ഭാഗം : - 111.
മുന്നറിയിപ്പ് നല്‍കാതെയാണ് കണ്ണന്‍ നായരും രാധയും മകന്‍റെ വീട്ടിലേക്ക് ചെന്നത്.
''പോണ വിവരം വിളിച്ച് പറയണ്ടേ'',എന്നയാള്‍ ചോദിച്ചിരുന്നു.
''എന്താവശ്യത്തിന്. എഴുതി അറിയിച്ച് സമ്മതം വാങ്ങീട്ട് വേണോ മകന്‍റെ വീട്ടിലിക്ക് പോവാന്‍'',എന്ന് ഭാര്യ പറഞ്ഞതോടെ അയാള്‍ അടങ്ങി. എങ്ങിനേയോ തുലഞ്ഞുപോകട്ടെ. അതും ഇതും പറഞ്ഞ് തമ്മില്‍ത്തല്ലിയാല്‍ ഞാന്‍ വരുന്നില്ല എന്ന് രാധ പറഞ്ഞേക്കും.
വളരെ കാലമായി മകന്‍റെ വീട്ടിലേക്ക് പോയിട്ട്. അലോഹ്യം തീര്‍ന്ന് പോവാന്‍ ഒരുങ്ങുകയാണ്. മനസ്സിനകത്ത് അതിന്‍റെ സന്തോഷമുണ്ട്. രാവിലെത്തന്നെ കണ്ണന്‍ നായര്‍ ഒരുങ്ങി നിന്നു. പക്ഷെ എട്ടരമണി കഴിഞ്ഞിട്ടും ഭാര്യ പുറപ്പെടുന്ന ലക്ഷണമില്ല.
''നമുക്ക് പോണ്ടേ'',അയാള്‍ ചോദിച്ചു.
''എന്താ ഇത്ര തിടുക്കം.''
''അല്ല. നേരത്തെ പോയാല്‍ നേരത്തെ വരാലോ.''
''വൈകുന്നേരത്തല്ലേ നിങ്ങക്ക് അമ്പലത്തിലിക്ക് പോണ്ടു. അപ്പഴയ്ക്ക് എത്ത്യാല്‍ പോരേ.''
''അപ്പോള്‍ ഉച്ചയ്ക്ക് ഊണുകഴിക്കാനോ.''
''അത് അവന്‍റെ വീട്ടിന്ന് കഴിക്കും. നമ്മളൊരു നേരം ഉണ്ടതോണ്ട് അവന്‍ പിച്ചപ്പാള എടുക്കാനൊന്നും പോണില്ല.''
ബേക്കറി സാധനങ്ങളും പഴങ്ങളും വാങ്ങി മകന്‍റെ വീട്ടിലെത്തുമ്പോള്‍ സമയം പതിനൊന്ന്. വണ്ടിയില്‍ നിന്നിറങ്ങി വീട്ടിലേക്ക് കയറിയപ്പോള്‍ കണ്ണന്‍ നായര്‍ ആദ്യമൊന്ന് അമ്പരന്നു. രണ്ട് പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും ഇളയമകനും ഭാര്യയും പേരക്കുട്ടികളും അവര്‍ക്ക് മുമ്പേ മകന്‍റെ വീട്ടില്‍ എത്തിയിരിക്കുന്നു. ഇതറിഞ്ഞിരുന്നുവെങ്കില്‍ ഇന്നിങ്ങോട്ട് വരില്ലായിരുന്നു. ഈശ്വരാ, തമ്മില്‍ത്തല്ലൊന്നും കൂടാതെ കഴിഞ്ഞാല്‍ മതിയായിരുന്നു എന്നയാള്‍ പ്രാര്‍ത്ഥിച്ചു. പക്ഷെ രാധയ്ക്ക് ഒരു പരിഭ്രമവും കണ്ടില്ല.
''എപ്പോഴാടാ ഇവരൊക്കെ വന്നത്'',എന്നവര്‍ മൂത്ത മകനോട് ചോദിച്ചു.
''പത്തുമിനുട്ട് ആയിട്ടേ ഉള്ളൂ.''
''എല്ലാരും കൂടി ഒന്നിച്ചാണോ വന്നത്.''
''അതെ. ഒന്നിച്ചാണ് എത്തിയത്.''
''അതങ്ങനേ ഉണ്ടാവൂ. അച്ഛനും അമ്മയും ആണ് വേറെള്ളത്. ബാക്കി എല്ലാരും ഒരു കയ്യാണ്.'' ഭാഗ്യവശാല്‍ ആരും ഒന്നും പറഞ്ഞില്ല.
''നിനക്കിപ്പൊ എങ്ങനീണ്ട്.'',രാധ മരുമകളോട് ചോദിച്ചു.
''കുഴപ്പൂല്യാ.''
''ദേഹം എളകി സൂക്കടൊന്നും വരുത്തണ്ട. മിണ്ടാണ്ടെ ഒരുഭാഗത്ത് കിടന്നോ''. മരുമകളുടെ അമ്മ കൊടുത്ത ചായ കുടിച്ച് കണ്ണന്‍ നായര്‍ ഉമ്മറത്തേക്ക് നടന്നു. അവിടെ ഇളയ മകനും രണ്ട് മരുമക്കളും ഉണ്ട്. ഓട്ടോറിക്ഷയെ നോക്കി അവരെന്തോ സംസാരിക്കുകയാണ്.
''എന്തിനാ ഒട്ടോ വാങ്ങിയത്'',ഇളയ മരുമകന്‍ ചോദിച്ചു.
''ബസ്സ് യാത്ര വയ്യാണ്ടായി. വല്ലപ്പഴും എങ്കിട്ടെങ്കിലും പോവാനേ ഉള്ളു. കാറ് വാങ്ങ്യാല്‍ അത് മുടക്കാച്ചരക്കായി നില്‍ക്കും. ഇതാവുമ്പൊ വാടകയ്ക്ക് വിടുംചെയ്യാം, ഞങ്ങടെ ആവശ്യത്തിനൊരു വണ്ടി ആവും ചെയ്തു.''
''ഏതായാലും സാധനം നന്ന്. കാറിന്‍റെ സൌകര്യൂണ്ട് ഇതിന്'',അവന്‍ അഭിപ്രായപ്പെട്ടു. മൂന്നുപേരും അവരവരുടെ വീട്ടുവിശേഷങ്ങളും ജോലിസംബന്ധമായ കാര്യങ്ങളും പറയുന്നതും കേട്ടുകൊണ്ട് കണ്ണന്‍ നായര്‍ ഇരുന്നു.
''എല്ലാവരേയും അമ്മ അകത്തേക്ക് വിളിക്കുന്നുണ്ട്'',മൂത്തമകന്‍ വന്ന് വിളിച്ചു. രാധ എന്തിനുള്ള പുറപ്പാടാണോ എന്നുവിചാരിച്ച് അയാള്‍ മറ്റുള്ളവര്‍ക്കൊപ്പം അകത്തേക്ക് ചെന്നു.
''വരുണമാസം പതിമൂന്നാംതിയ്യതി കണ്ണേട്ടന്‍റെ അമ്മടെ ചാത്താണ്. ആ തള്ള എന്നോട് കാട്ട്യേതൊക്കെ ആലോചിച്ചാല്‍ അതിന് വെള്ളൂം പൂവും കൊടുക്കാന്‍ പാടില്ല. ചത്തുപോയോടത്ത് ഗതികിട്ടാതെ പ്രേതം ആയിട്ട് തെണ്ടിത്തിരിയണ്ട എന്ന് കരുതി ചെയ്യുണതാണ്. ഒരിക്കലെടുക്കണ്ടത് അനിഴം നക്ഷത്രത്തിന്. തൃക്കേട്ട വെലീടലും. സദ്യോക്കെ ഉണ്ടാക്കി ഉച്ചയ്ക്ക് കാക്കയ്ക്ക് ചോറ് കൊടുക്കണം. രാത്രി കോഴിക്കറ്യോക്കെ വെച്ച് പൂജ. രണ്ടിനും നിങ്ങള്‍ എല്ലാരും വേണം.''
''ഞാനെങ്ങന്യാ അമ്മേ വര്വാ. എന്നെക്കൊണ്ട് പണിചെയ്യാനൊന്നും വയ്യ'',മൂത്ത മരുമകള്‍ പ്രയാസം അറിയിച്ചു
''നീ ഒരുഭാഗത്ത് വെറുതെ ഇരുന്നാ മതി. പണി ഞങ്ങളൊക്കെക്കൂടി ചെയ്തോളും.'' ആരും എതിരൊന്നും പറഞ്ഞില്ല. രാധ ഉണ്ടാക്കിയ അലോഹ്യം അവളായിട്ടന്നെ തീര്‍ത്തു എന്ന സമാധാനത്തില്‍ കണ്ണന്‍ നായര്‍ ഇരുന്നു. ഊണുകഴിഞ്ഞ് ഇരിക്കുമ്പോള്‍ അയാള്‍ മക്കളേയും മരുമക്കളേയും അടുത്തേക്ക് വിളിച്ചു. രാധ മരുമകളുടെ അമ്മയോട് വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്
''മഴക്കാലത്തെ വെയിലുപോല്യാണ് നിങ്ങടെ അമ്മടെ സ്വഭാവം. എപ്പഴാ വെയിലെറക്ക്യാ, എപ്പഴാ കാറ് മൂട്വാന്ന് അറിയില്ലല്ലോ. അതുപോലെ എപ്പഴാ സ്നേഹം തോന്ന്വാ, എപ്പഴാ ദേഷ്യം വര്വാന്ന് പറയാന്‍ പറ്റില്ല. എല്ലാരും അത് കണ്ടറിഞ്ഞ് നിന്നോളണം.''
ആരും മറുത്തൊന്നും പറഞ്ഞില്ല. ഈ ലോഹ്യം എത്രദിവസത്തേക്ക് എന്ന് അവരെല്ലാം ചിന്തിച്ചു
ഭാഗം : - 112.
''ഒരുവാക്ക് മിണ്ടാതെ ചെയ്തൂന്ന് നാളെ പറയാന്‍ ഇടവരുത്തരുത്. മൂത്ത അളിയനെ വിളിച്ച് നിങ്ങള് കല്യാണം കഴിക്കിണ വിവരം പറയിന്‍'',എന്ന് ഹരിദാസന്‍ നിര്‍ബ്ബന്ധിച്ചതുകൊണ്ടാണ് കമ്പൌണ്ടര്‍ രാമന്‍ വിവാഹം കഴിക്കുന്ന കാര്യം അളിയനെ അറിയിച്ചത്.
''നിങ്ങള്‍ക്കെന്താ വയസ്സുകാലത്ത് സ്ഥിരബുദ്ധി ഇല്യാണ്ടായോ'',എന്ന മറുപടിയാണ് അതിന് അളിയനില്‍നിന്ന് ലഭിച്ചത്. ഏതായാലും സ്വന്തം തീരുമാനമനുസരിച്ച് മുന്നോട്ട് പോവാന്‍ ഉറപ്പിച്ചതുകൊണ്ട് അയാളത് വകവെച്ചില്ല.
''ഇന്നാള് ഉണ്ടായ മാതിരി എന്തെങ്കിലും പറ്റി ഒരുഭാഗത്ത് കിടന്നാല്‍ ആരാ എന്നെ നോക്കാനുള്ളത്'',എന്നയാള്‍ ചോദിച്ചു.
''ഉണ്ടിരിക്കിണ നേരത്ത് മരത്തില്‍ പൊത്തിപ്പിടിച്ച് കേറ്യേതോണ്ടല്ലേ അങ്ങിനെ സംഭവിച്ചത്'',എന്ന് അളിയന്‍ പറഞ്ഞതിനെ അയാള്‍ വില വെച്ചില്ല.
''അന്നങ്ങിനെ പറ്റി എന്നുവെച്ച് വേറെന്തെങ്കിലും സൂക്കട് പിടിച്ച് ഒരു ഭാഗത്ത് കിടന്നൂടാ എന്നില്ലല്ലോ'',അയാള്‍ തര്‍ക്കിച്ചു.
''നിങ്ങള് എന്ത് വേണെങ്കിലും ചെയ്തോളിന്‍. അളിയന്മാരുണ്ട് എന്ന് പിന്നെ ആലോചിക്കണ്ട'',അളിയന്‍ നിര്‍ത്തി. പത്തുമിനുട്ട് കഴിഞ്ഞതും ഇളയ അളിയന്‍ രാമനെ വിളിച്ചു.
''താടീം തലീം നരച്ച് രാമ രാമാന്ന് ജപിച്ചിരിക്കണ്ട കാലത്ത് നിങ്ങക്ക് പെണ്ണുകെട്ടാന്‍ കൊതി മൂത്തിരിക്ക്യാണോ''എന്നവന്‍ ചോദിച്ചു.
''അതേ. നിന്നെപ്പോലെ ബുദ്ധീം വിവരൂം ഇല്ലാത്തോരെ അങ്ങിനെ ചിന്തിക്കൂ. എന്‍റെകൂടെ പഠിപ്പും വിവരൂം ഉള്ളോരുണ്ട്. അവരാ വയസ്സുകാലത്ത് ഒരുതുണ വേണംന്ന് പറഞ്ഞുതന്നത്.''
''പെങ്ങളടെ പേരിലുള്ള സ്ഥലം ഞങ്ങളിനി തരില്ല. വരാന്‍ പോണ പെണ്ണ് ഞങ്ങടെ പെങ്ങളടെ മുതല് തിന്നണ്ട''.
''അല്ലെങ്കിലും എനിക്കതിലൊന്നും മോഹൂല്യാ. പത്തുദിവസം ഞാന്‍ കിടന്നപ്പൊ ഒരളിയനീം കണ്ടില്ല.''
''ഇനി തന്‍റടുത്ത് കൂട്ടൂല്യാ'',അവനും സംഭാഷണം തുടര്‍ന്നില്ല.
''അങ്ങിനെ ആയിക്കോട്ടെ'',രാമന്‍ സമ്മതിച്ചു. ഏതായാലും അതിന്‍റെ മൂന്നാംപക്കം കല്യാണം നടന്നു. റജിസ്ട്രാഫീസില്‍വെച്ച് കല്യാണം കഴിക്കുക എന്ന പ്ലാന്‍ മാറ്റി പകരം നാട്ടിലെ ഭഗവതിക്ഷേത്രത്തില്‍ വെച്ച് മാലയിടുക എന്നാക്കി. രാവിലെ നേരത്ത് അവിടെ ആളുകള്‍ ഉണ്ടാവാറില്ല. ആ സമയം നോക്കി ചടങ്ങ് ഏര്‍പ്പാടാക്കിയിരുന്നു.
ഹരിദാസനാണ് എല്ലാറ്റിനും മുന്‍കൈ എടുത്തത്. വധുവിന്‍റെ ഭാഗത്ത് വേലപ്പനും അമ്മിണിയും അവളുടെ അമ്മയും മാത്രമേ പങ്കെടുത്തുള്ളു. പത്മനാഭ മേനോന്‍, കുറുപ്പ് മാഷ്. കണ്ണന്‍ നായര്‍, ശിപായി ചാമുണ്ണി, ബാലന്‍ മാഷ്, എന്നിവരാണ് ഹരിദാസന്ന് പുറമേ വരന്‍റെ ആള്‍ക്കാര്‍. എല്ലാവരുടേയും ഭാര്യമാരും പങ്കെടുത്തു. കല്യാണത്തിന്നുശേഷം എല്ലാ ആളുകള്‍ക്കും പ്രാതലും ഉച്ചഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു.
''ഹര്യേട്ടാ, എല്ലാം ഭംഗിയായി നടന്നത് നിങ്ങടെ കഴിവോണ്ടാണ്'' രാമന്‍ ഹരിദാസനെ ആശ്ലേഷിച്ചു. ചടങ്ങുകള്‍ തീര്‍ന്നപ്പോള്‍ രാധ ടീച്ചര്‍ അമ്മിണിയെ സമീപിച്ചു.
''കുട്ടീ. അന്ന് ഞാന്‍ അമ്പലത്തിന്ന് ഈ കല്യാണക്കാര്യം പറഞ്ഞപ്പൊ കുട്ടിക്ക് ദേഷ്യം വന്നില്ലേ. ഇപ്പൊ എങ്ങനീണ്ട്'' അവര്‍ ചോദിച്ചു.
''വായ പൊളിച്ച് ആ നാക്കൊന്ന് കാട്ടിന്‍. കരിനാക്കാണോന്ന് നോക്കട്ടെ'' അമ്മിണി ചിരിച്ചു, ഒപ്പം രാധയും. അമ്മിണിയുടെ തറവാട് വീട്ടിലാണ് അന്ന് വരനും വധുവും കൂടിയത്.
''നിങ്ങള്‍ ഇവിടെ താമസം ആക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വേലപ്പന്‍ നായര്‍ പറഞ്ഞു'' രാമന്‍ ഭാര്യയോട് പറഞ്ഞു ''നമുക്ക് എന്‍റെ വീട്ടില്‍ കഴിഞ്ഞൂടേ''.
''എനിക്ക് വിരോധൂല്യാ. എന്‍റെ അമ്മയ്ക്ക് ഇവിടെ കൂടാനാ ഇഷ്ടം. അനിയത്തിടെ ഭര്‍ത്താവിന്‍റെ വീട്ടില്‍ പൊന്നുപോലെ നോക്കീരുന്നു. എന്നിട്ടും അമ്മയ്ക്ക് എപ്പഴും വിഷമം. അതോണ്ട് അമ്മടെകാലം കഴിയിണവരെ നമുക്കിവിടെ കൂടിക്കൂടെ''.
''ഞാന്‍ ഒന്നിനും എതിര് പറയില്ല. കാരണം എനിക്കാരും ഇല്ല''.
''ഇനി അത് പറയരുത്. നിങ്ങള്‍ക്ക് ഞങ്ങളൊക്കെ ഇല്ലേ'' രാമന്‍ ഒരു നെടുവീര്‍പ്പിട്ടു.
ഭാഗം : - 113.
''കണ്ണന്‍ നായരേ, നാളെ പാവപ്പെട്ടോര്‍ക്ക് കിറ്റ് കൊടുക്കുണ ദിവസാണ്. ഞാനും ചാമുണ്ണീംകൂടി പകുതി വീടുകളില് കൊടുത്തോളാം. നിങ്ങളും ബാലന്‍ മാഷുംകൂടി ബാക്കി കൊടുക്കിന്‍'' ഹരിദാസന്‍ ആവശ്യപ്പെട്ടു.
''നാളെ എനിക്ക് കുറച്ച് തിരക്കുണ്ടല്ലോ'' കണ്ണന്‍ നായര്‍ അറിയിച്ചു.
''സാരൂല്യാ ഹര്യേട്ടാ, കണ്ണന്‍ നായര്‍ക്ക് പകരം ഞാന്‍ പൊയ്ക്കോളാം'' കമ്പൌണ്ടര്‍ രാമന്‍ ഏറ്റു.
''അപ്പൊ ആ കാര്യം അങ്ങനെ. ഇനി പറയിന്‍ നായരേ, എന്താ നിങ്ങടെ തിരക്ക്''.
''നാളെ എന്‍റമ്മടെ ശ്രാര്‍ദ്ധാണ്. എന്തെങ്കിലും സഹായിക്കാനുണ്ടാവും''.
''എങ്ങന്യാ. ഗംഭീരായിട്ടാണോ''.
''ഇക്കുറി ലേശം കേമായിട്ട് നടത്തണംന്ന് പറയുണ് കേട്ടു''.
''അതെന്താ ഇക്കുറി ഒരുപ്രത്യേകത''.
''അനവധികാലത്തിന്ന് ശേഷം മക്കളും മരുമക്കളും പേരക്കുട്ട്യേളും ഒക്കെ ശ്രാര്‍ദ്ധത്തിന്ന് കൂടുന്നുണ്ട്''.
''അത് നന്നായല്ലോ. എല്ലാവരും ആയിട്ട് അലോഹ്യമാണെന്നല്ലേ നിങ്ങള്‍ പറയാറ്. അതൊക്കെ തീര്‍ന്ന്വോ''.
''അതൊക്കീണ്ടായി''. മൂത്തമരുമകള്‍ രക്തസ്രാവമായി കിടന്നതും തന്‍റെ സമ്മര്‍ദ്ദത്തിന്‍റെ ഫലമായി രാധ അവളെ കാണാന്‍ ചെന്നതും പിന്നീട് അവരുടെ താല്‍പ്പര്യപ്രകാരം മകന്‍റെ വീട്ടില്‍ പോയതും അവിടെവെച്ച് എല്ലാ മക്കളേയും മരുമക്കളേയും കണ്ടതും രാധ അവരെ അമ്മയുടെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതും അയാള്‍ വിസ്തരിച്ചു.
''ഒരു പ്രാവശ്യോങ്കിലും നിങ്ങള് ഭാര്യേ നിലയ്ക്ക് നിര്‍ത്തി.എന്താ അതിന്‍റെ ഗുട്ടന്‍സ്'' ചാമുണ്ണി അന്വേഷിച്ചു.
''മരുമകള്‍ ആസ്പത്രിയില്‍ അഡ്മിറ്റായ വിവരം മകന്‍ വിളിച്ച് പറഞ്ഞൂന്ന് മര്യാദയ്ക്ക് ഞാന്‍ രാധ്യോട് പറഞ്ഞു. ഈ വീട്ടിന്ന് ആരും അവളെ കാണാന്‍ പോണില്ല എന്നവര്‍ പറഞ്ഞപ്പൊ ഞാന്‍ പോവുംന്ന് പറഞ്ഞു. എന്‍റെ വാക്ക് വിലവെക്കാതെ പോയാല്‍ ഈ വീട്ടില്‍ കേറ്റില്ലാന്ന് രാധ പറഞ്ഞപ്പൊ എന്‍റെ ഡ്രസ്സും സാധനങ്ങളും രണ്ട് ഭാഗിലാക്കീട്ട് ഞാന്‍ വീട്ടിന്ന് ഇറങ്ങി. പടിക്കിലെത്ത്യേപ്പഴയ്ക്കും രാധ പിന്നാലെ ഓടിവന്ന് ഞാനും ആസ്പത്രിക്ക് വരുണുണ്ടെന്ന് പറഞ്ഞു. അങ്ങന്യാ വന്നത്''.
''അതിന് ശേഷം പഴേപോലെ വികടത്തില്‍ പെരുമാറാറുണ്ടോ''.
''ഓ. അതിനൊന്നും കുറവില്ല. ശീലിച്ചതല്ലേ പാലിയ്ക്കൂ''.
''എന്‍റെ നായരേ. എങ്ങന്യാ ഭാര്യേ ഒതുക്കിനിര്‍ത്ത്വാന്ന് നിങ്ങക്കിപ്പൊ പിടി കിട്ടീലേ. ഇടയ്ക്ക് അതങ്ങിട്ട് ചെയ്യിന്‍''.
''എന്ത്. മുണ്ടും തുണീം എടുത്ത് വീട്ടിന്ന് ഇറങ്ങുണതോ''.
''അതന്നേ. അവരടടുത്ത് അതൊരു വഴ്യേള്ളൂ. എന്തെങ്കിലോക്കെ കാട്ട്യാല്‍ നിങ്ങള് വിട്ടിട്ട് പോവുംന്ന് ബോദ്ധ്യൂണ്ടായാല്‍ അയമ്മ അടങ്ങി ഒതുങ്ങി കൂടും''.
''വരട്ടെ. നോക്കാം'' കണ്ണന്‍ നായര്‍ സമ്മതിച്ചു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^
മൂത്തമകളുടെ രണ്ടാംവിവാഹം കഴിഞ്ഞതോടെ അമ്മിണിയുടെ അമ്മ അവരുടെ വീട്ടിലേക്ക് താമസം മാറ്റി.
''വേലപ്പന്‍ പൊന്നുപോലെ നോക്കീട്ടുണ്ട്. എന്നാലും സ്വന്തം വീടില്‍ കഴിയിണ സുഖം ഒന്ന് വേറേല്ലേ'' അവര്‍ പറഞ്ഞു.
''അമ്മയ്ക്കെന്താ ഇഷ്ടം എന്നുവെച്ചാല്‍ അതുപോലെ ചെയ്തോളൂ. എപ്പൊ വേണമെങ്കിലും അങ്ങോട്ട് വരാം'' വേലപ്പന്‍ പറഞ്ഞു.
''അതെനിക്കറിയാം. എന്നാലും കൂടെക്കൂടെ യാത്ര ചെയ്യാന്‍ എനിക്ക് വയ്യ. ആഴ്ചേല് ഒരുദിവസം നീയും അമ്മിണീം ഇങ്കിട്ട് വന്ന് എന്നെ കാണ്''.
''എല്ലാ ആഴ്ചയും സാധിച്ചില്ലെങ്കിലും രണ്ടാഴ്ച കൂടുമ്പൊ ഞങ്ങള് വന്നോളാം'' അയാള്‍ സമ്മതിച്ചു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
''മക്കള്‍ ഞങ്ങളെ അവരുടെ ജോലിസ്ഥലത്തേക്ക് വിളിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേ'' വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ പത്മനാഭ മേനോന്‍ പറഞ്ഞു.
''കുറച്ചുദിവസം മുമ്പ് സാറ് ആ കാര്യം പറഞ്ഞിരുന്നു'' ബാലന്‍ മാഷ് പറഞ്ഞു.
''എപ്പഴാ സാറ് പോണത്'' ചാമുണ്ണി ചോദിച്ചു.
''പോവുന്നില്ല എന്നുവെച്ചു''.
''അതെന്താ''.
''ഫോണ്‍ ചെയ്തപ്പോള്‍ ദേഹത്തിന്ന് സുഖമില്ല, വന്നാല്‍ വെറുതെ ഒരുഭാഗത്ത് ഇരിക്കാനേ പറ്റൂ എന്ന് ഭാര്യ അവരോട് പറഞ്ഞു. അപ്പോള്‍ മക്കള്‍ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീടൊരുദിവസം സംസാരിക്കുമ്പോള്‍ വീട്ടില്‍ പണിക്ക് ആളില്ല, ഇങ്ങോട്ട് വന്നാല്‍ അമ്മയ്ക്ക് ബുദ്ധിമുട്ടാവും എന്നുപറഞ്ഞ് അവര്‍തന്നെ ഒഴിവാക്കി''.
''ഇത്രയേ ഉള്ളൂ മക്കളുടെ സ്നേഹത്തിന്‍റെ ഡെപ്ത്'' കുറുപ്പ് മാഷ് നെടുവീര്‍പ്പിട്ടു.
''അതോണ്ട് സാറിന് പോവാതെ കഴിഞ്ഞില്ല. നമ്മടെ പരിപാടീം ആയി ഇവിടെത്തന്നെ കൂടാം'' ചാമുണ്ണി പറഞ്ഞുനിര്‍ത്തി.
ഭാഗം : - 114.
അടുക്കളയിലും കുളിമുറിയിലും ടൊയ്‌ലറ്റിലും പൈപ്പിട്ടിട്ടുണ്ടെങ്കിലും ആഹാരം പാകം ചെയ്യാനും അകത്തെ ആവശ്യങ്ങള്‍ക്കും കിണറില്‍നിന്ന് വെള്ളം കോരുകയാണ് സരള ചെയ്യാറ്. അതിനായി അവര്‍ ഒരു മണ്‍കുടം വാങ്ങിവെച്ചിട്ടുണ്ട്.
''എനിക്കെന്തോ പൈപ്പിലെ വെള്ളം പിടിക്കിണില്യാ'' എന്നാണ് അവര്‍ പറയാറ്. പതിവുപോലെ വെള്ളം നിറച്ച കുടം ഒക്കത്ത് ചുമന്ന് സരള വരുമ്പോഴാണ് അത് സംഭവിച്ചത്. പ്രകാശന്‍ വെള്ളം കുടിച്ച് ബാക്കി തട്ടികളഞ്ഞത് ടൈലിട്ട നിലത്ത് പരന്നുകിടന്നിരുന്നു. അറിയാതെ അതില്‍ ചവിട്ടിയ അവര്‍ വെട്ടിയിട്ടപോലെ നിലത്ത് വീണു. കുടം പൊട്ടി വെള്ളം അവിടെയൊക്കെയായി. ഉച്ചത്തിലുള്ള സരളയുടെ നിലവിളി കേട്ടതും പത്മാവതിയമ്മ അങ്ങോട്ട് ചെന്നു.
''എന്താ പറ്റ്യേത്'' അവര്‍ കൈനീട്ടി സരളയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.
''കുട്ടി നിലത്ത് വെള്ളം ഒഴിച്ചൂന്നാ തോന്നുണ്. വഴുക്കി വീണു''.
''എന്തെങ്കിലും പറ്റ്യോ''.
''ഇരിക്കക്കുത്തി വീണതോണ്ട് ഇടുപ്പിന് നല്ല വേദനീണ്ട്''.
''ഞാന്‍ രവ്യേ വിളിക്കട്ടെ. വണ്ടിടെ ശബ്ദം കാരണം അവന്‍ ഇവിടുത്തെ ഒച്ച കേട്ടിട്ടുണ്ടാവില്ല''. പത്മാവതിയമ്മ വെളിയിലിറങ്ങി വിളിച്ചതും രവി ഓടിവന്നു.
''എന്താ അമ്മാ'' അവന്‍ ചോദിച്ചു.
''വഴുക്കി വീണു. ലേശം വേദനീണ്ട്''.
''നമുക്ക് ആസ്പത്രീലിക്ക് പോവാം''.
''ഒന്നും വേണ്ടാ. കുറച്ച് കുഴമ്പ് വാങ്ങി താ. ചൂടാക്കി പുരട്ടി നോക്കട്ടെ''. ആസ്പത്രിയിലേക്ക് പോവാന്‍ പത്മാവതിയമ്മയും രവീന്ദ്രനും പല തവണ പറഞ്ഞിട്ടും അവര്‍ വഴങ്ങിയില്ല. രവീന്ദ്രന്‍ ബൈക്കെടുത്ത് ചെന്ന് പെട്ടെന്നുതന്നെ കുഴമ്പെത്തിച്ചു.
''അമ്മ കിടക്കിന്‍. ഞാന്‍ പുരട്ടിത്തരാം'' അവന്‍ പറഞ്ഞു.
''ഒന്നും വേണ്ടാ. നിനക്കവിടെ പണീണ്ടാവും'' എന്ന് സരള പറഞ്ഞത് കേള്‍ക്കാതെ അയാള്‍ കുഴമ്പ് ചൂടാക്കി അമ്മയുടെ ഇടുപ്പില്‍ പുരട്ടി കുറെനേരം ഉഴിഞ്ഞു. അതുകഴിഞ്ഞ് കുടംപൊട്ടി നിലത്തായ വെള്ളം മുഴുവന്‍ തുടച്ചുകളഞ്ഞിട്ടാണ് രവി വര്‍ക്ക്ഷോപ്പിലേക്ക് പോയത്.
''മക്കളായാല്‍ ഇങ്ങനെ വേണം. ആ കാര്യത്തില്‍ സരള ഭാഗ്യം ചെയ്ത ആളാണ്'' പത്മാവതിയമ്മ പറഞ്ഞു.
''ഇന്നിത്ര നേരംവരെ അവന്‍ ഇങ്ങന്യാണ്. അമ്മാന്ന് പറഞ്ഞാല്‍ ജീവന്‍ കളയും''.
''എന്‍റെ രണ്ട് രാക്ഷസന്മാരുണ്ടലോ. അവര് ഇവനെ കണ്ടു പഠിക്കണം''.
''എന്താ ചേച്ചീ, മക്കളായിട്ട് ഇത്ര വിരോധം''.
''അവര് ചെയ്ത ദ്രോഹം അത്രയ്ക്കിണ്ട്. വേറെ വല്ലോരും ആണച്ചാല്‍ മുഖത്ത് നോക്കില്ല. അമ്മാതിരി പണ്യാണ് രണ്ടും ചെയ്തത്''.
''എന്താ, പറഞ്ഞാല്‍ കേള്‍ക്കാണ്ടെ വല്ലതും ചെയ്ത്വോ''.
''എണ്ണി പറയാന്‍ തുടങ്ങ്യാല്‍ അടുത്തൊന്നും പറഞ്ഞു തീരില്ല. അത്രകണ്ട് അവര് ചെയ്തു കൂട്ടീട്ടുണ്ട്. എന്നാലും ഞങ്ങളെ വേദനിപ്പിച്ച രണ്ടുകാര്യം പറയാം'' പത്മാവതിയമ്മ തുടര്‍ന്നു ''2002 ലാണ് മാഷ് ജോലീന്ന് പിരിഞ്ഞത്. പഴേ ഒരുഅംബാസഡര്‍ കാറാണ് മാഷക്കന്ന് ഉണ്ടായിരുന്നത്. അത് കൊടുത്ത് മൂപ്പര് ഒരു മാരുതി 800 വാങ്ങി. പൊന്നുപോല്യാണ് മാഷത് കൊണ്ടുനടന്നത്. എല്ലാരക്കും ഇരിക്കാന്‍ ഇതുപോരാന്ന് പറഞ്ഞ് മൂത്തമകന്‍ ആരോടും ചോദിക്കാതെ അത് കൊടുത്ത് സ്കോര്‍പ്പിയോ എന്നൊരു വണ്ടി വാങ്ങീട്ട് വന്നു. മാഷത് കയ്യോണ്ട് തൊട്ടില്ല. എന്നാല്‍ എനിക്കിരിക്കട്ടേന്ന് പറഞ്ഞ് അവനത് കൈക്കലാക്കി. കുറെകാലം മാഷത് ആലോചിച്ച് സങ്കടപ്പെട്ടിട്ടുണ്ട്''.
''ചോദിക്കാതെ മകനത് ശര്യായില്ല''.
''ഇന്ന്യൊരു കാര്യം കേട്ടാല്‍ സരള അന്തം വിടും. ഞങ്ങടെ നല്ലകാലത്ത് ടൌണില്‍ കണ്ണായഭാഗത്ത് കുറച്ച് സ്ഥലം വാങ്ങി. സ്ഥലത്തിന് അന്നിത്ര വില ഇല്യാന്ന് കൂട്ടിക്കോളൂ. എന്നാലും അത് വാങ്ങാന്‍ എന്‍റെ സ്വര്‍ണ്ണം മുഴുവനും വിറ്റു. മാഷക്ക് കിട്ട്യേ ഓഹരീലെ കൃഷി മുഴുവന്‍ വിറ്റു. എന്നിട്ടാ ഞങ്ങളത് വാങ്ങ്യേത്. ഇന്നിപ്പൊ സെന്‍റ് കണക്കിലല്ല, അടി കണക്കിലാ അവിടെ സ്ഥലത്തിന്‍റെ വില. മക്കള്‍ രണ്ടുംകൂടി ബിസിനസ്സ് നടത്തി പൊളിഞ്ഞിട്ട് കടം വീട്ടാന്‍ ആ സ്ഥലം കിട്ട്യേ വിലയ്ക്ക് വിറ്റു. ഈ വീടും സ്ഥലൂം വിറ്റ് രണ്ടാളക്കും പങ്കിത്തരിന്‍ എന്നാ ഇപ്പഴത്തെ ആവശ്യം''.
''അതെന്തായാലും ചെയ്യണ്ട. നിങ്ങടെ കാലശേഷം എന്തോ ചെയ്തോട്ടെ''.
''ഇനി അവര് പറയിണത് ചെയ്യാന്‍ എനിക്ക് പ്രാന്ത് പിടിക്കണം''
''ഇപ്പഴും ആ അവര് ബിസിനസ്സ് ചെയ്യുണത്''.
''അതോടെ ആ പരിപാടി നിര്‍ത്തി. രണ്ടെണ്ണൂം അക്കരയ്ക്ക് കടന്നു. ഇഷ്ടംപോലെ സമ്പാദിച്ചു. അച്ഛനിത് ഇരിക്കട്ടെ എന്നുപറഞ്ഞ് ഒരു ഉറുപ്പിക രണ്ടും തന്നില്ല''.
''രണ്ടാളും നാട്ടിലില്ലേ''.
''ഉവ്വ്. കുറെകാലം കഴിഞ്ഞ് നാട്ടിലിക്ക് പോന്നു. എന്നിട്ട് വേറൊരു ബിസിനസ്സ് തുടങ്ങി. ഇപ്പഴും ബിസിനസ്സ് നടത്തുണുണ്ട്. ഒരുപൈസ നഷ്ടം വരുണില്ല. അതെന്താന്ന് അറിയ്യോ. അന്ന് മക്കള് ബിസിനസ്സ് ചെയ്തിരുന്നത് അച്ഛന്‍റെ കാശോണ്ടായിരുന്നു. ഇപ്പൊ അവനോന്‍റെ കാശോണ്ടാണ് കച്ചോടം. അതാ വ്യത്യാസം''.
''അച്ഛന്‍റീം അമ്മടേം മുതല് അന്യന്‍റെ മുതലുപോലെ കണക്കാക്കാന്‍ പാടില്ല''.
''പറയ്യാണച്ചാല്‍ ഇനീണ്ട്. മാഷടെ എഴുപതാമത്തെ പിറന്നാള് വന്നു. മക്കള് രണ്ടും വേണ്ടേ അത് മുമ്പില്‍നിന്ന് ആഘോഷിക്കാന്‍. ഒരു മുണ്ടും ഷര്‍ട്ടും വാങ്ങി ആ മനുഷ്യന് കൊടുത്തില്ല എന്ന് മാത്രോല്ല, രണ്ടും തിരിഞ്ഞ് നോക്ക്യേതൂല്യാ. മക്കളില്ലാത്ത പാപ്യേളെപ്പോലെ ഞങ്ങള് രണ്ടുംകൂടി അന്നേദിവസം ഒരു ചോറും കൂട്ടാനും വെച്ച് ഇവടേന്നെ കൂടി. ആ ഓര്‍മ്മീള്ളതോണ്ട് എന്‍റെ പിറന്നാളിന്‍റെ കാര്യം അവിറ്റേളടടുത്ത് മിണ്ട്യേതെ ഇല്ല''
''സ്വത്തും മുതലും ഇല്ലെങ്കിലും രവി എനിക്ക് ഉപദ്രവം ചെയ്യുണില്ല. അതാ സമാധാനം''.
''ഇന്യൊരു ജന്മം ഉണ്ടാവാച്ചാല്‍ എനിക്ക് അവനെപ്പോലൊരു മകനെ തരണേന്നാ എന്‍റെ പ്രാര്‍ത്ഥന''.
''ചേച്ചി സമാധാനായിട്ട് ഇരിക്കിന്‍. ദൈവം നിങ്ങളെ കഷ്ടപ്പെടുത്തില്ല''.
''ഇനി എനിക്ക് എന്ത് വരാനാ സരളേ. കാട് വാ വാ, നാട് പോ പോ എന്ന അവസ്ഥ ആയില്ലേ''. പത്മാവതിയമ്മയുടെ കണ്ണില്‍ വെള്ളം നിറയുന്നത് ആദ്യമായി സരള കണ്ടു.
ഭാഗം : - 115.
പതിവിന്ന് വിപരീതമായി ചന്ദ്രിക ഓഫീസില്‍നിന്ന് തിരിച്ചെത്തിയത് ദുഃഖിതയായിട്ടാണ്. അവള്‍ കരഞ്ഞതായി ഹരിഹരനും അയാളുടെ അമ്മയ്ക്കും തോന്നി. അവര്‍ വല്ലാതെ പരിഭ്രമിച്ചു. ഇങ്ങിനെ വരാന്‍ വഴിയില്ലല്ലോ. ചുരുങ്ങിയകാലം കൊണ്ട് ചന്ദ്രിക ഓഫീസിലുള്ള എല്ലാ സഹപ്രവര്‍ത്തകരുടേയും സ്നേഹം പിടിച്ചു പറ്റിയതാണ്. അവളുടെ വിനയവും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവും ആത്മാര്‍ത്ഥതയും കാരണം മേലുദ്യോഗസ്ഥര്‍ക്ക് അവളോട് മതിപ്പുള്ളതായി കേട്ടിട്ടുണ്ട്. എന്നിട്ട് എന്താണ് ഇന്നിങ്ങനെ. കാരണം അറിയാതെ അവര്‍ വിഷമിച്ചു.
''എന്താ മോളേ, എന്താ നീ ഇങ്ങിനെ ഇരിക്കിണത്. ആരെങ്കിലും നിന്നോട് ദേഷ്യപ്പെട്ട്വോ. കാര്യം പറ. '' അമ്മായിയമ്മ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
'' അതൊന്ന്വോല്ല. ഇന്ന് എന്നെ കാണാന്‍ അച്ഛന്‍ ഓഫീസില്‍ വന്നിരുന്നു.'' അവള്‍ തേങ്ങിക്കൊണ്ട് പറഞ്ഞു.
''ഏത് അച്ഛന്‍'' വേലപ്പന്‍ നായര്‍ അങ്ങിനെ ചെയ്യില്ല എന്ന് ഉറപ്പാണ്, ഹരിഹരന്‍റെ അച്ഛന്‍ മാധവന്‍ നായര്‍ കുറെകാലമായി സ്ഥലത്തില്ല. ആരാണ് ഓഫീസില്‍ ചെന്നത്. ചന്ദ്രിക ഒന്നും പറഞ്ഞില്ല.
''ആരാ ഇവിടുത്തെ അച്ഛനോ, നിന്‍റെ അച്ഛനോ. അത് പറ''.
''ഇവിടുത്തെ അച്ഛന്‍''.
''എന്താ കാര്യം. മുഴുവനും പറ. അയാള് നിന്നെ എന്തെങ്കിലും പറഞ്ഞ്വോ''.
''എന്നെ ഒന്നും പറഞ്ഞില്ല''തേങ്ങലിന്‍റെ അകമ്പടിയോടെ ചന്ദ്രിക സംഭവം വിശദീകരിക്കാന്‍ തുടങ്ങി.
വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. ചന്ദ്രിക സാറിന്‍റെ അച്ഛനാണ് എന്നുപറഞ്ഞ് ഒരാള്‍ മുന്നില്‍ നില്‍ക്കുന്നതായി പ്യൂണ്‍ മുരുകന്‍ വന്ന് അറിയിച്ചപ്പോള്‍ എഴുന്നേറ്റ് ചെന്നു. വരാന്തയിലെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ മുറ്റത്ത് മരച്ചോട്ടില്‍ അച്ഛന്‍ നില്‍ക്കുന്നതാണ് കണ്ടത്. ഞാന്‍ വേഗം അടുത്ത് ചെന്നു. അച്ഛനാകെ മാറീട്ടുണ്ട്. മുടി മൊട്ടയടിച്ചിരിക്കുന്നു. കാവിമുണ്ടുടുത്തിട്ടുണ്ട്. ഒരു കാവിതോര്‍ത്ത് പുതച്ചിരിക്കുന്നു. കഴുത്തിലൊരു രുദ്രാക്ഷമാലയുണ്ട്. എന്താ അച്ഛാ ഇങ്ങിനെയെന്ന് ഞാന്‍ ചോദിച്ചു. ഇതാ ശരീന്ന് തോന്നി മോളേ. അപ്പൊ ഞാന്‍ ഈ വേഷം കെട്ടി എന്നുപറഞ്ഞ് അച്ഛന്‍ ചിരിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അച്ഛന്‍ എന്നെ മോളേന്ന് വിളിക്കുന്നത്''.
''എന്നിട്ടോ'' ഹരിഹരന് ആകാംക്ഷയയി.
''എന്നാലും അച്ഛന്‍ ഇങ്ങിനെ ആയിരുന്നില്ലല്ലോ. എന്താ ഇങ്ങന്യൊരു മാറ്റത്തിന്ന് കാരണം എന്ന് ഞാന്‍ ചോദിച്ചു. അതൊരു കഥ്യാണ്. നിനക്ക് കേള്‍ക്കാന്‍ നേരൂണ്ടാവില്ല എന്ന് അച്ഛന്‍ പറഞ്ഞു. എനിക്ക് തിരക്കില്ല എന്തായാലും പറയൂന്ന് ഞാന്‍ നിര്‍ബ്ബന്ധിച്ചു. അപ്പൊ ഉണ്ടായതൊക്കെ അച്ഛന്‍ പറഞ്ഞു. നിനക്ക് ജോലികിട്ട്യേകാര്യം വിളിച്ച് പറയുമ്പൊ ഞാന്‍ സ്വന്തത്തിലൊരു കാരണോരെ പരിചരിച്ചോണ്ട് കഴിയ്യായിരുന്നു. അയാള് പൊടുക്കനെ ഒരുദിവസം മരിച്ചു. അതോടെ എന്‍റെ ജീവിതം വഴിമുട്ടി. ഒരു വരുമാനൂല്യാ, ജീവിക്കാന്‍ ഒരു വഴീല്യാ, ചെല്ലാനൊരു ഇടൂല്യാ. എന്താ വേണ്ടേന്ന് ആലോചിച്ച് നടന്നു. വീട്ടിലിക്ക് വന്നാല്‍ അമ്മ എന്നെ കേറ്റില്ല. അതിനവളെ കുറ്റം പറയാന്‍ പറ്റില്ല. തെറ്റൊക്കെ എന്‍റെ ഭാഗത്തന്ന്യാണ്. ഒരുവഴീം കാണാതെ തെണ്ടിത്തിരിഞ്ഞ് എത്ത്യേത് ഒരു ആശ്രമത്തില്‍''.
''നല്ല സ്ഥലത്താ ചെന്നുപറ്റ്യേത്'' അമ്മ ഇടയ്ക്കുകയറി പറഞ്ഞു.
''അവള് ബാക്കീംകൂടി പറയട്ടെ'' ഹരിഹരന്‍ ഇടപെട്ടു.
''അവിടുന്നാ മോളേ എന്താ ജീവിതംന്ന് മനസ്സിലായത് എന്ന് അച്ഛന്‍ പറഞ്ഞു. മനുഷ്യന്‍ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നറിഞ്ഞപ്പൊ ഇത്രകാലം ഞാന്‍ ജീവിച്ചത് ജീവിതം അല്ലാന്ന് എനിക്ക് ബോദ്ധ്യായി. ആകമൊത്തം തെറ്റോട് തെറ്റ്തന്നെ. ഒരുകാര്യം ഞാന്‍ പറഞ്ഞുതരാം, ജീവിതം എന്താന്ന് ഒരാള് മനസിലാക്കുമ്പഴയ്ക്ക് ആ മനുഷ്യന്‍റെ ജീവിതം തീരാറായിട്ടുണ്ടാവും. അതന്യാ എനിക്കും പറ്റ്യേത്''.
''ഈ തത്വജ്ഞാനോക്കെ ഇപ്പൊ അയാള് പറഞ്ഞിട്ടെന്താ. നല്ല കാലത്ത് തോന്നീലല്ലോ''.
''അതും അച്ഛന്‍ പറഞ്ഞു. എനിക്ക് പഠിച്ചറിവ് തീരെ പോരാ. നല്ല ആള്‍ക്കാരായിട്ട് സഹവാസൂം ഉണ്ടായില്ല. എങ്ങന്യോക്ക്യോ പത്താം ക്ലാസ്സ് വരെ ഉന്തിത്തള്ളി എത്തി. അവിടെ കിടന്നു. കാര്യായിട്ട് ഒരു പണീം കിട്ടീലാ. കണ്ടക്ടറായിട്ട് കുറെ നടന്നു. അപ്പഴും എനിക്ക് പണിചെയ്യാനല്ല വാസന. വേലീം പൂരൂം ചീട്ടുകളീം ഒക്കെ ആയിട്ട് ജീവിതം തുലച്ചു. ഒന്നും നേടാനും പറ്റീലാ എന്നൊക്കെ പറഞ്ഞു''
''ഇനിയെന്താ അച്ഛന്‍റെ പരിപാടീന്ന് പറഞ്ഞ്വോ'' ഹരിഹരന്‍ ചോദിച്ചു.
''കാശിക്ക് പോവ്വാണ്. ഇനി ഇങ്കിട്ട് മടങ്ങി വരില്ല. സന്യാസം സ്വീകരിച്ച് എവടേങ്കിലും കഴിയും എന്നൊക്കെ പറഞ്ഞു''.
''എന്താ ഇവിടെ വരാഞ്ഞത്''.
''ആരോടും അലോഹ്യൂണ്ടായിട്ടല്ല. ഭാര്യോടും മകനോടും എനിക്ക് ദേഷ്യൂല്യാ. ഉണ്ടായിരുന്നതൊക്കെ പോയി. വീട്ടില് വന്ന് അവരെ കണ്ടാല്‍ വീണ്ടും മനസ്സില് പാശം തോന്നും. അതിനി വേണ്ടാ. എല്ലാം മറന്ന് മരിക്കിണത് വരെ ഈശ്വരനെ വിളിച്ച് കഴിയണം. അതിനാ ഞാന്‍ പോണതേന്ന് പറഞ്ഞു''.
''എന്നിട്ടോ''.
''അച്ഛന്‍ നില്‍ക്കൂ. ശമ്പളം കിട്ടീട്ട് അച്ഛന് ഒന്നും തരാന്‍ കഴിഞ്ഞില്ല. ഞാന്‍ ഉള്ളില്‍ പോയി എടുത്തിട്ട് വരട്ടേന്ന് ഞാന്‍ പറഞ്ഞു. ഒന്നുംവേണ്ടാ കുട്ട്യേ, നിന്‍റെ ഈ മനസ്സ് മാത്രം മതി എന്ന് അച്ഛന്‍ പറഞ്ഞ് പോവാന്‍ നോക്കി. ഞാന്‍ സമ്മതിച്ചില്ല. വേഗം വരാന്ന് പറഞ്ഞ് ഞാന്‍ അകത്ത് പോയി കാശെടുത്ത് വരുമ്പൊ അച്ഛനെ കാണാനില്ല. ഞങ്ങള് എല്ലാഭാഗത്തും നോക്കി. ആളെ കണ്ട് കിട്ടീലാ''.
''അതെന്താ അച്ഛന്‍ പൈസ വാങ്ങാഞ്ഞ്''.
''എനിക്കറിയില്ല. അച്ഛന് ഒന്നും കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് കരച്ചില് വരുന്നുണ്ട്''.
''നീ കരയ്യോന്നും വേണ്ടാ. ഇതായളടെ വേറൊരു വേഷക്കെട്ടാണ്. കുറച്ചു ദിവസം കഴിയുമ്പൊ പോയപോലെ ഇങ്കിട്ടന്നെ വരും'' അമ്മ ചന്ദ്രികയെ ആശ്വസിപ്പിച്ചു.
ഭാഗം : - 116.
സപ്ലെക്കോയുടെ ഔട്ട്ലെറ്റില്‍വെച്ചാണ് പഴയ സഹപ്രവര്‍ത്തകന്‍ അപ്പുവിനെ കണ്ണന്‍ നായര്‍ കാണുന്നത്. രാധയോടൊപ്പം അയാള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു.
''എന്തൊക്കീണ്ട് കണ്ണേട്ടാ വിശേഷം'' അപ്പു അടുത്തേക്ക് വന്നു.
''എന്ത് വിശേഷം. ഇതാ ഇങ്ങനെ പോണൂ. അപ്പൂനെ കണ്ടിട്ട് കൊറെ ആയല്ലോ''.
''ശങ്കരേട്ടന്‍റെ പേരക്കുട്ടിടെ കല്യാണത്തിന് നമ്മള് കണ്ടതാണ്. പിന്നെ കണ്ടിട്ടില്ല''.
''ഒരുനാട്ടിലിരുന്നിട്ടാ ഈ അവസ്ഥ. അപ്പൊ രണ്ടാളും രണ്ട് നാട്ടിലാണ് താമസംച്ചാലോ''.
''രണ്ടാളുംകൂടി ഇങ്ങനെ വര്‍ത്തമാനം പറഞ്ഞാല്‍ ആരാ ആള് എന്ന് എങ്ങന്യാ ഞാന്‍ അറിയ്യാ'' രാധ ചോദിച്ചു.
''പരിചയപ്പെടുത്താന്‍ വിട്ടു. ഇത് അപ്പു. മുമ്പ് ഞങ്ങള് കലക്ട്രേറ്റില് ഒന്നിച്ച് പണ്യേടുത്തതാണ്'' കണ്ണന്‍ നായര്‍ പറഞ്ഞുകൊടുത്തു.
''അത് മുഴുവനും ശര്യല്ല. കണ്ണേട്ടന് ആപ്പീസിലാ പണി. ഞാന്‍ അവിടെ ഡ്രൈവറായിരുന്നു''.
''ഇപ്പഴും പണീലില്ലേ''.
''കണ്ണേട്ടന്‍ പിരിഞ്ഞിട്ട് നാലഞ്ച് മാസം കഴിഞ്ഞപ്പൊ ഞാനും ജോലീന്ന് പിരിഞ്ഞു''.
''മുടി നരച്ചിട്ടില്ല. അതാ ചോദിച്ചത്''.
''എന്‍റെ കുടുംബത്തില്‍ ആരക്കും നര കാണില്ല. പാരമ്പര്യാണ്''.
''നോക്കൂ. അപ്പൂന് നല്ലൊരു തോട്ടൂണ്ട്'' കണ്ണന്‍ നായര്‍ പറഞ്ഞു.
''എന്താ തോട്ടത്തില് കൃഷി'' രാധ ചോദിച്ചു.
''തെങ്ങുണ്ട്. പലജാതി മാവുണ്ട്, മൂന്ന് നാല് പ്ലാവുണ്ട്, പുളീണ്ട്, വാഴ വെച്ചിട്ടുണ്ട്. പച്ചക്കറീണ്ട്. ഒക്കെ കാണാന്‍ ഒരുദിവസം തോട്ടത്തിലിക്ക് വരാന്ന് എന്‍റടുത്ത് പറഞ്ഞിട്ട് കണ്ണേട്ടന്‍ വന്നതേ ഇല്ല''.
''വാക്കുകൊടുത്തിട്ട് നിങ്ങളെന്താ ഒരുദിവസം പോയി കാണാഞ്ഞത്''.
''കണ്ണേട്ടന് അതൊന്നും ഇഷ്ടൂണ്ടാവില്ല. കൃഷീന്ന് പറഞ്ഞാല്‍ മിനക്കെട്ട പണ്യാണ്'' അപ്പു മറുപടി നല്‍കി.
''എനിക്ക് ഇതൊക്കെ കേട്ടപ്പൊ കാണണംന്ന് തോന്നുണൂ''.
''അതിനെന്താ. ചേച്ചി കണ്ണേട്ടനെ കൂട്ടീട്ട് വരൂ'' അപ്പു ക്ഷണിച്ചു.
''ഇന്നിനി നേരം കിട്ട്വോന്ന് അറിയില്ല . നാളെ രാവിലെ ഞങ്ങള്‍ വരാം'' രാധ വാക്കുകൊടുത്തു.
പിറ്റേന്ന് ഡ്രൈവര്‍ വന്നതും കണ്ണന്‍ നായരെക്കൂട്ടി രാധ അപ്പുവിന്‍റെ തോട്ടത്തിലേക്ക് പുറപ്പെട്ടു. അവിടെ കണ്ട സസ്യജാലങ്ങള്‍ അവളെ കൊതിപ്പിച്ചു.
''എനിക്കും ഇതുപോല്യോക്കെ വെച്ചുപിടിപ്പിക്കണംന്നുണ്ട്'' അവര്‍ പറഞ്ഞു.
''അതിനെന്താ ചെട്യേള് ഞാന്‍ തരാം'' അപ്പു സന്നദ്ധത അറിയിച്ചു.
''അതിന് അത്രയ്ക്ക് മാത്രം സ്ഥലൂല്യാ'' കണ്ണന്‍ നായര്‍ പറഞ്ഞു.
''മുടക്കം പറയാന്‍ നില്‍ക്കണ്ട'' രാധയ്ക്ക് ദേഷ്യം വന്നു ''ഉള്ള സ്ഥലത്ത് എന്തെങ്കിലും ചെയ്യണം''.
''മഴക്കാലം ആവട്ടെ. ചേച്ചിക്ക് പ്ലാവോ, മൂച്ചിത്തെയ്യോ, വാഴ്യോ ഒക്കെ തരാം. ഇപ്പൊ കൊണ്ടുപോയാല്‍ ശര്യാവില്ല''.
''ഇപ്പൊ എന്താ ചെയ്യാന്‍ പറ്റുണത്''.
''പച്ചക്കറി ചിലതൊക്കെ ചെയ്യാന്‍ പറ്റും. ചുവപ്പും പച്ചീം രണ്ടുതരം ചീരീണ്ട്. അത് വെച്ചോളൂ''.
''വേറേ വേറേ പൊത്യാക്കി തന്നോളൂ'' രാധ അപ്പുവിനോട് പറഞ്ഞു
''പണിക്ക് ആളെ കിട്ടാണ്ടെ വിത്ത് വാങ്ങീട്ട് എന്താകാര്യം'' കണ്ണന്‍ നായര്‍ ചോദിച്ചു
''നിങ്ങള് തടം ഉണ്ടാക്കി തന്നാ മതി. പിന്നെ നനയ്ക്കും ചെയ്യണം. ബാക്കി കാര്യോക്കെ ഞാനേറ്റൂ'' രാധ ഭര്‍ത്താവിനോട് പറഞ്ഞു.
''എനിക്ക് കിളയ്ക്കാനൊന്നും വയ്യാന്ന് നിങ്ങള്‍ക്കറിയില്ലേ'' അയാള്‍ ചോദിച്ചു.
''ഇതൊരു സൂത്രാണ്. ആരും വയറ്റിന്ന് പഠിച്ചിട്ട് വന്നിട്ടല്ല ചെയ്യുണത്. ചെയ്ത് നോക്ക്വേന്നെ. അപ്പൊ ശര്യാവും'' ഒരു പണികൂടി തനിക്ക് കിട്ടാന്‍ പോവുന്നു എന്ന് കണ്ണന്‍ നായര്‍ക്ക് മനസ്സിലായി.
^^^^^^^^^^^^^^^^^^^^^^^^^^^^^
പത്തുമണിയോടെ വേലപ്പനും അമ്മിണിയും വീട്ടില്‍ ചെന്നപ്പോള്‍ അമ്മ മാത്രമേ അവിടെയുള്ളു.
''ഏടത്തീം ഏട്ടനും എവിടെ'' അമ്മിണി ചോദിച്ചു.
''രാവിലത്തെ ആഹാരം കഴിഞ്ഞതും രണ്ടാളുംകൂടി രാമന്‍റെ വീട്ടിലിക്ക് പോയി'' അമ്മ പറഞ്ഞു.
''എന്താ അവിടെ''.
''ഒന്നൂല്യ. വീട് അടിച്ച് വൃത്ത്യാക്കും. തൊടീല് എന്തൊക്ക്യോ ചെട്യേള് വെച്ചിട്ടുണ്ട്. അതിനൊക്കെ നനയ്ക്കും. ഉണ്ണാറാവുമ്പഴയ്ക്ക് മടങ്ങി വരും''.
''വന്നിട്ടാണോ ഉച്ചയ്ക്ക് കഴിക്കാനുള്ളത് ഉണ്ടാക്കിണ്''.
''അല്ല. രാവിലെ നേരത്തെ ഒക്കെ ഉണ്ടാക്കിവെച്ചിട്ട് പോവും. വന്നാല്‍ കഴിക്ക്യേ വേണ്ടൂ''.
''രാമേട്ടന്‍ എങ്ങനീണ്ട്'' വേലപ്പന്‍ നായര്‍ ചോദിച്ചു.
''പാവാണ് അവന്‍. വീട്ടില്‍ പോണത് ഒഴിവാക്ക്യാല്‍ പകലന്ത്യോളം ഇവിടെത്തന്നെ. വൈകുന്നേരം അമ്പലത്തിലിക്ക് പോവും. പൂജ തൊഴുതതും വരും ചെയ്യും, അവനെക്കൊണ്ട് ഒരു കുഴപ്പൂല്യാ''.
''ഏടത്തിക്കെങ്ങനെ. സന്തോഷൂണ്ടോ''.
''ആണുങ്ങള്‍ നന്നെങ്കില്‍ പെണ്ണുങ്ങള്‍ക്ക് സന്തോഷം തന്നെ. അതവള്‍ക്ക് നല്ലോണൂണ്ട്''.
താന്‍ ഇടപെട്ട് ഉണ്ടാക്കിയ ബന്ധം അബദ്ധത്തിലായില്ലല്ലോ എന്നോര്‍ത്ത് വേലപ്പന്‍ സമാധാനിച്ചു.
ഭാഗം : - 117.
മുറ്റത്ത് കാറ് വന്നതിന്‍റെ ശബ്ദം കേട്ടപ്പോള്‍ ലക്ഷ്മിക്കുട്ടി ചെന്നുനോക്കി. കാറില്‍നിന്ന് ഇറങ്ങിയത് ഹരിദാസന്‍ നായരാണ്. അച്ഛന്‍ സുഖമില്ലാതെ കിടന്നപ്പോഴും മരിച്ചപ്പോഴും ഒക്കെ വന്നിരുന്ന ആളാണ്. ഈ കല്യാണം നടന്നതും അയാളുടെ താല്‍പ്പര്യം കൊണ്ടാണ്. രാമേട്ടന്‍ കാലൊടിഞ്ഞ് കിടന്നപ്പോഴും സഹായിച്ചത് ഇദ്ദേഹമണെന്ന് പറഞ്ഞുകേട്ടു. മൂപ്പരുടെ ഒപ്പം വരുന്നത് ഭാര്യയും മകനും മരുമകളുമാവും. മകന്‍ തെമ്മാടിത്തം കാണിച്ചുനടന്നതും ഭാര്യയെ ഉപേക്ഷിച്ചതും കത്തിക്കുത്തില്‍പ്പെട്ടതും പിന്നീട് നന്നായതും ഒക്കെ അമ്മയോട് പറഞ്ഞിരുന്നു. ഇപ്പോള്‍ അമ്മയെ കാണാന്‍ വന്നതാവും.
''വരിന്‍'' അവള്‍ അവരെ സ്വാഗതം ചെയ്തു.
''എവിടെ രാമന്‍ നായര്'' ഹരിദാസന്‍ ചോദിച്ചു.
''പീടികേല്‍ക്ക് പോയിരിക്ക്യാണ്. ഇപ്പൊ വരും''.
''വേലപ്പന്‍ നായര് വരാറുണ്ടോ''.
''പിന്നെന്താ. മൂപ്പരും അമ്മിണീംകൂടി ആഴ്ച്ചേല് ഒരിക്കലെങ്കിലും വരും. ഇന്ന് വരുണ ദിവസാണ്''.
''മകനീം മരുമോളേം വല്യേമ്മേ കാണിക്കാന്‍ വന്നതാ''
''അതിനെന്താ. വരിന്‍''.പുറത്തെ സംഭാഷണം കേട്ട് അമ്മിണിയുടെ അമ്മ പുറത്തെത്തി.
''നീയായിരുന്ന്വോ. കുറെ ആയി നിന്നെ കണ്ടിട്ട്''.
''എന്നും ഓട്ടപ്പാച്ചിലന്നേ വല്യേമ്മേ. മകനീം മരുമോളേം കൂട്ടീട്ട് വരാന്ന് ഞാന്‍ പറഞ്ഞില്ലേ. ഇന്നാ ഒഴിവ് കിട്ട്യേത്''.
''എന്താ മടിച്ച് നില്‍ക്കിണ്. ഉള്ളിലിക്ക് വാ'' ഹരിദാസനും കുടുംബവും അവരുടെ പുറകെ അകത്തേക്ക് നടന്നു. ഹരിദാസന്‍ വൃദ്ധയോടൊപ്പം കട്ടിലില്‍ ഇരുന്നു. മറ്റുള്ളവര്‍ അവിടെയുള്ള ബെഞ്ചിലും.
''കുട്ട്യേ, ഇവനെന്നും നിന്നെ ആലോചിച്ച് അങ്കലാപ്പായിരുന്നു'' വൃദ്ധ നന്ദുവിനോട് പറഞ്ഞു ''നീ സങ്കടപ്പെടണ്ട. അവന്‍ നന്നായിക്കോളും എന്ന് ഞാന്‍ എപ്പഴും പറയും. അതുപോലെ വിട്ടുപോയ ഭാര്യ നിന്‍റടുത്തന്നെ വരുംന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്''.
''ഇവള് എന്നെ വിട്ട് പോയതല്ല മുത്തശ്യേ. ഒക്കെ എന്‍റെ കുഴപ്പംകൊണ്ട് ഉണ്ടായതാണ്''.
''അതൊന്നും സാരൂല്യാ. നോക്ക്. ലോകം മുഴുവന്‍ പ്രകാശം തരുണതാണ് സൂര്യനും ചന്ദ്രനും. ഗ്രഹണംവരുമ്പൊ രണ്ടും ഇല്യാണ്ടാവുണില്യേ. അത് കഴിഞ്ഞാല്‍ മുമ്പത്തേക്കാളും ശക്തീല് രണ്ടും പുറത്തേക്ക് വരുംചെയ്യും. ഇനിമുതല്‍ക്ക് നീയും അതുപോലെ വേണം''.
''അങ്ങിനെ ചെയ്യാം'' നന്ദു ഏറ്റു.
''രണ്ടാളും വല്യേമ്മടെ കാല് പിടിക്കിന്‍''. ഹരിദാസന്‍ നിര്‍ദ്ദേശിച്ചു. നന്ദുവും സിനിയും വല്യേമ്മയുടെ കാല്‍ക്കല്‍ നമസ്ക്കരിച്ചു..
''വാണ് വര്‍ദ്ധിച്ച് വരട്ടെ'' അവര്‍ അനുഗ്രഹിച്ചു'' ഇനി എന്നെ കാണാന്‍ വരുമ്പൊ ഇവള്‍ക്ക് വിശേഷം ഉണ്ടാവട്ടെ''. ലക്ഷ്മിക്കുട്ടി ചായയുമായി എത്തി.
''എന്താ ചായ വരാത്തത് എന്ന് വിചാരിച്ചിരിക്ക്യായിരുന്നു. ഇത്ര നല്ല ചായ വേറെ എവടീം കിട്ടില്ല. ഒക്കെ വെറും വാട്ടവെള്ളം'' ഹരിദാസന്‍ പറഞ്ഞു. അതുകേട്ട് സുമതി അയാളുടെ മുഖത്തേക്ക് തുറിച്ചുനോക്കി.
^^^^^^^^^^^^^^^^^^^^^^^^^^^^^^
എന്തോ ഒരുശബ്ദംകേട്ട് കുറുപ്പ് മാഷ് ഞെട്ടിയുണര്‍ന്നു. കിടന്നകിടപ്പില്‍ തന്നെ അയാള്‍ ലൈറ്റിട്ടു. ശബ്ദം പുറപ്പെടുവിക്കുന്നത് പത്മാവതിയാണ്. അവരുടെ വായില്‍നിന്ന് പത വന്നുകൊണ്ടിരിക്കുന്നു.
''പത്മം ''അയാളവരെ തട്ടിവിളിച്ചു. പക്ഷെ യാതൊരു പ്രതികരണവും കണ്ടില്ല. അയാള്‍ വാച്ചിലേക്ക് നോക്കി. നേരം നാല് ആവുന്നതേയുള്ളു. പുലരാന്‍ ഇനിയുമുണ്ട്. അതുവരെ ഇങ്ങിനെ വെച്ചുകൊണ്ടിരിക്കാന്‍ പറ്റില്ല. എത്രയും പെട്ടെന്ന് പത്മത്തിനെ ആസ്പത്രിയിലെത്തിക്കണം. രവീന്ദ്രനെ വിളിക്കാം. വാതില്‍ തുറന്ന് പുറത്തിറങ്ങി. കാളിങ്ങ് ബെല്‍ രണ്ടുമൂന്നുതവണ അടിച്ചപ്പോഴാണ് വാതില്‍ തുറന്നത്.
''എന്താ സാറേ'' വാതില്‍ തുറന്നുവന്ന രവി ചോദിച്ചു.
''പത്മത്തിന്ന് തീരെ വയ്യ. ആസ്പത്രിയിലേക്ക് കൊണ്ടുപോവണം''.
''എവിടുന്നെങ്കിലും ഒരു കാറ് വിളിച്ചിട്ട് വരട്ടെ'' രവീന്ദ്രന്‍ വര്‍ക്ക്ഷോപ്പ് തുറന്ന് ഒരു ബൈക്കുമായി നീങ്ങി.
''ചേച്ചിക്ക് എന്താ പറ്റ്യേത്'' ശബ്ദം കേട്ട് വന്ന സരള ചോദിച്ചു.
''വിളിച്ചാല്‍ മിണ്ടുന്നില്ല. വായില്‍നിന്ന് പത വരുന്നുണ്ട്''.
''എന്‍റെ ചേച്ചീ'' കരഞ്ഞുകൊണ്ട് അവര്‍ കുറുപ്പ് മാഷടെ വീട്ടിലേക്കോടി, അവരുടെ പിന്നാലെ രജനിയും. വരാനിരിക്കുന്ന ദുര്യോഗമോര്‍ത്ത് മാഷ് പതിയെ വീട്ടിലേക്ക് നടന്നു.
ഭാഗം : - 118.
പത്മനാഭ മേനോന്‍ ആസ്പത്രിയിലെത്തുമ്പോള്‍ ഏഴുമണിയായിട്ടില്ല. അയാള്‍ കുറുപ്പ് മാഷോടൊപ്പം അവിടെ കണ്ടത് ഹരിദാസനെയാണ്.
''എപ്പഴാ ഹരിയിവിടെ എത്തിയത്'' അയാള്‍ ചോദിച്ചു.
''മാഷെത്തുംമുമ്പ് ഞാനെത്തി'' ഹരിദാസന്‍ പറഞ്ഞു.
''ടാക്സി വരുന്നതിന്നുമുമ്പ് ഞാന്‍ ഹരിയെ വിളിച്ച് വിവരം പറഞ്ഞു. എന്തെങ്കിലും ആവശ്യത്തിന്ന് ഒരാള്‍ ഉണ്ടാവുന്നത് നല്ലതല്ലേ''.
''എന്താ സംഭവം''.
''എന്തോ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. ലൈറ്റിട്ട് നോക്കിയപ്പോള്‍ പത്മാവതിയാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. അവളുടെ വായില്‍നിന്ന് പത വരുന്നുണ്ടായിരുന്നു. ഞാന്‍ വിളിച്ചപ്പോള്‍ പ്രതികരണമില്ല. കാര്യം സീരിയസ്സാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ രവീന്ദ്രനെ വേഗം ചെന്ന് വിളിച്ചുണര്‍ത്തി. അയാള്‍ ഉടനെ പോയി ഒരു ടാക്സി വിളിച്ചിട്ട് വന്നു. അതില്‍ കയറി നേരെ ഇങ്ങോട്ട് പോന്നു''.
''എത്ര മണിക്കാ സംഭവം''.
''നാലുമണി ആവാറായി''.
''ഇപ്പോള്‍ എങ്ങിനെയുണ്ട്''.
''ഐ.സി.യു. വിലാണ്. സീനിയര്‍ ഡോക്ടര്‍മാരൊന്നും എത്തിയിട്ടില്ല. അവര്‍ വന്നാലേ വിവരം അറിയൂ''.
''കൂടെ ആരുണ്ട്''.
''വാടകയ്ക്ക് താമസിക്കുന്ന രവീന്ദ്രനും അയാളുടെ അമ്മയും ഇവിടെ ഇത്രനേരം ഉണ്ടായിരുന്നു. ഹരി വന്നപ്പോള്‍ അവരെ വീട്ടിലേക്കയച്ചു''.
''മക്കള്‍ക്ക് വിവരം കൊടുത്തില്ലേ''.
''രണ്ടാളേയും മാറിമാറി വിളിച്ചുനോക്കി. രണ്ട് ഫോണും സ്വിച്ചോഫ് എന്ന് പറഞ്ഞു''.
''ചിലര് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണിന്‍റെ ബെല്ലടിച്ച് ഉറക്കത്തിന്ന് ശല്യമാവണ്ട എന്നുകരുതി ഓഫാക്കി വെക്കും. നമുക്ക് കുറെകഴിഞ്ഞ് വിളിച്ചുനോക്കാം''. കുറുപ്പ് മാഷ് മറുപടി പറഞ്ഞില്ല.
''ഹരി ഒരുകാര്യം ചെയ്യൂ. വീട്ടില്‍ ചെന്ന് കുളിച്ച് ആഹാരം കഴിച്ച് വരൂ. ഞാന്‍ കുളിയും ഭക്ഷണവും കഴിഞ്ഞിട്ടാണ് ഇറങ്ങിയത്'' മേനോന്‍ സാര്‍ ഹരിദാസനോട് പറഞ്ഞു
സീനിയര്‍ ഡോക്ടര്‍മാര്‍ എത്തുമ്പോള്‍ ഒമ്പതുമണി കഴിഞ്ഞു. ഇ.സി.ജി, സ്കാനിങ്ങ്, പലവിധ ടെസ്റ്റുകള്‍ എന്നിവയെല്ലാം വേണ്ടിവന്നു. അവ പരിശോധിച്ചശേഷം ഡോക്ടര്‍ കുറുപ്പ് മാഷെ വിളിച്ചു. മേനോന്‍ സാറും അയാളോടൊപ്പം ചെന്നു.
''തലയില്‍ ബ്ലഡ് ക്ലോട്ട് ചെയ്തിട്ടുണ്ട്'' ഡോക്ടര്‍ പറഞ്ഞു.
''അതിന് എന്താ സാര്‍ ചെയ്യേണ്ടത്''.
''മരുന്നുകള്‍ കൊടുത്തിട്ടുണ്ട്. സര്‍ജറിയാണ് വേറൊരു മാര്‍ഗ്ഗം. പക്ഷെ അതിന് ബുദ്ധിമുട്ടുണ്ട്''.
''എന്താ സാര്‍ ബുദ്ധിമുട്ട്''
''ഒന്നാമത് പേഷ്യന്‍റ് വീക്കാണ്. മാത്രമല്ല തലയ്ക്കുള്ളില്‍ നല്ല സ്വെല്ലിങ്ങ് കാണുന്നു. സര്‍ജറി സക്സസ്സ് ആവുമോയെന്ന് പറയാന്‍ പറ്റില്ല''.
''എന്നാലും അതല്ലേയുള്ളു മാര്‍ഗ്ഗം''.
''കാര്യം ശരിയാണ്. അഞ്ച് ശതമാനമെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ ഞാനത് ചെയ്യും. ലക്ഷങ്ങള്‍ ചിലവ് ചെയ്ത് ഓപ്പറേഷന്‍ നടത്തിയിട്ട് ഫലമില്ലാതെ വന്നാലോ''.
''എന്നിട്ടെന്ത് ചെയ്യാനാണ് ഉദ്ദേശം''.
''തല്‍ക്കാലം വെന്‍റിലേറ്ററിലേക്ക് മാറ്റാം. മരുന്നുകള്‍ തുടരട്ടെ. കണ്ടീഷന്‍ ഇംപ്രൂവ് ചെയ്താല്‍ സര്‍ജറി ചെയ്യാം''.
''പ്രതീക്ഷയ്ക്ക് വകയുണ്ടോ'' മേനോന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല.
''നാല്‍പ്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍ പറ്റൂ. എങ്കിലും ഇപ്പോഴത്തെ കണ്ടീഷന്‍വെച്ച് പറയാം. വേണ്ടപ്പെട്ടവര്‍ക്ക് വിവരം കൊടുക്കുന്നതാണ് നല്ലത്''.
റൂമില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ കുറുപ്പ് മാഷ് ആകെ തളര്‍ന്നിരുന്നു. എത്രയോ കാലമായി പ്രതീക്ഷിച്ചിരിക്കുന്ന ഒന്നാണ് ഇത്. എന്നിട്ടും പത്മത്തിനെ നഷ്ടപ്പെടുകയാണ് എന്നാലോചിക്കുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല.
''എത്ര ദിവസം ഇവിടെ കൂടേണ്ടിവരുമെന്ന് അറിയില്ല. ഞാന്‍ ഒരു റൂം ഏര്‍പ്പാടാക്കട്ടെ'' മാഷെ ഒരുഭാഗത്തിരുത്തി മേനോന്‍ നടന്നു. അമ്മയുടെ അവസ്ഥ മക്കളെ അറിയിക്കണമെന്ന് മാഷക്ക് തോന്നി. മൂത്തമകനെ മാഷ് വിളിച്ചു. ഭാഗ്യത്തിന്ന് ഫോണ്‍ അടിക്കുന്നുണ്ട്. റിങ്ങ് അവസാനിച്ചിട്ടും മറുവശത്ത് ഫോണ്‍ എടുത്തില്ല. ഒരുപക്ഷെ മകന്‍ എന്തെങ്കിലും ജോലി ചെയ്യുകയാവും. അയാള്‍ രണ്ടാമനെ വിളിച്ചു. ആ ശ്രമവും തഥൈവ. ഒരു വാശിപോലെ മാഷ് രണ്ടുപേരേയും മാറിമാറി വിളിച്ചുനോക്കി. രണ്ടാളും കാള്‍ സ്വീകരിച്ചില്ല. അവര്‍ മനപ്പൂര്‍വ്വം ഫോണെടുക്കാത്തതാണോ എന്ന് മാഷക്ക് സംശയംതോന്നി. അയാള്‍ തന്‍റേയും ഭാര്യയുടേയും ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ചശേഷം മക്കളെ ഒരിക്കല്‍ക്കൂടി വിളിച്ചു. ഫലം പഴയതുതന്നെ. മരണസമയത്ത് മക്കള്‍ അടുത്തുണ്ടാവരുത് എന്ന് പത്മം ആഗ്രഹിക്കുന്നുണ്ടാവും. ഒരുപക്ഷെ ഈശ്വരന്‍ അവളുടെ അഭിലാഷം സാധിച്ചുകൊടുക്കുന്നതാവാം എന്നയാള്‍ കരുതി.
മക്കള്‍ അമ്മയോടുചെയ്ത ക്രൂരത മനസ്സില്‍നിന്ന് മായുകയില്ല. രണ്ടാമന്‍ സൂത്രക്കാരനാണ്. അവന്‍ ഓരോന്ന് പറഞ്ഞുകൊടുത്ത് ഏട്ടനെ മുന്നില്‍ നിര്‍ത്തും. അച്ഛനമ്മമാരോട് ലഹള കൂടുക ഏട്ടനാണ്. ഒരിക്കല്‍ എന്തോ കാര്യംപറഞ്ഞ് അമ്മയും മകനും തമ്മില്‍ത്തെറ്റി. ഒരുമടികൂടാതെ മകന്‍ അമ്മയെ തല്ലാന്‍ കൈ ഉയര്‍ത്തിചെന്നു. പത്മത്തിന്‍റെ കയ്യില്‍ കിട്ടിയത് മേശപ്പുറത്ത് കറിയ്ക്കരിഞ്ഞുവെച്ച കത്തിയാണ്.
''എന്‍റടുത്തെങ്ങാനും വന്നാല്‍ രണ്ടിനീം ഞാന്‍ കുത്തിമലര്‍ത്തും'' അവള്‍ അട്ടഹസിച്ചു. മക്കള്‍ അത്രയും പ്രതീക്ഷിച്ചില്ല.
''അവസാനകാലത്ത് വെള്ളം തരാന്‍ ഞങ്ങള്‍ വേണ്ടിവരും'' മകന്‍ അതും പറഞ്ഞ് പിന്‍വാങ്ങി.
''നിന്‍റ്യോക്കെ കയ്യിന്ന് വെള്ളം വാങ്ങിക്കുടിച്ച് ചത്താല്‍ നരകത്തിലേ പോവൂ. ഈശ്വരന്‍ എനിക്ക് ആ ഗതി വരുത്തില്ല. ഞാനത്രയ്ക്ക് പാപം ചെയ്തിട്ടില്ല''. പത്മം അന്ന് പറഞ്ഞതുപോലെ സംഭവിക്കുകയാവും.
''ചില്ലറ പാടല്ല റൂം കിട്ടാന്‍'' മേനോന്‍ തിരിച്ചെത്തി ''ഒരുവിധം ശരിയായി. പത്തുമിനുട്ടിനുള്ളില്‍ മുറി കിട്ടും. മാഷ് ഇത്രനേരം ഒന്നും കഴിച്ചില്ലല്ലോ. വരൂ, വല്ലതും കഴിക്കാം''.
''റൂം കിട്ടട്ടെ. കുളിച്ചശേഷം കഴിക്കാം''.
''ഈ ശീലങ്ങളൊക്കെ വീട്ടില്‍ മതി. പുറത്ത് വേണ്ടാ. നടക്കിന്‍'' മേനോന്‍ അയാളെകൂട്ടി നടന്നു.
''മക്കളെ വിവരം അറിയിച്ച്വോ'' മാഷ് ഭക്ഷണം കഴിക്കുമ്പോള്‍ മേനോന്‍ ചോദിച്ചു. ഉണ്ടായ വിവരം മാഷ് അറിയിച്ചു.
''നമ്പറ് തരിന്‍. ഞാനൊന്ന് വിളിച്ചുനോക്കട്ടെ'' മാഷ് പറഞ്ഞുകൊടുത്ത നമ്പറില്‍ മേനോന്‍ വിളിച്ചു.
''ആരാ'' മറുവശത്ത് ഫോണെടുത്തു.
''ഞാന്‍ കുറുപ്പ് മാഷടെ സുഹൃത്ത് പത്മനാഭ മേനോന്‍. നിങ്ങളുടെ അമ്മ ആസ്പത്രിയിലാണ്. കുറുപ്പ് മാഷ് നിങ്ങള്‍ രണ്ടുപേരേയും ആ വിവരം പറയാന്‍ വിളിച്ചിരുന്നു. രണ്ടുപേരും ഫോണെടുത്തില്ല. അതുകൊണ്ടാണ് ഞാന്‍ വിളിച്ചത്.''
''സോറി. ഞങ്ങള്‍ രണ്ടാളും സ്ഥലത്തില്ലല്ലോ''.
''എവിടെയാണ് നിങ്ങളുള്ളത്''.
''ഇപ്പോള്‍ ഞങ്ങള്‍ രണ്ടാളും കുടുംബസമേതം മണാലിയിലാണ്. ഒരു ടൂര്‍ പോന്നതാണ്. തിരിച്ചുപോരാന്‍ ഇനിയും രണ്ടുമൂന്ന് ദിവസം കഴിയും ''.
''നിങ്ങളുടെ അമ്മയുടെ കണ്ടീഷന്‍ വളരെ മോശമാണ്. വേണ്ടപ്പെട്ടവരെ വിവരമറിയിക്കാന്‍ ഡോക്ടര്‍ പറഞ്ഞു. ഞാന്‍ ഫോണ്‍ അച്ഛന്‍റെ കയ്യില്‍ കൊടുക്കട്ടെ''.
''വേണ്ടാ. വിവരം അറിഞ്ഞല്ലോ''.
''ഇനി എനിക്കൊന്നും പറയാനില്ല. നിങ്ങളുടെ ഇഷ്ടംപോലെ എന്താണ് വേണ്ടതെങ്കില്‍ ചെയ്തോളിന്‍'' മേനോന്‍ കാള്‍ അവസാനിപ്പിച്ചു.
ഭാഗം : - 119.
കുറുപ്പ് മാഷും മേനോനും ചായകുടി കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ രവീന്ദ്രന്‍ ആസ്പത്രി വരാന്തയില്‍ നില്‍ക്കുന്നത് കണ്ടു. മാഷക്ക് വേണ്ട മരുന്നുകളും വസ്ത്രങ്ങളുമൊക്കെയായിട്ടാണ് അയാളുടെ വരവ്.
''അമ്മയ്ക്ക് എങ്ങനീണ്ട്'' അയാള്‍ ചോദിച്ചു.
''മോശം അവസ്ഥ തന്നെ. വെന്‍റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്''.
''എന്‍റമ്മ ആഹാരം ഉണ്ടാക്കുന്നുണ്ട്. അതുംകൊണ്ട് വരും''.
''ഒന്നും വേണ്ടാ'' മാഷ് പറഞ്ഞു ''രവിയുടെ അമ്മ വന്നിട്ടും കാര്യമില്ല. പത്മത്തിനെ കാണാന്‍ പറ്റില്ല''.
''എന്നാലും ഒരാളായിട്ട് ഇവിടെ നില്‍ക്കാലോ''.
''അതിനിവിടെ പത്മത്തിന്‍റെ കുടുംബത്തിലുള്ളോര് വരും. നിങ്ങളുടെ ആവശ്യം വീട്ടിലാണ്. അവിടെ എന്താ വേണ്ടതെങ്കില്‍ ചെയ്താല്‍ മതി. രവിന്ദ്രന്‍ പണി മുടക്കുകയൊന്നും വേണ്ടാ''.
''മൂന്ന് ആള്‍ക്കാര് അന്വേഷിച്ച് വന്നിരുന്നു. ആരേം കാണാഞ്ഞപ്പൊ മോളിലിക്ക് പോയിട്ടുണ്ട്''. അമ്പലക്കമ്മിറ്റിയിലെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരാണ് വന്നത് എന്നറിയില്ല. ഏതായാലും അധികം വൈകാതെ ബാലന്‍ മാഷും ചാമുണ്ണിയും കണ്ണന്‍ നായരുമെത്തി.
''ആരീം കാണാതെ വന്നപ്പൊ വേറെ ഏതെങ്കിലും ആസ്പത്രീലിക്ക് കൊണ്ടുപോയോന്ന് സംശയം തോന്നി'' ചാമുണ്ണി പറഞ്ഞു.
''മൊബൈലില്‍ വിളിക്കാന്ന് വെച്ചാല്‍ ഇതിനകത്ത് റെയിഞ്ചും ഇല്ല'' കണ്ണന്‍ നായര്‍ ബാക്കി പറഞ്ഞു.
''ഹര്യേട്ടന്‍ പറഞ്ഞിട്ടാ വിവരം അറിഞ്ഞത്'' ബാലന്‍ മാഷും അറിയിച്ചു.
''ഹരി ഇവിടെ ഉണ്ടായിരുന്നു. വീട്ടില്‍ പോയി കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയതാണ്'' മേനോന്‍ പറഞ്ഞു.
''മാഷടെ ഭാര്യക്ക് എങ്ങനീണ്ട്''.
''ഒന്നും പറയാന്‍ പറ്റില്ല. നാല്‍പ്പത്തെട്ട് മണിക്കൂര്‍ കഴിയട്ടെ എന്നാണ് ഡോക്ടര്‍ പറഞ്ഞത്. വേണ്ടപ്പെട്ടവരെ അറിയിക്കാനും പറഞ്ഞിട്ടുണ്ട്''.
''അതിന്‍റെ അര്‍ത്ഥം സീരിയസ്സാണെന്നല്ലേ''.
''അതെ. അല്‍പ്പം സീരിയസ്സാണ്''.
''മക്കളെ അറിയിച്ച്വോ''.
''ഉവ്വ്. അവര്‍ ടൂര്‍ പോയിരിക്കുകയാണ്. വരും''. കൂടുതലായിട്ടൊന്നും മേനോന്‍ അവരോട് പറഞ്ഞില്ല. വെറുതെ മാസ്റ്ററുടെ മക്കളുടെ സ്വഭാവം മറ്റുള്ളവരെ അറിയിക്കേണ്ട. അവര്‍ സംസാരിച്ച് നില്‍ക്കുമ്പോഴേക്കും ഹരിദാസനെത്തി.
''എന്താ, എല്ലാരുംകൂടി ഇവിടെ നില്‍ക്കുണ്'' അയാള്‍ ചോദിച്ചു.
''ചേച്ച്യേ വെന്‍റിലേറ്ററില്‍ ആക്കീരിക്ക്യാണ്'' കണ്ണന്‍ നായര്‍ പറഞ്ഞു.
''അപ്പൊ സംഗതി സീരിയസ്സാണല്ലോ''.
''അതെ. സീരിയസ്സാണ്. നാല്‍പ്പത്തെട്ട് മണിക്കൂര്‍ കഴിഞ്ഞാലേ വല്ലതും പറയാനാവൂ''.
''അതുവരെ ഇങ്ങനെ നില്‍ക്കാന്‍ പറ്റ്വോ. ഒരു റൂമെടുത്തൂടേ''.
''റൂം ഏര്‍പ്പാടാക്കി കഴിഞ്ഞു. പത്തുമിനുട്ട് കഴിഞ്ഞാല്‍ തരാമെന്ന് പറഞ്ഞിട്ടുണ്ട്'' മേനോന്‍ അറിയിച്ചു.
''അതും പറഞ്ഞോണ്ട് നിന്നാല്‍ നില്‍ക്ക്വേന്നെ ഉണ്ടാവൂ. ഞാനൊന്ന് അന്വേഷിക്കട്ടെ'' ഹരിദാസനോടൊപ്പം ചാമുണ്ണിയും പോയി. മുറി ശരിയാക്കിയിട്ടാണ് അവര്‍ തിരിച്ചെത്തിയത്.
ഇടയ്ക്കിടയ്ക്ക് നേഴ്സ് മരുന്നുകള്‍ ആവശ്യപ്പെടും. ഹരിദാസന്‍ അവ വാങ്ങി ഏ്‌പ്പിക്കും. കുറുപ്പ് മാഷടെ ബന്ധുക്കളും പത്മാവതിയമ്മയുടെ കുടുംബക്കാരുമായി കുറെപേര്‍ പലപ്പോഴായി വന്നുപോയി. മക്കളെ അവര്‍ അന്വേഷിക്കുമ്പോള്‍ മറുപടി പറയാനാവാതെ മാഷ് വിഷമിച്ചു. പകല്‍ മുഴുവന്‍ കൂട്ടുകാര്‍ മാഷോടൊപ്പം നിന്നു.
''രാത്രി ആളില്ലാതെ വിഷമിക്കണ്ട. ഞാന്‍ നിന്നോളാം'' എന്ന് ചാമുണ്ണി ഏറ്റു. എങ്കിലും ഇരുട്ടായതും രാത്രിയിലേക്കുള്ള ആഹാരവുമായി രവീന്ദ്രനെത്തി.
''രവി, താനിവിടെ നിന്നാല്‍ വീട്ടില്‍ ആരാണ്. രണ്ട് സ്ത്രീകളും ചെറിയ കുട്ടികളും മാത്രമല്ലേ അവിടെയുള്ളത്'' മാഷ് ചോദിച്ചു.
''പേടിക്കാനില്ല. ഞാന്‍ അബ്ദുവിനെ കാവല്‍ ഏല്‍പ്പിച്ചിട്ടുണ്ട്''.
ദിവസം ഒന്ന് കടന്നുപോയി. ഒരു പകലും ഒരു രാത്രിയും കഴിഞ്ഞാല്‍ പത്മവതിയമ്മയുടെ അവസ്ഥ എന്താണെന്ന് വ്യക്തമാവും. പ്രതീക്ഷ വിടാതെ കുറുപ്പ് മാഷിരുന്നു. പതിനൊന്നുമണി കഴിഞ്ഞതും മാഷും മേനോനുംപോയി ഡോക്ടറെകണ്ടു. റൌണ്ട്സ് കഴിഞ്ഞ് അപ്പോഴാണ് അദ്ദേഹമെത്തുക.
''ഡോക്ടര്‍, എനി ഇംപ്രൂവ്മെന്‍റ്'' പത്മനാഭ മേനോന്‍ ചോദിച്ചു. ഡോക്ടര്‍ നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കി.
''വന്നതിലുംവെച്ച് വഷളായിട്ടില്ല എന്നതാണ് ഒരാശ്വാസം'' അദ്ദേഹം പറഞ്ഞു.
പകല്‍ അവസാനിക്കാറായി. കൂട്ടുകാരുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട് കുറുപ്പ് മാഷ് കട്ടിലില്‍ മുതുക് ചായ്ച്ചിരിക്കുന്നു. നാലഞ്ച് ബന്ധുക്കള്‍ അവര്‍ക്കൊപ്പമുണ്ട്. വാതില്‍ക്കല്‍ ആരോ മുട്ടുന്ന ശബ്ദംകേട്ടു. ഒരാള്‍ പോയി വാതില്‍ തുറന്നു. ഒരു നേഴ്സ് കടന്നുവന്നു.
''പേഷ്യന്‍റിനെ കാണണമെങ്കില്‍ വന്ന് കണ്ടോളൂ'' അവര്‍ പറഞ്ഞു. കാര്യം എല്ലാവര്‍ക്കും മനസ്സിലായി.
''എന്തെങ്കിലും വിശേഷിച്ചുണ്ടോ'' ഹരിദാസന്‍ അറിയാനായി ചോദിച്ചു.
''അവര്‍ മരിക്കാറായി''
കുറുപ്പ് മാഷ് നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നു. യന്ത്രത്തിന്നുപോലും പത്മത്തിന്‍റെ ജീവന്‍ പിടിച്ചുനിര്‍ത്താനാവാതെ പോയി. ഡിസ്പ്ലേയിലെ അക്കങ്ങള്‍ ചുരുങ്ങി ചുരുങ്ങി വന്നു. ഒടുവിലത് പൂജ്യത്തിലെത്തി. ആ നിമിഷം പത്മനാഭ മേനോന്‍ കുറുപ്പ് മാഷെ ചേര്‍ത്തു പിടിച്ചു. അയാള്‍ മേനോന്‍റെ ശരീരത്തിലേക്ക് കുഴഞ്ഞുവീണു.
ഭാഗം : - 120.
ചടങ്ങുകളെല്ലാം അവസാനിച്ച് സദ്യയും കഴിഞ്ഞശേഷം ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പിരിഞ്ഞുപോയി. പത്മനാഭ മേനോനും ഹരിദാസനും മാത്രം കുറുപ്പ് മാഷോടൊപ്പമുണ്ട്.
''എന്നാല്‍ ഞങ്ങളും ഇറങ്ങട്ടെ'' മേനോന്‍ ചോദിച്ചു.
''വരട്ടെ. ഒരു പത്തുമിനുട്ടുകൂടി എന്‍റെ ഒപ്പം ഉണ്ടാവണം. എനിക്ക് ചില കണക്കുകള്‍ തീര്‍ക്കാനുണ്ട്. അതിന് രണ്ട് സാക്ഷികള്‍ വേണം''
''ആരോടാ കണക്ക് തീര്‍ക്കേണ്ടത്. ഞങ്ങളെന്താ ചെയ്യണ്ട്'' ഹരിദാസന്‍ ചോദിച്ചു.
''ഞാന്‍ മക്കളെ വിളിക്കട്ടെ. എനിക്ക് കണക്ക് പറഞ്ഞുതീര്‍ക്കാനുള്ളത് അവരോടാണ്. അത് പറയുമ്പോള്‍ കൂടെ ഉണ്ടാവണ്ടത് ബന്ധുക്കളാണ്. ഇനിമുതല്‍ നിങ്ങളല്ലേ എനിക്ക് ബന്ധുക്കളായിട്ടുള്ളു. അതിനാ നിങ്ങള്''. മാഷ് മക്കള്‍ രണ്ടാളേയും വിളിച്ചുവരുത്തി.
''എനിക്ക് നിങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. ചിലത് നിങ്ങള്‍ക്ക് എന്നോടും പറയാനുണ്ടാവും. അതിന് വിളിച്ചതാണ്''.
''കുടുംബകാര്യം സംസാരിക്കുമ്പോള്‍ പുറമെ ആരെങ്കിലും ഉണ്ടാവുന്നത് ശരിയാണോ'' മൂത്ത പുത്രന്‍ ചോദിച്ചു.
''എന്ത് കാര്യം ചെയ്യുമ്പോഴും സാക്ഷി വേണം. ഇവര് രണ്ടാളും എന്‍റെ ഭാഗത്തെ സാക്ഷികളാണ്. നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ നിങ്ങളുടെ ഭാഗത്തുള്ള സാക്ഷികളെ കൊണ്ടുവരാം''.
''ഞങ്ങള്‍ക്ക് സാക്ഷി വേണ്ടാ''.
''എന്നാല്‍ ഇനി കാര്യത്തിലേക്ക് കടക്കാം. അമ്മ മരിച്ചപ്പോള്‍ നിങ്ങള്‍ രണ്ടാളും ശവദഹനത്തിന്ന് ഉണ്ടായിരുന്നില്ല''.
''അത് ഞങ്ങളുടെ കുഴപ്പമല്ല. ഞങ്ങള്‍ എത്തുന്നതുവരെ അമ്മയുടെ ബോഡി സൂക്ഷിച്ചില്ലല്ലോ'' രണ്ടാമന്‍ ഇടയ്ക്കുകയറി പറഞ്ഞു. ഞാന്‍ മരിച്ചാല്‍ എന്‍റെ ചുണ്ടില്‍ അവര് ഒരുതുള്ളി വെള്ളം ഇറ്റിക്കരുതെന്ന് പത്മം പറഞ്ഞത് നടന്നുവെന്നും മരിച്ചപ്പോള്‍ കരയാന്‍ രഞ്ജിനിയും ശവമെടുക്കാന്‍ രവീന്ദ്രനും മക്കളുടെ സ്ഥാനത്ത് ഉണ്ടായിരുന്നുവെന്നും പറയാന്‍ ആഗ്രഹിച്ചുവെങ്കിലും മാഷത് പറഞ്ഞില്ല.
''അത് മാത്രം പറയണ്ട. പത്മം സുഖമില്ലാതെ അഡ്മിറ്റായതും നിങ്ങള്‍ക്ക് വിവരം തന്നു. അതിന്ന് മറുപടി കിട്ടിയില്ല. മരിച്ച വിവരമറിയിക്കാന്‍ നിങ്ങളെ വിളിച്ചു. രണ്ടാളും ഫോണ്‍ എടുത്തില്ല. എന്നിട്ടാണ് മെസ്സേജ് അയച്ചത്. അത് കണ്ടാലെങ്കിലും വിളിക്കേണ്ടതാണ്. അതും ചെയ്തില്ല. എത്രദിവസം ബോഡി എടുത്തുവെക്കും. നിങ്ങള്‍ ഇവിടെ എത്തിയത് നാലാംപക്കം. അതുവരെ ശവം എടുത്തുവെക്കാന്‍ പറ്റ്വോ'' എന്നയാള്‍ ചോദിച്ചു.
''ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പറയൂ''.
''നിങ്ങള്‍ ഇവിടെ വന്നതുമുതല്‍ ഇന്ന് ഈ നിമിഷംവരെ അമ്മയുടെ മരണാനന്തരചടങ്ങുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലുംതുക നിങ്ങള്‍ ചിലവാക്കിയിട്ടുണ്ടോ. ഉണ്ടെങ്കിലത് പറയണം. അവളുടെ പേരില്‍ ഒരുകടം വേണ്ടാ''.
''ഞങ്ങളൊന്നും ചിലവാക്കിയിട്ടില്ല''.
''ശരി. എന്നാല്‍ നിങ്ങള്‍ക്കിനി തിരിച്ചുപോവാം''.
''അതിന്നുമുമ്പ് ചിലത് പറയാനുണ്ട്. ഞങ്ങളറിയാതെ ഔട്ട് ഹൌസും ഷെഡ്ഡും രണ്ടാളുംകൂടി അന്യര്‍ക്ക് കൊടുത്തു. അവര്‍ക്ക് എന്തെങ്കിലും നക്കാപ്പിച്ച കൊടുത്ത് അത് മടക്കി വാങ്ങണം''.
''സ്വത്ത് പത്മാവതിയുടെ പേരിലുള്ളതാണ്. അവളാണ് റജിസ്റ്റര്‍ ചെയ്ത് കൊടുത്തത്. ഇനി ആ കാര്യം ആലോചിക്കണ്ട''.
''എങ്കില്‍ ബാക്കി സ്ഥലവും വീടും വില്‍ക്കണം. അല്ലെങ്കില്‍ അതും വേറെ ആരെങ്കിലും ലോഹ്യത്തില്‍നിന്ന് അടിച്ചെടുക്കും''
''വീട് വിറ്റാല്‍ ഞാനെന്താ ചെയ്യാ''.
''രണ്ടുമാസം എന്‍റെകൂടെ, അടുത്ത രണ്ടുമാസം ഇവന്‍റെ കൂടെ, അത് കഴിഞ്ഞാല്‍ വീണ്ടും എന്‍റെകൂടെ. അങ്ങിനെ മാറിമാറി കഴിയാം''.
''അങ്ങിനെയൊരു ജീവിതം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ വീട് ഞാന്‍ വില്‍ക്കുന്നില്ല. ചേലക്കരയില്‍ എന്‍റെ ഭാഗത്തിലുള്ള വസ്തുക്കളുണ്ട്. എലപ്പുള്ളിയില്‍ അമ്മയുടെ വീതത്തിലുള്ള ഭൂമിയും ഉണ്ട്. അതിന്‍റെ രേഖകള്‍ ഞാന്‍ തിരഞ്ഞുനോക്കി നിങ്ങള്‍ക്ക് അയച്ചുതരാം. നിങ്ങളത് ഭാഗംവെച്ച് എടുത്തോളിന്‍. മുകളിലെ രണ്ട് മുറിയിലും കുറച്ച് പഴയ പാത്രങ്ങളുണ്ട്. അതും രണ്ടാളുംകൂടി വീതിച്ച് എടുത്തോളിന്‍. അല്ലാതെ ഈ വീടിനെക്കുറിച്ച് രണ്ടാളും ചിന്തിക്കണ്ട. അത് നിങ്ങള്‍ക്ക് കിട്ടില്ല''.
''എന്നിട്ട് അച്ഛനിവിടെ ഒറ്റയ്ക്ക് കഴിയാനാണോ ഭാവം''.
''അത് നിങ്ങളറിയണ്ട. എനിക്കിഷ്ടമുള്ള വിധത്തില്‍ ഞാന്‍ ജീവിക്കും''.
''കിടപ്പിലാവുമ്പോഴോ''.
''അതിനൊക്കെ എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട്. ഏതായാലും അപ്പോഴും നിങ്ങളെ ഞാന്‍ ബുദ്ധിമുട്ടിക്കില്ല''.
''ഞങ്ങളുടെകൂടെ വരാനല്ലേ മടിയുള്ളു. ഞങ്ങള്‍ ആഴ്ചതോറും വന്ന് കണ്ടോളാം''.
''വേണ്ടാ. ആരെങ്കിലും വന്നാല്‍ ഒരുഗ്ലാസ്സ് ചായ ഉണ്ടാക്കിത്തരാന്‍ എന്നെക്കൊണ്ടാവില്ല. ആരെയെങ്കിലും ആശ്രയിച്ചിട്ടാണ് ഇനിയുള്ള എന്‍റെ ജീവിതം. അതുകൊണ്ട് ദയവുചെയ്ത് നിങ്ങളാരും ഇങ്ങോട്ട് വരരുത്.''മക്കള്‍ രണ്ടുപേരും മുഖത്തോട് മുഖം നോക്കി.
''എങ്കില്‍ ദിവസവും ഞങ്ങള്‍ ഫോണ്‍ ചെയ്ത് അന്വേഷിക്കാം'' മൂത്ത മകന്‍ പറഞ്ഞു.
''അതും വേണ്ടാ. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എന്‍റെ പക്കലുണ്ട്. എന്തെങ്കിലും ആവശ്യം വന്നാല്‍ ഞാന്‍ വിളിച്ച് അറിയിച്ചോളാം''. കുറച്ചുനേരത്തേക്ക് ആരുമൊന്നും പറഞ്ഞില്ല
''ഇനിയെന്തെങ്കിലും പറയാനുണ്ടോ'' മാഷ് ചോദിച്ചു. ഒന്നുമില്ലെന്ന് മക്കള്‍ തലയാട്ടി.
''എന്നാല്‍ നേരം കളയണ്ട. രണ്ടുപേരും എടുക്കാനുള്ളതൊക്കെ എടുത്ത് കുടുംബത്തിനേയും കൂട്ടി പൊയ്ക്കോളിന്‍''. പത്തുമിനുട്ടിനകം മക്കളും അവരുടെ ഭാര്യമാരും കുട്ടികളും ഒരുങ്ങിവന്നു.
''ഞങ്ങള്‍ ഇറങ്ങുന്നു'' മൂത്തമകന്‍ പറഞ്ഞു.
''ശരി'' മാഷ് മറുപടി നല്‍കി. മുറ്റത്തുനിന്ന കാറുകളില്‍ സാധനങ്ങള്‍ കയറ്റിവെച്ച് ആളുകള്‍ കയറി. വാഹനങ്ങള്‍ രണ്ടും സ്റ്റാര്‍ട്ടായി. ഗെയിറ്റ് കടന്ന് അവ റോഡിലേക്കിറങ്ങി.
''അങ്ങിനെ ആ ഒരു അദ്ധ്യായവും അവസാനിച്ചു'' കുറുപ്പ് മാഷ് നിര്‍വികാരമായ മുഖത്തോടെ ആരോടെന്നില്ലാതെ പറഞ്ഞു.
''വിഷമിക്കണ്ടാ മാഷേ. നിങ്ങള്‍ക്ക് ഞങ്ങളൊക്കെയുണ്ട്'' ഹരിദാസന്‍ ആശ്വസിപ്പിച്ചു.
രജനി അവര്‍ക്കുള്ള കാപ്പിയുമായെത്തി. അവളോടൊപ്പംവന്ന രമേശന്‍ ഓടിച്ചെന്ന് കുറുപ്പ് മാഷടെ മടിയില്‍ കയറിയിരുന്നു.
(അവസാനിച്ചു)