ഭാഗം : - 31.
പത്മാവതിയമ്മ ഉമ്മറത്തുനിന്ന് അയല്‍പ്പക്കത്തേക്ക് നോക്കി. സരള പേരക്കുട്ടിയെ തോളിലെടുത്ത് മുറ്റത്തുകൂടി നടന്ന് അവന് ആഹാരം കൊടുക്കുകയാണ്.
''രവീന്ദ്രന്‍ പണിക്ക് പോയോ'' അവര്‍ വിളിച്ചു ചോദിച്ചു.
''ഇല്ല. പുറപ്പെടുന്നേ ഉള്ളൂ''.
''പോവുമ്പൊ ഒന്ന് കാണാന്‍ പറയണം''.
''പറയാം'' അവര്‍ തുടര്‍ന്നു ''അവന് ശമ്പളം കിട്ടീട്ടില്ല. അതാ വാടക തരാത്തത്''.
''വാടക ചോദിക്കാനൊന്ന്വോല്ല. വേറൊരു കാര്യത്തിനാ''. ഏതായാലും പത്ത് മിനുട്ടിനുള്ളില്‍ രവീന്ദ്രന്‍ അവരുടെ വീട്ടിലെത്തി.
''എന്നെ അന്വേഷിച്ചൂന്ന് കേട്ടു'' അവന്‍ പറഞ്ഞു.
''നോക്ക്. ചെറ്യോരു ഉപകാരം ചെയ്യോ''.
''എന്താ വേണ്ടതേന്ന് പറയൂ. പറ്റുണതാച്ചാല്‍ ഉറപ്പായും ചെയ്യാം''.
''മാഷ് കഴിക്കിണ മരുന്ന് തീരാരായി. ഇന്നലെ മെഡിക്കല്‍ ഷോപ്പില്‍ ചെന്നപ്പൊ ആ സാധനൂല്യാ. വേറൊരു കമ്പിനിടെ മരുന്നുണ്ട്, ഒരേ സാധനാണ് എന്നൊക്കെ പറഞ്ഞു. മാഷത് വാങ്ങീലാ. എന്തെങ്കിലും കഴിച്ച് തകരാരാവണ്ടാന്ന് കരുതി. വൈകുന്നേരം വരുമ്പൊ അതൊന്ന് വാങ്ങീട്ട് വരാന്‍ പറ്റ്വോ''.
''എന്താ സംശയം. ഇങ്ങനത്തെ എന്തുണ്ടെങ്കിലും ചെയ്യാലോ''.
''നോക്കൂ, രവിന്ദ്രന്‍ വന്നിട്ടുണ്ട്'' അവര്‍ നീട്ടി വിളിച്ചു ''ആ കടലാസ്സും പൈസീം കൊണ്ടുവരൂ''. കുറുപ്പ് മാഷ് കടലാസ്സും പൈസയുമായി എത്തി.
''ദിവസൂം രണ്ട് ഗുളികവെച്ച് കഴിക്കാനുണ്ട്. ആറ് സ്ട്രിപ്പ് ഗുളിക വാങ്ങിക്കോളൂ''. അയാള്‍ പൈസയും പ്രിസ്ക്രിപ്ഷനും ഏല്‍പ്പിച്ചു.
''ഞാന്‍ വരുമ്പൊ കൊണ്ടുവരാം'' അയാള്‍ പോവാനൊരുങ്ങി.
''ഒരുമിനുട്ട് നില്‍ക്കൂ'' മാഷ് പറഞ്ഞു ''ഇത്ര ദിവസം ഞാന്‍ വിവരമൊന്നും ചോദിച്ചില്ല. ഏതോ കമ്പിനിയിലാണ് രവീന്ദ്രന് ജോലി എന്നിവള്‍ പറഞ്ഞു. ഏത് കമ്പിനിയിലാ പണി''.
''എനിക്ക് കമ്പിനീലല്ല ജോലീള്ളത്. ഞാന്‍ മെക്കാനിക്കാണ്. മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക്. ഒരു വര്‍ക്ക് ഷോപ്പിലാണ് ജോലി''.
''ഏത് കമ്പിനിടെ ഷോറൂമിലാണ്''.
''ഷോറൂമിലല്ല. ഒരു പ്രൈവറ്റ് വര്‍ക്ക് ഷോപ്പ്''.
''ഏതെങ്കിലും കമ്പിനിടെ ഷോറൂമിലാണെങ്കില്‍ നല്ല ശമ്പളം കിട്ടില്ലേ''.
''അങ്ങന്യോന്നും ഇല്ല. മാത്രോല്ല. ഈ വര്‍ക്ക് ഷോപ്പ് എന്‍റെ അച്ഛന്‍റെ ആയിരുന്നു. അതോണ്ട് അത് വിട്ടുപോരാന്‍ തോന്നുണില്ല''.
''പിന്നെന്താ അവിടെ പണിക്ക് നില്‍ക്കുന്നത്''.
''അങ്ങനെ സംഭവിച്ചു. എനിക്കൊരു ചേച്ചീണ്ടായിരുന്നു. ഞാന്‍ പോളീല് ഒട്ടൊമോബൈല്‍ എഞ്ചിനീയറിങ്ങിന്ന് ചേര്‍ന്നപ്പൊ അവള് ഡിഗ്രിക്ക് പഠിക്ക്യാണ്. ഒരുദിവസം അവള്‍ക്കൊരു പനി വന്നതാ. പിന്നെ അവള് എണീറ്റില്ല. ഇരിക്കിണ വീടും വര്‍ക്ക് ഷോപ്പും ഒക്കെവിറ്റ് അച്ഛനവളെ ചികിത്സിച്ചു. ഫലൂണ്ടായില്ല. അവള് ഞങ്ങളെ വിട്ട് പോയി. അധികം വൈകാതെ അച്ഛനും പോയി. മകള് പോയ ആധീല് മനസ്സ് നൊന്തിട്ടാ അച്ഛന്‍ പോയത്. അതോടെ എന്‍റെ പഠിപ്പ് നിന്നു. സ്പാനറും പ്ലെയറും സ്ക്രൂഡ്രൈവറും ഒക്കെ ആയിട്ട് ഞാന്‍ ജീവിതം തുടങ്ങി''.
''ഇതൊന്നും അറിഞ്ഞില്ല. എങ്കില്‍ ചോദിച്ച് സങ്കടപ്പെടുത്തില്ലായിരുന്നു''.
''അതൊന്നും സാരൂല്യാ. എന്‍റെ സങ്കടോക്കെ എന്നോ പോയി. ആരേയും ദ്രോഹിക്കാതെ കഴിയണം എന്നൊരു മോഹേ ഇപ്പൊ ഞങ്ങള്‍ക്കുള്ളൂ''.
''ശരി. എന്നാല്‍ ജോലിക്ക് പൊയ്ക്കോളൂ'' രവീന്ദ്രന്‍ പോവുന്നതും നോക്കി അവര്‍ ഇരുന്നു.
''മനുഷ്യന്‍റെ അവസ്ഥാന്ന് പറഞ്ഞാല്‍ ഇത്രേ ഉള്ളൂ'' പത്മാവതിയമ്മ അല്‍പ്പം കഴിഞ്ഞപ്പോള്‍ പറഞ്ഞു ''എങ്ങനെ കഴിഞ്ഞ കൂട്ടരാണ്. എല്ലാം പോയി. ഒന്നൂല്ലാണ്ടെ ആയി''
''ഒന്നും ഇല്ലാതെ ആയിട്ടില്ല പത്മം'' കുറുപ്പ് മാഷ് പറഞ്ഞു ''ഒന്ന് ബാക്കി നില്‍ക്കുന്നുണ്ട്''.
''എന്താ അത്''.
''തറവാടിത്തം. അത് ആ അമ്മയ്ക്കും മകനും നല്ലവണം ഉണ്ട്''.
''മോളിലെ മുറീല് പേരക്കുട്ട്യേള്‍ടെ കളിക്കോപ്പും സൈക്കിളും ഒക്കീണ്ട്. അതൊക്കെ ഞാന്‍ ആ കുട്ട്യേള്‍ക്ക് കൊടുക്കാന്‍ പോവ്വാണ്''.
''പേരക്കുട്ടികള്‍ വരുമ്പോള്‍ അവര്‍ക്കത് വേണ്ടിവര്വോ''.
''ഇന്യെന്തിനാ അവര്‍ക്ക്. അവരൊക്കെ വലുതായില്ലേ. അത്വോല്ല. അവര് വരുംന്ന് വല്ല നിശ്ചയൂണ്ടോ''.
''അല്ല. ഞാന്‍ ചോദിച്ചൂന്നേ ഉള്ളൂ''.
''എന്നെക്കൊണ്ട് അതൊക്കെ എടുത്തോണ്ട് കോണി ഇറങ്ങി വരാന്‍ വയ്യ. ഞാന്‍ രജന്യേകൂട്ടീട്ട് വന്ന് എടുത്ത് കൊടുക്കാം. ആ കുട്ട്യേളെങ്കിലും അത് കൊണ്ടുപോയികളിച്ചോട്ടെ''.
ഭാഗം : - 32.
പത്തരമണി ആയപ്പോള്‍ അമ്മിണി വേലപ്പനെ വിളിച്ചുണര്‍ത്തി. രാത്രി മുഴുവന്‍ ഉറങ്ങാതെ അച്ഛന്‍റെ കട്ടിലിനരികില്‍ ഒരുകസേലയിട്ട് ഇരുന്ന ആളാണ്. പതിനൊന്നുമണിവരെ അമ്മയും രണ്ട് പെണ്‍മക്കളും വയ്യാത്ത ആളുടെ അടുത്തിരുന്നു.
''എന്തിനാ എല്ലാരുംകൂടി ഉറക്കോഴിക്കിണ്. ഞാന്‍ കാവലിരുന്നോളാം. നിങ്ങളൊക്കെ കിടന്നോളിന്‍'' എന്നുപറഞ്ഞ് മരുമകന്‍ അമ്മായിയച്ഛന്‍റെ അടുത്തിരുന്നു. അല്ലെങ്കിലും രാത്രി മുഴുവന്‍ ഉറങ്ങാതെ ലോറിയോടിച്ച് പരിചയമുള്ള ആളാണ്.
''ഇപ്പൊ എങ്ങനീണ്ട്'' എഴുന്നേറ്റതും വേലപ്പന്‍ ചോദിച്ചു.
''അങ്ങനെത്തന്നീണ്ട്. ഒരു വ്യത്യാസൂല്യാ''.
''കഴിക്കാന്‍ എന്തെങ്കിലും കൊടുത്ത്വോ''.
''ബാര്‍ലീട്ട് തിളപ്പിച്ച വെള്ളം കൊടുത്തു. അത് മുഴുവനും കുടിച്ചു''.
''ചിലപ്പൊ വിശപ്പുണ്ടെങ്കിലോ''.
''എന്നുവെച്ച് എന്തെങ്കിലും കൊടുത്തിട്ട് അതൊരു ബുദ്ധിമുട്ടായാലോന്ന് വെച്ചിട്ടാണ്''.
''ഇതിലുംവെച്ച് എന്താ ബുദ്ധിമുട്ട്. കഴിക്കുംച്ചാല്‍ കൊടുത്തുനോക്കൂ. വിശന്നോണ്ട് കിടത്തണ്ട''.
''ഒരു ഇഡ്ഡലി കൊടുക്കാല്ലേ''.
''കൊടുക്കൂ. കഴിക്ക്യോന്ന് നോക്കാലോ''.
''എന്നാ എണീറ്റ് പല്ലുതേച്ച് ആഹാരം കഴിക്കൂ. ഞങ്ങള് അച്ഛന് ആഹാരം കൊടുത്തുനോക്കാം''. വേലപ്പന്‍ ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മിണി അടുത്തെത്തി.
''അച്ഛന്‍ കൊടുത്ത ഇഡ്ഡലി മുഴുവനും തിന്നു'' അവള്‍ പറഞ്ഞു.
''അതാ ഞാന്‍ പറഞ്ഞത്. അച്ഛന്‍റെ ഉള്ളില്‍ വേണംന്ന് ഉണ്ടാവും. പറയാന്‍ പറ്റുണുണ്ടാവില്ല''.
''എന്നാലും എത്ര പെട്ടെന്നാ അച്ഛന്‍ ഈ നെലേലായത്. കഴിഞ്ഞ് പ്രാവശ്യം നമ്മള്‍ രണ്ടാളും വന്നപ്പൊ ഒന്നിച്ചിരുന്ന് ആഹാരം കഴിച്ച ആളാണ്''.
''ഇത്ര്യോക്കേ ഉള്ളൂ മനുഷ്യന്‍റെ അവസ്ഥ''.
''ഇങ്ങിനെ കുറേകാലം കിടന്നാല്‍ നമ്മളെന്താ ചെയ്യാ''.
''നോക്കിക്കൊണ്ടിരിക്ക്യാ. അല്ലാണ്ടെ വേറേ വഴീല്ല''.
''അപ്പൊ ജോലിക്ക് പോണ്ടിവരില്ലേ. പണിയെടുക്കാഞ്ഞാല്‍ പത്ത് കാശ് കിട്ട്വോ''. ചത്തോരടെ വായില്‍ മണ്ണും ഇരിക്കിണോരടെ വായില്‍ ചോറും എന്ന് പറയുന്നത് വെറുതെയല്ല. അച്ഛനുവേണ്ടി പത്തുദിവസം വെറുതെ ഒരുദിക്കിലിരിക്കാന്‍ വയ്യ.
''എന്ന് പറഞ്ഞിട്ടോ. ഇതിലും വലുതല്ലല്ലോ പണിക്ക് പോണത്''.
''അല്ല. ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ'' ഭക്ഷണം കഴിച്ച് കൈകഴുകി വൃദ്ധന്‍റെ സമീപത്ത് ചെന്നു. കണ്ണടച്ച് കിടപ്പാണ്. എപ്പോഴും കയ്യില്‍ വെക്കാറുള്ള ഭാഗവതം കയ്യിലില്ല.
''അച്ഛന് ഭാഗവതം വേണോന്ന് ചോദിച്ചുനോക്കൂ'' അമ്മിണിയോട് അയാള്‍ പറഞ്ഞു.
''അച്ഛാ, ഇന്നെന്താ ഭാഗവതം വായിക്കിണില്ലേ. ഞാന്‍ പുസ്തകം എടുത്തുതരട്ടെ'' അമ്മിണിയുടെ അമ്മ ഭര്‍ത്താവിനോട് ചോദിച്ചു. വൃദ്ധന്‍ കേള്‍ക്കാത്ത മട്ടില്‍ അതേ കിടപ്പാണ്. അവര്‍ ഒന്നുകൂടി ചോദിച്ചുനോക്കി. യാതൊരു പ്രതികരണവുമില്ല.
''വേണ്ടാ. ഇനി ചോദിച്ച് ബുദ്ധിമുട്ടിക്കണ്ട'' അവരോടയാള്‍ പറഞ്ഞു ''മിണ്ടാതെ കിടന്നോട്ടെ''. അമ്മിണിയേയും കൂട്ടി ഉമ്മറത്തേക്ക് നടന്നു.
''അമ്മിണീ, ഇനി വലുതായിട്ട് ഇല്യാന്നാ എനിക്ക് തോന്നുണത്''.
''എത്രദിവസം ഇങ്ങനെ കിടന്ന് ചീരെഴെക്ക്വോന്ന് അറിയില്ല''.
''അതും ഇതും പറയാതെ അച്ഛനെ സമാധാനമായി കൊണ്ടുപോണേന്ന് ഭഗവാനോട് പ്രാര്‍ത്ഥിക്കൂ''.
ശരി'' അമ്മിണി അകത്തേക്ക് പോയി. ഒരുനുള്ള് പൊടിയെടുത്തുവലിച്ച് പുറത്തേക്ക് നോക്കിയിരുന്നു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ മൊബൈല്‍ അടിച്ചു. പരിചയമുള്ള നമ്പറല്ല.
''ആരാ'' കാള്‍ എടുത്ത് ചോദിച്ചു.
''ഞാന്‍ മാധവന്‍ നായരാണ്'' മറുവശത്തുനിന്നുള്ള ശബ്ദം കേട്ടു ''ഞാന്‍ നിങ്ങടെ വീട്ടില്‍ ചെന്നിരുന്നു. അത് പൂട്ടി കിടക്കുണതാ കണ്ടത്. നേരെ വീട്ടില്‍ വന്ന് നിങ്ങടെ മകളോട് നമ്പര്‍ വാങ്ങി വിളിച്ചതാ''.
''അമ്മിണിയുടെ അച്ഛന് സീരിയസ്സാണ്. ഞങ്ങളിപ്പോള്‍ അവളുടെ വീട്ടിലാണ്''.
''അതാരും പറഞ്ഞില്ല''.
''ഞങ്ങള്‍ ആരോടും പറഞ്ഞില്ല. ഇനി പറയൂ. എന്തിനാ എന്നെ കാണാന്‍ വന്നത്''.
''അന്നൊരുദിവസം ഞാന്‍ വീട്ടില്‍ വന്നത് ഓര്‍മ്മീല്ലേ. അന്ന് പറഞ്ഞ കാര്യം സംസാരിക്കാന്‍ വന്നതാണ്'' വേലപ്പന് വന്ന ദേഷ്യത്തിന്ന് കണക്കില്ല.
''എനിക്ക് പറയാനുള്ളത് ഞാന്‍ അന്നന്നെ പറഞ്ഞു. ഈ വിഷയത്തില്‍ എനിക്കൊരു അഭിപ്രായൂല്യാ. മേലാല്‍ ഈ കാര്യം പറയാന്‍ എന്നെ വിളിക്കരുത്'' അയാള്‍ കാള്‍ കട്ട് ചെയ്തു.
ഭാഗം : - 33.
ദേഹത്ത് കുഴമ്പ് പുരട്ടാനൊന്നും വേലപ്പന്‍ മിനക്കെട്ടില്ല. അതൊക്കെ ഇനി വീട്ടില്‍ തിരിച്ചുചെന്നിട്ട് മതി. അമ്മിണിയെ വിളിച്ച് തോര്‍ത്ത് വാങ്ങി.
''കുഴമ്പ് തേക്കിണില്ലെങ്കിലും ചൂടുവെള്ളം തരാം'' അവള്‍ പറഞ്ഞു.
''എന്തിന്. നേരം ഉച്ചയായി. വെള്ളത്തിന്‍റെ തണുപ്പ് വിട്ടിട്ടുണ്ടാവും'' കുളിമുറിയില്‍ ചെന്ന് വിസ്തരിച്ച് സോപ്പുതേച്ച് കുളിച്ചു. അമ്മിണി അപ്പോഴേക്കും മാറ്റാനുള്ള വസ്ത്രവുമായി എത്തി. തല തുവര്‍ത്തി വസ്ത്രം മാറി അവളുടെകൂടെ ചെന്നു.
''ചീര്‍പ്പും കണ്ണാടീം എടുത്തുവെച്ചിട്ടുണ്ട്. പൌഡര്‍ വേണോ'' അവള്‍ ചോദിച്ചു.
''ഒന്നും വേണ്ടാ. മേക്കപ്പിട്ട് എങ്കിട്ടും പോണില്ലല്ലോ''. അമ്മായിയച്ഛന്‍റെ സമീപത്ത് ചെന്നുനോക്കി. ആളക്ക് ഒരു മാറ്റവുമില്ല. അങ്ങിനെത്തന്നെ കിടക്കുന്നു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ ഉമ്മറത്ത് ചെന്നിരുന്നു. നേരം പോവാന്‍ ഒരു മാര്‍ഗ്ഗവുമില്ല. കുറച്ചകലെ റോഡിലൂടെ വാഹനങ്ങള്‍ പാഞ്ഞുപോവുന്നത് കാണാം. അത് നോക്കിയിരിക്കാനേ വഴിയുള്ളു.
ഇടവഴിയിലൂടെ വന്ന സ്കൂട്ടര്‍ മുറ്റത്ത് നിന്നു. അതില്‍ നിന്നിറങ്ങിയ ആളെ കണ്ടിട്ട് പരിചയം തോന്നുന്നില്ല. പാന്‍റും മുറിക്കയ്യന്‍ ഷര്‍ട്ടുമാണ് വേഷം. സ്കൂട്ടര്‍ സ്റ്റാന്‍ഡിലിട്ട് അയാള്‍ ഉമ്മറത്തേക്ക് വന്നു.
''എന്നെ മനസ്സിലായിട്ടുണ്ടാവില്ല എന്നറിയാം. എന്‍റെ പേര് ഹരിദാസന്‍. ഇവിടുത്തെ അമ്മടെ തുണക്കാരിയാണ് എന്‍റെ അമ്മ. ആള് ഇപ്പൊ ഇല്ലാട്ടോ. നാലുകൊല്ലംമുമ്പ് പുള്ളിക്കാരി കുറച്ചുംകൂടി നല്ലസ്ഥലം നോക്കി ഭൂമിവിട്ട് പോയി''. ഇയാള് തരക്കേടില്ലല്ലോ എന്ന് വേലപ്പന് തോന്നി.
''കേറി വരൂ'' അയാള്‍ ക്ഷണിച്ചു.
''ഇവിടെ അടുത്തൊരു വീട്ടില് വന്നതാണ്. കാരണോര് വയ്യാണ്ടെ കിടക്ക്വാണ് എന്ന് അവിടുന്നാ അറിഞ്ഞത്. എന്നാ ശരി. ഒന്ന് കണ്ടിട്ട് പോവാന്ന് കരുതി'' അയാള്‍ പറഞ്ഞു ''ഇപ്പൊ എങ്ങനീണ്ട്''.
''തീരെ വയ്യ. കിടപ്പന്നെ''.
''ആളെ അറിയ്യോ''.
''ഇല്ല. അനങ്ങാണ്ടെ ഒരേ കിടപ്പാണ്''.
''എന്താ ചെയ്യാ. എടുത്ത ജന്മം എങ്ങനേങ്കിലും തീരണ്ടേ. ഡോക്ടറെ കാണിച്ച്വോ''.
''ഉവ്വ്. സൂക്കടൊന്നും ഇല്ല. വയസ്സായതോണ്ടാണ് എന്ന് പറഞ്ഞു''.
''എനിക്കൊന്ന് കാണാന്‍ പറ്റ്വോ''
''എന്താ പറ്റാതെ. വരൂ'' അയാളേയുംകൂട്ടി വൃദ്ധന്‍റെ അരികിലേക്ക് ചെന്നു. ഹരിദാസന്‍ അവശനായി കിടക്കുന്ന ആളെ നോക്കിനിന്നു.
''രണ്ടുദിവസം കഴിഞ്ഞിട്ട് അമ്പലക്കമ്മിറ്റിക്കാര് ഒക്കെക്കൂടി ഇങ്കിട്ട് വരണംന്ന് പറഞ്ഞ് ഇരിക്കിണുണ്ട്. നല്ലകാലത്ത് കാരണോരാണത്രേ അമ്പലത്തിന്‍റെ രക്ഷാധികാരി''.
''പറഞ്ഞുകേട്ടിട്ടുണ്ട്''.
''അമ്മ എവിടെ പോയി. കാണാനില്ലല്ലോ''.
''ഇത്രനേരം അമ്മ അച്ഛന്‍റെ അടുത്തന്ന്യായിരുന്നു. മുതുക് കടയുണൂന്ന് പറഞ്ഞ് ഇപ്പൊ പോയി കിടന്നതേ ഉള്ളൂ''.
''അമ്മ ഉറങ്ങ്വായിരിക്ക്വോ''.
''അല്ല. വെറുതെ കിടക്ക്വാവും''.
''എന്നാല്‍ അവരേം ഒന്ന് കാണട്ടെ''. അയാളേയുംകൂട്ടി അമ്മയുടെ അടുത്തെത്തി.
''അമ്മേ, ആരാ വന്നതേന്ന് നോക്കൂ'' അമ്മിണിയുടെ ഏടത്തി പറഞ്ഞു. വൃദ്ധ എഴുന്നേറ്റിരുന്ന് ഹരിദാസനെ നോക്കി.
''എന്നെ മനസ്സിലായോ'' അയാള്‍ ചോദിച്ചു.
''വേശൂന്‍റെ മകനല്ലേ''.
''അത് ശരി. അപ്പൊ കൂട്ടുകാര്യേ മറന്നിട്ടില്ല''.
''മറക്ക്വേ. ഒരാളെ മുറിച്ചാല്‍ മറ്റേ ആളെ കാണുംന്നാ ആള്‍ക്കാര് ഞങ്ങളെ പറയ്യാ. അവള് മിടുക്കത്ത്യായി സ്ഥലംവിട്ടു. ഞാനിതാ ഇങ്ങനെ''.
''ബേജാറാവണ്ടാ. നിങ്ങള്‍ക്കുള്ള ടിക്കറ്റ് ആയിട്ടുണ്ടാവില്ല. ആയാല്‍ പിന്നെ ഒരു നിമിഷം ഇവിടെ നിര്‍ത്തില്ല''.
''ഭാര്യയ്ക്കും മക്കള്‍ക്കും വിശേഷിച്ചൊന്നും ഇല്ലല്ലോ''.
''ഇല്ല. ഇങ്ങിനെ പോണൂ''.
''മകനെപ്പറ്റി എന്തൊക്ക്യോ പറയിണത് കേട്ടു. ഇപ്പൊ ആളെങ്ങനെ''.
''തെണ്ടിത്തിരിഞ്ഞ് നടക്കുണുണ്ട്. ആരടെ കയ്യോണ്ട് എപ്പഴാ തീര്വാന്ന് പറയാന്‍ പറ്റില്ല''.
''അങ്ങന്യോന്നും ചിന്തിക്കാന്‍ പാടില്ല. പോയോന്‍ വരില്ലാന്നോ, തെറ്റ് ചെയ്തോനത് തിരുത്തില്ലാന്നോ പറയാന്‍ പറ്റില്ല. ഒക്കെ നന്നാവുംന്ന് കരുതി ഇരിക്ക്യാ. എല്ലാം ശര്യാവും''.
''നിങ്ങളുടെയൊക്കെ അനുഗ്രഹംപോലെ ആവട്ടെ''. അമ്മിണിയുടെ ഏടത്തി കൊണ്ടുവന്ന ചായ വാങ്ങി അയാള്‍ കുടിച്ചു.
''ചായ ഠേനുണ്ട്.കുടിച്ചാല്‍ പിന്നീം പിന്നീം കുടിക്കാന്‍ തോന്നും''.
''അതിനെന്താ, ഇടയ്ക്ക് വര്വാ''.
''ശരി അമ്മേ. ഞാന്‍ പോയിട്ട് പിന്നെ വരാം'' വൃദ്ധയുടെ കാല്‍തൊട്ട് തൊഴുത് അയാള്‍ ഇറങ്ങി. വേലപ്പന്‍ അയാളെ അനുഗമിച്ചു
ഭാഗം : - 34.
വേലപ്പന്‍ ഉച്ചഭക്ഷണം കഴിഞ്ഞ് വെറുതെയിരിക്കുമ്പോഴാണ് മകളുടെ ഫോണ്‍ വന്നത്. ചന്ദ്രിക തന്നെ വിളിക്കാറില്ല. അവള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മയോട് പറയുകയാണ് പതിവ്.
''എന്താ മോളേ'' അയാള്‍ ചോദിച്ചു.
''ഇവിടുത്തെ അച്ഛന്‍ അച്ഛനെ വിളിച്ചിരുന്ന്വോ''.
''ഉവ്വ്. എന്താ പ്രശ്നം''.
''എന്താ നിങ്ങള് തമ്മില്‍ പറഞ്ഞത്''.
''ഹരിഹരന് നഷ്ടപരിഹാരം കിട്ടുന്ന സംഖ്യ വീതം വെക്കിണ കാര്യം പറഞ്ഞതാണ്''. മരുമകന്‍റെ അച്ഛന്‍ ഒരുദിവസം കാണാന്‍ വന്നതും അന്ന് പറഞ്ഞതും ഫോണിലൂടെ വീണ്ടും പറഞ്ഞതും അയാള്‍ വിവരിച്ചു.
''എന്നാല്‍ അതന്നെ സംഗതി. ഇവിടെ ഇപ്പൊ ഒരു രാമരാവണയുദ്ധം കഴിഞ്ഞിരിക്ക്യാണ്'' മകള്‍ സംഭവം വിവരിക്കാന്‍ തുടങ്ങി.
മര്യാദയ്ക്ക് പ്രശ്നം പരിഹരിക്കാനാണ് മരുമകളുടെ അച്ഛനെ താന്‍ സമീപിച്ചത്. ആ വിദ്വാന്‍ എനിക്കൊന്നും അറിയില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. നല്ല കുടുംബത്തില്‍ ജനിച്ചവര്‍ക്കേ നല്ലത് പറഞ്ഞാല്‍ മനസ്സിലാവൂ. പട്ടാളക്കാരനായ മുരടന് അതൊന്നും മനസ്സിലാവില്ല. നല്ല കുടുംബം നോക്കാതെ മകന് പെണ്ണെടുത്തത് തെറ്റായി. ആ മൂധേവിടെ ഭാഗ്യദോഷംകൊണ്ടാണ് മകന്‍ കിടപ്പിലായത് എന്നൊക്കെ പറഞ്ഞു.
''പോട്ടേ സാരൂല്യാ. എന്‍റെ മകളത് കേട്ടില്ലാന്ന് നടിച്ചോ''.
''ഞാനൊന്നും പറയാന്‍ പോയില്ല. പക്ഷെ ഇതും പറഞ്ഞ് അച്ഛനും അമ്മീം മകനുംകൂടി തമ്മില്‍ത്തല്ലി''.
''അതെന്തിനാ അവര് ലഹള കൂട്യേത്''.
''അച്ഛന്‍റെ വര്‍ത്തമാനം നിലവിട്ടപ്പൊ ഏട്ടന് ദേഷ്യം വന്നു. ഏട്ടന്‍ അച്ഛനെ കുറെ പറഞ്ഞു. കുരുത്തംകെട്ടോനേ, നീ ഈ ജന്മം എണീറ്റ് നടക്കില്ലെടാന്ന് അച്ഛന്‍ പറഞ്ഞു. അതോടെ അമ്മ അച്ഛന്‍റെ നേരേ തിരിഞ്ഞു''.
''മകനെ പറഞ്ഞപ്പൊ അമ്മയ്ക്ക് വിഷമം ആയിട്ടുണ്ടാവും''.
''സംഗതി അതന്നെ. താന്‍ വല്യേയോഗ്യനൊന്നും ആവണ്ട, അദ്ധ്വാനിച്ച് കുടുംബം പുലര്‍ത്താണ്ടെ സപ്താഹം ഉത്സവം എന്നൊക്കെ പറഞ്ഞു നടന്നിട്ട് തിന്നാന്‍ വേണ്ടി ഈ വീട്ടില്‍ വന്നുകേറും. ഇവിടെ എങ്ങന്യാ ഇതൊക്കെ നടക്കുണ് എന്ന് നിങ്ങക്കറിയ്യോ, നിങ്ങള് കുറ്റം പറഞ്ഞ ആള് രാത്രീം പകലും പണ്യെടുത്ത് സമ്പാദിച്ച പണംകൊണ്ടാ ഈ കുടുംബം ഇന്ന് പുലരുണ് എന്ന് പറഞ്ഞു''.
''വെറുതെ അതൊന്നും പറയേണ്ടിയിരുന്നില്ല''.
''കഴിഞ്ഞില്ല. നല്ല കാലത്ത് ഞാന്‍ നല്ലോണം അദ്ധ്വാനിച്ചിട്ട് കുടുംബം നോക്കീട്ടുണ്ട് എന്ന് അച്ഛന്‍ പറഞ്ഞു. നിങ്ങള് എന്നെക്കൊണ്ടൊന്നും പറയിക്കണ്ട, കണ്ടക്ടറാണ് എന്ന് പറഞ്ഞിട്ടാ നിങ്ങളെന്നെ കല്യാണം കഴിച്ചത്. നാല് ദിവസം ബസ്സില് പണിക്ക് പോയാല്‍ പിന്നെ രണ്ടുമാസം പോവില്ല. ഒരു കമ്പിനീലും തികച്ച് രണ്ടുമാസം പണി ചെയ്യില്ല. അതിന്ന് മുമ്പ് കമ്പിനിക്കാര് പിരിച്ചുവിടും. അതെങ്ങനെ. ഒന്നുകില്‍ പണിക്ക് പോവില്ല, അല്ലെങ്കിലോ ടിക്കറ്റെഴുതാതെ കാശ് കക്കും''.
''എന്തിനാ ഇതൊക്കെ പറയാന്‍ പോയത്''.
''ഇതൊന്നും എവടീം ആയില്ല. നിന്‍റെ സ്വഭാവത്തിന്ന് ഞാനല്ലാണ്ടെ ആരെങ്കിലും നിന്‍റെകൂടെ കഴിയ്യോന്ന് അച്ഛന്‍ ചോദിച്ചു, മകന്‍റെ തന്ത ആയതോണ്ടാണ് ഞാന്‍ ഒന്നും മിണ്ടാത്തത് എന്നായി അമ്മ. അച്ഛനിനി പറഞ്ഞത് പറയാന്‍ കൊള്ളില്ല, എന്‍റെ മകനാണെന്നുള്ളതിന് എന്താ തെളിവ്. നീ ആരേങ്കിലും പിടിച്ച് ഉണ്ടാക്കീട്ട് കുട്ടി എന്‍റ്യാണ് എന്ന് പറയുണതാണച്ചാലോ, നീ പൊലയാട്യാണ് എന്നൊക്കെ പറഞ്ഞു. അത് കേട്ടതും എറങ്ങി പോടാ നായേന്ന് പറഞ്ഞ് അമ്മ ചൂലും കെട്ടെടുത്തു. ഇനി ഞാന്‍ നിന്‍റെകൂടെ കഴിയില്യാന്ന് പറഞ്ഞ് മുണ്ടും തുണീം ഒക്കെ ബാഗിലാക്കി അച്ഛന്‍ വീട്ടിന്ന് ഇറങ്ങിപ്പോയി''. കേട്ടതും നടുക്കം തോന്നി. എന്തൊക്കെയാണ് ഈ കേള്‍ക്കുന്നത്.
''അമ്മയും ഹരിഹരനും എന്താ ചെയ്യുണ്''
''നാല് ദിവസം കഴിഞ്ഞാല്‍ പോയപോലെ അച്ഛന്‍ മടങ്ങി വരുംന്ന് ഏട്ടന്‍ പറഞ്ഞു. ഇത് എന്‍റെ അച്ഛന്‍ എനിക്ക് തന്ന വീടാണ്, അയാള് ഇനിവന്നാലും ഈ വീട്ടില്‍ കേറ്റില്ലാന്ന് അമ്മ ഉറപ്പിച്ചിരിക്ക്യാണ്''.
നൂറ് പ്രയാസങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഇതുംകൂടിയായി. വേലപ്പന്‍ നെടുവീര്‍പ്പിട്ടു.
^^^^^^^^^^^^^^^^^^^^^^
അമ്പലത്തിന്‍റെ മുന്‍രക്ഷാധികാരി ഗോവിന്ദന്‍ നായര്‍ മരണാസന്നനായി കിടക്കുന്ന വിവരം കൂട്ടുകാരെ അറിയിച്ചത് ഹരിദാസനാണ്.
''വേറൊരു ആവശ്യത്തിന്ന് ഞാന്‍ മൂപ്പരടെ വീടിന്‍റെ അടുത്തുവരെ പോയിരുന്നു. അപ്പഴാ തീരെ കിടപ്പാനെന്ന് അറിഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല. ഞാന്‍ പോയി കണ്ടു''.
''ആ മൂപ്പരക്ക് നൂറ് വയസ്സ് കഴിഞ്ഞിട്ടുണ്ട് എന്നാ എനിക്ക് തോന്നുണ്'' ശിപായി ചാമുണ്ണി പറഞ്ഞു.
''അത്ര്യോന്നും ആയിട്ടില്ല. തൊണ്ണൂറ്റിനാല് ആണെന്നാ അറിഞ്ഞത്''.
''ഞാന്‍ കമ്പൌണ്ടറായിട്ട് ഇവിടുത്തെ ആസ്പത്രീല് വരുമ്പൊ അയാള് പെന്‍ഷനായിട്ടുണ്ട്''.
''ആരാ അവിടെ സഹായത്തിനുള്ളത്''.
''രണ്ടാമത്തെ മകളും മരുമകനും വന്നിട്ടുണ്ട്''.
''എനിക്കയാളെ അറിയാം'' കണ്ണന്‍ നായര്‍ പറഞ്ഞു ''സത്യം പറഞ്ഞാല്‍ രാധയ്ക്ക് എന്നേക്കാളും അയാളെ അറിയും. അവര് രണ്ടാളും ഒന്നിച്ച് പഠിച്ചതാണ്''.
''എന്ത് പറഞ്ഞാലും തനിക്കപ്പൊ അതിലൊരു ബന്ധൂണ്ടാവും'' രാമന്‍ പറഞ്ഞു.
''ഞാന്‍ പറഞ്ഞത്, ആരക്കെങ്കിലും കാണണംച്ചാല്‍ പോയി കാണാന്‍ വേണ്ടീട്ടാണ്. അറിഞ്ഞില്ലാന്ന് പിന്നെ പറയണ്ടാന്ന് വെച്ച് പറഞ്ഞതാ'' ഹരിദാസന്‍ അറിയിച്ചു.
''ഒന്നുപോയി കാണണ്ടതാണ്'' കുറുപ്പുമാഷ് അഭിപ്രായം പറഞ്ഞു.
''എന്നാല്‍ നാളെ പത്തുമണ്യോടെ പോയി കണ്ടാലോ'' കണ്ണന്‍ നായര്‍ ചോദിച്ചു.
''ഞാന്‍ പറയുണപക്ഷം നീട്ടിക്കൊണ്ട് പോണ്ടാന്നാണ്. ഇന്ന് രാത്രി കടന്നുകിട്ട്വോന്ന് പറയാന്‍ പറ്റില്ല''.
''ഈ നേരത്ത് കേറി ചെല്ലുണത് മോശോല്ലേ'' ബാലന്‍ മാസ്റ്റര്‍ സംശയം പ്രകടിപ്പിച്ചു.
''ഒരു മോശൂല്യാ. നമ്മള് വിവരം അറിഞ്ഞു, ചെന്നു, അത്രേന്നെ''.
''ഒരുകാര്യം ചെയ്യാം. നടതുറന്ന് വിളക്ക് വെച്ചിട്ടുണ്ട്. ഒന്നുകയറി തൊഴുത് ലേശം പൂവും ചന്ദനവും വാങ്ങി അതും കയ്യില്‍വെച്ച് നമുക്ക് പോവാം'' പത്മനാഭ മേനോന്‍ പറഞ്ഞു ''ഇന്ന് ദീപാരാധനയ്ക്ക് നില്‍ക്കണ്ട''.
''നിങ്ങള് തൊഴുകിന്‍. അപ്പഴയ്ക്കും ഞാന്‍ പോയി ഒന്നോ രണ്ടോ ഓട്ടോ വിളിച്ചിട്ട് വരാം'' ഹരിദാസന്‍ ഓട്ടോ അന്വേഷിച്ച് ചെന്നു, മറ്റുള്ളവര്‍ അമ്പലത്തിലേക്കും.
ഭാഗം : - 35.
സന്ധ്യയ്ക്ക് വിളക്കുവെക്കേണ്ട സമയമാവുന്നു. മുറ്റത്ത് വന്നുനിന്ന രണ്ട് ഓട്ടോറിക്ഷകളില്‍നിന്ന് ഇറങ്ങിവരുന്നവരെ വേലപ്പന്‍ ശ്രദ്ധിച്ചു. ഒരാള്‍ രാവിലെ അച്ഛനെ കാണാന്‍ വന്ന ആളാണ്, മറ്റൊരാള്‍ രാധ ടീച്ചറുടെ ഭര്‍ത്താവ് കണ്ണന്‍ നായരും. ബാക്കിയുള്ളവരെ അറിയില്ല.
''ഗോവിന്ദന്‍ നായര്‍ വയ്യാണ്ടെ കിടക്കുണ കാര്യം ഞാന്‍ പറഞ്ഞിട്ടാ ഇവരൊക്കെ അറിഞ്ഞത്. മുമ്പ് അദ്ദേഹം അമ്പലത്തിന്‍റെ രക്ഷാധികാരി ആയിരുന്നതാണ്, നമ്മള്‍ പോയി കാണണംന്ന് കമ്മിറ്റിക്കാര്‍ക്ക് ഒരേ നിര്‍ബ്ബന്ധം. അതാ ഇപ്പൊത്തന്നെ ഞങ്ങള് ഇറങ്ങ്യേത്'' ആദ്യംതന്നെ ഹരിദാസന്‍ പറഞ്ഞു.
''അതിനെന്താ, വരൂ'' വേലപ്പന്‍ അവരെ സ്വീകരിച്ചിരുത്തി.
''എല്ലാവരേം അറിയില്ലല്ലോ. ആദ്യം പരിചയപ്പെടാല്ലേ'' ഹരിദാസന്‍ പറഞ്ഞു ''എന്നെ ഇനി പരിചയപ്പെടുത്തിണില്യ''.
''എന്നേം അറിയും. രാധടെ ഒപ്പം പഠിച്ച ആളാ ഇദ്ദേഹം. അവര് ഒരു നാട്ടുകാരാ''.
''ഒരേ പഞ്ചായത്തിലാണെങ്കിലും രണ്ടാളടെ വീടും രണ്ട് തലയ്ക്കലാണ്. മൂന്ന് മൂന്നര കിലോമീറ്റര്‍ അകലൂണ്ട്. പിന്നെ ഞങ്ങള്‍ ഒരുസ്കൂളിലാണ് പഠിച്ചതെങ്കിലും ഒരേ ക്ലാസ്സിലല്ല. ടീച്ചര്‍ എന്നേക്കാള്‍ രണ്ടുമൂന്ന് ക്ലാസ്സ് താഴ്യാണ് പഠിച്ചത്''.
''അപ്പൊ രണ്ടാളെ പരിചയൂണ്ട്. ഇനി ഞാനാരാണെന്ന് പറയാം. എന്‍റെ പേര് രാമന്‍. മുമ്പ് ഇവിടുത്തെ ആസ്പത്രീല് കമ്പൌണ്ടരായിരുന്നു''.
''ഞാന്‍ പത്മനാഭമേനോന്‍. മുമ്പ് ആര്‍.ടി.ഓ. ഓഫീസിലായിരുന്നു ജോലി. ഇദ്ദേഹം കുറുപ്പ് മാഷ്. കോളേജില്‍ പ്രൊഫസാറായിരുന്നു''.
''ഞാന്‍ ബാലന്‍. പോസ്റ്റ് മാഷായിരുന്നു. ഇദ്ദേഹം ചാമുണ്ണി. സര്‍ക്കാര്‍ ജോലിയില്‍നിന്ന് പെന്‍ഷനായ ആളാണ്''.
''എല്ലാവരേയും പരിചയപ്പെട്ട സ്ഥിതിക്ക് എന്‍റെ കാര്യം പറയാം. ഞാന്‍ ഗോവിന്ദന്‍ നായരുടെ രണ്ടാമത്തെ മരുമകന്‍, എന്‍റെ പേര് വേലപ്പന്‍. മിലിറ്ററിയില്‍നിന്ന് പിരിഞ്ഞതാണ്''.
''എന്താ ഗോവിന്ദന്‍ നായര്‍ക്ക് പെട്ടെന്ന് വയ്യാതാവാന്‍''.
''എന്താ പറയ്യാ. പത്തുദിവസം മുമ്പ് ഞാന്‍ വന്നിരുന്നു. അന്ന് ആള് നല്ല ഉഷാറിലായിരുന്നു. പെട്ടെന്നാണ് വയ്യാണ്ടായത്''.
''ഒരുപ്രായം കഴിഞ്ഞാല്‍ മനുഷ്യര് പൊടുക്കനെ കിടപ്പിലാവും. അത് സൂക്കടൊന്ന്വോല്ല''.
''അതന്ന്യാണ് ഡോക്ടര്‍ പറഞ്ഞത്''.
''മൂപ്പരോട് അമ്പലക്കമ്മിറ്റിക്കാര്‍ക്ക് കടപ്പാടുണ്ട്. അദ്ദേഹത്തിന്‍റെ കാലത്താണ് അമ്പലം പുതുക്കി പണിത് ഇന്നത്തെ നെലേലാക്കിയത്''.
''വിളക്ക് കൊണ്ടുവരുണൂ'' അകത്തുനിന്ന് അമ്മിണിയുടെ ഏടത്തിയുടെ ശബ്ദം കേട്ടു. പുറകെ കത്തിച്ച വിളക്കുമായി അവരെത്തി. എല്ലാവരും എഴുന്നേറ്റ് കൈകൂപ്പി നിന്നു.
''എന്നാല്‍ ഞങ്ങളൊന്ന് അദ്ദേഹത്തെ കണ്ടോട്ടെ'' വിളക്കുവെച്ച് പോയി കഴിഞ്ഞശേഷം ഹരിദാസന്‍ ചോദിച്ചു.
''അതിനെന്താ വരൂ'' എല്ലാവരും വേലപ്പനെ അനുഗമിച്ചു. കട്ടിലില്‍ കിടക്കുന്ന ശരീരത്തില്‍ നെഞ്ഞ് ഉയരുകയും താഴുകയും ചെയ്യുന്ന ചലനമേയുള്ളൂ.
''ഈ പ്രസാദം തൊട്ടുകൊടുത്തോളൂ'' പൂവും ചന്ദനവും ഉള്ള ഇലച്ചീന്ത് കുറുപ്പ് മാഷ് നീട്ടി.
ഗോവിന്ദന്‍ നായരുടേ കാല്‍ക്കല്‍ കട്ടിലിരുന്ന അയാളുടെ ഭാര്യ പൊതി ഏറ്റുവാങ്ങി അയാളുടെ നെറ്റിയിലും കഴുത്തിലും മാറത്തും ചന്ദനം തൊട്ട് പൂവ് ചെവിയ്ക്കുമുകളില്‍ തിരുകിവെച്ചു. എന്നിട്ട് ബാക്കിയുള്ള ചന്ദനം സ്വയംതൊട്ട് പൂക്കള്‍ മുടിക്കെട്ടില്‍ തിരുകി.
''അമ്മേ, ഇവരൊക്കെ അമ്പലക്കമ്മിറ്റിക്കാരാണ്. അച്ഛനെ കാണാന്‍ വന്നതാണ്'' വേലപ്പന്‍ പറഞ്ഞു.
''സന്തോഷായി. എല്ലാരുംകൂടി പ്രാര്‍ത്ഥിച്ച് മൂപ്പരുടെ സൂക്കട് മാറട്ടെ'' അവര്‍ കൈകൂപ്പി.
''എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ. എന്ത് ആവശ്യം ഉണ്ടെങ്കിലും ഞങ്ങളെ അറിയിക്കണം. പറയാന്‍ മടിക്കരുത്'' ആഗതര്‍ മടങ്ങിപ്പോയി.
^^^^^^^^^^^^^^^^^^^^^^^^^^^^
അമ്പലക്കമ്മിറ്റിക്കാര്‍ പോയശേഷം വേലപ്പന്‍ ഒറ്റയ്ക്ക് ഉമ്മറത്ത് ഇരിക്കുകയാണ്. അമ്മിണി കൊണ്ടുതന്ന ചായ അരികിലിരുപ്പുണ്ട്. അപ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്. എടുത്ത് നോക്കി. മരുമകന്‍റെ അച്ഛനാണ് വിളിക്കുന്നത്. ഇനിയെന്താണ് ഇയാളുടെ ഭാവം .
''ഹല്ലോ. എന്താ വിളിച്ചത്''.
''തന്നോട് രണ്ട് പറയാനുണ്ട്''.
''എന്താണെങ്കിലും വേഗം പറഞ്ഞുതീര്‍ക്കണം''.
''തനിക്കിപ്പൊ സന്തോഷായല്ലോ''.
''അല്ലെങ്കിലും എനിക്ക് സന്തോഷത്തിന്ന് ഒരു കുറവൂല്യാ''.
''എന്നെ എന്‍റെ വീട്ടിന്ന് ഇറക്കിവിട്ടു''.
''ഇറക്കി വിട്ടിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കയ്യിരിപ്പിന്‍റെ ഗുണം''.
''താന്‍ വല്യേ ആളാവണ്ട. തനിക്ക് ഞാന്‍ വെച്ചിട്ടുണ്ട്''. ആ നിമിഷം വേലപ്പന്ന് സകല നിയന്ത്രണവും നഷ്ടമായി.
''ഇനി ഒരക്ഷരം പറഞ്ഞാല്‍ വേലപ്പന്‍ ആരാണെന്ന് നീയറിയും. ഉള്ളബന്ധം നിലനിര്‍ത്താന്‍ ഇതുവരെ ഞാന്‍ കണ്ടില്ല, കേട്ടില്ല എന്ന് നടിച്ചതാണ്. ഇനി നീ വല്ലതും മിണ്ട്യാല്‍ പെരുവഴീലിട്ട് നിന്നെ ഞാന്‍ തല്ലിഒലുമ്പും. വേലപ്പനാ പറയുണ്. ഓര്‍മ്മവെച്ചോ''.
മറുവശത്ത് എന്താണ് പറയുന്നത് എന്നറിയാന്‍ അയാള്‍ അല്‍പ്പനേരം കാത്തുനിന്നു. കാള്‍ കട്ടുചെയ്തതാണ് അയാളറിഞ്ഞത്
ഭാഗം : - 36.
രജനിയെ കൂട്ടിക്കൊണ്ടുവന്ന് മുകളിലെ മുറിയില്‍നിന്ന് കളിപ്പാട്ടങ്ങള്‍ എടുക്കണമെന്ന് പത്മാവതിയമ്മ പറഞ്ഞ് ദിവസം രണ്ടുമൂന്ന് കഴിഞ്ഞു. ഓരൊതിരക്ക് കാരണം അതിന്ന് കഴിഞ്ഞില്ല. പണിയൊഴിഞ്ഞ് വെറുതെ ഒരുഭാഗത്തിരിക്കുമ്പോഴാവും രജനിക്ക് പിടിപ്പത് പണിയുണ്ടാവുക. പതിനൊന്ന് മണിയോടെ ജോലികളെല്ലാം തീര്‍ത്ത് അവര്‍ സിറ്റൌട്ടില്‍ വന്നിരിക്കുമ്പോഴാണ് രജനിയെ കാണുന്നത്. അലക്കിയ തുണികള്‍ അവള്‍ ഉണങ്ങാനിടുകയാണ്.
''മോളേ, ഒന്നിങ്കിട്ട് വാ'' അവര്‍ കൈകാട്ടിവിളിച്ചു. പണി നിര്‍ത്തിവെച്ച് അവള്‍ വരാനൊരുങ്ങി.
''നീയത് തോരീട്ടിട്ട് വന്നാ മതി'' പത്മാവതിയമ്മ വിളിച്ചുപറഞ്ഞു. ജോലി ചെയ്ത് തീര്‍ത്തതും രജനി വന്നു.
''മോളില് ഒരു മുറീല് നിറയെ കളിക്കോപ്പുണ്ട്. ഒക്കെ പേരകുട്ട്യേളക്ക് വാങ്ങ്യേതാ. സൈക്കിളും ഉന്തീട്ട് നടക്കാനുള്ളതും ഒക്കീണ്ട്. കുട്ട്യേള്‍ക്ക് അതൊക്കെ കൊടുക്കാന്ന് വിചാരിച്ച് നിന്നെ വിളിച്ചതാ. എന്നെക്കൊണ്ട് മോളിന്ന് എടുത്തോണ്ടുവരാന്‍ വയ്യാഞ്ഞിട്ടാണ്''.
''അതിനെന്താ, അമ്മടെകൂടെ ഞാന്‍ വരാലോ'' അവള്‍ തയ്യാറായി.
മുകളിലെ പൂട്ടിയിട്ട മുറി തുറന്ന് കണ്ടപ്പോള്‍ രജനി അന്തം വിട്ടു. രണ്ടോ മൂന്നോ മിക്സി, അത്രയും തന്നെ വെറ്റ് ഗ്രൈന്‍ഡര്‍, ആറേഴ് സീലിങ്ങ് ഫാനുകള്‍, പഴയ ഏഴെട്ട് പ്ലാസ്റ്റിക് കസേലകള്‍, സ്റ്റൂള് എന്നിവ നിലത്ത് നിരത്തിവെച്ചിട്ടുണ്ട്. അവക്കിടയിലാണ് കുട്ടികളുടെ കളിക്കോപ്പുകള്‍. അതിന്ന് പുറമെയാണ് പഴയ രണ്ട് മഞ്ചയും ചാരുകസേലയും. എല്ലാം പൊടിപിടിച്ച് കിടപ്പാണ്.
''എന്താ ഇതൊക്കെ ഇങ്ങനെ കിടക്കുണ്'' രജനി ചോദിച്ചു.
''ആരക്കാ കുട്ട്യേ ഇതൊക്കെ തുടയ്ക്കാനും പിടിയ്ക്കാനും വയ്ക്കിണത്. എന്നെക്കൊണ്ട് ഒന്നിനും ആവില്ല''.
''അത് ശരി. പഴേതൊക്കെ ആരക്കെങ്കിലും വിറ്റൂടേ''.
''നീയെന്താ പറയുണ്. മൂവ്വായിരോ നാലായിരോ കൊടുത്ത് മിക്സി വാങ്ങും. കൊടുക്കാന്‍ പോവുമ്പഴോ? നൂറ് തരട്ടെ, നൂറ്റമ്പത് തരട്ടെ എന്നൊക്കെ വിലപറയും. എന്തിനാ അങ്ങനെ കൊടുക്കുണ്. ഇവിടെ കിടന്നോട്ടെ. അതിന് തിന്നാനൊന്നും കൊടുക്കണ്ടല്ലോ''. രജനിക്ക് ചിരി വന്നു.
''അമ്മ വിഷമിക്കണ്ട. ആഴ്ചേല് ഒരുദിവസം ഞാന്‍ വന്ന് എല്ലാം തുടച്ച് വൃത്തിയാക്കി തരാം''.
''ആ കിടക്കുണ സൈക്കിളും ഉരുട്ടുണ വണ്ടീം എടുത്തോ. അലമാറേല് കുറെ കളിക്കോപ്പുണ്ട്. അതും എടുത്തോ''.
''ആദ്യം ഒരു ചൂലും ചപ്പത്തുണീം തരൂ. ഞാനൊന്ന് വൃത്തിയാക്കട്ടെ''.
''വര്‍ക്ക് ഏരിയേല് അതൊക്കീണ്ട്. ഒരു പ്ലാസ്റ്റിക്ക് ബക്കറ്റും എടുത്തോ. എന്നെക്കൊണ്ട് തെരുതെരെ കേറാനും ഇറങ്ങാനും വയ്യ''. പത്തുമിനുട്ട് സമയംകൊണ്ട് രജനി ആ മുറി വൃത്തിയാക്കി.
''സന്തോഷായി. എത്രകാലായി ഒന്ന് വൃത്തിയാക്കീട്ട്'' പത്മാവതിയമ്മ സന്തോഷം മറച്ചുവെച്ചില്ല.
''അടുത്ത മുറി വൃത്തിയാക്കണോ'' രജനി ചോദിച്ചു.
''ആ മുറി ഇതിന്‍റെ അപ്പനാണ്. അതിലില്ലാത്ത സാധനോന്നൂല്യാ കുട്ട്യേ, നീയതിന് മിനക്കെടണ്ട''.
''അതിന് കുഴപ്പൂല്യാ. മുറി തുറന്നോളൂ'' പത്മാവതിയമ്മ ആ മുറി തുറന്നു. അവര്‍ പറഞ്ഞത് ശരിയാണെന്ന് രജനിക്ക് ബോദ്ധ്യമായി. അതിനകത്ത് ഇല്ലാത്ത സാധനങ്ങളില്ല. പഴയൊരു ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍, പഴയ ഒരു വിന്‍ഡോ ഏ.സി, ചെമ്പുപാത്രങ്ങള്‍, ഉരുളികള്‍, നിലവിളക്കുകള്‍, വലിയ ചട്ടുകങ്ങള്‍, പിച്ചള പാത്രങ്ങള്‍, അണ്ടാവ്, കുടം, ഉലക്ക, കൈക്കോട്ട്, പിക്കാസ്, കടപ്പാറ, കോണി എന്നുവേണ്ടാ സര്‍വ്വ സാധനങ്ങളും അതിനകത്തുണ്ട്.
''ഇതില്‍ പാത്രങ്ങളും സാധനങ്ങളും മാഷക്ക് വീട് ഭാഗംവെക്കുമ്പൊ കിട്ട്യേതാ. മൂപ്പര്‍ക്ക് ഒന്നും കൊടുക്കാന്‍ ഇഷ്ടൂല്യാ''.
അരമണിക്കൂര്‍കൂടി രജനിക്ക് പണിയുണ്ടായി. എല്ലാം ചെയ്തുതീര്‍ത്ത് പത്മാവതിയമ്മയോടൊപ്പം സൈക്കിളും കുറെ കളിക്കോപ്പുകളുമായി അവള്‍ താഴേക്ക് ഇറങ്ങിവന്നു.
''വെറുതെയിരിക്കുമ്പൊ നീ കുട്ട്യേളേം അമ്മേംകൂട്ടി ഇങ്കിട്ട് വാ.. നമുക്ക് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞോണ്ട് ഇരിക്കാലോ''.
''അമ്മടെ തിരക്കൊഴിയുമ്പൊ വിളിച്ചാ മതി. ഞങ്ങള് വന്നോളാം'' അതും പറഞ്ഞ് രജനി കളിക്കോപ്പുകളുമായി തിരിച്ചുപോയി.
ഭാഗം : - 37.
പത്മാവതിയമ്മ ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറുപ്പ് മാഷ് വീട്ടിലെത്തിയത്. ഒരുകല്യണത്തില്‍ പങ്കെടുക്കാന്‍വെണ്ടി ടൌണിലേക്ക് പോയതായിരുന്നു അദ്ദേഹം. ഉടുത്തവസ്ത്രം മാറി അയാള്‍ ഭാര്യയുടെ അടുത്തെത്തി.
''ഇന്നെന്താ ഉണ്ണാനിത്ര വൈകിയത്'' അയാള്‍ ചോദിച്ചു.
''ഒന്നാമത് ഒറ്റയ്ക്കായാല്‍ ആഹാരം കഴിക്കാന്‍ തോന്നില്ല. അത്വോല്ല കുറെ പണീണ്ടായിരുന്നു''.
''എന്താ പതിവില്ലാത്ത കുറെ പണികള്‍''.
''ഞാന്‍ രജനിയെ വിളിച്ചിരുന്നു. മുകളിലെ മുറീലുള്ള കളിസ്സാധനങ്ങള്‍ കുട്ട്യേള്‍ക്ക് കൊടുക്കാന്‍ വേണ്ടി വിളിച്ചതാ''.
''എന്നിട്ടെന്താ കൊടുത്തില്ലേ''.
''കൊടുത്തു. അത് കൂടാണ്ടെ വേറൊരു കാര്യൂണ്ടായി. മോളിലെ രണ്ട് മുറീം മാറാലീം പൊടീം പൊത്തീട്ട് കിടക്ക്വായിരുന്നു. അവളത് രണ്ടും അടിച്ച് വൃത്ത്യാക്കി തന്നു''.
''എന്തിനാ പത്മം ആ കുട്ടിയെക്കൊണ്ട് ആ പണിയൊക്കെ ചെയ്യിച്ചത്''.
''ഞാന്‍ പറഞ്ഞിട്ടൊന്ന്വോല്ല അവള് ചെയ്തത്. വേണ്ടാ കുട്ട്യേന്ന് ഞാന്‍ പറഞ്ഞത് കേള്‍ക്കാണ്ടെ ചെയ്തതാണ്. അമ്മ വിഷമിക്കണ്ട. ആഴ്ചേല് ഒരുദിവസം ഞാന്‍ വന്ന് മോളിലെ മുറികളൊക്കെ അടിച്ചു വൃത്ത്യാക്കി തരാന്ന് അവള്‍ പറഞ്ഞിട്ടുണ്ട്''.
''നല്ല സ്വഭാവമുള്ള കുട്ടിയാണ് അവളെന്ന് തോന്നുന്നു''.
''അതിനെന്താ സംശയം. നല്ല മിടുമിടുക്ക്യാണ് അവള്. എനിക്കെന്തോ അതിനോടൊരു വാത്സല്യം തോന്നുണൂ''.
''അത് നന്നായി. ഇനി അവര് വീട് മാറി പോവുമ്പൊ താനെന്താ ചെയ്യാ''.
''നോക്കിക്കോളൂ. അവര് നമ്മളെ വിട്ട് എവടയ്ക്കും പോവില്ല. നമ്മടെ മക്കളെപോല്യല്ല അവള്''.
''അതിന്‍റെ ഇടയിലെന്തിനാ താന്‍ മക്കളുടെ കാര്യം പറയുന്ന്''.
''എനിക്ക് അത്രയ്ക്ക് ഖേദൂണ്ട്. ഞാന്‍ ഇനീം പറയും''.
''താന്‍ എന്തോ പറഞ്ഞോളൂ. ഞാനൊന്നും പറയാന്‍ വരുന്നില്ല''.
''ഇന്ന് രുഗ്മിണി ടീച്ചര്‍ വിളിച്ചിരുന്നു. ഇന്നലെ നിങ്ങളൊക്കെക്കൂടി വയ്യാണ്ടെ കിടക്കുണ ഗോവിന്ദന്‍ നായരെ കാണാന്‍ പോയില്ലേ. ഇന്ന് വൈകുന്നേരം ടീച്ചര്‍ കാണാന്‍ പോണുണ്ട്, പത്മം വരുണ്വോ എന്ന് ചോദിച്ചു''.
''തനിക്കതിന് അവരെ ആരേയെങ്കിലും പരിചയമുണ്ടോ''.
''അങ്ങിനെ ചോദിച്ചാല്‍ അയാളടെ മൂത്തമകളെ നല്ലോണം അറിയും. അമ്പലത്തില്‍വെച്ച് കാണുമ്പൊ ഞങ്ങള്‍ സംസാരിക്കാറുണ്ട്''.
''എന്നാല്‍ പൊയ്ക്കോളൂ''.
''നാളെ മാഷ് വീട്ടിലുണ്ടാവും. അപ്പൊ പോയാല്‍ പോരേന്ന് ഞാന്‍ ചോദിച്ചു. നാളെ തിങ്കളാഴ്ച്യാണ്. തിങ്കള്‍ കാഴ്ച തിരിച്ചടിക്കുംന്ന് ടീച്ചര്‍ പറഞ്ഞു''.
''അതൊക്കെ ഓരോ വിശ്വാസമാണ്. അങ്ങിനെയൊന്നും ഉണ്ടാവില്ല''.
''വേണ്ടാ. ടീച്ചര്‍ അജ്ഞാനം ഉള്ള ആളാണ്. നാളെ കാണാന്‍ പോയിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ അയമ്മ അതന്നെ പറയും''.
''ടീച്ചര്‍ക്ക് മാത്രമല്ല, തന്‍റെ ഉള്ളിലും അജ്ഞാനം ഉണ്ട് അല്ലേ''.
''എന്താ അങ്ങനെ പറഞ്ഞത്. ഞാന്‍ പോണ്ടേ''.
''പിന്നെന്താ തീര്‍ച്ചയായിട്ടും പോവണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യര്‍ അന്യോന്യം പോവുകയും കാണുകയും ഒക്കെ വേണം''.
''ഞാനീ എച്ചില്‍പാത്രങ്ങള്‍ മോറിവെച്ചിട്ട് വരാം. മാഷ് കിടന്നോളൂ''.
പത്മാവതിയമ്മ പാത്രങ്ങളുമായി അടുക്കളയിലേക്ക് നടന്നു, കുറുപ്പ് മാഷ് കിടപ്പുമുറിയിലേക്കും.
^^^^^^^^^^^^^^^^^^^^^^^^^^^^^^
മുറ്റത്തുനിന്ന് കാറിന്‍റെ ശബ്ദം കേട്ടപ്പോള്‍ വേലപ്പന്‍ തലയുയര്‍ത്തി. മൂത്തമകള്‍ കോമളത്തിന്‍റെ ഭര്‍ത്താവിന്‍റെ കാറാണ് വന്നിരിക്കുന്നത്. അയാള്‍ പിടഞ്ഞെഴുന്നേറ്റു. മകളുടേയും കുട്ടികളുടേയും പുറകെ മരുമകനുണ്ട്. ഇവരുടെ വരവ് തീരെ പ്രതീക്ഷിച്ചതല്ല . മരുമകനോട് സംസാരിച്ചിട്ട് കുറെ കാലമായി. ഇപ്പോള്‍ അതൊന്നും ഭാവിക്കാന്‍ പാടില്ല.
''വരൂ'' അയാള്‍ അവരെ അകത്തേക്ക് ക്ഷണിച്ചു.
''മുത്തച്ചയ്ക്ക് അധികാണെന്ന് അമ്മ പറഞ്ഞപ്പൊ ഞങ്ങള്‍ കാണാന്‍ പുറപ്പെട്ടതാണ്. എങ്ങനീണ്ട് മുത്തച്ചയ്ക്ക്'' മകള്‍ ചോദിച്ചു.
''അങ്ങനെത്തന്നെ കിടക്കുണൂ''.
''ഞങ്ങളൊന്ന് കാണട്ടെ'' മകളും മരുമകനും കുട്ടികളും ശബ്ദംകേട്ട് ഉമ്മറത്തെത്തിയ അമ്മിണിയോടൊപ്പം അകത്തേക്ക് നടന്നു. അവര്‍ പോവുന്നതും നോക്കി അയാള്‍ ഉമ്മറത്തുതന്നെയിരുന്നു. മരുമകനും അമ്മയും മകളെ കഠിനമായി ഉപദ്രവിക്കുന്നു എന്നറിഞ്ഞ് വിവരം അന്വേഷിക്കാന്‍ ചെന്നതും ബഹളത്തിനിടയില്‍ അവനേയും അവന്‍റെ അമ്മയേയും കൈവെച്ചതും ഓര്‍മ്മയിലെത്തി. മരുമകനെ പിന്നീട് കാണുന്നത് ഇപ്പോഴാണ്. അവനും ആ സംഭവം മറക്കാനിടയില്ല.
അകത്തുനിന്ന് മരുമകന്‍റേയും മകളുടേയും ഒച്ച കേള്‍ക്കുന്നുണ്ട്. അമ്മിണിയുടെ അമ്മയോട് സംസാരിക്കുകയാണ് അവര്‍. എന്തോ ആവട്ടെ. മരിക്കാറായ മുത്തച്ചനെ കാണണമെന്ന മകളുടെ ആവശ്യം അവന്‍ സാധിച്ചുകൊടുത്തല്ലോ. അവരുടെ അടുത്തേക്ക് ചെല്ലണോ എന്ന് ശങ്കിച്ചു. വേണ്ടാ. ഇപ്പോള്‍ ചെല്ലണ്ടാ. തന്‍റെ സാന്നിദ്ധ്യം അവര്‍ക്ക് അലോസരമാവരുത്.
''ഇതാ ചായ'' അമ്മിണി മുന്നിലെത്തി.
''എന്താ ഇത്ര നേരത്തെ''.
''അവര്‍ക്ക് ചായീണ്ടാക്ക്യേപ്പൊ കൊണ്ടുവന്നതാണ്''. ചായ വാങ്ങി കുടിച്ച് അവിടെത്തന്നെയിരുന്നു. ഒരുമണിക്കൂറിലേറെ കഴിഞ്ഞാണ് മരുമകനും മകളും കുട്ടികളും പുറത്തിറങ്ങിയത്.
''ഞങ്ങള്‍ ഇറങ്ങട്ടെ അച്ചേ'' മകള്‍ യാത്ര പറഞ്ഞു. ശരിയെന്ന മട്ടില്‍ അയാള്‍ തലയാട്ടി.
''പോണൂ'' നാലടി നടന്നശേഷം തിരിഞ്ഞുനിന്ന് മരുമകന്‍ പറഞ്ഞു.
''ങും'' ഒരു മൂളലില്‍ മറുപടിയൊതുക്കി. കാര്‍ മുറ്റത്തുനിന്ന് തിരിഞ്ഞ് ഗെയിറ്റ് കടന്ന് കണ്ണില്‍നിന്ന് മറഞ്ഞു.
ഭാഗം : - 38.
''അപ്പഴേ, ഗോവിന്ദന്‍ നായര് മരിച്ചാല്‍ നമ്മടെ കമ്മിറ്റിടെ വക റീത്ത് വെക്കണ്ടതല്ലേ'' ആല്‍ത്തറയോഗത്തില്‍ കമ്പൌണ്ടര്‍ രാമന്‍ വിഷയം അവതരിപ്പിച്ചു.
''പുത്തികെട്ട മനുഷ്യാ'' ആ നിമിഷം ഹരിദാസന്‍റെ ശബ്ദം ഉയര്‍ന്നു ''എന്ത് വര്‍ത്തമാനാണ് താനീ പറഞ്ഞത്. കിഴവന്‍റെ ശ്വാസംനിന്നിട്ടില്ല. അതിന് മുമ്പ് തനിക്കയാളടെ നെഞ്ചത്ത് റീത്ത് വെക്കണം അല്ലേ, താനൊരു കാര്യം ചെയ്യ്. വേഗം ചെന്ന് ആ മനുഷ്യനെ പൊള്ളേല്‍ പോക്കി കൊല്ല്. എന്നിട്ട് റീത്ത് വെച്ചിട്ട് വാ''.
''ഞാനെന്‍റെ മനസ്സില്‍ തോന്ന്യേത് ചോദിച്ചൂന്നേ ഉള്ളു. അതിനെന്തിനാ ഇത്രകണ്ട് ചൂടാവുണ്'.
''രാമാ, എന്ത് കാര്യം പറയുമ്പോഴും ഒരു ഔചിത്യംവേണം'' പത്മനാഭ മേനോന്‍ പറഞ്ഞു ''ഇല്ലെങ്കില്‍ കേള്‍ക്കുന്നവര് പറയുന്ന ആളെക്കുറിച്ച് എന്താ വിചാരിക്ക്യാ''.
''സ്തൂയ്. ഞാന്‍ പറഞ്ഞത് പിന്‍വലിച്ചു. നമുക്ക് ഇന്നലെ സംസാരിച്ച കാര്യം മുഴുവനാക്കാം''.
''വരവിന്‍റീം ചിലവിന്‍റീം കാര്യോല്ലേ. അതിലിത്ര സംസാരിക്കാന്‍ എന്താ ഉള്ളത്'' കണ്ണന്‍ നായര്‍ ചോദിച്ചു.
''കണ്ണന്‍ നായരേ, എന്തിനും ഒരുകണക്ക് വേണം. നിങ്ങള് ആസ്പത്രീല്‍ മരുന്നിന്ന് പോയാല്‍ തോന്ന്യേപോലെ എടുത്ത് തര്വോ. എന്തൊക്കെ മരുന്ന് എത്ര്യോക്കെ വേണംന്ന് ഡോക്ടര്‍ കുറിച്ച് തരും. അത് നോക്കീട്ടാ ഞങ്ങള് മരുന്ന് കൊടുക്ക്വാ''.
''തുടങ്ങി ഇയാളുടെ ഒരു ആസ്പത്രി കാര്യം''.
''എനിക്ക് ചെറ്യോരു ധാരണീണ്ട്'' ചാമുണ്ണി പറഞ്ഞു ''ദിവസൂം നൂറ് നൂറ്റമ്പത് അര്‍ച്ചനീണ്ടാവും. നമ്മള് നൂറേന്ന് വിചാരിക്ക്യാ. ഉത്സവ ദിവസം ആയിരം അര്‍ച്ചന ഉറപ്പായിട്ടും ഉണ്ടാവും. മൊത്തത്തില്‍ രണ്ടായിരംന്ന് കരുതിന്‍. അര്‍ച്ചന ഒന്നിന് പത്തുറുപ്പിക. അപ്പൊ ആ വകേല് വരവ് ഇരുപതിനായിരം ഉറുപ്പിക. അങ്ങനെ നമ്മള് ഒരോ വഴിപാടിന്‍റീം കണക്കെടുക്കണം''.
''ഒരുകാര്യം ഞാന്‍ പറയാം'' ഹരിദാസന്‍ ഇടപെട്ടു ''ഇങ്ങനെ ഓരോ കണക്കുണ്ടാക്ക്യാല്‍ പണ്ട് കണക്ക് മാഷ് പുഴ കടന്നപോലെ ആവും''.
''അതെന്താ കണക്ക് മാഷ് പുഴ കടന്ന കഥ''.
''വേണച്ചാല്‍ കേട്ടോളിന്‍'' ഹരിദാസന്‍ പറയാന്‍ തുടങ്ങി ''ഒരു കണക്ക് മാഷ് പുഴടെവക്കത്തെത്തി. മൂപ്പരുക്ക് അക്കരയ്ക്ക് പോണം. പുഴേല് നല്ല വെള്ളൂണ്ട്. മാഷ് അവടെനിന്ന് കണക്ക് കൂട്ടി. നൂറടി ദൂരത്തേക്ക് കണ്ണങ്കാല് വരെ വെള്ളൂണ്ടാവും. അക്കരേലും അങ്ങനെത്തന്നെ. ഇനി അപ്പറത്തും ഇപ്പറത്തും നൂറടിദൂരം മുട്ടുവരെ വെള്ളം കാണും. ഇത് മാതിരി നൂറ് നൂറ് അടിക്ക് അരവരെയ്ക്കും, മാറ് വരെയ്ക്കും, കഴുത്ത് വരെയ്ക്കും, തല മൂടുണത് വരെയ്ക്കും വെള്ളംകാണും. നടുവില് അമ്പതടിദൂരം രണ്ടാള്‍ക്ക് വെള്ളൂണ്ടാവും. ആകപ്പാടെ കൂട്ടിനോക്കി ശരാശരി എടുത്താല്‍ അരയ്ക്ക് മേപ്പട്ടിക്കേ ഉണ്ടാവൂ. ധൈര്യായിട്ട് പുഴ കടക്കാം. മാഷ് മുണ്ടും മാടിക്കെട്ടി പുഴേലിറങ്ങി. പിന്നെന്താ ഉണ്ടായത് എന്ന് പറയണ്ടല്ലോ''.
''ഇത്രീംപറഞ്ഞ അവസ്ഥയ്ക്ക് അതുംകൂടി പറയിന്‍ ഹര്യേട്ടാ'' ബാലന്‍ മാഷ് ആവശ്യപ്പെട്ടു.
''പിന്നെന്താ, മൂന്നാംപക്കാണ് മാഷടെ ശവം പൊന്ത്യേത്''. എല്ലാവരും ഉറക്കെ ചിരിച്ചു.
''കൂട്ടത്തിലൊരു കാര്യം ചോദിക്കട്ടെ. ഗോവിന്ദന്‍ നായര്‍ക്ക് ഇപ്പോള്‍ എങ്ങിനെയുണ്ട്'' കുറുപ്പ് മാഷ് ചോദിച്ചു.
''ഞാന്‍ ഇന്നുംപോയി അന്വേഷിച്ചു'' ഹരിദാസന്‍ പറഞ്ഞു ''സ്ഥിതിക്ക് ഒരു മാറ്റൂല്യാ''.
''എന്‍റെ ഭാര്യ ഇന്ന് അദ്ദേഹത്തെ കാണാന്‍ പോയിട്ടുണ്ട്''.
''ഒറ്റയ്ക്കാണോ പോയത്''.
''അല്ല. രുഗ്മിണി ടീച്ചറും ഉണ്ട്''.
''രാധ ഒന്ന് പോയി കാണണംന്ന് പറഞ്ഞു'' കണ്ണന്‍ നായര്‍ പറഞ്ഞു.
''എന്‍റെ വീട്ടുകാരിക്ക് ഒരു ദൂഷ്യൂണ്ട്'' പത്മനാഭ മേനോന്‍ പറഞ്ഞു ''അവളുടെ രണ്ടുഭാഗത്ത് രണ്ടാള് വേണം. എന്നാലേ ഒരുദിക്കിലേക്ക് പോവൂ''.
''ഞാന്‍ വീട്ടിലൊന്ന് ചോദിക്കട്ടെ. ഉണ്ടെങ്കില്‍ എന്‍റെ ഭാര്യയെ അയക്കാം'' ബാലന്‍ മാഷ് പറഞ്ഞു ''രണ്ടാളുംകൂടി പൊയ്ക്കോട്ടെ''.
''അപ്പഴും ഒരാളടെ കമ്മി വരില്ലേ'' ഹരിദാസന്‍ പറഞ്ഞു ''സാരൂല്യാ, എന്‍റെ കെട്ട്യോളീം വിടാം. അപ്പൊ മൂപ്പത്ത്യാരടെ അപ്പറൂം ഇപ്പറൂം നില്‍ക്കാന്‍ ആളായല്ലോ''.
അമ്പലത്തിന്‍റെ അകത്തുനിന്ന് ശംഖനാദം ഉയര്‍ന്നു. കൂട്ടുകാര്‍ എഴുന്നേറ്റ് നടന്നു.
ഭാഗം : - 39.
അത്ഭുതത്തേക്കാള്‍ അമ്പരപ്പാണ് വേലപ്പന്ന് തോന്നിയത്. ഇത്രയും അനായാസമായ ഒന്നാണ് മരണമെന്ന് അയാള്‍ക്കറിയില്ലായിരുന്നു. എന്നാല്‍ അതാണ് കണ്‍മുന്നിലിപ്പോള്‍ നടന്നത്. നാലുദിവസം കിടന്നു എന്നല്ലാതെ അച്ഛന്‍ ആരേയും ബുദ്ധിമുട്ടിച്ചിട്ടില്ല.
വൈകുന്നേരംവരെ പുരുഷന്മാരെപ്പോലെ അടുത്തുള്ള പല സ്ത്രീകളും മരിക്കാറായ ആളെ കാണാന്‍ വന്ന് പോയിരുന്നു. ഒടുവില്‍ ഏതാനും പുരുഷന്മാര്‍ മാത്രം ബാക്കിയായി. എട്ടര മണി ആയപ്പോള്‍ അവരും യാത്രപറഞ്ഞ് ഇറങ്ങി. അവരെ കുറ്റം പറയാനാവില്ല, എത്രനേരമാണ് ഇങ്ങിനെ മരണം കാത്തുകെട്ടിയിരിക്കുക. ഒന്നോ രണ്ടോ ദിവസമല്ലല്ലോ കാരണവര്‍ ഈ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട്.
''വരൂ, ആഹാരം കഴിക്കാം. വെറുതെ അത് തണുക്കാന്‍ ഇടവെക്കണ്ട'' അമ്മിണി വന്ന് വിളിച്ചപ്പോള്‍ വേലപ്പന്‍ ആഹാരം കഴിക്കാന്‍ ചെന്നു.
ഇഡ്ഡലിയാണ് ഉണ്ടാക്കിയിട്ടുള്ളത്. അമ്മിണിയുടെ ഏടത്തി അച്ഛനരികെ ഇരുന്ന് അമ്മയെ പറഞ്ഞയച്ചു. അവരോടൊപ്പം ഭക്ഷണം കഴിച്ചു.
''മോന്‍ ഇന്ന് ഉറങ്ങിക്കോ. ഞാന്‍ അച്ഛന്‍റടുത്തിരുന്നോളാം'' ആഹാരം കഴിക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു.
''വേണ്ടാമ്മേ. ഞാനിരിക്കാം. എനിക്ക് ഉറക്കോഴിക്കാന്‍ ബുദ്ധിമുട്ടില്ല''. ഭക്ഷണംകഴിഞ്ഞ് കൈകഴുകി കിടക്കുന്ന ആളുടെ അടുത്തേക്ക് ചെന്നു. അമ്മിണിയോടും ഏടത്തിയോടുമൊപ്പമാണ് അമ്മ തിരിച്ചുവന്നത്. അതുവരെ ആ മുഖത്തുതന്നെ നോക്കിയിരുന്നു. സ്നേഹത്തോടെയല്ലാതെ ഒരുവാക്ക് ആ മുഖത്തുനിന്ന് വീണിട്ടില്ല
''അച്ഛന് എന്തെങ്കിലും കൊടുത്താലോ'' അമ്മിണി ചോദിച്ചു.
''കൊടുത്തുനോക്കൂ. കഴിക്കുന്നെങ്കില്‍ കഴിക്കട്ടെ''. ചെറിയ കഷ്ണം ഇഡ്ഡലി പാലില്‍ മുക്കി അമ്മ ഭര്‍ത്താവിന്‍റെ വായില്‍വെച്ചു. വൃദ്ധന്‍ അത് നുണഞ്ഞിറങ്ങി.
''കഴിക്കിണുണ്ട്'' അവര്‍ പറഞ്ഞു. കഷ്ടിച്ച് അരഗ്ലാസ്സ് പാലും ഒരുപൊട്ട് ഇഡ്ഡലിയും കാരണവര്‍ കഴിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്. കണ്ണ് തുറന്ന വൃദ്ധന്‍ അരികിലിരിക്കുന്ന ഭാര്യയുടെ കയ്യെടുത്ത് സ്വന്തം മാറത്ത് വെച്ചു. അവരുടെ ചെവിയില്‍ അയാള്‍ എന്തോ പറഞ്ഞു.
''ലക്ഷ്മിക്കുട്ട്യേ, അച്ഛന്‍റെ ഭാഗവതം എടുത്തോണ്ട് വാ'' അവര്‍ പറഞ്ഞു ''ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുത്ത് ഒരു തുളസിടെ കതിരും ഇട്ട് വേഗം കൊണ്ടാ അമ്മിണ്യേ''. പുസ്തകവും വെള്ളവുമെത്തി. പുസ്തകം വാങ്ങി അമ്മ ഭര്‍ത്താവിന്‍റെ മാറത്ത് വെച്ചു. എന്നിട്ട് തുളസിക്കതിരിലെ വെള്ളം ഭര്‍ത്താവിന്‍റെ ചുണ്ടില്‍ ഇറ്റിച്ചു. വയസ്സന്‍ കണ്ണ് മിഴിച്ചു. ആ മിഴികള്‍ മേല്‍പ്പോട്ട് നീങ്ങി. ഷോക്കേറ്റതുപോലെ ശരീരം ഒന്ന് വിറച്ചു. അതോടെ ചലനം നിലച്ചു.
''അച്ഛന്‍ പോയി മക്കളേ'' അമ്മ കണ്ണുതുടച്ചു. നിരവധി മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാലും ഇതുപോലെ ഒരുമരണം കണ്ടിട്ടില്ല. പുണ്യംചെയ്ത ആത്മാവാണ് അച്ഛന്‍റേത്.
ആദ്യത്തെ കരച്ചിലും ബഹളവും തീരുന്നതുവരെ കാത്തുനിന്നു. പിന്നെ മൊബൈലെടുത്തു. അയല്‍പ്പക്കത്തുള്ളവരേയും അമ്പലക്കമ്മിറ്റിയിലെ ചിലരേയും വിളിച്ച് വിവരം നല്‍കി. വിവരമറിയിക്കാന്‍ മൂത്തമകള്‍ കോമളത്തിനെ വിളിച്ചപ്പോള്‍ ഫോണെടുത്തത് അവളുടെ ഭര്‍ത്താവാണ്.
''എന്താ അച്ഛാ വിശേഷം'' മരുമകന്‍ വിളിച്ചത് കേട്ടപ്പോള്‍ മനസ്സൊന്ന് തുടിച്ചു.
''അമ്മിണിടെ അച്ഛന്‍ മരിച്ചു''.
''എപ്പഴാ സംഭവം''.
''ഇതാ ഇപ്പൊത്തന്നെ. കഷ്ടിച്ച് അഞ്ചുമിനുട്ടാവും''.
''ഞങ്ങളിപ്പൊ വരണോ''.
''വേണ്ടാ. രാവിലെ മതി. എടുക്കുമ്പൊ ഉച്ചയാവും എന്നാ തോന്നുണത്''.
"എന്തെങ്കിലും വേണച്ചാല്‍ അച്ഛന്‍ പറയാന്‍ മടിക്കണ്ട''.
"ശരി, പറയാം", രണ്ടാമത്തെ മകള്‍ ചന്ദ്രികയെയാണ് പിന്നെ വിളിച്ചത്, വിവരമറിഞ്ഞതും അവള്‍ ഉറക്കെ കരഞ്ഞു.
''വെറുതെ കരഞ്ഞ് ബഹളം കൂട്ടണ്ടാ. കഷ്ടപ്പെടാതെ സുഖായിട്ടാണ് നിന്‍റെ മുത്തച്ച പോയത്'' അവളെ ആശ്വസിപ്പിച്ചു.
''എങ്ങന്യാ അച്ചേ ഞാന്‍ ഹര്യേട്ടനെ കൊണ്ടുവര്വാ''.
''അവനെ നീ കൊണ്ടുവര്വോന്നും വേണ്ടാ. എന്‍റെ മോള് മക്കളീംകൂട്ടി രാവിലെ പോര്''. വിവരമറിഞ്ഞ് അയല്‍ക്കാര്‍ വരാന്‍ തുടങ്ങി. വീട് സജീവമാവുന്നു. ആദ്യം ദൂരത്തുള്ള ബന്ധുക്കളെ വിവരമറിയിക്കണം. അമ്മിണിയുടെ ഏടത്തിയെ വിളിച്ച് ബന്ധുക്കളുടെ ഫോണ്‍നമ്പറുകള്‍ വാങ്ങാന്‍ വേലപ്പന്‍ ചെന്നു.
ഭാഗം : - 40.
''നോക്കിന്‍. എന്താ ഞാന്‍ ചോദിക്കിണ് എന്ന് തോന്നണ്ട. ഇപ്പൊ പുറമെ ആരൂല്യാ. നിത്യം കാണുണ നമ്മള് നാലഞ്ചാളേള്ളൂ എന്ന ധൈര്യത്തില്‍ ഞാന്‍ ചോദിക്ക്വാണ്. എന്താ ഇനീള്ള ഉദ്ദേശം'' ഹരിദാസന്‍ ചോദിച്ചു. അയാള്‍ പറഞ്ഞത് ശരിയാണ്. പത്മനാഭമേനോനും കണ്ണന്‍ നായരും കുറുപ്പ് മാഷും കമ്പൌണ്ടരും മാത്രമേ അയാളേയും വേലപ്പനേയും കൂടാതെ അപ്പോള്‍ അവിടെയുള്ളു. കണ്ണാക്കിന്ന് വന്നവരാണ് അവര്‍. എന്താണ് ഹരിദാസന്‍ ഉദ്ദേശിച്ചത് എന്ന് വേലപ്പന്ന് മനസ്സിലായില്ല. എങ്കിലും മരണാനന്തര ചടങ്ങുകളെ ഉദ്ദേശിച്ച് പറഞ്ഞതാവുമെന്ന് അയാള്‍ കരുതി.
''പതിനാലാംപക്കം ക്രിയ ചെയ്യിക്കാന്‍ ഒരാള് വരാന്ന് സമ്മതിച്ചിട്ടുണ്ട്. പിറ്റേന്ന് രാവിലെ നേരത്തെ അസ്ഥീംകൊണ്ട് ഞങ്ങള് ഐവര്‍ മഠത്തില് ചെല്ലും. ബാക്കി ക്രിയകള്‍ അവിടെ ചെയ്യും''.
''അതൊക്കെ ശരി. ഞാനുദ്ദേശിച്ചത് അതല്ല. ചടങ്ങും കാര്യങ്ങളും കഴിഞ്ഞാലത്തെ കാര്യാണ് ഞാന്‍ ചോദിച്ചത്''. എന്നിട്ടും വേലപ്പന് സംഗതി പിടികിട്ടിയില്ല.
''എന്താ നിങ്ങള്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമായി പറയൂ''.
''വയസ്സനാണെങ്കിലും ഇത്രകാലം ആണ്‍തുണ ആയിട്ട് ഈ വീട്ടില് കാരണോരുണ്ടായിരുന്നു. ഇനി മേലാല്‍ എന്താ ചെയ്യാന്‍ ഉദ്ദേശം. വയസ്സായ അമ്മയേയും അവരുടെ മകളേയും ഇവിടെ ഒറ്റയ്ക്ക് വിടാന്‍ പറ്റ്വോ''.
''സത്യം പറഞ്ഞാല്‍ ഇതന്ന്യാണ് ഞാന്‍ ആലോചിക്കിണത്. ഒരു വഴ്യേ ഞാന്‍ കണ്ടുള്ളു. കുറച്ചുദിവസം കഴിഞ്ഞിട്ട് അമ്മേം ഏടത്തീം ഞങ്ങള് കൊണ്ടുപോവാനാണ് ഉദ്ദേശം''.
''അത് നല്ലകാര്യം തന്നെ. പക്ഷെ ഈ വീടും സ്ഥലൂം എന്താ ചെയ്യാ. അത് വില്‍ക്ക്വാണോ''.
''അവകാശികളായിട്ട് എന്‍റെ ഭാര്യീം അവളടെ ഏടത്തീം അവരടെ അമ്മീം മാത്രേള്ളു. അവര് മൂന്നാളുംകൂടി എന്താ വേണ്ടത്‌ച്ചാല്‍ ആലോചിച്ചോട്ടെ''.
''ഒന്നൊന്നൊരേക്ര സ്ഥലൂണ്ടാവുംന്ന് തോന്നുണൂ. അത് നിറയെ അനുഭവങ്ങളൂണ്ട്. അതൊക്കെ ഉപേക്ഷിക്കിണത് സങ്കടംതന്നെ''.
''കാര്യം ശരിയാണ്. അല്ലാണ്ടെ മാര്‍ഗ്ഗൂല്ലെങ്കില്‍ എന്താ ചെയ്യാ''.
''എന്ത് ആവശ്യൂണ്ടെങ്കിലും പറയാന്‍ മടിക്കണ്ട. ഞങ്ങളെക്കൊണ്ട് കഴിയിണതൊക്കെ ചെയ്യാം''.
''ഈ വാക്കന്നെ വല്യേ സമാധാനാണ്''.
^^^^^^^^^^^^^^^^^^^^^^^
''ഉച്ചയ്ക്ക് ഞാനങ്ങിനെ കിടന്ന് ആലോചിച്ചപ്പൊ ഒരു വഴി കണ്ടു'' വൈകുന്നേരം കൂട്ടുകാര്‍ ഒത്തുകൂടിയപ്പോള്‍ ഹരിദാസന്‍ പറഞ്ഞു.
''എന്ത് വഴ്യാണ് നിങ്ങള് കണ്ടത്'' കമ്പൌണ്ടര്‍ രാമന്‍ ചോദിച്ചു ''അവടീം ഇവടീം തൊടാതെ ഓരോന്ന് പറഞ്ഞാല്‍ ആരക്കാണ് മനസ്സിലാവ്വാ''.
''അറക്കാന്‍ കത്തി എടുക്കുംമുമ്പ് പെടയ്ക്കാന്‍ തുടങ്ങണ്ട. തനിക്കുംകൂടി ഗുണൂള്ള കാര്യാണ് ഞാന്‍ പറയാന്‍ പോണത്''.
''അതെന്താ രാമേട്ടന് ഗുണൂള്ള കാര്യം'' ബാലന്‍ മാഷ് ചോദിച്ചു.
''ഞങ്ങള് രാവിലെ കണ്ണൂക്കിന് പോയപ്പൊ ചില കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു. ചടങ്ങൊക്കെ തീര്‍ന്നാല്‍ എന്താ ഉദ്ദേശം, ഈ രണ്ട് സ്ത്രീകളെ തനിച്ച് വിടാന്‍ പറ്റ്വോ എന്നൊക്കെ ചോദിച്ചു. കുറച്ചു കാലം കഴിഞ്ഞാല്‍ വേലപ്പന്‍ നായര് അവരെ രണ്ടാളേം അയാളടെ വീട്ടിലിക്ക് കൊണ്ടുപോവാനാ ഉദ്ദേശം''
''അതും രാമേട്ടനും തമ്മില്‍ എന്താ ബന്ധം''
''മരിച്ച ആളടെ മൂത്തപെണ്‍കുട്ടി ഭര്‍ത്താവ് മരിച്ച് വീട്ടില് ഇരിക്ക്യാണ്. അയമ്മയ്ക്ക് അറുപതിന്‍റടുത്ത് പ്രായൂണ്ടാവും. നമ്മടെ രാമന്‍ അവരെ കല്യാണംകഴിച്ചാല്‍ എങ്ങനീരിക്കും. അതോണ്ട് ഇയാള്‍ക്കും ഗുണാവും, അവര്‍ക്കും ഗുണാവും''.
''തന്നെ സമ്മതിച്ചു ഹരി. എന്തേ ഇത്ര നല്ല ഐഡിയ വേറെ ആര്‍ക്കും തോന്നിയില്ല എന്നതാണ് അത്ഭുതം '' മേനോന്‍ പ്രതികരിച്ചു.
''വെറുതെ വേണ്ടാത്ത കൂട്ടം കൂടണ്ട. അവരിത് അറിഞ്ഞാല്‍ പിന്നെ എനിക്ക് അവരടെ മുഖത്ത് നോക്കാന്‍കൂടി പറ്റില്ല''.
''താനെന്താടോ ഇങ്ങിനെ പറയുണ്. ഇതിലെന്താ ഒരുതെറ്റ്''.
''തെറ്റുണ്ട്. ഒന്നാമത് അവര് വല്യേ തറവാട്ടുകാര്''.
''ഇന്നത്തെ കാലത്ത് ആരും അതൊന്നും നോക്കാറില്ല. പോരാത്തതിന്ന് താനും അസ്മാദി അല്ലേടോ'' മേനോന്‍ ചോദിച്ചു.
''അതോണ്ടായില്ല. പലതും നോക്കാനുണ്ട്. വേണ്ടാണ്ടെ ഒരു മോഹം മനസ്സില്‍ കേറ്റ്യാല്‍ നടന്നില്ലെങ്കില്‍ വിഷമം തോന്നും''.
''അതിന്‍റര്‍ത്ഥം തനിക്ക് വിരോധൂല്യാന്നാണ്. അത് മതി. ചടങ്ങൊക്കെ തീരട്ടെ. ഞങ്ങള് സംസാരിച്ച് വഴീണ്ടാക്കാം''.
''ഒരുവെടിക്ക് രണ്ട് പക്ഷികളെ വീഴ്ത്തി എന്ന് പറഞ്ഞപോലെയായി'' കുറുപ്പ് മാഷ് അഭിപ്രായം പറഞ്ഞു ''എല്ലാം നല്ല നിലയ്ക്ക് നടക്കാന്‍ ദീപാരാധന തൊഴാന്‍ ചെല്ലുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥിക്കാം''.
''എന്നാല്‍ ഇന്നലെ സംസാരിച്ചതിന്‍റെ ബാക്കികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. മാഷ് ആ ബഡ്ജറ്റൊന്ന് വായിയ്ക്കൂ'' മേനോന്‍ വിഷയം മാറ്റി.
No comments:
Post a Comment