Saturday, 12 October 2024

അദ്ധ്യായം 1-10

 ഭാഗം : - 1.


രാവിലെ കുളിക്കാന്‍ പോവുന്നതിന്നുമുമ്പ് കണ്ണന്‍ നായര്‍ ഷര്‍ട്ടും മുണ്ടും ഇസ്തിരിയിട്ട് എടുത്തുവെച്ചു. ഇന്നൊരു കല്യാണത്തിന്ന് പോവാനുണ്ട്.    മുമ്പ് ഒന്നിച്ച് ജോലിചെയ്ത ശങ്കരന്‍റെ മകളുടെ മകളാണ് വധു.


''കണ്ണാ നീ ഉറപ്പായിട്ടും വരണേ'' എന്ന് ശങ്കരന്‍ പറഞ്ഞതാണ്. കൂടെ ജോലിചെയ്തവരെയെല്ലാം ക്ഷണിക്കുന്നുണ്ടെന്നും കൂട്ടത്തില്‍ അയാള്‍        പറഞ്ഞിരുന്നു. കൂടെജോലിചെയ്ത എത്രപേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട് എന്നറിയില്ല, ഈ കല്യാണത്തിന്ന് എത്രപേര്‍ എത്തുമെന്നും. ഏതായാലും കുറച്ചുപേരെങ്കിലും വരാതിരിക്കില്ല. അവരെയെങ്കിലും കാണാമല്ലോ. എല്ലാവര്‍ക്കും പ്രായമായി. ചിലപ്പോള്‍ അവരില്‍ ചിലരെ ഇനി കാണാന്‍ യോഗമുണ്ടാവുമെന്ന് തോന്നുന്നില്ല. 


കുളിയും ഭക്ഷണവുംകഴിഞ്ഞു. സമയം ഒമ്പതുമണി. മുഹൂര്‍ത്തതിന്ന് ഇനിയും നേരമുണ്ട്. പതിനൊന്ന് മുതല്‍ പന്ത്രണ്ടുവരെ മുഹൂര്‍ത്തം ആയത് നന്നായി. കെട്ട് കഴിഞ്ഞതും ആളുകള്‍ക്ക് നേരെ സദ്യയ്ക്ക് കയറാം. എന്നാലും പത്തുമണിക്ക് ഇറങ്ങണം. പഴയ കൂട്ടുകാരോട് അല്‍പ്പനേരം സംസാരിച്ചിരിക്കാമല്ലോ.


പെണ്‍കുട്ടിക്ക് എന്തെങ്കിലും സമ്മാനം കൊടുക്കണ്ടേ. സാധനം ഒന്നും വാങ്ങാന്‍ വയ്യ. അല്ലെങ്കിലും സാധനങ്ങള്‍ സമ്മാനം കിട്ടുന്നതുകൊണ്ട് പലപ്പോഴും ഉപകാരമുണ്ടാവില്ല. കേശവേട്ടന്‍റെ പേരക്കുട്ടിക്ക് കിട്ടിയ സമ്മാനങ്ങളുടെ ലിസ്റ്റ് വായിച്ചത് ഓര്‍മ്മയുണ്ട്. പൊട്ടിയ ഗണപതി ഒന്ന്, പൊട്ടാത്തത് അഞ്ച്, ശിവന്‍ രണ്ട്, ശ്രീകൃഷ്ണന്‍ ആറ്, മഹാലക്ഷ്മി ഒന്ന്, ദോശ ചുടുന്ന തവ പന്ത്രണ്ട്, കപ്പും സോസറും ട്രേയുംകൂടി ഒമ്പത്. ടേബിള്‍ ലാമ്പ് ഏഴ്. എന്തിനാണ് ഇങ്ങിനെയുള്ള സാധനങ്ങള്‍. പകരം പണം നല്‍കുന്നതാണ് നല്ലത്. കവറില്‍ പേരെഴുതി അഞ്ഞൂറിന്‍റെ ഒരുനോട്ട് അതിലിട്ട് കൊടുക്കാം. അതിലും കുറവ് സംഖ്യ കൊടുക്കുന്നത് മോശമാണ്. 


ചിലപ്പോള്‍ മുമ്പ് എന്തെങ്കിലും ആവശ്യത്തിന്ന് വാങ്ങിവെച്ച കവര്‍ അലമാറയിലുണ്ടാവും. അലമാറ തുറന്ന് പരിശോധിച്ചു. കഷ്ടകാലം. അങ്ങിനെയൊരു സാധനം അതിനകത്തില്ല. രാമായണവും ഭാരതവും കവറിടാന്‍ ടീച്ചര്‍ വാങ്ങിയ ബ്രൌണ്‍ പേപ്പറിന്‍റെ ബാക്കിയിരിപ്പുണ്ട്. അതില്‍നിന്ന് ഒരുകഷ്ണമെടുത്ത് ഒരു കവറുണ്ടാക്കാം. മീശ വെട്ടുന്ന കത്തിരികൊണ്ട് പേപ്പര്‍ മുറിച്ച് ഒട്ടിച്ചു. ഹാവൂ. കവറായി. അതില്‍ വൃത്തിയായി പേരെഴുതിവെച്ചു. കണ്ണന്‍ നായര്‍, അമ്പാടി ഹൌസ്.


പൈസ സൂക്ഷിച്ചുവെക്കുന്ന കറുത്ത ഹാന്‍ഡ് ബാഗെടുത്തു. ഉള്ളിലുള്ള നോട്ടുകളെടുത്ത് എണ്ണി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. ആകെക്കൂടി ഉള്ളത് ആയിരത്തി നാനൂറ്റി ഇരുപത് രൂപ. ഇന്നേക്ക് തിയ്യതി പന്ത്രണ്ട്.  ഇനിയും കിടക്കുന്നു ഈ മാസം പത്തൊമ്പത് ദിവസം. പെന്‍ഷന്‍ കിട്ടാന്‍ പിന്നേയും രണ്ടുമൂന്ന് ദിവസമെടുക്കും. എങ്ങിനെയാണ് ഈ പൈസയില്‍ നിന്ന് സമ്മാനം കൊടുക്കുക. വെറും കയ്യുമായി പോവുന്നതും ശരിയല്ല. തമ്മില്‍ഭേദം പോവാതിരിക്കുന്നതാണ്.


കലക്ടറേറ്റിലെ പ്യൂണായി പിരിഞ്ഞ ആള്‍ക്ക് എത്രതന്നെ പെന്‍ഷന്‍ കിട്ടും. എയിഡഡ് എല്‍.പി. സ്കൂളില്‍ ടീച്ചറായിരുന്ന ഭാര്യയ്ക്ക് അതിലും കൂടുതല്‍ പെന്‍ഷനുണ്ട്. ടീച്ചറെന്തിനാ പ്യൂണിനെ കല്യാണം കഴിച്ചത് എന്ന് ചിലരൊക്കെ അവളോട് ചോദിച്ചിട്ടുണ്ട്. അത് എന്‍റെ  ഇഷ്ടം, നിങ്ങള്‍ക്കെന്താ നഷ്ടം എന്ന് ചോദിച്ചവരുടെ മുഖത്ത് നോക്കി അവള്‍ പറഞ്ഞിട്ടുമുണ്ട്.


രണ്ടുപേരുടേയും പെന്‍ഷന്‍കൊണ്ട് സുഖമായി കഴിഞ്ഞതാണ്. അപ്പോഴാണ് ഇരിക്കുന്ന വീട് പൊളിച്ചുകളഞ്ഞ് പുതിയ വീട്  ഉണ്ടാക്കണമെന്ന് ടീച്ചര്‍ക്ക് ഒരാഗ്രഹം. പഴയ വീട് പൊളിക്കാന്‍ കൊടുത്തപ്പോള്‍ കിട്ടിയത് നിസ്സാരം തുക. ഓട്ടുപ്പുര ആയതോണ്ട് അതെങ്കിലും കിട്ടി, വാര്‍പ്പ് കെട്ടിടം പൊളിക്കാന്‍ കൊടുത്താല്‍ ഒന്നും കിട്ടില്ല എന്നാണ് ആള്‍ക്കാര്‍ പറഞ്ഞത്. എന്നിട്ടെന്തായി. രണ്ടാളും ജോലിയില്‍നിന്ന് പിരിയുമ്പോള്‍ കിട്ടിയത് മുഴുവനും ചിലവായി അതോടൊപ്പം രാധയുടെ സ്വര്‍ണ്ണപണ്ടങ്ങളും പോയി. എന്നിട്ടും തികയാതെ വന്നപ്പോള്‍ ബാങ്കില്‍നിന്ന് ലോണെടുത്തു.  അതിന്‍റെ തിരിച്ചടവ് കഴിയുമ്പോഴേക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടായി.


''എന്താ കല്യാണത്തിന് പോണില്ലേ''രാധ അടുത്തുവന്ന് ചോദിച്ചു.


''പോണില്ല''അയാള്‍ പറഞ്ഞു.


''എന്തേ''.


''പോയാല്‍ മത്യോ. എന്തെങ്കിലും കൊടുക്കണ്ടേ''.


''അതിനെന്താ, കൊടുക്കണം''.


''കൊടുക്കാനില്ല. ബാഗില്‍ ആകെക്കൂടി ആയിരത്തി നാനൂറ്റി ചില്വാനം മാത്രേ ഉള്ളൂ. അതോണ്ട് എങ്ങന്യാ ഒരുമാസം കഴിയ്യാ''. രാധ ഒന്നും പറയാതെ അകത്തേക്ക് പോയി. അവള്‍ തിരിച്ചുവന്നത് അഞ്ഞൂറിന്‍റെ  ഒരുനോട്ടുമായിട്ടാണ്.


''ഇത് കൊടുത്തോളൂ''രാധ പറഞ്ഞു.


''എവിടുന്നാ നിന്‍റേലിത്''.


''തേങ്ങ വെട്ടി ഉണക്ക്യേപ്പൊ എടുത്തുവെച്ച ചകിരി മുഴുവനും ഞാന്‍ കുമ്പാരന്മാര്‍ക്ക് കൊടുത്തു. അങ്ങിനെ കിട്ട്യേതാണ്''.


അയാള്‍ക്ക് സന്തോഷമായി. നീ കണ്ണന്‍റെ രാധ തന്ന്യാണ് എന്ന് മനസ്സില്‍ പറഞ്ഞ് അയാള്‍ വസ്ത്രം മാറാന്‍ നടന്നു.


ഭാഗം : - 2.


ബസ്സിറങ്ങി ഓഡിറ്റോറിയത്തിലേക്ക് നടക്കുമ്പോള്‍ പുറകില്‍നിന്ന് ''കണ്ണേട്ടാ' എന്ന് ആരോ വിളിക്കുന്നത് കേട്ടു. തിരിഞ്ഞുനോക്കി. അപ്പു ചിരിച്ചുകൊണ്ട് പുറകെവരുന്നു. കലക്ടറേറ്റിലെ ഡ്രൈവറായിരുന്നു അവന്‍.


''നിങ്ങളെ കണ്ടിട്ട് കൊറെ ആയി. എന്തൊക്കീണ്ട് വിശേഷം''.


''ഇതാ, ഇങ്ങിനെ കഴിഞ്ഞുകൂടുണൂ''.


''നിങ്ങക്കെന്താ കുഴപ്പം. പുത്യേവീടുണ്ടാക്ക്യേത് ഞാനറിഞ്ഞു''.


''പുത്യേ വീട്ടിലിരിക്കാനുള്ള മോഹംകൊണ്ടൊന്ന്വോല്ല.. പഴേത് ഇടിഞ്ഞു കുത്തി വീഴുണ അവസ്ഥ്യായി. മനുഷ്യനായി പോയില്ലേ. എവടേങ്കിലും തല ചായ്ക്കണ്ടേ''.


''അത് വിടിന്‍. മക്കളൊക്കെ നല്ല നെലേല്. രണ്ടാളുക്കും പെന്‍ഷന്‍. നിങ്ങടെ തലേല്‍ വരച്ച കോലോണ്ട് എന്‍റെ നടുമുതൂന്ന് ഒരടി കിട്ട്യാ മത്യായിരുന്നു''. ഇതാണ് മനുഷ്യരുടെ കാഴ്ചപ്പാട്. മക്കള് വാരിക്കോരി പണം തരുന്നുണ്ട് എന്നാണ് വിചാരം. അവരെക്കൊണ്ട് പത്തുപൈസയ്ക്ക് ഉപകാരം ഇല്ല എന്ന് നമുക്കല്ലേ അറിയൂ.


''മക്കള്‍ക്ക് സമ്പദ്യൂള്ളതിന് അവര്‍ക്ക് ചിലവും കാണില്ലേ''.


''എന്നാലും എന്തെങ്കിലും തരാണ്ടിരിക്ക്വോ''. ഉള്ളത് പറഞ്ഞാല്‍ മക്കള്‍ക്ക് കുറച്ചിലാവും. അതുകൊണ്ട് അതൊന്നും പറയണ്ട.


''ഇനി നിന്‍റെ വിശേഷങ്ങള്‍ പറയ്. കാര്യങ്ങളൊക്കെ എങ്ങനെ പോണൂ''.


''പിരിഞ്ഞപ്പൊ കിട്ട്യേ കാശിന്ന് കുറച്ചെടുത്ത് ചെറുക്കനെ ഒരു സ്ഥലം വാങ്ങി. ആളും മനുഷ്യനും ഇല്ലാത്തോടത്ത് സ്ഥലൂണ്ടായിട്ട് എന്താ കാര്യംന്ന് എല്ലാരും ചോദിച്ചു. ഞാനത് കേട്ടില്ലാന്ന് നടിച്ചു. അത് വാങ്ങ്യേതോണ്ടിപ്പൊ നന്നായി''.


''എന്താ മുറിച്ചുവില്‍ക്കാന്‍ പ്ലാനുണ്ടോ''.


''വില്‍ക്ക്വേ. നല്ല കാര്യായി. ആദ്യംതന്നെ കൊക്കര്‍ണ്ണിപോലെ ഒരു കിണറ്  കുഴിച്ചു. അതിന് സബ്‌സിഡീം കിട്ടി. പിന്നെ കൃഷീലിക്ക് ഇറങ്ങി. ഉച്ചയ്ക്കുള്ള ചോറും എടുത്ത് രാവിലെ  വീട്ടിന്നിറങ്ങും. വൈകുന്നേരം വരെ കൊത്തും കിളയും ആയിട്ട് തോടീല്‍ കൂടും. നിങ്ങളൊന്ന് വന്ന് കാണണം കണ്ണേട്ടാ. തോടീല് ഇല്ലാത്ത ഒന്നൂല്യാ. പലജാതി മാവ്, പ്ലാവ്, നല്ലോണം കായ്ക്കുണ പത്തിരുപത്തഞ്ച് തെങ്ങുകള്, വാഴ, പച്ചക്കറികള് എന്നുവേണ്ട, ഒരുവിധം എല്ലാം അതിലുണ്ട്''. 


''അത് നന്നായി''.


ഓഡിറ്റോറിയത്തിന്‍റെ മുന്നില്‍ ശങ്കരനും ഭാര്യയും അതിഥികളെ സ്വീകരിക്കാന്‍ നില്‍ക്കുന്നുണ്ട്. രണ്ടുപേരേയും ശങ്കരന്‍ കൈകൂപ്പി സ്വീകരിച്ചു.


''വലത്ത് ഭാഗത്ത് നമ്മടെ ആള്‍ക്കാര് ഇരിക്കുണുണ്ട്. അങ്ങോട്ട് ചെന്നോളിന്‍''അയാള്‍ പറഞ്ഞു


സ്റ്റെനോ ആയിരുന്ന വെങ്കിട്ടരാമന്‍ സാറും, ജെ.എസ്. സെബാസ്റ്റ്യന്‍ സാറും, മേരിക്കുട്ടി സാറും, താഹസില്‍ദാറായിരുന്ന ഹമീദ് സാറും, ടൈപ്പിസ്റ്റ് മാലതിയമ്മയും ഓഡിറ്റോറിയത്തിന്‍റെ ഒരുഭാഗത്തിരുന്ന് സംസാരിക്കുന്നുണ്ട്. കണ്ണന്‍ നായരും അപ്പുവും അങ്ങോട്ട് ചെന്നു.


''അസോസിയേഷന്‍റെ ജെനറല്‍ ബോഡിക്ക് നിന്നെ കണ്ടില്ലല്ലോ കണ്ണാ'' സെബാസ്റ്റ്യന്‍ സാര്‍ ചോദിച്ചു.


''അന്ന് കുടുംബത്തില് ഒരാള് മരിച്ചതോണ്ട് വരാന്‍ പറ്റീലാ''.


''പുതുക്കിയ പെന്‍ഷന്‍ കിട്ടാന്‍ തുടങ്ങീലേ''.


''ഉവ്വ്. ആഗസ്റ്റില്‍ കിട്ടാന്‍ തുടങ്ങി''.


''അടുത്ത മാസം കുടിശികയുടെ ഒരു ഇന്‍സ്റ്റാള്‍മെന്‍റ് കിട്ടും. അതിന്ന് അസോസിയേഷന് ഒരുശതമാനം പിരിവുണ്ട്. അത് എത്തിക്കണം''.


''കിട്ട്യേതും കൊണ്ടുവന്ന് തരാം''.


''നീ തരുംന്ന് അറിയാം. ചില മെമ്പര്‍മാരുണ്ട്. യൂണിയന് കൊടുക്കേണ്ട കാര്യം അവര് മറക്കും''.


''നീയിവിടെ എന്‍റടുത്ത് ഇരിക്ക്''സ്റ്റെനൊഗ്രാഫര്‍ സ്വാമി പറഞ്ഞു ''കുറച്ചുകാലം ആയില്ലേ കണ്ടിട്ട്. വിവരങ്ങളൊക്കെ കേള്‍ക്കട്ടെ''. വിവരങ്ങളെല്ലാം സ്വാമിയോട് പറഞ്ഞശേഷം അദ്ദേഹത്തിന്‍റെ  വീട്ട് വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും ചോദിച്ചു. സ്വാമിക്ക് രണ്ട് ആണ്‍കുട്ടികളാണ്. രണ്ടുപേരും പഠിക്കാന്‍ മിടുക്കരായിരുന്നു.


''മൂത്തവന്‍ യു.എ.ഇ.യിലാണ്. രണ്ടാമന്‍ ആസ്ട്രേലിയയിലും. എന്തെങ്കിലും സംഭവിച്ചാല്‍ മക്കള്‍ അടുത്തില്ല. ഞാനതൊന്നും ആലോചിക്കാറില്ല. എവിടേയോ അവര്‍ നന്നായി കഴിയട്ടെ''


നാലെണ്ണത്തിനെ പെറ്റു, ഒന്നിനെക്കൊണ്ടും നമുക്കൊരു ഉപകാരൂല്യാ   എന്ന് ഇടയ്ക്കൊക്കെ രാധ പറയും. അതില്‍ അര്‍ത്ഥമില്ല. ഏതാണ്ട് എല്ലാവരുടേയും അവസ്ഥ  ഇതുതന്നെ. നാദസ്വരക്കാരുമായി ഒരുസംഘം പെണ്‍കുട്ടികള്‍ പുറത്തേക്ക് പോവുന്നുണ്ട്. വരനും സംഘവും വരാറായി. എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി.


ഭാഗം : - 3.


മോട്ടോര്‍ സൈക്കിളിന്‍റെ ചെവിപൊട്ടുന്ന ശബ്ദം കേട്ടതും പട്ടാളം വേലപ്പന്ന് ദേഷ്യംവന്നു. ഇന്ന് രാവിലെ മുതല്‍ ഇത് എത്രാമത്തെ തവണയാണ് ഈ ബൈക്ക് ഈ വഴിയിലൂടെ ഓടുന്നത്. എത്ര കുറച്ച് കണക്കാക്കിയാലും ഇരുപതോ ഇരുപത്തഞ്ചോ പ്രാവശ്യം അത് അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ടുണ്ട്. പത്തിരുപത് വയസ്സ് പ്രായം തോന്നുന്ന ഒരു ചെക്കനാണ് അത് ഓടിക്കുന്നത്. മാത്രമോ. ചെക്കന്‍ എത്രവേഗത്തിലാണ് ബൈക്കോടിക്കുന്നത്. പാതയുടെ രണ്ടുവശത്തും നിറയെ വീടുകളുണ്ട്. യദൃശ്ചയാ ആരെങ്കിലും റോഡിലേക്കിറങ്ങിയാല്‍ എന്താവും അവസ്ഥ. ഈ വേഗതയില്‍ അവനത് നിര്‍ത്താന്‍ പറ്റില്ല.


രണ്ടുദിവസമായിട്ട് സദാസമയവും ഇതുതന്നെയാണ് നടക്കുന്നതെന്ന് അമ്മിണി പറഞ്ഞു. ലോഡ് കയറ്റിയ ലോറിയുമായി നാലുദിവസം മുമ്പ് പോയത് കാരണം ഇന്നാണ് ഇതറിയുന്നത്. ഒരുകാര്യത്തിന്ന് കൊള്ളാത്ത ആളുകളാണ് ഇവിടെയുള്ളത്. അല്ലെങ്കില്‍ ഇതിന്ന് മുമ്പേ ആരെങ്കിലും അവനെ പിടിച്ചുനിര്‍ത്തി ചെകിടത്ത് രണ്ടെണ്ണം  പൊട്ടിച്ചുവിട്ടേനെ. ഇനി ആ ചെക്കന്‍ ബൈക്കുമായി ഇങ്ങിനെ വന്നാല്‍ തടഞ്ഞുനിര്‍ത്തി നാല് പറയണമെന്ന് അയാള്‍ നിശ്ചയിച്ചു. 


വീടിന്‍റെ പുറകില്‍ നല്ല കല്ലന്‍ മുളകളിരിപ്പുണ്ട്. സെന്‍ട്രിങ്ങ് പണിക്ക് പോവുന്നവന് പരുവ വിറ്റപ്പോള്‍ നല്ലത് നോക്കി നാലെണ്ണം എടുത്തു വെച്ചു. എന്നെങ്കിലും മുളയുടെ ഒരാവശ്യം വന്നാല്‍ അന്ന് വിലയ്ക്ക് വാങ്ങാന്‍ പോവാതെ കഴിയുമെന്ന് കരുതി ചെയ്തതാണ്. പുറകില്‍ ചെന്ന് നല്ലത് നോക്കി ഒന്നെടുത്തു. വഴി തടയാന്‍ ഇത് ധാരാളം മതി. അകലെനിന്ന് ബൈക്കിന്‍റെ ശബ്ദംകേട്ടതും മുളയുമായി വഴിയിലേക്ക് ചെന്നു. മുളയുടെ ഒരുവശം എതിര്‍ വശത്തെ വീട്ടിലേക്ക് കയറാനുള്ള പടവില്‍ വെച്ച് മറുവശം അല്‍പ്പം പൊക്കിപ്പിടിച്ച് നിന്നു. മുള കണ്ടതും ഓടിപ്പാഞ്ഞെത്തിയ ബൈക്ക് പെട്ടെന്ന് നിര്‍ത്തി.


''എന്താത്''പയ്യന്‍ ബൈക്കിലിരുന്നുകൊണ്ട് ചോദിച്ചു.


''നിനക്കെന്താ കണ്ണ് കാണില്ലേ''തിരിച്ചു ചോദിച്ചു.


''ഇതിങ്ങനെ വെച്ചാല്‍ ആളുകള്‍ക്ക് പോവാന്‍ സാധിക്ക്യോ''.


''ആളുകളടെ കാര്യം നീ നോക്കണ്ട. നീ ബൈക്കിന്ന് ഇറങ്ങ്''.


''ഞാനെന്തിനാ ഇറങ്ങുണ്''.


''ഇറങ്ങെട നായേ''പട്ടാളത്തിന്‍റെ ഒച്ച പൊങ്ങി. വഴിയില്‍കൂടി പോവുന്നവരും അയല്‍പ്പക്കത്തെ വീടുകളിലുള്ളവരും മെല്ലെ രംഗത്തെത്തി. ചെക്കന്‍ ബൈക്കില്‍നിന്ന് താഴെയിറങ്ങി.


''എവിടേക്കാടാ നീ ഇതുംകൊണ്ട് അങ്കിട്ടും ഇങ്കിട്ടും പായുണ്''.


''മലയടിവാരംവരെ പോയി തിരിച്ചുപോരും''. 


''എവിടേക്കാ തിരിച്ചുപോണത്''


''ചിലപ്പൊ നെന്മാറയ്ക്ക് പോവും, അല്ലെങ്കില്‍ ആലത്തൂരിലേക്ക് പോവും''.


''എന്തിനാ അങ്കിട്ടും ഇങ്കിട്ടും പോണത്''.


''ഒന്നൂല്യാ, വെറുതെ പോവ്വാണ്''.


''എവിട്യാടാ നിന്‍റെ വീട്''പയ്യന്‍ സ്ഥലം പറഞ്ഞു.


''വീട്ടില്‍ ആരൊക്കീണ്ട്''.


''അച്ഛനും അമ്മയും അനിയത്തിയും''.


''അച്ഛനെന്താ ജോലി''.


''അച്ഛന്‍ ഗള്‍ഫിലാണ്''.


''അങ്ങിനെ വരട്ടെ. വീട്ടില്‍ ചോദിക്കാനും പറയാനും ആളില്ല. അതിന്‍റെ കുറവ് നല്ലോണം അറിയിണുണ്ട്''. പയ്യന്‍ തലതാഴ്ത്തി നിന്നു.


''എടാ കുട്ട്യേ, നിനക്ക് എത്ര തൂക്കൂണ്ട്''പട്ടാളം വീണ്ടും ചോദിച്ചു.


''അറുപത് കിലോ''.


''പക്ഷെ നിന്‍റെ ഭാവം കണ്ടാല്‍ നിനക്ക് ആറായിരം കിലോ തൂക്കൂണ്ടെന്ന് തോന്ന്വോലോ''. പയ്യന്‍ യാതൊന്നും പറഞ്ഞില്ല.


''എന്താടാ നിന്‍റെ നാവെറങ്ങിപ്പോയോ''ആരോ ചോദിച്ചു. രണ്ടുദിവസം ഇവന്‍  ഈ തോന്ന്യാസം കാണിച്ചപ്പോള്‍ ചോദിക്കാന്‍ ആളില്ല. ഇപ്പോള്‍ ഒരാള്‍ ഇടപെട്ടപ്പോള്‍ ആളായി.


''നിനക്കെത്ര വയസ്സുണ്ട്''വേലപ്പന്‍ ചോദിച്ചു.


''ഇരുപത്തൊന്ന്''.


''എന്താ നിനക്ക് ജീവിച്ച് മടുത്ത്വോ. ചാവണച്ചാല്‍ ഒരുപാട് വഴീണ്ട്. ബൈക്കുംകൊണ്ട് പറന്നുനടന്ന് ആരടേങ്കിലും മേത്ത് മുട്ടിച്ചാല്‍ ആ നിരപരാധി ചാവും. ഏതെങ്കിലും വണ്ടീലാണ് മുട്ട്യേതെങ്കില്‍ നിന്‍റെ കഥകഴിയും. തന്തയ്ക്കും തള്ളയ്ക്കും കരയാനുള്ള വഴ്യാവും''.


''ഇവന്യല്ല പറയണ്ട്. ഇവന് ഈ വാഹനം വാങ്ങി കൊടുത്ത അപ്പനീം അമ്മേനീം പറയണം''വേറൊരാള്‍ പറഞ്ഞു.


''എട കുട്ട്യേ, നിനക്കറിയാഞ്ഞിട്ടാണ്. ഈ കാണുണ ശരീരൂണ്ടല്ലോ. അതിനത്ര ബലോന്നൂല്യാ. നീ ഏതോ സൂപ്പര്‍മാനാണെന്ന് നിനക്ക് തോന്നുണുണ്ടാവും. എന്നാല്‍ അതല്ല. മൈന്‍ പൊട്ടിത്തെറിച്ച് മരിച്ച എത്ര്യോ ആള്‍ക്കാരടെ ശരീരം ഞാന്‍ കണ്ടിട്ടുണ്ട്. ഈ കാണുണ കാഴ്ച്യല്ല അത്. പീസ് പീസായി കിടക്കുണ നിന്‍റെ ബോഡ്യേ ഒന്നാലോചിച്ച് നോക്ക്. എന്ത് കിടപ്പായിരിക്കും അത്. സ്കൂട്ടറിന്ന് വീണ് രണ്ടുകൊല്ലായിട്ട് അനങ്ങാണ്ടെ കിടക്കുണ ആളെ ഞാന്‍ കാണുണതാണ്. നിനക്ക് അതുപോലെ വരാണ്ടിരിക്കാനാണ് ഇതൊക്കെ പറഞ്ഞുതരുണത്. ഇങ്ങനെ പാഞ്ഞാല്‍ എന്താവുംന്ന് മനസ്സിലായോ നിനക്ക്'' 


''ഉവ്വ്. മനസ്സിലായി''.


''ഇതൊരു വാണിങ്ങാണ്. ഇനി ഈ രീതീല് നീ ഈ വഴിക്ക് വന്നാല്‍ നിന്നെ നാട്ടുകാര് തല്ലീട്ട് ഒലുമ്പും''.


''ഇനി ഞാന്‍ ചെയ്യില്ല''.


''എന്നാല്‍ പൊയ്ക്കോ''. പയ്യന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി. എന്നിട്ട് വന്ന വഴിക്ക് തിരിച്ചുപോയി.


''എനിക്ക് തോന്നുണത് ആ ചെക്കന്‍റെ കൂടെ പഠിക്കുണ ഏതെങ്കിലും പെണ്‍കുട്ടി ഈ വഴീല് എവടേങ്കിലും ഉണ്ടാവും. അവളെ കാണിക്കാന്‍ വേണ്ടീട്ടാവും ചെക്കന്‍ ഈ അഭ്യാസം കാട്ടുണത്'' ഒരുവയസ്സന്‍ അഭിപ്രായപ്പെട്ടു. 


''പറയാന്‍ പറ്റില്ല. അങ്ങിനെ ആവാനും മതി''കുറെപേര്‍ അയാളെ അനുകൂലിച്ചു. ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ പേരില്‍ കഥ മെനയാനുള്ള വകയായി എന്ന് വേലപ്പന്‍ കരുതി



ഭാഗം : - 4.


''കണ്ണന്‍ നായരേ, രാവിലെ എവടക്കോ നിങ്ങള് കെട്ടിച്ചിറ്റി പോയീന്ന് കേട്ടല്ലോ''എന്നും സന്ധ്യയോടെ ആല്‍ത്തറയില്‍ സംസാരിച്ചിരിക്കാറുള്ള കൂട്ടുകാരുടെ അടുത്തേക്ക് ചെന്നതും പത്മനാഭ മേനോന്‍ ചോദിച്ചു. ആര്‍. ടി.ഓ. ഓഫീസില്‍നിന്ന് റിട്ടയര്‍ ചെയ്ത ആളാണ് അദ്ദേഹം. 


''പപ്പേട്ടാ, കൂടെ പണ്യെടുത്ത ഒരാളടെ പേരക്കുട്ടിടെ കല്യാണായിരുന്നു. വരണംന്ന് പ്രത്യേകിച്ച് പറഞ്ഞതാണ്. അത്വൊല്ല കൂടെ പണ്യെടുത്ത ആരെങ്കില്വോക്കെ കല്യാണത്തിന് വരും. അവരെ കാണും ചെയ്യാലോ''.


''അത് ശര്യാണ്. ഒപ്പം പണ്യെടുത്ത ആര് കല്യാണത്തിന് വിളിച്ചാലും ഞാന്‍ പോവും. നീ പറഞ്ഞ മാതിരി പഴയ ആള്‍ക്കാരെ കണാന്‍ അതേ വഴീള്ളൂ. അല്ലെങ്കില്‍ യൂണിയന്‍ മീറ്റിങ്ങിന് പോണം. അതോണ്ട് വല്യേ കാര്യോന്നൂല്യാ. നൂറ് ആളുണ്ടെങ്കില്‍ കഷ്ടിച്ച് പതിനഞ്ചോ ഇരുപതോ ആളേ അതിന് വരു''.


''എത്ര ആളുണ്ടായിരുന്നതാണ് കലക്ട്രേറ്റില്. എന്നിട്ട് പതിനൊന്നാളാണ് ഇന്ന് കല്യാണതിന്ന് വന്നത്''.


''അതെങ്കിലത്. അതില്‍ എത്ര ആളെ ഇനിയൊരവസരത്തില്‍ കാണാന്‍ പറ്റുംന്ന് വല്ല നിശ്ചയൂണ്ടോ. ഈ ഒരുകൊല്ലം എന്‍റൊപ്പം പണ്യെടുത്ത മൂന്നാളാണ് പോയത്''.


''നോക്കിനേ മേന്‍ന്നേ. ഒരുപ്രായം കഴിഞ്ഞാല്‍ പിന്നെ ഒന്നും പറയാന്‍ പറ്റില്ല. പഴേ വാച്ച് ഓവറോള്‍ ചെയ്യാന്‍ കൊടുക്കുണ അവസ്ഥ്യാണ് പ്രായം ആയോരടെ. എന്ത് നോക്ക്യാലും എപ്പൊ വേണച്ചാലും അത് നില്‍ക്കും'' കമ്പൌണ്ടര്‍ രാമന്‍ പറഞ്ഞു.


''തന്‍റെകൂടെ ജോലിചെയ്ത ആള്‍ക്കാരടെ അവസ്ഥ എങ്ങന്യാ. എണീറ്റ് നടക്കാന്‍ കുഴപ്പൂള്ളോര് ആരൂല്യല്ലോ''മേനോന്‍ ചോദിച്ചു.


''പറയാന്‍ മാത്രം വയ്യാത്ത ആരേം കണ്ടില്ല. അല്‍പ്പസ്വല്‍പ്പം വയ്യായ എല്ലാരുക്കും ഉണ്ട്. മരുന്നൊക്കെ ആയിട്ട് എല്ലാരും കഴിയുണൂ''.


''വയ്യാണ്ടെ ഒരുഭാഗത്ത് കിടത്തി വലയ്ക്കാതെ ഒരുദിവസം എന്നെ അങ്കിട്ട് കൊണ്ടുപോണേന്നുള്ള ഒരേഒരു പ്രാര്‍ത്ഥനേ ഭഗവാന്‍റെടുത്ത് എനിക്കുള്ളൂ. ഇല്ലെങ്കില്‍ വെള്ളൂം ചിറീംകൂടി കാണാതെ പിടഞ്ഞ് ചാവും''കമ്പൌണ്ടര്‍ രാമന്‍ സങ്കടം പറഞ്ഞു. രണ്ടുവര്‍ഷംമുമ്പ് ഭാര്യ മരിച്ചതോടെ മക്കളില്ലാത്ത രാമന്‍ ഒറ്റയ്ക്കായി.


''അതൊന്നും കാര്യൂല്യാ രാമേട്ടാ. എനിക്ക് മക്കള് നാലാണ്. എന്നിട്ടെന്താ. ആരേകൊണ്ടെങ്കിലും എനിക്ക്  വല്ല ഉപകാരൂണ്ടോ''കണ്ണന്‍ നായര്‍ ആശ്വസിപ്പിച്ചു.


''എടോ കണ്ണന്‍ നായരേ, കഴിഞ്ഞ ജന്മം ശത്രുക്കളായിരുന്നോരാണ് ഈ ജന്മം മക്കളായി ജനിക്ക്യാന്ന് താന്‍ കേട്ടിട്ടുണ്ടോ''.


''ഞാന്‍ കേട്ടിട്ടില്ല''.


''എന്നാലേ മുഴുവനും ഇല്ലെങ്കിലും നൂറില്‍ തൊണ്ണൂറ് ആള്‍ക്കാരടെ മക്കളും അങ്ങന്യാണ്''. 


''ഇന്നെന്താ കുറുപ്പുമാഷേ കാണാത്തത്''ബാലന്‍ മാഷ് ചോദിച്ചു.


''അത് ചോദിക്കുണ താന്‍ നാല് ദിവസം എവട്യായിരുന്നു''.


''മകളടടുത്തിക്ക് പോയി. ആ കാര്യം ഞാന്‍ പറഞ്ഞതാണല്ലോ''.


''എന്നാലേ താന്‍ വരുമ്പഴയ്ക്ക് കുറുപ്പ് അയാളടെ മകളടടുത്തേക്ക് പോയി'' രാമന്‍ ഇടയ്ക്ക് കേറി പറഞ്ഞു.


''അതിന് അയാള്‍ക്കെവിട്യാ മകളുള്ളത്. രണ്ട് ആണ്‍മക്കളല്ലേ മാഷക്ക്'' .


''''അങ്ങന്യാച്ചാല്‍ അങ്ങനെ. അയാള്‍ക്ക് മകളില്ലാല്ലോ എന്ന് ഖേദം വേണ്ടാന്നുവെച്ച് പറഞ്ഞതാ''.


''മാഷേ. നിങ്ങള് ഇയാളടെ വര്‍ത്തമാനം കേള്‍ക്കണ്ട. മാഷ് ഇന്നലെ ഭാര്യേംകൂട്ടി അയമ്മടെ വീട്ടിലിക്ക് പോയതാണ്. അവിടെ ആരുടേയോ കല്യാണം ഉണ്ടത്രേ''പത്മനാഭ മേനോന്‍ ആ വര്‍ത്തമാനം ഒഴിവാക്കി.


''ഇനി എന്നാ അയാള് വര്വാ''.


''എന്താ അയാള് വന്നിട്ട് തനിക്ക് വല്ല കാര്യൂണ്ടോ''.


''എനിക്ക് കാര്യൂണ്ടായിട്ടല്ല. മലയാളമാസം ഒന്നാന്തിക്ക് ഇനി നാല് ദിവസേള്ളൂ. അന്നല്ലേ നറുക്ക്. അതിന്‍റെ പുസ്തകൂം കാശും കുറുപ്പ് മാഷടെ കയ്യിലല്ലേ''.  അമ്പലം വക നറുക്കുണ്ട്. മാസം നൂറുറുപ്പിക ആകെ അമ്പതാള്. ഒരു നറുക്ക് അമ്പലത്തിന്ന്. ബാക്കി നറുക്കൊക്കെ വിളിക്കലാണ്. നറുക്കിന്‍റെ ചുമതല കുറുപ്പ് മാഷക്കാണ്.


''താന്‍ പേടിക്കണ്ടടോ. മറ്റന്നാള്‍ രാവിലെ കുറുപ്പ് എത്തീട്ടുണ്ടാവും''. 


''ഇക്കുറി നറുക്ക് എത്ര താഴ്ത്തി പോവുംന്ന് അറിയില്ല''ആളുകള്‍ താഴ്ത്തി വിളിക്കുന്നതുകൊണ്ട് ഒരുഗുണമുണ്ട്. ആ പൈസ കൂട്ടിവെച്ച് ഇടയ്ക്ക് ഒന്നിനുപകരം രണ്ട് നറുക്ക് നടത്താം.


''ഇനി വലുതായിട്ട് ലാഭം കിട്ടുംന്ന് ആരും കരുതണ്ട. കഴിഞ്ഞമാസം ഇരുന്നൂറ് ഉറുപ്പിക താഴ്ത്തിട്ടാ പോയത്''.


''നാല്‍പ്പത്തിനാലോ നാല്‍പ്പത്തഞ്ചോ നറുക്കായില്ലേ. ഇനി അത്ര വല്യേ ആവശ്യക്കാരുണ്ടാവില്ല''.


എങ്കില്‍ ഈ പ്രാവശ്യത്തെ നറുക്ക് വിളിച്ചാലോ എന്ന് കണ്ണന്‍ നായര്‍ ആലോചിച്ചു. എങ്ങിനെ പോയാലും നാലര നാലേമുക്കാല്‍  ഉറുപ്പിക കയ്യില്‍ കിട്ടും. തല്‍ക്കാലത്തെ ബുദ്ധിമുട്ട് തീരാന്‍ അത് മതി. 


''ആല്‍ത്തറേലിരുന്ന് ആരേങ്കിലും കെണി പറയുണ നേരം അമ്പത്തില്‍ പോയി നാല് നാമം ജപിക്കാം''ബാലന്‍ മാഷ് നടക്കാനൊരുങ്ങി. 


''നിക്കിനേ മാഷേ, ഞങ്ങളൂണ്ട്''പത്മനാഭ മേനോന്‍ ആല്‍ത്തറയില്‍നിന്ന് താഴെയിറങ്ങി. ഒപ്പം മറ്റുള്ളവരും. 


ഭാഗം : - 5.


അരിയും സാധനങ്ങളുമായി സപ്ളെകോയില്‍നിന്ന് പുറത്തിറങ്ങിയ പട്ടാളം വേലപ്പന്‍ സൈക്കിളിനടുത്തേക്ക് ചെന്നു. അരിയാക്കിയ സഞ്ചി ക്യാരിയറില്‍വെച്ചുകെട്ടി. അഞ്ചുകിലോ കുറുവ അരി കിട്ടിയിട്ടുണ്ട്. പതിനഞ്ചാം തിയ്യതി കഴിഞ്ഞാല്‍ അഞ്ചുകിലോ കൂടി കിട്ടും. റേഷന്‍ കടയില്‍ നിന്നുകിട്ടിയ പച്ചരിയാക്കിയ സഞ്ചിയും സപ്ലെകൊയില്‍നിന്നു വാങ്ങിയ സാധനങ്ങള്‍ നിറച്ച സഞ്ചിയും കൂടെയുണ്ട്. കാര്‍ഡുകാര്‍ക്ക് മട്ടയരിയാണ് റേഷന്‍ കിട്ടാറ്. അമ്മിണിക്ക് നാറുന്ന മട്ടയരി ഇഷ്ടമല്ല. അതിനാല്‍  പകരം പച്ചരി ചോദിക്കും. പരിചയമുള്ളതുകൊണ്ട് റേഷന്‍കടക്കാരന്‍ പച്ചരി തരാറുണ്ട്.


ക്യാരിയറില്‍വെച്ച അരിസഞ്ചിക്കു മുകളിലായി പച്ചരിയുള്ള സഞ്ചി വെച്ചു. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ സൂക്ഷിച്ച ചാക്കുനൂലുകൊണ്ട് രണ്ട് സഞ്ചികളും ഇളകാത്ത മട്ടില്‍ ക്യാരിയറില്‍ പിടിച്ചുകെട്ടി. ഇനിയുള്ളത് സാധനങ്ങള്‍ നിറച്ച സഞ്ചിയാണ്. അതിനെ സൈക്കിളിന്‍റെ തണ്ടില്‍ കെട്ടി ത്തൂക്കി. മെല്ലെ സൈക്കിളില്‍ കയറി. ചവിട്ടാന്‍ പ്രയാസം തോന്നുന്നുണ്ട്. തണ്ടില്‍ കെട്ടിത്തൂക്കിയ സഞ്ചി കാലില്‍ മുട്ടുകയാണ്. കാല് പരത്തി ചവിട്ടിനോക്കി. കഷ്ടിച്ച് ഒപ്പിക്കാം. കയറ്റം കയറുമ്പോള്‍ ഈ മട്ടില്‍ ചവിട്ടിയാല്‍ പോരാ. സാരമില്ല, അപ്പോള്‍ ഇറങ്ങി ഉരുട്ടാം.


പത്തുമണിക്ക് വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. സമയം പന്ത്രണ്ട് കഴിഞ്ഞു. പറഞ്ഞിട്ട് കാര്യമില്ല. റേഷന്‍ കടയിലും സപ്ലെകോയിലും എന്തൊരു തിരക്കാണ്. എങ്കിലും കാര്യംനടന്നു. സന്ധ്യയോടെ ലോഡുംകൊണ്ട് ഒരു ഓട്ടം പോവാനുണ്ട്. തിരിച്ചെത്തുമ്പോഴേക്ക് മറ്റന്നാളാവും. അപ്പോഴേക്ക് സാധനം വാങ്ങി വീടെത്തിച്ചു. ഇല്ലെങ്കില്‍ അമ്മിണിക്ക് ബുദ്ധിമുട്ടാവും. 


വളവ് തിരിഞ്ഞതും കയറ്റം തുടങ്ങി. മെല്ലെ സൈക്കിളില്‍ നിന്നിറങ്ങി. ഹാന്‍ഡില്‍ബാറില്‍ പിടിച്ച് അതും തള്ളിക്കൊണ്ട് നടന്നു. നടക്കാന്‍ അല്‍പ്പം പ്രയാസമുണ്ട്. ചില സമയത്ത് കാലിന്‍റെ മുട്ടിനൊരു വേദന. അതും പറഞ്ഞ് വീട്ടിലിരിക്കാന്‍ പറ്റില്ലല്ലോ. പെന്‍ഷന്‍ കിട്ടുന്നുണ്ട്. രണ്ടുപേര്‍ക്ക് കഴിയാന്‍ അതുതന്നെ ധാരാളം. അതുകൊണ്ടായില്ലല്ലോ. കെട്ടിച്ചുവിട്ട മകളെ നോക്കേണ്ട അവസ്ഥയല്ലേ.


രണ്ട് പെണ്‍കുട്ടികളാണ്. രണ്ടിനേയും കെട്ടിച്ചുവിട്ടാല്‍ സമാധാനമായി കഴിയാമെന്ന് കരുതി. ഉള്ളതില്‍നിന്ന് കുറെയൊക്കെ മുടക്കി ഒന്നിനെ ആദ്യം പടിയിറക്കി. രണ്ടുകൊല്ലം തികയുംമുമ്പ് രണ്ടാമത്തേതിനേയും. പക്ഷെ സമാധാനം മാത്രം കിട്ടിയില്ല. 


മൂത്തമകള്‍ കോമളത്തിന്‍റെ കാര്യം ആലോചിച്ചാല്‍ സങ്കടാപ്പെടാനേ സമയം കാണൂ. അവളുടെ കെട്ട്യോന്‍ നന്നല്ല. അമ്മയിയമ്മ അത്രയും നന്നല്ല. ആരാരാ മീതെ എന്നേ നോക്കേണ്ടതുള്ളു. കുറെയധികം മോള്‍ സഹിച്ചു. തീരെ സഹികെട്ടിട്ടാണ് ഒരിക്കലവള്‍ വിഷം കുടിച്ചത്. എന്തോ ഭാഗ്യത്തിന് അന്നവള്‍ മരിച്ചില്ല. അല്ലെങ്കില്‍ ഒരുമകള്‍ നഷ്ടപ്പെട്ടു എന്നു കരുതി ജീവിക്കേണ്ടി വന്നേനെ. അന്നാണ് താന്‍ ശരിക്കുള്ള സ്വഭാവം പുറത്തെടുത്തത്. മരുമകനെ തല്ലുന്നതിനിടയില്‍ കടന്നുവന്ന അവന്‍റെ അമ്മയും അന്ന് കൈച്ചൂടറിഞ്ഞു. പിന്നീട് മകളെ സ്നേഹിച്ചില്ലെങ്കിലും അവളെ ഉപദ്രവിക്കുന്ന പതിവ് കെട്ട്യോന്‍ നിര്‍ത്തി. അതിന്നുശേഷം അവന്‍ ഭാര്യവീട്ടിലേക്ക് കാലെടുത്ത് കുത്തിയിട്ടില്ല. വല്ലപ്പോഴും മകള്‍ വരും, ഒപ്പം അവളുടെ മക്കളും.


രണ്ടാമത്തെ മകള്‍ ചന്ദ്രികയുടെ ഭര്‍ത്താവും അവന്‍റെ വീട്ടുകാരും     വളരെ നല്ലവരാണ്. അവന്‍റെ അച്ഛനെക്കൊണ്ട് ഗുണവും ദോഷവുമില്ല. അയാള്‍ അങ്ങിനെയൊരു പ്രകൃതം. പക്ഷെ അമ്മായിയമ്മയ്ക്ക് അവളെ ജീവനാണ്. പറഞ്ഞിട്ടെന്താ, ആ സന്തോഷം രണ്ടുകൊല്ലംമുമ്പ് ഒരുനാള്‍ അവസാനിച്ചു. ജോലി കഴിഞ്ഞ് അവന്‍ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്. അവന്‍റെ സ്കൂട്ടറിന്‍റെ മുമ്പില്‍ ചാടിയ നായയെ ഇടിച്ച് വണ്ടി വീണു. ആള് പോയി എന്നാണ് ആദ്യം പറഞ്ഞുകേട്ടത്. അവളുടെ താലിഭാഗ്യംകൊണ്ട് അവന്‍റെ ജീവന്‍ പോയില്ല. പക്ഷെ ദേഹംകൊണ്ട് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായി. ഈയിടെ കൈകാലുകള്‍ കുറേശെ ഇളക്കുന്നുണ്ട്. മെല്ലെക്കണ്ട് ശരിയാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്തോ എല്ലാം ഈശ്വരന്‍റെ കയ്യിലാണ്.


മരുമകന്‍ കിടപ്പിലായതോടെ ആ കുടുംബം കഷ്ടത്തിലായി. വരുമാനം നിന്നാലത്തെ അവസ്ഥ പറയേണ്ടല്ലോ. ലോറീല് പണിക്കുപോയി കിട്ടുന്ന പണം  മകളെ ഏല്‍പ്പിക്കും. അതുകൊണ്ട് വീട്ടുചിലവുകളും മരുമകന്‍റെ ചികിത്സാചിലവും നടത്തണം. എങ്ങിനെയൊക്കേയോ മകള്‍ അതെല്ലാം നടത്തിപ്പോരുന്നുണ്ട്.


മുറ്റത്തെത്തിയതും സൈക്കിളിന്‍റെ ബെല്ലടിച്ചു. അമ്മിണി വാതില്‍ തുറന്ന് വന്നു. സാധനങ്ങളാക്കിയ സഞ്ചിയഴിച്ച് അവളെ ഏല്‍പ്പിച്ചു. അതുമായി അവള്‍ അകത്തേക്ക് നടന്നു. ക്യാരിയറിലെ സഞ്ചികളുമായി അവളുടെ പുറകെ ചെന്നു. 


''കുറച്ചുമുമ്പ് കോമളം വിളിച്ചിരുന്നു''അമ്മിണി പറഞ്ഞു. അവളങ്ങിനെ വിളിക്കാറില്ല. എന്തെങ്കിലും വിശേഷമുണ്ടാവും.


''എന്താ വിശേഷിച്ച്''.


''അവളുടെ മൂത്തകുട്ടി വയസ്സറിയിച്ചു. അത് പറയാന്‍ വിളിച്ചതാ''. എത്ര പെട്ടെന്നാണ് കുട്ടികള്‍ വളരുന്നത്.


''നാളെ ഞാനൊന്ന് പോയി കണ്ടോട്ടെ''.


''ശരി. പൊയ്ക്കോ''.


''ഒരു പാവാടേം ജാക്കറ്റും വാങ്ങികൊടുക്കണംന്നുണ്ട്''.


''എന്താ വേണ്ടത്ച്ചാല്‍ ചെയ്തോളൂ. ഞാന്‍ എതിര് പറയാറില്ലല്ലോ''.


''ഇല്ല. എന്നാലും ചോദിക്കാതെ ചെയ്യാന്‍ പാടില്ല'' 


''വെയിലത്ത് സൈക്കിളും ഉന്തി നടന്ന് വിയര്‍ത്ത് പിണ്ട്യായി. ഞാനൊന്ന് മേല്‍കഴുകട്ടെ''തോര്‍ത്തുമെടുത്ത് കുളിമുറിയിലേക്ക് നടന്നു.


ഭാഗം : - 6.


കണ്ണന്‍ നായര്‍ അമ്പലത്തില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ ടീച്ചര്‍ സീരിയല്‍ കണ്ടുകൊണ്ടിരിക്കുകയാണ്. നശൂലം. തൃസന്ധ്യനേരത്ത് വെക്കാന്‍കണ്ട പരിപാടി. സദാസമയം ഇതുതന്നെ വെച്ചിരിക്കുന്നതുകൊണ്ട് പലപ്പോഴും പ്രധാനപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെടാറില്ല. പിന്നീട് ആരെങ്കിലും ആ വാര്‍ത്ത പറയുമ്പോഴേ അതറിയൂ. സ്റ്റാന്‍ഡില്‍നിന്ന് പൂട്ടും താക്കോലും എടുത്തു. പടി പൂട്ടിയേക്കാം. പിന്നെ മുറ്റത്തിറങ്ങേണ്ട കാര്യമില്ല.


''പടി പൂട്ടാന്‍ വരട്ടെ. ഒരുപാക്കറ്റ് പാല് വേണം''.


''രാവിലെ സൊസൈറ്റീന്ന് പാല് വാങ്ങ്യേലോ''.


''ഉറ ഒഴിക്കാന്‍ വേണ്ടി ഞാന്‍ പാല് കാച്ചി പാത്രത്തിലാക്കി വെച്ചതാ. ആ കള്ളപ്പൂച്ച കാണാണ്ടെ വന്ന് അത് കുടിച്ചിട്ടുപോയി''. പാല്‍പ്പാത്രം തുറന്നു വെച്ച് വാതിലും ജനലും അടയ്ക്കാതെ ടിവി. കാണാന്‍ ഇരുന്നിട്ടുണ്ടാവും. ഏതായാലും പൂച്ച പാലുകുടിച്ച് നന്നാവട്ടെ. 


പാല് വാങ്ങിയിട്ട് വരുമ്പോഴും രാധ ടിവി.യുടെ മുന്നില്‍ത്തന്നെ. ഇന്നെന്താ, രാത്രി ആഹാരം വേണ്ടാ എന്നാവുമോ. പടി പൂട്ടി താക്കോല്‍ സ്റ്റാന്‍ഡില്‍ കൊണ്ടുവന്ന് വെച്ചു


''കഴിക്കാന്‍ എന്തെങ്കിലും ഉണ്ടാക്കണ്ടേ''അയാള്‍ ചോദിച്ചു.


''എന്താ, അത് കഴിഞ്ഞ് എങ്കിട്ടെങ്കിലും പോവാനുണ്ടോ''. ഏപ്പത്തെട്ട് പറയുമ്പൊ കരണക്കുറ്റിക്കൊന്ന് കൊടുക്കുകയാണ് വേണ്ടത്. അത് ചെയ്യാത്തതിന്‍റെ കുറവാണ്.


''എങ്കിട്ടും പോവാനല്ല. ഞാന്‍ ചോദിച്ചൂന്ന് മാത്രം''.


''ഇതാ, ഇതൊന്ന് തീര്‍ന്നോട്ടെ. എന്നിട്ട് ഉണ്ടാക്കാം''.


''എന്താ ഉണ്ടാക്കുണ്''.


''ആറോ ഏഴോ ദോശീണ്ടാക്കാം. ഉച്ചത്തെ കൂട്ടാന്‍ ബാക്കീണ്ട്. അത് കൂട്ടി തിന്നാം''.


''അപ്പൊ ചോറ് തീര്‍ന്ന്വോ''.


''നിങ്ങള് സദ്യയ്ക്ക് പോയില്ലേ. ഒരാള്‍ക്ക് വേണ്ടി ചോറുണ്ടാക്കാന്‍ വയ്യാന്ന് പറഞ്ഞ് ഉണ്ടാക്കീല. ഗോതമ്പോണ്ട് കഞ്ഞിവെച്ചു. കുമ്പളങ്ങ കുരുമുളകിട്ട് ഒരു തുളിച്ചുകൂട്ടാനും ഉണ്ടാക്കി''. ബഹുമിടുക്കി. ആ നേരംകൂടി സീരിയല്‍ കണ്ടുകാണും. രാധ ദോശ ചുടാന്‍ ചെന്നപ്പോള്‍ കണ്ണന്‍ നായര്‍ ഒപ്പം ചെന്നു.


''അമ്പലത്തിലിരുന്നപ്പോ എനിക്കൊരു ഐഡിയ തോന്നി''.


''എന്തെങ്കിലും നല്ല കാര്യാണോ''.


''അതുപോലെ തന്നെ. ഒന്നാം തിയ്യതി അമ്പലത്തിലെ നറുക്കാണ്. ഇനി പന്ത്രണ്ടോ പതിമൂന്നോ എണ്ണേ ബാക്കീള്ളൂ. അത് വിളിച്ചാലോന്ന് ആലോചിക്ക്യാ. വല്യേ നഷ്ടം കൂടാണ്ടെ കിട്ടും''.


''എന്താപ്പൊ പൈസയ്ക്കിത്ര തിടുക്കം''


''എന്താ എന്‍റേല് ബാക്കീള്ളത്ന്ന് രാവിലെ ഞാന്‍ പറഞ്ഞില്ലേ. ചിലവിന് പൈസ തികയാണ്ടെ വന്നാല്‍ എന്താ ചെയ്യാ''.


''അതിന് നറുക്ക് വിളിക്ക്യാണോ വഴി. ആരെങ്കിലും ഇതറിഞ്ഞാല്‍ എന്താ വിചാരിക്ക്യാ. കണ്ണന്‍ നായര് ഗതീല്യാണ്ടെ നറുക്ക് വിളീച്ചൂന്ന് തോന്നില്ലേ''.


''ആരെന്ത് വിചാരിച്ചാലെന്താ. നമ്മുടെ കാര്യം നടക്കണ്ടേ''.


''അങ്ങനീപ്പൊ കാര്യം നടക്കണ്ട''.


''നീയെന്താ പറയുണ്. പത്തിരുപത്തിരണ്ട് ദിവസം പാല് വാങ്ങണ്ടേ. എപ്പഴും ഇല്ലെങ്കിലും ഇടയ്ക്ക് നിനക്ക് മീന്‍ കൂട്ടാന്‍ തോന്നില്ലേ. മുട്ട വാങ്ങണ്ടേ. കൂട്ടാന്‍ വെക്കാന്‍ എന്തെങ്കിലും വാങ്ങണ്ടേ. ഇതിനൊക്കെ കാശില്ലാതെ പറ്റ്വോ''.


''കഴിഞ്ഞില്ല. ഗ്യാസ് തീരാറായി. അത് കഴിഞ്ഞതും ബുക്ക് ചെയ്യണം. രണ്ടോ മൂന്നോ ദിവസംകൊണ്ട് ഗ്യാസ് കിട്ടുണുണ്ട്. അതിന് ഉറുപ്പിക ആയിരം മാറ്റി വെക്കണം. വെളിച്ചെണ്ണ തീരാറായി. കൊപ്ര ഉണക്ക്യേത് ആട്ടാന്‍ കൊണ്ടുപോണം. അതിന് കാശ് വേണം''.


''ഇതൊക്കെ അറിഞ്ഞിട്ടാ നറുക്ക് വിളിക്കാണ്ടാന്ന് പറഞ്ഞത്''.


''എന്‍റേല് കുറച്ച് കാശുണ്ട്. തല്‍ക്കാലം ഞാനത് തിരിച്ചുതരാം. പെന്‍ഷന്‍ കിട്ടുമ്പൊ എനിക്കത് മടക്കി തരണം''.


''എവിടുന്നാ ഞാനറിയാതെ നിന്‍റേല് കാശ്''.


''അപ്പം തിന്നാല്‍ പോരേ. കുഴി എണ്ണണോ''.


''എന്നാലും അറിഞ്ഞിരിക്കാലോന്ന് കരുതി''.


''വേണ്ടാവൃത്തിക്ക് പോയി ഞാന്‍ കാശുണ്ടാക്കില്ലാന്ന് അറിയാലോ. തല്‍ക്കാലം അത് മതി''. കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല. വെറുതെ തമ്മില്‍ത്തല്ലിയിട്ട് എന്താ കാര്യം. രാധ ദോശയുണ്ടാക്കി കഴിഞ്ഞു. പ്ലേറ്റില്‍ അത് വിളമ്പുകയാണ് അവള്‍.


''കുടിക്കാന്‍ എന്തെങ്കിലും വേണോ''അവള്‍ ചോദിച്ചു.


''കിട്ട്യാല്‍ കുടിക്കാം''


''എന്നാല്‍ ചായയ്ക്ക് വെള്ളം വെക്കട്ടെ. ഇത് തിന്നുമ്പഴയ്ക്കും വെള്ളം തിളയ്ക്കും''. ദോശയുടെ മീതെ കുമ്പളങ്ങ കൂട്ടാന്‍ വിളമ്പി അതുമായി ഹാളിലേക്ക് നടന്നു. ഡൈനിങ്ങ് ഹാള്‍ പണിതിട്ടുണ്ടെങ്കിലും രണ്ടാളും അവിടെ ഇരിക്കാറില്ല.


''ടി.വി.ഓണ്‍ ചെയ്ത് പതിനാല് വെക്കിന്‍. സീരിയല്‍ തുടങ്ങാറായി'' രാധയുടെ നിര്‍ദ്ദേശം അയാള്‍ കേട്ടു.


ഭാഗം : - 7.


കൊണ്ടുപോയ ലോഡിറക്കി തിരിച്ചുവരുമ്പോഴത്തെ ലോഡ് കയറ്റാന്‍ പ്രതീക്ഷിച്ച താമസം ഉണ്ടായില്ല. വെറുതെ വട്ടത്തിരിഞ്ഞ് നേരംകളയുന്ന പതിവില്ലാത്തതുകൊണ്ട് അപ്പോള്‍ത്തന്നെ പുറപ്പെട്ടു. വിശ്രമമില്ലാതെ ലോറി ഓടിക്കാന്‍ പാടില്ലാത്തതാണ്. അന്യനാട്ടില്‍ നിന്നാല്‍ പൈസ ചിലവാകുന്ന വഴിയറിയില്ല.  അര്‍ദ്ധരാത്രിയോടെ നാട്ടിലെത്തി. ലോഡ് ഇറക്കികൊടുത്തതും വേറൊരുവണ്ടി ബുക്കിങ്ങ് ആപ്പീസില്‍നിന്ന് പുറപ്പെടുന്നത് കണ്ടു. നാട്ടിലൂടെയാണ് അത് പോവുന്നത്. ഡ്രൈവര്‍ പരിചയക്കാരനാണ്.


''വേലപ്പേട്ടാ വരുന്നോ''എന്നവന്‍ ചോദിച്ചപ്പോള്‍ വണ്ടിയില്‍ കയറി. മലയടിവാരത്തിലേക്കുള്ള പാത തുടങ്ങുന്ന ദിക്കില്‍ ലോറി നിര്‍ത്തിച്ച് ഇറങ്ങി നടന്നു. നിലാവ് ഉള്ളതുകൊണ്ട് പ്രയാസം തോന്നിയില്ല. അല്‍പ്പം മഞ്ഞുണ്ട്. തോര്‍ത്തുകൊണ്ട് തലയടച്ചുകെട്ടി. വീടെത്തിയപ്പോള്‍ വാച്ച് നോക്കി. സമയം മൂന്നര. ബെല്ലടിച്ചതും അമ്മിണി ''ആരാന്ന്'' ചോദിച്ചു. ''പേടിക്കണ്ട. ഞാനാണ്'' എന്നുപറഞ്ഞപ്പോള്‍ അവള്‍ വാതില്‍ തുറന്നു. കൈകാലുകളും മുഖവും കഴുകി ചെന്നുകിടന്നതേ ഓര്‍മ്മയുള്ളു. 

^^^^^^^^^^^^^^^^^^^^^^^^

അമ്മിണി വിളിച്ചപ്പോള്‍ ഉണര്‍ന്നു. നല്ല വെളിച്ചമുണ്ട്.


''സമയം എത്ര്യായി''വേലപ്പന്‍ ചോദിച്ചു.


''പത്താവുണൂ. അതാ വിളിച്ചത്''.


''കുറച്ച് നേര്‍ത്തെ വിളിക്കായിരുന്നില്ലേ''.


''കിടക്കുമ്പൊ വല്ലാണ്ടെ വൈകീലേ. ഉറങ്ങിക്കോട്ടേന്ന് വിചാരിച്ചു''. പല്ലുതേപ്പ് കഴിഞ്ഞ് വരുമ്പോഴേക്ക് ഭാര്യ കാപ്പിയും പലഹാരവും എടുത്ത് വെച്ചിരിക്കുന്നു.


''ഇത് കഴിച്ചോളൂ. കുളി പിന്ന്യാവാം''വേലപ്പന്‍ ഭക്ഷണം കഴിഞ്ഞ് എഴുന്നേറ്റപ്പോഴേക്കും വലിയൊരു സ്റ്റീല്‍ കരണ്ടിയില്‍ ചൂടാക്കിയ തൈലവുമായി ഭാര്യയെത്തി.


''ഈ ലുങ്കി അഴിച്ചുവെച്ച് തോര്‍ത്തുടുക്കു. കാലിന്‍റെ മുട്ടിന് വയ്യാന്ന് പറയുണതല്ലേ. ഞാന്‍ കുഴമ്പ് പുരട്ടിത്തരാം''തോര്‍ത്തുടുത്ത് സ്റ്റൂളില്‍ ഇരുന്നു. അമ്മിണി ചെറുചൂടുള്ള കുഴമ്പ് പുരട്ടാന്‍ തുടങ്ങി. കാലിന്‍റെ വണ്ണയില്‍ കുഴമ്പ് തട്ടുമ്പോള്‍ നല്ലസുഖം.


''ഇന്നലെ നീ കോമളത്തിന്‍റെ വീട്ടിലിക്ക് പോയോ''അയാള്‍ ചോദിച്ചു.


''പോയി''


''എന്താ കൊണ്ടുപോയത്''.


''സ്വര്‍ണ്ണം കൊടുക്കാനൊന്നും നമ്മടേല്‍ ഇല്ല. ഞാനൊരു പാവാടീം ജാക്കറ്റും വാങ്ങി. അപ്പഴാ ദാവിണി വേണംന്ന് തോന്ന്യേത്. അതും വാങ്ങി. ബേക്കറില്‍കേറി കുറച്ച് തിന്നാനുള്ളതും വാങ്ങി പോയി''.


''അവിടെ വൈശ്രവണ്ണന്‍ ഉണ്ടായിരുന്നോ'' സ്വന്തം മരുമകനെയാണ് സൂചിപ്പിച്ചത്.


''അവിടെ ഇരിക്കുണത് കണ്ടു. അവന്‍ എന്നീം നോക്കീലാ, ഞാന്‍ അവനീം നോക്കീലാ. പെണ്‍കുട്ടിടെ കയ്യില്‍ പൊതി കൊടുത്തു. കോമളം തന്ന ഒരുഗ്ലാസ്സ് ചായ വാങ്ങികുടിച്ചു. ഞാനെന്‍റെ വഴിക്ക് പോരും ചെയ്തു''.


''അത്ര്യോക്കെ മതി''.


''ഇതന്നെ ചെയ്യില്ല. പക്ഷെ അവള്‍ക്ക് സങ്കടാവില്ലേ. മാത്രോല്ല, പെണ്‍കുട്ടി ഇവിടെ വരുമ്പൊ അമ്മമ്മേന്ന് പറഞ്ഞ് എന്‍റെ പിന്നാലെ കൂടും. ഞാനാ അതിന്‍റെ മുടി വേര്‍പെടുത്തി പിന്നികൊടുക്ക്വാ''.


''ആര് എങ്ങന്യോ ആയിക്കോട്ടെ അമ്മിണീ, നമ്മള് ചെയ്യണ്ടത് നമ്മള് ചെയ്യാ. ബാക്ക്യോക്കെ ദൈവം കാണും''.


''വരുണവഴിക്ക് ഞാനെന്‍റെ വീട്ടിലിക്കൊന്ന് പോയി''കോമളത്തിന്‍റെ വീട്ടില്‍നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെയാണ് അമ്മിണിയുടെ വീട്.


''എന്നിട്ട് നീ എപ്പഴാ അവിടെ എത്ത്യേത്''.


''പന്ത്രണ്ടര കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും സന്തോഷായി. ഊണും കഴിഞ്ഞ് വൈകുന്നേരത്തെ കാപ്പീം കഴിഞ്ഞിട്ടേ വല്യേടത്തി എന്നെ വിട്ടുള്ളു''. 


എണ്‍പത്തെട്ട് വയസ്സാണ് അമ്മയ്ക്ക്, അച്ഛന് തൊണൂറ്റിനാലും. എന്നാലും ഒരസുഖവും ഇല്ലാതെ സ്വന്തം കാര്യങ്ങള്‍ നോക്കി അവര്‍ മൂത്തമകളോടൊപ്പം സുഖമായി കഴിയുന്നു.


''അച്ഛനും അമ്മയ്ക്കും വിശേഷിച്ചൊന്നും ഇല്ലല്ലോ''.


''ഒന്നൂല്യാ. നമ്മളേക്കാള്‍ ആരോഗ്യൂണ്ട് അച്ഛനും അമ്മയ്ക്കും. എന്നാ വേലപ്പന്‍ ഈ വഴിക്ക് വര്വാന്ന് രണ്ടാളും ചോദിച്ചു''. കുറെകാലമായി അവരെ കാണാന്‍ പോയിട്ട്. പ്രാരബ്ധത്തിന്‍റെ ഇടയില്‍ അതിനൊന്നും സമയം കിട്ടാറില്ല.


''വരട്ടെ. ഒരുദിവസം നമുക്ക് രണ്ടാള്‍ക്കുംകൂടി ചെന്ന് അവരെ  കാണാം''.


''വരുണവഴിക്ക് ബസ്സ് സ്റ്റോപ്പില്‍വെച്ച് ഞാന്‍ പഴേ രാധ ടീച്ചറെ കണ്ടു''. പെട്ടെന്ന് വേലപ്പന്ന് ആളെ മനസ്സിലായില്ല.


''ആരടെ കാര്യാണ് നീ പറയുണ്''.


''പണ്ട് നിങ്ങടൊപ്പം സ്കൂളില്‍ പഠിച്ച രാധേനെ ഓര്‍മ്മീണ്ടോ. കൂടെ അവളുടെ ഭര്‍ത്താവ് കണ്ണന്‍ നായരീം കണ്ടു''. 


കറുത്ത് കരിക്കൊള്ളിപോലെ ഉണ്ടായിരുന്ന ആളാണ് രാധ. അവള്  ടീച്ചറായിരുന്നു. ഇപ്പോഴവള്‍  പെന്‍ഷനായിട്ടുണ്ടാവും . കറുത്ത രാധയെ  കല്യാണം കഴിച്ചത് വെളുത്ത് സുന്ദരനായ കണ്ണന്‍. ഇതെന്ത് ഇങ്ങൈനെയൊരു കണ്ണനും രാധയും എന്ന് ആളുകള്‍ പറയാറുണ്ട്.


''നിന്നെ അവര്‍ക്ക് മനസ്സിലായോ''.


''ഉവ്വ്. നിങ്ങള് പട്ടാളത്തിന്ന് പിരിഞ്ഞ്വോന്ന് ചോദിച്ചു. വര്‍ത്തമാനം പറയുമ്പഴയ്ക്കും ബസ്സ് വന്നു. ഇന്യൊരിക്കല്‍ കാണാംന്ന് പറഞ്ഞ് പിരിഞ്ഞു''.


''ഉഴിഞ്ഞത് മതി. ഇനി ഞാന്‍ കുളിച്ചോട്ടെ''.


''വെള്ളം ചൂടാക്കിത്തരാം''.


''ഒന്നും വേണ്ടാ. ഈ വേനല്‍ക്കാലത്ത് എന്തിനാ ചുടുവെള്ളം''വേലപ്പന്‍ കുളിക്കാന്‍ എഴുന്നേറ്റു


ഭാഗം : - 8.


''എവടയ്ക്കാ ഈ നേരത്ത് പോണത്'' രാധ ടീച്ചര്‍ കണ്ണന്‍ നായരോട് ചോദിച്ചു. സമയം നാല് ആയിട്ടേയുള്ളു. ദീപാരാധന തുടങ്ങുന്നതിന്ന് കുറച്ചുമുമ്പാണ് എന്നും അയാള്‍ അമ്പലത്തിലേക്ക് പോവാറ്.


''കുറെ റസീറ്റ് ബുക്ക് അച്ചടിക്കാന്‍ കൊടുക്കണം. ഉള്ളതൊക്കെ തീരാറായി. കുറുപ്പ് മാഷും പത്മനാഭമേനോനും എന്നെ കാത്ത് നിക്കുണുണ്ടാവും''.


''മൂന്നാള് കൂടി ഒരുവഴിക്ക് പോവാന്‍ പാടില്ലാന്നാ പറയ്യാ''.


''അതിന് ഞങ്ങള്‍ മൂന്നാളല്ല. ബാലന്‍ മാഷും കമ്പൌണ്ടര്‍ രാമേട്ടനും ഉണ്ടാവും''


''ഏതായാലും പോണവഴിക്ക് നിങ്ങള് വര്‍ക്ക്ഷോപ്പിലൊന്ന് കേറി ആ ചെക്കനോട് നാളെ ഇങ്കിട്ടൊന്ന് വരാന്‍ പറയിന്‍''.


''എന്താപ്പൊ അവനെക്കൊണ്ട് കാര്യൂള്ളത്''.


''അതൊക്കെ പിന്നെ പറയാം. ആദ്യം ഞാന്‍ പറഞ്ഞപോലെ ചെയ്യിന്‍'' കണ്ണന്‍ നായര്‍ തര്‍ക്കിക്കാന്‍ നിന്നില്ല. രാധ അങ്ങിനെയാണ്. ചിലപ്പോള്‍ ഇറങ്ങുന്നനേരത്ത് ഒന്നുംരണ്ടും പറഞ്ഞ് തമ്മില്‍ തെറ്റാനിടയുണ്ട്. അത് കൂടാതെ കഴിക്കാം എന്നയാള്‍ മനസ്സില്‍ കരുതി.


പലതരം വഴിപാടുകളുണ്ട്. അവയ്ക്കൊക്കെ പ്രത്യേകം പ്രത്യേകം റസീറ്റ് വേണം. അര്‍ച്ചന പോലെ ചില വഴിപാടുകള്‍ ധാരാളമായി നടക്കും. എന്നാല്‍ ചന്ദനക്കാപ്പും വെണ്ണക്കാപ്പും വളരെ കുറച്ചേ ഉണ്ടാവൂ. കുറുപ്പ് മാഷക്ക് അതിനെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ട്. ആവശ്യമനുസരിച്ച് റസീറ്റ് പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഏല്‍പ്പിച്ച് പ്രസ്സില്‍ നിന്നിറങ്ങി.


''വീട്ടില്‍ പോയിട്ട് അമ്പലത്തിലിക്ക് വരുമ്പഴയ്ക്കും നേരം വൈകും. നമുക്ക് ചായകുടിച്ചിട്ട് പോവാം''മേനോന്‍ സാര്‍ പറഞ്ഞു. അദ്ദേഹം അങ്ങിനെയാണ്. പൈസ ചിലവാക്കാന്‍ അദ്ദേഹത്തിന്ന് ഒട്ടും മടിയില്ല. അല്ലെങ്കിലും പണത്തിന്ന് ബുദ്ധിമുട്ടില്ലാത്ത ആളാണല്ലോ മേനോന്‍ സാര്‍. അദ്ദേഹത്തിന്ന് പെന്‍ഷനുണ്ട്. ഭാര്യ ട്രഷറിയിലായിരുന്നു. അവര്‍ക്കും പെന്‍ഷനുണ്ട്. മകള്‍ ഡോക്ടറാണ്. അവളുടെ ഭര്‍ത്താവും ഡോക്ടര്‍ തന്നെ. രണ്ടാളും ചെന്നെയില്‍ താമസിക്കുന്നു. മകന്‍ എഞ്ചിനീയറാണ്. അവന്‍ ഗള്‍ഫില്‍ ജോലിചെയ്യുന്നു. അവന്‍റെ ഭാര്യയ്ക്കും ജോലിയുണ്ട്.


കാപ്പിയും പലഹാരവും കഴിച്ച് എല്ലാവരും ഹോട്ടലില്‍ നിന്നിറങ്ങി. തിരിച്ച് അമ്പലത്തിലേക്ക് നടക്കുമ്പോള്‍ വര്‍ക്ക് ഷോപ്പില്‍ കയറി ഭാര്യ ഏല്‍പ്പിച്ച വിവരം പറഞ്ഞു.


''രാധ ടീച്ചറല്ലേ ആള്. പറഞ്ഞ സമയത്ത് കണ്ടില്ലെങ്കില്‍ വല്ലതും പറയും'' മെക്കാനിക്ക് പറഞ്ഞു''രാവിലെ ഇങ്കിട്ട് വരുന്ന വഴിക്ക് ഞാന്‍ വന്ന് കണ്ടോളാം''രാധയുടെ ശിഷ്യനാണ് ഇവന്‍. ആ ബഹുമാനം ഇപ്പോഴും ഇവനുണ്ട്.


ദീപാരാധന കഴിഞ്ഞ് വീടെത്തുമ്പോള്‍ രാധ ടി.വി.യുടെ മുന്നിലുണ്ട്. പടിപൂട്ടി അകത്തുകയറി ഡ്രസ്സ് മാറ്റി.


''വര്‍ക്ക്ഷോപ്പ്കാരന്‍ രമണനെ കണ്ട്വോ''.


''ഉവ്വ്. വരാന്‍ പറഞ്ഞിട്ടുണ്ട്''അയാള്‍ പറഞ്ഞു''അവനെക്കൊണ്ട് എന്താപ്പൊ ഇവിടെ ആവശ്യം''.


''വേനല്‍ കാലം വര്വാണ്. ടെറസ്സ് ചുട്ട് പഴുത്താല്‍ അകത്തിരിക്കാന്‍ പറ്റില്ല''.


''അതിന്''.


''മോളില് ഷീറ്റിടീക്കണം''കണ്ണന്‍ നായര്‍ ഞെട്ടി. ചുരുക്കം കാശൊന്നുമല്ല ചിലവ് വരാന്‍ പോവുന്നത്. അല്ലെങ്കിലേ കടത്തില്‍ മുങ്ങി നില്‍പ്പാണ്. അതിനിടയില്‍ വേറൊരു ചിലവ് ആലോചിക്കാന്‍ വയ്യ.


''താനെന്താ പറയുണ്. അതിന് കാശെത്ര വേണം''.


''കാശ് ചിലവാക്കാതെ കാര്യം നടക്ക്വോ''.


''അതിന് വഴി വേണ്ടേ''.


''ശമ്പള കുടിശികയുടെ ഒരു ഗഡു കിട്ടാറായില്ലേ''


''ഉവ്വ്. അടുത്ത മാസം കിട്ടും''.


''നിങ്ങള്‍ക്ക് എത്ര കിട്ടും''


''ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ ഉണ്ടാവും. അതിന്ന് എഴുന്നൂറ് യൂണിയന് കൊടുക്കണം. അത് കഴിച്ച് ബാക്ക്യേ ഉണ്ടാവൂ''


''എനിക്ക് മുപ്പത്തിനാല് കിട്ടുംന്ന് തോന്നുണു''.


''രണ്ടും കൂടി അമ്പത്താറ് എന്ന് കൂട്ടിക്കോ. അതോണ്ടെവടീം എത്തില്ല''.


''അതെനിക്കറിയാം. പോസ്റ്റ് ഓഫീസില്  രണ്ടാളടെ പേരിലും ഞാന്‍ ആര്‍.ഡി ചേര്‍ന്നിട്ടുണ്ട്. മാസം ആയിരംവെച്ച് രണ്ടാള്‍ക്കും അടച്ചാല്‍ പൈസ എത്ര്യായി''


''അറുപത് മാസം രണ്ടായിരം വെച്ച് ഒന്ന് ഇരുപതാവും''.


''അപ്പോള്‍ പലിശ്യോ. എല്ലാം കൂടി നല്ലൊരു സംഖ്യ കിട്ടും. പിന്നെന്താ പേടി''.


''ആര്‍.ഡി.ടെ കാശ് ഏത് കാലത്താ കിട്ട്വാ''.


''അത് അടവ് കഴിഞ്ഞു. പിരിക്കാന്‍ വരുണ പെണ്‍കുട്ടി പറഞ്ഞത്  കാശ് അടുത്ത മാസം പത്താംതിക്ക് കിട്ടുംന്നാ''.


പത്ത് കാശ് കയ്യില്‍ വരുമ്പോഴേക്ക് അത് ചിലവാക്കാനുള്ള വഴി കണ്ടിരിക്കുന്നു. ഇങ്ങിനെ പോയാല്‍ എന്നെങ്കിലും ഒരാവശ്യം വന്നാല്‍ എന്താ ചെയ്യുക.


''ഞാനൊരു കാര്യം ചോദിക്കട്ടെ. ഇങ്ങിനെ കിട്ടുണ കാശൊക്കെ അപ്പപ്പൊ ചിലവാക്ക്യാല്‍ നാളെ നമ്മളാരെങ്കിലും സൂക്കട് വന്ന് കിടന്നാല്‍ എന്താ ചെയ്യാ''.


''അതിനെന്താ പ്രയാസം. ഇപ്പൊ സ്ഥലത്തിനൊക്കെ എന്താ വില. അങ്ങിനെ ഒരാവശ്യം വന്നാല്‍ തൊടീന്ന് അഞ്ചോ പത്തോ സെന്‍റ് സ്ഥലം വില്‍ക്കും'' വീട് വിറ്റ് ചിലവ് നടത്താനുള്ള ഈ തോന്നല്‍ അനുവദിക്കാന്‍ പറ്റില്ല.


''ഒരുകാര്യം ഞാന്‍ പറയാം. ആ കട്ടില് കണ്ട് പനിക്കണ്ട. ഒരുതുണ്ട് സ്ഥലം ഞാന്‍ വില്‍ക്കില്ല''.


''അതെന്താ ഞാന്‍ പറഞ്ഞാല്‍ കൊടുക്കില്ലേ''.


''ഇല്ല. എന്‍റെ കാരണോന്മാര് സമ്പാദിച്ച സ്വത്താണ്. ഞാനത് വിറ്റ് തിന്നില്ല''.


''എന്നാല്‍ നിങ്ങള്‍ നിങ്ങളടെ സ്ഥലൂം കെട്ടിപ്പിടിച്ച് കിടന്നോളിന്‍. ഞാനെന്‍റെ വീട്ടിലിക്ക് പോവും. ഭാഗം വാങ്ങീട്ടൊന്നൂല്യാ ഞാന്‍''.


ആഹാരം കഴിക്കുമ്പോഴും ഭാര്യയുടെ മുഖം ചട്ടിപോലെ വീങ്ങി കെട്ടിയിട്ടുണ്ട്. അത് ശ്രദ്ധിക്കാതെ കൈകഴുകി ചെന്ന് കിടന്നു. പാത്രം കഴുകിവെച്ച് ഭാര്യ വന്നുകിടന്നത് അയാളറിഞ്ഞെങ്കിലും അറിയാത്ത മട്ടില്‍ കിടന്നു.


''എന്താ എന്നോട് അലോഹ്യാണോ''ഭാര്യയുടെ കൈ മുതുകത്ത് വിശ്രമിക്കുന്നുണ്ട്. അയാളൊന്നും മിണ്ടിയില്ല.


''ഞാന്‍ വെറുതെ പറഞ്ഞതല്ലേ. എന്‍റെ കണ്ണേട്ടനെ വിട്ട് എനിക്ക് പോവാന്‍ പറ്റ്വോ''തന്‍റെ ചുണ്ടില്‍ വിരിഞ്ഞ ചിരി ഭാര്യ കാണില്ല എന്നയാള്‍ ആശ്വസിച്ചു.


ഭാഗം : - 9.


പുറത്തുനിന്ന് ഉയര്‍ന്ന ശബ്ദകോലാഹലങ്ങള്‍  കുറുപ്പ് മാസ്റ്ററേയും ഭാര്യയേയും ഉണര്‍ത്തി. നായ്‌ക്കള്‍ നിര്‍ത്തതെ കുരയ്ക്കുന്നുണ്ട്. അവറ്റയ്ക്ക് രാത്രിയും പകലും ഭേദമില്ലല്ലോ. തലയ്ക്കല്‍ വെച്ച ടൊര്‍ച്ചെടുത്ത് ക്ലോക്കിലേക്ക് അടിച്ചു. സമയം രണ്ട് കഴിഞ്ഞു.


''വെളുത്ത പക്ഷമല്ലേ. നിലാവുള്ള സമയമാണ്. നായ്ക്കള്‍ നിഴല് കണ്ട് കുരയ്ക്കുന്നതാവും''.


''ഏയ്. ഇത് അതാണെന്ന് തോന്നുന്നില്ല. നായ തീറ്റി തീറ്റി കുരയ്ക്കുണത് കാണുമ്പൊ ആര്യോ കണ്ട് കുരയ്ക്കാണെന്ന് തോന്നുണു''.


''ഈ രാത്രി ആരെ കാണാനാണ്''. 


''നാട്ടില് കള്ളന്മാര് പെരുകീട്ടുണ്ട്. ദിവസൂം പേപ്പര്‍ നോക്ക്യാല്‍ കളവ് കേസേ വായിക്കാനുള്ളു''.


''ഇത് അതൊന്നും ആവില്ല. താന്‍ ഉറങ്ങാന്‍ നോക്ക്''.


''ആരൂല്യാന്ന് അറിയുണവരെ എനിക്ക് ഉറക്കം വരില്ല''.


''എന്നാല്‍ ഞാന്‍ പുറത്തിറങ്ങി ടോര്‍ച്ചടിച്ച് നോക്കാം''.


''അയ്യോ. വേണ്ടാത്ത പണിക്ക് പുറപ്പെടണ്ട. പുറത്ത് ആരെങ്കിലും ഉണ്ടെങ്കില്‍ നമ്മളെ ഉപദ്രവിച്ച് ഉള്ളത് എടുത്തുംകൊണ്ട് പോവും''.


''പിന്നെന്താ വേണ്ടത്''.


''അടുത്തവീട്ടിലുള്ളോരെ  ഫോണില്‍ വിളിച്ച് വിവരം പറഞ്ഞാലോ''.


''ഈ അര്‍ദ്ധരാത്രി മറ്റുള്ളവരെ വിളിച്ചുണര്‍ത്തുന്നത് ശരിയല്ല''.


''പേടിച്ചിട്ട് ഞാനിനി ഉറങ്ങില്ല''.


''അത് നന്നായി. കള്ളന്‍ കടന്നാല്‍ അറിയാലോ''.


''വെറുതെ പേടിപ്പിക്കാതെ മിണ്ടാണ്ടെ കിടക്കൂ''.


പത്തുമിനുട്ട് തികച്ചും ആയില്ല. അപ്പോഴേക്ക് മാസ്റ്ററുടെ മൊബൈല്‍ അടിച്ചു. അയാള്‍ അതെടുത്തുനോക്കി. രണ്ടുവീടിനപ്പുറത്തുള്ള ഒരു വീട്ടിലെ ആളാണ് വിളിക്കുന്നത്. പോലീസുകാരനാണ് അയാള്‍.


''എന്താ ഈ നേരത്ത്''കാള്‍ എടുത്തതും മാഷ് ചോദിച്ചു.


''ആരോ ഒരുത്തന്‍ ഇവടീണ്ട്. മാഷടെ തൊടീല്‍ കേറീട്ടുണ്ടോന്ന് സംശയം. ഒന്ന് ഗെയിറ്റ് തുറക്കൂ''.


മാഷ് താക്കോലെടുത്ത് വാതില്‍ തുറന്ന് പുറത്തിറങ്ങി ഗെയിറ്റ് തുറന്നു. ടോര്‍ച്ചും വടിയുമായി പത്തിരുപതുപേര്‍ റോഡില്‍ നില്‍പ്പുണ്ട്.  


''ഇതാ ഇയളുടെ വീട്ടിലാണ് പിന്നാലത്തെ വാതില് പൊളിച്ച് കള്ളന്‍ കേറാന്‍ നോക്ക്യേത്. ശബ്ദംകേട്ട് ബഹളംവെച്ചപ്പോ അവിടേന്ന് മതില്‍ ചാടി പുറത്ത് കടന്നു. പിന്നെ എവിടേക്കാ മുങ്ങ്യേതേന്ന് അറിയില്ല''. പോലീസുകാരന്‍ പറഞ്ഞു''ഞങ്ങള് ഇവിടെ മുഴുവന്‍ തിരയട്ടെ''. 


റോഡില്‍ നിന്നവര്‍ അകത്തുകയറി പരിശോധന ആരംഭിച്ചു. എല്ലാം നോക്കിക്കൊണ്ട് മാസ്റ്റര്‍ മുറ്റത്ത് നിന്നു, ഭാര്യ വാതില്‍ക്കലും. വീടും പരിസരവും അവര്‍ അരിച്ചുപെറുക്കി.


''ആ കെട്ടിടത്തില് കേറീട്ടുണ്ടാവ്വോ''. മുമ്പ് കുറുപ്പ് മാഷ് ട്യൂഷന്‍ ക്ലാസ്സ് നടത്തിയ കെട്ടിടത്തെക്കുറിച്ചാണ് പറയുന്നത്. മാസത്തിലൊരിക്കലോ മറ്റോ അടിച്ചുവൃത്തിയാക്കാന്‍ മാത്രമേ അത് തുറക്കാറുള്ളു. 


''തുറന്ന് നോക്കിക്കോളിന്‍''മാഷ് അതിന്‍റെ ചാവി കൊടുത്തു. വന്ന ആളുകള്‍ അവിടെ പരിശോധിച്ചു.


''അതിന്‍റെ ഉള്ളിലൊന്നൂല്യാ. മോളിലെ ടെറസ്സിലെങ്ങാനും ഉണ്ടാവ്വോ'' ഒരാള്‍ ചോദിച്ചു


''നമുക്കതും കൂടി നോക്കാം''അഞ്ചാറുപേര്‍ വീടിനകത്തേക്ക് കയറി. സ്റ്റെയര്‍ കേസ് കയറി അവര്‍ മുകളില്‍ ചെന്ന് നോക്കി.


''ഇവിടെ കാണാനില്ല. ഞങ്ങള്‍ പോണൂ. വാതിലടച്ച് കിടന്നോളിന്‍. ആര് വിളിച്ചാലും വാതില് തുറക്കണ്ട''. വന്നവര്‍ തിരിച്ചുനടന്നു. കുറുപ്പ് മാഷ് ഗെയിറ്റ് പൂട്ടി അകത്തുചെന്ന് വാതിലടച്ചു.


''നോക്കൂ, ഞാനൊരു കാര്യംപറയട്ടെ''അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഭാര്യ ചോദിച്ചു.


''എന്താ പത്മം''.


''ഇങ്ങന്യൊരു ജീവിതം എനിക്ക് വയ്യ''അവര്‍ പറഞ്ഞു.


''എന്താ പെട്ടെന്ന് ഇങ്ങിനെ തോന്നിയത്''.


''വല്യോരു വീട്. അതില് രണ്ട് ജന്മങ്ങള് മാത്രം. എന്തെങ്കിലും ഒരാവശ്യം വന്നാല്‍ എന്താ ചെയ്യാ''. മക്കളില്ലാഞ്ഞിട്ടല്ല. രണ്ടുപേരുണ്ട്. രണ്ടും രണ്ട് ദിക്കിലായി.


''അതിന് വഴിയില്ലല്ലോ''.


''ആരു പറഞ്ഞു വഴിയില്ലാന്ന്. ഇത്രീം വല്യേ വീട് നമുക്കെന്തിനാ. ഒരു ഭാഗം വാടകയ്ക്ക് കൊടുക്ക്വാ. അപ്പൊ നമുക്കൊരു തുണ ആവോലോ''. ആലോചിക്കാവുന്നതാണ്. പക്ഷെ അതില്‍ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്.


''എന്താ മിണ്ടാണ്ടിരിക്കിണ്. വല്ലതും പറയൂ''.


''ഈ അര്‍ദ്ധരാത്രി വീട് വാടകയ്ക്ക് കൊടുക്കാന്‍ പറ്റിയ ആളെ അന്വേഷിച്ച് പോവില്ലല്ലോ. നമുക്കത് പിന്നെ ചിന്തിക്കാം''മാഷ് പുതപ്പെടുത്ത് തലവഴി മൂടി കിടന്നു.


ഭാഗം : - 10.


മൊബൈല്‍ ശബ്ദിച്ചപ്പോള്‍ പത്മാവതിയമ്മ ഉണര്‍ന്നു. അഞ്ചരയായി.    മാഷ് രാവിലെ നടക്കാന്‍ പോവും. അതിന്നുവേണ്ടി അദ്ദേഹം അലാറം വെച്ചതാണ്. അവര്‍ ഭര്‍ത്താവിനെ നോക്കി. അദ്ദേഹം ഉറക്കത്തിലാണ്. രാത്രി ഉണര്‍ന്നതുകൊണ്ട് പിന്നെ ഉറക്കം വരാന്‍ വൈകിയിട്ടുണ്ടാവും. ഏതായാലും ഇന്ന് നടക്കാന്‍ പോണ്ടാ. സുഖമായി ഉറങ്ങിക്കോട്ടെ.


ആറര മണിയായപ്പോള്‍ പത്മാവതിയമ്മ എഴുന്നേറ്റു. നിത്യവും ആ നേരത്താണ് എഴുന്നേല്‍ക്കാറ്. എഴുന്നേറ്റ് ചായയുണ്ടാക്കുമ്പോഴേക്ക്    മാഷ് നടത്തം കഴിഞ്ഞെത്തും. അപ്പോള്‍ അദ്ദേഹത്തിന്ന് ചായകിട്ടണം. ഏഴുമണിക്കും മാഷ് എഴുന്നേല്‍ക്കാഞ്ഞപ്പോള്‍ അവര്‍ ഭര്‍ത്താവിനെ  വിളിച്ചുണര്‍ത്തി.


''സമയം എന്തായി''എഴുന്നേറ്റിരുന്ന് മാഷ് ചോദിച്ചു.


''ഏഴ് കഴിഞ്ഞു''.


''ഇന്ന് മൊബൈല്‍ അടിച്ചില്ലേ''.


''അടിച്ചു. ഞാന്‍ നോക്കുമ്പൊ നല്ല ഉറക്കത്തിലാണ്. അത് കണ്ടപ്പൊ വിളിക്കണ്ടാന്ന് വെച്ചു''.


മാഷ് പ്രഭാതകര്‍മ്മങ്ങളിലേക്ക് കടന്നു, ഭാര്യ അടുക്കളയിലേക്കും. 

^^^^^^^^^^^^^^^^^^^^^^^^^^^^^

രാധ ടീച്ചര്‍ കുളിക്കുന്ന സമയത്താണ് വെല്‍ഡിങ്ങ് പണിക്കാരന്‍ രമണന്‍ എത്തുന്നത്. കണ്ണന്‍ നായര്‍ അവനോട് ആ വിവരം പറഞ്ഞു.


''എന്നാല്‍ ഞാന്‍ ഉച്ചയ്ക്ക് വരാം''അവന്‍ പോവാനൊരുങ്ങി.


''ഒരുമിനുട്ട് നില്‍ക്ക്. കുളി കഴിഞ്ഞ്വോന്ന് ഞാന്‍ ചോദിക്കട്ടെ''അയാള്‍ ബാത്ത് റൂമിന്ന് മുന്നില്‍ ചെന്ന് വിവരം പറഞ്ഞു.


''അതെന്ത് പരിപാട്യാണ്. ആളെ കാണാതെ ഓടിപോവ്വേ. ഞാന്‍ ഇതാ വരുണൂന്ന് പറയിന്‍''. അയാള്‍ ചെന്ന് വിവരം പറഞ്ഞു.


''ടീച്ചറ് പറഞ്ഞിട്ട് കേള്‍ക്കാതെ പോയാല്‍ കാണുമ്പൊ വല്ലതും പറയും'' അവന്‍ പറഞ്ഞു''എന്താ പണി എന്നറിയ്യോ''.


''വീടിന്‍റെ മോളില് ഷീറ്റിടണംന്ന് പറഞ്ഞു''അത് കേട്ടപ്പോള്‍ അവന് താല്‍പ്പര്യമായി. കുറച്ച് പൈസ കയ്യില്‍ വരുന്ന പണിയാണ്. അവന്‍ പോയി ബൈക്കില്‍നിന്ന് ടേപ്പുമായി വന്നു


''എന്നാ നമുക്ക് അളവെടുത്താലോ''.


''വരട്ടെ. എങ്ങന്യാ വേണ്ടത്ന്ന് അവള്‍ക്കേ അറിയൂ''. കുളി കഴിഞ്ഞ് വസ്ത്രം മാറി മുടിയില്‍ ഒരുതോര്‍ത്തും ചുറ്റി ടീച്ചറെത്തി.


''എന്താ നിനക്കിത്ര തിരക്ക്. ഒരുകാര്യം സംസാരിക്കാന്‍ ഒരാള് വിളിച്ചാല്‍ അത് കേള്‍ക്കാതെ പോവാന്‍ പാട്വോ''.


''അതല്ല. രാവിലെ ഒന്നുരണ്ട് ദിക്കില് പോവാനുണ്ട്''.


''ശരി. നിന്നെ നിര്‍ത്തി നേരം കളയുണില്യ. കാര്യം പറയാം. ഈ വീടിന്‍റെ മുകളില് ഷീറ്റിടണം. അതിനെത്ര്യാ വര്വാന്ന് അറിയാനാ വിളിച്ചത്''.


''ഏരിയ എത്രീണ്ടേന്ന് അളന്ന് നോക്കട്ടെ. എന്നിട്ട് പറയാം''


''എന്നാ വാ''ടീച്ചര്‍ മുന്നിലും കണ്ണന്‍ നായരും വെല്‍ഡറും പിന്നിലുമായി മുകളിലേക്ക് ചെന്നു.


''ഇതിന്‍റെ തല്യോന്ന് പിടിക്കിന്‍''വെല്‍ഡര്‍ ടേപ്പിന്‍റെ തല കണ്ണന്‍ നായരെ ഏല്‍പ്പിച്ചു. രണ്ടുപേരുംകൂടി അളവുകളെടുത്തു. പോക്കറ്റില്‍ സൂക്ഷിച്ച ചെറിയൊരു പുസ്തകത്തില്‍ അവന്‍ അളവുകള്‍ കുറിച്ചിട്ടു. 


''ശരി. ഇനി പോവാം''അവന്‍ പറഞ്ഞതോടെ അവര്‍ താഴേക്കിറങ്ങി.


''എത്ര വേണ്ടിവരുംന്ന് പറയ്''ടീച്ചര്‍ ആവശ്യപ്പെട്ടു.


''കണക്കാക്കി പിന്നെ പറഞ്ഞാ പോരേ''.


''ഇതിലിപ്പൊ എന്താ ഇത്ര കണക്കാക്കാന്‍. നീളൂം വീതീം റെയിറ്റും പറ. ഒരുമിനുട്ടോണ്ട് ഞാന്‍ കണക്കാക്കി പറയാം''


''ടീച്ചര്‍ക്ക് കണക്ക് ഈസ്യാണ്. കണക്ക് തെറ്റിച്ചതിന് എത്ര തല്ലാ എനിക്ക് തന്നിട്ടുള്ളത്''. അവന്‍ തുക കണക്കാക്കി പറഞ്ഞു.


''ഞാന്‍ സ്വര്‍ണ്ണംകൊണ്ട് വീട് മേയാനല്ല പറഞ്ഞത്. നീ ശരിക്കുള്ളത് പറ''.


''ഞാനങ്ങിനെ പറയില്ല. പ്രത്യേകിച്ച് ടീച്ചറടെ അടുത്ത് ഒട്ടും പറയില്ല''. 


''എന്നിട്ടാ തൊള്ളേല്‍ തോന്ന്യേ പൈസ ചോദിക്കുണത്''.


''ടീച്ചര്‍ക്കറിയാഞ്ഞിട്ടാണ്. ഇപ്പൊ ഇരുമ്പിനും ഷീറ്റിനും ഒക്കെ എന്താ വില. അതും കടത്തുകൂലീം പണിക്കാരടെ കൂലീം കൊടുത്തുകഴിഞ്ഞാല്‍ ഒന്നൂണ്ടാവില്ല''.


''പിന്നെ മോക്ഷം കിട്ടാനാണോ നീ ഈ തൊഴിലുംകൊണ്ട് നടക്കുണ്''.


''എന്തെങ്കിലും ഒരു തൊഴില് വേണ്ടേ''.


''നീ പാകംപോലെ പറയ്. നാട്ടില്‍ വേറെ ആളില്ലാഞ്ഞിട്ടല്ല. പഠിപ്പിച്ച കുട്ട്യല്ലേ എന്ന് വിചാരിച്ച് നിന്നെ എല്‍പ്പിക്കുണതാണ്''.


''ഞാന്‍ മാക്സിമം കുറച്ച് തരാം. എന്നാ തുടങ്ങണ്ടത്''.


''പൈസ കയ്യിലെത്താന്‍ രണ്ടാഴ്ച കഴിയും. അപ്പൊ വിവരം തരാം''.


''നാള്യോ മറ്റന്നാളോ ആയിട്ട് പണി തുടങ്ങാം. ടീച്ചര്‍ പൈസ കിട്ടുമ്പൊ തന്നാ മതി''.


''അതെന്താ അങ്ങിനെ. കാശില്ലാതെ ആരെങ്കിലും പണി ചെയ്യോ''.


''ഇപ്പൊ പണി ലേശംകുറവാണ്. തിരക്ക് വരുമ്പഴയ്ക്ക് ഇത് തീര്‍ക്കാന്ന് വിചാരിച്ചിട്ടാണ്''.


''അതിന് വിരോധൂല്ല. പക്ഷെ ഒരുകാര്യം. കാശ് കുറവ് പറയുംന്ന് കണക്കാക്കി മോശം സാധനംകൊണ്ട് പണിതാല്‍ എന്‍റെ സ്വഭാവം അറിയാലോ''.


''അതെനിക്കറിയില്ലേ''അവന്‍ ചിരിച്ചുംകൊണ്ട് യാത്ര പറഞ്ഞു.


No comments:

Post a Comment

അദ്ധ്യായം 111-120

 ഭാഗം : - 111. മുന്നറിയിപ്പ് നല്‍കാതെയാണ് കണ്ണന്‍ നായരും രാധയും മകന്‍റെ വീട്ടിലേക്ക് ചെന്നത്. ''പോണ വിവരം വിളിച്ച് പറയണ്ടേ''...