം എന്തു വേണമെങ്കിലും പറഞ്ഞോളൂ. ആ മനസ്സിനുള്ളില്‍ എന്നോടുള്ള സ്നേഹം എനിക്കറിയാം''.


''അതന്ന്യാണ് പ്രശ്നം. നമ്മള് രണ്ടാള്‍ക്കും ദശ മാറ്വാണ്. കൂടുദശ വന്നാല്‍ ഒരാള് പോവുംന്നാണ് പറയാറ്. ജാതകപ്രകാരം എനിക്ക് വൈധവ്യം  അനുഭവിക്കാനുള്ള യോഗൂണ്ട്, അതാലോചിക്കുമ്പൊ എനിക്ക് സമാധാനൂല്യ''.


''കഷ്ടം. എന്തിനാ വേണ്ടാത്തത് അലോചിക്കുന്നത്. താന്‍ വിചാരിക്കുന്ന മാതിരി ഞാന്‍ അടുത്തൊന്നും മരിക്കാന്‍ പോണില്ല. നൂറാം പിറന്നാള്‍ ആഘോഷിച്ചിട്ടേ ഞാന്‍ ഈ ഭൂമീന്ന് പോവൂ''.


''അതന്ന്യാണ് എനിക്ക് വേണ്ടത്. അത്രീം കാലം ഈ മുഖൂം കണ്ടോണ്ട് കഴിയാലോ''.


''കഴിഞ്ഞല്ലോ തന്‍റെ വേവലാതി. ഇനി സമാധാനായിട്ട് ഇരിയ്ക്കൂ''.


''ശരിക്ക് സമാധാനം ആവണെങ്കില്‍ ചിലതൊക്കെ ചെയ്യാനുണ്ട്''.


''എന്താ വേണ്ടത്. താന്‍ പറഞ്ഞോളൂ. തന്‍റെ ആഗ്രഹം നിറവേറ്റാനല്ലേ ഞാനുള്ളത്''.


''അത് ശര്യാണ്. എന്നാലും പറഞ്ഞാല്‍ ദേഷ്യം തോന്ന്വോ''.


''ഇല്ലാടോ. താന്‍ വളച്ചുകെട്ടാതെ പറയൂ''.


''രവി വര്‍ക്ക് ഷോപ്പ് തുടങ്ങീട്ടുള്ള കാര്‍ഷെഡൂം അതിനോട് ചേര്‍ന്ന മുറ്റൂംകൂടി എത്രീണ്ടാവും''.


''എന്തിനാ അത് അറിയുന്നത്''.


''അതൊക്കെ പറയാം. ആദ്യം എത്രീണ്ടേന്ന് പറയൂ''.


''അത് ഒന്നര സെന്‍റില്‍ താഴെ ഉണ്ടാവും''.


''ശരി. വാടകയ്ക്ക് കൊടുത്ത വീടും സ്ഥലൂം കൂടി എത്രീണ്ട്''.


''അത് കഷ്ടിച്ച് നാല് സെന്‍റുണ്ട്''.


''അത് രണ്ടും നമുക്ക് രജനിക്ക് കൊടുത്താലോ''.


''എന്താ പത്മം ഈ പറയുന്നത്. ആരെങ്കിലും കേട്ടാല്‍ എന്ത് പറയും. മക്കളറിഞ്ഞാല്‍ വെറുതെ ഇരിക്ക്വോ''.


''മക്കളീം ആള്‍ക്കാരീം പോവാന്‍ പറയൂ. സ്ഥലം വാങ്ങാനുള്ള പൈസ ഞാനാ കൊടുത്തത്. വീടുണ്ടാക്ക്യേതെന്‍റെ ഭര്‍ത്താവാണ്. നാട്ടുകാരടെ പത്തുപൈസ ഇതിലില്ല. പിന്നെ മക്കള്. അവരെ ഞാന്‍ എന്നേ എന്‍റെ മനസ്സിന്ന് ഒഴിവാക്കി''. കുറുപ്പ് മാഷ് യാതൊന്നും പറഞ്ഞില്ല. അയാള്‍ ആലോചനയിലാണ്ടു.


''എന്താ ഒന്നും പറയത്തത്. അഥവാ ഞാന്‍ ഒറ്റയ്ക്കായാല്‍ എനിക്കൊരു തുണവേണ്ടേ. എന്നെ ഇവിടെ ഒറ്റയ്ക്കാക്കി സമാധാനായിട്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്ക്യോ. അത് പറയിന്‍''.


''അതിന് പത്മം ഒറ്റയ്ക്കാവില്ലല്ലോ. നമുക്ക് രണ്ട് മക്കളില്ലേ. അവര്‍ അമ്മ ഒറ്റയ്ക്കാവാന്‍ സമ്മതിക്കില്ല''.


''അങ്ങനെ ഒരവസ്ഥ വന്നാല്‍ ഞാന്‍ തൂങ്ങിച്ചാവും. എന്നാലും അവരടെ കൂടെ പോവില്ല''.


''വെറുതെ വേണ്ടാത്ത വര്‍ത്തമാനം പറയണ്ട''.


''ആരൂല്യാത്ത എനിക്ക് ദൈവം അറിഞ്ഞ് കൊണ്ടുവന്ന് തന്ന തുണ്യാണ് രവിടെ കുടുംബം. അവരെ കൂടെ നിര്‍ത്താതെ പറഞ്ഞയച്ചാല്‍ നമുക്ക് ആരൂല്യാത്ത ഗതി വരും''.


''എന്നാലും അതല്ലല്ലോ''.


''ഏതല്ല. നിങ്ങള് അവടീം ഇവടീം തൊടാത്ത വര്‍ത്തമാനം പറയാണ്ടെ രണ്ടാലൊന്ന് പറയിന്‍''.


''ദയവുചെയ്ത് എന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഞാനിവിടെ സമാധാനത്തോടെ കഴിഞ്ഞോട്ടെ''


''അത് ശരി. നിങ്ങക്ക് വലുത് നിങ്ങടെ സമാധാനാണ്. ആരൂല്യാണ്ടെ ഒറ്റയ്ക്ക് ഞാനിതിനകത്ത് കിടന്ന് ചത്തോട്ടെ. ഇത്തിര്യേങ്കിലും എന്നെ സ്നേഹൂണ്ടെങ്കില്‍ ഇങ്ങനെ പറയ്യോ. രണ്ടാമതൊന്ന് ആലോചിക്കാതെ ഇതിന് സമ്മതിക്കില്ലേ''. ആ വാക്കില്‍ മാഷ് വീണു.


''എല്ലാം തന്‍റെ ഇഷ്ടം'' അയാള്‍ പറഞ്ഞു ''താനെന്ത് പറഞ്ഞാലും ഞാനതിനെ എതിര്‍ക്കില്ല''. 


''അതെനിക്കറിയില്ലേ'' പത്മാവതിയമ്മ അയാളുടെ നേരെ കൈനീട്ടി.

^^^^^^^^^^^^^^^^^^^^^^^

''എന്‍റെ മകന്‍ വിളിക്കുമ്പോഴൊക്കെ അച്ഛനും അമ്മയും ഞങ്ങളുടെ അടുത്തേക്ക് വരണം എന്ന് പറയുന്നുണ്ട്'' പത്മനാഭ മേനോന്‍ പറഞ്ഞു ''മകള്‍ക്കും ഞങ്ങള്‍ അവളുടെ അടുത്തേക്ക് ചെല്ലണം. എന്താ വേണ്ടത് എന്ന സംശയത്തിലാണ് ഞങ്ങള്‍ രണ്ടാളും''.


''സാറിന്‍റെ മകന്‍ ദുബായിലല്ലേ'' കണ്ണന്‍ നായര്‍ ചോദിച്ചു.


''അല്ലാടോ. അവന്‍ ജപ്പാനിലാണ്. മകളാണ് ദുബായില്‍''.


''സാറൊരു കാര്യം ചെയ്യൂ'' ബാലന്‍ മാഷ് പറഞ്ഞു ''കുറച്ചുദിവസം മകന്‍റടുത്ത് കഴിയിന്‍. എന്നിട്ട് അവിടുന്ന് മകളടടുത്ത് ചെല്ലിന്‍''.


''നല്ല കഥയായി. ഒരുദിക്കില്‍ പോവാന്‍ തന്നെ താല്‍പ്പര്യമില്ല. പിന്നല്ലേ രണ്ടുദിക്കിലും ചെല്ലുന്നത്''.


''സാറിന് വിളിക്കാന്‍ ആളുണ്ടായിട്ട് പോവാന്‍ മടി. ഞങ്ങളെ നോക്കിന്‍. വിളിക്കാന്‍ ആളില്ലാത്ത മുട്ടാ ഞങ്ങള്‍ക്ക്'' കണ്ണന്‍ നായര്‍ പറഞ്ഞു.


''നിങ്ങള്‍ക്കില്ലേ നാലു മക്കള്. വിളിച്ചില്ലെങ്കിലും ചെന്നൂടേ''.


''ഞാന്‍ പോയാല്‍ അവരൊന്നും പറയില്ല. എന്നാല്‍ അങ്ങന്യല്ല ഭാര്യടെ അവസ്ഥ. അവളും മക്കളും തമ്മില്‍ ചേരില്ല''.


''അയമ്മ ആരോടും ചേരില്ല. നിങ്ങളായതോണ്ട് ഒന്നിച്ച് കഴിയുണൂ''.


''കഴിഞ്ഞ ജന്മം ഞാന്‍ ചെയ്ത പാപംകൊണ്ട് അനുഭവിക്കേണ്ടി വരുണതാണ്''.


''പോട്ടേ, സാരൂല്യെടോ'' ഹരിദാസന്‍ ആശ്വസിപ്പിച്ചു. അകലെനിന്ന് കുറച്ചുപേര്‍ വരുന്നത് കണ്ടു. നിറമാലയും ചുറ്റുവിളക്കും വഴിപാട് ഏല്‍പ്പിച്ചവരാണ്.


''വഴിപാട് ഏല്‍പ്പിച്ചോര് വരുണുണ്ട്. അമ്പലത്തിലിക്ക് പോവാം'' അയാള്‍ പറഞ്ഞതും എല്ലാവരും എഴുന്നേറ്റു.


 ഭാഗം : - 78.


തീരെ പ്രതീക്ഷിക്കാതെയാണ് ചന്ദ്രിക മക്കളേയും കൂട്ടി വന്നത്. അവര്‍ വരുമ്പോള്‍ വേലപ്പന്‍ ഉറക്കത്തിലായിരുന്നു. ലോറിയില്‍ നിന്നിറങ്ങിയ അയാള്‍ നേരം പുലര്‍ന്നിട്ടാണ് വീട്ടിലെത്തിയത്.


''എന്താടി ഒന്നും അറിയിക്കാണ്ടെ നീ കുട്ട്യേളേം കൂട്ടിവന്നത്'' അമ്മിണി മകളോട് ചോദിച്ചു.


''ജോലിക്ക് ചേരണ്ട കടലാസ്സ് കിട്ടി. നല്ലദിവസം നോക്കിച്ചപ്പൊ നാളെ നന്നേന്ന് പറഞ്ഞു. ഒരുമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി നാളത്തന്നെ ജോലിക്ക് ചേരണം. അതിനുമുമ്പ് ഇവിടെ വന്ന് അമ്മേം, അച്ഛനേം, അമ്മമ്മേം, വല്യേമ്മേം ഒക്കെ കണ്ട് അനുഗ്രഹം വാങ്ങാന്ന് കരുതി''.


''നന്നായി. ഞാന്‍ അച്ഛനെ ഉണര്‍ത്തട്ടെ''.


''വേണ്ടാമ്മേ. അച്ഛന്‍ കുറച്ചുകൂടി കിടന്നോട്ടെ''.


''നീ ഈ കാര്യം ഹരിടെ അച്ഛനെ അറിയിച്ച്വോ''.


''അയാളെ അറിയിക്കണ്ട എന്നാ അമ്മീം ഏട്ടനും പറഞ്ഞത്. എന്നാലും ഞാന്‍ വിളിച്ച് പറഞ്ഞു''.


''എന്താ അയാള് പറഞ്ഞത്''.


''ഇനി നിന്‍റെ അമ്മായേമ്മടെ നെഗളിപ്പ് ഒന്നുംകൂടി കൂടുംന്ന് പറഞ്ഞു''.


''പോട്ടെ. നിന്നെ ഒന്നും പറഞ്ഞില്ലല്ലോ''.


''നീയൊക്കെ ആരായാലും എനിക്കെന്താന്ന് ചോദിച്ചു. ഞാനതിന് ഒന്നും പറഞ്ഞില്ല''.


''ശമ്പളം കിട്ട്യാല്‍ നീ കുറച്ച് കാശയച്ച് കൊടുത്തുനോക്ക്. മടികൂടാതെ അയാളത് വാങ്ങും'' അമ്മിണി പറഞ്ഞു.


''ഇങ്ങിനത്തെ ആള്‍ക്ക് എന്തിനാ അദ്ധ്വാനിച്ച് ഉണ്ടാക്കുണ കാശ് കൊടുക്കുണ്. അത് ഏതെങ്കിലും അനാഥകുട്ടികള്‍ക്ക് കൊടുത്താല്‍ പുണ്യം കിട്ടും'' അമ്മിണിയുടെ അമ്മ പേരക്കുട്ടിയെ ഉപദേശിച്ചു.


''എന്തിനാ നമ്മള് വേണ്ടാത്തത് പറയുണ്. അയാള് എന്ത് വേണെങ്കിലും പറഞ്ഞോട്ടെ. നമ്മടെ മേത്ത് തട്ടില്ലല്ലോ '' സംഭാഷണംകേട്ട് എഴുന്നേറ്റു വന്ന വേലപ്പന്‍ പ്രതികരിച്ചു.


^^^^^^^^^^^^^


''അതേയ്. കാശ് കൊടുത്ത് വാങ്ങ്യേ വണ്ട്യല്ലേ. കാറ്റും വെയിലുംകൊണ്ട്  ഇങ്ങനെ നിന്നാല്‍ എന്തിന് കൊള്ളും'' രാധ ഭര്‍ത്താവിനോട് ചോദിച്ചു. രാവിലെ രണ്ടുപേരും ചേര്‍ന്ന് വണ്ടി കഴുകുകയായിരുന്നു.


''കുറച്ച് കഴിഞ്ഞാല്‍ മഴക്കാലം തുടങ്ങും. അപ്പഴോ. വണ്ടി മഴകൊണ്ട് നനഞ്ഞ് നില്‍ക്കും''.


''അതാ പറയുണ്. അതിനുമുമ്പ് വെയിലും മഴീം കൊള്ളാതെ ഇതിനെ നിര്‍ത്താന്‍ ഒരുവഴി കാണണം''.


''വെറുതെ ഇരിക്കിണോടത്ത് ഇതിന്‍റെ വല്ല കാര്യൂണ്ടോ''.


''വെറുതെ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട. ചില്ലില് ഗമേല് കണ്ണന്‍റെ രാധാന്ന് എഴുതിച്ചില്ലേ. അത് കാണാന്‍ നല്ല സുഖാണല്ലോ''. ഇനി വല്ലതും പറഞ്ഞാല്‍ ലഹള ഉറപ്പാണ്. അതിലും ഭേദം ഇവള്‍ പറയുന്നത് എന്തോ അത് ചെയ്യുന്നതാണെന്ന് കണ്ണന്‍ നായര്‍ കരുതി.


''ഇങ്ങനെ കൊത്തിക്കടിക്കാന്‍ നില്‍ക്കാണ്ടെ എന്താ വേണ്ടതേന്ന് പറയൂ''.


''അങ്ങനെ വഴിയ്ക്ക് വരിന്‍. കുറച്ച് കഴിഞ്ഞാല്‍ നിങ്ങള് പോയി ആ രമണനെ വരാന്‍ പറയിന്‍. അവനോട് ഒരുഷെഡ്ഡ് ഉണ്ടാക്കാന്‍ പറയാം''.


''ഫോണ്‍ ചെയ്ത് പറഞ്ഞാല്‍ പോരേ''.


''ഫോണ്‍ ചെയ്താലൊന്നും ആ വൈസ്രോയി വരില്ല. ചെന്നു പറഞ്ഞാലേ വരൂ''


''എന്നാല്‍ ചായകുടി കഴിഞ്ഞിട്ട് ഞാന്‍ പോവാം''.


''ഒരു കുട കയ്യില്‍ വെച്ചോളിന്‍. വെയില് കൊള്ളണ്ട'' ശരിയെന്ന മട്ടില്‍ കണ്ണന്‍ നായര്‍ തലകുലുക്കി.


''പിന്നെ വരുണവഴിക്ക് പീടികേന്ന് ഒരുകിലോ വടപ്പരിപ്പ് വാങ്ങിന്‍. കുറച്ച് വെല്ലൂം വാങ്ങിക്കോളിന്‍. വൈകുന്നേരം ഞാന്‍ അപ്പൂം വടേം ഉണ്ടാക്കിത്തരാം'' കണ്ണന്‍ നായര്‍ അതിനും തലയാട്ടി.


 ഭാഗം : - 79.


രാവിലെ പതിനൊന്നുമണിയോടെ ഹരിദാസന്‍ സുമതിയ്ക്ക് ഫോണ്‍ ചെയ്തു. അപ്പോഴാവുമ്പോള്‍ മകനും മകളും മരുമകനും ജോലിക്ക് പോയിട്ടുണ്ടാവും. രണ്ടുപേരും തമ്മില്‍ പറയുന്നത് ആരും കേള്‍ക്കില്ല.


''എന്തൊക്കീണ്ട് വിശേഷം. നന്ദു എന്തെങ്കിലും പറഞ്ഞ്വോ''.


''ഒന്നും പറഞ്ഞില്ല. എങ്കിലും എന്തോ അവന്‍റെ മനസ്സിലുണ്ട്''.


''എന്താ നിനക്കങ്ങനെ തോന്നാന്‍ കാരണം''.


''ഞാനവന്‍റെ ഭാര്യടെകാര്യം പറഞ്ഞമുതല്‍ക്ക് അവനൊരു മൌഢ്യം. എപ്പഴും ഒരാലോചന''.


''അതോണ്ട് കാര്യൂല്യാ. രണ്ടാലൊന്ന് പറയണ്ടേ''.


''ഇന്നല്യാണ് അവന്‍ വായ തുറന്ന് എന്തെങ്കിലും പറഞ്ഞത്''.


''എന്താ പറഞ്ഞത്''.


''ഇനി അത് ആലോചിച്ചിട്ടെന്താമ്മേ കാര്യം. ഒക്കെ കൈവിട്ട് പോയില്ലേ എന്നവന്‍  ചോദിച്ചു. അപ്പഴത്തെ അവന്‍റെ മുഖം കാണണ്ടതായിരുന്നു. കരഞ്ഞില്ല എന്നേയുള്ളു. ആ മുഖം സങ്കടംകൊണ്ട് വാടീരുന്നു''.


''അതിന്‍റര്‍ത്ഥം അവനവളെ സ്നേഹിക്കിണുണ്ട് എന്നല്ലേ''.


''ഉണ്ടാവുംന്ന് തോന്നുണു. കുറച്ച് ദിവസംമുമ്പ് അവന്‍ കുളിക്കുമ്പൊ അവന്‍റെ ഫോണടിച്ചു. ഞാന്‍ എടുക്കുമ്പഴയ്ക്കും കട്ടായി. വെറുതെ ഞാനൊന്ന് എടുത്ത് നോക്ക്യേപ്പൊ അതില് അവന്‍റെ ഭാര്യടെ ഫോട്ടോ ഇട്ടിരിക്കിണത് കണ്ടു''. 


''എന്നിട്ട് നീയെന്താ ഇതുവരെ എന്‍റടുത്ത് ഈ കാര്യം പറയാഞ്ഞ്''.


''ഇതെന്താ അത്ര വല്യേ കാര്യാണോ''.


''നീയൊരു മണ്ടിപൂതം തന്ന്യാണ്. അവനവളോട് സ്നേഹൂല്ലെങ്കില്‍ ഫോണില്‍ അവളടെ ഫോട്ടോ വെക്ക്വോ''.


''ഞാന്‍ അത്രേങ്കിട്ട് ചിന്തിച്ചില്ല''.


''ഏതായാലും ഒരുകാര്യം ചെയ്യ്. അവളെന്നെ വിളിച്ചതും ഞാനവളെ കാണാന്‍ ചെന്നതും നീയവനോട് പറയ്''.


''നിങ്ങളല്ലേ അതൊന്നും അവന്‍റടുത്ത് പറയണ്ടാന്ന് പറഞ്ഞത്''.


''അത് അവന്‍റെ മനസ്സ് അറിയാത്തതോണ്ടല്ലേ. ഇപ്പൊ അറിഞ്ഞല്ലോ. ഇനി പറഞ്ഞോ''.


''ഞാന്‍ ഇന്നന്നെ പറയാം. എന്നിട്ട് എന്താ അവന്‍ എന്‍റടുത്ത് പറഞ്ഞത് എന്ന് പറയാം''.


''അത് മതി''. വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറഞ്ഞ് ആ സംഭാഷണം നീണ്ടുപോയി.


^^^^^^^^^^^^^^^^^^^^^^^^^^^


പേരക്കുട്ടിയുടെ ജോലിസ്ഥലത്തെ വിശേഷങ്ങളറിയാന്‍ അമ്മിണിയുടെ അമ്മ അഞ്ചുമണിയാവുന്നതും കാത്തിരുന്നു. പകല്‍ രണ്ടുമൂന്ന് തവണ അവര്‍ പേരക്കുട്ടിയെ വിളിക്കാന്‍ മകളോട് ആവശ്യപ്പെട്ടുവെങ്കിലും അമ്മിണിയത് ചെവിക്കൊണ്ടില്ല.


''എന്താമ്മേ നിങ്ങള് പറയുണ്. അവള് നടാടെ ജോലിക്ക് ചെന്നതല്ലേ. അതിന്‍റെ എടേല് അവളെ നമ്മള് വിളിച്ച് ബുദ്ധിമുട്ടിക്കാന്‍ പാട്വോ'' എന്നവള്‍ക്ക് ഒടുവില്‍ പറയേണ്ടി വന്നു.


''അഞ്ചുമണി കഴിഞ്ഞു. ആപ്പീസ് വിട്ടിട്ടുണ്ടാവും. ഇനി വിളിച്ചൂടേ'' അവര്‍ വാച്ചില്‍ നോക്കിയിട്ട് പറഞ്ഞു.


''ധൃതികൂട്ടണ്ട. അവള് വീടെത്തട്ടെ. എന്നിട്ട് വിളിക്കാം''.


''ബസ്സ് കിട്ടി വീടെത്തുമ്പഴയ്ക്ക് നേരം എത്ര്യാവും. അതാ പറഞ്ഞത്''.


''നിങ്ങള് പൊരിയണ്ട. ഞാനവളെ വിളിച്ച് തരുണുണ്ട്''. ഏതായാലും ആറുമണി കഴിഞ്ഞപ്പോള്‍ അമ്മിണി മകളെ വിളിച്ചു.


''നീ വീടെത്ത്യോ'' അമ്മിണി ചോദിച്ചു.


''ഇതാ വന്നുകേറിയേതേ ഉള്ളൂ. ഡ്രസ്സ് കൂടി മാറ്റിയിട്ടില്ല''.


''നിന്‍റെ അമ്മമ്മയ്ക്ക് നിന്നോട് വര്‍ത്തമാനം പറയണംന്ന് പറഞ്ഞ് രാവിലെ മുതല്‍ കാത്തിരിക്ക്യാണ്''.


''എന്നാല്‍ അമ്മമ്മടടുത്ത് കൊടുക്കൂ''. അമ്മിണി ഫോണ്‍ മകള്‍ക്ക് കൈമാറി.


''എന്താ അമ്മമ്മേ, എന്നോടെന്താ പറയാനുള്ളത്''.


''എങ്ങനീണ്ട് മകളേ നിന്‍റെ പണ്യോക്കെ''.


''ഇന്ന് ചേര്‍ന്നതല്ലേ ഉള്ളൂ. ഒന്നും പറയാറായിട്ടില്ല അമ്മമ്മേ''.


''അവിടത്തെ ആള്‍ക്കാരൊക്കെ എങ്ങനീണ്ട്''.


''എല്ലാവരും നല്ല പെരുമാറ്റം ആയിരുന്നു. ഹരിയേട്ടനെ അവര്‍ക്കൊക്കെ എന്ത് ഇഷ്ടമാണെന്നോ''.


''എന്താ കാരണംന്ന് നിനക്കറിയ്യോ. ഹരിഹരന്‍റെ സ്വഭാവം അത്രയ്ക്ക് നല്ലതാണ്. എന്‍റെ മോളും എല്ലാരോടും നന്നായി പെരുമാറ്വാ. ആരോടും കൂട്ടത്തിനും കുറിക്കും പോവാണ്ടിരിക്ക്യാ. അങ്ങനേ പെരുമാറാവൂ''.


''ശരി അമ്മമേ''.


''എന്നാ എന്‍റെ മകള് എന്തെങ്കിലും കഴിക്ക്. അമ്മമ്മ പിന്നെ വിളിക്കാം''. വൃദ്ധ സംഭാഷണം അവസാനിപ്പിച്ചു.


 ഭാഗം : - 80.


''ഇന്ന് മാഷ് എഴുത്തുകാരന്‍ മൊഹമ്മദിന്‍റടുത്ത് പോയീന്ന് ഞാന്‍ ചെന്നപ്പൊ അവന്‍ പറഞ്ഞു'' വൈകുന്നേരം പതിവുപോലെ ഒത്തു കൂടിയപ്പോള്‍ ശിപായി ചാമുണ്ണി കുറുപ്പ് മാഷോട് പറഞ്ഞു.


''ശരിയാണ്. ഞാന്‍ പോയിരുന്നു'' മാഷ് മറുപടി നല്‍കി.


''എന്താ വിശേഷിച്ച്. സ്ഥലം വല്ലതും വാങ്ങുന്നുണ്ടോ'' പത്മനാഭ മേനോന്‍ ചോദിച്ചു.


''നല്ല കഥ. ഈ വയസ്സുകാലത്ത് എനിക്കെന്തിനാ സ്ഥലം. ഉള്ളതുത്തന്നെ നോക്കിനടത്താന്‍ വയ്യ''.


''എന്തിനാ നിങ്ങള് ചെന്നതേന്ന് മുഹമ്മദ് പറഞ്ഞു'' ചാമുണ്ണി അറിയിച്ചു. കക്ഷികള്‍ എന്ത് ആവശ്യത്തിനാണ് ചെന്നത് എന്ന്എഴുത്തുകാരന്‍ മറ്റ് ആളുകളോട് പറയാന്‍ പാടില്ലാത്തതാണ്. അയാളത് ചെയ്തു. ചാമുണ്ണി അറിഞ്ഞ അവസ്ഥയ്ക്ക് ഇനി മറച്ചുവെച്ചിട്ട് കാര്യമില്ല. 


''എന്‍റെ ഭാര്യയ്ക്ക് ഒരാവശ്യം. വാടകയ്ക്ക് കൊടുത്ത കെട്ടിടവും അത് നില്‍ക്കുന്ന സ്ഥലവും വര്‍ക്ക്ഷോപ്പും സ്ഥലവും വാടകയ്ക്ക് താമസിക്കുന്ന രവീന്ദ്രന്‍റെ മക്കളുടെപേരില്‍ ഇഷ്ടദാനം ചെയ്യണം. ഒരുപാടായി അവളെന്നെ നിര്‍ബ്ബന്ധിക്കുന്നു. എന്നാല്‍ അങ്ങിനെത്തന്നെ എന്ന് തീരുമാനിച്ചു''.


''എന്തായിത്. ഇന്നത്തെ കാലത്ത് ആരെങ്കിലും അന്യനൊരാള്‍ക്ക് സ്വന്തം സ്ഥലം വെറുതെ കൊടുക്ക്വോ'' മേനോന്‍ അമ്പരന്നു.


''ഒന്നും പറയണ്ട മേനോന്‍ സാറേ. ഇപ്പോള്‍ കുറച്ചായിട്ട് ഇങ്ങിനെയാണ്. ആരും സങ്കല്‍പ്പിക്കാത്ത കാര്യങ്ങളേ അവള്‍ പറയൂ''.


''എന്നാലും മാഷത് സമ്മതിക്കാന്‍ പാടുണ്ടോ'' ചാമുണ്ണി ചോദിച്ചു ''ആ വര്‍ക്ക്ഷോപ്പ്കാരനോട് ഓണം ബമ്പര്‍ ലോട്ടറി എടുക്കാന്‍ പറയണം. അവന് ഒന്നാം സമ്മാനം അടിക്കും. അത്ര നല്ലസമയാണ് അവന്‍റേത് എന്നാ മുഹമ്മദ് പറഞ്ഞത്''.


''ചില കാര്യങ്ങള്‍ അങ്ങിനെയാണ്. നമുക്ക് ഇഷ്ടമില്ലെങ്കിലും ചെയ്യേണ്ടി വരും. ഇതും അതുപോലെയാണ്''.


''എന്താ അവരോടിത്ര ഇഷ്ടം''.


''വിശദമായിട്ടന്നെ അത് പറയണം. നമുക്ക് വയസ്സായി. നോക്കാന്‍ ആളില്ല എന്ന കംപ്ലെയിന്‍റാണ് കുറച്ചുകാലമായി എന്‍റെ ഭാര്യയ്ക്ക്. അതിന്‍റെ ഇടയിലാണ് വീട്ടില്‍ കള്ളന്‍ കയറിയത്. വലിയ വീടല്ലേ, അതിലെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്താല്‍ തുണയ്ക്ക് ആളായില്ലേ എന്നായി ഭാര്യ. അതു പറ്റില്ല, വേണമെങ്കില്‍ ട്യൂഷന്‍ ക്ലാസ്സ് നടത്തിയ കെട്ടിടം പറ്റിയൊരു കൂട്ടര്‍ക്ക് കൊടുത്തോളൂ എന്ന് ഞാന്‍ സമ്മതിച്ചു. അങ്ങിനെ വന്നതാണ് രവീന്ദ്രനും കുടുംബവും''.


''അത് മനസ്സിലാവും. എന്നാലും എന്താണ് ഇങ്ങിനെയൊരു ബന്ധം''.


''പണത്തിന്ന് കുറവുണ്ട് എന്നേയുള്ളു, ആ ചെറുപ്പക്കാരന്‍റെയും അവന്‍റെ അമ്മയുടേയും ഭാര്യയുടേയും സ്വഭാവം വളരെ നല്ലതാണ്. ചുരുങ്ങിയ ദിവസംകൊണ്ട് എന്‍റെ ഭാര്യയ്ക്കവര്‍ വേണ്ടപ്പെട്ടവരായിമാറി. ഇപ്പോള്‍ എന്തിനും ഏതിനും അവര്‍ വേണം. ദൂഷ്യം പറയരുതല്ലോ, രവീന്ദ്രന്‍റെ ഭാര്യ അവള്‍ക്ക് മകളായി . എന്‍റെ ഭാര്യ വയ്യാതെ കിടന്നപ്പോള്‍ ആ കുട്ടിയാണ് അവളുടെ കാര്യങ്ങള്‍ നോക്കിയത്''.


''കാര്യോക്കെ ശര്യേന്നെ. എന്നാലും മാഷടെ മക്കള് ഇതറിഞ്ഞാല്‍ എന്താ ഉണ്ടാവ്വാ'' ഹരിദാസന്‍ ചോദിച്ചു.


''സത്യം പറയാലോ. കുറച്ചായിട്ട് മക്കളുമായി അത്ര നല്ല രസത്തിലല്ല. എന്‍റെ സ്വത്താണ്, എന്‍റെ ഇഷ്ടംപോലെ ചെയ്യും, മക്കള്‍ എന്‍റടുത്ത് ചോദിക്കാന്‍ വന്നാല്‍ ഞാനവരെ ആട്ടിവിടും എന്നൊക്കെയാണ് പത്മാവതിയുടെ പറച്ചില്''.


''എല്ലാം ശരി. മാഷ് ഇഷ്ടപ്പെട്ടിട്ടാണോ ഇതിന്ന് സമ്മതിച്ചത്''.


''അങ്ങിനെ ചോദിച്ചാല്‍ അല്ല എന്നേ പറയൂ. പിന്നൊരു കാര്യമുണ്ട്. എന്‍റത്രയും  ഇല്ലെങ്കിലും അവളും ജോലിചെയ്ത് സമ്പാദിച്ചിട്ടുണ്ട്. എനിക്ക് കിട്ടിയത് ഞാനവളെ ഏല്‍പ്പിക്കും. എല്ലാംകൂടി ഭംഗിയായി കൈകാര്യംചെയ്തത് അവളാണ്. പത്തുരൂപ ചിലവ് വരുന്നയിടത്ത് ഒരുരൂപയില്‍ ഒതുക്കാന്‍ എന്നും അവള്‍ ശ്രമിച്ചിട്ടുണ്ട്. അത് ഞാന്‍ മറക്കാന്‍ പാടില്ല''.


''എന്‍റെ മനസ്സിലൊരു സംശയം തോന്ന്വാണ്. വാടകക്കാര് മാഷടെ ഭാര്യടെ മനസ്സ് എന്തെങ്കിലും പറഞ്ഞ്  മാറ്റ്യേതാവ്വോ''.


''അതല്ല. ഭാര്യക്ക് ഈയിടെയായി പേടിയുണ്ട്. ജാതകപ്രകാരം ഞങ്ങള്‍ രണ്ടുപേര്‍ക്കും ദശാസന്ധി ഉള്ള സമയമാണ്. അത് കാരണം അവള്‍ക്ക് വൈധവ്യദുഃഖം അനുഭവിക്കേണ്ടിവരും എന്നാണ് ഫലം. അത് കേട്ടതും തുടങ്ങിയ പേടിയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവള്‍ക്ക് ആരെങ്കിലും വേണ്ടേ എന്നാണ് ചോദിക്കുന്നത്''.


''ഇത് വിശ്വസിച്ച് അന്യന് വെറുതെ സ്ഥലം കൊടുക്കേണ്ട കാര്യമില്ല''.


''അത് ശരി. നിങ്ങള് പോയാല്‍ എനിക്കാരൂല്യാണ്ടെ വരില്ലേ എന്നു ചോദിച്ച് കണ്ണീരൊലിപ്പിച്ചാല്‍ കണ്ടുനില്‍ക്കാന്‍ പറ്റില്ലല്ലോ''.


''ഭര്‍ത്താവ് ഇല്ലാതായാലും മക്കളില്ലേ. പിന്നെന്താ പേടി''.


''മക്കളെ കാണണ്ട എന്നാണവള്‍  പറയുന്നത്. വേറൊരു കാര്യം. മക്കളുടെ ഭാര്യമാരും അവളും തമ്മില്‍ യോജിക്കില്ല. കീരിയും പാമ്പുംപോലെ ഉള്ള ബന്ധമാണ് അമ്മായിയമ്മയും മരുമക്കളും തമ്മിലുള്ളത്. പറയുമ്പോഴതും പറയണമല്ലോ''.


''അതെന്താ അങ്ങിനെ വരാന്‍''.


''മൂത്തവന്‍ സ്വന്തം ഇഷ്ടംനോക്കി ഒന്നിനെ കല്യാണം കഴിച്ചതാണ്. അന്നുമുതല്‍ക്കേ പത്മാവതിക്ക് അവളെ കണ്ണിനുനേരെ കണ്ടുകൂടാ. പെണ്ണിന്‍റെ സ്വഭാവം നന്നല്ല. എന്തിനും ഏതിനും വഴക്കുണ്ടാക്കുന്ന പ്രകൃതം''.


''രണ്ടാമന്‍റെ കാര്യോ''.


''അത് ഇതിലും വിശേഷമാണ്. പത്മാവതിയുടെ ജൂനിയര്‍ ഒരുസ്ത്രീയുണ്ട്. മകനെക്കൊണ്ട് അവരുടെ മകളെ കല്യാണം കഴിപ്പിക്കണം എന്ന് എന്‍റെ ഭാര്യയ്ക്ക് ഒരാശ. കാര്യത്തിന്‍റെ അടുത്ത് വന്നപ്പോള്‍ മകന്‍റെ ഭാവംമാറി. എനിക്ക് പറ്റിയതിനെ ഞാന്‍ കണ്ടെത്തിക്കോളാം നിങ്ങള്- ബുദ്ധിമുട്ടണ്ട എന്നവന്‍ പറഞ്ഞു. നീ ഒന്നുപോയി ആ പെണ്‍കുട്ടിയെ കണ്ടിട്ട് വാ എന്ന് അമ്മ പറഞ്ഞത് മകന്‍ കേട്ടില്ല. കല്യാണം കഴിഞ്ഞ് ഒരാഴ്ച തികയുംമുമ്പ് അവന്‍ ഭാര്യയേയും കൂട്ടി താമസംമാറി''.


''എന്തായാലും ആ പാവപ്പെട്ട കുടുംബം നന്നാവട്ടെ'' പത്മനാഭ മേനോന്‍ ആശംസിച്ചു. അമ്പലത്തില്‍നിന്ന് ആ സമയത്ത് ശംഖനാദം മുഴങ്ങി.


No comments:

Post a Comment

അദ്ധ്യായം 111-120

 ഭാഗം : - 111. മുന്നറിയിപ്പ് നല്‍കാതെയാണ് കണ്ണന്‍ നായരും രാധയും മകന്‍റെ വീട്ടിലേക്ക് ചെന്നത്. ''പോണ വിവരം വിളിച്ച് പറയണ്ടേ''...